Monday 29 February 2016

ഗൃഹാതുരത്വം (കഥ) - അവസാനഭാഗം

ഗൃഹാതുരത്വം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ചെറിയ മയക്കത്തിൽ നിന്നും ഞാനുണർന്നു. ചുറ്റും ഹെഡ്മാസ്റ്റരും മറ്റുള്ളവരും അൽബുദസ്തബ്ധരായി നിൽക്കുകയാണ്. ആ നിശ്ശബ്ധതക്ക് വിരാമമിട്ടുകൊണ്ട് ഹരിയേട്ടൻ വിളിച്ചു 'രേണുകയല്ലേ?'
പരിസരം മറന്ന് കൊണ്ട് ഞാൻ മറുപടി കൊടുത്തു 'അതെ ഹരിയേട്ടാ, ഹരിയേട്ടൻ ഉദ്ദേശിച്ച രേണുക തന്നെയാണ് ഞാൻ'
ചുറ്റും കൂടിയവർക്ക് ഒന്നും മനസ്സിലായില്ല.
ഹരിയേട്ടൻ പുറത്തേക്ക് പോയി.
ആ ജിജ്ഞാസക്ക് അറുതിവരുത്താൻ മലയാളം മാസ്റ്റെർ ചോദിച്ചു 'എന്താണ് രേണുക സംഭവം?'
ഞാൻ ഞങ്ങളുടെ കഥ പറഞ്ഞു തുടങ്ങി.
'ഞങ്ങൾ ഈ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ഞങ്ങളുടെ കൃഷി സ്ഥലങ്ങളിലെ പണിക്കാരിൽ ഒരാളായിരുന്നു ഹരിയേട്ടന്റെ അച്ഛൻ. എന്തോ ഞങ്ങൾ അടുത്തു. അതിന്ന് എതിർപ്പുണ്ടാവുക സ്വാഭാവികമാണല്ലോ? ഞങ്ങൾക്കുള്ള എതിർപ്പ് വളരെ വലുതായിരുന്നു. ചുരുക്കത്തിൽ ചില സിനിമകളിൽ കാണുന്ന പോലെ. എനിക്ക് അച്ഛനെ ഭയങ്കര പേടിയാണ്. അമ്മയോട് വിവരം പറഞ്ഞു. അച്ഛനെ നിനക്കറിയൂലെ, കൊല നടക്കും, നമ്മുടെ ജാതിക്കാരനല്ലാത്ത ഒരാളുമായുള്ള വിവാഹം ആലോചിക്കാൻ വയ്യ. എന്നാണ് അമ്മ പറഞ്ഞത്?'
'അല്ല,നിങ്ങൾ ഒരു ജാതിക്കാരല്ലേ?' ഏതോ ടീച്ചറാണ് അത് ചോദിച്ചത്.
'ടീച്ചർ ചോദിച്ചത് ശെരിയാണ്. പക്ഷെ, ഇവിടെ ഞങ്ങൾ രണ്ടു പേരും ഹിന്ദുക്കൾ തന്നെയാണ്. പക്ഷെ, അച്ഛൻ പറയുന്നത് ഞങ്ങളൊക്കെ ഉയർന്നജാതിക്കാരും അവരൊക്കെ താഴ്ന്നജാതിക്കാരുമാണെന്നാണ്'
'എന്നിട്ട് പിന്നെ എന്തുണ്ടായി?' ആരോ ചോദിച്ചു
'കോയമ്പത്തൂരിൽ പഠിച്ചു കൊണ്ടിരുന്ന എന്നെ ഒരു കോടീശ്വരന് വിവാഹം കഴിപ്പിച്ചു കൊടുത്തു. വളരെയധികം പ്രായമുള്ള ഒരു ബംഗാളി. ഉമേഷ്‌ ചൗധരി. അന്ന് മുതൽ ഞാൻ കൽക്കട്ടയിലാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ.'
പുറത്ത് നല്ല മഴക്കുള്ള ലക്ഷണം കാണുന്നു. എന്റെ മനസ്സ് നാനാവിധ വികാരങ്ങൾ കൊണ്ട് കലുഷിതമായി. ജീവിതം ഒരു നാടകമാണെന്ന് പറയുന്നത് എത്ര ശെരിയാണ്. നമ്മളൊക്കെ അതിലെ നടീനടന്മാരാണല്ലോ?
'രേണുകേച്ചിക്ക് വിഷയം സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട' ആരോ പറഞ്ഞു
അവർക്ക് എന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം അറിയണമെന്ന് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. എനിക്കും അത് എന്നെ ഇഷ്ടപ്പെടുന്നവരോട് പറയാൻ വളരെ സന്തോഷമാണ്. നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും പറയുമ്പോൾ നമ്മുടെ മനസ്സിന് കുറച്ച സമാധാനം കിട്ടുമല്ലോ? എന്നാൽ മറ്റു ചിലരുണ്ട്. അങ്ങിനെയുള്ളവർ നമ്മുടെ വിഷമങ്ങളെല്ലാം ശ്രദ്ധയോടെ കേൾക്കും. ദു:ഖം അഭിനയിക്കും എന്നിട്ട് മനസ്സിൽ സന്തോഷിക്കും.
'ഇല്ല, ഒരു വിഷമവുമില്ല. ഞാനെല്ലാം പറയാം.' എന്ന് പറഞ്ഞ് ഞാൻ തുടർന്നു 'ഞങ്ങൾ രാജകീയമായ ജീവിതമാണ് അവിടെ ജീവിച്ചത്. പക്ഷെ, അതൊരു നീണ്ട പക്ഷേയാണ്. വർഷങ്ങൾ ഒരു പാടായിട്ടും ഞങ്ങൾക്ക് കുട്ടികളുണ്ടായില്ല. ഡോക്ടറെ കാണാമെന്ന് ഞാൻ പറഞിട്ടും അദ്ദേഹം സമതിച്ചില്ല. ഒടുവിൽ ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞു, അദ്ധേഹത്തിനു കുട്ടികൾ ഉണ്ടാവില്ലെന്ന്. ഇതിനിടെ എന്റെ അച്ചൻ മരിച്ചു.'
'ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണമാണ് രേണുക'. ഹെഡ്മാസ്റ്റെർ ആണത് പറഞത്.
ഉപദേശങ്ങൾ കൊടുക്കാൻ എളുപ്പമാണ്. പക്ഷെ, പ്രാവർത്തികമാക്കാനാണ് പ്രയാസം. യാതൊരു ചിലവുമില്ലാത്ത വാരിക്കോരി കൊടുക്കാവുന്ന ഒന്നാണല്ലോ ഉപദേശം എന്നത്?
'എനിക്ക് വാരിക്കോരി സ്നേഹം തന്നിരുന്നു. അങ്ങിനെ വർഷങ്ങൾക്കു ,ശേഷം രണ്ട് വർഷം മുമ്പ് ചൗധരി മരിച്ചു. സ്വത്തുക്കൾ മുഴുവനും എന്റെ പേരിൽ എഴുതി വെക്കുകയും ചെയ്തു. അങ്ങിനെ നാട്ടിലേക്ക് വരുന്നതിന്നിടയിലാണ് ഞാനവിടെ കയറിയത്.'
ഒരു ശ്മശാനമൂകതയായിരുന്നു അവിടെ. കുറച്ചു കഴിഞ്ഞപ്പോൾ ഹരിയേട്ടൻ വന്നു.
ഇനിയും വരാമെന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോയി.
ഒരിക്കൽ സ്കൂളിൽ വെച്ച് ഹരിയെട്ടനെ കണ്ടു. എന്നെ പ്രേമിച്ചതിന്റെ പേരിൽ എന്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. കാല് തല്ലിയൊടിച്ചു. പിന്നീട് പഠിപ്പ് നിറുത്തി. ശേഷം സ്കൂളിൽ പ്യൂണ്‍ ആയി ജോലിയിൽ കയറി. ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെ ഹരിയേട്ടൻ പറഞ്ഞു. കൂടുതൽ കേൾക്കാനുള്ള ത്രാണി എനിക്കില്ലായിരുന്നു.
അതിന്നു ശേഷം ഞാൻ എന്റെ ഭാവിയെപ്പറ്റി ആലോചിച്ചു ഒരു തീരുമാനമെടുത്തു. അതിന്റെ വരുംവരായ്കകളെപറ്റി ആലോചിച്ചില്ല. ഞാൻ പലപ്പോഴായി സ്കൂൾ സന്ദർശിച്ചു കെട്ടിടനിര്മാണം കണ്ടു സന്തോഷിക്കാറുണ്ടായിരുന്നു.
ഒരു ദിവസം ഹെഡ്മാസ്റ്ററോട് ഞാൻ എന്റെ വിഷയം പറഞ്ഞു.
'മാഷെ ഞാനെന്റെ ജ്യേഷ്ഠസഹോദരനായി കണ്ടു കൊണ്ട് ഒരു കാര്യം പറയട്ടെ. ഒരിക്കലും ഞാൻ സംഭാവന തന്ന ആളാണെന്ന് കരുതി തീരുമാനം പറയരുത്'. ഞാൻ മുഖവുരയായി കാര്യങ്ങൾ പറഞ്ഞു.
'ശെരി, എന്നാലാവുന്ന തരത്തിൽ ആ പറഞ്ഞ സ്ഥാനത്ത് നിന്ന് കൊണ്ട് ചെയ്തോളാം.' മാസ്ടരുടെ ആ മറുപടി എനിക്ക് സന്തോഷമായി.
'എനിക്ക് ഹരിയെട്ടന്റെ ഭാര്യയായാൽ കൊള്ളാമെന്നുണ്ട്. അതിന്ന് വേണ്ടിയുള്ളതെല്ലാം ഹരിയെട്ടനുമായി ആലോചിച്ചു ചെയ്യാമോ?' ഞാനെന്റെ ആവശ്യം അറിയീച്ചു.
ഹരിയുമായി ആലോചിച്ച് അറിയീക്കാമെന്നു മാസ്റ്റെർ പറഞ്ഞു.
കുറച്ചു ദിവസങ്ങള്ക്ക് ശേഷം ഹെഡ്മാസ്റ്റെർ എന്റെ വീട്ടിൽ വന്നു. എന്റെ ബന്ധുക്കാരെ വിളിച്ച് ഹരിയെട്ടന്ന് വിവാഹത്തിന്ന് താത്പര്യം ആണെന്നും വിവാഹം കഴിഞ്ഞാലും ഒരു കൃഷിക്കാരനായ് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
അങ്ങിനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. യാതൊരു ആർഭാടവുമില്ലാതെയാണ് കല്യാണം നടന്നത്. അനാഥശാലകളിലെയും വൃദ്ധസദനത്തിലെയും അന്തേവാസികൾക്ക് ഭക്ഷണം കൊടുത്തു.
--------------------------------
മേമ്പൊടി: 
ചേരേണ്ടത് ചെരേണ്ടിടത്ത് തന്നെ ചേരും, കുറച്ചു വൈകിയിട്ടാണെങ്കിലും. അതാണ് ദൈവനിശ്ചയം
നന്ദി: ഇങ്ങിനെയൊരു കഥ നെമ്മാറയുടെ പാശ്ചാത്തലത്തിൽ എഴുതാൻ എന്നോടാവശ്യപ്പെട്ട അബ്ദുൽ ജബ്ബാറിന്നും എല്ലാ നെമ്മാറക്കാർക്കും

ഗൃഹാതുരത്വം (കഥ) - ആദ്യഭാഗം

ഗൃഹാതുരത്വം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


ആലത്തൂർ നിന്നും പുറപ്പെട്ട് കിനിശ്ശേരി വഴി കിളിയല്ലൂർ കടന്ന് എന്റെ വാഹനം വല്ലങ്ങി ശിവക്ഷേത്രത്തിന്നടുത്തെത്തിയപ്പോൾ ഒന്ന് സ്ലോ ചെയ്യാൻ ഡ്രൈവറോട് പറഞ്ഞു. അവൻ അപ്രകാരം ചെയ്തു. കുറച്ച് നേരം ഞാൻ ക്ഷേത്രത്തിലേക്ക് നോക്കി നിന്നു. ചെറുപ്പത്തിൽ എത്രയോ പ്രാവശ്യം ഈ ക്ഷേത്രത്തിലെ വേലയ്ക്കു വന്നിട്ടുണ്ട്. അന്നൊക്കെ ഓണവും വിഷുവും കഴിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്ന ഒന്നാണ് വല്ലങ്ങി വേല.
വഴിയാത്രക്കാർ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഒരുപാട് വർഷത്തിന്ന് ശേഷമാണല്ലോ നാട്ടിലേക്ക് വരുന്നത്. മിക്കവർക്കും എന്നെ മനസ്സിലാവാൻ വഴിയില്ല.
വീണ്ടും ഞാൻ വണ്ടിയിൽ കയറി. ഞാൻ പഠിച്ച സ്കൂളിലേക്ക് വണ്ടി വിടാൻ പറഞ്ഞു. നെമ്മാറ ആകെ മാറിയിരിക്കുന്നു. ഞാൻ താമസിച്ചിരുന്ന തോട്ടംകുളം ഭാഗം എത്ര മാറ്റമാണ്. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ചെന്ന് തൊഴുതു. കാണിക്കയിട്ടു.
ഞാൻ പഠിച്ച സ്കൂളിന്നു വലിയ മാറ്റമൊന്നുമില്ല. ആരേയും പരിചയമില്ല. ഹെഡ് മാസ്റ്ററുടെ റൂമിൽ ചെന്നു.
'സാർ ഞാനീ വിദ്യാലയത്തിലെ ഒരു പൂർവവിദ്യാര്തിനിയാണ്. പേര് രേണുക. ഞാനീ സ്കൂളിലെ ഗേറ്റ് കടക്കുന്നത് വരെ എന്റെ വയസ്സ് 52. സ്കൂളിൽ എത്തിയപ്പോൾ എന്റെ വയസ്സ് 16'
'രേണുക പറഞ്ഞത് ശെരിയാണ്. വിദ്യാലയങ്ങൾ അത് ജീവിതത്തിൽ എല്ലാവര്ക്കും മറക്കാൻ പറ്റാത്ത അനുഭവമാണ്'
അദ്ധേഹത്തിന്നു എന്റെ വാക്ക് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അല്ലെങ്കിലും അദ്ധേഹവും പണ്ടൊരു വിദ്യാർഥിയായിരുന്നല്ലോ.
'സാർ, ഞാനിവിടെ വന്നത് ഞാൻ പഠിച്ച എന്റെ ക്ലാസ് മുറികൾ കണ്ടു പഴയ കാലം അയവിറക്കാനായിരുന്നു. പക്ഷെ, കേരളം മുഴുവനും എത്രയോ മണിമന്ദിരങ്ങളും നല്ല നല്ല റോഡുകളും ഷോപ്പിംഗ്‌ മാളുകളും പണിയുന്നു. നമ്മൾ പഠിച്ച നമ്മെ വിദ്യ അഭ്യസിപ്പിച്ച സ്കൂളുകൾ മാത്രം ഇന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അത് കൊണ്ട് ഈ സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എത്ര ചിലവ് വേണമെങ്കിലും നമുക്ക് ഉണ്ടാക്കാം. എന്റെ വകയായി നാല്പത് ലക്ഷം രൂപ ഇപ്പോൾ തന്നെ ഞാൻ തരുന്നു.'
ഹെഡ്മാസ്റ്റെർ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു. അദ്ധേഹം എന്നെ പറ്റി എന്തോ ചിന്തിക്കുന്നതായി തോന്നി. ഒരു പക്ഷെ ഞാനൊരു മാനസീകരോഗിയാണെന്ന് തോന്നുന്നുണ്ടാവാം. അല്ലെങ്കിൽ ഞാനൊരു ഫ്രോട് ആണെന്നോ കരുതാം. മാസ്റ്റർ മറ്റു മാസ്റ്റർമാരെയും സ്റ്റാഫിനെയും വിളിച്ചു വരുത്തി ഈ സന്തോഷവർത്തമാനം അറിയീച്ചു.
അവർക്കും ഇതൊരു അൽബുദമായി തോന്നിയെന്ന് അവർ സൂചിപ്പിക്കുകയും ചെയ്തു. ഒരു പൂർവവിദ്യാർഥി പെട്ടെന്ന് സ്കൂളിലേക്ക് വരിക. ചോദിക്കാതെ തന്നെ ലക്ഷങ്ങൾ സംഭാവന കൊടുക്കുക. തീർച്ചയായും അൽബുദപ്പെട്ടില്ലെങ്കിലെ അതിശയമുള്ളൂ.
'മേഡത്തിനെ ഒന്ന് സ്വയം പരിചയപ്പെടുത്താമോ?' അടുത്തുണ്ടായിരുന്ന ഏതോ ഒരു ടീച്ചറാണത് ചോദിച്ചത്.
'എന്നെ മാഡം എന്നൊന്നും വിളിക്കണ്ട. എന്റെ പേര് രേണുക. ഇപ്പോൾ രേണുക ചൗധരി. അച്ഛന് നാട്ടിൽ ഒരു പാട് നിലങ്ങളും പറമ്പുകളും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ സ്ഥലങ്ങൾ മുതലമടയിൽ ആയിരുന്നു.'
അങ്ങിനെ ഞാൻ കോയമ്പത്തൂർ കോളേജിൽ പഠിക്കുമ്പോൾ എന്നെ വളരെയധികം പ്രായമുള്ള കോടീശ്വരനായ ബംഗാളിയായ ഒരു വൃദ്ധന് വിവാഹം കഴിച്ചു കൊടുത്തു. എല്ലാവരും ആ വിവാഹം എതിർത്തു. പക്ഷെ, അച്ഛന്റെ മുമ്പിൽ ആർക്കും എതിർപ്പ് പറയാനുള്ള ത്രാണിയുണ്ടായിരുന്നില്ല. അങ്ങിനെ വിവാഹം കഴിഞ്ഞു ഞാൻ ബംഗാളിലേക്ക് പോയി. പിന്നെ വല്ലപ്പോഴുമേ നാട്ടിലേക്ക് വരാറുള്ളൂ'.
'രേണുകേച്ചി, ഈ സംഭാവന ഒരു ഗംഭീര സദസ്സിൽ വെച്ച് കൊടുക്കുകയാണെങ്കിൽ ചേച്ചിക്ക് ഒരു പ്രശസ്തി കിട്ടില്ലേ?' ഏതോ ഒരു ടീച്ചറാണത് ചോദിച്ചത്.
'ഞാനീവക പൊങ്ങച്ചങ്ങൾ, പുകഴ്ത്തലുകൾ ഇഷ്ടപ്പെടുന്നില്ല. സദസ്സിൽ വെച്ച് പുകഴ്ത്തുക അപ്പോൾ ഭീമമായ തുക തരാമെന്ന് പ്രഖ്യാപിക്കുക. അത്തരം കാര്യങ്ങൾ എനിക്കിഷ്ടമല്ല' ഞാനെന്റെ നയം വ്യക്തമാക്കി.
'രേണുക, എന്നാണിനി ബംഗാളിലേക്ക് തിരിച്ചു പോകുന്നത്?'. ഹെഡ്മാസ്റ്റർ ചോദിച്ചു.
'ഇല്ല ഇനി അടുത്തൊന്നും ബംഗാളിലേക്ക് പോകുന്നില്ല. ചിലപ്പോൾ തീരെ പോയില്ലെന്നും വരാം'.
എന്റെ മറുപടി കേട്ടപ്പോൾ അവർക്കെല്ലാം എന്നെ പറ്റി സംശയം കൂടിയെന്ന് അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.
'എനിക്ക് ഞാൻ പഠിച്ച ക്ലാസ് മുറി ഒന്ന് കാണണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ....' ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.
എന്റെ കൂടെ രണ്ടു ടീച്ചർമാർ വന്നു.
ക്ലാസ് റൂമിൽ ചെന്ന് ഞാൻ ഇരിക്കാറുള്ള ഭാഗത്തെ ബെഞ്ചിൽ ഇരുന്നു. ഒരു നിമിഷം കണ്ണടച്ചു.
പഴയകാലത്തെ ഓർമകൾ ഓടിയെത്തി. കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും ഹെഡ്മാസ്റ്ററുടെ റൂമിലേക്ക്‌ പോയി.
'രേണുകക്ക് ചായ ആവാം അല്ലെ?' ഹെഡ് മാസ്റ്റർ ചോദിച്ചു.
ആവാം എന്ന് ഒറ്റ വാക്കിലായിരുന്നു മറുപടി.
'മധുരത്തിന്റെ പ്രശ്നം വല്ലതും?'
'ദൈവാധീനം ഒരു അസുഖവുമില്ല'
ചായ കൊണ്ട് വരാൻ മാസ്റ്റർ ആർക്കോ നിർദേശം കൊടുത്തു.
ചായ കൊണ്ട് വന്ന ആളെ ഞാൻ ഒന്നേ നോക്കിയുള്ളൂ. അദ്ധേഹത്തിന്റെ കയ്യിൽ നിന്നും ചായ ഗ്ലാസ് താഴെ വീണുടഞ്ഞു. 'ന്റെ ഭഗവതീ' എന്ന് ആക്രോശിച്ച് കൊണ്ട് ഞാൻ മേശപ്പുറത്തേക്ക് തല ചായ്ച്ചു.
>>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും

Thursday 18 February 2016

ലണ്ടനിലെ പ്രേതം (കഥ)

ലണ്ടനിലെ പ്രേതം (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
-----------------------------------------
ആതിഥേയനെ എനിക്ക് മറക്കാൻ കഴിയില്ല. ലണ്ടനിലെ ഈസ്റ്റ്‌ ഫിഞ്ചെലിയിൽ ബ്രിട്ടീഷ് പൌരത്തമുള്ള ഈജിപ്തുകാരനായ ഡോക്ടർ റധ്വാൻ ആയിരുന്നു എന്റെ ആതിഥേയൻ. തണുപ്പ് വളരെ കൂടുതലുള്ള സമയത്തായിരുന്നു എന്റെ ലണ്ടൻ സന്ദർശനം. മിക്ക വീടുകളുടെയും കർട്ടനുകൾ തൂവെള്ള തുണികൊണ്ടുള്ളതായിരുന്നു. രാത്രിയിൽ വീടുകളിലേക്ക് നോക്കുമ്പോൾ വലിയ പേടിയാവാറുണ്ട്. എനിക്കാണെങ്കിൽ പ്രേതത്തിനെ തീരെ വിശ്വാസമില്ല, പകലാണെങ്കിൽ മാത്രം. രാത്രിയായാലും പേടിയില്ല, ഭയം മാത്രം ഉണ്ടാവാറുള്ളൂ. കാരണം പകലും രാത്രിയും വെളിച്ചത്തിൽ മുങ്ങിയ അബൂദാബി ആയിരുന്നുവല്ലോ പതിനെട്ട് വയസ്സ് മുതൽ എന്റെ പോറ്റമ്മ.
ക്രിസ്മസ് കരോൾ കാണാൻ ഡോക്ടർ ക്ഷണിച്ചു. കരോൾ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. യാത്രാക്ഷീണവും സഹിക്കാൻ പറ്റാത്ത തണുപ്പും കാരണം മനമില്ലാമനസ്സോടെ ഞാനത് ഉപേക്ഷിച്ചു.
അത്താഴം കഴിഞ്ഞ് ഡോക്ടറും കുടുംബവും കരോൾ കാണാൻ പോയി. അത്താഴം കഴിച്ചപ്പോഴാണ് എന്റെ ഭാര്യയുടെ ഭക്ഷണത്തിന്റെ രുചി ഓർമ വന്നത്. നല്ലവരായ ഡോക്ടറുടെ ഭാര്യ ഒരു ഫ്ലാസ്കിൽ നിറയെ ചായയും കഴിക്കാൻ സ്നാക്സും എന്റെ റൂമിലെ മേശപ്പുറത്ത് വെച്ചു.
ഉറക്കം വരുന്നില്ല. കുറച്ച് മുമ്പ് ക്രിസ്തീയ സഭയിലെ ഒരു വിഭാഗമായ ആങ്ക്ലിക്കൻചർച്ച്കാരുടെ പള്ളിയിൽ നിന്നും തന്ന ചില ബുക്കുകൾ വായിച്ചു. ഈ ആംഗ്ലിക്കൻചർച്ച്കാരുടെ അച്ചന്മാർക്ക് വിവാഹം കഴിക്കാമെന്നാണ് എന്റെ അറിവ്. ഞാൻ വെറുതെ കർട്ടൻ നീക്കി ആ പള്ളിയിലേക്ക് നോക്കി. പുറത്ത് നല്ല മഞ്ഞുണ്ട്. ചന്ദ്രികാചർച്ചിതമായ നിലാവുള്ള രാത്രി. പള്ളിയും വളരെ ഉയരത്തിലുള്ള കുരിശും കാണാം. അടുത്തുള്ള സെമിത്തേരിയിലേക്ക് ഞാൻ കണ്ണോടിച്ചു. ആ ശവകുടീരത്തിന്മേലുള്ള കുരിശ് വെട്ടി തിളങ്ങുന്നു. എത്രയോ മനുഷ്യർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചു.
റൂമിൽ ഹീറ്റെറിന്റെ മർമരശബ്ദം. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.
മേശപ്പുറത്ത് പുതിയ കോഫീയും. പല്ല് തേക്കാതെ പച്ചവെള്ളം പോലും ജീവിതത്തിൽ കഴിക്കാത്ത സ്വഭാവം ഉള്ളത് കൊണ്ട് പല്ല് തേപ്പും കുളിയും കഴിഞ്ഞ് വന്നപ്പോൾ ഡോക്ടർ എന്നെയും കൊണ്ട് യാത്രക്ക് റെഡി.
'നമുക്കൊരു ഔട്ടിങ്ങിന് പോകാം, തിരിച്ചു വരുമ്പോൾ ഒരു സിനിമക്കും പോകുകയും ചെയ്യാം. എന്താ ഷരീഫിന്റെ അഭിപ്രായം?' ഡോക്ടർ ചോദിച്ചു.
ഞാനെപ്പോഴേ തയ്യാർ. റൂമിൽ അടയിരിക്കാനല്ലല്ലോ ഇത്രയും ദൂരം വന്നത്. രാജ്യങ്ങൾ കണ്‍കുളിർക്കെ കാണുക, ആ നാട്ടിലെ ചരിത്രം പഠിക്കുക, അവയൊക്കെ ലേഖനമാക്കുക ഇതൊക്കെയാണല്ലോ എന്റെ ലക്ഷ്യം.
'ആയ്ക്കോട്ടെ' എന്ന് ഒഴുക്കൻ മട്ടിൽ ഞാന്‍ മറുപടി കൊടുത്തു.
ഞങ്ങൾ തീയ്യേറ്ററിലേക്ക് പോയി. കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ സിനിമയുടെ പേര് ഞാൻ നോക്കി. നാളെ ആരെങ്കിലും ചോദിച്ചാൽ പറയണമല്ലോ? THE EVIL'S DEATH.
ഡോക്ടറും കുടുംബവും ഇതേ പടം അഞ്ചാമത്തെ പ്രാവശ്യമാണത്രെ കാണുന്നത്. സൌണ്ട് സിസ്റ്റം വളരെ നല്ലതാണ്. ഇരിക്കുന്ന സീറ്റിന്റെ അടിയിലാണ് സ്പീക്കർ. എന്ത് മനോഹരമായ പടം. മനുഷ്യൻ ചെകുത്താനാവുന്നതും ശരീരം  പഴുത്ത് ചലവും രക്തവുമായി പുഴുവരിക്കുന്നതും കാണാൻ എന്ത് രസം.
വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഡോക്ടർ ചോദിച്ചു 'ഷെരീഫിന് പ്രേതങ്ങളിൽ വിശ്വാസമുണ്ടോ?'
'ഏയ്‌. അതൊക്കെ അന്ധവിശ്വാസമാണ്. തന്നെയല്ല, എന്നെ പ്രേതം കടിച്ച് രക്തം കുടിക്കില്ല' ഞാൻ നിസ്സാരഭാവത്തിൽ പറഞ്ഞു.
'അതെന്താ കാരണം?'
'എന്റെ ശരീരം കാണുമ്പോൾ തന്നെ വായയിൽ പോലും കൊള്ളാനുള്ള രക്തമില്ലെന്ന് മനസ്സിലാക്കി ഡ്രാക്കുള പോലും എന്നെ ശ്രദ്ധിക്കാതെ പോകും'
എന്റെ ഈ വളിപ്പ് കേട്ടിട്ട് ഏറ്റവുമധികം ചിരിച്ചത് ഡോക്ടറുടെ ഭാര്യയും മകളുമായിരുന്നു.
'അത് പോലെ എന്നെ കൊതുക് കടിക്കില്ല. കൊതുക് അതിന്റെ സിറിഞ്ച് പോലെയുള്ള കൊമ്പ് വെച്ച് കുത്തുമ്പോൾ ഈ എല്ല് മാത്രമുള്ള ശരീരത്തിൽ കൊള്ളുമ്പോൾ അതിന്റെ കൊമ്പ് ഒടിയും. അപ്പോൾ ആ ഉദ്യമത്തിൽ നിന്ന് മാറും'
ഇത് കേട്ടപ്പോൾ സ്വതവേ അധികം ചിരിക്കാത്ത ഡോക്ടർ പോലും ചിരിച്ചു.
അല്ല, ഷെരീഫിന് ഇന്നലെ ആ റൂമിൽ കിടന്നപ്പോൾ ഭയം വല്ലതുമുണ്ടായോ?' ഡോക്ടറുടെ ഭാര്യയുടെ ചോദ്യം
'ഇല്ല, ഒരു പേടിയുമുണ്ടായില്ല, എന്താ അങ്ങിനെ ചോദിക്കാൻ കാരണം?' ഞാൻ മറുചോദ്യം ചോദിച്ചു.
'ഒന്നുമല്ല, ഞങ്ങൾ ആ വീട് വാങ്ങുന്നതിന്ന് മുമ്പ് ആ മുറിയിൽ ഒരു സ്ത്രീ ആൽമഹത്യ ചെയ്തിട്ടുണ്ട്' ഡോക്ടറാണ് മറുപടി പറഞ്ഞത്.
എനിക്ക് കുറേശ്ശെ വിറക്കാൻ തുടങ്ങി. ഒരു ആൽമഹത്യ ചെയ്ത മുറിയിൽ ഞാൻ ഒറ്റയ്ക്ക് താമസിച്ച കാര്യം ആലോചിക്കുമ്പോൾ ഭയം കൂടി വന്നു.
യാത്രയെല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഡോക്ടർ എന്നോട് പറഞ്ഞു 'ഷെരീഫിന് ആ റൂമിൽ താമസിക്കാൻ പേടിയുണ്ടെങ്കിൽ ഞാനൊരു ഹോട്ടൽ ബുക്ക്‌ ചെയ്ത് തരാം'.
'അത് വേണ്ട ഡോക്ടർ' എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ എന്നാൽ ആ റൂമിൽ ഉറങ്ങേണ്ടെന്നും ഡോക്ടറും ഭാര്യയും ആ റൂമിൽ കിടന്നോളാമെന്നും എന്നോട് ഡോക്ടറുടെ റൂമിൽ കിടന്നോളാനും പറഞ്ഞു. ഞാൻ വേണ്ടെന്നു പറഞ്ഞില്ല.
അന്ന് തീരെ ഉറക്കം വന്നില്ല. പുറത്തേക്ക് നോക്കുമ്പോൾ സെമിത്തേരിയിലെ കല്ലറ തുറന്ന് പ്രേതങ്ങൾ എന്നെ ലക്ഷ്യമാക്കി വരുന്നതാണ് കണ്ടത്. തൂവെള്ള ഫ്രോക്ക് ആണ് അവരുടെ വേഷം. കേരളത്തിലായിരുന്നെങ്കിൽ വെള്ള സാരിയാവുമല്ലോ. പേടിച്ചത് കൊണ്ട് ഇംഗ്ലീഷ് മറന്നു. മലയാളത്തിൽ തന്നെ ഞാൻ കരഞ്ഞു. 'ബദരീങ്ങളെ രക്ഷിക്കണേ....'
ബദർ യുദ്ധത്തിൽ വെച്ച് നബിയും ബദരീങ്ങളും നെരിട്ട് അല്ലാഹുവിനോടാണ് സഹായം തേടിയതെന്ന കാര്യം ഒരു നിമിഷം ഞാൻ മറന്നു.
എന്റെ അട്ടഹാസം കേട്ട് ഡോക്ടറും ഭാര്യയും കൂടി റൂമിലേക്ക്‌ വന്നു.
ഞാൻ കരയാനുണ്ടായ കാര്യം പറഞ്ഞു.
'ഷെരീഫ്, അത് എന്റെ ഭാര്യ പള്ളിയിൽ പോയി വന്നതാണ്. കൂട്ടത്തിൽ അവരുടെ അപ്പന്റെ കല്ലറയിൽ പോയതാണ്'. ഡോക്ടർ കാര്യം പറഞ്ഞു.
സമാധാനമായി. അപ്പോഴാണ്‌ ഞാനൊരു കാര്യം ഓർത്തത്. ഡോക്ടറുടെ ഭാര്യ ഇംഗ്ലീഷുകാരിയായ ഒരു ക്രിസ്തീയ മതവിശ്വാസിയാണ്.
'ഷെരീഫ്, എനിക്കും പ്രേതങ്ങളെ പേടിയായിരുന്നു. ഇപ്പോൾ 19 വർഷമായി പ്രേതങ്ങളെ പേടിയില്ല' ഡോക്ടർ അറബി ഭാഷയിൽ എന്നോട് പറഞ്ഞു.
'അതെന്താ അങ്ങിനെ?' എന്ന എന്റെ ചോദ്യത്തിനു ഡോക്ടറുടെ ഭാര്യ കാതറിൻ ആണ് ഇംഗ്ലീഷിൽ മറുപടി പറഞത് 'ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 19 വർഷം കഴിഞ്ഞു'.
ഡോക്ടറുടെ കൂടെ കുറേ നാളായത് കൊണ്ട് അറബി കേട്ടാൽ മനസ്സിലാക്കാൻ കാതറീന് കഴിയും.
ഞങ്ങളെല്ലാം ഡോക്ടറുടെ തമാശയിൽ ഉള്ളറിഞ്ഞ് ചിരിച്ചു. അതിൽ ഏറ്റവും രസാവഹമായത് ഏറ്റവും കൂടുതൽ ചിരിച്ചത് കാതറിൻ ആയിരുന്നു.
---------------------------------------------------
മേമ്പൊടി:
എന്ത് കൊണ്ട് ഗൾഫിൽ പ്രേതങ്ങൾ ഇല്ല, അവിടെ പ്രേതങ്ങളെ ആവാഹിച്ച് ഏഴിലം പാലയിൽ ആണിയടിച്ച് സംഹരിക്കുന്നില്ല?