Tuesday 27 October 2015

പ്രവാസിയുടെ പ്രയാസം (കഥ)

പ്രവാസിയുടെ പ്രയാസം (കഥ)
by ഷെരീഫ് ഇബ്രാഹിം ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

ആരെയും അറിയീച്ചില്ലെങ്കിൽ കൂടി നാട്ടിലേക്കുള്ള എല്ലാ വരവിലും നേരം വെളുക്കുമ്പോൾ വീട്ടിൽ വരുന്ന ചിലരുണ്ട് പള്ളികമ്മറ്റിക്കാർ, LIC തുടങ്ങിയവരുടെ എജെന്റുമാർ, ഇല്ലാത്ത ബന്ധം ഉണ്ടാക്കി സഹായം ചോദിച്ചു വരുന്ന ബന്ധക്കാർ, സ്ഥലം വാങ്ങി തരാൻ വേണ്ടി വരുന്ന എജെന്റുമാർ
ഇപ്രാവശ്യത്തെ യാത്രക്ക് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു. 'ഞാൻ അടുത്ത വ്യാഴാഴ്ച നാട്ടിൽ എത്തും. വിസ കെൻസൽ ചെയ്തു നോ എൻട്രി അടിച്ചിട്ടാണ് വരുന്നത്, രണ്ടു വർഷത്തെ ശമ്പളം കമ്പനി പിടിച്ചു, കാരണം പത്തു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. ഫ്ലാറ്റിന്റെ വാടക തന്നിരുന്നത് എനിക്കും എന്റെ ഫാമിലിക്കും താമസിക്കാനായിരുന്നു. പക്ഷെ ഞാൻ മറ്റൊരു ഫാമിലിയെ വാടകയിൽ ഷെയർ ചെയ്തത് കൊണ്ട് ആ കാലയളവിലെ ഫ്ലാറ്റിന്റെ വ്യത്യാസമുള്ള പണം ഞാൻ ജോലി ചെയ്തു കൊടുക്കാനാണ് ഈ രണ്ടു വര്ഷത്തെ ശമ്പളം.
ഞാൻ വീട്ടിലെത്തി. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയായിരുന്നു. രാവിലെ തന്നെ ആരോ കാളിംഗ് ബെൽ അടിച്ചു.
'ജബ്ബാർ ഇന്നലെ രാത്രി വന്നല്ലേ?'. ഞാൻ ജനവാതിലിലൂടെ ശ്രദ്ധിച്ചു. പള്ളി പ്രസിഡണ്ട്‌ ആണ്.
'വന്നു. ഉറങ്ങുകയാണ്'. എന്റെ ഭാര്യ മറുപടി കൊടുത്തു
'എത്ര ലീവുണ്ട്‌ ?'. പള്ളിപ്രസിഡന്റിന്റെ ചോദ്യം
ഇനി പോകുന്നില്ലെന്നും നോ എൻട്രി അടിച്ചതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും ഭാര്യ പ്രസിഡന്റിനോട് പറഞ്ഞു.
'ഞാൻ പോയിട്ട് പിന്നെ വരാം'. എന്ന് പ്രസിഡണ്ട്‌ പറഞ്ഞപ്പോൾ 'ഇരിക്കൂ ചായ കുടിച്ചിട്ട് പോകാം.' എന്ന് ഭാര്യ
'വേണ്ട, എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്‌'. എന്നും പറഞ്ഞു പ്രസിഡണ്ട്‌ പോയി.
ഞാൻ എഴുനേറ്റു റെഡിയായി നിൽക്കുമ്പോൾ ഒരാൾ വന്നു. കണ്ടപാടെ സാർ ഗുഡ് മോർണിംഗ് എന്ന് എന്നെ അഭിവാദ്യം ചെയ്തു.
അദ്ദേഹം ഒരു ലാപ്‌ ടോപ്‌ കൊണ്ട് വന്നിട്ടുണ്ട്. കൂടെ ഒരു അസ്സിസ്റ്റന്റും.
'സാർ ഞങ്ങൾ PJPJP എന്ന ബാങ്കിൽ നിന്നും വരുന്നു.ഞങ്ങൾ ഒരു പുതിയ സ്കീം തുടങ്ങിയിട്ടുണ്ട്. സാറിനെ പോലെയുള്ള VIPകൾക്ക് ഇത് നല്ലതാണ്. ഇതിൽ ആറ് വർഷത്തേക്ക് വർഷം ഒരു ലക്ഷം വീതം ഇട്ടാൽ, വളരെയധികം പണം ഇരുപതു വർഷം കൊണ്ട് കിട്ടും. ഇന്നാൾ കുവൈറ്റിലുള്ള ജയൻ രണ്ടു ലക്ഷത്തിന്റെ പോളിസി എടുത്തു, അല്ലെ രവി?'. എന്ന് അസിസ്റ്റന്റ്‌ രവിയോട് ചോദിച്ചു.
രണ്ടല്ല മൂന്നു ലക്ഷത്തിന്റെ എന്ന് രവി എന്ന് തിരുത്തി
'അത് കൊണ്ട് സാർ ഒരു നാല് ലക്ഷത്തിന്റെ പോളിസി എടുക്കുക. സാറിന്നു അത് നല്ല ഗുണമായിരിക്കും. സാറിനെ പോലെയുള്ളവർ ഇതിൽ ചേരുന്നത് തന്നെ ബാങ്കിന്നു ഒരു പ്രശസ്തിയാണ്'
'ഞാനൊന്ന് പറഞ്ഞോട്ടെ...'. ഇടയിൽ കയറി ഞാൻ പറഞ്ഞു. ഇതിനിടെ ഭാര്യ ചായയും കൊണ്ട് വന്നു.
'സാർ ഒന്നും പറയണ്ട, സാറിന്നു ഞങ്ങൾ ഒരു പ്രത്യേക ഓഫർ തരാൻ ബേങ്കിൽ നിന്നും അപ്രൂവൽ വാങ്ങിയിട്ടുണ്ട്, ഇത് ചേർന്ന് കഴിഞ്ഞാൽ സാറിന്റെ ഭാര്യക്ക് എട്ടു പവന്റെ മാല ഇട്ടു വെക്കാവുന്ന ഒരു ഭംഗിയുള്ള ബോക്സ്‌ തരാൻ പറഞ്ഞിട്ടുണ്ട്'.
'മാഡത്തിന്റെ പേരിൽ ചേരുന്നതാണ് നല്ലത്, മാഡത്തിനെ കണ്ടാൽ ഒരു തറവാട്ടമ്മയാണെന്നും സാറിന്റെ ഐശ്വരത്തിന്നു കാരണം ഈ മാഡമാണെന്നും ഉറപ്പാണ്'. അവർ എന്റെ ഭാര്യയെ ഒന്ന് പുകഴ്ത്തി.
ഒടുവിൽ എനിക്ക് വിസ കെൻസൽ ചെയ്തതും നോ എൻട്രി അടിച്ചു വിട്ടതും രണ്ടു വർഷത്തെ ശമ്പളം പിടിച്ചതും പറയേണ്ടി വന്നു
അവർ പെട്ടെന്ന് ലാപ്‌ ടോപ്‌ പായ്ക്ക് ചെയ്തു പോയി. പോകുമ്പോൾ പറഞ്ഞു. 'ജബ്ബാറിക്ക ഇനി ഗൾഫിൽ പോകുമ്പോൾ അറിയീക്കണം'.
'ഇന്നാലും നിങ്ങൾക്ക് ആ പെട്ടി കിട്ടാൻ പോളിസി ചേരായിരുന്നില്ലേ. അറുപത്തിനാല് വട്ടം സാർ എന്ന് വിളിച്ചില്ലേ. വിസ നോ എൻട്രി അടിച്ചെന്നു കേട്ടപ്പോളല്ലേ സാർ എന്ന് വിളിക്കാഞ്ഞതു'. എന്റെ ഭാര്യയുടെ വാക്ക് കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.
പെണ്‍ബുദ്ധി പിൻ ബുദ്ധി എന്ന് ഉറപ്പായി. ഒരു മൊട്ടു സൂചി ഫ്രീ ആയി കിട്ടുമെന്ന് കേട്ടാൽ എന്തും വാങ്ങുന്ന സ്വഭാവം എന്റെ ഭാര്യക്ക് ഉണ്ട്.
ഞാൻ വെറുതെ നടക്കാനിറങ്ങി. നാട്ടുകാരിൽ ചിലർ എന്തെ കാർ എടുത്തില്ലേ എന്ന ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്നും പെട്രോൾ അടിക്കാൻ പൈസ ഇല്ലെന്നും പറഞ്ഞു.
ഷോപ്പ് തുടങ്ങാൻ താൻ കടമായും സംഭാവനയായും സഹായിച്ച കരീമിനെ വഴിയിൽ വെച്ച് കണ്ടു. അവൻ ഒരു പുതിയ കാറിലാണ് യാത്ര. വണ്ടി നിറുത്തി എന്നോട് ചോദിച്ചു
'എന്ന് വന്നു?'.
'ഇന്നലെ'. എന്ന് മറുപടി കൊടുത്തു
എന്ന് പോകുന്നു എന്ന അവന്റെ ചോദ്യത്തിന്നു ഇനി പോകുന്നില്ലെന്ന് മറുപടി ഞാൻ കൊടുത്തു
എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞു അവൻ കാറിൽ പോയി. എന്നോട് കൊണ്ടാക്കണോ എന്ന് പോലും ചോദിച്ചില്ല
തിരിച്ചു വീട്ടിൽ വന്നു. എന്നും ഗൾഫിൽ നിന്നും വരുമ്പോൾ കോഴി പൊരിച്ചതും കോഴി കറിയും ആണുണ്ടാവുക. ഇപ്പോൾ കോഴിമുട്ട കറിയാണെന്ന് മാത്രം.
ഞാനൊന്നും പറഞ്ഞില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ബ്രോക്കർ രാജൻ വന്നു. എന്നെ കണ്ടപാടെ രാജൻ പറഞ്ഞു. 'ജബ്ബാർക്ക ഒരു കണ്ണായ സ്ഥലത്ത് ഒരു ഏക്ര സ്ഥലമുണ്ട്. ഇന്ന് വാങ്ങി ഒരു മാസം കഴിഞ്ഞു വിറ്റാൽ ഇരട്ടി വില കിട്ടും'. എന്നാൽ ഒരു മാസം കഴിഞ്ഞ് വിറ്റാൽ പോരെ എന്ന് ഞാൻ ചോദിച്ചില്ല.
ഞാൻ എന്റെ അവസ്ഥ പറഞ്ഞു. അദ്ദേഹവും ഒന്നും പറയാതെ, യാത്ര പോലും പറയാതെ പോയി.
'നാളെ മൈമൂനാടെ മോളെ കല്യാണമാ'. ഭാര്യ വന്നു പറഞ്ഞു
'ആയ്ക്കോട്ടെ നമുക്ക് ഒന്നിച്ചു പോകാം'. എന്ന് ഞാൻ മറുപടി കൊടുത്തു.
'അത് വേണ്ട നമ്മളിൽ ആരെങ്കിലും ഒരാൾ പോയാൽ മതി'. എന്ന് ഭാര്യയുടെ തീരുമാനം.
'അതെന്താ നമുക്ക് രണ്ടു പേർക്കും പോയാൽ ?'. ഞാൻ സംശയം ചോദിച്ചു.
'അത്......... ആരെങ്കിലും ഇക്ക എന്നാ പോകാ എന്ന് ചോദിച്ചാൽ.... അത് വേണ്ട ആരെങ്കിലും ഒരാൾ പോയാൽ മതി'. അങ്ങിനെ അവളോട്‌ പോയ്ക്കോളാൻ സമ്മതം കൊടുത്തു. അല്ലെങ്കിലും അവളുടെ ബന്ധക്കാരിയാണല്ലോ മൈമൂന. അങ്ങിനെ സമാധാനിക്കാം.
'ഉപ്പ എന്തായാലും ഗൾഫിൽ പൊയ്ക്കോ. ക്ലാസ്സിൽ ഉപ്പ ഇനി ഗൾഫിൽ പോകുന്നില്ല എന്ന് അറിഞ്ഞാൽ എനിക്ക് മോശമാ.' മൂന്നിൽ പഠിക്കുന്ന മീരമോൾ.
തറവാട്ടിൽ പോയി ഉപ്പാനെ കണ്ടു. വിവരം പറഞ്ഞു.
'മോനെ ജാബറൂ, നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട. അല്ലാഹു ഒരു വഴികാണിച്ചുതരും. ഓട്ടോ ഓടിച്ചിട്ടായാലും നിന്നേയും കുടുംബത്തെയും ഞാൻ നോക്കാം' റേഷൻ കട നടത്തുന്ന ഉപ്പാടെ വാക്ക് കേട്ടപ്പോൾ സങ്കടം തോന്നി. ഉപ്പാട് ഒരു സ്വകാര്യം പറഞ്ഞു
ഒരാഴ്ച കഴിഞ്ഞു. രാത്രി കിടക്കാൻ നേരം ഞാൻ ഭാര്യയോട് പറഞ്ഞു. 'നാളെ ഞാൻ പോകുകയാ'
'എങ്ങോട്ട്?'. അവളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം
'ദുബായിലോട്ടു'.
'അപ്പൊ ഇനി നിങ്ങൾ പോകുന്നില്ലെന്നും വിസ കെൻസൽ ചെയ്തെന്നും ഒക്കെ പറഞ്ഞതോ?'
'അത് ഞാൻ ഒരു പുളു അടിച്ചതാ. എനിക്ക് പ്രൊമോഷൻ ആയി. ഒരാഴ്ചത്തെ ലീവും കിട്ടി. ലീവിന്നു വരുന്ന പ്രവാസിയോടും കേൻസൽ ചെയ്തു വരുന്ന പ്രവാസിയോടും ജനങ്ങൾ എങ്ങിനെ പെരുമാറും എന്ന് അറിയാമെന്ന ഒരാഗ്രഹം. അത്ര മാത്രം'
പിറ്റേന്ന് രാവിലെ എയർപോർട്ടിൽ പോകാൻ കാറിൽ കയറുമ്പോൾ അയൽവാസിയായ ബക്കറിന്റെ വീട്ടിൽ പള്ളി പ്രസിഡന്റും LIC എജെന്റും ബാങ്ക് മാനേജറും ബ്രോക്കറും ഒരുമിച്ചു ഇരിക്കുന്നു.
'എന്നെ കണ്ട ഉടനെ അവർ ചോദിച്ചു. 'എങ്ങോട്ട് പോകുന്നു?'.
'ദുബായിലോട്ടു'. അതും പറഞ്ഞു ഞാൻ കാർ ഡ്രൈവ് ചെയ്തു പോയി. റിയർവ്യൂ മിററിലൂടെ അവരുടെ മുഖം ഞാൻ കണ്ടു
--------------------------------------------------------------
മേമ്പൊടി:
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും

Saturday 24 October 2015

കുവൈറ്റ്‌ സന്ദർശനം (യാത്രാവിവരണം - അനുഭവം)

കുവൈറ്റ്‌ സന്ദർശനം (യാത്രാവിവരണം - അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

അബൂദാബിയിൽ ജോലി ചെയ്യുമ്പോൾ ലീവ് എന്ന് കേട്ടാൽ ഉടനെ ചിന്ത പോവുക ഏത് നാട്ടിലേക്കാണ് ടൂർ പോവുക എന്നാണ്. അങ്ങിനെ മൂന്ന് ദിവസത്തെ പെരുന്നാൾ ലീവ് കിട്ടിയപ്പോൾ ഗൾഫിലെ ഏതെങ്കിലും രാജ്യം സന്ദർശിക്കാമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.
നാട്ടിൽ വെച്ച് എത്ര ചക്കയും മാങ്ങയും കിട്ടിയാലും നമുക്ക് വലിയ രുചിയൊന്നും തോന്നാറില്ല. എന്നാൽ അതേ മാങ്ങയോ ചക്കയോ ഗൾഫിൽ കിട്ടിയാലോ നമ്മളൊക്കെ ആർത്തിപണ്ടാറങ്ങളാവും അല്ലെ?. അത് പോലെ കേരളത്തിന്റെ പച്ചപ്പും മഴയും കാണുമ്പോൾ നാട്ടിലുള്ളപ്പോൾ നമുക്ക്  വലിയ കാര്യമായി തോന്നില്ല. എന്നാൽ വിദേശങ്ങളിൽ ഈ കേരളത്തിന്റെ മിനി പതിപ്പ് കാണാൻ ആർക്കാണ് ഇഷ്ടപ്പെടാത്തത്? കുറച്ചൊക്കെ പച്ചക്കറികൾ നട്ടുവളര്ത്തിയിട്ടുള്ള അലൈനിലെ ബുറൈമിയിൽ പോയിട്ടുണ്ടെങ്കിലും ശെരിയായ കേരളത്തിന്റെ മിനി പതിപ്പായ ഒമാനിലെ സലാലയിൽ പോകാൻ മനസ്സ് പറഞ്ഞു.
അത് വരെ ഒമാന് UAEയിൽ എംബസ്സി ഉണ്ടായിരുന്നില്ല. ആയിടെയാണ് അബൂദാബിയിൽ ഒമാൻ എംബസ്സി വന്നത്. കാര്യങ്ങൾ എളുപ്പമാവുന്ന ലക്ഷണമാണ്. പെട്ടെന്ന് ഷൈകിന്റെ ലെറ്റർ അടക്കം ഫോം പൂരിപ്പിച്ചു കൊടുത്തു. നാളെയാണ് പെരുന്നാൾ. ഉച്ചക്ക് മുമ്പ് വിസ അടിച്ചു കിട്ടിയാലേ ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ മസ്കത്തിലെക്കും അവിടെ നിന്ന് സലാലയിലെക്കും പോകാൻ കഴിയൂ. വരുന്ന വിവരം സലാലയിലുള്ള നാട്ടുകാരനെ വിവരം അറിയീച്ചു.
ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ നാടുകളിലേക്ക് വിസ എയർപോർട്ടിൽ കിട്ടാറുണ്ട്. ലണ്ടനിലേക്ക് ഇന്റർവ്യൂ കഴിഞ്ഞു വിസ ഇഷ്യൂ ചെയ്യാറുണ്ട്. ഒരു രാജ്യത്തെ എംബസ്സിയും ഷൈഖിന്റെ ലെറ്റർ ഉണ്ടെങ്കിൽ തിരസ്കരിക്കാറില്ല. പക്ഷെ, ഉച്ചയ്ക്ക് ഒരു മണിക്ക് ഒമാൻ എംബസ്സിയിൽ നിന്നും അറിയീപ്പു വന്നു - എന്റെ വിസ റിജെക്റ്റ് ചെയ്തു എന്ന്. എനിക്ക് സങ്കടമായി. എന്താണ് ഷൈഖിന്റെ എഴുത്ത് ഉണ്ടായിട്ടും റിജെക്റ്റ് ചെയ്തതെന്ന കാര്യം ഇന്നും ഒരു മരീചിക പോലെ നിൽക്കുന്നു. അന്ന് അബൂദാബിയും ഒമാനും തമ്മിൽ അലൈനിൽ ചെറിയൊരു അതിർത്തി തർക്കം ഉണ്ടായതാവാം കാരണമെന്ന് ഞാൻ കരുതുന്നു.
എന്തായാലും പെരുന്നാളിന് മറ്റേതെങ്കിലും രാജ്യം സന്ദർശിക്കണമെന്ന ചിന്ത എന്നെ വേട്ടയാടി. അപ്പോഴാണ്‌ കുവൈറ്റ്‌ മനസ്സിലേക്ക് ഓടിയെത്തിയത്. വിസ സ്റ്റാമ്പ്‌ ചെയ്യാൻ അബുദാബിയിലെ കുവൈറ്റ്‌ എമ്പസ്സിയിൽ ഷൈക്കിന്റെ ലെറ്റെറുമായി ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി സ്റ്റാഫ് എന്നോട് പറഞ്ഞത് 'സാർ, ഈ എഴുത്ത് കൊടുത്തു സാർ ആവശ്യപ്പെട്ടാൽ സിംഗിൾ എൻട്രി വിസക്ക് പകരം മൾടിപ്പിൾ എൻട്രി വിസ കിട്ടും' എന്നാണു. ഞാൻ അപ്രകാരം ചെയ്തു.
അങ്ങിനെ ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറു ജൂലൈ ഒന്നിന്നു കുവൈറ്റിൽ എത്തി.
എന്നെ കാത്തു എന്റെ കസിൻ ഹനീഫ എയർപോർട്ടിൽ ഉണ്ടായിരുന്നു. അവനും അവന്റെ അനുജൻ അശറഫും ഒരു നിശ്ശബ്ധ പ്രകൃതിയാണ്. ഞാൻ കുവൈറ്റിൽ ഉള്ള മുഴുവൻ സമയവും എന്റെ ഒരു നിഴൽ പോലെ ഹനീഫ കൂടെയുണ്ടായിരുന്നു.
അശറഫ് എന്റെ കൂടെ കളിച്ചു വളർന്ന എന്റെ കസിൻ ആണ്. സത്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ടവരിൽ നിന്ന് നഷ്ടപ്പെട്ടവരുടെ നികത്താനാവാത്ത ദു:ഖത്തിലെ ഒന്നായിരുന്നു അവന്റെ മരണം. രണ്ടായിരത്തിമൂന്നു സെപ്റ്റംബർ ഇരുപത്തെട്ടിന്നു ആണ് എന്റെ അശറഫിന്റെ മരണം. പെരിങ്ങോട്ടുകര പള്ളിയിൽ അവനെ മറവു ചെയ്യാൻ കബറിലേക്ക് ഞാൻ ഇറങ്ങി നിൽക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർഥിച്ചത് ഞാൻ മരണപ്പെട്ടു കഴിഞ്ഞു നാളെ പരലോകത്തെ സ്വർഗത്തിൽ അവന്റെ ഒപ്പം ആക്കണമേ എന്നാണു.
അവന്റെ മറ്റൊരു സഹോദരൻ ഹനീഫ് എന്റെ മറ്റൊരു കൂട്ടുകാരനായിരുന്നു. കൂടുതൽ അടുപ്പം അശറഫിനോട് ആവാൻ കാരണം, ഞാനും അശറഫും അബൂദാബിയിലായിരുന്നു എന്നത്കൊണ്ടാണ്‌. എന്നാൽ ഹനീഫ് കുവൈറ്റിൽ ആയിരുന്നു. കുറെ വർഷങ്ങളായി ഹനീഫയെ കണ്ടിട്ട്. കാരണം അവൻ നാട്ടിൽ വരുമ്പോൾ ഞാൻ ഗൾഫിൽ ആയിരിക്കും. അത് പോലെ ഞാൻ നാട്ടിൽ വരുമ്പോൾ അവൻ ഗൾഫിലും. എന്റെ ഉപ്പാടെ ബന്ധക്കാരോട് എനിക്കും ഇത്രയധികം ഇഷ്ടം തോന്നാൻ കാരണം എന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ ഉപ്പാടെ പ്രാര്ത്ഥന കൊണ്ടും ഗുരുത്തവും പൊരുത്തവും എനിക്ക് കിട്ടിയത് കൊണ്ടും ആണ് ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കാനുള്ള സ്ഥിതി ആയത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ ഉപ്പാടുള്ള സ്നേഹമാണ് ഞാൻ ഉപ്പാടെ ബന്ധക്കാരോട് കാണിക്കുന്നത്.
ഞങ്ങൾ ചെറുപ്പത്തിൽ കല്ലുങ്ങൾ കടവിൽ പുഴയിൽ ഒരു പാട് നീന്തി കളിച്ചിട്ടുണ്ട്. മത്സരിച്ചു അക്കരെയിക്കരെ നീന്തും. ഞങ്ങൾ നീന്തുകയും മുങ്ങാൻകുഴി ഇടുകയും ചെയ്യാറുണ്ട്. ആദ്യ കരയിൽ നിന്നും നീന്തി മറുകരയിലെത്തി തിരിച്ചു തുടങ്ങിയ കടവിൽ എത്തുമ്പോഴാണ് ജേതാവാകുക. എല്ലാ പ്രാവശ്യവും ഹനീഫയാണ് വിജയിക്കുക. ഇതെന്തു മറിമായം എന്നാലോചിച്ചു നിലൽക്കുമ്പോഴാണ് അതിന്റെ ഗുട്ടൻസ് മനസ്സിലായത്‌. ഞങ്ങൾ (ഞാനും ആശറഫും) മുങ്ങാൻ കുഴിയിട്ട് നീന്തുമ്പോൾ ഹനീഫ പകുതി എത്തിയിട്ട് തരിച്ചു നീന്തും.
പിറ്റേന്ന് കുവൈറ്റിലെ ഒരു റസ്റൊരന്റിൽ ഞങ്ങളുടെ പെരുന്നാൾ സദ്യ. അവിടെ അബ്ബാസിയായിൽ ആയിരുന്നു താമസം. അബ്ബാസിയ ശെരിക്കും ഒരു മലയാളീ സംഗമം തന്നെ. അവിടെ ഫഹാഹീൽ തുടങ്ങി പല സ്ഥലത്തും പോയി. കാട്ടൂർ, നെടുമ്പുര ഭാഗത്ത്‌ നിന്നുള്ള ഒട്ടനവധി നാട്ടുകാരെ കാണാൻ കഴിഞ്ഞു. ഞാൻ ഗൾഫിൽ പോകുന്നതിനു മുമ്പ്, കത്തയക്കുന്ന എയർമെയിൽ കവർ നെടുമ്പുരയിലുള്ള ഗൾഫുകാരുടെ ബന്ധക്കാരിലാണ് ആദ്യമായി കണ്ടിട്ടുള്ളത്. സന്ദർശനം ചെറുതായിരുന്നുവെങ്കിലും മറക്കാനാവാത്ത ദിവസങ്ങളായിരുന്നു ഹനീഫയുടെ കൂടെ ഉണ്ടായിരുന്നത്.
മൂന്നു ദിവസത്തെ പെരുന്നാൾ ആഘോഷിക്കാനാണ് കുവൈറ്റിൽ വന്നതെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിൽ ന്നിന്നും കാൾ വന്നു. ഷൈഖിന്റെ പാലസിലെ വാച്ച്മാൻ ഇറാനിയായ മുഹമ്മദ്‌ റിസ്സയുടെ മരണം. റൂമിൽ കിടന്നുറങ്ങുമ്പോഴാണ് മരിച്ചത്. റൂമിൽ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറെസ്റ്റ്‌ ചെയ്തു. ഉടനെ എല്ലാ പരിപാടികളും ക്യാൻസൽ ചെയ്തു, അബുദാബിയിലേക്ക് തിരിച്ചു ചെല്ലാൻ ആവശ്യപ്പെട്ടു. ശെരിക്കു പറഞ്ഞാൽ ഇതൊരു കുവൈറ്റ്‌ സന്ദർശനം എന്ന് പറയാൻ ഒക്കത്തില്ല. ഹനീഫയെ സന്ദർശിക്കൽ എന്ന് വേണം പറയാൻ.
അതിന് ശേഷം രണ്ടു പ്രാവശ്യം കൂടി കുവൈറ്റ്‌ സന്ദർശിക്കാനും കഴിഞ്ഞ വർഷം നാട്ടിൽ നിന്ന് ജിദ്ദയിലേക്ക് കുവൈറ്റ്‌ വഴി പോകാനും കഴിഞ്ഞു.

Wednesday 21 October 2015

അക്ബർ ഇക്ക (ഓർമയിൽ നിന്നൊരേട്) - (ജീവിത അനുഭവം)

അക്ബർ ഇക്ക (ഓർമയിൽ നിന്നൊരേട്) - (ജീവിത അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

1960കളിൽ  സൈക്കിൾ സ്വന്തമായുള്ള വീടുകൾ കുറവായിരുന്നു. ഉപ്പ ഉപയോഗിച്ചിരുന്ന സൈക്കിൾ പോലും വില കൂടിയ BSAയും ഇംഗ്ലീഷ് റാലിയുമായിരുന്നു. ഞങ്ങളുടേത് ഹെർകുലീസും ഹീറോയും. അല്ലെങ്കിൽ തന്നെ സൈക്കിൾ ഞങ്ങളുടെ ട്രേഡ് മാർക്ക്‌ ആണ്. ഉപ്പാക്ക് 1964ലെ പഞ്ചായത്ത് എലെക്ഷനിൽ ചിഹ്നമായി കിട്ടിയതും സൈക്കിൾ ആയിരുന്നു.
കാട്ടൂർ അങ്ങാടിയിലുള്ള ഇപ്പോഴത്തെ സൊസൈറ്റിയുടെ കുറച്ചു പടിഞ്ഞാറ് മാറി T.K. കുഞ്ഞുമുഹമ്മദുക്കാടെ TKK എന്ന പേരിലുള്ള ഒരു സൈക്കിൾ കടയിൽ നിന്നും 9 നമ്പർ സൈക്കിൾ വാടകക്കെടുത്തു. ഒരു മണിക്കൂറിന്ന് അന്നത്തെ നാലണ (25 പൈസ) ആണ് വാടക. രണ്ട് മണിക്കൂർ പഠിക്കാനാണ് ഉപ്പാടെ അനുമതി. ഇക്കാടെ പിന്നിലിരുന്ന് ഞാൻ പൊഞ്ഞനത്തേക്ക് പോകുകയാണ്. വഴിയിൽ എന്റെ ക്ലാസ്മൈറ്റ്കാർ ഉണ്ടോ എന്ന് ഞാൻ നോക്കുന്നുണ്ട്. കണ്ടോ ഈ ശറഫു സൈക്കിൾ ഓടിക്കുന്ന ഡ്രൈവർ ആകാൻ പോകുന്നു എന്ന ഗമയാണ് മനസ്സിൽ. പൊഞ്ഞനം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കുറച്ച് തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് കാട്ടൂർ ഹൈസ്കൂളിലെ സ്പോർട്സ് നടത്താറ്. ആ സ്ഥലം സൈക്കിൾ ചവിട്ട് പരിശീലനത്തിന് തിരഞ്ഞെടുത്തതും ഇക്കയായിരുന്നു.
പഠിപ്പിന്നിടക്ക് സൈക്കിൾ അവിടെത്തെ പോസ്റ്റിൽ ചെന്ന് ഇടിച്ചു. കുറ്റം എന്റേതല്ല. പോസ്റ്റിന്റെതാണ്. കാരണം ഞാൻ കുറെ ബെല്ല് അടിച്ചു. പോസ്റ്റ്‌ മാറിയില്ല. ഉപ്പാട് വണ്ടി കേടായ കാര്യം എങ്ങിനെ പറയും എന്ന് പേടിച്ചു. ഒരു കാര്യം ഉറപ്പാണ്. ഉപ്പാടെന്നു നല്ല തല്ലു കിട്ടും.
നെഞ്ഞിടിപ്പോടെ കാട്ടൂർ അങ്ങാടിയിലുള്ള പാലത്തിന്റെ അടുത്തുള്ള ഉപ്പാടെ ചായപ്പൊടി വിൽക്കുന്ന കടയിൽ ചെന്നു. രണ്ടു മണിക്കൂർ ആവുന്നതിന് മുമ്പേ എന്തേ വന്നത് എന്ന ചിന്തയിലുള്ള നോട്ടം ഉപ്പാടെ കണ്ണുകളിൽ. ഇക്ക വിവരം പറഞ്ഞു.
'അത് സാരമില്ല, നീ TKKയുടെ കടയിൽ കൊണ്ട് പോയി നന്നാക്കിക്കോ. എന്നിട്ട് വേറെ സൈക്കിൾ എടുത്ത് പഠിച്ചോ'. അതും പറഞ്ഞു കൊണ്ട് ഉപ്പ എന്റെ കാലിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. 'ഡാ ശറഫൂ, നിന്റെ കാലിന്മേൽ നിന്ന് ചോര വരുന്നു'. അപ്പോഴാണ്‌ ഞാൻ അത് ശ്രദ്ധിച്ചത്. കുറേശ്ശെ വേദന ഉണ്ട്. ഈ നേരം വരെ അറിഞ്ഞില്ല. ഉപ്പ തല്ലുമോ എന്ന ചിന്ത മാത്രമായിരുന്നു,  വരെ.
അതാണ്‌ ഞങ്ങളുടെ ഉപ്പ. ഒരു പാട് കച്ചവടങ്ങൾ നടത്തി, മാനസീകമായും ശാരീരികമായും വളരെയധികം കഷ്ടപ്പെട്ട്, സ്വയം പട്ടിണി കിടക്കേണ്ടി വന്നാലും മക്കളെ പട്ടിണിക്കിടാതെ വളർത്തിയ എന്റെ ഉപ്പ. മക്കളോട് സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഉപ്പ. എന്നാൽ ഉപ്പാടെ ജീവിതകാലത്ത് ജനിച്ച ഒരേ ഒരു പേരകുട്ടിയെ, കടയില്ലാത്തപ്പോൾ സൈക്ലിന്റെ തണ്ടിൽ ഇരുത്തി പാടത്തിന്റെ വരമ്പിലൂടെ തള്ളികൊണ്ട് നടക്കുന്നതും ആ കുട്ടിക്ക് കട അടച്ചു വരുമ്പോൾ പലഹാരങ്ങൾ കൊണ്ട് കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
കാട്ടൂർ പൊട്ടക്കടവ് പാലത്തിന്റെ കിഴക്കേ ഭാഗത്ത്‌ ഞങ്ങൾക്ക് കുറച്ചു നിലം (പാടം) ഉണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞു നെല്ലിന്റെ കറ്റകൾ ഉന്തുവണ്ടിയിൽ കയറ്റി ജോലിക്കാർ തളളും. അവരെ സഹായിക്കാൻ ഉപ്പയും കൂടും. അപ്പോൾ ഉപ്പാടെ സൈക്കിൾ ഞാൻ ആദ്യം ഇടക്കാലിട്ടും പിന്നെ കുറച്ചു കയറിയും ചവിട്ടാൻ പഠിക്കും. ഉപ്പ സൈക്ലിന്റെ പിറകിൽ പിടിക്കും, ഞാൻ വിഴാതിരിക്കാൻ. 'പിന്നോട്ട് നോക്കെരുത് ഉപ്പ പിടിക്കുന്നുണ്ട്' എന്ന് ഇടയ്ക്കിടെ ഉപ്പ പറയും. സത്യത്തിൽ ഉപ്പ ഇടയ്ക്കിടെ കൈ വിടാറുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. നീ വീഴില്ല, ഞാൻ പിടിച്ചിട്ടുണ്ട്, ധൈര്യമായി ചവുട്ടിക്കോളൂ എന്ന ഉപ്പാടെ വാക്ക് ഇന്നും എന്റെ ജീവിതത്തിൽ ഞാൻ ഓർക്കുന്നു . ഇന്നും എന്റെ ജീവിതമാകുന്ന സൈക്കിൾ സവാരിയിൽ എന്തെങ്കിലും വീഴ്ച വരുമോ എന്ന് തോന്നുമ്പോൾ ഉപ്പ മരണപ്പെട്ട് 40 വർഷമായിട്ടും ഉപ്പാടെ വാക്കുകൾ ഇന്നും ഞാൻ ഓർക്കും. 'മോനെ ശറഫൂ നീ ധൈര്യമായി മുന്നോട്ട് പൊയ്കോളൂ. വീണാൽ ഞാൻ പിടിക്കാം'
1965 മുതൽ ഞങ്ങളുടെ ഉപ്പാടെ റേഷൻ ഷോപ്പ് കാട്ടൂർ ഹൈസ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടമുറികളിൽ ഒന്നിലായിരുന്നു. ഞാനന്ന് കാട്ടൂർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായി തൃപ്രയാർ പോളിറ്റെക്നിക്കിൽ ചേർന്ന സമയം. സ്കൂളിലെ കലാ കായിക മത്സരങ്ങളിൽ അപ്പോൾ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. എന്നാൽ ഒരു മത്സരത്തിൽ മാത്രം പൂർവവിദ്യാർഥികൾക്ക് പങ്കെടുക്കാം. അതാണ്‌ സൈക്കിൾ സ്ലോ റേസിംഗ്.
അങ്ങിനെ അക്ബർ ഇക്ക പറഞ്ഞത് പ്രകാരം സൈക്കിൾ സ്ലോ റേസിംങ്ങിനു ഞാനും പേര് കൊടുത്തു. പങ്കെടുക്കുന്നവരിൽ നിന്നും നാല് പേർ വീതമാണ് മത്സരത്തിൽ പങ്കെടുക്കുക. അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കും. അങ്ങിനെ നന്നാല് പേരിൽ നിന്നും തിരഞ്ഞെടുക്കുന്നവർ വീണ്ടും മത്സരിക്കും. അവരിൽ ഏറ്റവും ഒടുവിൽ എത്തുന്നയാൾ ഒന്നാം സ്ഥാനം. അതിന്‌ മുന്നിലെ ആൾ രണ്ടാം സ്ഥാനം. അതിന് മുന്നിലെ ആൾ മൂന്നാം സ്ഥാനം. കാല് കുത്താൻ പാടില്ല, ചക്രം സ്റ്റോപ്പ്‌ ആവാൻ പാടില്ല. ഓരോ സൈക്കിളിന്റെ കൂടെ പരിശോദിക്കാൻ ഒരു മാസ്റ്റെർ കൂടെയുണ്ടാവും.
ഞാൻ ആദ്യത്തെ നാലാളിൽ ഒരാളായി ഇക്കാടെ കൂടെ ചെന്നു. അപ്പോൾ ഇക്കാടെ കൂടെ നിൽക്കെണ്ടെന്നും അങ്ങിനെ നിന്നാൽ ഞങ്ങളിൽ ഒരാൾ മാത്രമേ സെലക്ട്‌ ആവുകയുള്ളുവേന്നും മറ്റേ ആൾ പുറത്ത് പോകേണ്ടി വരുമെന്നും ഇക്ക സ്വകാര്യമായി പറഞ്ഞു. ഞാനത് അനുസരിച്ചു.
അങ്ങിനെ ആദ്യത്തെ നാലാളിൽ ഇക്കയും രണ്ടാമത്തേതിൽ ഞാനും സെലെക്റ്റ് ആയി. പിന്നീട് ഞങ്ങളും സെലെക്റ്റ് ചെയ്ത  മറ്റു രണ്ടു പേരും കൂടി മത്സരിച്ചു. അതിൽ ഇക്കാക്ക് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സ്ഥാനവും കിട്ടി. സമ്മാനം വാങ്ങിവരുമ്പോൾ ചിലർ പറഞ്ഞ കമന്റ് ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. "റേഷൻകട അടച്ചിട്ട് ഉപ്പയും കൂടി പങ്കെടുക്കുകയായിരുന്നെങ്കിൽ മൂന്നാം സ്ഥാനം ഉപ്പാക്ക് കിട്ടിയേനെ എന്ന്". ആ കമന്റ് ഒരു കോമ്പ്ലിമെന്റായി അന്നും ഇന്നും ഞാൻ കരുതുന്നു. അത് പിന്നീടുള്ള വർഷങ്ങളിലും ആവർത്തിച്ചു. ആ വർഷത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ മറ്റൊരു പൂർവവിദ്യാർഥിയായ, തെക്കുംമൂലയിലുള്ള ചെറുപ്പക്കാരനായിരുന്നു ഒന്നാം സ്ഥാനം.
1968 ഓഗസ്റ്റ്‌ 15 ന്നായിരുന്നു ഇക്കാടെ വിവാഹം. അനിയന്മാരെ ഇക്ക ഇത്താട് പരിചയപ്പെടുത്തിയത് കുറച്ചു ദിവസങ്ങൾക്കു ശേഷം ഇത്ത എന്നോട് പറഞ്ഞു. 'അനുജന്മാരിൽ ശെറഫൂന് ചെറുതായി കഥകളൊക്കെ എഴുതുന്ന സ്വഭാവമുണ്ടെന്ന് ഇക്ക പറഞ്ഞു'.
അപ്പോൾ അതാണ്‌ കാര്യം... ഇക്ക അറിയാതെ (പഠിക്കുമ്പോൾ കഥ എഴുതി നടക്കുന്നത് അന്നൊക്കെ തെറ്റാണല്ലോ) ഞാൻ എഴുതിയ "പച്ചത്തട്ടം" എന്ന കഥ അലമാരിയുടെ മുകളിൽ ആരും കണ്ടു പിടിക്കില്ല എന്ന് ഞാൻ കരുതിയ സ്ഥലത്ത് നിന്നും ഇക്ക എടുത്ത് വായിച്ചിരിക്കുന്നു.
2015 ഒക്ടോബർ 13 ചൊവ്വാഴ്ച്ച ഇക്ക മരണപ്പെട്ടു. വിരലിലെണ്ണാവുന്നവരെ മാത്രമേ കബറിൽ ഇറങ്ങി ഞാൻ മറവ് ചെയ്തിട്ടുള്ളൂ. അതിൽ ഒന്ന് എന്റെ കസിൻ അഷ്‌റഫ്‌ ആണ്. അതേ പോലെ അക്ബർക്കാനേയും.
ഞങ്ങളുടെ ഉപ്പാക്ക്, അക്ബർക്കാക്ക്, അനുജൻ മജീദിന് മഗ്ഫിരത്തും മർഹമത്തും നൽകണേ............ആമീൻ.

Tuesday 20 October 2015

ശുനകന്മാരുടെ സുരക്ഷിതത്വം (കഥ)

ശുനകന്മാരുടെ സുരക്ഷിതത്വം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അത്യാവശ്യമായി പുറത്തിറങ്ങാൻ നിൽക്കുമ്പോഴാണ് ഗേറ്റ് കടന്ന് കുറച്ചാളുകൾ വീട്ടിലേക്ക് വരുന്നത് കണ്ടത്. എന്തെങ്കിലും പിരിവുകാരായിരിക്കുമെന്ന് കരുതി. എന്തായാലും അവരെ സ്വീകരിക്കാം എന്ന് കരുതി.
അവരിൽ ഒരാൾ പരിചയപ്പെടുത്തി. 'എന്റെ പേര് മനോഹരൻ..മനു എന്ന് വിളിക്കും'. അദ്ദേഹം മറ്റുള്ളവരെയും പരിചയപ്പെടുത്തി.
ആ സമയത്താണ് എന്റെ ക്ലാസ്സ്‌ മേറ്റ്‌ സിദ്ധൻ വന്നത്. സിദ്ധൻ വന്ന പാടെ പറഞ്ഞു. 'ജബ്ബാർ നാളെയാണ് അബൂദാബിയിലേക്ക്‌ പോകുന്നത് അല്ലെ?'. ഞാൻ അതെ എന്ന് പറഞ്ഞിട്ടു സിദ്ധനെ അവർക്കും അവരെ സിദ്ധനും പരിചയപ്പെടുത്തി.
'നിങ്ങൾ എങ്ങോട്ടോ പോകുകയാണെന്ന് തോന്നുന്നു. ഞങ്ങൾ അധികം ബുദ്ധിമുട്ടിക്കുന്നില്ല' എന്ന് പറഞ്ഞിട്ട് മനു തുടർന്നു 'ഞങ്ങൾ ഒരു പുതിയ സംഘടന ഉണ്ടാക്കിയിട്ടുണ്ട്. നായകളെ കൊല്ലുന്നവർക്ക് എതിരായുള്ള സംഘടന'
'അതിന് സംഭാവന വല്ലതും വേണമെങ്കിൽ എഴുതിക്കോളൂ'. ഞാൻ ഇടയിൽ കയറി പറഞ്ഞു.
'അയ്യോ.. ഞങ്ങൾ സംഭാവനക്ക് വന്നതല്ല. ജബ്ബാർക്ക ഈ സംഘടനയിൽ ചേരണം. അത് പറയാനാണ് ഞങ്ങൾ വന്നത്.' കൂടെയുണ്ടായിരുന്ന രഞ്ജനാണത് പറഞ്ഞത്.
'എന്താണ് നിങ്ങളുടെ സംഘടനയുടെ ഉദേശ്യം?' സിദ്ധന്റെ ചോദ്യം.
'നായകളെ, അത് തെരുവ് നായയാലും കൊല്ലരുത്. അവർക്കും വേണ്ടേ ഒരു ജീവിതം? അതാണ്‌ ഈ സംഘടനയുടെ ലക്ഷ്യം'. മനു വിശദമായി പറഞ്ഞു.
'അല്ല, മനു അങ്ങിനെയാണെങ്കിൽ ആടിനും മറ്റെല്ലാ ജീവികൾക്കും ജീവിക്കേണ്ടേ? എലിയേയും കൊല്ലുന്നത് തെറ്റല്ലേ?' സിദ്ധൻ വിട്ടുകൊടുക്കാൻ ഭാവമില്ല. 'ലൈസൻസ് എടുത്ത് വീട്ടിൽ വളർത്തുന്ന നായകളുടെ കാര്യമല്ല വിഷയം. പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾക്ക് പേവിഷ ബാധ ഉണ്ടാവില്ലേ?' സിദ്ധൻ തുടർന്നു.
അവർ രണ്ടു പേരും വാഗ്വാദം നടത്തുകയാണ്. എനിക്കാണെങ്കിൽ മനുവിന്റെ അഭിപ്രായമാണ്. സംസാരം തുടരുന്നതിനിടയിൽ ഞാൻ പറഞ്ഞു... എനിക്ക് ഈ സംഘടനയിൽ ചേരാൻ സമ്മതമാണ്.
പിറ്റേന്ന് ഞാൻ അബൂദാബിയിലേക്ക്‌ പോയി.
നാല് മാസം കഴിഞ്ഞപ്പോൾ പെരുന്നാളായി. ഒരാഴ്ചത്തെ ലീവിന് ഞാൻ നാട്ടിൽ വന്നു. അബൂദാബിയിൽ നിന്നും കുറച്ചാളുകളെ നായ സംരക്ഷണ സമിതിയിലേക്ക് ചേർത്തിയിരുന്നു.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധൻ വന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നായ സംരക്ഷണസമിതിയുടെ കാര്യം ഓർമ വന്നത്.
ഞാൻ മനുവിന് ഫോണ്‍ ചെയ്ത് സമിതിയിലേക്ക് ആളുകളെ ചേർത്തിയ ലിസ്റ്റ് കൊണ്ട് വന്ന കാര്യം പറഞ്ഞു. കുറച്ചു സമയത്തിന്നകം അവൻ വീട്ടിലെത്താമെന്നും എല്ലാം നേരിൽ സംസാരിക്കാമെന്നും പറഞ്ഞു.
പറഞ്ഞത് പോലെ അവൻ വീട്ടിൽ വന്നു. കൂടെ, രഞ്ജനുമുണ്ടായിരുന്നു
'മനു, നിങ്ങൾ പറഞ്ഞ പോലെ ഈ സമിതിയിൽ ചേരാൻ ഗൾഫിൽ നിന്നും തയ്യാറായവരുടെ ലിസ്റ്റ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്'.
ഞാൻ ആ ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തപ്പോൾ അത് രഞ്ജന്റെ കയ്യിൽ കൊടുക്കാൻ മനു പറഞ്ഞു.
ഞാൻ ലിസ്റ്റ് കൊടുത്തപ്പോൾ മനു പറഞ്ഞു.
'ജബാർക്ക, ഞാൻ ഈ സമിതിയിൽ നിന്ന് രാജി വെച്ചു?'
'എന്ത് പറ്റി? ഇനി വേറെ സംഘടന ഉണ്ടാക്കുകയാണോ?' എന്ന് ചോദിച്ചിട്ട് ഞാൻ കൂട്ടിച്ചേർത്തു 'സാദാരണ ഒരു ചൊല്ലുണ്ട്. രണ്ടു മലയാളികൾ ചേർന്നാൽ ഒരു സംഘടന.. മൂന്നായാൽ രണ്ടു സംഘടന... അങ്ങിനെ വല്ലതുമാണോ?'.
'അത് കൊണ്ടൊന്നുമല്ല, മനു സമിതി വിട്ടത്. കഴിഞ്ഞ മാസം ഒരു തെരുവ് പട്ടി മനുവേട്ടന്റെ 6 വയസ്സായ ഇളയ മോളെ കടിച്ചു. ആ കുട്ടി പേയ് ഇളകി മരിച്ചു'. എന്ന് രഞ്ജൻ മറുപടി പറഞ്ഞു.
സ്വന്തം ദേഹത്ത് കൊണ്ടപ്പോൾ പൊള്ളി അല്ലേ എന്ന് ഞാൻ ചോദിച്ചില്ല. അതൊരു ശവത്തിൽ കുത്തലായിരിക്കുമല്ലോ?
'മകളുടെ വേർപാടിൽ എന്റെ ദു:ഖം മനു' എന്ന് പറഞ്ഞിട്ട് ഞാൻ രഞ്ജനോട് പറഞ്ഞു. 'രഞ്ജൻ, ഞാനെന്തായാലും ഈ സമിതിയിൽ നിന്ന് പോകുന്നില്ല'
-----------------------------------------------------
മേമ്പൊടി:
പള്ളിയിലെ വികാരി ജോസിനോട് ചോദിച്ചു 'ജോസേ, നിന്റെ കയ്യിൽ രണ്ടു കാറുണ്ടെങ്കിൽ ഒരു കാറ് കാറില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കും അച്ചോ..'
'ജോസേ, നിന്റെ കയ്യിൽ രണ്ടു വീടുണ്ടെങ്കിൽ ഒരു വീട് വീടില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കും അച്ചോ..'
'ജോസേ, നിന്റെ കയ്യിൽ രണ്ടു പശുവുണ്ടെങ്കിൽ ഒരു പശുവിനെ പശുവില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കില്ല അച്ചോ..'
'അതെന്താ ജോസേ?'
'എനിക്ക് രണ്ടു പശുവുണ്ട് അച്ചോ...'
ജോസിന്റെ ഉത്തരം കേട്ട് അച്ചൻ പ്ലിംഗ്.

Saturday 17 October 2015

മരണത്തിന്നപ്പുറം (കഥ)

മരണത്തിന്നപ്പുറം (കഥ)
BY ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍, തൃശൂർ

ആലോചനകൾ കൊണ്ട് തല പുകഞ്ഞിരിക്കുകയാണ് ഞാന്‍. നേരം ഏഴു മണിയായിട്ടും കാർമേഗാവൃതമായ അന്തരീക്ഷമായതു കൊണ്ട് സൂര്യപ്രകാശം കാണുന്നില്ല.
വടക്കേലെ അസീസ്‌ ഓടിവന്നു പറഞ്ഞു:- "അറിഞ്ഞില്ലേ, പൂക്കോലെ ജബ്ബാര്‍ ഹാജി മരിച്ചു"
"ഇന്നാലില്ലാഹി വഇന്നാഇലൈഹി രാജിഊന്‍" ഞാന്‍ അത് ചൊല്ലിയ ശേക്ഷം അസീസിനോട് ചോദിച്ചു: " എപ്പോഴാണ് സംഭവിച്ചത്?"
"ഒരഞ്ചു മിനിറ്റു മുമ്പ്" അതും പറഞ്ഞു അവന്‍ വേഗത്തില്‍ നടന്നു.
ഞാനും മരണവീട്ടിലേക്ക് ധൃതിയില്‍ നടന്നു. പലസ്ഥലത്ത് നിന്നും സ്ത്രീകളും കുട്ടികളും പുരുഷന്മാരും മരണവീട് ലകഷ്യമാക്കി നടക്കുന്നു. കൂട്ടത്തില്‍ പര്‍ധയിട്ട ചില സ്ത്രീകളെ കണ്ടു. അവരിൽ ചിലരുടെ അനുസരണക്കേട്‌ അറിയാവുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു - അവര്‍ മരിച്ചാല്‍ അവരുടെ പർധ സ്വര്‍ഗത്തില്‍ പോകും.
മയ്യത്തിന്റെ അടുത്ത് ഞാന്‍ ചെന്നു. മുഖം മൂടിയ തുണി മാറ്റി. ഒരു നിമിഷം ഞാന്‍ ആ വ്യക്തിയെ പറ്റി ഓര്‍ത്തു. നല്ലവനുക്ക് നല്ലവന്‍, മോശക്കാരന്ന് മോശക്കാരന്‍ എന്ന് അദ്ദേഹത്തെപറ്റി അദ്ദേഹം തന്നെ പറയാറുള്ളത് ഞാനോര്‍ത്തു. ആരെയും കൂസാത്ത മനുഷ്യന്‍. മരണത്തിന്നു മാത്രം കീഴ്പ്പെട്ടിരിക്കുന്നു.
എല്ലാവരുടെയും അവസാനം ഇത് തന്നെയാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.
പൂർവസ്ഥിതിയിൽ മയ്യത്തിന്റെ മുഖം മൂടി, ഞാൻ പുറത്തു കടന്നു
പെട്ടെന്ന് ജനങ്ങൾ ഭക്ത്യാദരവോടെ എഴുന്നേൽക്കുന്നു. ഒരു കാർ വന്നു നിന്നു. അതിൽ നിന്നും പള്ളി പ്രസിഡണ്ട്‌ മക്കാർ ഹാജി ഇറങ്ങി.
'ഞാൻ സുബഹി നിസ്കരിച്ചു ദികർ ചൊല്ലികൊണ്ടിരിക്കുമ്പോഴാണ് വിവരം അറിഞ്ഞത്. എപ്പോഴാണ് സംഭവിച്ചത്?'. വന്ന പാടെ മക്കാർ ഹാജിയുടെ ചോദ്യം.
'ഒരു മാസത്തോളമായി ജബ്ബാർ ഹാജി കടയിൽ പോകാറുണ്ടായിരുന്നില്ല. ഭയങ്കര ക്ഷീണമാണെന്ന് പറഞ്ഞു കിടപ്പായിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരിച്ചതു'. ആരോ ഹാജിയാർക്ക് വിശദീകരണം കൊടുത്തു.
'എപ്പോഴാണ് മയ്യെത്തെടുക്കുക?'. മക്കാർ ഹാജിയുടെ ചോദ്യം വീണ്ടും.
'അസുഖം കൂടിയപ്പോൾ മകൻ ജബീറും കുടുംബവും മൂത്തമകൾ ജാബിറയും ഒരാഴ്ച മുമ്പ് ഗൾഫീന്ന് വന്നു. രണ്ടു ദിവസം മുമ്പ് മൂത്ത മരുമകൻ ഷെജീലും വന്നു'. ആരോ ഹാജിയാർക്ക് വിശദീകരണം കൊടുത്തു.
'രണ്ടാമത്തെ മകൾ ജബീനയും ഭർത്താവും ബഹറയിനിലാണല്ലോ. അവർ അസുഖം കൂടിയെന്ന് കേട്ടപ്പോൾ പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നെടുമ്പാശ്ശേരിയിൽ എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിന്നുള്ളിൽ അവളും ഭർത്താവ് ജബീലും എത്തും. എന്നിട്ടാണ് മയ്യത്ത് കുളിപ്പിക്കാനെടുക്കൂ'
ഒരു കാര്‍ മുറ്റത്തു വന്നു നിന്നു. അതില്‍നിന്നും രണ്ടാമത്തെ മകള്‍ ജബീനയും ഭര്‍ത്താവും ഇറങ്ങി. ഉപ്പാക്ക് സുഖമില്ലെന്ന് മാത്രമാണ് അവളെ അറിയീച്ചിരുന്നുള്ളൂ. പുറത്തെ ആള്‍ക്കൂട്ടവും നീലപ്പന്തലും കണ്ടപ്പോള്‍ അവള്‍ക്കു കാര്യം മനസ്സിലായി.
'ഉപ്പാ .............എന്റെ പൊന്നുപ്പാ.......'. അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. തളര്‍ന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ജബീല്‍ അവളെ താങ്ങിപ്പിടിച്ചു. അവനും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.
അവളെ മയ്യത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു.
അവള്‍ കുതറിമാറിക്കൊണ്ട് പറഞ്ഞു. 'വേണ്ട, എനിക്കെന്റെ ഉപ്പാനെ ഈ രൂപത്തില്‍ കാണേണ്ട'. അത് കഴിഞ്ഞു അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി. 'ഉപ്പാ. ഉപ്പാടെ പൊന്നുമോള്‍, ഉപ്പാക്ക് ഇഷ്ടപ്പെട്ട പെർഫ്യും കൊണ്ട് വന്നിട്ടുണ്ട്. ഉപ്പാ ഒന്ന് കണ്ണ് തുറന്നെ"
ഞാനവളെ ആശ്വസിപ്പിച്ചു. 'നിങ്ങള്‍ മക്കളൊക്കെ ഉപ്പാക്കും നിങ്ങള്‍ക്കും പേരുദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലല്ലോ? നിങ്ങളുടെ ഉപ്പ അതെന്നോട് എപ്പോഴും പറയാറുണ്ട്‌"
അവള്‍ യാസീന്‍ ഓതിതുടങ്ങി. ശേഷം മഗ്ഫിറതിന്നുള്ള പ്രാര്‍ഥനയും.
'ആരും ഇനി കരയരുത്. നമുക്കിനി പ്രാര്‍ഥിക്കാം'. ജബ്ബാർക്കാടെ മകനാണത് പറഞ്ഞത്.
ജാബിറ കരഞ്ഞു തളര്‍ന്നു വാടിയ ചേമ്പിന്‍തണ്ടു പോലെ കിടക്കുകയായിരുന്നു. അനുജത്തി വന്നപ്പോള്‍ വീണ്ടും അവള്‍ കരയാന്‍ തുടങ്ങി.
'എന്റെ അനുജന്‍ പോയല്ലോ?'. എന്ന് ഗധ്ഗധകണ്ടനായി പറഞ്ഞുകൊണ്ട് ഉസ്മാന്‍ ഹാജി വന്നു. ആദ്യമായാണ് അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടത്. ഒരേ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു ജബ്ബാര്‍ ഹാജിയും ഉസ്മാന്‍ ഹാജിയും. രണ്ടു പേരുടെയും വ്യക്തിപരമായ കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും മനസാവാചാകർമണ സഹായിക്കാറുണ്ട്.
'മയ്യത്തിന്റെ വയർഭാഗത്ത്‌ ഒരു നാണയമോ മറ്റോ വെക്കൂ. അല്ലെങ്കില്‍ വയര്‍ വീര്‍ക്കാനിടയുണ്ട്'. ഞാന്‍ ജാബിറിനോട് പറഞ്ഞു. അവനതു ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാര്‍ ഹാജിയുടെ അനുജൻ നസീർ വന്നു. മയ്യത്ത് കണ്ടു തിരിച്ചു വന്നു എല്ലാവരും കേള്‍ക്കെ അദ്ദേഹം പറഞ്ഞു "ജബ്ബാര്‍ക്ക എന്റെ ഇക്ക മാത്രമല്ല, കൂട്ടുകാരന്‍ കൂടിയായിരുന്നു. ഒരു പാട് ഉപകാരങ്ങള്‍ ഞാൻ ഇക്കാക്ക് ചെയ്തിട്ടുണ്ട്'.
കേട്ടവരും ഞാനും ഉള്ളാലെ ചിരിച്ചു.
കാരണം ജബ്ബാര്‍ ഹാജിയോടും കുടുംബത്തോടും ഏറ്റവും കൂടുതല്‍ ഉപദ്രവം ചെയ്ത വ്യക്തിയാണയാൾ. മരിച്ചുകിടക്കുന്ന വ്യക്തി ആ സത്യം മാളോരോട് പറയില്ലായെന്ന് അദ്ദേഹത്തിന്നറിയാം.
മയ്യത്ത് എടുത്തുകിട്ടിയാല്‍ മതി തടിതപ്പാം എന്നാ ചിന്ത പലർക്കുമുള്ളതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി.
കാർമേഖാവൃതമായ ആകാശം പോലെ എന്റെ മനസ്സും ദു:ഖസാന്ദ്രമായി. പലപലചിന്തകള്‍ എന്റെ മനസ്സില്‍ തത്തിക്കളിച്ചു. മനുഷ്യന്‍ പടവെട്ടിയിട്ടു എന്തു നേടുന്നു? രണ്ടു കയ്യും കാലിയാക്കി ഈ ഭൂമിയില്‍ നിന്നും പോകുന്നു. തത്കാലം എന്റെ ത്വത്തചിന്തകള്‍ക്ക് വിരാമമിട്ടു.
പള്ളി ഖതീബും പരിവാരങ്ങളും എത്തി, ആരും ക്ഷണിക്കാതെ തന്നെ. 200 മീറ്റര്‍ അടുത്തുള്ള വീട്ടില്‍ പോലും നിക്കാഹിന്നു വിളിച്ചാല്‍ കാര്‍ കൊണ്ട് ചെല്ലണമെന്നതു ഈ കാര്യത്തില്‍ മാത്രമില്ല.
ചന്ദനത്തിരിയുടെ മണം പരിസരത്ത് പരന്നിരിക്കുന്നു. ജബ്ബാർക്കാടെ മക്കൾ വിവാഹം കഴിച്ചവരുടെ വീട്ടുകാരും ബന്ധക്കാരും വന്നു കൊണ്ടിരുന്നു. ആരൊക്കെയോ റീത്ത് കൊണ്ടുവന്നു. മയ്യത്തിന്റെ ദേഹത്തു തട്ടാതെ ഷെജീൽ മാറ്റി വെച്ചു. പേരക്കുട്ടികള്‍ മയ്യത്തിന്മേല്‍ വന്ന ഈച്ചകളെ ആട്ടിക്കൊണ്ടിരുന്ന. ആലുവയില്‍ നിന്നും ബാവ മുസ്ലിയാര്‍ വന്നു.
മുന്‍ പള്ളി സെക്രട്ടറി ഇല്യാസ് വന്നു. ഞാന്‍ അദ്ധേഹത്തെ സ്വീകരിച്ചു. പെരുന്നാള്‍ നിസ്കാരത്തിന്നൊഴികെ ഞാന്‍ തൃപ്രയാര്‍ പള്ളിയിലാണല്ലോ പോകാറ്.
'എവിടെ വരെയായി പള്ളിപണിയൊക്കെ ?'. എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു.
"ഞങ്ങളുടെ കമ്മറ്റി ഇപ്പോഴില്ലല്ലോ? ഈ കമ്മറ്റി എങ്ങിനെയാ പണി പൂര്‍ത്തിയാക്കുക എന്ന് ഞങ്ങളൊന്നു കാണട്ടെ. എന്റെ മകന്‍ പള്ളിപണിക്കു പൈസ അയക്കാമെന്നു പറഞ്ഞു. തത്കാലം പൈസ അയക്കണ്ടാന്നു ഞാനവനോട് പറഞ്ഞിട്ടുണ്ട്"
മുന്‍ സെക്രെട്ടരിയുടെ മറുപടി കേട്ടപ്പോള്‍ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി.
ജമാഅത്തെ ഇസ്ലാമിയുടെ മക്കായിക്കയും മുജാഹിദ് പള്ളിയിലെ അശറഫ് സുല്ലമിയും വന്നു. വന്നപാടെ അവര്‍ എല്ലാവർക്കും സലാം ചൊല്ലി ഞങ്ങളുടെ മഹല്ല് ഖത്തീബ് ഒഴികെ മറ്റെല്ലാവരും സലാം മടക്കി.
മയ്യത്ത് കുളിപ്പിക്കാനുള്ള സംവിധാനം ഞാന്‍ ചെന്ന് നോക്കി വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. ഉസ്മാന്‍ ഹാജി ആരെയൊക്കെയോ വിളിച്ചു ഖബര്‍ വെട്ടാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തു.
"അപ്പോള്‍ ഇനി മയ്യത്ത് കുളിപ്പിക്കാനെടുക്കാം അല്ലെ?" പകുതി നിർദേശമായും പകുതി അനുവാദമായും ജബ്ബാർക്കാടെ അനുജൻ റഹീം എല്ലാവരോടുമായി ചോദിച്ചു. അപ്പോളാണ് സമയം അതിക്രമിച്ചല്ലോ എന്നെല്ലാവര്‍ക്കും മനസ്സിലായത്‌. വെള്ളിയാഴ്ച്ചയായത്കൊണ്ട് ജുമുഅക്ക് മുമ്പ് മയ്യത്തെടുക്കാനാണ് അവന്‍ ധൃതി കൂട്ടിയത്.
മയ്യത്ത്‌ കുളിപ്പിക്കാനെടുത്തു. മകനും അനിയൻമാർ രണ്ടു പേരുമാണ് മയ്യത്ത് കുളിപ്പിച്ചത്. കുളിപ്പിക്കാന്‍ മയ്യെത്തെടുത്തപ്പോള്‍ മക്കളുടെയും പേരക്കുട്ടികളുടെയും അനുജന്മാരുടെയും കരച്ചില്‍ കണ്ടപ്പോള്‍ കണ്ടു നിന്നവര്‍ക്കാര്‍ക്കും സഹിക്കുവാന്‍ കഴിഞ്ഞില്ല.
ഉസ്മാന്‍ ഹാജിയും ബാവ മുസലിയാരും കൂടിയാണ് കുളിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.
മയ്യത്ത് കുളിപ്പിച്ച ശേഷം കഫന്‍ ചെയ്യാനായി മുറിയിലേക്ക് കൊണ്ട് വന്നു. മകള്‍ കൊണ്ട് വന്ന തുറക്കാത്ത സ്പ്രേ മയ്യത്തിന്മേല്‍ അടിക്കണമെന്ന ജബ്ബാര്‍ ഹാജിയുടെ ഒസ്യത്ത് ഞാന്‍ ജബ്ബർക്കാടെ അനുജൻ താഹയോട്‌ രഹസ്യമായി പറഞ്ഞു. അവന്‍ അപ്രകാരം ചെയ്തു.
മയ്യത്ത് കഫന്‍ ചെയ്യുന്നു. ദ്വാരങ്ങളിലെല്ലാം പഞ്ഞിവെക്കുന്നു. മക്കളും പേരക്കുട്ടികളും അനുജന്മാരും അവസാനമായി മയ്യത്തിനെ കെട്ടിപിടിച്ചു ചുംബിക്കുന്നു, പൊട്ടിക്കരയുന്നു. പെണ്‍കുട്ടികളെ മയ്യത്തിന്മേല്‍ നിന്ന് മാറ്റാന്‍ വളരെ പണിപെട്ടു.
നിസ്കാരത്തിന്നായി മയ്യത്ത് പുറത്തെടുത്തു.
'സ്ത്രീകള്‍ക്കും നിസ്കരിക്കാം' റഹീമിന്റെ നിര്‍ദേശം. നിസ്കരിക്കുന്നതിന്നു മുമ്പ് റഹീം എല്ലാവരോടുമായി പറഞ്ഞു 'ഞങ്ങളുടെ ഇക്ക വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊറുത്ത് കൊടുക്കണം. അത് പോലെ എന്തെങ്കിലും സാമ്പത്തിക ഇടപാട് ഉണ്ടെങ്കില്‍ ഞങ്ങളോട്‌ പറയണം. ഞങ്ങള്‍ തന്നു കൊള്ളാം'.
മകനാണ് ഇമാമായി മയ്യത്ത് നിസ്കരിച്ചത്. പെണ്‍മക്കളടക്കം എല്ലാവരും നമസ്കരിച്ചു. ബാവ മുസലിയാര്‍ ദുആ ചെയ്തു. പെട്ടെന്നാണ് റഹീം വിങ്ങിപ്പൊട്ടികരയുന്നത് കണ്ടത്. കരയരുതെന്ന് എല്ലാവരോടും ഉപദേശിച്ചയാള്‍ തന്നെ കരയുന്നു. ഞാനവനെ ആശ്വസിപ്പിച്ചു.
'ജബ്ബാര്‍ ഹാജിയുടെ പ്രശ്നഘട്ടങ്ങളില്ലാം ആത്മാര്‍ഥമായി നീയും താഹയും അദ്ധേഹത്തെ സഹായിച്ചിട്ടുണ്ടല്ലോ.അതദ്ധേഹം പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്. ജബ്ബാര്‍ ഹാജിയുടെ ഗുരുത്വം പൊരുത്വം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും.
'അപ്പോള്‍ ഇനി മയ്യത്ത് എടുക്കാമല്ലോ?'. ഞാന്‍ പറഞ്ഞു.
മയ്യത്ത് കട്ടിലിന്റെ മുൻകാലുകളില്‍ മകനും പിന്നില്‍ മരുമക്കളും അനുജന്മാരും കൈവെച്ച് പൊന്തിച്ചു.
=================================
എനിക്കെന്തോ എന്റെ ദേഹം കുലുങ്ങുന്നത് പോലെ, ആകാശത്തേക്ക് പൊന്തുന്നത്‌ പോലെ തോന്നി.
ആദ്യം എനിക്കൊന്നും മനസ്സിലായില്ല
പിന്നീടാണ് എനിക്കാ സത്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞത്.
ആ മയ്യത്ത് കട്ടിലില്‍ കിടക്കുന്ന ദേഹം എന്റെതാണ്.

മേമ്പൊടി:
മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരു ദിനം തിരിച്ചു വന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടി ചിരിക്കും,
ചിരിച്ചവരോ, കണ്ണീരു പൊഴിക്കും


മനോഹരമായ പ്രതികാരം (കഥ)


മനോഹരമായ പ്രതികാരം (കഥ)
by
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
 
 അബൂദാബി കോർണീഷിലെ പുൽത്തകിടിയിൽ ഒരു പുൽപായയിട്ടു വൈകുന്നേരം ഞാനും എന്റെ മൂന്നു വയസ്സായ മകൾ സൈരബാനുവും ഇരുന്നു കാറ്റ് കൊള്ളുകയാണ്. വ്യാഴാഴ്ച ആയതു കൊണ്ട് നല്ല ജനത്തിരക്കുണ്ട്. മകളുടെ കളികൾ കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. മറ്റു കുട്ടികൾ അവരുടെ ഉമ്മമാരുടെ കൈപിടിച്ച് നടക്കുന്നത് കണ്ടപ്പോൾ എന്നും സൈര ചോദിക്കാറുള്ള ചോദ്യം ഇത്തവണയും അവൾ ആവർത്തിച്ചു - 'ടൂർ കഴിഞ്ഞു ഉമ്മ എന്നാ വരാ പപ്പാ?' ഉമ്മ വരും മോളെ എന്ന് ഞാൻ പറഞ്ഞത് അവൾക്കു സന്തോഷമായില്ല. 'പപ്പ എപ്പോഴും ഇതു തന്നെയാ പറയ? എനിക്ക് എന്റെ ഉമ്മാനെ കാണാൻ ചൊതിയാവുന്നു. ഉമ്മാക്ക് എന്നെ ചാണാൻ ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ ഉമ്മ വരാത്തത്.' അവൾ ചില "ക" എന്നാ വാക്കുകൾ "ച" എന്ന് ഉച്ചരിക്കാറുള്ളതു കൊണ്ട് ഞാൻ അവളെ കൊണ്ട് ഒന്ന് കൂടി പറയീപ്പിച്ചു. അവൾ പിണങ്ങി മാറി നിന്നു. എനിക്കറിയാം വീണ്ടും അവൾ എന്റെ അടുത്ത് തന്നെ വരുമെന്ന്. എത്ര നാളായി ഇത് ഞാൻ കാണുന്നതാണ്.
അത് പോലെ അവൾ എന്റടുത്തു വന്നു. ഞാൻ ആനയായി കളിക്കണമത്രേ. കോര്ണീഷിലായിട്ടും അവൾ പറഞ്ഞ പോലെ ചെയ്തു.
ഞങ്ങളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു 'ജബ്ബാറിക്കയല്ലേ?'
അതെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു 'നിങ്ങളെ മനസ്സിലായില്ല?'
'
അത് പറയാം, അതിന്നു മുമ്പ് നിങ്ങളെ എനിക്ക് കാണിച്ചു തന്ന ഒരാള് ആ കാറിലുണ്ട്. അവർക്ക് ജബ്ബാറിക്കാനെ കാണണമെന്ന് പറഞ്ഞു.'
അദ്ദേഹത്തിന്റെ കൂടെ ഞാൻ മകളുമായി ചെന്നു.
കാറിന്നുള്ളിൽ ഒരു സ്ത്രീ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ തലയിൽ നിന്നും വീണ സാരിത്തലപ്പ്‌ ശെരിയാക്കിയിട്ടു.
'
ജബ്ബാറിക്കാക്ക് എന്നെ മനസ്സിലായോ?' അവളുടെ ചോദ്യം കേട്ട് ഞാൻ സൂക്ഷിച്ചു നോക്കി. സംശയം തീർക്കാനായി ഞാൻ ചോദിച്ചു ; 'ജഹനാരയല്ലേ?'
'
അതെ' എന്ന അവളുടെ മറുപടിയും സൈരായെ എടുക്കാൻ കൈ നീട്ടിയതും ഒന്നിച്ചായിരുന്നു. ജഹനാരയുടെ അടുത്ത് പോകാതെ സൈര എന്നോട് ഒന്ന് കൂടി മുട്ടി നിന്നു.
'
മക്കളൊക്കെ?' രണ്ടു പേരോടുമായി ഞാൻ ചോദിച്ചു.
'
ഇക്ക, അത് വലിയ ട്രാജെടിയാണ്. കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്ഷമായി. ഞങ്ങൾക്ക് മക്കളില്ല. ഞങ്ങൾ പരസ്പരം തമാശയിൽ പറയാറുണ്ട്‌ - ഇവളുടെ മകൻ ഞാനും എന്റെ മകൾ ഇവളുമാണെന്ന്' ജഹനാരയുടെ ഭർത്താവ് സലിം ആണ് അത് പറഞ്ഞതു.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വായാടിയായ സൈര കടലിലെ ഓളങ്ങൾ നോക്കി നില്ക്കുകയാണ്. ഞങ്ങൾ ഫോണ്‍ നമ്പറുകൾ പരസ്പരം കൈമാറി.
ഞങ്ങൾ ഫ്ലാറ്റിലെക്കു തിരിച്ചു പോന്നു. നാളെ എന്താണ് സംഭവിക്കുക, ഒരു പെണ്‍കുട്ടിയാണല്ലോ അവൾക്കു തീര്ച്ചയായും ഒരു മാതാവിന്റെ ആവശ്യം വരും എന്നൊന്നും എനിക്ക് അറിയാഞ്ഞിട്ടല്ല. ജീവിതത്തിന്റെ പരീക്ഷണങ്ങളെ സധൈര്യം നേരിടാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഞാൻ. അല്ലെങ്കിൽ തന്നെ എനിക്ക് എന്റേതായ ചില ആശയങ്ങളും ആദർശങ്ങളും ഉണ്ട്. ആരൊക്കെ എതിർത്താലും എന്റെ വഴിയിലൂടെയെ ഞാൻ സഞ്ചരിക്കൂ. ആ ഒരൊറ്റ കാരണത്താൽ പലരും എന്നെ ഒരു നിഷേധിയായി ഗണിക്കാറുണ്ട്.

എനിക്ക് ഉറക്കം വരുന്നില്ല. സൈര എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുകയാണ്. ഞാൻ പഴയ കാര്യങ്ങൾ ഓർത്തു.
എന്റെ ഉമ്മായുടെ ജേഷ്ടന്റെ മകളാണ് ജഹനാര. ഗൾഫിൽ നിന്നും ഞാൻ ആദ്യമായി നാട്ടിൽ വന്ന സമയത്ത് കല്യാണാലോചനകൾ വന്നിരുന്നു. ഇത് മനസ്സിലാക്കിയ മാമ എന്റെ ഉപ്പാട് ജഹനാരയെ എനിക്ക് ഇഷ്ടമാണെന്ന വിവരവും അത് നടത്തിക്കൂടെ എന്നും ചോദിച്ചു. ഉപ്പാക്ക് ഇഷ്ടക്കേട് ഉണ്ടായിരുന്നില്ല എന്നാൽ ഉമ്മ ആ ബന്ധത്തെ നഖശികാന്തം എതിർത്തു. എന്ത് പറഞ്ഞിട്ടും ഉപ്പ അനുസരിക്കുന്നില്ല എന്ന് വന്നപ്പോൾ ഉമ്മ ഒരു പുതിയ വെളിപെടുത്തൽ നടത്തി. ജഹനാരക്ക് ഉമ്മ മുലപ്പാൽ കൊടുത്തിട്ടുണ്ടത്രേ. അതുകൊണ്ട് അവൾ എന്റെ സഹോദരിയായി വരും അപ്പോൾ വിവാഹം നടത്താൻ പറ്റില്ലല്ലോ. അത് കേട്ടപ്പോൾ ഉപ്പാടെയും മനസ്സ് മാറി ഞാൻ ആ വരവിൽ വിവാഹം നടത്താതെ ഗൾഫിലേക്ക് തിരിച്ചു പോന്നു.
ജഹനാരയുടെ വിവാഹം നടന്നെന്നു പിന്നീട് ഞാൻ അറിഞ്ഞു. മുലപ്പാൽ കൊടുത്ത വിഷയം നുണയാണെന്ന് വർഷങ്ങൾക്കു ശേഷം ഉമ്മ പറഞ്ഞു, ആരും ചോദിക്കാതെ തന്നെ. മരണക്കിടക്കയിൽ കിടന്നു ഉമ്മ അതു പറയുമ്പോൾ കണ്ണിൽ നിന്നും വന്ന കണ്ണീരിന്നു ഒരു പാട് വേദനയുണ്ടാവാം. ജ്യേഷ്ഠന്റെ കല്യാണത്തിന്റെ തലേന്ന് എല്ലാവരും കൂടി മാവില കൊണ്ട് മാല ഉണ്ടാക്കി ജഹനാരയുടെ കഴുത്തിൽ എന്നെ കൊണ്ട് അണിയീപ്പിച്ചതും അത് കണ്ടു വന്ന ഉമ്മ ആ മാല പൊട്ടിച്ചെറിഞ്ഞതിന്റെയും അർത്തം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലല്ലോ?

പിന്നീട് ഞാൻ വിവാഹം കഴിച്ചു , സാറയെ. ഒരു വർഷത്തിന്നുള്ളിൽ അവളെ ഗൾഫിലേക്ക് കൊണ്ട് വന്നു. പ്രസവം അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ ആയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം അവൾക്കു ഇൻഫെക്ഷൻ വന്നു അൽജസീറ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു, എനിക്കൊരു പൊന്നുമോളെ -സൈരാനെ തന്നുകൊണ്ട്. ബഹ്റയിനിൽ ആയിരുന്ന അനുജത്തിയേയും അളിയനേയും അബുദാബിക്ക് കൊണ്ട് വന്നു എന്റെ കൂടെ താമസിപ്പിച്ചു. അവരാണ് സൈരായെ നോക്കുന്നത്. പലരും എന്നോട് നിർബന്ധിചു, മറ്റൊരു വിവാഹം കഴിക്കാൻ. എന്റെ മകളെ ഓർത്തു ഞാനതിനു സമ്മതം കൊടുത്തില്ല.

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഫോണിന്റെ ബെല്ലടി കേട്ടാണ് ഉണർന്നത്. അങ്ങേത്തലക്കൽ ജഹനാരയുടെ ഭർത്താവ് സലീമായിരുന്നു.
'
ജാബറുക്ക ഇന്ന് ഉച്ചയ്ക്ക് സൈരയെയും കൊണ്ട് ഞങ്ങളുടെ ഫ്ലാറ്റിൽ വരണം. ഇവിടെ വന്നിട്ട് ഭക്ഷണം കഴിക്കാം.'
സലീമിന്റെ ആവശ്യം ഞാൻ സന്തോഷത്തോടെ നിരസിച്ചു. കാരണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉറങ്ങുന്ന ശീലം പണ്ടേ എനിക്കുണ്ട്. പക്ഷെ സലിം വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവർ താമസിക്കുന്നത് ഓൾഡ്‌ എയർപോർട്ട് റോഡിൽ മെയിൻ ഹോസ്പിറ്റലിന്നടുത്തുള്ള റഷീദ് ബിൻ അഹമദ് അൽഹാമെലി ബിൽഡിങ്ങിൽ 408 നമ്പർ ഫ്ലാറ്റിലാണെന്ന് പറഞ്ഞു.
പള്ളിയിൽ നിന്നും തിരിച്ചു വന്നു സൈരയെയും കൂട്ടി സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സൈരയെ എടുക്കാനായി ജഹനാര അവളുടെ അടുത്തേക്ക് വന്നു. അവൾ ചെന്നില്ല. ജഹനാര കുറച്ചു കളിപ്പാട്ടങ്ങൾ അവൾക്കു കാണിച്ചു. സൈര എന്നെ നോക്കി. ഞാൻ അവളോട്‌ പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ സൈര ജഹനാരയുടെ അടുത്തേക്ക് ചെന്നു. അവൾ സൈരയെ എടുത്തു ഒരുപാട് ചുംബനങ്ങൾ കൊടുത്തു. ആ വീട്ടിൽ ഒരു പാട് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചോദിക്കാതെ തന്നെ സലിം പറഞ്ഞു. 'പുറത്തു പോയാൽ ജഹനാര കളിപ്പാട്ടങ്ങൾ വാങ്ങും. കുട്ടികൾ ഇല്ലാത്ത, ഇനി ഉണ്ടാവാത്ത നമുക്കെന്തിനാ എന്ന് ഒരു പ്രാവശ്യം ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് നമ്മൾ കുട്ടികളല്ലേ എന്നാണു'
ഞാൻ ഒന്നും പറഞ്ഞില്ല.
സലീം തുടർന്ന് പറഞ്ഞു 'അവൾ ചിലപ്പോൾ, മാനസിക വിഭ്രാന്തി കാണിക്കാറുണ്ട്. കുട്ടികളുണ്ടാവില്ല എന്നറിഞ്ഞത് മുതൽ അവൾ ഉള്ളു തുറന്നു ചിരിച്ചിട്ടില്ല'
അകത്തു നിന്നും ജഹനാരയുടെയും സൈരയുടെയും ചിരികൾ കേൾക്കുന്നുണ്ട്.
സമയം പോയതു ജഹനാര അറിഞ്ഞില്ലെന്നു തോന്നുന്നു. സലിം ജഹനാരയെ വിളിച്ചു ഭക്ഷണം കൊണ്ട് വെക്കാൻ പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ ജഹനാര എന്റെ പാത്രത്തിലേക്ക് മാങ്ങ അച്ചാർ എടുത്തിട്ടിട്ടു പറഞ്ഞു 'ജബ്ബാറിക്കാക്ക് മാങ്ങ അച്ചാർ ഇഷ്ടമാണല്ലോ'
അതിന്നു സലിം ആണ് മറുപടി പറഞ്ഞത് :'ഇക്കാക്ക് എരിവ്‌ കുറച്ചേ പാടുള്ളൂ എന്നത് കൊണ്ടാണ് ഇന്ന് അത്തരത്തിൽ കറി ഉണ്ടാക്കിയത്'
'
എന്റെ എല്ലാ കാര്യങ്ങളും ജഹി പറഞ്ഞിട്ടുണ്ട് അല്ലെ?'
മടിയിലിരുത്തി സയിരാക്ക് ഭക്ഷണം വാരി കൊടുത്തത് ജഹനാരയാണ്.
അവളെ വേറെ സീറ്റിൽ ഇരുത്തിക്കൊള്ളാനും അവൾ തനിച്ചു ഭക്ഷണം കഴിച്ചു കൊള്ളുമെന്ന് ഞാൻ പറഞ്ഞിട്ടും ജഹനാര അത് ചെയ്തില്ല വൈകുന്നേരം ഞങ്ങൾ യാത്ര പറയുമ്പോൾ ജഹനാരയും സലീമും കൂടി സയിരായെ ഇന്ന് രാത്രി അവിടെ താമസിപ്പിക്കാൻ അനുവാദം ചോദിച്ചു.
അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവും എന്ന് ഞാൻ അവരോട് പറഞ്ഞു. സത്യത്തിൽ അവളെ പിരിഞ്ഞിരിക്കുന്നതു എനിക്ക് എന്റെ ഹൃദയം മുറിച്ചു മാറ്റുന്നതിനു സമമാണ്.
'
ഞങ്ങൾക്ക് ബുദ്ധിമുട്ടോ, ഒരിക്കലുമില്ല' എന്ന മറുപടി കേട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവളില്ലാത്ത ആദ്യത്തെ രാത്രി. അവൾക്കു ഉറക്കം കിട്ടാൻ ഞാനും എനിക്ക് അവളും വേണമെന്ന സത്യം ഞാൻ മറന്നു. അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്‍കുട്ടിയല്ലേ? ഒരു ദിവസം മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടേ. സഹിക്കുക തന്നെ.
രാത്രി അവളുടെ ശബ്ദം കേൾക്കാൻ കൊതിയായി. ഫോണ്‍ എടുത്തു വിളിക്കാൻ തുടങ്ങി. വേണ്ട രാത്രി ഒരു മണിയായി. അവർ ഉറങ്ങുകയായിരിക്കും.
ഒരു വിധം നേരം വെളുപ്പിച്ചെന്നു പറഞ്ഞാൽ മതിയല്ലോ. കാലത്ത് തന്നെ സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സയിര ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു. - 'പപ്പ എന്നോട് നുണ പറഞ്ഞു അല്ലെ'
എനിക്കൊന്നും മനസ്സിലായില്ല.
അവൾ കൂട്ടിച്ചേർത്തു. 'ഉമ്മ ടൂറിന്നു പോയിരിക്കയാണെന്ന് പപ്പാ പറഞ്ഞില്ലേ?
'
ഉവ്വ്. ഞാൻ പറഞ്ഞു.'
'
അത് നുണ. ദേ, എന്റെ ഉമ്മ'
അവൾ ചൂണ്ടിക്കാണിച്ചിടത്തെക്ക് ഞാൻ നോക്കി. കുറ്റബോധത്താൽ തല കുനിച്ചു വാതിൽ ചാരി നിൽക്കുകയാണ്‌ ജഹനാര.
സ്നേഹത്തിന്റെ പരിശ്ചേദം കാണാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ പോരാൻ നേരത്ത് സൈര പറഞ്ഞു -' 'പപ്പാ, ഞാൻ ഉമ്മാടെ അടുത്ത് ഇന്ന് നിന്നോട്ടെ?'
ഞാൻ അതിന്നു സമ്മതം മൂളിയിട്ട് ഒരു കുസൃതി ചോദ്യം ചോദിച്ചു. 'മോൾ, ആരുടെ മോളാ?
ഉടനെ അവളുടെ മറുപടി വന്നു. 'ഞാൻ പപ്പാടെ ചച്ചര മോള്' ചക്കര മോൾ എന്നാണു അവൾ ഉദ്ദേശിച്ചത്.
ഞാൻ തിരിച്ചു പോന്നു.
പിറ്റേന്ന് വൈകീട്ട് സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
തിരിച്ചു പോരാൻ റെഡിയായി സൈര നില്ക്കുന്നുണ്ട്. അവളുടെ ഇഷ്ടപ്രകാരമുള്ള രീതിയിൽ മുടി കെട്ടി വെച്ചിരിക്കുന്നു. അനുജത്തിയുമായി അവൾ പിണങ്ങാറു എപ്പോഴും ഈ മുടി കെട്ടിവെക്കുന്ന കാര്യത്തിലാണ്. 'പപ്പാ, പപ്പയെനിക്ക് ഭക്ഷണം തരുമ്പോൾ പാടാറുള്ള ആ പാട്ടൊന്നു പാടിക്കേ' സൈര പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ഞാൻ നിന്നു. അപ്പോൾ അവൾ തന്നെ ആ പാട്ട് പാടി, ഒരു വികടഗാനം. 'പപ്പാടെ പൊന്നാര പോന്നു മോള്, പപ്പാടെ ചച്ചര പോന്നു മോള്,' അത് കഴിഞ്ഞു അവൾ ഒരു ഡാൻസ് കളിച്ചു. 'പയ്യാപരീക്കുളത്തിൽ വിടര്ന്ന ചെന്താമാരെ' ഞാനൊഴികെ എല്ലാവരും ചിരിച്ചു. അവർ എന്നെ നോക്കിയപ്പോൾ ഞാനും കൃതിമമായി ഒരു ചിരി പോലെ കാട്ടി. എനിക്ക് ചിരിക്കാനുള്ള മാനസീകാവസ്ഥയല്ലല്ലോ? ഞാനെടുത്ത തീരുമാനത്തിന്റെ അനന്തരഫലങ്ങൾ എന്തായാലും എന്റെ മകളുടെ ഭാവിയാണ് എന്റെ തുലാസിൽ മുന്നിട്ടു നിൽക്കുന്നതു.
തിരിച്ചു പോരാൻ നേരം സൈരയെ ഞാൻ എടുത്തു തുരുതുരെ ഉമ്മം കൊടുത്തു ജഹനാരയുടെ കയ്യിൽ കൊടുത്തിട്ട്‌ വികാരാധീനനായി പറഞ്ഞു 'ഇവളെ ഞാൻ നിങ്ങൾക്ക് തരുന്നു, നിങ്ങളുടെ മകളായി. ഇതെന്റെ ഉമ്മയോടുള്ള മനോഹരമായ പ്രതികാരമാണെന്നു കരുതിക്കൊളൂ'
'
ഇക്കയെന്താണ് ഈ പറയുന്നത്? ഇക്കാനെ വേദനിപ്പിച്ചിട്ടു ഞങ്ങൾക്ക് ഒന്നും വേണ്ട'
അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് ശ്രവിക്കാതെ ഞാൻ ലിഫ്ടിന്നടുത്തെക്ക് വേഗം നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ഒരു പഴയ സിനിമാഗാനം കേൾക്കാമായിരുന്നു
"
ഒരിടത്ത് ജനനം, ഒരിടത്ത് മരണം, ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ - നമ്മൾ
വിധിയുടെ ബലിമൃഗങ്ങൾ
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ?
ഇനിയൊരു വിശ്രമമെവിടെ ചെന്നോ?
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ,
വെറും ചുടല വരെ"