പട്ടുപാവാടയുടെ നൊമ്പരം (നീണ്ടകഥ) ഭാഗം 1
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
ആകെയുള്ള തന്റെ മകൾക്ക് സുഖമില്ലെന്ന വിവരം
ടെലെഫോണിലൂടെ അറിഞ്ഞിട്ടു മൂന്ന് ദിവസമായി. പല പ്രാവശ്യം വിഷയം മേനെജർ മഹമൂദ്
ഖലീൽ സാറിനോട് പറഞ്ഞു. ഷൈഖിനൊട് സംസാരിച്ചെന്നും ഇപ്പോൾ പോകാൻ പറ്റില്ലെന്ന് ഷൈഖ്
പറഞ്ഞെന്നും ആയിരുന്നു സാറിന്റെ മറുപടി. തനിക്കു ആകെ ഒരു മകളെയുള്ളൂ. അവൾ രണ്ടാം
ക്ലാസിൽ പഠിക്കുന്നു. ആറ് വയസ്സായി. കഴിഞ്ഞ വരവിൽ അവൾ ആവശ്യപ്പെട്ടതരത്തിലുള്ള
പട്ട്പാവാടയും അതിന്റെ ബ്ലൗസും വാങ്ങി വെച്ചിട്ട് എത്ര നാളായെന്നോ. എന്തൊരു
പരീക്ഷണമാണ് ദൈവമേ, എനിക്കെന്റെ മകളെ കാണാൻ
കൊതിയാകുന്നു. അവൾക്ക് സുഖമില്ല എന്ന് മാത്രമേ ഫോണിലൂടെ പറഞ്ഞുള്ളൂ. എന്താണ് അസുഖം
എന്ന് വ്യക്തമായി പറഞ്ഞില്ല. മനസ്സിന്നൊരു വേവലാതി. നാട്ടിൽ നിന്ന് വന്നിട്ട്
രണ്ട് വർഷം ആകുന്നു. മേനെജരുടെ ഓഫീസ്സിലാണ് പാസ്പോർട്ട്. വിസ പുതുക്കാത്തത് കൊണ്ട്
യാത്ര ചെയ്യാൻ പറ്റുകയുമില്ല.
ഒന്ന് കൂടെ മേനെജരെ ചെന്ന് കാണാം എന്ന് കരുതി ഓഫീസിൽ
ചെന്നു. കുറച്ചധികം നേരം കാത്തു നിന്നിട്ടാണ് ഖലീൽ സാറിനെ കാണാൻ കഴിഞ്ഞത്.
അദ്ദേഹം എന്റെ മുന്നിൽ വെച്ച് തന്നെ ഷൈഖിനു ഫോണ്‍ ചെയ്തു. എന്റെ എല്ലാ വിവരങ്ങളും
മകളുടെ അസുഖവും സാർ ഷൈഖിനോട് പറഞ്ഞു. ഫോണ്‍ സംസാരം അവസാനിപ്പിച്ചിട്ടു സാർ എന്നോട്
ദു:ഖത്തോടെ പറഞ്ഞു 'നോക്കൂ സോമൻ, ഇപ്പോൾ ലീവ് കൊടുക്കേണ്ട വർക്ക്‌ഷോപ്പിൽ സ്റ്റാഫ് കുറവാണ്
എന്നാണു ഷൈഖ് പറഞ്ഞത്'
ഷൈഖിനോട് എനിക്ക് ദേഷ്യം തോന്നി. പക്ഷെ ഒന്നും പറയാൻ
പറ്റില്ലല്ലോ? അവരുടെ രാജഭരണമല്ലേ?
എന്തായാലും വരുന്നത് വരട്ടെ. തൂക്കികൊന്നാലും ജയിലിൽ
അടച്ചാലും വേണ്ടില്ല, ഷൈഖിനെ കാണാൻ തന്നെ
തീരുമാനിച്ചു. അദ്ദേഹം പാലസിലുള്ളപ്പോൾ പാലസിന്റെ പുറത്തുള്ള കാരവൻ പള്ളിയിലാണ്
നിസ്കരിക്കുക എന്നറിയാവുന്നതു കൊണ്ട് സന്ധ്യനേരത്തുള്ള നിസ്കാരത്തിന്റെ സമയത്ത്
ഞാൻ പാലസിന്റെ ഗൈറ്റിന്റെ മുമ്പിൽ കാത്തു നിന്നു. വിചാരിച്ച പോലെ ഷൈക്കും
പരിവാരങ്ങളും കൂടെ നിസ്കരിക്കാൻ പള്ളിയിലേക്ക് പോയി. അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ
പെടാതിരിക്കാൻ ഞാൻ മാറി നിന്നു. നിസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം പുറത്തു വന്നു.
എന്നെ കണ്ടു. അടുത്തേക്ക് വിളിച്ചു. പേടിച്ചു കൊണ്ട് ഞാൻ അദ്ധേഹത്തിന്റെ അടുത്ത്
ചെന്നു.
അപ്പോഴാണ് ഖലീൽ സാറിന്റെ വരവ്. ഖലീൽ സാർ എന്നോട്
ഷൈഖിന്റെ അടുത്ത് പോകേണ്ടെന്നു കണ്ണ് കൊണ്ട് ആങ്ങ്യം കാണിച്ചു. ഞാൻ അത് കണ്ടിട്ടും
കണ്ടില്ലെന്ന ഭാവത്തിൽ ഭവ്യതയോടെ ഷൈഖിന്റെ അടുത്തേക്ക് ചെന്നു.
(ഞങ്ങൾ ഇംഗ്ലീഷിൽ ഇത്തരത്തിൽ സംസാരിച്ചു)
'സോമൻ, എന്താ കാര്യം?' എന്നെ കണ്ടപ്പോൾ ഷൈഖ് ചോദിച്ചു.
'ഷൈഖ് സാർ എന്റെ മകൾ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ
അഡ്മിറ്റ് ആണ്, എനിക്ക് നാട്ടിൽ പോകാൻ അനുവാദം തരണം' എങ്ങിനെയോ അത്രയൊക്കെ പറയാനേ കഴിഞ്ഞുള്ളു. കടിച്ചമർത്തിയ
ദു:ഖം അണപൊട്ടിയൊഴുകി.
'കരയല്ലേ സോമൻ, എല്ലാത്തിനും
വഴിയുണ്ടാക്കാം. ഖലീലിനോട് പറയാമായിരുന്നില്ലേ?'
'ഞാൻ പലവട്ടം പറഞ്ഞു സാർ...'
'അവൻ ഇത് വരെ എന്നോട് ഈ വിഷയം പറഞ്ഞിട്ടില്ലല്ലോ?'
'നീ എന്തേ ഇത് വരെ ഈ വിഷയം പറഞ്ഞില്ല' ഷൈഖ് ദേഷ്യത്തോടെ ഖലീലിനോട് ചോദിച്ചു
'അവൻ ഹിന്ദുവാണ്, മുസ്ലീമല്ല' ഇതായിരുന്നു ഖലീലിന്റെ മറുപടി.
'അവൻ ഹിന്ദുവാണ്, ഞാൻ
മുസ്ലീമാണ്. ഞങ്ങളൊക്കെ മനുഷ്യരാണ്. നീ മൃഗവും. വെറുതെയല്ല നിന്നെ പോലെയുള്ളവർക്ക്
വീടും നാടും ഇല്ലാത്തത്. നിങ്ങളുടെ നാട്ടുകാരിൽ തന്നെ എത്രയോ ആളുകൾ നല്ലവരുണ്ട്.
നിന്നെ പോലെയുള്ള വൃത്തികെട്ടവരും. നീ ഇന്നാളൊരിക്കൽ ഇന്ത്യക്കാർ ബെഗേര്സ് എന്ന്
പറഞ്ഞത് ഞാനറിഞ്ഞു. നിനക്കറിയോ അവരൊക്കെ ഉണ്ടായത് കൊണ്ടാണ് ഈ രാജ്യം ഇത്ര
പുരോഗമിച്ചത്. നിനക്ക് പകരം ഒരു മലയാളിയെ മേനെജരാക്കാൻ പോകുകയാണ് ഞാൻ'.
ഷൈഖ് ആർക്കോ ഫോണ്‍ ചെയ്തു. 'അത്തബാനി, ഇപ്പോൾ ഞാൻ സോമൻ എന്ന സ്റ്റാഫിനെ അങ്ങോട്ട് അയക്കുന്നു.
അവന്റെ പാസ്പോര്ട്ട് ഖലീലിന്റെ ഓഫീസിൽ ഉണ്ട്. ഉടനെ ആ പാസ്പോര്ട്ട് ഇമ്മിഗ്രേഷൻ
ഡയറക്ടർ സഈദ് ഖൽഫാൻ അൽഖുബൈസിയുടെ കയ്യിൽ കൊടുത്ത് ഒരു മണിക്കൂറിന്നുള്ളിൽ എല്ലാം
ശെരിയാക്കി തരാൻ ഞാൻ പറഞ്ഞു എന്ന് പറയുക. സോമന് ടിക്കെറ്റും ഇരുപത്തിഅയ്യായിരം
ദിർഹവും ശമ്പളം ബാക്കിയുണ്ടെങ്കിൽ അതും കൊടുക്കുക. പിന്നെ ആ കഴുത ഖലീലിന്റെ ഓഫീസ്
പൂട്ടി താക്കോലും പാസ്പോർട്ടും സൂക്ഷിക്കുക. ഞാൻ ഫ്രാൻസിൽ നിന്ന് വന്നിട്ട് ബാക്കി
കാര്യം.'
'ഷൈഖ്. എനിക്ക് തെറ്റ് പറ്റി' ഖലീൽ സാർ പൊട്ടികരയുകയാണ്
'നിനക്ക് മാപ്പോ, ഒരിക്കലും
ഇല്ല. നീയൊക്കെ ഞങ്ങളുടെ ഡ്രസ്സ് ഇട്ട് നടക്കുമ്പോൾ ഈ പാവം ഇന്ത്യക്കാർ
വിചാരിക്കും നിങ്ങൾ അറബികളാണെന്നു. എന്നിട്ട് നീ തെറ്റ് ചെയ്യുമ്പോൾ അറബികൾ
മോശക്കാരാണെന്ന് ഇവർ കരുതും. നിന്നെക്കാൾ നന്നായി ഇന്ത്യക്കാർ ജോലി ചെയ്യും.
നിനക്കൊക്കെ അറബി ഭാഷ അറിയാവുന്നത് കൊണ്ട് ഞങ്ങളെ പോലുള്ളവർ മേനേജർ ആക്കി.
എന്തായാലും ഇനി നീ മേനേജർ ആവണ്ട. ഞാൻ ഒരു മലയാളിയെ വിളിച്ചിട്ടുണ്ട്, നിനക്ക് പകരമായിട്ട്'.
അറബി ഭാഷ സംസാരിക്കാൻ അറിയില്ലെങ്കിലും എനിക്ക്
മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് ഒരു കാര്യം ഷൈഖ് പറഞ്ഞത് ശേരിയാണെന്നു എനിക്ക്
മനസ്സിലായി. അറബി വസ്ത്രം ധരിക്കുന്ന മറ്റു അറബി രാജ്യങ്ങളിലുള്ളവരും ഇറാനികളും
ഇത്തരത്തിൽ ചെയ്യുമ്പോൾ അറബികൾ മോശക്കാരാണെന്ന് തെറ്റിധരിക്കുന്നു.
എന്നോട് ഷൈഖിന്റെ അക്കൌണ്ടന്റ് അത്തബാനിയുടെ
ഓഫീസിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു എന്നിട്ടദ്ദേഹം കൂട്ടി ചേർത്തു 'സോമന്റെ മോളുടെ അസുഖം മാറാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം'
ഞാൻ ദൈവത്തിന്നും അദ്ധേഹത്തിന്നും നന്ദി പറഞ്ഞു
അത്തബാനിയുടെ ഓഫീസ്സിലേക്ക് പോയി.
ഷൈഖിന്റെ അക്കൌണ്ടന്റ് ആയ അത്തബാനിയുടെ ഓഫീസ്സിൽ
ചെന്നപ്പോൾ മാന്യമായ സംസാരവും മറ്റും ലഭിച്ചു. ഇവനും ഖലീലിനെ പോലെ മറ്റു അറബി
നാടുകളിൽ നിന്ന് വന്നവൻ തന്നെയാണല്ലോ എന്ന് ഒരു നിമിഷം ഞാനോർത്തു.
ഒരു മണിക്കൂറിന്നുള്ളിൽ വിസ അടിച്ചു കിട്ടി. ഗൾഫ്
എയർ ഫ്ലൈറ്റിന്റെ ടിക്കറ്റ് ആണ് ലഭിച്ചത്. രാത്രിയാണ് ഫ്ലൈറ്റ്. റൂമിൽ എത്തി.
കൂടെയുള്ളവർ വിവരം അറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ സന്തോഷം അവരിൽ കണ്ടു.
പെട്ടിയെല്ലാം കെട്ടുമ്പോൾ എന്റെ മകൾ ആവശ്യപ്പെട്ട പട്ടുപാവാടയും ബ്ലൌസും എന്റെ
ഹാൻഡ്‌ബാഗിൽ വെക്കാൻ അവരോട് പറഞ്ഞു.
റൂമിലുള്ള കാദർക്ക ആയിരം ദിർഹം തന്നിട്ട്
സ്വകാര്യമായി പറഞ്ഞു 'സോമൻ, ഇത് നീ
ഉപയോഗിച്ചോളൂ. മടക്കി തന്നില്ലെങ്കിലും വിരോധമില്ല' കണ്ണിൽ
നിന്നും അശ്രുകണം വന്നു. ഈ ലോകത്തിന്റെ, ബന്ധങ്ങളുടെ, കൂട്ടുകാരുടെ ശെരിയായ മുഖം കാണാനുള്ള അവസരമാണല്ലോ ഇതൊക്കെ.
'കേരളത്തിൽ നാളെ ഹർത്താലാണല്ലോ' പുറത്തു നിന്നും കയറി വന്ന സഹമുറിയനായ ജോർജിന്റെ വക ന്യൂസ്.
'നീ ഒന്ന് വായടക്ക് ജൊർജെ?' കാദർക്ക
നിർദേശിച്ചിട്ട് പറഞ്ഞു 'സോമൻ ഇന്ന് രാത്രി നാട്ടിൽ
പോകുകയാണ്'.
'എന്ന് കരുതി പറയാതിരിക്കാൻ പറ്റില്ലല്ലോ?' എന്ന് കാദർക്കാട് പറഞ്ഞിട്ട് ജോർജ് എന്നോട് പറഞ്ഞു 'സോമൻ ഒന്ന് കൊണ്ടും പേടിക്കേണ്ട. എന്റെ വീട്ടിലെ കാർ
കൃത്യസമയത്ത് എയർപോർട്ടിൽ ഉണ്ടാവും. പ്രൈവറ്റ് കാർ ആയതു കൊണ്ടും എന്റെ ഡ്രൈവർക്ക്
ഹർത്താലും പവർകട്ടും ജീവിതത്തിലെ അനുഭവപാഠമായതിനാലും അവന് ഇതൊന്നും ഒരു
പ്രശ്നവുമില്ല.'
ജോർജ് ടിക്കറ്റ് വാങ്ങി നോക്കി എയർപോര്ടിലേക്ക് കാർ
അയക്കാൻ വീട്ടിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞു.
'ഈ കേരളത്തിന്റെ കാര്യം. എല്ലാത്തിന്നും ഹർത്താൽ' ജോർജ്ജ് ഹർത്താൽ വിരോധിയാണ്.
'അതിനെന്താ കാര്യം നടക്കണമെങ്കിൽ സർക്കാരിന്റെ കണ്ണ്
തുറക്കണമെങ്കിൽ ഇത്തരം ഹർത്താൽ ഉണ്ടായാലേ പറ്റു' അത് പറഞ്ഞത്
രവിയാണ്.
'അതെ. ശെരിയാണല്ലോ. പെട്രോളിന്, നിത്യോപയോഗസാടനങ്ങൾക്ക് വില കൂട്ടിയതിന്ന് എതിരായി ഹർത്താൽ
നടത്തിയിട്ട് ഇവയുടെയെല്ലാം വില പിന്നെ ഇത് വരെ കൂടിയിട്ടില്ല, ഇനി ഒരിക്കലും കൂടുകയുമില്ല' ജോര്ജ്
പരിഹാസരൂപത്തിൽ പറഞ്ഞു.
'അങ്ങിനെ പറയൂ ജോർജെ..' ഹമീദിന്റെ വക
പരിഹാസം.
'ഹമീദ് അത് പറയണ്ട. നിങ്ങൾ പ്രതിപക്ഷമായിരുന്നപ്പോൾ
കറന്റിനും ബസ്‌ചാർജും കൂട്ടിയതിന്നെതിരായി ഹർത്താൽ നടത്തിയില്ലേ? എന്നിട്ട് നിങ്ങളുടെ ഭരണം വന്നതിനു ശേഷം ഇവക്കൊക്കെ എത്ര
പ്രാവശ്യം ചാർജ് കൂട്ടി' ജോർജ് വിട്ടു കൊടുക്കാൻ
ഭാവമില്ല. അല്ലെങ്കിലും ജോർജ് അങ്ങിനെയാ. ഹർത്താൽ എന്ന് കേട്ടാൽ വളരെ വാചാലനാകും.
'ഇക്കണക്കിന്നു പോയാൽ കേരളത്തിന്റെ പേര് KERALA -
GOD'S OWN COUNTRY (കേരളം - ദൈവത്തിന്റെ സ്വന്തം
നാട്) എന്നത് മാറ്റി KERALA - HARTHAAL'S OWN COUNTRY (കേരളം - ഹർത്താലിന്റെ സ്വന്തം നാട് ) എന്ന്
മാറ്റിയെഴുതേണ്ടി വരും തീർച്ച' ഇത് ജബ്ബാറിന്റെ കമന്റ്.
അതോടെ അവരുടെ സംസാരം നിന്നു.
അവരുടെ സംസാരം കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് എന്റെ
ദു:ഖം മറന്നു. അല്ലെങ്കിലും ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണല്ലൊ - മറവി.
ഫ്ലൈറ്റ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. ഫ്ലൈറ്റിൽ
മിക്കവരും ഉറങ്ങുകയാണ്. അവരിൽ എന്തെല്ലാം മനോവികാരമായിരിക്കുമെന്ന് ഞാൻ ആലോചിച്ചു.
ചിലർ വിസ ക്യാൻസൽ ചെയ്തു വരുന്ന വിഷമമുള്ളവരാവാം. കുടുംബത്തിനേയും നാട്ടുകാരെയും
കാണാമല്ലോ എന്ന സന്തോഷമുള്ളവരുണ്ടാവാം. എന്നെപ്പോലെ അടക്കാത്ത ദു:ഖത്തിൽ
വരുന്നവരുമുണ്ടാവാം. കൃത്യസമയത്ത് തന്നെ ഫ്ലൈറ്റ് ടേക്ക്-ഓഫ് ചെയ്തു.
>>>>>>>>> അടുത്ത
ഭാഗത്തിൽ തുടരും..
No comments:
Post a Comment