Friday, 14 August 2015

മുരുകന്റെ ഭാണ്ഡം (കഥ)



മുരുകന്റെ ഭാണ്ഡം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

ആ യാചകന്റെ പേര് മുരുകൻ എന്നാണ്. വയസ്സ് എത്രയായെന്ന് അയാൾക്കറിയില്ല. അത് മാത്രമല്ല ഈ പേര് ആര് ഇട്ടതാണെന്നും അച്ഛനും അമ്മയും ആരാണെന്നും ഒന്നും അയാൾക്ക് നിശ്ചയം പോരാ. വയസ്സ് ഏകദേശം അമ്പതു അമ്പത്തഞ്ചു ആയിട്ടുണ്ടാവാം. നാല് വയസ്സുള്ളപ്പോൾ ഏതോ സംഘം തട്ടി കൊണ്ട് പോയി യാചകവൃത്തി ചെയ്യിക്കുകയായിരുന്നു. അന്നൊക്കെ യാചിച്ചു കൊണ്ട് വരുന്ന പൈസ കുറഞ്ഞാൽ കടുത്ത ശിക്ഷ അവന്റെ ഏജന്റിന്റെ കയ്യിൽ നിന്നും കിട്ടുമായിരുന്നു. ഒരു പാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.
അങ്ങിനെ മുരുകന്ന് ഇരുപത് വയസ്സായപ്പോൾ ഒരു ദിവസം കളക്ഷൻ കുറഞ്ഞതിന്റെ പേരിൽ അവനെ അടിക്കാൻ എജന്റ് കൈ ഒങ്ങിയപ്പോൾ ആ കൈ പിടിച്ചു ഒടിച്ചു മുരുകൻ ഓടി രക്ഷപ്പെട്ടു. വന്ന് ചേർന്നത്‌ ഈ ഗ്രാമത്തിൽ.

അവൻ വളർന്നു, അതോടൊപ്പം ഈ ഗ്രാമവും. ഹൈവേ വീതി കൂട്ടി. വാഹനങ്ങൾ കൂടി. എന്തിനേറെ ആധുനികരീതിയിലുള്ള സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും വന്നു. എജന്റിൽ നിന്നും ഓടി പോന്നിട്ടും മുരുകൻ യാചകവൃത്തി നിറുത്തിയില്ല. ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഗ്രാമങ്ങളിൽ പോയി ഭിക്ഷ യാചിക്കും. റംസാൻ മാസത്തിലാണ് കൂടുതൽ പണം കിട്ടുക. അഞ്ചു വർഷമായി ഞാനവനെ പരിചയപ്പെട്ടിട്ട്. കടത്തിണ്ണയിലാണ് അന്തിയുറക്കം. എന്നും ഉറങ്ങാൻ പോകുന്നതിന്ന് മുമ്പ് മുരുകൻ എന്റെ അടുത്ത് വരും. ഞാൻ കട അടക്കുന്നത് വരെ ഓരോ കാര്യങ്ങളും അയാൾ എന്നോട് സംസാരിക്കും. ഒരു ദിവസം മുരുകനോട് ഞാൻ ചോദിച്ചു. 'നിനക്ക് കുടുംബവും മക്കളും ഒന്നുമില്ലേ?'
അതിന്നു അവൻ തന്ന മറുപടി രസാവഹമായിരുന്നു.
'ജബ്ബാർ അണ്ണാ, കുറച്ചു നാൾ അഴകന്റെ ഭാര്യ കലൈരസ് എന്റെ ഭാര്യയായിരുന്നു. പിന്നെ അവൾ ആരുടെ കൂടെയോ പോയി. പിന്നെ വന്നത് ദുരൈരാജിന്റെ ഭാര്യ ചെമ്പഴന്തി കുറച്ചു വർഷം എന്റെ ഭാര്യയായി. ഇപ്പോൾ അവളും പോയി.
'അല്ല, നിനക്ക് മക്കളൊക്കെയുണ്ടോ?
'അതൊന്നും തെരിയാത്' ഇതായിരുന്നു അവന്റെ മറുപടി.
ചെറുപ്പം മുതൽ കേരളത്തിൽ ഉണ്ടായിട്ടും അവന്റെ താമസം തമിഴരുടെ കൂടെയായത് കൊണ്ടും അവന്റെ രക്തത്തിൽ തമിഴ് ഉള്ളത് കൊണ്ടും സംസാരത്തിന്നിടക്ക് തമിഴ് വരും.
'ആട്ടെ, നിനക്ക് ഇനി ഒരു കുടുംബം ഒക്കെ വേണ്ട '
അവൻ ചിരിച്ചതേയുള്ളൂ. ഒന്നും പറഞ്ഞില്ല. ഞാൻ കൂടുതൽ ചോദിച്ചുമില്ല.
അവന്റെ കയ്യിൽ എപ്പോഴും ഒരു മുഷിഞ്ഞ ഭാണ്ഡം ഉണ്ടായിരിക്കും. ഉറങ്ങുമ്പോൾ ആ ഭാണ്ഡം തലയിണയാക്കിയാണ് അവന്റെ ഉറക്കം.
ഒരു ദിവസം ഞാൻ തിരക്കിട്ട് ഒരു യാത്ര പോകാൻ നിൽക്കുമ്പോൾ മുരുകൻ ഓടി വന്നു എന്നോട്‌ പറഞ്ഞു. 'ജബ്ബാർ അണ്ണാ, ഞാൻ കിടക്കുന്നിടത്ത് ഒരു പൊതി കിട്ടി. അതിൽ ഒരു സ്വർണ മാലയുമുണ്ട്. അത് അതിന്റെ ഉടമസ്ഥനു കൊടുക്കാൻ വേണ്ടത് ചെയ്യണം.'
ഞാൻ ഉടനെ പോലീസ് സ്റ്റെഷനിൽ വിളിച്ചു വിവരം പറഞ്ഞു. അവിടെ അതിന്റെ ഉടമസ്ഥൻ ആദ്യമേ പരാതി കൊടുത്തിരുന്നു. പോലീസ് സ്റ്റെഷനിൽ വെച്ച് ആഭരണത്തിന്റെ ഉടമസ്ഥൻ മുരുകന് പാരിതോഷികമായി അഞ്ഞൂറ് രൂപ കൊടുത്തു. അവൻ അത് വാങ്ങിയില്ല. എനിക്കും പോലീസുകാർക്കും അവന്റെ പ്രവർത്തി ഒരു അത്ഭുദമായിരുന്നു. ചെയ്ത കാര്യം പുണ്യമാണെങ്കിൽ അതിന്റെ ഗുണം കടവുൾ തരുമെന്ന് അവൻ പറഞ്ഞു.
ഇത്രയും നാളായിട്ടും മുരുകനെ പഠിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവൻ ഉത്തരം കിട്ടാത്ത ഒരു സമസ്യയായി എനിക്ക് തോന്നി.
മുരുകൻ കിടക്കുന്നതിന്റെ അടുത്ത ഒരു പെട്ടിക്കടയിൽ രാത്രി കള്ളൻ കയറി. പാവപ്പെട്ട ആ കടയുടെ ഉടമസ്ഥന്റെ രണ്ടായിരം രൂപയും കുറച്ചു സാധനങ്ങളും കളവ് പോയി. അതൊരു ഇടിമിന്നലും ഭയങ്കര മഴയും ഉള്ള രാത്രിയായിരുന്നു. മുരുകനെ പോലീസുകാർ ചോദ്യം ചെയ്തു. അവൻ നിരപരാധിയാണെന്ന് പോലീസുകാർക്ക് മനസ്സിലായി. പക്ഷെ, മൂന്നു ദിവസത്തിന്നുള്ളിൽ കള്ളനെ പോലീസ് പിടികൂടി. ആ കള്ളൻ കുറ്റം സമ്മതിക്കുകയും ചെയ്തു.
'ജബ്ബാർ അണ്ണാ, ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. അണ്ണൻ തീർച്ചയായും എന്റെ അണ്ണന്റെ സ്ഥാനത്ത് നിന്ന് ഈ കല്യാണം നടത്തി തരണം.'
ഞാൻ അത് സമ്മതിച്ചു. ആരാണ് നിന്റെ പൊണ്ടാട്ടി എന്ന് ഞാൻ ചോദിച്ചു. കുപ്പിയും പാട്ടയും പെറുക്കി ജീവിക്കുന്ന ഒരു സ്ത്രീയാണെന്നും അവരുടെ വീട് തമിൾ നാട്ടിലെ കടല്ലൂർ ആണെന്നും മുരുകൻ പറഞ്ഞു.
അവന് ഒരു കുടുംബജീവിതം ഉണ്ടാവുന്നതിൽ ഞാൻ ദൈവത്തെ സ്തുധിച്ചു.
'അണ്ണാ, എനിക്കൊരു താലിയും മാലയും വാങ്ങണം. പൈസ എന്റെ കയ്യിലുണ്ട്. പക്ഷെ ഞാൻ ചെന്ന് വാങ്ങുമ്പോൾ അവർ കൂടുതൽ പണം വാങ്ങും, അത് മാത്രമല്ല, അവർക്ക് സംശയവുമുണ്ടാവും'
മുരുകൻ പറഞ്ഞത് കാര്യമാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ അവന്റെ കാര്യം എനിക്ക് പരിചയമുള്ള ഒരു ജുവല്ലറിയിൽ ഏർപ്പാടാക്കി.
'അണ്ണാ, ബുധൻ കിളമൈ ആണ് എന്റെ തിരുമണം'. അവന്റെ കല്ല്യാണം ബുധനാഴ്ചയാണത്രെ. അത് അവൻ ഓർമപെടുത്തിയത് നന്നായി, സത്യത്തിൽ ഞാൻ മറന്നേനെ.
എനിക്ക് പെരുന്നാളിന്നു ധരിക്കാൻ മക്കൾ തന്ന ഷർട്ടുകൾ കൊടുത്തിട്ട് മുരുകനോട് അവന് ഇഷ്ടമുള്ള ഷർട്ടും മുണ്ടും എടുത്തോളാൻ പറഞ്ഞു. ആദ്യം അവൻ നിരസിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ അവൻ ഒരു മുണ്ടും ഷർട്ടും എടുത്തു.
ബുധനാഴ്ച വളരെ നേരത്തെ തന്നെ ഞാൻ എഴുനേറ്റു. അപ്പോഴാണ്‌ എന്റെ സെൽഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടത്. ഞാൻ ഫോണ്‍ അറ്റൻഡ് ചെയ്തു.
'ഹല്ലോ, ജബ്ബാറല്ലേ?' അങ്ങേ തലക്കൽ നിന്നും ആരോ ചോദിച്ചു.
'അതെ, ആരാണ് സംസാരിക്കുന്നത്?' ഞാൻ അന്വേഷിച്ചു.
'ഞാൻ സർക്കിൾ ഇൻസ്പെക്ടർ ആണ്. ഒന്ന് എത്രയും വേഗം നിങ്ങളുടെ ഷോപ്പിന്റെ അടുത്ത് വരണം.'
'എന്ത് പറ്റി സാർ, വല്ല കളവോ കവര്ച്ചയോ.....'.
'ഏയ്‌ അതൊന്നുമല്ല, ശെരി നേരിട്ട് കാണാം' എന്നും പറഞ്ഞു അദ്ദേഹം ടെലിഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
ഞാൻ പെട്ടെന്ന് റെഡിയായി ഷോപ്പിന്നടുത്തു ചെന്നു. അവിടെ ആരെയും കണ്ടില്ല. മുരുകൻ കിടക്കുന്നിടത്ത് ഒരാൾക്കൂട്ടവും പോലീസ് ജീപ്പും കണ്ടു.
എന്നെ കണ്ടപ്പോൾ സർക്കിൾ ഇൻസ്പെക്ടർ എന്നോട് പറഞ്ഞു 'see mr. jabbar, മുരുകൻ ഈസ്‌ നോ മോർ'
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. സർക്കിൾ ഇൻസ്പെക്ടർ അത് പറയുമ്പോൾ അദ്ധേഹത്തിന്റെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. എന്റെ വിഷമം ഉള്ളിലൊതുക്കി ഞാൻ അദ്ധേഹത്തോട് ചോദിച്ചു. ' 'സാർ ഒരു പോലീസ് ഓഫീസർ അല്ലെ. ഇതൊക്കെ ഒരു പാട് കണ്ടിട്ടുള്ളതല്ലേ? സാർ കരയുന്നു.'
'ഞങ്ങളൊക്കെ പോലീസുകാരാണെങ്കിലും മനുഷ്യരല്ലേ' എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
ഞാൻ മുരുകന്റെ അടുത്ത് ചെന്നു. ഞാൻ കൊടുത്ത പുതിയ ഷർട്ടും മുണ്ടുമാണ് വേഷം. പോലീസുകാർ മഹസ്സർ തയ്യാറാക്കുന്നു. ആംബുലൻസ് എത്തി. മുരുകന്റെ വലത് കൈ ചുരുട്ടി പിടിച്ച നിലയിലാണ്. പോലീസുകാർ ആ കൈ തുറന്നു. അതിൽ കല്യാണത്തിന്നു വാങ്ങിയ മാലയും താലിയുമായിരുന്നു. പിന്നെ ഉറങ്ങുമ്പോൾ തലയിണയായി ഉപയോഗിക്കുന്ന ഭാണ്ഡം അഴിച്ചു നോക്കിയപ്പോൾ അതിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും മറ്റും നോട്ടുകളും നാണയങ്ങളുമായിരുന്നു. അത് എഴുപത്തി മൂവായിരത്തിൽ കൂടുതൽ ഉണ്ടായിരുന്നു.
-----------------------------------------------
മേമ്പൊടി:
തൊട്ടിലിൽ നിന്ന് തുടക്കം - മയ്യത്ത്
കട്ടിലിൽ യാത്രായോടുക്കം
അവിടെ നിന്നാർക്കും ഇല്ലാ മടക്കം
ആറടി മണ്ണിലുറക്കം
ഇഷ്ടവും അനിഷ്ടവും അവിടെയില്ല
കഷ്ടവും കരച്ചിലും അവിടെയില്ല
ഉണ്ണി പിറക്കാൻ ആശയില്ല - ഇനി
പൊന്നിന്നും പണത്തിന്നും കൊതിയുമില്ല.

No comments:

Post a Comment