Monday 26 December 2016

ഗള്‍ഫിലെ അപകടമരണം (അനുഭവം)

ഗള്‍ഫിലെ അപകടമരണം (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ പതിനേഴിന്നാണ് ഈ സംഭവം നടന്നത്.
ഞാനന്ന് വൈകീട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കാള്‍ വന്നത്. അങ്ങേ തലക്കല്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പിതാവായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ അല്‍നഹിയാന്റെ ബോയ്‌ ആയ മലയാളിയായിരുന്നു.
എന്റെ ബോസ്സിന്റെ ഹൌദജ് (ഈ അറബി വാക്കിന്റെ ശെരിയായ അര്‍ത്ഥം പല്ലക്ക് എന്നാണ്) - അവിടെ താമസിക്കാന്‍ ചില ഷേയ്ഖുമാര്‍ ചെന്നു. ഈ ഹൌദജിന് എട്ടു ബെഡ് റൂം ഉള്ള, വലിയ ടയര്‍ ഫിറ്റ്‌ ചെയ്ത വലിച്ചു കൊണ്ട് പോകാവുന്ന, ഗിന്നസ്സ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കൊര്‍ഡില്‍ സ്ഥാനം പിടിച്ചതാണ്. അത് അന്ന് പാര്‍ക്ക് ചെയ്തിരുന്നത് മരുഭൂമിയില്‍ ആയിരുന്നു. വലിയ ജെനെറെറ്റര്‍ കൊണ്ടാണ് എലെക്ട്രിസിറ്റി ലഭിച്ചിരുന്നത്.
ആ ഹൌദജിലേക്ക് പെട്രോള്‍ വാങ്ങാന്‍ പോയ റയ്ഞ്ചു റോവര്‍ വാഹനം തീപിടിച്ചു രണ്ടു പേര്‍ മരിച്ചെന്നും അവരുടെ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്നുമായിരുന്നു ഫോണ്‍ കാള്‍.
വിവരം ഉടനെ ഞാന്‍ എന്റെ ബോസ്സിനെ അറിയീച്ചു. അന്ന് നേരം ഇരുട്ടിയത് കൊണ്ട് പിറ്റേന്ന് സംഭവം നടന്ന സ്ഥലത്ത് പോയി വിവരം അന്വേഷിച്ചു അറിയീക്കാന്‍ ബോസ്സ് എന്നോട് പറഞ്ഞു. വേണമെങ്കില്‍ പോലീസിനെ കൂട്ടിക്കോളാനും പറഞ്ഞു. ഡെഡ്ബോഡി കൊണ്ട് പോയത് കൊണ്ടും ഇന്‍ക്വസ്റ്റ് കഴിഞ്ഞത് കൊണ്ടും പോലീസിനെ വിളിക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിച്ചു.
പിറ്റേന്ന് ഏകദേശം പതിനൊന്നു മണിയോടെ ഞാന്‍ സംഭവസ്ഥലത്തേക്ക് പോയി. കൂടെ വേറെ രണ്ടാളും. റോഡാണെങ്കില്‍ കട്ടറ റോഡാണ്. ടാര്‍ ഇല്ല എന്നതും പോട്ടെ വണ്ടികള്‍ പോയി കുഴിയായ റോഡ്‌. ചില സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ്‌ ഇടിഞ്ഞിട്ടുമുണ്ട്. ഒരു പെട്ടികടയോ വീടുകളോ ഇല്ലാത്ത മരുഭൂമിയിലൂടെയുള്ള റോഡ്‌. ഏകദേശം ആ കച്ചററോഡിലൂടെ ഒരു മണിക്കൂറോളം ഞാന്‍ വണ്ടി ഓടിച്ചിട്ടുണ്ടാവും. കുറച്ച് അകലെ നിന്ന് തന്നെ ആ റെയിഞ്ചു റോവര്‍ റോഡിന്റെ കുറച്ചു താഴെ വീണു കിടക്കുന്നത് കണ്ടു.
ഞാന്‍ വണ്ടി നിറുത്തി. താഴെ ഇറങ്ങി ആ വണ്ടിയുടെ ചുറ്റും നോക്കി. ഞാനാകെ ഭയപ്പെട്ട ഒരു കാഴ്ചയാണ് ആ വാഹനത്തില്‍ കണ്ടത്. ആ വണ്ടിയുടെ പിന്നിലെ സീറ്റിന്റെ താഴെ കാലു വെക്കുന്ന ഭാഗത്ത് ഒരു ഡെഡ്ബോഡി കിടക്കുന്നു. ഭയപ്പെദാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്ന് വിജനമായ സ്ഥലത്ത് ഒരു അപകടമരണത്തിന്റെ ബോഡി കണ്ടതാണ്. മറ്റൊന്ന് രാജ്യം ഗള്‍ഫ്‌ ആണല്ലോ. ചിലപ്പോള്‍ നമ്മളെ തന്നെ അറെസ്റ്റ്‌ ചെയ്തെന്നും വരാലോ?
ഉടനെ ഞാന്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദിന് ഫോണ്‍ ചെയ്തു. ഭാഗ്യത്തിന് ആദ്യത്തെ ശ്രമത്തില്‍ തന്നെ ഷെയ്ഖിനെ കിട്ടി. ഞാന്‍ വിവരം പറഞ്ഞു. ഉടനെ ബിദസായെദ് എന്ന സ്ഥലത്തെ പോലീസിനെ വിവരം അറിയീക്കാന്‍ ഷെയ്ഖ് പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബിദസായെദ് പോലീസ് എത്തി. അവര്‍ ആ ഡെഡ് ബോഡി കൊണ്ട് പോകാന്‍ ഏര്‍പ്പാടാക്കി. മരണകാരണം അന്വേഷിക്കാന്‍ ഷെയ്ഖ് ഹമദ് എന്നോട് പറഞ്ഞത് ഞാന്‍ അവരോടു അന്വേഷിച്ചു. അവര്‍ക്ക് അതിനെപ്പറ്റി അറിയില്ലെന്നും മഫ്രക്ക് എന്ന സ്ഥലത്തെ പോലീസിനോട് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. പക്ഷെ അവിടെ നിന്നും വിവരം കിട്ടാതെ വന്നപ്പോള്‍ അവര്‍ അബുദാബി പോലീസ് കോര്‍ക്കോര്‍ട്ടേഴ്സ് വഴി അന്വേഷിച്ച് എന്നോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
ഇതിനിടെ അവര്‍ അവരുടെ ജീപ്പില്‍ നിന്ന് പോലീസുകാര്‍ തന്നെ, ശെരിക്കും പറഞ്ഞാല്‍ അദ്ദേഹം ളാബത്ത് (നമ്മുടെ നാട്ടിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍) ഫ്രൂട്ട്സും ഈത്തപ്പഴവും ജൂസും കൊണ്ട് വന്നു തന്നു.
മരണകാരണം അദ്ദേഹം അന്വേഷിച്ചു എനിക്ക് വിവരം തന്നു. ഹൌദജ് പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്ന് ജെനറേറ്ററില്‍ ഒഴിക്കാന്‍ പെട്രോള്‍ വാങ്ങാന്‍ രണ്ടു പേര്‍ ആ മണലാരണ്യത്തില്‍ നിന്നും ബിദസായെദ് എന്ന ചെറുപട്ടണത്തിലേക്ക് പോയി. പോകുമ്പോള്‍ അവരുടെ ഒരു കൂട്ടുകാരനെയും കൂട്ടി. പെട്രോള്‍ വാങ്ങിയത് വളരെ ടയ്റ്റ് ആയ കേപ്പ് ഉള്ള ജെറിക്കനില്‍ ആണ്. വണ്ടി ആ റോഡിലൂടെ കുലുങ്ങി പെട്രോളിന്റെ ആവി ആ വണ്ടിയില്‍ നിറഞ്ഞു. പക്ഷെ, അത് യാത്രക്കാര്‍ അറിഞ്ഞില്ല. അതിലൊരാള്‍ പെട്ടെന്ന് സിഗരെറ്റിന് തീ കൊളുത്തിയപ്പോള്‍ വണ്ടിപൊട്ടി തെറിച്ചു വളരെ ഉയരത്തില്‍ പൊന്തി താഴെ വീണു. മൂന്നുപേരും അപ്പോള്‍ തന്നെ മരിച്ചു.
എല്ലാം വിശദീകരിച്ചു പറഞ്ഞു കഴിഞ്ഞു വണ്ടിയില്‍ കയറുമ്പോള്‍ ആ പോലീസ് ഓഫീസര്‍ എന്നോട് ഇങ്ങിനെ പറഞ്ഞു. ഷെയ്ഖ് ഹമദിനോട് എന്റെ അസ്സലാമു അലൈക്കും എന്ന് പറയണം എന്റെ പേര് ഖല്‍ഫാന്‍ ബിന്‍ ഖമീസ് അല്‍റുമൈത്തി എന്നാണ് എന്ന്.
പിറ്റേന്ന് ഡെഡ് ബോഡി റിലീസ് ചെയ്യേണ്ട കാര്യത്തിന് കുറെ കഷ്ടപ്പെടേണ്ടി വന്നു. അതെല്ലാം ശെരിയായി. ഇവരെ മറവ് ചെയ്തത് അബൂദാബി മക്ത പാലം കഴിഞ്ഞു ഉമ്മുന്നാറില്‍ നിന്ന് മഫ്രക്ക് എത്തുന്നതിനു മുമ്പ് ഇടത്ത് ഭാഗത്ത് തുറസ്സായി കിടക്കുന്ന ഖബര്‍സ്ഥാനില്‍ ആണ്.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Sunday 18 December 2016

നീറുന്ന നൊമ്പരം (കഥ)

നീറുന്ന നൊമ്പരം (കഥ)
***************************
അതുൽ ഇത് വരെ എത്തിയില്ലല്ലോ? സ്‌കൂൾവിട്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ദൈവമേ എന്റെ മോന് എന്ത്പ്പറ്റി? മനസ്സ് ആകെ അസ്വസ്ഥമാകുന്നു. ഒരു പക്ഷെ എന്തെങ്കിലും ആവശ്യം സ്‌കൂളിൽ ഉണ്ടായിരിക്കാം. അല്ലെങ്കിൽ സ്‌കൂൾവാഹനത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. കുറച്ചു നേരം കൂടെ ക്ഷമിക്കാം.
ക്ഷമിക്കാന്‍ കഴിയുന്നില്ല. എന്തായാലും സ്കൂളിലേക്ക് വിളിച്ചു ചോദിക്കാം. കൃത്യസമയത്ത് തന്നെ സ്കൂള്‍ ബസ്‌ പുറപ്പെട്ടെന്നായിരുന്നു അവരുടെ മറുപടി. അതുലിന്റെ കൂടെ പഠിക്കുന്ന ഹരിയുടെ വീട്ടിലേക്കു വിളിച്ചു. ഭാഗ്യത്തിന് ഹരി തന്നെയാണ് ഫോണ്‍ എടുത്തത്. സ്കൂളില്‍ നിന്ന് ശെരിയായ സമയത്ത് തന്നെ അവന്‍ വീട്ടില്‍ ഇറങ്ങിയെന്നും ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് ഹരി കണ്ടെന്നും മറുപടി കിട്ടി. എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. ചേട്ടനെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. അല്‍പസമയതിന്നകം ചേട്ടന്‍ വന്നു. ചേട്ടന്‍ എനിക്ക് ധൈര്യം പകര്‍ന്നു തന്നു. ചേട്ടനും അയല്‍വാസികളും കൂടെ വീടിന്റെ പിന്നിലും മറ്റും പരിശോദിച്ചു. പക്ഷെ അതുലിനെ കണ്ടില്ല. ഒരു പക്ഷെ അവന്‍ ഒളിച്ചിരിക്കുകയാവും എന്ന് കരുതി വീടിന്റെ എല്ലാ മുക്കിലുംമൂലയിലും പരതി. പക്ഷെ, അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ചേട്ടന്‍ പോലീസില്‍ വിവരം അറിയീച്ചു.
അവരും വന്നു എന്നെയടക്കം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആ പോലീസുകാരുടെ പെരുമാറ്റം കണ്ടപ്പോള്‍ പോലീസ് വിഭാഗം എത്ര നല്ലവരാണെന്ന് തോന്നി.
'ചേട്ടാ, എനിക്ക് മരിക്കാന്‍ തോന്നുന്നു. എന്റെ മകന്‍ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട'. എനിക്കങ്ങിനെ പറയാന്‍ തോന്നി.
'അങ്ങിനെയൊന്നും പറയരുത് ലക്ഷ്മീ. ദൈവം നമുക്ക് തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. നമ്മുടെ മകനെ തിരിച്ചു കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. പിന്നെ എനിക്കും വിഷമമില്ല എന്നാണോ നീ കരുതുന്നത് ലച്ചൂ'.. ഇതായിരുന്നു ചേട്ടന്റെ ഉപദേശം.
അത് കേട്ടപ്പോള്‍ എനിക്കും എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിഞ്ഞു.
എങ്കിലും.. ദിവസം മൂന്നു കഴിഞ്ഞു. മകന്റെ കാര്യത്തില്‍ ഒരു വിവരവും കിട്ടിയില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാള്‍, വീട്ടിലെ അംഗമാണെങ്കില്‍ പറയുകയും വേണ്ടല്ലോ, മരിച്ചുപോയാല്‍ തീര്‍ച്ചയായും നമുക്ക് സഹിക്കാന്‍ പറ്റാത്ത വേദനയുണ്ടാവും. കാലക്രമേണ നാം അതൊക്കെ മറന്നു എന്ന് വരാം. മറവി മനുഷ്യന് ദൈവം തന്ന ഏറ്റവും നല്ല കാര്യമാണല്ലോ? എന്നാല്‍ നമ്മുക്ക് വേണ്ടപ്പെട്ടവരെ കാണാതായാലുള്ള വിഷമം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നിട്ടും ഞാനത് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
മകനെ കാണാതായിട്ട് മാസം ഒന്നായി. എനിക്കവന്റെ ശ്വാസവും നിഴലും എല്ലായിടത്തും ഉള്ളതായി തോന്നുന്നു. ഒരു ദിവസം ഞാന്‍ ചേട്ടനോട് പറഞ്ഞു. 'ചേട്ടാ, നമുക്ക് ഈ നാട്ടില്‍ നിന്ന് വേറെ എവിടെക്കെങ്കിലും പോകാം. എനിക്ക് അവന്റെ മുറിയും പുസ്തകങ്ങളും ഡ്രെസ്സും കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല, അത് പോലെ അവന്റെ കൂട്ടുകാരെയും'.
ആദ്യം ചേട്ടന്‍ എന്റെ ആവശ്യം നിരുല്‍സാഹപ്പെടുത്തിയെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങിനെ ഞങ്ങള്‍ മറ്റൊരു ജില്ലയിലേക്ക് താമസം മാറി.
ദൈവഭയവും അമ്പലത്തില്‍ പോകുന്നതും ചെറുപ്പം മുതല്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കൂടി. എന്നാല്‍ അന്നും ഇന്നും ആള്‍ദൈവങ്ങളില്‍ എനിക്ക് വിശ്വാസമില്ല. എല്ലാം കാണുന്ന, കേള്‍ക്കുന്ന ദൈവം ഉണ്ടെങ്കില്‍ പിന്നെയെന്തിന് ഒരു ആള്‍ദൈവം?
വര്‍ഷം രണ്ട് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ വീടിന്നടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോയി. അവിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുട്ടി ഭിക്ഷയ്ക്കു ഒരു സ്ത്രീയുടെ അരികെ ഇരിക്കുന്നത് കണ്ടു. എന്റെ മോനേ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു. അവന്‍ ഒന്നും പ്രതികരിച്ചില്ല. പെട്ടെന്ന് ചേട്ടന്‍ എന്നെ അവിടെ നിന്ന് മാറ്റി. എനിക്ക് അവന്‍ മകന്‍ ആണെന്ന് തോന്നിയതായിരിക്കുമെന്ന് ചേട്ടനടക്കം അവിടെയുള്ളവര്‍ പറഞ്ഞു.
'അല്ല, ചേട്ടാ ഇത് നമ്മുടെ മകന്‍ തന്നെയാണ്'. എന്ന് ഞാന്‍ വീണ്ടും പറഞ്ഞു. പെട്ടെന്ന് അവിടെ ആളുകള്‍ തടിച്ചു കൂടി. ആ കുട്ടിയുടെ അമ്മ അവനെയെടുത്ത് ഞങ്ങളുടെ നേരെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആക്രോശിച്ചു.
കൂടിയവരില്‍ ചിലര്‍ ഞങ്ങളുടെ നേരെ തട്ടിക്കേറി. ഭിക്ഷ കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ സൂത്രം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ആ കുട്ടിയാണെങ്കില്‍ ഒന്നും പറയാതെ താഴെവിരിച്ച കാര്‍ഡ്ബോര്‍ഡില്‍ ക്ഷീണിച്ചു കിടക്കുകയാണ്. അപ്പോഴും ഞാന്‍ പറഞ്ഞു. ഇത് നമ്മുടെ മോന്‍ തന്നെയാണ്.
അപ്പോഴാണ്‌ ആരോ പോലീസിനെ അറിയീച്ചത്. ആ കുട്ടിയേയും കൊണ്ട് പോകാന്‍ ആ സ്ത്രീ ഒരു വിഫലശ്രമം നടത്തി. ജനങ്ങള്‍ അവരെ തടഞ്ഞു.
അവനെ ഞാന്‍ വീണ്ടും ദേഹത്ത് തട്ടിവിളിച്ചു. അവന്‍ ക്ഷീണിച്ച് കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. ഞങ്ങളേയും ആ സ്ത്രീയെയും ചോദ്യം ചെയ്തു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോള്‍ ആ കുട്ടി ഞങ്ങളുടെയാണെന്ന് ആ സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 
കുട്ടി മയങ്ങി കിടക്കാന്‍ ലഹരിമരുന്ന് കൊടുത്തിരിക്കുകയാണെന്നും അതുല്‍ ഗേറ്റ് കടന്ന ഉടനെ കുട്ടിയെ ഈ സ്ത്രീയും ഭിക്ഷാടനമാഫിയയും കൂടി തട്ടി കൊണ്ട് പോയതാണെന്നും ഏറ്റു പറഞ്ഞു.
ഇവര്‍ ഭിക്ഷയെടുക്കുന്നതില്‍ കമ്മീഷന്‍ വാങ്ങുന്നു ഭിക്ഷാടന ഏജന്റുമാര്‍. വരവ് കുറഞ്ഞാല്‍ ഭിക്ഷാടന ഏജന്റുമാര്‍ ഇവരെ ദേഹോപദ്രവം വരെ നല്‍കുമത്രേ.
--------------------
മേമ്പൊടി: 1. ഭിക്ഷാടനം നിരോധിക്കുക, കുട്ടികളെ സൂക്ഷിക്കുക, വീട്ടില്‍ വരുന്ന അപരിചിതരെ ശ്രദ്ധിക്കുക.
2. നൊന്തു പ്രസവിച്ച അമ്മക്ക് മക്കളെ ഏത് രൂപത്തിലായാലും തിരിച്ചറിയാന്‍ കഴിയും.

Wednesday 14 December 2016

എന്റെ അദ്ധ്യാപകര്‍ (അനുസ്മരണം)

എന്റെ അദ്ധ്യാപകര്‍ (അനുസ്മരണം)
*****************************************
എന്റെ അദ്ധ്യാപകരില്‍ ആരാണ് മികച്ചത്, ആരെയാണ് എനിക്കിഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടും. എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അവരില്‍ ഓര്‍മയില്‍ വരുന്ന ചിലരെപ്പറ്റി ഞാന്‍ എഴുതാം.
ഞാന്‍ ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് തൃശ്ശൂര്‍ ജില്ലയിലെ മുനയം LP സ്കൂളിലായിരുന്നു. അഞ്ചു മുതല്‍ പത്ത് വരെ പഠിച്ചത് കാട്ടൂര്‍ പോമ്പേ സെന്റ്‌ മേരീസ് ഹൈസ്കൂളിലായിരുന്നു.
അവരില്‍ ആദ്യം എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ പത്താംക്ലാസ്സിലെ ഇംഗ്ലീഷ് മാഷും ഹെഡ് മാഷും ആയ T.L. ജേക്കബ്‌ മാഷെയാണ്. തെക്കേപ്പുറം ലോനപ്പന്‍ മകന്‍ ജേക്കബ് എന്നാണു മുഴുവന്‍ പേര്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹെഡ് മാസ്റെര്‍ ആയിരുന്നു ജേക്കബ് മാസ്റ്റര്‍. നല്ല ഒത്തശരീരം. അദ്ധേഹത്തിന്റെ ഡ്രസ്സ്‌ വളരെ വ്യത്യസ്തമായിരുന്നു. വെള്ള ഫുള്‍ കൈ ഷര്‍ട്ട്‌, അതിന്റെ മുകളില്‍ മുണ്ട്. അതായത് പേന്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതിന് പകരം മുണ്ട് ഇന്‍സര്‍ട്ട് ചെയ്യും. പിന്നെ ടയ്, അതിനു മുകളില്‍ കോട്ട്, പിന്നെ ഷൂസ്. മുണ്ട് വളരെ ടയിറ്റു ആയി ഉടുക്കും. അതിനു കാരണം ഉണ്ട്. കുട്ടികളെ അടിക്കുമ്പോള്‍ അവര്‍ കൈ വലിച്ചാലും മാഷുടെ ദേഹത്ത് കൊള്ളില്ല.
ഞാന്‍ 10 Cയിലെ ക്ലാസ്സ് ലീഡര്‍ ആയിരുന്നു. കുറച്ചൊക്കെ എഴുതുന്നത് കൊണ്ടായിരിക്കാം എന്നെ സെലെക്റ്റ് ചെയ്തത് എന്ന് ഞാന്‍ കരുതുന്നു. ആ വര്‍ഷം എന്റെ ഒരു കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടി. കഥയുടെ പേര് "പച്ചത്തട്ടം". യൂത്ത്ഫെസ്റ്റിവലിന് ഞാന്‍ ചുറ്റുപാട് ഉണ്ടായിട്ടും ഞാന്‍ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയില്ല. അവര്‍ പല പ്രാവശ്യം എന്റെ പേര് അനൗൺസ് ചെയ്തു. സ്റ്റേജിലേക്ക് പോകാഞ്ഞതിന്റെ കാരണം എന്താണെന്നോ. എലുമ്പിച്ച എനിക്ക് സ്റ്റേജില്‍ കയറാന്‍ ഒരു അപകര്‍ഷതാബോധം. പിന്നീട് സ്റ്റാഫ് റൂമില്‍ കയറി ഞാന്‍ സമ്മാനം വാങ്ങി. ആ കഥ അന്ന് കയ്യെഴുത്ത് മാഗസിനില്‍ വന്നു. ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആ കഥയെ ഒന്ന് മോഡിഫൈ ചെയ്തു അതെ പേരില്‍ പോസ്റ്റ്‌ ചെയ്തു.
എല്ലാ മാസത്തിലും ഒടുവിലെ ശെനിയാഴ്ചയിലെ ഒടുവിലെ പിരീഡ് ക്ലാസ്സ് മീറ്റിംഗ് ആണ്. അന്നാണ് എലുമ്പിച്ച ഞാന്‍ ഷൈന്‍ ചെയ്യുന്നത്. കാരണം ക്ലാസ് മീറ്റിംഗ് നിയന്ത്രിക്കുന്നത് ഞാനായിരിക്കും. ഏക് പീരീഡ്‌ കാ രാജ. അപ്പോള്‍ സ്വതവേ നിശബ്ദമാകാറുള്ള ക്ലാസ്സ് ശബ്ദമയാനമാകും. ആ സമയത്താണ് ഹെഡ് മാസ്റ്ററുടെ വരാന്തയിലൂടെയുള്ള നടത്തം. ഉടനെ മീറ്റിംഗ് ശബ്ദം കുറയും. ഫുള്‍ കഷണ്ടിയായ മാഷ്‌ തലയില്‍ നിന്നും പെന്‍ എടുക്കുന്ന പോലെ അഭിനയിച്ചു കൈ കൊണ്ട് എന്നോടൊരു സിഗ്നല്‍ തരും. 'പൊളിച്ചോ മക്കളെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഫുള്‍ അടിച്ചു പൊളിക്കാം' എന്നാണു ആ സിഗ്നലിന്റെ അര്‍ത്ഥം.
ഹെഡ് മാസ്റ്റര്‍ തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ക്ലാസ്സില്‍ വന്നാല്‍ ഉടനെ രണ്ടു പേരെ മാഷ്‌ എഴുനേറ്റ് നിന്ന് ഓരോ അടി അടിക്കും. കാരണം ചോദിക്കാന്‍ പാടില്ല. അതില്‍ ഒന്ന് ഞാനും മറ്റൊന്ന് ഒരു ജോര്‍ജും ആയിരുന്നു. സഹികെട്ട് ഞാന്‍ ഉപ്പാട് പരാതി പറഞ്ഞു. ഉപ്പ തന്ന മറുപടി എന്താണെന്നോ? പഠിക്കാന്‍ വേണ്ടിയല്ലേ മാഷ്‌ തല്ലുന്നത് എന്നാണു. ഇന്നത്തെ വാപ്പമാരാണെങ്കിലോ?
എന്റെ ഉപ്പാടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ജേക്കബ് മാഷ്‌ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഞാനും ഇക്കയും പത്താം ക്ലാസ് പാസ്സാവണമെന്ന്. ഉപ്പാടെ ആ ആഗ്രഹം സഫലമായി.
എന്നെ കണക്ക് പഠിപ്പിച്ച മാഷാണ് കവലക്കാട്ട് മാഷ്‌. ഈ കവലക്കാട്ട് എന്നത് വീട്ടുപേരാണ്. ശെരിയായ പേര് ലോനപ്പന്‍ എന്നാണു. ഞാന്‍ പഠിച്ചത് ഷിഫ്റ്റ്‌ സമ്പ്രദായത്തിലുള്ള സമയത്താണ്. ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്. അതില്‍ രണ്ടു ഇന്റെര്‍വല്‍. ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ കണക്ക് പിരീഡ്. ഇത്രയധികം പേടിക്കുന്ന ഒരു ക്ലാസ് ഇല്ല. കാരണം ക്ലാസ്സില്‍ മാഷ്‌ എത്തിയ ഉടനെ ഗുണനപ്പട്ടിക ചോദിക്കും. വലിയ സംഖ്യകളാണ്. ആരുടെ അടുത്തേക്കാണ് ചോദ്യം വരുന്നതെന്ന് അറിയില്ല. കുറെ അടി എല്ലാവര്‍ക്കും കിട്ടിയ പോലെ എനിക്കും കിട്ടി. അത് കൊണ്ട് എന്തുണ്ടായെന്നോ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ എനിക്ക് കണക്കില്‍ നൂറില്‍ തൊണ്ണൂറ്റിരണ്ട് മാര്‍ക്ക് കിട്ടി.
പിന്നെ എനിക്ക് മറക്കാന്‍ പറ്റാത്ത മാഷാണ് വാരാപ്പുഴ മാഷ്‌ എന്ന് വിളിക്കുന്ന വിതയത്തില്‍ അന്തോണി മാഷ്‌. വാരാപ്പുഴ മാഷുടെ ജന്മനാടാണ്. ഞാനൊരിക്കല്‍ ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന് തൃപ്രയാറില്‍ നിന്ന് കാട്ടൂരിലേക്ക് പോകാന്‍ എടമുട്ടത്ത് നിന്ന് തിരിയുമ്പോള്‍ വാരാപ്പുഴ മാഷും ഭാര്യയും ഒരു കടത്തിണ്ണയില്‍ നില്‍ക്കുന്നു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു മാഷുടെ അടുത്തേക്ക് പോയി. അന്നും എന്നും മാഷുടെ വേഷം വെള്ളയാണ്. ഭാര്യയുടെ വേഷം ചട്ടയായിരുന്നു. പഴയ ക്രിസ്ത്യന്‍ സ്ത്രീകളുടെ വേഷം.
മാഷെ അടുത്ത് ചെന്ന് ഞാന്‍ ഭവ്യതയോടെ കൈകൂപ്പിയിട്ട് ചോദിച്ചു. 'മാഷുക്ക് എന്നെ മനസ്സിലായോ? ഞാന്‍ മാഷേ ഒരു പഴയ വിദ്യാര്‍ഥിയാണ്'.
മാസ്റ്റര്‍ക്ക് മനസ്സിലാവാന്‍ ഞാനെന്റെ പേര് പറഞ്ഞു. എന്നിട്ടും എന്നെ മാസ്റ്റര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ പീടിക നടത്തിയിരുന്ന ഇബ്രാഹിംകുട്ടിയുടെ മകനാണ് എന്ന്
'ഉവ്വ്. ഇപ്പോൾ എനിക്ക് മനസ്സിലായി. ഇബ്രാഹിം കുട്ടി മാപ്പിളയെ എനിക്ക് വളരെ ഇഷ്ടമാണ്'. മാഷ്‌ അത് പറയുമ്പോള്‍ മുഖത്ത് ഒരു സന്തോഷം കാണാന്‍ കഴിഞ്ഞു.
'താന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?'. മാഷുടെ ചോദ്യം.
'ഞാന്‍ അബൂദാബിയില്‍ ജോലി ചെയ്യുകയാണ് മാഷേ'. ഞാന്‍ വിവരം പറഞ്ഞു.
'അവിടെ തനിക്കെന്താ പണി?'. മാഷ്‌ എല്ലാം അന്വേഷിക്കുകയാണ്.
ഞാനവിടെ ഒരു ഷെയ്ഖിന്റെ മേനെജരാണ് എന്ന് മറുപടി കൊടുത്തു.
എന്താണ് ഷെയ്ഖ് എന്നായിരുന്നു അടുത്ത ചോദ്യം. രാജകുടുംബാംഗം ആണെന്ന് മനസ്സിലാക്കി കൊടുത്തു.
'മാഷേ എന്താ ഇവിടെ?'. ഞാന്‍ ചോദിച്ചു.
വരാപ്പുഴക്ക്‌ പോകാന്‍ ബസ്സ്‌ കാത്ത്നില്‍ക്കുകയാണെന്ന് മാഷ്‌ മറുപടി പറഞ്ഞു.
മാഷേ ഞാന്‍ അങ്ങോട്ട്‌ എന്റെ കാറില്‍ കൊണ്ട് വിടാം എന്ന് എത്ര പറഞ്ഞിട്ടും മാഷ്‌ സമ്മതിച്ചില്ല.
എടൊ തന്റെ കൈ ഒന്ന് കാണിച്ചേ.. എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൈ കാണിച്ചു കൊടുത്തു.
എന്റെ കൈ ഭാര്യക്ക് കാണിച്ചു കൊടുത്ത് മാഷ്‌ പറഞ്ഞു. കണ്ടോ ഇവനെ ഞാന്‍ കുറെ തല്ലിയിട്ടുണ്ട്. (അപ്പോഴും ഇതെഴുതുമ്പോഴും എന്റെ കണ്ണിലൊരു നനവ്). എങ്കിലും താന്‍ നന്നാവും എന്നൊരു വാക്കും മാസ്റ്റര്‍ എനിക്ക് തന്നു.
ഇനി എനിക്ക് ഓരർമ വരുന്ന മാഷാണ് ഞങ്ങളുടെ മലയാളം പണ്ഡിറ്റ്‌. പൊഞ്ഞനം ആണ് മാഷുടെ വീട്. ഒരിക്കല്‍ പോലും ആരെയും വടി എടുത്ത് അടിക്കാത്ത, വടി ഉപയോഗിക്കാത്ത മാഷ്‌. പഠിക്കാത്തവരെ ഒരു കളിയാക്കലുണ്ട്. അത് മതി പഠിക്കാന്‍. എന്റെ കുത്തിക്കുറിക്കലുകള്‍ക്കു പ്രചോദനം മാഷാണ്. ഉല്‍പ്രേക്ഷ, ഉപമ എന്ന് വേണ്ട ഒരു പാട് കവിതകളും ശ്ലോകങ്ങളും പഠിച്ചത് മാഷില്‍ നിന്നാണ്.
എന്നെ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചത് ജോസ് മാഷ് ആയിരുന്നു. കാട്ടൂരിൽ ആദ്യമായി ഒരു ഓലമേഞ്ഞ സിനിമ കൊട്ടക സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1967ൽ SSLC പാസ്സായവരുടെ ഒരു സംഗമം 2013 ഏപ്രിൽ 30നു ഞങ്ങൾ നടത്തി. അന്ന് ജോസ് മാഷ് പങ്കെടുത്തിരുന്നു. പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോൾ മാഷ് മരിച്ചു.
ഇവരെയൊക്കെ എഴുതുന്നതിനു മുമ്പ് ഇവരുടെ അടുത്തേക്ക് എത്താന്‍ കാരണക്കാരിയായ ഒരു ഒന്നാം ക്ലാസ്സിലെ ടീച്ചറെപ്പറ്റി എഴുതാതെ ഈ ഓര്‍മക്കുറിപ്പ്‌ അവസാനിപ്പിച്ചാല്‍ അത് എന്നോട് ഞാന്‍ ചെയ്യുന്ന ഒരു തെറ്റായിരിക്കും.
എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറുടെ പേര് എനിക്ക് ഓര്‍മയില്ല. ഒരു ക്രിസ്ത്യന്‍ ടീച്ചര്‍ ആയിരുന്നു. വേഷമാണെങ്കില്‍ ചട്ട ആയിരുന്നു. ആ ടീച്ചറുമായി എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
എന്റെ ഉമ്മാടെ വീട് ചുലൂര്‍ ആണ്. അന്നെനിക്ക് അഞ്ചുവയസ്സ്. വെള്ളിയാഴ്ച വൈകീട്ട് ഈ ടീച്ചറുടെ കൈ പിടിച്ചാണ് ഞാന്‍ ചൂലൂരെ ഉമ്മാടെ വീട്ടിലേക്ക് പോകാറ്. അല്ലാതെ ഉമ്മ ഒറ്റയ്ക്ക് ഒരിടത്തും എന്നെ പറഞ്ഞയക്കില്ല. എന്റെ യാത്രക്ക് കൈ പിടിച്ച ടീച്ചറുടെ പുണ്യമായിരിക്കാം, അതിനു ശേഷം ഒരു പാട് വിദേശയാത്രകള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനിയും ഒരു പാട് മാഷുമാര്‍ ഉണ്ട്. അവരെ ആരെയും ഞാന്‍ മറന്നിട്ടില്ല. ഹിന്ദി പഠിപ്പിച്ച രാമന്‍മാഷ്‌, ക്രാഫ്റ്റ് പഠിപ്പിച്ച കുട്ടപ്പന്‍ മാഷ്‌ തുടങ്ങി ഒരു പാട് പേര്. അവരുടെയെല്ലാം പാവനസ്മരണക്ക് മുന്നില്‍ ഞാനീ ഓർമക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Friday 11 November 2016

കുട്ടനാടിന്റെ സൌന്ദര്യം (യാത്രാനുഭവം)

കുട്ടനാടിന്റെ സൌന്ദര്യം (യാത്രാനുഭവം)
****************************************
ആഗ്രഹിക്കുന്നത് തെറ്റല്ല, അത്യാഗ്രഹം പാടില്ലെന്ന് മാത്രം. എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവാറുണ്ട്. അതൊക്കെ നിറവേറാറുമുണ്ട്. അത് പോലെ ഒരു പാട് വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കുട്ടനാടൻ പ്രദേശങ്ങൾ ബോട്ടിലൂടെ പോയി കാണണമെന്ന് ഒരാഗ്രഹം കുറെനാളായി മനസ്സിൽ നാമ്പിട്ടിട്ട്. കാറിനേക്കാൾ വീമാനത്തെക്കാൾ എനിക്ക് ഇഷ്ടമുള്ള യാത്ര ട്രെയിൻ, ബോട്ട് ആണ്. അങ്ങിനെയിരിക്കെ ആലപ്പുഴക്കാരനായ ഐഡിയ മേനേജർ ദീപു കുട്ടനാടിനെ പറ്റി വാതോരാതെ സംസാരിക്കുകയും എന്ത് സഹായം വേണമെങ്കിലും വാഗ്ദത്തം നൽകുകയും ചെയ്തപ്പോൾ ആഗ്രഹം പരമോന്നതിയിൽ എത്തി.
അങ്ങിനെ 2014 ഡിസംബർ 3ന്ന് ഞങ്ങൾ യാത്ര നടത്തി. പുലർച്ചെ തൃശ്ശൂർ റെയിൽവേ സ്റ്റെഷനിലെക്ക്. കാർ അവിടെ പാർക്ക് ചെയ്തു. 7 മണിക്കുള്ള ചെന്നൈ - ആലപ്പുഴ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആലപ്പുഴയിലേക്ക്. വർഷങ്ങൾക്കു ശേഷമുള്ള തീവണ്ടിയാത്രയായതിനാൽ വല്ലാത്തൊരു ഹരം. തൃശ്ശൂരിൽ നിന്ന് ഏഴു മണിയോടെ പുറപ്പെട്ട തീവണ്ടി പത്തരമണിയോടെ ആലപ്പുഴ റെയിൽവേ സ്റ്റെഷനിൽ എത്തി. തീവണ്ടികളും സ്റ്റെഷനുകളും വർഷങ്ങൾക്ക് മുമ്പത്തേക്കാൾ ഒരു പാട് വൃത്തിയുള്ളതായിരിക്കുന്നു.
അവിടെ നിന്നും ബോട്ട് ജെട്ടിയിലേക്ക്.
കുട്ടനാടിന്നൊരു പ്രത്യേകതയുണ്ട്. സമുദ്രനിരപ്പിൽ നിന്നും താഴെയാണ് ചുറ്റുപാടുകളിലുള്ള നിലങ്ങൾ (പാടങ്ങൾ). കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഇത്തരം സ്ഥലങ്ങൾ വേറെ ഇല്ലായെന്നാണ് എന്റെ അറിവ്. തീവണ്ടിയിലും ബസ്സിലും ബോട്ടിലും വെച്ച് ഞാൻ ആലപ്പുഴയെ ആകപ്പാടെ ഒന്ന് വീക്ഷിച്ചു. എന്റെ നാടുകളിൽ ഓടിട്ട വീടുകൾ ഇല്ലായെന്ന് തന്നെ പറയാം. എന്നാൽ ആലപ്പുഴയിൽ കൂടുതലും അത്തരം വീടുകളായിരുന്നു. അതൊക്കെ കണ്ടപ്പോൾ എന്റെ ചെറുപ്പകാലം ഓർമവന്നു. ഞങ്ങളുടെ വീട്ടിലെ ഓടിന്മേൽ വീഴുന്ന മഴയുടെ ശബ്ദം ഒരു സംഗീതം പോലെ തോന്നിയിട്ടുണ്ട്. ആ സംഗീതം കേട്ടുറങ്ങാൻ എന്തു രസമായിരുന്നെന്നോ? അവിടെ കൈനികര എന്ന സ്ഥലത്തെ ഒരു അമ്പലവും ഞാൻ കണ്ടു. പഴയ മാതൃകയിലുള്ള അമ്പലം റോഡിൽ നിന്നും ഇമവെട്ടാതെ കുറെ നേരം നോക്കിനിന്നു.
ആലപ്പുഴയിൽ നിന്നും പുറപ്പെട്ടയുടനെ പുഴ തുടങ്ങി, പിന്നെ കായലും. പുന്നമടക്കായലും നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന സ്ഥലവും ആസ്വദിച്ചു കണ്ടു. ഒരു പാട് ചുണ്ടൻവള്ളങ്ങൾ കെട്ടിയിട്ടത് കാണുമ്പോൾ മനസ്സിനൊരു കുളിർമ. രണ്ട് സൈടുകളിലുമുള്ള വീടുകൾ നിൽക്കുന്ന സ്ഥലങ്ങൾ ഈ പുഴയെക്കാളും കായലിനേക്കാളും താഴെയാണ്, പാടങ്ങൾ അതിനേക്കാൾ താഴെയുമാണെന്ന് ഞാൻ എഴുതിയല്ലോ. ബോട്ടുകൾ പോകുമ്പോഴുണ്ടാവുന്ന ജലത്തിലെ ഇളക്കത്തിൽ വെള്ളം അവരുടെ മുറ്റത്തേക്ക് എത്തും. ഉടനെ വെള്ളം പാടത്തേക്ക് ഒലിച്ചു പോകും. രണ്ട് ഭാഗങ്ങളിലും ഒരു വരിയിലുള്ള വീടുകളാണ്. അതില്ലെങ്കിൽ കുട്ടനാട് മുഴുവൻ വെള്ളപ്പൊക്കം ഉണ്ടായേനെ. കുറച്ച് കഴിഞ്ഞപ്പോൾ ഈ അടുത്ത നാളിൽ വിശുദ്ധനാക്കപ്പെട്ട ചാവറ അച്ഛന്റെ ജന്മസ്ഥലവും പള്ളിയും കണ്ടു. പിന്നെ കണ്ടത് വേമ്പനാട്ടുകായലായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ചയായിരുന്നത്. അങ്ങകലെ നോക്കെത്താദൂരത്തോളം കായൽ. ദൈവം നല്ലൊരു കലാകാരനാണെന്ന് ഞാൻ ഓർത്തു. ഭൂമിയാവുന്ന കാൻവാസിൽ എന്തെല്ലാം നിറങ്ങളിൽ രൂപങ്ങളിൽ ഇത്തരം കാഴ്ചകൾ നമുക്കായി ഒരുക്കിയിരിക്കുന്നു. അത് കണ്ടാസ്വദിക്കാൻ നമുക്ക് കാഴ്ചയും നൽകിയിക്കുന്നു.
'സൂറൂ, ഇതൊക്കെ കാണുമ്പോൾ ഒരു പാട്ട് പാടാൻ തോന്നുന്നു' വാമഭാഗത്തിനോട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. 'അയ്യോ, അത് വേണ്ട, കരയിൽ വെച്ചാണെങ്കിൽ കേൾക്കുന്നവർക്ക് ഓടിപോകാം. ഇവിടെയാണെങ്കിൽ വെള്ളത്തിലേക്ക്‌ ചാടേണ്ടിവരില്ലേ?'
എന്തായാലും ആ ക്രൂരകൃത്യത്തിൽ നിന്ന് ഞാൻ പിന്മാറിയില്ല. സുഹറാക്ക് നീന്തൽ വശമില്ല. നീന്തൽ പഠിച്ചിട്ട് മതി വെള്ളത്തിൽ ഇറങ്ങാനെന്ന് ചെറുപ്പത്തിൽ അവളുടെ ഉമ്മ പറഞ്ഞിട്ടുണ്ടത്രേ
'അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ, ചിന്നക്കിളി ചിങ്കാരക്കിളി എന്നെ നിനക്കിഷ്ടമാണോ? ഇഷ്ടമാണോ?'
എന്ന പല്ലവി ഞാൻ പാടി.
'ഓളങ്ങൾ മൂളിവരും നേരം, വാരിപ്പുണരുന്നു തീരം, വാരി വാരിപ്പുണരുന്നു തീരം. മോഹങ്ങൾ തേടിവരും നേരം, ദാഹിച്ചു നിൽക്കുന്നു മാനസം'
എന്ന അനുപല്ലവി അവൾ പാടിയില്ല.
വെറുതെയല്ല, ഈ കുട്ടനാട്ടുകാർ പേരെടുത്ത കലാകാരന്മാർ ആയത്, തകഴിയെപ്പോലെ, മമ്മുട്ടിയെപ്പോലെ, കാവാലത്തെപോലെ... അവരൊക്കെ ഈ പ്രകൃതി കണ്ടറിഞ്ഞവരാണല്ലോ? ഇങ്ങിനെയൊക്കെ ആയില്ലെങ്കിലെ അതിശയമുള്ളൂ.
കൈനകരി എന്ന സ്ഥലത്ത് ഞങ്ങൾ കരയിലേക്ക് ഇറങ്ങി. നാലഞ്ചു കടകൾ മാത്രമുള്ള ഒരു സ്ഥലം. പിന്നെ ദൂരെപാടങ്ങൾ മാത്രം. എന്നിട്ടും അവിടെ നിന്ന് ആലപ്പുഴയിലെക്കും ചങ്ങനാശ്ശേരിക്കും മറ്റും ബസ്സുകൾ ഉണ്ട്. ഞങ്ങൾ പുഴയുടെ തീരത്ത് കൂടെ കുറച്ചു നടന്നു. അവിടെ ഒരു കൃഷിഭവനും ഒരു ആയൂർവേദ ആശുപത്രിയും പുഴയോട് ചേർന്ന് ആകെയുള്ള ഒരു ഹോട്ടെലും. അത് വനിതാ ഹോട്ടെലാണ്.
അവിടെയായിരുന്നു ഞങ്ങളുടെ ഭക്ഷണം.
വീണ്ടും ഞങ്ങൾ ബസ്സിൽ ആലപ്പുഴയിലേക്ക്.
ബസ്സിൽ വെച്ച് സുഹറയുടെ ശബ്ദം 'ഇക്കാ, അങ്ങോട്ടൊന്ന് നോക്കിയേ'
അവൾ വിരൽ ചൂണ്ടിയിടത്തെക്ക് ഞാൻ നോക്കി. റോഡിന്റെ ഇരുവശവും ഫ്രഷ്‌ മീനുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു.
ഞങ്ങൾ ആലപ്പുഴയിലേക്ക് എത്തി. അവിടെ സ്ത്രീകൾക്ക് നിസ്കരിക്കാവുന്ന ഒരു പള്ളിയുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. അവർ പറഞ്ഞപോലെ മസ്താന്റെ ജാറമുള്ള സമസ്തയുടെ ആ പള്ളിയിലെത്തി. യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാം എന്ന ബോർഡ്. ടിക്കറ്റ്‌ എടുത്ത് കയ്യിൽ വെച്ചു. പക്ഷെ, ടിക്കറ്റ്‌ ആരും ചോദിച്ചില്ല.
ഇപ്പോഴെങ്കിലും ഇത്തരം നല്ല ചിന്തകൾ പള്ളിക്കാർക്ക് വന്നതിന്ന് ദൈവത്തെ സ്തുതിച്ചു.
തിരിച്ച് ഞങ്ങൾ ട്രെയിൻ സ്റ്റെഷനിലെക്ക്.
എന്റെ കുട്ടനാട്ടുകാരെ, ഈ യാത്ര ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രം. ദൈവം അനുവദിച്ചാൽ ഞങ്ങൾ വീണ്ടും വരും. രണ്ട് ദിവസം മുഴുവൻ നിങ്ങളുടെ ഗ്രാമത്തിന്റെ കായലിന്റെ ഹൃദയത്തിലൂടെ ഒഴുകാൻ.
എന്റെ നാട്ടുകാരെ, പ്രവാസി മലയാളികളെ, നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കുട്ടനാട് സന്ദർശിക്കണം. അപ്പോൾ നിങ്ങൾ പറയും ഇത് ഭൂമിയിലെ ഒരു സ്വർഗമാണെന്ന്.
ഞാൻ തുടക്കത്തിൽ എഴുതിയത് ആവർത്തിക്കട്ടെ. ഞാനൊരുപാട് യൂറോപ്പ്യൻ, പൂർവേഷ്യൻ, അറേബിയൻ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷെ, ഈ നാട്ടിലെ കാഴ്ചകൾ, രൂപങ്ങൾ, ഭൂമിയുടെ കിടപ്പ് തുടങ്ങിയവ ഞാനൊരിടത്തും കണ്ടിട്ടില്ല. വഴിയിൽ കണ്ടുമുട്ടിയ അക്കാമചേച്ചിയോട് ഞാൻ ആ നാടിന്റെ ഗുണഗണങ്ങൾ പറഞ്ഞപ്പോൾ ആ ചേച്ചി പറഞ്ഞതിങ്ങനെ. 'മോനെ, മോൻ പറഞ്ഞതൊക്കെ ശെരി തന്നെ. പക്ഷെ ഞങ്ങൾക്ക് ഇവിടെ മടുത്തു'.
ശെരിയാണ്. അല്ലെങ്കിലും ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച എന്നാണല്ലോ?
-----------------------------
മേമ്പൊടി:
(പുഴകൾ, മലകൾ, പൂവനങ്ങൾ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാര ചാമരം വീശുന്ന ചന്ദനശീതള മണൽപുറങ്ങൾ
ഇവിടമാണിവിടമാണിതിഹാസരൂപിയാം ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാതിലാഷങ്ങൾ ഇതളിട്ട സുന്ദരതീരം
കതിരിടുമിവിടമാണദ്വൈതചിന്തതൻ കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളെ ഇവിടെ കൊളുത്തുമോ പുതിയൊരു സംഗമദീപം?)

ഇത് "നദി" എന്ന സിനിമയിലെ ഒരു ഗാനമാണ്. പക്ഷെ എനിക്കിതൊരു ഗാനമായിട്ടല്ല, കവിതയായിട്ടാണ് തോന്നുന്നത്. ഭൂമിയെ മാതാവായും ദേവിയായും കരുതുന്നവരുണ്ടല്ലോ? ആ സ്ത്രീക്ക് കൊടുത്ത സ്ത്രീധനമാണ് പുഴകളും മലകളും മറ്റും എന്നാണ് വയലാർ എഴുതിയത്. സ്ത്രീധനം സ്ത്രീകൾക്കുള്ളതാണെന്ന സത്യം വയലാർ ഈ കവിതയിലൂടെ പറയാതെ പറയുന്നില്ലേ? ഇത്തരം ഒരു കവിത ആലപ്പുഴക്കാർക്കെ എഴുതാൻ കഴിയൂ. മലകളില്ലാത്ത കേരളത്തിലെ ഏകജില്ലയായ ആലപ്പുഴയിൽ ജനിച്ച വയലാർ രാമവർമ മലയെകൂടി ഉൾപെടുത്തിയത് അദ്ധേഹത്തിന്റെ ഭാവനയുടെ മകുടോദാഹരണമാണ്.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Wednesday 26 October 2016

ചൂലൂരെ മണിമക്കളുടെ സ്നേഹം (അനുഭവം)

ചൂലൂരെ മണിമക്കളുടെ സ്നേഹം (അനുഭവം)
+++++++++++++++++++++++++
അടുത്ത കൂട്ടുകാരായി ചെറുപ്പത്തിൽ ഒരു പാട് പേർ എനിക്കുണ്ടായിരുന്നു. കാട്ടൂര്‍ മുനയംകാരും എന്റെ അയല്‍വാസികളുമായ സിദ്ധാര്‍ത്ഥൻ, മുഹമ്മദാലി, അബ്ദുൽ റഹിമാൻ, രാജൻ തുടങ്ങിയവർ. അതിൽ സിദ്ധൻ എന്റെ വളരെ അടുത്ത അയൽവാസിയും ക്ലാസ്സ്‌മേറ്റും ആണ്. ഓണമാകുമ്പോൾ പാടത്ത് നിന്നും വയലറ്റ്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ചെറിയ പൂക്കളും, മറ്റു പറമ്പുകളിൽ നിന്നുള്ള പൂക്കളും പറിച്ചു കൊണ്ട് വരാനും ചാണകം മെഴുകിയ പൂക്കളത്തിൽ പൂക്കൾ ഇടാനും ഞാനും സിദ്ധന്റെ കൂടെ കൂടാറുണ്ട്. അത് പോലെ വിഷുവിന്നു അവന്റെ വീട്ടിലും പെരുന്നാളിന്നു എന്റെ വീട്ടിലും പടക്കം പൊട്ടിക്കാൻ ഞങ്ങൾ ഒന്നിച്ചുണ്ടാവും. എനിക്കന്നു എട്ടു വയസ്സ്. പഠിക്കുന്നത് മുനയം LP സ്കൂളിൽ നാലാം ക്ലാസ്സിൽ (ഇന്ന് ആ സ്കൂൾ ഇല്ല)
എന്റെ മറ്റൊരു കൂട്ടുകാരനായിരുന്ന രാജൻ ഒരു ദിവസം ഞങ്ങളോട് രാജന്‍ ഒരു കാര്യം പറഞ്ഞു 'ബാലേട്ടനും മരിച്ചു പോയ കൃഷ്ണേട്ടന്നും കൂട്ടുകാരായിരുന്നല്ലോ. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ബാലേട്ടന്റെ വീട്ടിലെ വാതിലിൽ മുട്ട് കേട്ടു. അകത്തു നിന്നും ബാലേട്ടൻ ചോദിച്ചപ്പോൾ കൃഷ്ണൻ ആണെന്ന മറുപടി കിട്ടി. എന്നിട്ട് കൃഷ്ണേട്ടൻ പറഞ്ഞത്രേ നീയെന്താ എന്നെ മറന്നു പോയോ എന്ന്'. പിറ്റേന്ന് ബാലേട്ടൻ കൃഷ്ണേട്ടനെ ശവമടക്കിയ സ്ഥലത്ത് കുറച്ചു പുഴമീൻ വറുത്ത് ഒരു വാട്ടിയ ഇലയിലും കുറച്ചു തെങ്ങിൻകള്ള് ഒരു ചെറിയ മണ്‍കുടത്തിലും കൊണ്ട് പോയി വെച്ചു. പിറ്റേന്ന് ബാലേട്ടൻ അവിടെ ചെന്ന് നോക്കിയപ്പോൾ മീൻ തിന്നു മുള്ള് മാത്രം ആയിരിക്കുന്നു. കള്ള് കുടിച്ചു കുടം ചെരിച്ചിട്ടിരിക്കുന്നു. അതിന്നു ശേഷം വാതിലിൽ മുട്ട് കേട്ടിട്ടില്ലത്രെ'
എനിക്ക് പേടിയായി എന്ന് മനസ്സിലായപ്പോൾ രാജൻ പറഞ്ഞു 'ശെറഫൂ, എന്നാൽ വേറെ ഒരു തലയില്ലാത്ത പ്രേതത്തിന്റെ കഥ പറയാം'. ഞാൻ അവിടെ നിന്നും ഓടി.
അന്ന് രാത്രി കാട്ടൂർ നെടുമ്പുര പള്ളിയിൽ വൈലിത്തറയുടെ മതപ്രസംഗം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഇലക്ട്രിസിറ്റി ആയിട്ടില്ല. ഉമ്മയും ഉപ്പയും ഞാനും കൂടെ നടന്നാണ് രാത്രി പ്രസംഗം കേൾക്കാൻ പോയത്. ഞാൻ പെട്ടെന്ന് നിലവിളിച്ചു. 'പ്രേതം'. അത് കേട്ട് കുറച്ചു മുമ്പിൽ ഉണ്ടായിരുന്ന ഉപ്പ തിരിച്ചു വന്നു. ഞാൻ പേടിച്ചു നിൽക്കുകയാണ്. ഞാൻ ഉപ്പാക്ക് വെളുത്ത ഡ്രസ്സ്‌ ഇട്ട പ്രേതം കിടന്നു ആടുന്നത് കാണിച്ചു കൊടുത്തു. ഉപ്പാടെ കയ്യിൽ നിന്നും ഞാൻ പിടുത്തം വിടുന്നില്ല. ഉപ്പ എന്റെ കൈ വിടീച്ച് കൊണ്ട് ആ പ്രേതത്തിന്റെ അടുത്ത് പോയി തിരിച്ചു വന്നു എന്നോട് പറഞ്ഞു 'അത് ഒരു പ്രേതവും ക്രീതവും അല്ല. അത് ആ വീട്ടുകാർ ഉണക്കാനിട്ട നിസ്കാരകുപ്പായമാണ്. എന്നിട്ട് ഉപ്പ എന്നെ ആ നിസ്കാരകുപ്പായം കൈ കൊണ്ട് തൊടീച്ചു. എന്റെ പേടി മാറി. അത് നിസ്കാര കുപ്പായം ആണെന്ന് മാത്രം പറഞിരുന്നെകിൽ എന്റെ പ്രേതത്തിനോടുള്ള പേടി മാറില്ലായിരുന്നു. അത് കൊണ്ടാണ് ഉപ്പ അത് തെളിവ് സഹിതം കാണിച്ചു തന്നത്. അതാണ്‌ എന്റെ പൊന്നുപ്പ.
ഒരു ദിവസം ഉമ്മാട് ഞാൻ പറഞ്ഞു ഉമ്മാടെ വീട്ടിൽ, ചൂലൂര് ഞാൻ പോട്ടെ എന്ന്. ഉമ്മാടെ ഒരു പാട് നിബന്ധനകൾ, കുഞ്ഞുമ്മമാരെ ബുദ്ധിമുട്ടിക്കരുത്, തുണിയിൽ മാങ്ങാക്കറയാക്കരുത് എന്നൊക്കെ. എല്ലാം തലയാട്ടി. അങ്ങിനെ ഉമ്മാടെ ലേബർ ചെക്കിംഗ് കഴിഞ്ഞപ്പോൾ ഉപ്പാടെ എമിഗ്രേഷൻ. രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കണ്ട. തിരിച്ചു കൊണ്ട് വരാൻ ഉപ്പ വരാമെന്നും ഏറ്റു.
വീട്ടിൽ നിന്നും മുനയം കടത്തു കടന്നു അഴിമാവ് കടവിലുള്ള മരപ്പാലം വഴി ചൂലേരേക്ക്, എന്റെ മണിമക്കളുടെ അടുത്തേക്ക്. അന്നും കുട്ടമംഗലത്തെ നെല്ല് വിത്തുൽപാദന കേന്ദ്രം ഇത് പോലെ തന്നെ ഉണ്ട്. വീണ്ടും നടന്നു. ചൂലൂർ എത്തിയപ്പോൾ കുഞ്ഞുമ്മമാർക്കു സന്തോഷം. എനിക്ക് പ്രത്യേക പരിഗണന, കുഞ്ഞിത്താടെ മോനല്ലേ എന്നതിനാൽ. ഞാൻ വന്നതറിഞ്ഞ് ചൂലൂരെ മണിമക്കൾ ഓടിയെത്തി. ഇനി രണ്ടു ദിവസം ഞങ്ങൾക്ക് കുശാൽ. മാവിന്മേൽ കേറി മാങ്ങ പൊട്ടിച്ചു തിന്നാലും അണ്ടി എടുത്തു അടുത്തുള്ള ചായക്കടയിൽ കൊണ്ട് പോയി നടൂപറമ്പില്‍ വീട്ടുകാര്‍ നടത്തിയിരുന്ന കടയുടെ മുന്‍ഭാഗത്തുള്ള ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് മഞ്ഞൾ ഇട്ട പുഴുങ്ങിയ കൊള്ളി കിഴങ്ങ് തിന്നലും. നിരപ്പലകയിട്ട ഓടിട്ട ആ രണ്ടു മുറിക്കട വെല്ലിപ്പാടെ കെട്ടിടം ആയിരുന്നു. അങ്ങിനെയൊരു കട ആ ഭാഗങ്ങളില്‍ വേറെ ഉണ്ടായിരുന്നില്ല. അത് ചുലൂര്‍ പള്ളിയുടെ തെക്ക് ഭാഗത്തുള്ള സ്കൂളിന് തെക്കേ പറമ്പില്‍ ആയിരുന്നു. പോരാത്തതിനു ഒരു കുഞ്ഞുമ്മാടെ ഭർത്താവ് സിലോണിൽ ആണ്. അപ്പോൾ കുറച്ചു പോക്കറ്റ്‌ മണി കിട്ടും. എനിക്ക് ആ 'മണി'യെക്കാൾ ഇഷ്ടം ചൂലൂരത്തെ 'മണി'മക്കളെയാണ്.
അവിടെ നിന്നും മുരിയാൻതോട് വഴി കരയാമുട്ടത്തേക്ക്, എന്റെ മൂത്താപ്പാടെ വീട്ടിലേക്കു. അവിടെ കരയാമുട്ടം സ്കൂളിന്റെ കിഴക്ക് ഭാഗത്താണ് മൂത്താപ്പാടെ വീട്. ഒമ്പത് വലിയ കുളങ്ങളുളള ഒരു വലിയ പറമ്പ്. അതിൽ തിമിർത്താടി കുളിക്കലാണ് ഒരു പണി. രാത്രി മൂത്തുമ്മാടെ മക്കളുമായി സ്കൂളിലെ ബുക്ക്‌ നോക്കി നാടകം കളിക്കുക. പിറ്റേന്ന് പോരുമ്പോൾ മൂത്തുമ്മാടെ മകൾ സഫിയത്ത ഒരു രൂപ നോട്ടു തരും. അന്നൊക്കെ ഒരു രൂപ സ്വന്തമായി കിട്ടുക എന്നത് ആലോചിക്കാൻ പോലും വയ്യ. സഫിയത്താ, ഇത്ത തന്ന ആ ഒരു രൂപ നോട്ടിന്നു ഞാന്‍ ഇന്നത്തെ ലക്ഷങ്ങളെക്കാൾ വില മതിക്കുന്നു.
തിരിച്ചു മണിമക്കളെ കാണാൻ ചൂലൂരേക്ക്. വീണ്ടും മരത്തിൽ കേറിയുള്ള കസര്‍ത്ത്. നാല് മണിയായപ്പോൾ ഉപ്പ സൈക്കിളിൽ വന്നു. ഉപ്പാക്ക് അന്നൊരു ഇംഗ്ലീഷ് റാലി സൈക്കിൾ ഉണ്ടായിരുന്നു. ഉപ്പ വന്നപ്പോൾ എന്നെ പറ്റി കുഞ്ഞുമ്മമാരോട് ചോദിച്ചു. കുഞ്ഞുമ്മമാർ ഞാൻ കുറുമ്പ് ഒന്നും എടുത്തില്ല്ലെന്നും മരത്തിൽ കയറിയില്ലെന്നും നുണ പറഞ്ഞു. അല്ലെങ്കിലും കുഞ്ഞുമ്മമാർക്ക് ഉപ്പാനെ ബഹുമാനവും പേടിയുമാണ്. ഉപ്പ അവർക്ക് അമ്മായിയുടെ മകനും കൂടിയാണല്ലോ. പാലില്ലാത്തത് കൊണ്ട് തേങ്ങാപ്പീര ഇട്ട ചായ കൊണ്ട് ഉപ്പാക്കും എനിക്കും തന്നു. നല്ല സ്വാദ് ഉണ്ടായിരുന്നതിന്ന്. കുഞ്ഞുമ്മമാർ കുറച്ചു മാങ്ങകൾ ഉപ്പാടെ സൈക്കിളിന്റെ പെട്ടിയിൽ കൊണ്ട് വെച്ചു.
മാവിൻചോട്ടിൽ വിഷമിച്ചു നിന്ന എന്റെ ചൂലൂർ മണിമക്കളോട് ഇനി അഞ്ചാറ് മാസം കഴിഞ്ഞു ഞാന്‍ വരാമെന്നും നമുക്ക് അടിച്ചു പൊളിക്കാമെന്നും പറഞ്ഞു. എന്നെ പിന്നിലിരുത്തി ഉപ്പ കുട്ടമംഗലം വഴി സൈക്കിൾ ചവുട്ടി. കുട്ടമംഗലം എത്തുന്നതിന്നു മുമ്പ് ചൂലൂരിന്റെ ബോർഡറിൽ ഒരു ചെറിയ കൈത്തോട്‌ ഉണ്ട്. അവിടെ എത്തിയപ്പോൾ ഞാൻ ചൂലൂരേക്ക് തിരിഞ്ഞു നോക്കി. എന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു 'എന്റെ മണിമക്കളെ, നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?'. ഏടത്തിരുത്തി പൊട്ടക്കടവ് പാലം എത്തിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു. ഇനി ഒരു കയറ്റമാണ്. പാലത്തിന്നു മുകളിൽ എത്തിയപ്പോൾ വീണ്ടും എന്നെ കയറ്റിയിരുത്തി. ഉപ്പ പാലം കഴിഞ്ഞുള്ള ഇറക്കം ബ്രൈക് പിടിക്കാതെ വിടുകയാണ്. ഞാൻ പേടിച്ചു ഉപ്പാട് പതുക്കെ ഓടിക്കാൻ പറഞ്ഞു. അപ്പോൾ ഉപ്പ പറഞ്ഞത് കഷ്ടപ്പെട്ട് കയറ്റം ഓടിച്ചു കയറ്റിയതല്ലേ. അപ്പൊ ഈ ഇറക്കം ബ്രൈക്ക് പിടിച്ചു കളയണോ എന്നാണ്. അതാണ്‌ എന്റെ ഉപ്പ. അന്നത് കാലത്ത് എയർ പിടിച്ചു നില്‍ക്കുന്ന കാരണവന്മാരാണ് അധികവും. മക്കളോടുള്ള സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആളാണ്‌ എന്റെ പൊന്നുപ്പ. ഞാൻ വീട്ടിലെത്തി. ഉമ്മാടെ ച്യോദ്യം ചെയ്യലിന്നു ശേഷം സഫിയത്ത തന്ന ഒരു രൂപ ഉമ്മാനെ ഏൽപ്പിച്ചു. അല്ലാതെ എന്റെ കയ്യിൽ നിന്നും പോയാലോ. ആലോചിക്കാൻ വയ്യ. എനിക്ക് അന്നും ഇന്നും ചൂലൂരായി ഒരു പൊക്കിൾകൊടി ബന്ധമാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Wednesday 19 October 2016

ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം (കഥ)

ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം (കഥ)
-------------------------
അത്രക്കങ്ങ്‌ ഭര്‍ത്താക്കന്മാരെ ആരും വിശ്വസിക്കരുത്. ചെളിയിൽ ചവുട്ടി വെള്ളം അന്വേഷിച്ച് ചെന്ന് കഴുകുന്ന വൃത്തികെട്ട വര്‍ഗ്ഗം. കണ്ടാല്‍ എത്ര നല്ലവരാണ്, പക്ഷെ വേണ്ട എന്നെക്കൊണ്ടൊന്നും പറയീക്കണ്ട.
'എന്താ മീനാ, നീയിങ്ങിനെ ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നത്?' ചേട്ടന്റെ സംസാരമാണ് എന്റെ പിറുപിറുക്കലുകളിൽ നിന്ന് മാറ്റിയത്.
ചേട്ടന്‍ വന്നത് ഞാനറിഞ്ഞില്ല. ഞാന്‍ മറുപടി ഒന്ന് പറഞ്ഞില്ല. എന്തായാലും ചേട്ടനെപ്പറ്റി ഞാന്‍ അറിഞ്ഞ വിവരം തത്കാലം എന്റെ മനസ്സില്‍ കിടക്കട്ടെ. വേഗം ചെന്ന് ചേട്ടന് ചായ ഉണ്ടാക്കി കൊടുത്തു. മുഖം മനസ്സിന്റെ കണ്ണാടി ആണന്നല്ലേ പറയുന്നത്. എന്റെ ദേഷ്യം മുഖത്ത് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.
എങ്കിലും അത് ആലോചിക്കുമ്പോള്‍ ചേട്ടനോടൊരു ഇഷ്ടക്കേട്. അതോ വെറുപ്പോ? എനിക്ക് സ്വന്തമായത് മറ്റൊരാള്‍ കവര്‍ന്നെടുക്കുന്നു എന്നറിയുമ്പോള്‍ സ്വഭാവികമായുമുള്ള ഒരു പൊരുത്തക്കേട്.
'മൂന്നു ദിവസം ഓഫീസ് മുടക്കമാണ്. പൂജവെപ്പല്ലേ? നമുക്ക് കുട്ടനാടിലേക്ക് ഒരു ടൂര്‍ പോയാലോ?' ഹരിയെട്ടന്റെ കൊതിപ്പിക്കുന്ന ചോദ്യം.
യാത്ര എനിക്കൊരു ഹരമാണ്. എന്നാലും ചേട്ടന്റെ സ്വഭാവം ആലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. 'എനിക്ക് തീരെ സുഖമില്ല. ചേട്ടന് വേണമെങ്കില്‍ പോയ്ക്കോ'.
തനിച്ചു പോകുന്നില്ല എന്ന് മിതശബ്ദത്തില്‍ ചേട്ടൻ പറഞ്ഞു. വേറെ എന്തെങ്കിലും ചോദിക്കുമെന്നാണ് കരുതിയത്. പക്ഷെ ഹരിയെട്ടന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.
ഹരിയേട്ടന്‍ എന്റെ സ്വന്തമാണെന്നാണ് ഇത്രനാളും ഞാന്‍ കരുതിയത്. ഇപ്പോഴാണ് ഹരിയെട്ടന്റെ മറ്റൊരു മുഖം കാണുന്നത്. എല്ലാഭര്‍ത്താക്കന്മാരും ഇങ്ങിനെയാണോ? ആയിരിക്കും. ഉറപ്പാണ്. ഈ സംഭവം അറിഞ്ഞത് മുതല്‍ ഞാന്‍ വേറെ മുറിയിലാണ് കിടക്കുന്നത്. എന്നും ജോലിക്ക് പോകുമ്പോള്‍ എന്റെ നെറുകയില്‍ ഹരിയേട്ടന്‍ ഒരു മുത്തം തരാറുണ്ട്. ഈ വിവരം അറിഞ്ഞ ശേഷം ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി. എനിക്ക് ഇനി ജീവിതത്തില്‍ മനസ്സില്‍ ഒരു ഭര്‍ത്താവായി ഹരിയെട്ടനെ പ്രതിഷ്ടിക്കാന്‍ കഴിയില്ല. അത്രയും വെറുപ്പാണ് എന്റെയുള്ളില്‍ ഹരിയെട്ടനെ.
ഞാന്‍ എന്റെ വിവാഹത്തെപറ്റി ഓര്‍മിച്ചു. ഹരിയെട്ടന്റെ അമ്മ ഹരിയേട്ടന് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ചേട്ടന്റെ ശൈശവ ബാല്യ കാലത്തെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഒന്നും ആലോചിക്കാതെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു ഞാന്‍. എല്ലാ നിലക്കും ചേട്ടന്‍ ഒരു നല്ല മനുഷ്യനാണ്. പക്ഷെ ഈ ഒരു കാര്യത്തില്‍ ചേട്ടന്‍ വലിയ തെറ്റുകാരനാണ്. ഒരു ഭാര്യയും ഇഷ്ടപ്പെടാത്ത കാര്യം. ഇതൊഴിച്ചു മറ്റെല്ലാ കാര്യത്തിലും ഹരിയേട്ടന്‍ ഒരു മാതൃകാഭര്‍ത്താവാണ്.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു ചേട്ടന്‍ എന്നോട് എന്റെ മാറ്റത്തിന്റെ കാര്യം ചോദിച്ചു. ഞാന്‍ ഉത്തരത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
രണ്ടു ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ചേട്ടന്‍ പുറത്തേക്കു പോകാന്‍ യാത്രയായിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചേട്ടന്‍ കാണാതെ ചേട്ടനെന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞു നോക്കി. അപ്പോഴും ഞാന്‍ ചേട്ടന്റെ പേഴ്സില്‍ കണ്ട ആ സ്ത്രീയുടെ ഫോട്ടോ പേഴ്സില്‍ നിന്നെടുത്ത് മുത്തം കൊടുക്കുന്നു ചേട്ടന്‍.
സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ദേഷ്യം അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു.
'നിങ്ങള്‍ക്ക് ഈ പെണ്ണുമായിട്ട് എത്ര നാളത്തെ ബന്ധമുണ്ട്?.
'നിന്നെ കല്ല്യാണം കഴിക്കുന്നതിന് മുമ്പ് മുതല്‍'. ഒരു വികാരവുമില്ലാതെ ചേട്ടന്‍ പറഞ്ഞു.
'എന്നേക്കാള്‍ ഇഷ്ടം ഈ സ്ത്രീയോടാണോ?'. ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാന്‍ ചോദിച്ചു.
'അതെ. എന്താ ഇത്ര സംശയം? അത് മാത്രമല്ല, നിന്റെ മടിയില്‍ കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ഫോട്ടോവില്‍ കിടക്കുന്ന സ്ത്രീയുടെ മടിയില്‍ കിടക്കാനാണ്. പക്ഷെ, അവര്‍ മരിച്ചു പോയി.'. ചേട്ടന്റെ മറുപടി കേട്ടപ്പോള്‍ പൊട്ടന്‍ കളിക്കുകയാണോ എന്ന് തോന്നി.
ദേഷ്യം കൂടിയപ്പോള്‍ എന്റെ ശബ്ദം ഉച്ചത്തിലായി. ശബ്ദം കേട്ട് അടുത്തവീട്ടിലെ ജാനകി ചേച്ചി വന്നു.
'എന്താ മക്കളെ ഇവിടെയൊരു വഴക്ക്. ഇത് വരെ ഇങ്ങിനെയൊന്ന് ഇവിടെ കേട്ടിട്ടില്ലല്ലോ?'. ആ ചേച്ചി പറഞ്ഞത് നേരാണ്.
ചേട്ടന്‍ ഒരു സ്ത്രീയുടെ ഫോട്ടോ എടുത്ത് എന്നും മുത്തം കൊടുക്കുന്ന കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേട്ടനോട് ജാനകി ചേച്ചി ഫോട്ടോ ചോദിച്ചപ്പോള്‍ അത് കാണിച്ചു കൊടുത്തു.
മോനെ ഹരിയെ നിനക്ക് ഇക്കാര്യം ഇവളോട്‌ പറയാമായിരുന്നില്ലേ എന്ന ചേച്ചിയുടെ ചോദ്യത്തിന് ഹരിയെട്ടന്റെ മറുപടി ഇങ്ങിനെയായിരുന്നു.
'അതിനെങ്ങിനെയാ വിവരം പറയുന്നതിനേക്കാള്‍ മുമ്പേ ഇവള്‍ക്ക് സംശയരോഗം കടന്നു കൂടിയില്ലേ?'
പൊട്ടിച്ചിരിച്ചു കൊണ്ട് ജാനകി ചേച്ചി പറഞ്ഞു. 'എന്റെ രമേ, നിനക്കറിയോ ഈ ഫോട്ടോ ആരുടെയാണെന്ന്?'. ചേച്ചി ചോദിച്ചു.
'നന്നായിട്ടറിയാം, ഇത് ചേട്ടന്റെ പഴയകാമുകിയുടെയാ, മരിച്ചിട്ടും ഓർമക്കായി സൂക്ഷിക്കുന്നു. ഞാൻ കണ്ടു പിടിക്കില്ലെന്നാണ് വിചാരിച്ചത്. ദൈവം വലിയവനാണ്. ഇപ്പോഴെങ്കിലും എന്റെ കണ്ണിൽ കാണിച്ചല്ലോ?. ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴും രണ്ടു പേരും ചിരിക്കുകയാണ്. അപ്പോൾ അതാണ് കാര്യം അല്ലെ? ഈ ഫോട്ടോ ജാനകിചേച്ചിയുടെ മകളുടെ ആയിരിക്കും. അവർ എന്റെ കല്യാണത്തിന് മുമ്പ് മരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
'എടീ മണ്ടീ... ഇത് ഹരിയുടെ അമ്മയുടെ ഫോട്ടോയാണ്. നീ ഇത്ര ബുദ്ധിയില്ലാത്തവളായല്ലോ? നീ ഒളിച്ചു നിന്ന് നോക്കുന്നതിനു പകരം അവനോട് നേരിട്ട് ചോദിക്കാമായിരുന്നില്ലേ?'. ജാനകി ചേച്ചിയുടെ വാക്ക് കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി. അപ്പോഴും ചേട്ടന് എന്നോട് ഒരു ദേഷ്യവുമില്ല.
'അതിനെങ്ങിനെയാ സംശയ രോഗം ഇവൾക്ക് വന്നു.അതാണ് കാര്യം'. ചേട്ടൻ ഇത് മാത്രം പറഞ്ഞു.
'ചേട്ടാ, കുറച്ചു ദിവസത്തെ ബാക്കിയുള്ള മുത്തം കൂടി ഇങ്ങു താ'. എന്ന് പരിസരം മറന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ പോയിട്ട് മതി നിങ്ങളുടെ മുത്തം വെച്ചുള്ള കളി എന്ന  ചേച്ചിയുടെ മറുപടി കേട്ടപ്പോള്‍ ഏറ്റവും അധികം ചിരിച്ചത് ഞാനാണ്.
അല്ലെങ്കിലും ഈ ഭര്‍ത്താക്കന്മാര്‍ നല്ലവരാണ്. മരിച്ചു പോയ അമ്മയുടെ ഫോട്ടോ എടുത്ത് മുത്തം കൊടുത്തത് കണ്ട് അത് ഹരിയെട്ടന്റെ കാമുകിയാണ് എന്ന് തെറ്റിധരിച്ച ഞാനല്ലേ കുറ്റക്കാരി?
 <<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>