Friday 29 April 2016

ആൽമത്യാഗം (നീണ്ടകഥ) - ആദ്യഭാഗം

ആൽമത്യാഗം (നീണ്ടകഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

അവനും അവളും ഒളിച്ചു കളിക്കുകയാണ്.
'ഒളിച്ചേ... ഒളിച്ചേ... ' അതും പറഞ്ഞു എട്ട് വയസ്സുകാരി സുലു ഒളിച്ചിരുന്നു. അയൽവാസിയും അവളുടെ മാമാടെ മകനുമായ സലിം അവളെ കണ്ടു പിടിക്കാൻ വീടിന്റെ എല്ലാ മുക്കിലും മൂലയിലും കട്ടിലുകളുടെ അടിയിലും മടക്കി വെച്ച പായക്കുള്ളിലും നോക്കി. ഒരു സ്ഥലത്തും കണ്ടില്ല.
അപ്പോഴാണ്‌ സുലുവിന്റെ ഉമ്മാടെ വിളി. 'സുലൂ .... നീ എവിടെയാ?'
'ഞാൻ പത്തായത്തിലില്ലാ ഉമ്മാ' സുലു നിഷ്കളങമായി പറഞ്ഞു.
സുലുവിനെ കണ്ട്പിടിച്ചേ എന്ന് പറഞ്ഞു സലിം അവളെ കെട്ടി പിടിച്ചു.
ഉമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് സുലു കുതറിയോടി.
കുറച്ചു കഴിഞ്ഞപ്പോൾ സുലു വന്നു പറഞ്ഞു 'സലീംക്ക നമുക്ക് കുറച്ചു നേരം ഊഞ്ഞാൽ കളിക്കാം'
'ഞാനില്ല, എനിക്ക് ഒരു പാട് പഠിക്കാനുണ്ട്' ഇതായിരുന്നു സലീമിന്റെ മറുപടി.
'ഓ വലിയ പത്രാസ്...' അവൾ അത് പറഞ്ഞു മുഖം വീർപ്പിച്ച് കുണുങ്ങിനിന്നു. എന്നിട്ടൊരു ഭീഷണിയും 'ഞാനിനി സലിക്കാട് മിണ്ടൂല'
അതിലവൻ വീണു. അവൾ തന്നോട് സംസാരിക്കാതിരിക്കുക - അതാലോചിക്കാൻ വയ്യ.
'വാ നമുക്ക് ഊഞ്ഞാലാടാം' സലിം സുലുവിനെയും കൊണ്ട് ഊഞ്ഞാലാടാൻ പോയി.
മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിലെ ഇരിപ്പിടമായ മടലിന്മേൽ സുലുവിനെ സലിം എടുത്തിരുത്തി. പതുക്കെ ആട്ടുവാൻ തുടങ്ങി. ഒന്ന് കൂടെ സ്പീഡ് കൂട്ടുവാൻ അവൾ ആവശ്യപ്പെട്ടു. അവൻ അപ്രകാരം ചെയ്തു. വീണ്ടും സ്പീഡ് കൂട്ടുവാൻ പറഞ്ഞപ്പോൾ അത് അപകടമാണ്, ഇപ്പോൾ തന്നെ നല്ല വേഗമായിട്ടുണ്ട് എന്ന് സലിം പറഞ്ഞു.
അവൾ വീണ്ടും കിണുങ്ങാൻ തുടങ്ങി. എത്ര പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല എന്ന് വന്നപ്പോൾ അവൻ വീണ്ടും വേഗത കൂട്ടാൻ തുടങ്ങി.
നല്ല ഉയരത്തിലേക്ക് പറക്കുകയായിരുന്നു ഊഞ്ഞാൽ. പെട്ടെന്നാണത് സംഭവിച്ചത്, ഊഞ്ഞാലിൽ നിന്നും സുലു തെറിച്ച് വീണു. രണ്ടു പേരുടെയും കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി. സുലുവിനെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സുലു കാല് മടക്കി ഇരിക്കുകയാണ്. നല്ല വേദന എടുക്കുന്നുണ്ട്. കാല് നീർത്തുവാൻ നോക്കുമ്പോൾ അവൾ വേദന കൊണ്ട് പിടയുന്നുണ്ട്‌. കുറ്റബോധത്താൽ മുഖം കുനിച്ച് കാറിൽ ഇരിക്കുകയാണ് സലിം. എല്ലാവരും അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. അവർക്കറിയാം സലിം കുറ്റക്കാരനല്ല എന്ന്.
ഡോക്ടർ വന്ന് പരിശോധിച്ചിട്ട്‌ പറഞ്ഞു. 'പേടിക്കേണ്ട, വേദനക്കുള്ള മരുന്ന് തരാം. കാലിൽ പ്ലാസ്റ്റെർ ഇടേണ്ടി വരും. പക്ഷെ ഒരു പ്രശ്നമുണ്ട്. ചിലപ്പോൾ ജീവിതം മുഴുവൻ മുടന്തി നടക്കേണ്ടി വരും'. ആ വാർത്ത കേട്ടപ്പോൾ ഇടിത്തീ വീണത്‌ പോലെ തോന്നി. എങ്കിലും എല്ലാം ദൈവത്തിൽ ഭരമെൽപ്പിച്ചു.
അഡ്മിറ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടത് കൊണ്ട് ആ സർക്കാർ ആശുപത്രിയിൽ തന്നെ അഡ്മിറ്റ്‌ ചെയ്തു.
ഇനി വീട്ടിൽ പോയി സാധനങ്ങൾ കൊണ്ട് വരണം. അതിന്ന് മുമ്പ് സുലുവിനും മറ്റുള്ളവർക്കും എന്തെങ്കിലും കഴിക്കാൻ വാങ്ങണം. സുലുവിന്റെ ഉപ്പ ശംസു അടുത്തുള്ള ഹോട്ടലിലേക്ക് പോയി.
കൊയക്കാടെ ഹോട്ടലിൽ ചെന്നു. അവിടെ റേഡിയോ വാർത്ത എല്ലാവരും കേൾക്കുകയാണ്.
ആകാശവാണി തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് - വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ. ലോകത്തിൽ ബാലറ്റിലൂടെ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ. മുഖ്യമന്ത്രിയായി സഖാവ് ഈ.എം.എസ് നാളെ അധികാരം എൽക്കുന്നതാണ്.
ഒരാഴ്ചത്തെ ആശുപത്രിവാസത്തിന്നു ശേഷം സുലുവിനെ ഡിസ്ചാര്ജ് ചെയ്തു. ഡോക്ടർ മുന്നറിയീപ്പ് തന്നത് പോലെ നടക്കുമ്പോൾ ചെറിയ മുടന്തുണ്ടായിരുന്നു.
വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോയത്. ഇന്ന് സുലുവിന് പതിമൂന്ന് വയസ്സായി. എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. സലിം കോളേജിലും.
സുലുവിന്റെ ഉമ്മ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. ഇന്ന് ചിലർ വിരുന്നു വരും. അടുപ്പിൽ എത്ര ഊതിയിട്ടും തീ നന്നായി കത്തുന്നില്ല. മഴക്കാലമായത് കൊണ്ട് വിറക് കുറച്ചു നനഞ്ഞിട്ടുണ്ട്. അതാണ്‌ കാരണം. സമയമാണെങ്കിൽ കുറെയായി.
'മോളെ, സുലൂ, നീ കുറച്ചു വേപ്പില പൊട്ടിച്ചേ'
സുലു വേപ്പില പൊട്ടിക്കാൻ പോയി. അവൾ വേപ്പില പൊട്ടിക്കുന്നത് അടുക്കളയിലെ കിളിവാതിലിലൂടെ അവളുടെ ഉമ്മ നോക്കി. ചിലപ്പോൾ അവൾ കൂമ്പ് പൊട്ടിച്ചാലോ.
പെട്ടെന്നാണ് ഉമ്മ സുലുവിനെ മടക്കി വിളിച്ചത്. 'സുലു, നീ വേപ്പില പൊട്ടിക്കേണ്ട, ഇങ്ങോട്ട് വന്നേ'
'ഞാനിപ്പോ വേപ്പില പൊട്ടിച്ചു വരാ ഉമ്മാ' സുലു പറഞ്ഞു
'വേണ്ട. നീ വേപ്പില പൊട്ടിക്കേണ്ട. ഇങ്ങോട്ട് വാ' എന്ന ഉമ്മാടെ വാക്ക് കേട്ടപ്പോൾ ഉമ്മാക്കെന്തു പറ്റി എന്നവൾ ആലോചിച്ചു.
ഉമ്മ സുലുവിനെ വിളിച്ചു മുറിയിലേക്ക് കൊണ്ട് പോയി. 'നീ വേഗം പോയി ഈ പാവാട മാറ്റി വേറെ പാവാട ഉടുക്കു' ഉമ്മ പറഞ്ഞപ്പോൾ ഞാനിപ്പോ തന്നെ പുതിയ പാവാടയാണ് എടുത്തതെന്ന് സുലു പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടാൽ മതി എന്ന വാക്ക് കേട്ടപ്പോൾ സുലു അനുസരിച്ചു. ഉമ്മ സഹായിക്കുകയും ചെയ്തു.
'അമ്മായി, സീന സ്കൂളിൽ പോകുന്നില്ലേ? സമയം കുറെ ആയല്ലോ?' സലിം വന്ന് ചോദിച്ചു.
'ഇല്ല. അവൾ സ്കൂളിൽ പോകുന്നില്ല'
'എന്ത് പറ്റി അമ്മായി?'
'അവൾക്കു നല്ല പനിയാണ്'
അവന് സമാധാനമായി. അന്നത്തെ സംഭവത്തിനു ശേഷം അവൾ കുറേശെ മുടന്തിയാണ് നടക്കാറ്. അതെങ്ങാനും കൂടുതൽ പ്രശ്നമായോ എന്നാണ് അവൻ ചിന്തിച്ചത്.
പിന്നെ സലിം ഒന്നും ചോദിച്ചില്ല. അവൻ കോളെജിലേക്ക് പോയി.
കാലം കുതിര വേഗത്തിൽ പാഞ്ഞു. ശിശിരവും ഗ്രീഷ്മവും എല്ലാം മുറപോലെ മാറി മാറി വന്നു. പെണ്‍കുട്ടികളുടെ വളർച്ചയും കാലത്തിന്റെ പോക്കും ഒരേ പോലെയാണ്. കണ്ണടച്ച് തുറക്കും മുമ്പ് എവിടെയോ എത്തിയിട്ടുണ്ടാവും.
സുലുവിന് ഒരുപാട് വിവാഹാലോചനകൾ വന്നു. ചിലത് സുലുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടില്ല. വരനോ വരന്റെ വീട്ടുകാർക്കോ സുലുവിനെ ഇഷ്ടപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണം അവളുടെ മുടന്തൽ ആയിരുന്നു. രൂപത്തിന്റെ ഭംഗിയല്ല, ഹൃദയത്തിന്റെ നൈർമല്ല്യം ആണ് വേണ്ടതെന്ന് ആരും ചിന്തിച്ചില്ല.
അങ്ങിനെയിരിക്കെ നല്ലൊരു കല്യാണാലോചന കാട്ടൂർ നിന്നും വന്നു. ;പയ്യൻ പെര്ഷ്യക്ക് പോകാൻ തുന്നൽ പഠിക്കുകയാണ്. നല്ല വിദ്യാഭ്യാസവും ഉണ്ട്. എട്ടാം ക്ലാസ്. അവിടെ നിന്നും കുറച്ചാളുകൾ സുലുവിനെ കാണാൻ വന്നു.
പ്രായമായ നാലഞ്ചു സ്ത്രീകൾ ഇരിക്കുന്നിടത്തേക്ക് സുലുവിനെ ആനയിക്കപ്പെട്ടു. അവരിൽ കാതിൽ നിറയെ തോടയിട്ട ഒരു സ്ത്രീ സുലുവിനോട് ചോദിച്ചു. 'മോളെ, ഇസ്ലാം കാര്യം എത്രയാ?'
'അഞ്ചു' സുലു മറുപടി കൊടുത്തു.
'ഇസ്ലാം കാര്യം എത്രയാ?' സ്ത്രീ ചോദ്യം ആവർത്തിച്ചു
'എട്ടു' പെട്ടെന്നാണ് താൻ പറഞ്ഞത് തെറ്റാണല്ലോ എന്ന് സുലുവിന് മനസ്സിലായത്. അവർ അതിനെ പറ്റി ഒന്നും പറഞ്ഞുമില്ല. ഇങ്ങിനെ വരുന്ന പെണ്ണുങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് പെണ്‍കുട്ടിക്ക് അറിവുണ്ടോയെന്ന് അറിയാനല്ലെന്നും സംസാരത്തിൽ വല്ല കൊഞ്ഞപ്പോ മറ്റോ ഉണ്ടെന്നറിയാനാണെന്നും ഉമ്മ പറഞ്ഞത് ഓർത്തു.
അടുത്തിരുന്ന മുറുക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീ മറ്റൊരു ചോദ്യം ചോദിച്ചു. 'ബദർ മാല പോലെയുള്ള മാലകൾ ചൊല്ലാറുണ്ടോ?'
ഉവ്വെന്ന് സുലു മറുപടി കൊടുത്തു.
ആ ഉത്തരം അവർക്ക് ഇഷ്ടപ്പെട്ടെന്ന് അവരുടെ മുഖഭാവം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
'മോളെ, ആ മാല പുസ്തകം ഒന്നെടുത്തെ' മേശപ്പുറത്തുള്ള പുസ്തകം ചൂണ്ടി ആ ഇത്ത പറഞ്ഞു.
സുലു അത് പോലെ ചെയ്തു. പക്ഷെ, അവരുടെയെല്ലാം മുഖത്ത് പഴയ സന്തോഷം ഒന്നും കണ്ടില്ല. എനിക്ക് കാരണം മനസ്സിലായി. കാലിന്റെ മുടന്ത്. ദിവസങ്ങൾക്കു ശേഷം ആ കല്ല്യാണവും നടക്കില്ലെന്നറിഞ്ഞു.
ജീവിതത്തിന്റെ മാറ്റംമറിച്ചിലുകൾക്കൊടുവിൽ ഒരു സന്തോഷവാർത്തയും കൊണ്ടാണ് സലിം വീട്ടിൽ വന്നത്. അവനൊരു ജോലിയോട് കൂടിയ വിസ കിട്ടി. സലിം ഷാർജയിലേക്ക് പോയി.

>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും

Thursday 28 April 2016

സില്‍ബൂനി പ്രേമം (കഥ)

സില്‍ബൂനി പ്രേമം (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


അയല്‍വക്കത്തെ പയ്യൻ വന്ന് എന്റെ കയ്യിൽ ഒരെഴുത്ത് തന്നു. ഞാനത് വായിച്ചു. ഒരു പ്രേമലേഖനമായിരുന്നത്. ഈ എന്റെ കോലത്തിനെ സ്നേഹിക്കാനും പെൺകുട്ടിയോ എന്നെനിക്ക്  തോന്നി. അല്ലെങ്കില്‍ തന്നെ പ്രേമത്തിന് കണ്ണും കയ്യും കാലും ഇല്ലല്ലോ? പ്രേമിക്കാൻ നടന്നാൽ ഉപ്പാടെ കയ്യിൽ നിന്നും കിട്ടുന്ന ചൂരൽ കഷായത്തിന്റെ വേദന ആലോചിച്ചപ്പോൾ സന്തോഷം കൂടുതൽ നിന്നില്ല. ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന ഒരു പ്രേമലേഖനം. ഞാനത് രണ്ടു മൂന്നാവര്‍ത്തി വായിച്ചു.
എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആ പയ്യൻ പറഞ്ഞു.. ഈ കത്തിലെ അക്ഷരതെറ്റ് തിരുത്തി തരാൻ സാറത്ത പറഞ്ഞു. ഈ കത്ത് സിൽബൂനിക്കാക്ക് കൊടുക്കാനാ'. സ്കൂളിലും പിന്നെ കോളേജിലും പഠിക്കുമ്പോള്‍ ഇടയ്ക്കിടെ എന്തെങ്കിലും സാഹിത്യം കുത്തിക്കുറിക്കുന്ന അസുഖം (?) ഉള്ളത് കൊണ്ട് എന്നെ പ്രേമിച്ചു എന്ന് ഞാന്‍ തെറ്റിധരിച്ചതാണ്. ഗണപതിക്ക് വെച്ചത് കാക്കകൊണ്ട് പോയി. സാരമില്ല. ഞാനതിലെ തെറ്റുകളെല്ലാം തിരുത്തി ആ പയ്യന്റെ കയ്യില്‍ കൊടുത്തു.
സാറയെ എനിക്കറിയാം. വീട് പഴുവില്‍ ആണ്. പക്ഷെ ഈ സില്‍ബൂനിയെ എനിക്ക് അറിയില്ല. എന്‍റെ വീടിന്നടുത്തുള്ള സാറയുടെ ഉമ്മാടെ തറവാട്ടില്‍ നിന്നാണ് സാറ സ്കൂളില്‍ പോകുന്നത്. ഒരു പാടത്തിന്റെ കരയിലാണ് ആ വീട്. ഞാന്‍ കോളെജിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ പാടത്ത് നിന്ന് കൂട്ടുകാരിയുമായി സാറ സ്കൂളിലേക്ക് പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക ചിരി ചിരിക്കാറുമുണ്ട്.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു പയ്യന്‍ ഒരെഴുത്തുമായി വീണ്ടും എന്‍റെ അടുത്ത് വന്നു. 'ജബ്ബാറേട്ടാ ഈ കത്ത് സില്‍ബൂനിയേട്ടന്‍ തന്നതാണ്. ഇതിനൊരു മറുപടി എഴുതി തരാന്‍ പറഞ്ഞു.
ഞാന്‍ തിരുത്തി കൊടുത്തയച്ച കത്ത് സില്‍ബൂനി എന്‍റെ കയ്യില്‍ മറുപടി എഴുതി കൊടുക്കാന്‍ പറഞ്ഞു കൊടുത്തയച്ചിരിക്കുന്നു. ഞാന്‍ പ്രേമലേഖനം എഴുതുന്ന കാര്യത്തില്‍ വട്ടപൂജ്യമാണ്. എങ്കിലും വയലാര്‍ രാമവര്‍മയ്ക്ക് മനസ്സാല്‍ മാപ്പ് പറഞ്ഞു ഇങ്ങിനെ എഴുതി...
''' അറബിക്കടലൊരു മണവാളനല്ലേ? ആ അറബിക്കടല്‍ ഞാനാണെന്ന് വിചാരിക്കുക. കരയോ നിന്നെ പോലെ മണവാട്ടിയാണ്. പണ്ടൊക്കെ ഈ പായിലിരുന്ന് നമ്മള്‍ എത്ര കവിത എഴുതി. കടലല നല്ല കഴിത്തോഴനാണ്. കാറ്റാണെങ്കില്‍ നല്ലൊരു കളിതോഴിയാണ്." കൂടാതെ നമ്മുടെ പ്രേമം വിവാഹത്തിൽ ചെന്നെത്തെണമെന്നും നമ്മുടെ രക്ഷിതാക്കൾ സമതിച്ചില്ലെങ്കിൽ ഒളിച്ചോടണമെന്നും പ്രത്യേകം എഴുതി.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സാറയെ വഴിയില്‍ വെച്ച് കണ്ടപ്പോള്‍ അവളെന്റെ മുഖത്ത് നോക്കി ചിരിച്ചു. 'കള്ളാ, നിനക്ക് ഈ പ്രണയലേഖനം എഴുതുന്നതിലും കഴിവുണ്ട്' എന്നാണോ അവള്‍ ചിരിച്ചതിന്റെ പൊരുള്‍. ഞാന്‍ മലയാള ഗാനം കൊപ്പിയടിച്ചതാണെന്ന് അവള്‍ക്കറിയില്ലല്ലോ?
സിൽബൂനി എന്നൊരു പേര് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല. ഇങ്ങിനെ ഒരു പേരുള്ള ഒരാളെയും ഞാൻ ഇന്നാട്ടിൽ കേട്ടിട്ടില്ല.  ഇനി ഒരു പക്ഷെ അതൊരു ചെല്ലപ്പേര് ആയിരിക്കാം.
അന്ന് രാത്രി ഉപ്പ കടപൂട്ടി വന്നപ്പോള്‍ എന്നെ സാധാരണയല്ലാത്ത ഒരു നോട്ടം നോക്കിയോ എന്നെനിക്കൊരു സംശയം. ആ നോട്ടത്തില്‍ ഒരു വശപിശകുള്ളപോലെ. ഒരു പക്ഷെ എന്‍റെ തോന്നലാവാം.
കുറച്ചു ദിവസത്തേക്ക് സാറയെ ഞാന്‍ കണ്ടില്ല.
വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സാറാടെ പയ്യൻ മറ്റൊരു എഴുത്തുമായി തെറ്റ് തിരുത്താന്‍ എന്റെ അടുത്ത് വന്നു. അതിൽ ഒളിച്ചോടുന്നത് സ്വന്തം മതത്തിൽ പെട്ട ആളാണെങ്കിലും തെറ്റാണെന്ന് സവിസ്തരം എഴുതിയിട്ടുണ്ട്. നമ്മെ മാതാപിതാക്കൾ എത്രയോ കഷ്ടപ്പെട്ടാണ്‌ വളർത്തിയത്. അവരെ വിഷമിപ്പിച്ചു ഒളിച്ചോടുന്നത് തികച്ചും തെറ്റാണ്. നമ്മൾക്ക് മാതാപിതാക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്പത്ത് നമ്മൾ അവരെ വയസ്സ് കാലത്ത് ശുശ്രൂഷിക്കുന്നതൊ നമ്മൾ അവർക്ക് പണം കൊടുക്കുന്നതോ അല്ല, മറിച്ച് അവരുടേയും നമ്മുടെയും പേര് മോശമാക്കാതെ ജീവിക്കുന്നതാണെന്നും എഴുതിയിട്ടുണ്ട്. അത് മാത്രമല്ല, ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പൊട്ടലോ ചീറ്റാലോ ഉണ്ടായാൽ അവർ നമുക്ക് സഹായി ആവുമെന്നും അവൾ എഴുതി.
ആ കത്തിലെയും തെറ്റുകൾ ഞാൻ തിരുത്തിക്കൊടുത്തു.
കോളെജിലേക്ക് പോകുമ്പോൾ ഒരിക്കൽ പാടത്തെ വരമ്പിലൂടെ കൂട്ടുകാരിയുമായി സാറ നടന്നു വരുന്നത് കണ്ടു. അവൾ അടുത്തെത്തിയപ്പോൾ ഞാനെന്റെ സൈക്കിളിന്റെ വേഗത കുറച്ചു. അപ്പോൾ  കൂട്ടുകാരി കുറച്ചു മുന്നിലൊട്ട് നീങ്ങി നിന്നു.
' സിൽബൂനി ആരാണ് സാറാ???'. ഞാനെന്റെ സംശയം പ്രകടിപ്പിച്ചു.
'സിൽബൂനിയോ... അത്... പിന്നെ....'.  ഇത്രയും എന്നോട് പറഞ്ഞിട്ടു അവൾ കൂട്ടുകാരിയോട് 'തങ്കമണീ... ദാ വരുന്നൂ'. എന്ന് പറഞ്ഞു കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിപ്പോയി.
ഞാൻ വീണ്ടും സിൽബൂനിക്കു വേണ്ടി കത്തെഴുതിക്കൊണ്ടിരിക്കുമ്പോൾ ഉമ്മ ഉപ്പാട് പറയുന്നത് കേട്ടു. 'ജബ്ബാർ പഠിക്കുന്നുണ്ടോ എന്നൊക്കെ ഒന്ന് ശ്രദ്ധിക്കണം. എപ്പോൾ നോക്കിയാലും അവന്റെയടുത്ത്  ചില കുട്ടികൾ വന്ന് എന്തൊക്കെയോ എഴുതുന്നത് കണ്ടു'.
ഉപ്പാടെ ചൂരൽകഷായത്തിന്റെ വേദന മനസ്സിൽ വന്നു.
അവൻ എന്തെങ്കിലും പഠിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയാവും എന്ന ഉപ്പാടെ മറുപടി കേട്ടപ്പോൾ എനിക്ക് സമാധാനമായി.
പിന്നെയും കുറച്ചു നാളുകൾ സാറാടെ എഴുത്ത് തിരുത്തികൊടുക്കലും അവൾ സിൽബൂനിക്ക് കൊടുത്ത കത്തിന് മറുപടി എഴുതി കൊടുക്കലും പൂർവാധികം ഭംഗിയോടെ നടന്നു.
ഈ സിൽബൂനി ആരാണെന്നരിയാനുള്ള ജിജ്ഞാസ എനിക്ക് കൂടി വന്നു. ഒരു ദിവസം സ്കൂൾ ഓണപൂട്ടിന് സ്വന്തം വീട്ടിലേക്ക് പോകാൻ അവൾ കാട്ടൂർ ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.. 'ആരാണീ സിൽബൂനി??'
അത്...എന്ന് പറഞ്ഞു അവൾ എന്റെ നേരെ കൈചൂണ്ടി ചാവക്കാടന്‍ ഭാഷയില്‍ പറഞ്ഞു.. അത് ഇങ്ങളാ ..... തൃപ്രയാറിലെക്കുള്ള ബസ്സിൽ കയറി അവൾ പോവുകയും ചെയ്തു.
ഞാനാണത്രെ ഇത്ര നാളും അവൾ കരുതിയിരുന്ന സിൽബൂനി....
**
'കുറെ നേരമായല്ലോ പെട്ടിയിൽ നിന്നും പഴയ കത്തുകളൊക്കെ എടുത്തു വായിക്കുന്നത്? കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ആയി'. സാറയുടെ വാക്കുകളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ഞങ്ങളുടെ വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷമായി. ഒരു രസത്തിനാണ് ആ കത്തുകളൊക്കെ വായിച്ചത്. ഞാൻ ഇന്നലെ ഗൾഫിൽ നിന്നും വന്നതേയുള്ളൂ.
'വേഗം വാ.. ദേ.. ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്...'
ആ ഭക്ഷണത്തിന് ഇന്നും നല്ലൊരു രുചി... ജീവിതത്തിലാണെങ്കിൽ തേനും വയമ്പും....
---------------------------------
മേമ്പൊടി:
മറക്കാൻ കഴിയുമോ പ്രേമം
മനസ്സിൽ വരയ്ക്കും വർണചിത്രങ്ങൾ
മായ്ക്കാൻ കഴിയുമോ?

Tuesday 19 April 2016

പൊൻകണ്ണിയാണ് സന്താനം (കഥ)

പൊൻകണ്ണിയാണ് സന്താനം (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


അധികം വൈകിയാണ് ഞാന്‍ ഉറങ്ങാൻ കിടന്നത്. ഒന്ന് രണ്ടു സാഹിത്യ സമ്മേളനങ്ങളിലും പങ്കെടുക്കേണ്ടി വന്നു. കൂട്ടത്തിൽ കൊച്ചു മക്കളുടെ ആഗ്രഹപ്രകാരം അവരുമൊത്ത് കുടുംബസമേതം തൃപ്രയാറിൽ സർക്കസ് കാണാനും പോയി. എപ്പോഴാണ്  ഉറങ്ങിയതെന്നറിയില്ല. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സമയം നന്നേ വെളുത്തിരിക്കുന്നു.
'ഗുഡ് മോർണിംഗ്. ജബ്ബാർ സാറല്ലേ?' അങ്ങേതലക്കൽ നിന്നുള്ള ചോദ്യം.
അതെ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അവർ വിളിക്കുന്ന കാര്യം പറഞ്ഞു.
'സാർ, ഞങ്ങൾ ലിറ്റിൽ ഫ്ലവർ അനാഥശാലയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഇക്കൊല്ലത്തെ വിഷുവാഘോഷം ഉത്ഘാടനം ചെയ്യാൻ സാറിനെ ക്ഷണിക്കാനാണ് ഞാൻ ഫോൺ ചെയ്തത്. ഞാനീ അനാഥശാലയുടെ മദർ ആണ്. സാറിനെ വീട്ടിൽ വന്ന് വിളിക്കാൻ എപ്പോഴാണ് വീട്ടില്‍ ഉണ്ടാവുക?'
മദർ വിളിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞു.
'മദർ, ക്ഷണിക്കാൻ വേണ്ടി ഇങ്ങോട്ട് വരണമെന്നില്ല. ഞാൻ വന്നോളാം. പിന്നെ എന്റെ പ്രസംഗത്തിൽ പ്രവാസികളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വിഷമം ഉണ്ടാവില്ലല്ലോ?' ഞാനെന്റെ ഉദ്ദേശം പറഞ്ഞു.
'ഒരിക്കലുമില്ല. അത് പറയണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. അവരാണല്ലോ ഈ നാടിന്‍റെ ഐശ്വര്യ.'  മദർ വിവരം പറഞ്ഞു.
മീറ്റിങ്ങിനു കൃത്യസമയത്ത് തന്നെ ഞാനെത്തി. സമയത്തിന്റെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ആരാധ്യനായ A.K. ആന്റണിയും തൃശ്ശൂര്‍ പാര്‍ലിമെന്റ് മെമ്പര്‍ C.N.ജയദേവനും ആണ് ഇക്കാര്യത്തിൽ എന്റെ മാതൃകാപുരുഷന്മാർ.
മീറ്റിംഗ് കഴിഞ്ഞു അനാഥശാലയിലെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയിട്ടുണ്ട്.
പ്രാർഥനാഗാനം ആലപിച്ച കുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദു:ഖത്തിന്റെ ഒരു സ്ഥായിഭാവം അവന്റെ മുഖത്ത് കണ്ടു. അനാഥകളുടെ വിഷമങ്ങൾ പറഞ്ഞ കൂൂട്ടത്തിൽ പ്രവാസികളുടെ പ്രയാസത്തെ പറ്റിയും ഞാൻ എന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
കുട്ടികളുടെ കലാപരിപാടികൾ നന്നായിരുന്നു. പക്ഷെ, ചിലരുടെ പ്രകടനം മോശമാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ, അവരെ കുറ്റം പറയാൻ ഞാൻ അർഹനല്ല. കാരണം, ഈ കുട്ടികളുടെ പ്രായത്തിൽ കലാപരിപാടികൾ ചെയ്യുവാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്റ്റെജിൽ കയറാൻ പോലും എനിക്ക് പേടിയും നാണക്കേടുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കഥാമത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതിന്റെ സെർട്ടിഫിക്കറ്റ് വാങ്ങാതെ സദസ്സിന്റെ മൂലയിൽ നിന്ന്, പിറ്റേന്ന് ഓഫീസ് റൂമിൽ പോയി വാങ്ങിയവനാണ് ഞാൻ.
പ്രാർത്ഥനഗാനം ആലപിച്ച യദുകൃഷ്ണൻ എന്ന് പേരുള്ള കണ്ണന് ആരോ ഏൽപ്പിച്ച സമ്മാനം ഞാൻ കൊടുക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പ്രസരിപ്പും കണ്ടില്ല. എന്തോ ഒരു ദു:ഖം അവന്റെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, അതെന്റെ തോന്നലായിരിക്കാം.
എല്ലാ കുട്ടികളേയും അവരുടെ രക്ഷിതാക്കൾ കൊണ്ട് പോകുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവർക്കും സന്തോഷമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എല്ലാ കുട്ടികളും കണ്ണനെ കെട്ടിപിടിച്ച് കരയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവന്റെ രക്ഷിതാക്കളെ ആരേയും ഞാൻ കണ്ടില്ല.
'കണ്ണന് വിഷു ആഘോഷിക്കാൻ വീട്ടിൽ പോകേണ്ടേ?' ഞാനവനെ അടുത്ത് വിളിച്ചു ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള കണ്ണന്റെ മറുപടി.
കണ്ണന്റെ വിഷമിത്തിന്റെ കാരണം എന്നോട് മദര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്‍റെ ഇടനെഞ്ഞു പൊട്ടി.
ഉഷ ഭാസി ദമ്പതികളുടെ ഏക സന്താനമാണ് കണ്ണന്‍. കണ്ണന് 4 വയസ്സായപ്പോള്‍ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങി. ആര് പറഞ്ഞിട്ടും അവര്‍ യോജിപ്പിലെത്താതെ വന്നപ്പോള്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുട്ടിയുടെ അവകാശത്തിന് രണ്ടു പേരും കോടതിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തത്കാലം കുട്ടിയെ അനാഥശാലയില്‍ ആക്കാനും ഇടവിട്ട ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍ സമയം രാജുവിനും രജനിക്കും അനാഥശാല ഓഫീസില്‍ വന്നു കാണാമെന്നും പുറത്തേക്ക് കൊണ്ട് പോകരുതെന്നും വിധി വന്നു. അവര്‍ യോജിച്ച് പോകാനുള്ള അമിക്കബിള്‍ സെറ്റില്‍മെന്റ്റ് നടത്താന്‍ വിരോധമില്ലെന്നും കോടതി വിധിച്ചു.
എന്നെക്കൊണ്ടാവുന്ന കാര്യം ഇക്കാര്യത്തില്‍ ചെയ്യാന്‍ മദര്‍ എന്നോടാവശ്യപ്പെട്ടു.
ഞാനവനെ അടുത്ത് വിളിച്ചു സംസാരിച്ചു.
‘മോനെ കണ്ണാ, നിനക്ക് അച്ഛനെ വേണമോ അമ്മയെ വേണോ?’
‘’എനിക്ക് അച്ഛനേം അമ്മേനേം വേണം’.  ഇതായിരുന്നു അവന്റെ മറുപടി.
ഒരു പാട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കരുതിയിരുന്നതായിരുന്നു. ഇനി എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ കരയുമെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
അവന്റെ കാര്യമാലോചിച്ച് എന്‍റെ മനസ്സ് വേദനിച്ചു. എന്തായാലും അവന്റെ മാതാപിതാക്കളെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചു. നാളെ വിഷുവിന് അവന്റെ കൂടെ ഭക്ഷണം കഴിക്കണമെന്നും ഒക്കുമെങ്കില്‍ കണ്ണന്റെ മാതാപിതാക്കളുമായി മദറിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിക്കണമെന്നുമുള്ള എന്‍റെ ആഗ്രഹം മദറിനോട്‌ ഞാന്‍ പറഞ്ഞു. ഹൃദയം നിറഞ്ഞ നന്ദിയോടെ അവരത് സ്വീകരിച്ചു.
വിഷുവിന് ഞാന്‍ അവിടെ എത്തിയപ്പോള്‍ മദര്‍ എന്നെയും കണ്ണന്റെ മാതാപിതാക്കളെയും പരസ്പരം പരിജയപ്പെടുത്തി.
ആദ്യം കണ്ണന്റെ അമ്മ ഉഷയും കുറച്ച് സമയങ്ങള്‍ക്കു ശേഷം അച്ഛന്‍ ഭാസിയും വന്നു. രണ്ടു പേരും വലിയ ഗൌരവത്തിലായിരുന്നു. ദൂരെയുള്ള രണ്ടു കസേരകളില്‍ അവര്‍ ഇരുന്നു, പരസ്പരം ശ്രദ്ധിക്കാതെ. നീണ്ട വിരാമമിട്ടുകൊണ്ട് ഞാന്‍ രണ്ടു പെരോടായി പറഞ്ഞു. 'എന്നെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായി കരുതുക. നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ അറിഞ്ഞു. അറിഞ്ഞത് ശെരിയാവണമെന്നില്ലല്ലോ? നിങ്ങളുടെ വിഷമങ്ങള്‍ എന്നോട് പറയുക. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേ ആള്‍ സംസാരിക്കരുത്. സമ്മതമല്ലേ?'
സമ്മതമാണെന്ന് ഭാസി പറയുകയും ഉഷ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും ചെയ്തു. ‘ശെരി, ആദ്യം ഭാസിക്ക് പറയാനുള്ളത് പറയൂ’. ഞാന്‍ അങ്ങിനെ ആവശ്യപ്പെട്ടു.
ഉഷയെ പറ്റി ഒരു പാട് പരാതികളാണ് ഭാസിക്ക് പറയാനുണ്ടായത്. അത് ഞാന്‍ പ്രതീക്ഷിച്ചതാണ്. അവന്റെ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ ഞാന്‍ ഉഷയോട് സംസാരിക്കാന്‍ പറഞ്ഞു. ഉഷക്കും സ്വാഭാവികമായി പറയാനുണ്ടായത് ഭാസിക്യുടെ കുറ്റങ്ങളായിരുന്നു. രണ്ടു പേര്‍ക്കും ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞു. കണ്ണനെ അവര്‍ക്ക് വേണമെന്ന് ഓരോരുത്തരും ആവശ്യപ്പെട്ടു.
അഞ്ചുപേര്‍ക്കിരിക്കാവുന്ന ഒരു വലിയ സോഫയില്‍ ഇരിക്കാന്‍ കണ്ണനോട് ഞാനാവശ്യപ്പെട്ടു. കണ്ണന്റെ അടുത്ത് സോഫയില്‍ ഇരിക്കാന്‍ ഉഷയോടും ഭാസിയോടും ഞാന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും സോഫയില്‍ ഇരിക്കാനായി എഴുനേറ്റു. പെട്ടെന്ന് ഭാസി തിരിച്ചു വന്നിട്ട് പറഞ്ഞു. അവളിരിക്കുന്ന സോഫയില്‍ ഞാന്‍ ഇരിക്കില്ല. മുതലാളി ഇരിക്കുന്ന സോഫയില്‍ ഞാനിരിക്കില്ല എന്നും പറഞ്ഞു ഉഷയും പഴയ സ്ഥലത്തേക്ക് പോയി. എന്‍റെ ആദ്യത്തെ ഉദ്യമം നടക്കാതെ പോയി.
ഞാനവര്‍ രണ്ടു പേരും പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് രണ്ടു പേരെയും സന്തോഷിപ്പിക്കാനായി പറഞ്ഞു. അതവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു അവരുടെ മുഖഭാവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. കുറച്ചൊക്കെ ഉപദേശം കൊടുക്കുകയും ചെയ്തു. ഉഷയ്ക്ക് വേറെ ഭര്‍ത്താവിനെ കിട്ടും, അത് പോലെ ഭാസിക്ക് വേറെ ഭാര്യയേയും കിട്ടും. പക്ഷെ കണ്ണന്റെ കാര്യം നിങ്ങള്‍ ആലോചിച്ചോ? ഇപ്പോള്‍ തന്നെ നിങ്ങള്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ അത് വളരെ ദോഷമാണ്. ആ സോഫയില്‍ ഇരിക്കാന്‍ പറഞ്ഞത് വലിയ ഒരബദ്ധമാണോ? തുടങ്ങി ഒരു പാട് നേരം ഞാനവരെ ഉപദേശിച്ചു. എന്‍റെ മോന്റെ അടുത്ത് ഞാനിരിക്കാം എന്നും പറഞ്ഞു ഉഷ കണ്ണന്റെ അടുത്ത് ചെന്നിരുന്നു. എന്‍റെ മോന്റെ അടുത്ത് എനിക്കിരിക്കണം എന്ന് പറഞ്ഞു ഭാസിയും കണ്ണന്റെ മറ്റൊരു വശത്ത് ചെന്നിരുന്നു.
ഞാന്‍ പിന്നെയും അവരെ ഉപദേശിച്ചു. എന്നെ സഹായിക്കാനെന്ന പോലെ മദറും നല്ല ഉപദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തോളൂ.. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം അനുഭവിക്കേണ്ടി വരുന്നത് കണ്ണനാണ് എന്നത്. ഇവിടെ ഒരു പക്ഷെ നിങ്ങള്‍ രണ്ടു പേരും ജയിച്ചെന്നോ തോറ്റെന്നോ വരാം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഇങ്ങിനെ പിണങ്ങി നിന്നാല്‍ തോല്‍ക്കുന്നത് കണ്ണനാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക'
എന്തായാലും വിഷുസദ്യ കഴിക്കാന്‍ സമയമായി. അതിനു മുമ്പ് നിങ്ങള്‍ കണ്ണന് മൂന്നു മുത്തം ഭാസിയും ഉഷയും ഒരേ സമയം കൊടുക്കുക.
എന്‍റെ ഉദ്യേശം എന്താണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുണ്ടാവും. അങ്ങിനെ അവര്‍ ഒരുമിച്ചു കണ്ണന്റെ രണ്ടു കവിളിലും മുത്തം കൊടുത്തു. രണ്ടാമത്തെ മുത്തം കഴിഞ്ഞ് മൂന്നാമത്തെ മുത്തം കൊടുക്കാന്‍ രണ്ടു പേരും കണ്ണന്റെ കവിളിന്നടുത്തെക്ക് ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ച പോലെ പെട്ടെന്ന് കണ്ണന്‍ തല താഴേക്കു ചെരിച്ചു. അവര്‍ മുത്തം കൊടുത്തു. കണ്ണനല്ല എന്ന് മാത്രം.
അമ്മയും അച്ഛനും മുത്തം കൊടുത്തേ എന്ന് പറഞ്ഞു കണ്ണന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
'അപ്പോള്‍ ഇനി നമുക്ക് ഡിവോഴ്സിന്റെ കാര്യം ചര്‍ച്ച ചെയ്യാമല്ലേ?'. രണ്ടു പേരോടുമായി ഞാന്‍ ചോദിച്ചു.
‘അല്ല, സാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. കണ്ണന് വേണ്ടി എന്ത് ത്യാഗത്തിനും ഞാന്‍ തയ്യാറാണ്’. അത് പറഞ്ഞത് ഉഷയായിരുന്നു. താനും തയ്യാറാണ് എന്ന് ഭാസിയും പറഞ്ഞു.
കേസ് പിന്‍വലിക്കുന്ന രേഖകളില്‍ രണ്ടു പേരും ഒപ്പിട്ടു. നല്ലൊരു വിഷുസദ്യയും കഴിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഇനി കണ്ണനെ ഇവരുടെ കൂടെ പറഞ്ഞയക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് വാങ്ങണം. കോടതിയില്‍ അവരുടെ സെറ്റില്‍മെന്റ് അപേക്ഷ കൊടുത്തപ്പോള്‍ കോടതിയില്‍ നിന്ന് വിധി വാങ്ങി ഉഷയും ഭാസിയും കണ്ണനേയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.
------------------------------
മേമ്പൊടി:
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൊന്‍കണ്ണിയാണ് പൂംപൈതല്‍


Wednesday 13 April 2016

പൂന്തിങ്കളുടെ പിന്നാമ്പുറം (കഥ)

പൂന്തിങ്കളുടെ പിന്നാമ്പുറം (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
 

അന്നാട്ടിലെ ഒരേ ഒരു നാടൻചായക്കട. അമ്പത് അറുപത് വർഷങ്ങൾക്ക് മുമ്പ് റോഡ്‌ സൈഡിലുള്ള ഓലയോ ഓടോ ഉള്ള വീടിന്റെ മുൻഭാഗം ഒരു ചായക്കടയുടെ രൂപം വരുത്തിയതാണ് അന്നതെയൊക്കെ ചായക്കടകൾ. ചായ കുടിക്കുന്നതോടൊപ്പം പത്രം വായിക്കുക, വായിക്കുന്നത് കേൾക്കുക, അഭിപ്രായം പറയുക ഇതൊക്കെയാണ് അവിടെത്തെ ലീലാവിലാസങ്ങൾ. അന്നൊക്കെ പത്രങ്ങൾ ബാർബർഷോപ്പിലും ചായക്കടയിലും ചുരുക്കം ചില വീടുകളിലും മാത്രമാണ് വരുത്തുക പതിവ്. 'ഇന്ന് റൊക്കം നാളെ കടം ' എന്നും 'ഇവിടെ രാഷ്ട്രീയം പറയരുത്' എന്നൊക്കെയുള്ള ബോർഡുകൾ ചുമരിന്മേൽ കരി കൊണ്ടോ മരപ്പലകയിന്മേൽ ചോക്ക് കൊണ്ടോ എഴുതിയത് കാണാം.
നാടൻ ചായക്കടയിലെ സന്ദർശകരിൽ ഭൂരിഭാഗവും ആ ചുറ്റുവട്ടത്തുള്ളവരാണ്. വല്ലപ്പോഴും ഏതെങ്കിലും വഴിയാത്രക്കാർ വന്നെങ്കിലായി. അല്ലാതെ, ആ ഓണംകേറാമൂലയിൽ ആര് വരാനാണ്?
ഒരു ദിവസം ആ ചായക്കട സദസ്സിലേക്ക് ആ നാട്ടുകാരനല്ലാത്ത ഒരാൾ കടന്നു വന്നു. തീരെ മുഷിഞ്ഞ വേഷം. ഉറക്കക്ഷീണം കണ്ണുകളിൽ.
'എന്താ വേണ്ടത്?' കട ഉടമസ്ഥൻ സൈദുക്ക ചോദിച്ചു.
'കടുപ്പത്തിൽ ഒരു ചായ' വാക്കുകൾ കുറച്ച് മറുപടി.
ആ മനുഷ്യന്റെ ഭാവഹാധികൾ മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി. സൈദുക്ക അദ്ധേഹത്തെപറ്റി അറിയാൻ താല്പര്യം കാണിച്ചു. അല്ലെങ്കിൽ തന്നെ ആ കാര്യത്തിൽ ഒരു പുലിയാണ് സൈദുക്ക. എല്ലാവരുടെയും കുഴിക്കൂറു അന്വേഷിക്കലാണ് ഇഷ്ടന്റെ ഹോബി.
'എവിടെത്തുക്കാരനാ?' സൈദുക്ക അന്വേഷിച്ചു.
'കേരളം'. നിസ്സംഗതയോടെ ആ മനുഷ്യൻ പറഞ്ഞു.
ആ മനുഷ്യന്റെ ഒരു സുഖമില്ലാത്ത മറുപടി കേട്ടപ്പോൾ സൈദുക്കാക്കും അവിടെയുണ്ടായിരുന്ന മറ്റു അവിടെ കൂടിയിരുന്നവരിലും ഒരു നീരസം ഉണ്ടായി. അതവർ പുറത്ത് കാണിച്ചില്ലെന്ന് മാത്രം.
ഈ മനുഷ്യൻ ഒന്നുകിൽ ഒരു തരികിടയാണ്, അല്ലെങ്കിൽ എന്തോ മാനസികരോഗിയാണെന്ന് അവിടെ കൂടിയവർ അടക്കം പറഞ്ഞു.
ചായക്കടയിൽ തിരക്ക് കൂടി വന്നു. അപ്പോഴാണ്‌ ആ വഴി ഒരു യാത്രാബസ്‌ കടന്നു പോയത്. ആ വഴി ബസ്‌ റൂട്ട് ഇല്ലാത്തതാണ്.
ആ നിശബ്ദജീവിയായ അന്യനാട്ടുകാരൻ പിറുപിറുത്തു. 'ആ പോയ ബസ്സിന്റെ സ്പീഡ് കണ്ടോ, അത് ഇപ്പോൾ ആക്സിടെന്റ്റ് ആവും. ഒരു മിനിറ്റ് കഴിഞ്ഞു ആ മനുഷ്യൻ കൂട്ടിച്ചേർത്തു. 'ആ ഡ്രൈവർ മരിക്കും'
ആ മനുഷ്യന്റെ വാക്കുകൾ ആരും കാര്യമാക്കിയില്ല. ഒരു ഭ്രാന്തന്റെ മൊഴിയായി മാത്രമേ ജനങ്ങൾ കരുതിയുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഇരുന്ന ഒരാൾ വിവരം അന്വേഷിച്ചു വരാമെന്ന് പറഞ്ഞ് എഴുനേറ്റു.
സൈക്കിളെടുത്ത് പോയ വ്യക്തി പോയതിനേക്കാൾ വേഗതയിൽ തിരിച്ചു വന്നു പറഞ്ഞു. 'സാധാരണ ബസ്‌ പോകുന്ന വഴിയിലെ കലുങ്ക് പൊളിച്ചു പണിയുന്നത് കൊണ്ട് കുറച്ചു ദിവസം ഈ വഴിക്കാണ് ബസ്‌ പോകുക. അങ്ങിനെ പോയ ആ ബസ്‌ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഡ്രൈവർ മരിച്ചു.'
ആ അജ്ഞാതൻ ഇതൊന്നും ശ്രദ്ധിക്കാതെ പത്രത്തിൽ നോക്കിയിരിക്കുകയാണ്. അവിടെയുള്ളവർക്ക് ആ മനുഷ്യനെ അത്ഭുദത്തോടെ മാറ്റിചിന്തിക്കാൻ ഈ സംഭവം ഇടവരുത്തി. അല്ലെങ്കിലും അതങ്ങനെയാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ഒരു ചായ കൂടി വാങ്ങി കുടിച്ചു.
എല്ലാവരും കേൾക്കെ ആ മനുഷ്യൻ പറഞ്ഞു. 'ആ ബസ്സിന്റെ മുതലാളി ഇന്ന് കാലത്ത് ഗ്യാസ് സിലിണ്ടെർ പൊട്ടിത്തെറിച്ചു മരിച്ചിട്ടുണ്ടാവും'.
ആക്സിടെന്റിന്നു ശേഷം ആൽമഹത്യ ചെയ്തതാണെങ്കിൽ ആ മനോവിഷമമം കൊണ്ട് ചെയ്തതാണെന്ന് കരുതാം. പക്ഷെ അദ്ദേഹം പറയുന്നത് കാലത്ത് വിഷം കഴിച്ചിട്ടുണ്ടെന്നാണ്. സൈക്കിൾകാരൻ വീണ്ടും സൈക്കിൾ എടുത്ത് ബസ് മുതലാളിയുടെ വീട്ടിലേക്ക് ചെന്നു. തിരിച്ചു വന്നു എല്ലാവരും കേൾക്കെ ആ മനുഷ്യൻ പറഞ്ഞത് ശെരിയാണെന്ന് അറിയീച്ചു.
ഈ മനുഷ്യൻ ഒരു ദിവ്യനാണെന്ന് അവിടെ കൂടിയിരുന്നവർക്ക് തോന്നി. മരണം നടന്നത് അദ്ദേഹം കാലത്ത് അറിഞ്ഞിട്ടുണ്ടാവും എന്ന് കരുതാം. പക്ഷെ, ആക്സിടെന്റ്റ് ആവും എന്ന് പറഞ്ഞതോ? ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ആ മനുഷ്യൻ.
സൈദുക്ക ആ മനുഷ്യനോട് അദ്ധേഹത്തിന്റെ പേര് ചോദിച്ചു.
'മ....' എന്ന് മാത്രം പറഞ്ഞ് അദ്ദേഹം മൌനം പൂണ്ടു.
ഉടനെ സൈദുക്ക ആ വാക്ക് പൂരിപ്പിച്ചു. 'അള്ളാ.. നമ്മുടെ ജാതിയാ, പേര് മനാഫ്'
ഉടനെ അവിടെയുണ്ടായിരുന്ന ഗോപാലകൃഷ്ണൻ നായർ പറഞ്ഞു 'അങ്ങിനെ പറയണ്ട. മ എന്ന് പറഞ്ഞാൽ നിങ്ങളെങ്ങിനെയാ മനാഫ് എന്ന് തീരുമാനിക്കുക. അത് മനോഹരനാണ്. ഞങ്ങടെ മനോഹരൻ നായർ'.
'ഈ മനുഷ്യന്‍ മത്തായിയാണ്'. അവിടെ ആ വാക്കും കേട്ടു, ഒരു ക്രിസ്ത്യന്‍ സഹോദരനില്‍ നിന്ന്.
ഇതൊക്കെ കേട്ടിട്ടും കേൾക്കാത്തഭാവത്തിൽ ഇരിക്കുകയാണ് ആ മനുഷ്യൻ.
'മോനെ മനാഫേ' സൈദുക്ക വിളിച്ചു.
'എന്തോ' ആ മനുഷ്യൻ വിളികേട്ടൂ.
',മോനെ മനോഹരാ എന്ന ഗോപാലകൃഷ്ണന്‍ നായരുടെ വിളിക്കും മോനെ മത്തായി എന്ന വിളിക്കും അതെ സ്വരത്തില്‍ വിളി കേട്ടു. പക്ഷെ മുസ്ലീമിന്റെ കടയില്‍ ആയത് കൊണ്ടും ആദ്യം വിളിച്ചത് മുസ്ലിം പെരായത് കൊണ്ടും മറ്റുള്ളവര്‍ ഒന്നും പറഞ്ഞില്ല. അവിടെ യാതൊരുവിധ മതസ്പർദ്ധയുമുണ്ടായില്ല.
'ഞങ്ങൾ അങ്ങയെ മനാഫ് പൂന്തിങ്കൾ എന്ന് വിളിക്കട്ടെ?' അവിടെയുള്ള ആരോ ചോദിച്ചു.
മൌനമായിരുന്നു അതിന്ന് മറുപടി. മൌനം സമ്മതം എന്നവർ തീരുമാനിച്ചു.
ചായക്കടയുടെ ഒരു ഭാഗം പൂന്തിങ്കളിന്നായി ഒരുക്കി.
പൂന്തിങ്കൾ വളരെ പെട്ടെന്ന് പ്രശസ്തനായി. ദൂരെ ദിക്കിൽ നിന്ന് പോലും ആളുകൾ വന്ന് തുടങ്ങി. കച്ചവടം അഭിവൃദ്ധി പ്രാപിക്കാന്‍, ശനിദശ മാറാന്‍, അസുഖം ഭേദമാകാന്‍ എന്ന് വേണ്ട വിസ പെട്ടെന്ന് കിട്ടാന്‍ വരെ ആളുകള്‍ വന്നു കൊണ്ടിരുന്നു.
സൈദുക്കാടെ ചായക്കട വലുതാക്കി.
വളരെ കാലത്തിന് ശേഷം ഒരു ദിവസം പോലീസുകാർ സൈദുക്കാടെ കടയിൽ വന്നിട്ട് പറഞ്ഞു 'നിങ്ങളുടെ കടയിലുള്ള പൂന്തിങ്കളിന്റെ പേരിൽ ഒരു കേസ് ഉണ്ട്. ചോദ്യം ചെയ്യാനാണ് ഞങ്ങൾ വന്നിട്ടുള്ളത്'.
വിവരമറിഞ്ഞ് ജനങ്ങൾ സംഘടിച്ചു. ഒരാഴ്ചത്തെ ഹർത്താൽ പ്രഖ്യാപിച്ചു.
പക്ഷെ, പോലീസ് പൂന്തിങ്കളെ ചോദ്യം ചെയ്തു. സ്വതവേ മൌനക്കാരനായ പൂന്തിങ്കൾ തത്ത പറയുന്ന പോലെ പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ഒരു മതത്തിലും വിശ്വാസമില്ലാത്ത, അമ്പലത്തിലോ മസ്ജിദിലൊ ചർച്ചിലൊ പോകാത്ത ആളാണ്‌ ബാബു എന്ന ഈ മനുഷ്യൻ. അടുത്ത ഗ്രാമത്തിലെ ഒരു ബസ്സിലെ കണ്ടക്ടർ ആയിരുന്നു ബാബു. ആ ബസ്സിന്റെ മുതലാളി അറിയാതെ ഒരു പാട് പൈസ മോഷ്ടിച്ചയാളാണ് ഈ മനുഷ്യൻ. അത് മുതലാളി കണ്ടുപിടിച്ചു ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി. അയാൾ ഒരു പാട് വർഷം കേരളത്തിന്ന് പുറത്തേക്ക് പോയി. പിന്നീട് നാട്ടിലേക്ക് തിരിച്ചു വന്നു.
രാത്രിയിൽ ഏകനായി താമസിക്കുന്ന ബസ്‌ മുതലാളിയുടെ വീട്ടിലെ കിച്ചണിലെ ഗ്യാസിന്റെ പൈപ്പ് മുറിച്ച് വെച്ചു. അതിന്ന് ശേഷം പുറത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിന്റെ ബ്രൈക്കിന്റെ ഓയിൽ പൈപ്പ് പൊട്ടിച്ചു. അങ്ങിനെയാണ് സ്റ്റൗവ് ഓണ്‍ ചെയ്തപ്പോൾ മുതലാളി മരിച്ചതും. ബസ് ഓടിക്കുണ്ടിരിക്കുമ്പോൾ ഓയിൽ ലീക്ക് ചെയ്തു ആക്സിടെന്റ്റ് ഉണ്ടായി ഡ്രൈവർ മരിച്ചതും.
നിസ്സംഗതയോടെ എല്ലാം തുറന്നു പറഞ്ഞു ബാബു.
----------------------------------------
മേമ്പൊടി: 
എല്ലാ കുറ്റവാളികളും എന്തെങ്കിലുമൊരു തെളിവ് അവരറിയാതെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പോകും. അത് പോലീസ്സിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള പണി എളുപ്പമാകും.