Friday 11 March 2016

പറയാൻ കഴിയാഞ്ഞ രഹസ്യം (കഥ) - ആദ്യഭാഗം

പറയാൻ കഴിയാഞ്ഞ രഹസ്യം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

ആദ്യമായി ജോലി ചെയ്തിടത്ത് ഒരു മാസം ജോലി ചെയതു. പക്ഷെ ഒരു പൈസ പോലും തരാതെ പിരിച്ചു വിട്ടു. പക്ഷെ, ഇപ്പോൾ ജോലി ചെയ്യുന്നിടത്ത് ഒന്നാം തിയ്യതി കൃത്യമായി ശമ്പളം തന്നു. ജീവിതത്തിൽ ആദ്യമായി ശമ്പളം കിട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എന്റെ അനുജത്തിക്ക് ഒരു പട്ടുപാവാട വാങ്ങി കൊടുക്കണം. എന്റെ ഉമ്മ അടുത്ത വീടുകളിലൊക്കെ പോയി പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ഉപ്പയാണെങ്കിൽ ഒരു ജോലിയും എടുക്കില്ലെന്ന് മാത്രമല്ല, ഉമ്മാടെ കയ്യിലുള്ള പൈസ ബലമായി വാങ്ങി കൂട്ടുകാരുമായി ചീട്ടുകളിയാണ് ജോലി.
അനുജത്തിക്കിഷ്ടമുള്ള മറൂണ്‍ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും വാങ്ങി. ചിന്തിച്ചു വീട്ടിലെത്തിയതറിഞ്ഞില്ല. ഉമ്മാടെ അടുത്ത് ബാക്കി പൈസ മുഴുവൻ കൊടുത്തു. ഉപ്പാടെ കയ്യിൽ കൊടുത്താൽ ചീട്ട് കളിച്ച് കളയും. ഉമ്മ ആ പൈസ മടക്കിതന്നുകൊണ്ട് പറഞ്ഞു 'വേണ്ട മോനെ, മോനത് വെച്ചോ. നിനക്ക് ഒരു ഷർട്ട്‌ വാങ്ങണമെന്ന് പറഞ്ഞിരുന്നില്ലേ?'
ശെരിയാണ്. കീറിത്തുന്നാത്ത ഒറ്റഷർട്ട്‌ പോലുമില്ല. ഇപ്പൊൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇക്ക, മക്കളുടെ വസ്ത്രങ്ങൾ കുറച്ചു തന്നു.
'
വേണ്ട ഉമ്മ, എനിക്ക് ഷർട്ട്‌ അടുത്ത മാസം വാങ്ങാം. ഉമ്മാക്ക് വല്ലതും വാങ്ങണോ?' എന്റെ ഈ ചോദ്യം കേട്ടപ്പോൾ ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എനിക്കും നിയന്ത്രിക്കാനായില്ല.
ഞാൻ കൊടുത്ത പട്ടുപാവാടയുമുടുത്ത് അനുജത്തി സന തുള്ളിച്ചാടി വന്നു. അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും മനസ്സിലൊരു നെരിപ്പോട്.
ബാക്കിയുണ്ടായിരുന്ന മൂവ്വായിരത്തിനാന്നൂറു രൂപയിൽ നിന്നും ആയിരം രൂപ ഉപ്പാടെ കയ്യിൽ കൊടുത്തു. പെട്ടെന്ന് ഉപ്പ, എന്റെ കയ്യിലുള്ള മുഴുവൻ പൈസയും തട്ടിപ്പറിച്ചു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ട് ഉപ്പാടെ കാൽ പിടിച്ച് ഞാൻ കെഞ്ചി, കുറച്ചെങ്കിലും പൈസ തരാൻ പറഞ്ഞു. ഉപ്പ തന്നില്ല. എന്റെ വിധി.
ഉമ്മ ഇതൊക്കെ കണ്ടു നിൽക്കുകയാണ്. ഉമ്മാക്ക് എന്നെക്കാൾ വിഷമമുണ്ടെന്ന് എനിക്കറിയാം. ഉമ്മ എന്നെ വിളിച്ചു. 'മോനെ, ഭക്ഷണം വെച്ചിട്ടുണ്ട്'
'
വേണ്ട, ഉമ്മ വിശപ്പില്ല' എന്ന് മാത്രമേ പറഞ്ഞുള്ളൂ. എനിക്ക് നല്ല വിശപ്പുണ്ടെന്ന് ഉമ്മാക്കറിയാം. ഞാൻ കട്ടിലിൽ കിടന്ന്, തലയിണയിൽ മുഖമമർത്തി കുറേകരഞ്ഞു. ആൽമഹത്യ ചെയ്താലോ എന്നാലോചിച്ചു. ഇല്ല, അത് തെറ്റാണ്, ദൈവകോപം കിട്ടുമെന്ന് എനിക്കറിയാം. വെറുതെയെന്തിന് നരകം വാങ്ങണം?
ഉപ്പ ഭക്ഷണം പോലും കഴിക്കാതെ ചീട്ടുകളിക്കാൻ പോയി. ഞാൻ കിടക്കുന്നിടത്ത് ഉമ്മ ഒരു പാത്രത്തിൽ ഭക്ഷണം കൊണ്ട് വന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴും ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉമ്മയും കഴിക്കില്ലെന്ന ഭീഷണിക്ക് മുമ്പിൽ ഞാൻ തോറ്റു.
ഉപ്പാട് വളരെയധികം ദേഷ്യം തോന്നി. ഒന്നും പറഞ്ഞില്ല. ഉമ്മാട് വിവരം പറഞ്ഞു. 'മോനെ, ഉപ്പാനെ പറ്റി അങ്ങിനെ ചിന്തിക്കാൻ പോലും പാടില്ല, നിന്റെ ഉപ്പയല്ലേ? അങ്ങിനെ നീ ചെയ്‌താൽ അത് പൊറുക്കപ്പെടാത്ത പാപമാണ്' എന്നാണു ഉമ്മ പറഞ്ഞത്.
ഉപ്പ പൈസ തട്ടിപ്പറിച്ചെടുത്തത് ഷോപ്പിലെ ജബ്ബാറിക്കയോട് പറഞ്ഞു.
'
അത് സാരമില്ല, ഞാൻ ഉപ്പാടെന്ന് മടക്കിവാങ്ങിതരാം. ഉപ്പാക്ക് എന്നെ പേടിയും ബഹുമാനവുമാണ്.'
'
അത് വേണ്ട ഇക്ക, അത് ഉപ്പാക്ക് വിഷമമാവും' എന്നാണ് ഞാൻ മറുപടി കൊടുത്തത്.
'
എന്നാൽ ഞാൻ കുറച്ച് പൈസ തരാം. എന്നിട്ട് നിന്റെ പേരിൽ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങാം. അപ്പോൾ ആവശ്യത്തിന്നു പൈസ എടുത്താൽ മതിയല്ലോ?'
ഇക്കാടെ ആ വാക്കുകൾ കേട്ടപ്പോൾ ഇക്ക ദേഷ്യക്കാരനാണെന്ന് ആളുകൾ പറഞ്ഞതൊക്കെ ശെരിയല്ലെന്നും ഇനി അഥവാ ദേഷ്യക്കാരൻ ആണെങ്കിലും ഉള്ളിന്റെയുള്ളിൽ സഹാനുഭൂതിയുള്ള ഒരു ഹൃദയം ഉണ്ടെന്നും ഉറപ്പായി. അത് കൊണ്ടായിരിക്കും ഇക്ക ഇപ്പോഴും പട്ടിണി കൂടാതെ ജീവിക്കുന്നത്.
അനുജത്തിക്ക് പന്ത്രണ്ട് വയസ്സായി. പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ടവൾക്ക്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
ഒരിക്കൽ ഉപ്പ വീട്ടിലില്ലാത്തപ്പോൾ ചീട്ടുകളിക്കൂട്ടുകാരനായ ഒരാൾ വീട്ടിൽ വന്നു. ഞാനന്ന് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉമ്മയും അനുജത്തിയും മാത്രമായിരുന്നു വീട്ടിൽ. വന്ന ആൾ ഉപ്പയില്ലെന്ന് പറഞ്ഞിട്ടും പോകാതെ വീട്ടിൽ കയറി കുറച്ച് വെള്ളം ചോദിച്ചു. സന വെള്ളം കൊണ്ട് കൊടുത്തപ്പോൾ അയാൾ അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ കുതറി അകത്തേക്കോടി. അയാൾ പുറത്തേക്ക് ഒന്നുമറിയാത്തവനെ പോലെ പോയി. ഉപ്പ വന്നപ്പോൾ ഉമ്മ ഈ വിവരം ഉപ്പയോട് പറഞ്ഞു. ഉപ്പാടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന്റെ ദേഷ്യത്തിന്നു ഉമ്മ അപഖ്യാതി പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ഉപ്പ തീരുമാനിച്ചത്.
എന്നാലും ഉപ്പയോട് ഒന്നന്വേഷിക്കാൻ ഉമ്മ പറഞ്ഞു.
രണ്ട് ദിവസതിന്നു ശേഷം ഞങ്ങളൊക്കെ വീട്ടിൽ ഉള്ളപ്പോൾ ഉപ്പ ദേഷ്യത്തോടെ വന്ന് ഉമ്മയെ അടിച്ചിട്ട് പറഞ്ഞു 'ഞാനവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് നീ കള്ളം പറയുകയാണെന്നാണ്'.
ഞങ്ങൾ ഉറക്കെ കരഞ്ഞപ്പോൾ ഉപ്പ എങ്ങോട്ടോ ഇറങ്ങിപ്പോയി.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നു എന്ന് കേട്ട് ഞാൻ ജബ്ബാറിക്കാട് അനുവാദം ചോദിച്ചു വീട്ടിലെത്തിയപ്പോൾ .എന്തോ സംഭവം നടന്നു എന്ന് മനസ്സിലായി. വിവരം ഉമ്മാട് ചോദിച്ചു. അന്ന് സനയുടെ കയ്യിൽ കയറി പിടിച്ചയാൾ ഉമ്മയില്ലാത്തപ്പോൾ വന്ന് അന്നത്തെപ്പോലെ കടന്ന് പിടിക്കുകയും അത് കണ്ട ഉപ്പ അയാളെ പൊതിരെ തല്ലുകയും ചെയ്തു. അകത്ത് ഉപ്പ ഉറങ്ങുകയായിരുന്നുവെന്ന് അയാൾക്കറിയില്ലായിരുന്നു. അയാൾ ഉപ്പാക്കെതിരെ പരാതി കൊടുത്തില്ല.
വീടിന്റെ ഓടുകൾ പൊട്ടിയത് മാറ്റണം, ഒരു മുറിയെങ്കിലും താഴെ തേക്കണം, അനുജത്തി വലുതായി വരികയാണല്ലോ? ഉമ്മാടെയും എന്റെയും വരുമാനം കൊണ്ട് ഇത് അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ഉപ്പാക്കാണെങ്കിൽ ഇങ്ങിനെയുള്ള ഒരു ചിന്തയുമില്ല.
നാട്ടിലുള്ള ഒരാൾ ഗൾഫിലേക്ക് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നു എന്ന് കേട്ടു. വിസക്ക് പൈസ വേണ്ടത്രേ, കൂടാതെ എത്തിക്കഴിഞ്ഞാൽ ഉടനെ ജോലിയും. അതൊന്ന് പരീക്ഷിക്കാമെന്ന് തോന്നി. ജബ്ബാറിക്ക എന്ത് പറയുമോ എന്തോ?
ഇക്കാട് വിവരം പറഞ്ഞു. 'അതിനെന്താ, നല്ലൊരു കാര്യത്തിനല്ലേ, എന്റെ ഷോപ്പ് അടച്ചിടെണ്ടി വന്നാലും ഗൾഫിലേക്ക് പോകാൻ കഴിയുകയാണെങ്കിൽ തീർച്ചയായും പോകണം'
ഇക്കാടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി.
ആളുകളെ റിക്രൂട്ട് ചെയ്യുന്നിടത്ത് ചെന്നു. ഒരുപാടാളുകൾ പലസ്ഥലത്തുനിന്നും വന്നിട്ടുണ്ട്. എന്നെ അകത്തേക്ക് വിളിപ്പിച്ചു. കുറച്ചു കാര്യങ്ങൾ ചോദിച്ചു. പിന്നീട് വിവരം അറിയീക്കാമെന്ന് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ സെലെക്റ്റ് ചെയ്തതായി അറിഞ്ഞു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. പക്ഷെ ആ സന്തോഷം അധികനേരം ഉണ്ടായില്ല. ടിക്കെറ്റിന്റെ പണം ഉണ്ടാക്കണം. എന്ത് ചെയ്യും? ജബ്ബാറിക്കാട് വിവരം പറയാം.
'
ഇക്ക, വിസക്ക് പൈസ ഒന്നും കൊടുക്കേണ്ട. പക്ഷെ....' ഞാൻ മുഴുമിപ്പിച്ചില്ല.
'
എന്താണ് ഇനി പ്രശ്നം?' ഇക്കാടെ ചോദ്യം
'
ടിക്കെറ്റിന്റെ പൈസ വേണം. എന്റെ കയ്യിൽ ആയിരം രൂപയോളം മാത്രമേയുണ്ടാവൂ. എനിക്കൊരു സമാധാനവുമില്ല' ഞാനെന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
'
അതിനെപറ്റി വിഷമിക്കേണ്ട. ഞാൻ ടിക്കറ്റിന്റെ പൈസ തരാം. ആ പൈസ തിരിച്ച് തരികയും വേണ്ട' സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
ഗൾഫിലേക്ക് ജോലിയോട് കൂടിയുള്ള വിസ കിട്ടിയ വിവരം വീട്ടിൽ പറഞ്ഞപ്പോൾ ഉമ്മാക്കും സനക്കും വളരെ സന്തോഷമായി. ഉപ്പാട് പറഞ്ഞപ്പോൾ ഒരു സന്തോഷം കാണിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല. ഉപ്പാടെ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ അത് കാര്യമാക്കിയില്ല.
'
മോനെ, ഗൾഫിൽ പോയാലും നിസ്കാരവും നോമ്പുമൊക്കെ മുടങ്ങാതെ എടുക്കണം. അത് പോലെ ഈ പുത്തൻവാദികളായ ഒഹാബിയാവരുത്. അവിടെ എല്ലാ ജാറങ്ങളിലും മുടങ്ങാതെ പോണം. ആണ്ട് നേര്ച്ചയിൽ പങ്കെടുക്കണം. മഹാന്മാരായവരുടെ ഹക്ക് ജാഇ ബറക്കത്ത് കൊണ്ടാണ് മോന് ഇപ്പോൾ വിസ കിട്ടിയത്' ഉമ്മാടെ ഉപദേശം. ഉമ്മ പിന്നെ പലതും പറഞ്ഞു. എല്ലാം മൂളിക്കേട്ടു.
എന്റെ ജീവിതത്തിലെ ഒരു പ്രധാനദിവസമാണിന്ന്. ഞാൻ ഗൾഫിലേക്ക് പോകുന്ന ദിവസം. ഉപ്പാടെ അടുക്കൽ ചെന്ന് യാത്ര ചോദിച്ചു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്ന് പറഞ്ഞു. ഉപ്പ കെട്ടിപിടിച്ചു. ഉപ്പാടെ കണ്ണിൽ ഒരു നനവ്‌ കണ്ടു. നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്കുള്ള യാത്ര കൃത്യസമയത്ത് തന്നെ നടന്നു.
>>>>>
അടുത്ത ഭാഗത്തിൽ അവസാനിക്കും


Sunday 6 March 2016

അഡ്വക്കേറ്റ് അബ്ദുള്ള സോണ (ലേഖനം)

അഡ്വക്കേറ്റ് അബ്ദുള്ള സോണ (ലേഖനം)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ഒക്ടോബറില്‍ ഒരു കമ്പനിക്കെതിരെ ഞാന്‍ തൃശ്ശൂര്‍ ജില്ല ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. ആ എതൃകക്ഷി അവർക്ക് വേണ്ടി കോടതിയിൽ ഒരു വക്കീലിനെ ഏർപ്പാടാക്കി. ഞാനാണെങ്കിൽ ആരെയും ഏർപ്പാടാക്കിയുമില്ല. ഞാൻ തന്നെ നേരിട്ട് വാദിച്ചു. കേസ് നടന്ന് ഒടുവിൽ 1997 മാർച്ച്‌ 20ന് എതൃകക്ഷിയുടെ വക്കീൽ എന്നെ വിസ്തരിച്ചു. അന്നൊക്കെ എനിക്ക് സഭാകമ്പം ഉണ്ടായിരുന്നു. നാലാളുകൾ കൂടുന്നിടത്ത് സംസാരിക്കാൻ കഴിയാറില്ല. പിന്നെ കോടതിയിലെ കാര്യം പറയണോ? എന്നെ വിസ്തരിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു ആവേശം തോന്നി. മുൻ നിരയിലെ ബഞ്ചിൽ വക്കീലന്മാരാണ്. അവരിൽ ഒരാളോട് ഞാൻ ചോദിച്ചു, എതൃകക്ഷിയെ എനിക്ക് സ്വയം വിസ്തരിക്കാമോ എന്ന്. ഉവ്വെന്ന് മറുപടിയും കിട്ടി. ഞാൻ ആ കമ്പനിയുടെ ഉടമസ്ഥനെ വിസ്തരിച്ചു. ആ കേസിൽ നഷ്ടപരിഹാരം എനിക്ക് അനുവദിച്ചു വിധി വരികയും അന്നത്തെ വാർത്താമാധ്യമങ്ങളിൽ അതൊരു വാർത്തയായി വരികയും ചെയ്തു. എനിക്ക് വാദിക്കാമൊ എന്ന് ഞാൻ ചോദിച്ച ആ വക്കീലാണ് അബ്ദുള്ള സോണ.
ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ (പഴയ തൃശ്ശൂർ ജില്ല) കോക്കൂരിൽ മാനംകണ്ടത്ത് ബാപ്പുട്ടി - ഖദീജ ഉമ്മ ദമ്പതികളുടെ മകനായി ജനിച്ചു സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ വക്കീലാണ് അബ്ദുള്ള സോണ. ചരിത്രം, ജേർണലിസം, മന:ശാസ്ത്രം, നിയമം എന്നീ വിഷയങ്ങളിൽ ബിരുദങ്ങളും ഉന്നതബിരുദങ്ങളും കരസ്ഥമാക്കിയ സോണ വക്കീൽ തൊടുന്നതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് എന്നതിന് അദ്ധേഹത്തിന്റെ സാഹിത്യ രചനകൾ തെളിവാണ്, അദ്ധേഹത്തിന്റെ പ്രസിദ്ധീകരിച്ച ഒരു പാട് ഗൃന്ഥങ്ങൾ. അഭിഭാഷകൻ, പബ്ലിക്‌ പ്രോസിക്ക്യൂട്ടർ, സംസ്ഥാന പബ്ലിക്‌ പ്രോസിക്ക്യൂട്ടർ, നോട്ടറി പബ്ലിക്‌, സംസ്ഥാന വികലാംഗ കോർപ്പറേഷൻ എം. ഡീ., കയറ്റുമതി വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ, തൃശൂർ ജില്ല ഉപഭോക്തൃ ഫോറം സീനിയർ അംഗം, അധ്യക്ഷൻ എന്നീ നിലയില പ്രവർത്തിച്ചു ഇപ്പോൾ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അംഗമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്‌ അഡ്മിനിസ്ട്രെഷൻ ആജീവനാന്ത അംഗം, ആംനെസ്റ്റി ഇന്റർനാഷണൽ ആജീവനാന്ത അംഗം, റിപ്പോർട്ടർ, ഐ. ഐ. പി. എ. തൃശ്ശൂർ ചാപ്റ്റർ ചെയർമാൻ, ചരിത്രപഠന കേന്ദ്രം ഹോ. ചെയർമാൻ, ആൾറ്റെർനെറ്റിവ് നോളെജ് അക്കാദമി ഹോ. ചെയർമാൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൺ റൈറ്റ്സ് വിസിറ്റിംഗ് പ്രോഫെസ്സർ, ഉപഭോക്തൃ നിയമം, മനുഷ്യാവകാശം, കമ്മ്യുണൽ ഹാർമണി, ഡിസെബെൾഡു നിയമം, ജുവനൈൽ ജുസ്റ്റിസ് ആക്ട്‌ എന്നീ വിഷയങ്ങളിൽ കേന്ദ്ര-കേരള സർക്കാർ സീനിയർ റിസോഴ്സസ് പേഴ്സൺ എന്നീ നിലയിലും പ്രവർത്തിക്കുന്നു.
വേൾഡ് പീസ്‌ ഫൌണ്ടേഷൻ - ഗ്ലോബൽ അസെംബ്ലിങ് സംയുക്തമായി മനുഷ്യാവകാശത്ന്ന് ചെയ്ത സമഗ്രസംഭാവനക്ക് "ന്യൂ മില്ലേനിയം" അവാർഡ്, 251 ജല സ്രോതസ്സുകൾ കണ്ടെത്തി. ദിനം പ്രതി പതിനായിരം പേർക്ക് ശരാശരി കുടി വെള്ളം ലഭ്യമാക്കിയതിന് ഗേറ്റുവേ ഓഫ് ഡിസ്കവറി ഇന്റർനാഷണലിന്റെ അന്തർദേശീയ അവാർഡ്, ഹാസ്യ സാഹിത്യത്തിനുള്ള അക്ഷയ ദേശീയ അവാർഡ്, ഏറ്റവും നല്ല വീഡിയോ സ്ക്രിപ്റ്റിനുള്ള സ്റ്റേറ്റ് റിസോഴ്സസ് അവാർഡ്‌, സമഗ്രസംഭാവനകൾക്ക് "ദേശമിത്ര" അവാർഡ് എന്നിവ നേടിയിട്ടുണ്ട്. എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും അറിയപ്പെടുന്നു. വാട്ടർ ഡിവൈനറും പെന്തോളജിസ്റ്റും ഗ്രാഫോളജിസ്റ്റും കൂടിയാണ്.
കരിങ്കൽപാറകളിൽ പോലും ജലത്തിന്റെ ലഭ്യത കണ്ടു പിടിക്കാനുള്ള ഒരു അപൂര്‍വ കഴിവുള്ള വ്യക്തിയാണ് അബ്ദുള്ള സോണ. ആ കഴിവ് മറ്റുള്ള ചിലരാണെങ്കില്‍ മതത്തിലെ അന്ധവിശ്വാസം കൂട്ടിചേര്‍ത്ത് ജനങ്ങളെ പറ്റിക്കുമായിരുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ വാക്കിലും പ്രവര്‍ത്തിയിലും എന്നെപ്പോലെ പടവാളോങ്ങുന്ന സോണ വക്കീൽ അക്കാര്യത്തിൽ നമുക്കൊക്കെ മാതൃകയാണ്. അങ്ങിനെ എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖപ്രതിഭയാണ് സോണ വക്കീൽ.
ഞാൻ ഉപഭോക്തൃകോടതിയിൽ വെച്ചു തുടങ്ങിയ ബന്ധം ഒരു നിമിത്തമായിരുന്നു. ആ ബന്ധം ഇരുപത് വർഷമായി ഞങ്ങൾ തുടരുന്നു, ഒരു കുടുംബബന്ധം പോലെ. ഞാൻ ഫേസ് ബുക്കിൽ രചനകൾ പോസ്റ്റ്‌ ചെയ്തു തുടങ്ങിയത് 2012 മുതലാണ്‌. അന്ന് ഞാനെഴുതിയ കഥയ്ക്ക് അദ്ധേഹം എഴുതിയ കമന്റ്‌ ശെരിക്കും എനിക്കിഷ്ടപ്പെട്ടു. എന്റെ കാഴ്ചപ്പാടിൽ അതൊരു ഉപദേശവും പ്രാർത്ഥനയുമായിരുന്നു. 'ഷെരീഫിന്റെ സാഹിത്യ രചനകൾ കൂമ്പടയാതെ നോക്കണം' എന്ന്. എന്റെ സഹോദര തുല്ല്യനായ സോണ വക്കീലെ അങ്ങയുടെ ഉപദേശം, പ്രാർത്ഥന ഇത് വരെ എനിക്ക് ലഭിച്ചിട്ടുണ്ട്.
ഇത്രയധികം തിരക്കുള്ള അദ്ധേഹം എന്റെ മൂന്ന് മക്കളുടെയും കല്യാണത്തിന് ആൽമാർത്തമായി പങ്കെടുത്തത് ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത കാര്യമാണ്. ഞങ്ങൾക്ക് രണ്ടു പേർക്കുമുള്ള സോഷ്യൽ മീഡിയയിലൂടെയുള്ള സാഹിത്യരചനകൾ ഞങ്ങളെ ഒന്ന് കൂടെ അടുപ്പിച്ചു. കുറച്ചു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ഒരു ദിവസത്തേക്ക് മാത്രമായി തൃശ്ശൂർ വന്ന അദ്ധേഹത്തിന്റെ ഫോൺ കാൾ വന്നപ്പോൾ ഞാൻ അയ്യന്തോളിലുള്ള അദ്ധേഹത്തിന്റെ വസതിയിൽ ചെന്നു. ഉച്ചക്ക് രണ്ടു മണിക്കാണ് ഞാനവിടെ എത്തിയത്. ഉച്ചയുറക്കത്തിലായിരിക്കുമെന്ന് കരുതി ബെല്ലടിക്കാതെ ഞാൻ ടൌണിലേക്ക് എന്റെ ബന്ധുവായ ഒരു ഉദ്യോഗസ്ഥനെ കാണാൻ പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അദ്ധേഹത്തിന്റെ ഫോൺ വന്നു. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള CCTV ക്യാമറയിലൂടെ എന്നെ കണ്ടത് കൊണ്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. തിരിച്ചു ചെന്ന് സോണവക്കീലിനോടോപ്പം ചിലവഴിച്ച രണ്ടു മണിക്കൂർ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. അവിടെ അദ്ദേഹം വക്കീലായല്ല, മറിച്ച് സാഹിത്യകാര്യങ്ങളും മറ്റുമായിരുന്നു ഞങ്ങളുടെ സംസാരവിഷയം. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും കാണാമെന്ന് പറഞ്ഞു യാത്ര പറയുമ്പോൾ അദ്ധേഹത്തിന്റെ ഒരു പുസ്തകം -  സ്വപ്ന നിഘണ്ടു - അദ്ധേഹം ഒപ്പിട്ട് എനിക്ക് തന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അമൂല്യ നിധിയായി ഞാനത് സൂക്ഷിക്കും.
സോണ വക്കീലിന്നും ഭാര്യ ഷീലക്കും മകൾ ഡോക്ടർ നീതുവിനും (IAS) മരുമകൻ പ്രൊഫസർ എം.എ. റഹ്മാനും സകല ആയൂരാരോഗ്യത്തിനായും നമ്മുടെ ഈ ബന്ധം നമ്മുടെ മരണം വരെ ഉണ്ടാവണമെന്നും ഞാനും കുടുംബവും പ്രാർഥിച്ചു കൊണ്ട് ഈ ലേഖനം നിറുത്തുന്നു.