Thursday 22 September 2016

പെണ്‍മനം (കഥ)

പെണ്‍മനം (കഥ)
<><><><><><><><><>
ആ വീട് കണ്ടിട്ട് എനിക്ക് വീട് തെറ്റിയോ എന്ന് സംശയം തോന്നി. ഞാന്‍ അടുത്ത വീട്ടിലേക്കു പോയി ആ വീട് ചൂണ്ടിക്കാണിച്ചു ഉറപ്പു വരുത്തി. തിരികെ വീണ്ടും ഞാന്‍ ആ വീട്ടില്‍ ചെന്നു. പുറത്ത് ആരെയും കാണുന്നില്ല. ബെല്ലടിക്കണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ പത്ത് വയസ്സായ ഒരു ആണ്‍കുട്ടി വന്ന്‍ എന്റെ കയ്യില്‍ പത്ത് രൂപ നോട്ടു വെച്ച് തന്ന് അകത്തേക്ക് പോയി. എനിക്ക് കൈ വിറക്കാന്‍ തുടങ്ങി. സമയം പോയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടി വീണ്ടും വന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ അകത്തേക്ക് വിളിച്ചു പറഞ്ഞു. 'അമ്മെ. ആ ഭിക്ഷക്കാരന്‍ ഇപ്പോഴും പോയില്ല.'
പട്ടിയെ അഴിച്ചിടുമെന്നു പറയൂ എന്ന അവന്റെ അമ്മയുടെ വാക്ക് അവന്‍ എന്നോട് പറഞ്ഞു. അതും പറഞ്ഞു അവന്‍ വീണ്ടും അകത്തേക്ക് പോയി.
എന്റെ മനസ്സില്‍ ഒരു പാട് നെരിപ്പോടുകള്‍. തളരാതിരിക്കാന്‍ ഞാന്‍ വരാന്തയിലെ തൂണില്‍ പിടിച്ചു. അല്ലെങ്കിലും ആര്‍ക്കും ഞാനൊരു ഭിക്ഷക്കാരനാണെന്നേ തോന്നൂ. വെട്ടാത്ത മുടിയും താടിയും. മുഷിഞ്ഞ പോലെയുള്ള വസ്ത്രങ്ങൾ. കയ്യിലിരുന്ന പത്ത് രൂപ നോട്ട് ഉമ്മറത്തുള്ള ടീപോയിമേൽ വെച്ചു.
ഒരു ചായ കുടിക്കണം. വേലായുധേട്ടന്റെ കടയിൽ പോകാം. അവിടെ ചെന്നപ്പോൾ കുറച്ചാളുകൾ പത്രം വായിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നു. ഞാനൊരു ചായക്ക്‌ ഓർഡർ കൊടുത്തു. ചായ കൊണ്ട് വെച്ചിട്ട് വേലായുധേട്ടൻ എന്നോട് ചോദിച്ചു..."മനസ്സിലായില്ല?"
ഞാനെന്നെ പരിചയപ്പെടുത്തി. ഞാൻ ആരാണെന്ന് മനസ്സിലായപ്പോൾ ചായ കുടിച്ചു കൊണ്ടിരുന്നവരുടെയും വേലായുധേട്ടന്റെയും മുഖം മ്ലാനമായി. സംസാരം നിറുത്തി എല്ലാവരും എന്നെ തുറിച്ചു നോക്കി. ചിലർ ചായ ബാക്കി വെച്ച് പുറത്തു പോയി.
സമയം രണ്ടു മണി കഴിഞ്ഞു. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണമെന്നുണ്ട്. ജോലി ചെയ്തതിനു കിട്ടിയ ശമ്പളം കയ്യിലുണ്ട്. പക്ഷെ, എന്നെ മനസ്സിലാക്കുന്നവര്‍ ഹോട്ടലില്‍ പോലും ചെല്ലുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുറച്ചു ഉറങ്ങണം. കുളിച്ചിട്ടില്ല, മുടി വെട്ടണം. എന്ത് ചെയ്യും. ഞാനാകെ ധര്‍മസങ്കടത്തിലായി.
നിസാറിന്റെ ഹോട്ടലില്‍ ചെന്ന് ഭക്ഷണം ആവശ്യപ്പെട്ടു. അദ്ദേഹവും ഭക്ഷണം തന്നിട്ട് മേലാല്‍ അങ്ങോട്ട്‌ വരരുതെന്ന് പറഞ്ഞു. ഒരു കാര്യം എനിക്ക് മനസ്സിലായി. ഞാന്‍ നാട്ടില്‍ എത്തിയ വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നു.
നല്ല ഉറക്കക്ഷീണവും ഉണ്ട്. അമ്പലക്കുളത്തില്‍ പോയി മതിവരുവോളം കുളിച്ചു. മുടിയും താടിയും വെട്ടാന്‍ പോയില്ല. ഈ രൂപം കണ്ട്‌ എന്നെ മനസ്സിലാവാത്തവര്‍ക്ക് ഞാനൊരു പേടിയായി മാറേണ്ടല്ലോ?
അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുമ്പില്‍ കിടന്നുറങ്ങി. ഉറക്കക്ഷീണം കൊണ്ട് ഉറങ്ങി പോയതറിഞ്ഞില്ല. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഇന്ന് രാത്രി എവിടെ കിടക്കും എവിടെ ഭക്ഷണം കിട്ടും എന്നോലോചിച്ചു. ഒടുവില്‍ എത്തിപ്പെട്ടത് ജബ്ബാര്‍ക്കാടെ വീട്ടില്‍.
പൂമുഖത്ത് ഇരുന്നു എന്തോ എഴുതുകയാണ് ജബ്ബാര്‍ക്ക. വല്ല കഥകള്‍ എഴുതുകയാവാം. ബുദ്ധിമുട്ടാവുമോ എന്ന് ആദ്യം തോന്നിയിട്ട് തിരിച്ചു പോകാന്‍ തോന്നി. പക്ഷെ എന്തായാലും കാണാമെന്ന ചിന്ത വിജയിച്ചു.
'ഇക്ക ഞാന്‍ വന്നത് ബുദ്ധിമുട്ടായോ? ഇക്കാക്ക് എന്നെ മനസ്സിലായോ?'. ഞാന്‍ ചോദിച്ചു.
'എനിക്ക് ബുദ്ധിമുട്ടോ? ഒരിക്കലുമില്ല. പിന്നെ അജിത്തിനെ ഞാന്‍ മറക്കില്ല'. ഇക്ക എന്നെ മനസ്സിലാക്കിയിരിക്കുന്നു.
'വീട്ടുകാരുടെ നെറികേടൊക്കെ ഞാനറിഞ്ഞു. എന്താ ചെയ്യാ അജിത്തേ. ആട്ടെ, വീട്ടില്‍ പോയിരുന്നോ?'. ഇക്കാടെ ചോദ്യങ്ങള്‍.
'ഇക്ക ഞാന്‍ വീട്ടില്‍ പോയിരുന്നു. ഞാനൊരു യാചകനാണെന്ന് കരുതി എന്റെ ഭാര്യ അടുക്കളയില്‍ നിന്ന് എന്റെ മകന്റെ കയ്യില്‍ പത്ത് രൂപ കൊടുത്തയച്ചു. ഞാന്‍ പോകുമ്പോള്‍ മകന് മൂന്ന് വയസ്സയിരുന്നല്ലോ? ഭാര്യ പുറത്ത് വന്നില്ല. കണ്ടാലും എന്നെ മനസ്സിലാവില്ലല്ലോ? തന്നെയുമല്ല....'. ഉണ്ടായ സംഭവങ്ങളൊക്കെ ഞാന്‍ ജബ്ബാര്‍ക്കാട് പറഞ്ഞു.
ഇടയില്‍ കയറി ജബ്ബാര്‍ക്ക എന്നോട് പറഞ്ഞു.. 'അതെ.. അജിത്ത് പോയതിനു ശേഷമുള്ള കാര്യങ്ങള്‍ ഞാന്‍ കേട്ടറിഞ്ഞിരിക്കുന്നു. കേട്ടതെല്ലാം ശേരിയാവണമെന്നില്ലല്ലോ? എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട'. ജബ്ബാര്‍ ഇക്ക അങ്ങിനെ പറഞ്ഞപ്പോള്‍ ആരോടെങ്കിലും എന്റെ വിഷമം പറഞ്ഞു മനസ്സൊന്ന് ശാന്തമാക്കണമെന്ന് തോന്നി.
'പറയുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല ഇക്ക.. സന്തോഷമേയുള്ളൂ'. ഞാനത് പറഞ്ഞിട്ട് തുടര്‍ന്നു. 'ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നല്ലോ? ഒരു ഒഫീഷ്യല്‍ ടൂര്‍ കഴിഞ്ഞു വന്നപ്പോള്‍ എന്റെ ഭാര്യ എന്നോട് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞു. ഞാനില്ലാത്തപ്പോള്‍ ഒരു ഗള്‍ഫുകാരനായ ചെറുപ്പക്കാരന്‍ അവളെ..... അവള്‍ സകല ശക്തിയും ഉപയോഗിച്ച് എതിര്‍ത്തു... പക്ഷെ...അവള്‍ നിസ്സഹായയായി.. അവനെ ചോദ്യം ചെയ്യണമെന്നും പ്രഹരിക്കണമെന്നും എന്റെ ഭാര്യ എന്നോട് പലതവണ ആവശ്യപ്പെട്ടു. വരും വരായ്കകളെ പറ്റി ഞാന്‍ ഒരു പാട് ചിന്തിച്ചു. അവളുടെ നിരന്തരമായ ആവശ്യം എന്നെ മറ്റൊരു മനുഷ്യനാക്കി. മനുഷ്യനാക്കി എന്ന് പറഞ്ഞാല്‍ ശെരിയാവില്ല. മനുഷ്യമൃഗമാക്കി എന്ന് വേണം പറയാന്‍.'
ഇനി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം എന്ന് ജബ്ബാര്‍ക്കാടെ ഭാര്യ സാറത്ത വന്നു പറഞ്ഞപ്പോള്‍ ആദ്യം മടിച്ചാണെങ്കിലും ഇക്ക നിര്‍ബന്ധിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറായി. അല്ലെങ്കില്‍ തന്നെ എനിക്ക് നല്ല വിശപ്പുണ്ട്.
'ഞാന്‍ പറയാം ഇക്ക. അങ്ങിനെ പവര്‍ കട്ടുള്ള ഒരു ദിവസം ഞാന്‍ രാത്രിയില്‍ പുറത്ത് നിന്ന് വരുമ്പോള്‍ വീടിന്റെ അടുത്ത ഒരാള്‍ നില്‍ക്കുന്നത് ചെറുതായി കണ്ടു. ഒന്നും ആലോചിച്ചില്ല. ശബ്ധമുണ്ടാക്കാതെ അടുക്കള ഭാഗത്ത് ചെന്ന് അകത്ത് കയറി വെട്ടുകത്തിയെടുത്ത്കൊണ്ട് വന്ന്‍ അവനെ  തുരുതുരെ വെട്ടി. എന്നിട്ട് നേരിട്ട് സ്റ്റേഷനില്‍ ഹാജരായി. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അവന്‍ മരിച്ചു എന്ന് പോലീസുകാര്‍ പറഞ്ഞു. പക്ഷെ അവിടെ എനിക്ക് മറ്റൊരു വലിയ തെറ്റ് സംഭവിച്ചു. ഞാന്‍ കൊന്നത് ആ ഗള്‍ഫുകാരനെയായിരുന്നില്ല. എന്തോ ഓഫീസ് കാര്യത്തിനു വന്ന മറ്റൊരു ചെറുപ്പക്കാരനായിരുന്നു....'
ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു കുറച്ചു കൂടി ദോശ എന്റെ പ്ലൈറ്റിലെക്ക് ജബ്ബാര്‍ക്ക വീണ്ടും എടുത്തിട്ടു. ഞാന്‍ വേണ്ടെന്നു പറഞ്ഞില്ല. സ്വാദുള്ള ഭക്ഷണം മാത്രം കിട്ടിയാല്‍ പോരല്ലോ? അതിനു സന്തോഷത്തോടെ തരികയും വേണ്ടേ?. ആ സന്തോഷം ഇവിടെ നിന്ന് എന്കിക്ക് കിട്ടി.
"അപ്പോള്‍ ഏതെങ്കിലും പ്രഘല്‍ഭനായ വക്കീലിനെ വെച്ച് വാദിക്കാതെ സ്വയം ശിക്ഷ വാങ്ങി അല്ലെ?' ജബ്ബാര്‍ക്കാടെ ചോദ്യത്തിന് അതെ എന്ന് മറുപടി കൊടുത്തു.
'ഇക്ക അത് മാത്രമല്ല, പരോളിന് പോലും ഞാന്‍ അപേക്ഷിച്ചില്ല. എന്റെ ബന്ധക്കാരും നാട്ടുകാരും സഹപ്രവര്‍ത്തകരും വക്കാലത്ത് കൊടുക്കാന്‍ പറഞ്ഞിട്ടും ഞാന്‍ ഒപ്പീട്ടു കൊടുത്തില്ല. അത് പോലെ പരോളും. ശിക്ഷ അനുഭവിക്കണമെന്ന് എന്റെ ഒരു തീരുമാനമായിരുന്നു.'
'എന്നിട്ടെന്തേ നിങ്ങളുടെ ബന്ധം ഒഴിയാന്‍ കാരണം?' ജബ്ബാര്‍ക്ക ഈ സംശയം ഉന്നയിച്ചു.
'ഞാന്‍ ജയിലിലായി ഒരു പ്രാവശ്യം പോലും എന്റെ ഭാര്യ എന്നെ കാണാന്‍ വന്നില്ല. ജയിലായി ഏകദേശം ആറു മാസം കഴിഞ്ഞപ്പോള്‍ അവള്‍ എനിക്കൊരു ഡിവോഴ്സ് നോട്ടീസ് അയച്ചു. ഒരു കൊലപാതകിയുടെ കൂടെ ജീവിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ലത്രേ. ഞാന്‍ അവള്‍ ആവശ്യപ്പെട്ട പ്രകാരം ബന്ധം ഒഴിയാന്‍ സമ്മതമാണെന്ന് പറഞ്ഞു മറുപടി അയച്ചു'
പുറത്ത് പള്ളിയില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കുന്നു. ബാങ്ക് വിളി കഴിയുന്നത് വരെ ഞാന്‍ സംസാരം നിറുത്തി. വാങ്ക് വിളി കഴിഞ്ഞപ്പോള്‍ ഞാന്‍ സംസാരം തുടര്‍ന്നു.
'ഇക്കാക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉറങ്ങാനുള്ള സ്വഭാവമില്ലേ? അത് കൊണ്ട് ഞാന്‍ പോയി പിന്നെ വരാം'.
ഇക്ക രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും ലീവിന് വന്നതെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്. പുറത്ത് മഴക്കുള്ള ലക്ഷണം കാണുന്നു.
'അത് സാരമില്ല. അല്ലെങ്കിലും നാട്ടില്‍ വന്നാല്‍ ഉച്ചയുറക്കം കുറവാണ്. ആട്ടെ, ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്നറിഞ്ഞു. ആരാണ് പുതിയ ഭര്‍ത്താവ്?' ഇക്കാടെ ചോദ്യം.
'ഇക്ക, അത് ഞാന്‍ ഒടുവില്‍ പറയാം. അത് കേട്ടാല്‍ ഇക്ക ഞെട്ടും. അതിനു മുമ്പ് എന്റെ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കട്ടെ'.
'അങ്ങിനെയെങ്കില്‍ അങ്ങിനെ. എന്തായാലും അജിത്ത് ഇനി ഒരിടത്തേക്കും പോകണ്ട. ഇവിടെ കൂടാം. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. സഹ ഉദരത്തില്‍ ജനിച്ചവനാണ് സഹോദരന്‍. അജിത്ത് അങ്ങിനെയല്ലെങ്കിലും ഈ കുടുംബത്തിലേക്ക് ഒരു സഹോദരനെ പോലെ അജിത്തിന് ഇവിടെ താമസിക്കാം. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ ഞാനും ഭാര്യയും കുട്ടിയും അബൂദാബിക്ക് പോകും. ഈ വീട് അടച്ചിടാറാണ് പതിവ്. ഇനി അപ്പോഴും അജിത്ത് ഇവിടെ താമസിച്ചോളൂ'.
ഇക്കാടെ വാക്ക് കേട്ടപ്പോള്‍ ഹൃദയം പിടഞ്ഞു. സ്നേഹത്തിന് മതവും ജാതിയും ഇല്ല എന്ന് മനസ്സിലാക്കുന്ന നിമിഷങ്ങള്‍.
"ഇക്ക സന്തോഷമായി. എന്നാലും ഞാന്‍ പോവുകയാണ്. അമ്പലത്തിലെ ഊട്ടുപുരയിലോ അമ്പലത്തിണ്ണയിലോ കിടക്കാമോ എന്ന് ഞാന്‍ നോക്കാം.. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം അവളുടെ പേരില്‍ ആണ് വാങ്ങിയത്.. സ്ഥലവും വീടും എന്തിനേറെ വാഹനങ്ങളും. പിന്നെ ഒടുവില്‍ ഇക്ക ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാന്‍ പറയാം.. അവള്‍ രണ്ടാമത് വിവാഹം കഴിച്ചത് ആരെയാണെന്നോ? അവളെ പീഡിപ്പിച്ച ആ ഗള്‍ഫുകാരനെ.....'.
ഇക്ക ഞെട്ടിയെന്ന് മനസ്സിലായി.
'എന്റെ അല്ലാഹുവേ ഞാനെന്താണീ കേള്‍ക്കുന്നത്?' ഇക്ക ചോദിച്ചു.
'ഇക്ക കരയുന്നു'. പറഞ്ഞത് ഇക്കാടെ ഭാര്യയാണ്.
'അത് പറഞ്ഞ നീയും കരയുന്നുണ്ടല്ലോ?' ഇക്ക പറഞ്ഞപ്പോള്‍ മൂലത്തട്ടം കൊണ്ട് കണ്ണീര്‍ തുടച്ചു ഇത്ത.
എല്ലാവരോടും ഒരിക്കല്‍ കൂടി യാത്ര പറഞ്ഞു. അവിടെ താമസിക്കാന്‍ ഇക്ക വീണ്ടും ആവശ്യപ്പെട്ടു. ഞാന്‍ പോകണമെന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ എപ്പോള്‍ എന്താവശ്യത്തിനും ഇക്കാടെ സഹായം ഉണ്ടാവുമെന്നും ഓര്‍മിപ്പിച്ചു.
ഗേറ്റ് വരെ ഇക്ക കൂടെ വന്നു. എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഇക്ക. ഞാന്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഗേറ്റില്‍ തല വെച്ച് ഇക്ക പൊട്ടിക്കരയുന്നതാണ് കണ്ടത്. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നടന്നു.... എങ്ങോട്ടെന്നില്ലാതെ... എനിക്ക് ജീവിക്കണം എന്ന ചിന്തയോടെ.......

-----------------------------------
മേമ്പൊടി:-
മനുഷ്യന്റെ മന:ശാസ്ത്രം കണ്ടു പിടിച്ച ഫ്രോയിഡ് (Sigmund Freud) പോലും പറഞ്ഞത് സ്ത്രീകളുടെ മന:ശാസ്ത്രം കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു.

Monday 19 September 2016

പ്രവാസിയുടെ മരണം (അനുഭവം)

പ്രവാസിയുടെ മരണം (അനുഭവം)
*******************************
 അബൂദാബിയിൽ ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ വാഹനങ്ങൾ പുതുക്കുവാനായി ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ പോകേണ്ട ഒരാവശ്യം വന്നു. മുൽക്കിയ (വാഹനത്തിന്റെ റെജിസ്ട്രേഷൻ) ഒരു വർഷത്തെ കാലാവുധിയാണ്. ഗൾഫിൽ ഏത് വാഹനം രെജിസ്റ്റെർ ചെയ്യണമെങ്കിലും ഇൻഷുറൻസ് നിർബന്ധമാണ്‌. ഷൈഖ്മാരുടെ പേരിലുള്ള വാഹനങ്ങൾക്ക് ഇത് നിർബന്ധമില്ല. അതിന്നിടെ എന്തെങ്കിലും പെറ്റികേസുകളോ മറ്റോ ഉണ്ടെങ്കിൽ അത് മുറൂറിലെ (ട്രാഫിക്‌ ഡിപ്പാര്ട്ട്മെന്റ്) ഏറ്റവും വലിയ ഉദ്യോഗസ്ഥനെ കണ്ട് കേൻസൽ ചെയ്യിക്കേണ്ടത് എന്റെ ജോലിയാണ്. കാരണം, ആ വാഹനങ്ങൾ മറ്റ് ജോലിക്കാരാവുമല്ലോ ഓടിക്കുന്നത്.
അങ്ങിനെ ഞാൻ ട്രാഫിക്ക് വകുപ്പിന്റെ (ലൈസൻസ്, രെജിസ്ട്രേഷൻ, ആക്സിടെന്റ് വിഭാഗങ്ങളുടെയെല്ലാം) മുദീര്‍ (ഏറ്റവും വലിയ ഓഫീസർ) സായെദ് സഖര്‍ അല്‍ ഫലാഹിയെ ചെന്ന് കണ്ടു. വളരെയധികം ദൈവഭക്തിയുള്ള, മനുഷ്യസ്നേഹമുള്ള ഒരു പോലീസ് ഓഫീസർ.
ഞാൻ സലാം പറഞ്ഞു. അദ്ദേഹം അത് മടക്കിയിട്ട് എന്നോട് പറഞ്ഞു. 'ഇസ്തരീഹ് യാ ശെരീഫ്'
അദ്ദേഹം ഇരിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ സോഫയിൽ ഇരുന്നു.
നല്ലൊരു ഓഫീസ്. മേശപ്പുറത്ത് ഒരു ഫയൽ പോലുമില്ല. വളരെ ക്ളീൻ ആയിരിക്കുന്നു.
രണ്ടു യുവാക്കൾ ഭവ്യതയോടെ നിൽക്കുന്നു.
അവർ വന്നതും ഇത് പോലെ ഒരു ഇരുപത്തിനാല് മണിക്കൂർ ലോക്കപ്പ് ശിക്ഷയുള്ള തെറ്റിന് വിടുതൽ ലഭിക്കാനാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
അവർക്ക് ആദ്യമായി ഉണ്ടായ ഒരു തെറ്റാണെന്ന് മനസ്സിലായപ്പോൾ അവരുടെ മുഖാലഫ (പെറ്റികേസ്) പേപ്പർ വാങ്ങി ഒരു പേനയെടുത്ത് ഒപ്പിടാൻ ആരംഭിക്കുമ്പോൾ മുദീർ അവരോട് ചോദിച്ചു. 'നിങ്ങൾ എന്ത് ചെയ്യുന്നു?'
ഉടനെ അവർ മറുപടി കൊടുത്തു 'ഞങ്ങൾ പോലീസുകാരാണ്'
ഒപ്പിടാൻ പേനയെടുത്ത അദ്ദേഹം അത് ചെയ്യാതെ അവരോടു പറഞ്ഞു 'നിങ്ങൾ നിയമം നടപ്പാക്കേണ്ടവരാണ്. എന്നിട്ട് നിങ്ങൾ ഇത് ചെയ്തത് ഒരു നിലക്കും മാപ്പിന്നർഹരല്ല' അത് പറഞ്ഞ് അദ്ദേഹം അവരെ ലോക്കപ്പിലാക്കി.
(ആ രാജ്യത്ത് രാഷ്ട്രീയവും അസോസിയേഷനും ഇല്ലല്ലോ)
ഇതിനിടെ എനിക്കും അവിടെയിരിക്കുന്ന മൂന്ന് പേർക്കും കാവാ എന്ന അറബി കാപ്പി കൊണ്ട് വന്നു.
എന്റെ കയ്യിലുള്ള മുഖാലഫകൾ (പെറ്റികേസ്) വാങ്ങി അതിലെല്ലാം <ലാ മാന അൻ തജ്ദീദ് - പുതുക്കുന്നതിന്നു വിരോധമില്ല> എന്നെഴുതി തന്നു.
അപ്പോഴാണ്‌ എന്റെ അനീസ്‌ മൊബൈൽ ഫോണിലേക്ക് ഒരു കാൾ വന്നത്.
'ഹല്ലോ, ഷെരീഫ് സാറല്ലേ?' അങ്ങേത്തലക്കൽ നിന്നുള്ള ചോദ്യം
അതെ എന്ന് മറുപടി കൊടുത്തിട്ട് അവർ ആരെന്ന് ചോദിച്ചു. ഞാൻ മുറൂറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ. അവരും മുറൂറിൽ (ട്രാഫിക് വകുപ്പ്) ആണെന്ന് പറഞ്ഞു.
അവർക്ക് എന്നെ ഒന്ന് നേരിട്ട് കാണണമത്രേ. കാട്ടൂർ നെടുമ്പുരയിലുള്ള കൊച്ചുമുഹമ്മദുക്കാടെ കാന്റീനിലെക്കു വരാനും ഞാൻ അങ്ങോട്ട്‌ വരാമെന്നും പറഞ്ഞു.
അവർ ആ കാന്റീനിലെ ബൂത്തിൽ നിന്നാണ് ഫോണ്‍ ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ മുദീറിന് നന്ദി പറഞ്ഞു ഞാൻ അങ്ങോട്ടേക്ക് ചെന്നു.
ഇന്ന് രാത്രി നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത അവരുടെ ഒരു ബന്ധക്കാരൻ, നാട്ടിലേക്ക് കൊണ്ട് പോകാൻ വാങ്ങിയ എമർജൻസി ലൈറ്റ് മാറ്റി വാങ്ങാൻ വേണ്ടി റോഡ്‌ ക്രോസ് ചെയ്യുമ്പോൾ വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രിയാണത് സംഭവിച്ചത്. ആ വ്യക്തി ഉയരത്തിൽ നിന്നും വന്നു വീണത്‌ റോഡിന്റെ നടുവിലുള്ള ഡിവൈഡറിന്റെ സൈഡിൽ ഫിറ്റ് ചെയ്ത ശൂലം ആകൃതിയിലുള്ള കമ്പിയിന്മേലാണ്. ആംബുലൻസിൽ ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.
ഇതെല്ലാം പറഞ്ഞിട്ട് അവർ എന്നെ കാണാൻ വന്ന ആവശ്യം പറഞ്ഞു. 'ഇന്ന് വ്യാഴാഴ്ച്ചയായത്‌ കൊണ്ട് ഓഫീസ് കാര്യങ്ങളൊന്നും നടക്കില്ല. എത്രയും പെട്ടെന്ന് മയ്യത്ത് നാട്ടിൽ എത്തിക്കണം. ഷെരീഫ് സാറിനെ കണ്ടാൽ ചിലപ്പോൾ ഫയൽ സ്പീഡ് ആക്കാമെന്ന് നെടുമ്പുരയിലെ അബൂവാണ് പറഞ്ഞത്.
ശെരി ഞാൻ നോക്കട്ടെ എന്ന് പറഞ്ഞ് അവരുടെ കയ്യിലുള്ള ഫയൽ വാങ്ങി വീണ്ടും മുദീറിന്റെ ഓഫീസിൽ ചെന്നു.
'എന്ത് പറ്റി ഷെരീഫ്, ഇനി വല്ല പ്രശ്നവും?' മുദീർ എന്നോട് ചോദിച്ചു.
ആ ചോദ്യത്തിന്നു അർത്ഥമുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലാണല്ലോ പ്രധാനമായും ഞാനദ്ധെഹത്തെ കാണാറ്. ചെയ്യാൻ കഴിയുന്നവ അദ്ദേഹം നിരസിക്കാറില്ല. അതിന്ന് കാരണവുമുണ്ട്. ഞാൻ ഒരിക്കലും അദ്ധേഹത്തെ എക്സ്പ്ലൊയിറ്റ് ചെയ്യാറില്ല.
സംഭവം എല്ലാം ഞാൻ അദ്ധേഹത്തെ പറഞ്ഞു മനസ്സിലാക്കി. അബൂദാബി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുള്ള എല്ലാസഹായവും അദ്ദേഹം ചെയ്യാമെന്നേറ്റു. പിന്നെ വരുന്നത് ഇന്ത്യൻ എംബസ്സി, എയർ ഇന്ത്യ. ഇവയുടെ കാര്യം എന്നോട് ചെയ്യാൻ പറഞ്ഞു. ട്രാഫിക് ആക്സിടെന്റ്റ് വകുപ്പ്, ലൈസൻസ് വകുപ്പ്, പോലീസ് ഫോറെൻസിക്, ഇസ്ലാമിക്‌ ഫോറെൻസിക്, ഹൊസ്പിറ്റൽ ഇവയുടെ കാര്യത്തിന്നു എല്ലാം പെട്ടെന്ന് ചെയ്യാൻ അദ്ദേഹം ഒരു മുലാസമിനെ (പോലീസ് സബ്ബിൻസ്പെക്ടർ) ഏർപ്പാടാക്കി തന്നു.
ഇന്ത്യൻ എംബസ്സിയിൽ ജോലി ചെയ്യുന്ന ചാവക്കാട് ഒരുമനയൂരുള്ള തങ്ങളോട് വിവരം പറഞ്ഞു. അവിടെ പേപ്പർ എത്തിയാൽ പെട്ടെന്ന് ശെരിയാക്കാം എന്ന് അദ്ദേഹവും ഏറ്റു. എയർ ഇന്ത്യയിലെ സ്റ്റേഷൻ മാനേജർ ഭാട്ടിയയോട് പറയേണ്ട താമസം അദ്ദേഹം അത് ശെരിയാക്കാം എന്ന് സമ്മതിച്ചു. കാരണം, ഡെഡ്ബോഡി കാർഗോ ആയാണ് കൊണ്ട് പോവുക. കൂടാതെ എക്കമ്പനി ആയി രണ്ട് ടിക്കറ്റ്‌ വേറെയും വേണം.
ഒരു വിധം ഇതെല്ലാം ശെരിയായികഴിഞ്ഞപ്പോൾ സമയം നാല് മണിയായി. ഞാനും മുദീറും മറ്റൊരു ളാബത്ത് (പോലീസ് സർക്കിൾ ഇൻസ്പെക്ടർ) പിന്നെ മരണപ്പെട്ടവരുടെ ബന്ധക്കാർ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടില്ല. വെറും സാൻഡ്വിച്ചും ചായയും മാത്രം.
മഗരിബ് (സന്ധ്യ) നമസ്കാരത്തിന്നു ശേഷം മയ്യത്ത് എയർപോർട്ടിലേക്ക് കൊണ്ട് പോകുമെന്നറിയുന്നത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ എത്തി.
മയ്യത്തിന്റെ മുഖത്തേക്ക് ഞാനൊന്ന് നോക്കി. എന്തെല്ലാം മോഹങ്ങൾ അദ്ധേഹത്തിന്നുണ്ടാവും. ഈ രൂപത്തിലാണ് താനിനി നാട്ടിലേക്ക് ചെല്ലുക എന്ന് അദ്ധേഹവും യാത്ര അയച്ച ബന്ധക്കാരും കരുതിയിട്ടുണ്ടാവുമോ.
എയർ പോർട്ടിൽ എല്ലാം പെട്ടെന്ന് ശെരിയായി. ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു
---------------------------------------
മേമ്പൊടി:
തൊട്ടിലിൽ നിന്ന് തുടക്കം - മയ്യത്ത്
കട്ടിലിൽ യാത്രായോടുക്കം
അവിടെ നിന്നാർക്കും ഇല്ലാ മടക്കം
ആറടി മണ്ണിലുറക്കം
ഇഷ്ടവും അനിഷ്ടവും അവിടെയില്ല
കഷ്ടവും കരച്ചിലും അവിടെയില്ല
ഉണ്ണി പിറക്കാനാശയില്ല - ഇനി
പൊന്നിന്നും പണത്തിന്നും കൊതിയുമില്ല.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Saturday 10 September 2016

അദ്ധ്യാപനം (കഥ)

അദ്ധ്യാപനം (കഥ)
***********
അരുവിക്കര എന്ന കുഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പെൻഷൻ വാങ്ങാൻ വരാനുള്ള ബുദ്ധിമുട്ട് ആലോചിക്കാനേ വയ്യ. എണ്‍പത് വയസ്സെന്ന പ്രായവും ബസ്സ്‌ കിട്ടാനുള്ള പ്രയാസവും. വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു. അങ്ങിനെ ട്രെഷററിയുടെ അടുത്തെത്തി. എന്നിട്ടും ലൈനിൽ നാലഞ്ചു പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ പിന്നിലായി നിന്നു.
അധികം നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് ഒരു പഴയ ന്യൂസ്‌പേപ്പർ വിരിച്ചു അതിൽ ഇരുന്നു. തണുപ്പ് കാലത്തെ രാവിലെ സൂര്യപ്രകാശത്തിന്നു നല്ല ചൂട്. ഓഫീസ് തുറക്കാൻ സമയമായിട്ടും ആരും എത്തിയിട്ടില്ല. കുറെ നേരത്തെ കാത്തിരിപ്പിന്നൊടുവിൽ ഓഫീസ് ക്ലീൻ ചെയ്യാൻ ഒരു ചെറുപ്പക്കാരൻ എത്തി. അപ്പോഴേക്കും ലൈനിന്റെ നീളം വലുതായിരിക്കുന്നു.
'എല്ലാവരും ഒന്ന് മാറി നിന്നേ' ആ ചെറുപ്പക്കാരന്റെ ഗൌരവത്തിലുള്ള വാക്ക് കേട്ടപ്പോൾ ലൈനിൽ നിന്നിരുന്ന ഒരാൾ ചോദിച്ചു.
'നിനക്കൊന്ന് സൌമ്യമായി പറഞ്ഞു കൂടെ?'
'ഇത്രക്കൊക്കെ സൌമ്യതയെ എന്റെ കയ്യിലുള്ളൂ. ആട്ടെ നിങ്ങളാരാ?'
'ഞാനൊരു റിട്ടയേർഡ്‌ പോലീസ് ഓഫീസർ ആണ്' അദ്ദേഹം മറുപടി കൊടുത്തു.
'റിട്ടയേർഡ്‌ അല്ലെ? ഇപ്പോൾ പോലീസ് അല്ലെല്ലോ? പോലീസ് മുറയൊക്കെ ഇനി വേണ്ട'
ആ പോലീസ് ഓഫീസർ പിന്നെ ഒന്നും പറഞ്ഞില്ല.
'ആട്ടെ, മോനെ കുറച്ചു വർഷം കഴിഞ്ഞാൽ നീയും ഇത് പോലെ ലൈൻ നിൽക്കണമെന്ന് ഓർക്കണം,'
എന്റെ വാക്ക് കേട്ടപ്പോൾ ആ ചെറുപ്പക്കാരന്റെ സ്വഭാവത്തിന്റെ മാറ്റം കണ്ടു.
'മാഷെ, ക്ഷമിക്കണം. എന്റെ ഭാഗത്തും തെറ്റുണ്ട്.'
ആ മാഷെ എന്നുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു സുഖം, ആ വിളിയിൽ ഒരു പാട് തേനും വയമ്പും മധുരവും ഉണ്ട്.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ചെറിയ വിശപ്പുമുണ്ട്‌. ലൈനിൽ നിന്നും പോയാൽ തിരിച്ചു വന്നാൽ സ്ഥലം കിട്ടിയില്ലെങ്കിലോ. അപ്പോഴാണ്‌ ഒരു ചെറുപ്പക്കാരൻ കെറ്റിലിൽ ചായ കൊണ്ട് നടന്ന് വിൽക്കുന്നത് കണ്ടത്.
അവന്റെ കയ്യിൽ നിന്ന് ഒരു ചായ വാങ്ങി. പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ കൂട്ടാക്കിയില്ല.
'മാഷെ, മാഷ്‌ എന്റെ വാപ്പാനെ പഠിപ്പിച്ചിട്ടുണ്ട്' അവൻ പറഞ്ഞു.
'എന്താണ് മോനെ നിന്റെ വാപ്പാടെ പേര്?' ഞാനവനോട് ചോദിച്ചു
'കുഞ്ഞിമുഹമ്മദ്‌. എന്റെ പേര് നൌഫൽ എന്നാണ്'
ആദ്യം എനിക്ക് അദ്ധേഹത്തെ മനസ്സിലായില്ല. ഒരു പാട് വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടല്ലോ? പക്ഷെ പിന്നീട് വിശദീകരിച്ചു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.
'വാപ്പ എന്ത് ചെയ്യുന്നു?' ഞാനവനോട് തിരക്കി.
'പത്തു കഴിഞ്ഞപ്പോൾ വാപ്പ പഠിപ്പ് നിർത്തി. ഇപ്പോൾ പറമ്പ് കിളയൊക്കെയായി ജീവിക്കുന്നു.'
'താൻ എത്ര പഠിച്ചു?'
'ഞാൻ പത്തു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി. 90 ശതമാനം മാർക്ക് ഉണ്ടായിരുന്നു. പിന്നെ എന്നെ പഠിപ്പിക്കാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഞാൻ പഠിപ്പു നിർത്തിയത്'
'എന്റെ ഈശോയെ എന്താണ് ഞാൻ ഈ കേൾക്കുന്നത്?' കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.
'താൻ ഒരു കാര്യം ചെയ്യൂ. ഒരു മണിയാവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണം' എന്നവന് നിർദേശം കൊടുത്തു.
ചായയുടെ പൈസ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനവന് നിർബന്ധിച്ചു പൈസ കൊടുത്തു
പതിനൊന്നര മണിയായപ്പോൾ പെൻഷൻ പണം കിട്ടി.
ഇനി ആ പയ്യൻ വന്നിട്ടേ പോകാൻ പറ്റൂ.
എന്തെങ്കിലും കഴിക്കാമെന്നു കരുതി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നു ചോദിച്ചു 'വരാപ്പുഴ മാഷല്ലേ?'
അതെ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി
'ഞാൻ മാഷെ ഒരു വിദ്യാർഥിയാണ്. ജബ്ബാർ'
'റേഷൻകട നടത്തിയിരുന്ന ഇസ്മയിൽ സായിബിന്റെ മകൻ.....?????'
'അത് തന്നെ'
'താൻ ഇപ്പോൾ എന്ത് ചെയ്യുന്നു? ഇപ്പോഴും സാഹിത്യ വാസനയൊക്കെ ഇല്ലേ?'
അയാൾ ഗൾഫിലാണെന്നും സാഹിത്യവാസന ഉണ്ടാക്കിയത് മാഷാണെന്നും പറഞ്ഞു. ഞാനും എന്റെ ഭാര്യ വേറൊനിക്കയും കൂടി വാരാപ്പുഴയിലുള്ള എന്റെ തറവാട്ടിലേക്ക് പോകാൻ എടമുട്ടത്ത് ബസ്‌ കാത്തു നിൽക്കുമ്പോൾ ഈ ജബ്ബാർ കാർ നിർത്തി എന്റെ അടുത്ത് വന്നതും എന്നോട് കാറിൽ കൊണ്ട് വിടാമെന്ന് ആൽമാർത്തമായി പറഞ്ഞതും ഓർമവന്നു.
'മാഷെ, എനിക്ക് ഇത്തരത്തിൽ സാഹിത്യവാസനയുണ്ടെന്നു കണ്ടെത്തിയത് മലയാളം മാഷായ അങ്ങാണ്. അത് കൂടാതെ, ഞാൻ അറിയാതെ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകിയതും മാഷാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല'
'നമ്മൾ എഴുതുക, അത് നമ്മൾ തന്നെ വായിച്ചു നോക്കുക. നമുക്ക് നന്നായി എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് വായിക്കാൻ കൊടുക്കാം. എന്ത് വിമർശനം വന്നാലും തളരരുത്. നല്ല വിമർശനം വന്നാൽ സ്വീകരിക്കുക. അത് പോലെ നല്ല അഭിപ്രായം കേട്ടാൽ അഹംഭവിക്കരുത്.' ഞാൻ അയാൾക്ക്‌ ഉപദേശം നൽകി.
അദ്ദേഹം വീണ്ടും എന്നോട് വീട്ടിൽ കൊണ്ടന്നാക്കാമെന്നു പറഞ്ഞു. പക്ഷെ കുഞ്ഞിമുഹമ്മദിന്റെ മകനെ കാണേണ്ടത് കൊണ്ട് ഇപ്രാവശ്യവും ഞാൻ സ്നേഹത്തോടെ നിരസിച്ചു.
ഒരു മണി ആവുന്നതിന്ന് മുമ്പ് തന്നെ കുഞ്ഞിമുഹമ്മദിന്റെ മകൻ നൌഫൽ എന്റെ അടുത്ത് വന്നു.
ഞാൻ എന്റെ കയ്യിലുള്ള പെൻഷന്റെ പൈസ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ' മോനെ നൌഫൽ, ഈ പണം നീ എടുക്കുക, ഇനിയും വേണമെങ്കിൽ ഞാൻ തരാം. എന്റെ ജീവിതാവസാനം വരെയുള്ള പെൻഷൻ പണം നിനക്ക് ഞാൻ തരും. നീ തുടർന്ന് പഠിക്കണം. പിന്നെ പഠിത്തത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കറിയാവുന്ന അറിവ് നിനക്ക് പകർന്നു തരാം.'
അവൻ വിങ്ങി പൊട്ടി പറഞ്ഞു. 'മാഷെ ഇത് ഏതെങ്കിലും സദസ്സിൽ വെച്ച് തരുകയാണെങ്കിൽ മാസ്റ്റെർക്കു ഒരു ഖ്യാതി കിട്ടൂലെ?
'എനിക്ക് അങ്ങിനെയുള്ള ഖ്യാതി വേണ്ട. ദൈവത്തിന്റെ പുണ്യമേ വേണ്ടൂ'. എന്ന് ഞാനവന് മറുപടി കൊടുത്തു.
------------------------------------------------
മേമ്പൊടി:
ജോലിയിലുള്ളപ്പോഴും പെൻഷൻ പറ്റിയാലും ജീവിതകാലം മുഴുവൻ ബഹുമാനിക്കുന്ന ഒരു സംബോധനയാണ് മാഷെ എന്നുള്ളത്. എന്നാൽ ദേഷ്യം വരുമ്പോൾ ഭർത്താക്കന്മാർക്ക് ഭാര്യമാരെ ചീത്ത വിളിക്കാൻ പറ്റാത്ത ചില പേരുകളാണ്, ഓമന, തങ്കം എന്നുക്കെയുള്ളത്. കാരണം ഓമനയുടെ ഭര്ത്താവിന്നു ദേഷ്യം വന്നു എന്നിരിക്കട്ടെ. എങ്ങിനെ ചീത്ത പറയും. 'ഓമനേ ഞാൻ നിന്നെ കൊല്ലും' എന്ന് പറയാൻ പറ്റുമോ?
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>