Saturday, 15 August 2015

നെടുളാൻകിളിയുടെ രോദനം (കഥ)



നെടുളാൻകിളിയുടെ രോദനം (കഥ)

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

അനുജൻ മജീദിനോടൊപ്പമാണ് ഞാൻ കട്ടിലിന്റെ താഴെ കിടക്കുന്നത്. എന്നിട്ട് കട്ടിലിന്റെ നാല് വശങ്ങളിലും ബെഡ് ഷീറ്റ് കൊണ്ട് മറയ്ക്കും. എനിക്ക് ഇരുട്ടിനെ വളരെ പേടിയാണ്. എന്നാലും പുറത്തേക്കു നോക്കാൻ വളരെ പേടി. ജനവാതിൽ എത്ര അടച്ചാലും പുറത്തെ ഇരുട്ട് കണ്ണിൽ കയറുമ്പോൾ ഞാൻ പേടിച്ചു വിറക്കും.
അപ്പോഴാണ്‌ അടുത്ത പറമ്പിൽ നിന്നും നെടുളാൻകിളിയുടെ കരച്ചിൽ കേട്ടത്. നെടുളാൻകിളി (റൂഹാനക്കിളി എന്നും ചിലർ കാലൻകോഴി എന്നും പറയും) കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം നടക്കുമത്രെ. എനിക്ക് ഭയം കൂടി കൂടി വന്നു. അങ്ങേ വീട്ടിലെ കൃഷ്ണേട്ടൻ അസുഖമായി കിടക്കുകയാണ്. സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചു. ക്ഷയരോഗമാണത്രെ. ഇനി രക്ഷയില്ല തിരിച്ചു കൊണ്ട് പോയ്‌ക്കൊള്ളാൻ പറഞ്ഞത് കൊണ്ട് തിരിച്ചു കൊണ്ട് വന്നിരിക്കയാണ്. എന്റെ കൃഷ്ണേട്ടൻ ഇന്ന് മരിക്കുമല്ലോ എന്ന സത്യം വേദനയോടെ ഞാൻ ഓർത്തു. അദ്ദേഹം ഇതറിയുമോ എന്തോ.
പക്ഷെ ഒന്ന് കൂടി ശ്രദ്ധിച്ചപ്പോഴാണ് നെടുളാൻ മറ്റൊരു പറമ്പിൽ നിന്നാണെന്ന് മനസ്സിലായത്‌. അവിടെ സെയ്ദുക്കാക്ക് ഒരു അസുഖവുമില്ലല്ലൊ. പക്ഷെ അറുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം അടുത്ത വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയിൽ ഉണ്ടാവില്ലല്ലോ, പള്ളിക്കാട്ടിൽ ഖബറിലായിരിക്കുമല്ലൊ എന്ന കാര്യം ഞാൻ ഓർത്തു.
നെടുളാൻകിളിയുടെ ശബ്ദം തുടങ്ങി. ഇനി അത് മക്കാർക്കയായിരിക്കുമോ? ഞങ്ങളുടെ ബന്ധക്കാരനാണ് ഇക്ക. പാവം അദ്ധേഹത്തിന്റെ മൂന്ന് പെണ്മക്കളുടെ വിവാഹം കഴിയാനുണ്ട്. അത് കഴിഞ്ഞ് മരിക്കണമെന്നാണ് ഇക്കാടെ ആഗ്രഹം. പാവം. വയസ്സ് എഴുപതു ആയിട്ടുണ്ട്‌.
അപ്പോഴാണ്‌ വാതിൽക്കൽ ഒരു മുട്ട് കേട്ടത്. ഒറ്റയ്ക്ക് ചെന്ന് വാതിൽ തുറക്കാൻ വല്ലാത്ത ഭയം.
'ആരാണ് പുറത്ത്?' കട്ടിലിന്റെ താഴെ കിടന്ന് പേടിയോടെ ഞാൻ ചോദിച്ചു.
'ഞാനാണ്, വാതിൽ തുറക്കേണ്ട, ഞാൻ അകത്തു വരാം' പുറത്തു നിൽക്കുന്ന ആൾ പറഞ്ഞു.
അയാൾ അകത്തു വന്നു. വല്ല കള്ളന്മാരുമാവുമോ? കള്ളതാക്കോലിട്ടു....
'ഞാൻ അസ്രാഈൽ ആണ്' ചോദിക്കാതെ തന്നെ ആഗതനായ മരണദൂതൻ പറഞ്ഞു.
ഓ. ചിലപ്പോൾ ഏതെങ്കിലും ആളുടെ വീട്ടിൽ പോകുമ്പോൾ എന്നെ കാണാൻ വന്നതാവും. ഞാൻ സ്വയം ആശ്വസിച്ചു
'ഞാൻ ഷെരീഫിന്റെ ആൽമാവ് എടുക്കാൻ വന്നതാ' നിസ്സംഗതയൊടെ അദ്ദേഹം പറഞ്ഞു.
'എന്റെയോ?' തമാശ രൂപത്തിൽ ഞാൻ ചോദിച്ചിട്ട്‌ കൂട്ടിചേർത്തു 'എനിക്ക് 18 വയസ്സ് ആയിട്ടുള്ളൂ'
'അറിയാം. നിങ്ങളുടെ ആൽമാവ് എടുക്കാനാണ് വന്നത്. നാളെ പ്രഭാതം നിങ്ങൾ കാണില്ല'
'വയസ്സായവരുടെ ജീവൻ അല്ലെ ആദ്യം എടുക്കുക?' ഞാൻ സംശയം ചോദിച്ചു.
'ഇതാണ് നിങ്ങളുടെ, ചെറുപ്പക്കാരുടെ പ്രശ്നം. ചെറുപ്പക്കാർ അടുത്തൊന്നും മരിക്കില്ലെന്നും വയസ്സന്മാർ ആണ് ആദ്യം മരിക്കുക എന്നുമുള്ള ധാരണ. ഷെരീഫ് കാട്ടൂർ നിന്നും കരാഞ്ചിറ വഴി പഴുവിലേക്ക് രാജ്ധൂത് മോട്ടോർ സൈക്ലിന്മേൽ ഭയങ്കര വേഗതയിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഷെരീഫ് ചെറുപ്പക്കാരനല്ലേ വയസ്സായിട്ടല്ലേ മരിക്കൂ എന്ന് തോന്നിയിട്ടുണ്ട്. അല്ലെ?'
അദ്ധേഹത്തിന്റെ ചോദ്യം ശെരിയായിരുന്നു.
മജീദ്‌ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. ഞങ്ങളുടെ സംസാരം പോലും അവൻ കേൾക്കുന്നില്ല
'അതിന്ന്, എന്റെ ജാതകം കുറിച്ച ആളും എന്റെ മുഖലക്ഷണം പറഞ്ഞ ആളും 73 വയസ്സ് വരെ ജീവിക്കുമെന്നാണല്ലോ പറഞ്ഞത്' ഞാൻ ഒരു മുടന്തൻ ന്യായം ചോദിച്ചു.
'അത് ആരൊക്കെയാണ്?'
ഞാൻ അവരുടെ പേരുകൾ പറഞ്ഞു
'നിങ്ങളുടെ ജാതകം കുറിച്ച ആൾ അയാളുടെ ആയുർരേഖ 89 വയസ്സ് എന്നാണു ഗണിച്ചു എഴുതിയത്. കഴിഞ്ഞ മാസം അദ്ധേഹത്തിന്റെ 30-ആം വയസ്സിൽ ഒരു ബസ്സ്‌ ഇടിച്ചു മരിച്ചു. പിന്നെ മുഖലക്ഷണം പറഞ്ഞയാൾ സ്വന്തം ആയുസ്സ് 49 വയസ്സ് വരെ മാത്രം എന്നാണ് പറഞ്ഞത്. വയസ്സ് 82 ആയി. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഇതൊക്കെ വിശ്വസിക്കുന്നവരാണ് വിഡ്ഢികൾ'
ഇനി മരണദൂതനെ എങ്ങിനെ പറഞ്ഞയക്കാം എന്ന ചിന്തയിൽ ഞാനൊരു പുതിയ അടവ് എടുത്തു.
'എനിക്ക് കാട്ടൂർ ഇല്ലിക്കാട്ടെ സഫിയത്ത തന്ന പൈസയടക്കം എന്റെ എല്ലാ സമ്പാദ്യങ്ങളും തരാം. എന്നാൽ എന്നെ വിടാമോ?'
'ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ പണം കൊണ്ട് ലോകം മുഴുവൻ വാങ്ങാൻ പറ്റും. പക്ഷെ മരണത്തിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല'
അവിടെയും ഞാൻ തോറ്റു. ഇനി എന്ത് പറഞ്ഞു രക്ഷപ്പെടും. കിട്ടി ഒരു വിദ്യ. അതാലോചിച്ചപ്പോൾ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.
'തൃശ്ശൂർ ഉള്ള ഒരു വലിയ പോലീസ് ഓഫീസർ എന്റെ ബന്ധുവാണ്. അദ്ദേഹം വിളിച്ചു പറഞ്ഞാൽ എനിക്ക് രക്ഷപ്പെടാമോ?'
'തൃപ്രയാർ പോളിടെക്നിക്കിൽ പഠിക്കുന്ന നിങ്ങൾ ഇത്രയും ബുദ്ധിയില്ലാത്ത കാര്യമാണോ പറയുന്നത്?' ഇതായിരുന്നു അദ്ധേഹത്തിന്റെ മറുചോദ്യം
'ഞാൻ കുറച്ചു വെള്ളം കുടിച്ചോട്ടെ' ഞാൻ അദ്ധേഹത്തോട് അനുവാദം ചോദിച്ചു. അദ്ദേഹം അത് സമ്മതിച്ചു.
വെള്ളം കുടിക്കുന്നതിന്നിടയിലും അടുത്ത ചോദ്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ ആ ചോദ്യം ചോദിച്ചു 'ഞാൻ ഡോക്ടർ ആകാൻ ഉദ്ദേശിച്ച ആളാണ്‌'
പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു 'നിങ്ങൾ ഡോക്ടർ ആവാൻ ഉദ്ദേശിച്ചല്ലേയുള്ളൂ. ഡോക്ടർ ആണെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല'
ഒടുവിലെ അസ്ത്രം ഞാൻ പുറത്തെടുത്തു. ഇതിൽ നിന്നെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു.
'നെടുളാൻകിളി ചിലച്ചത് അടുത്ത പറമ്പിലല്ലേ? പിന്നെയെന്തിനാ ഈ വീട്ടിൽ നിന്നും ജീവൻ എടുക്കുന്നത്?'
'ഇതൊക്കെ അന്ധവിശ്വാസമാണ്. നെടുളാൻകിളി ചിലച്ചാൽ മരണം അറിയും, കൈ ചൊറിഞ്ഞാൽ പൈസ കിട്ടും, യാത്രയിൽ പൂച്ച ചാടിയാൽ അശുഭം, യാത്രക്കിറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളിച്ചാൽ തിരിച്ചു വന്നു ഒന്ന് ഇരുന്നിട്ട് പോണം തുടങ്ങിയവയെല്ലാം'
ഇനി ഒരു രക്ഷയുമില്ല. മരണത്തിന്നായി ഞാൻ മലർന്നു കൈ കെട്ടി കിടന്നു. എന്നിട്ട് അട്ടഹസിച്ചു 'ഞാൻ മരിക്കുന്നു...ഞാൻ മരിക്കുന്നു...ആശ്ഹദ്അൻലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ്‌ രസൂലുല്ലാഹ്'
----------------------------------
'എന്നെ ആരോ തട്ടി വിളിച്ചൂ. ഞാൻ കണ്ണ് തുറന്നു. അടുത്ത് കിടന്നിരുന്ന ഭാര്യ ചോദിച്ചു. 'എന്ത് പറ്റി? വല്ല സ്വപ്നം കണ്ടോ?'
'ഏയ്‌. സ്വപ്നം കണ്ടതല്ല' ഞാൻ മറുപടി കൊടുത്തു
'പിന്നെ...' ഒന്ന് നിറുത്തിയിട്ട്‌ അവൾ തുടർന്നു 'നാളെ തൃപ്രയാറിൽ ചെന്ന് ഫേസ്ബുക്കിൽ എഴുതാനുള്ള കഥ ആലോചിച്ച് കിടന്ന് സ്വപ്നം കണ്ടതായിരിക്കും അല്ലെ?'
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാരണം അവൾ പറഞ്ഞത് ശെരിയായിരുന്നു. ഒരു വ്യത്യസ്ഥകഥ ആലോചിച്ചു കിടന്നതാണ്. കഥയുടെ പ്ലോട്ട് കിട്ടി. ഇനി അത് എന്നാണ് എഴുതാൻ പറ്റുക എന്ന ചിന്തയിലാണ് ഞാനിപ്പോൾ
--------------------------------------
മേമ്പൊടി:
എല്ലാ ജീവജാലങ്ങളും മരണത്തിന്റെ രുചി അറിയും (വിശുദ്ധ ഖുറാൻ)

1 comment:

  1. വളരെ യാദ്യശ്യമായാണ് ഞാന്‍ ഈ Bloge സന്ദര്‍ശിച്ചത്......എല്ലാം വായിച്ചില്ല എന്നതാണ് സത്യം .....!! ഏതായാലും വായിച്ചതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ഈ കഥയാണ് ..വളരെ ലളിതമായ അവതരണം ...അഭിനന്ദനങ്ങള്‍

    ReplyDelete