Thursday, 13 August 2015

ഈറ്റില്ലം (കഥ)



ഈറ്റില്ലം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

അയാൾ ഒന്നും ഉരിയാടാതെ എളാപ്പയുടെ മുന്നിൽ നിന്നു. എന്താണ് പറയേണ്ടത്, പറഞ്ഞാൽ എന്തായിരിക്കും മറുപടി എന്നൊക്കെ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വീരാവു എളാപ്പ അയാളോട് ചോദിച്ചു 'എന്താണ് ഇബ്രാഹിംകുട്ടി, നീ വന്നിട്ട് കുറച്ച് നേരമായല്ലോ, ഒന്നും പറയാത്തതെന്താ?'

'എളാപ്പാ, ഐശാക്ക് പ്രസവം അടുക്കുകയാണ്. എന്റെ വീടാണെങ്കിൽ വളരെ ചെറിയതാണ്. കിടക്കുമ്പോൾ നീർന്നു കിടക്കാൻ പോലും പറ്റൂല. ഒരു മുറിയും അടുക്കളയും ആണ് ആകെ. മറ്റേ മുറിയിൽ കൊപ്ര ഉണക്കുകയാണ്. എനിക്ക് രണ്ടു മുറി കൂടി പണിതാൽ കൊള്ളാമെന്നുണ്ട്. എളാപ്പ സഹായിക്കണം എന്ന് പറയാനാണ് ഞാൻ വന്നത്?' എവിടെ നിന്നോ വന്ന ഒരു ധൈര്യം വെച്ച് അയാൾ പറഞ്ഞു.

വീരാവു എളാപ്പ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല. ചോദിച്ചത് തെറ്റായോ എന്നയാൾക്ക് തൊന്നി.

ഉപ്പാടെ അനുജനാണ് വീരാവു എളാപ്പ. എല്ലാവർക്കും എളാപ്പാനെ പേടിയും ബഹുമാനവുമാണ്.

കുറച്ചു നേരത്തെ നിശ്ശബ്ധതക്ക് ശേഷം എളാപ്പ പറഞ്ഞു 'എടാ ഇബ്രാഹിംകുട്ടി, നിനക്ക് എന്നോട് എന്തും ചോദിക്കാലോ. നീ എന്റെ ജ്യേഷ്ഠന്റെ മകനാണെങ്കിലും എന്റെ സ്വന്തം മകനെപ്പോലെയാണ്. എന്തായാലും എന്റെ കയ്യിൽ 459 റൂപ്യയുണ്ട്. അത് പൊള്ളാച്ചിക്കു പോത്തിനെ വാങ്ങാൻ വെച്ചതാ. അതിൽ നിന്നും ഒരു 250 നിനക്ക് തരാം. പോരെ?'

അയാൾക്ക്‌ അത് സമ്മതമായിരുന്നു.

അകത്തു നിന്നും എളീമ സ്വരം താഴ്ത്തി എളാപ്പാനെ വിളിച്ചു. എളാപ്പ അകത്തേക്ക് പൊയി. അയാൾക്ക് വേവലാതിയായി. പൈസ കൊടുക്കേണ്ടെന്ന് പറയാനായിരിക്കുമോ എളീമ ഭർത്താവിനെ അകത്തേക്ക് വിളിപ്പിച്ചത്. പുറത്തു വരുന്നതിന്നിടയിൽ എളീമായോടു 'ഇത് പറയാനാണോ നീ എന്റെ അനുവാദം ചോദിച്ചത്' എന്ന് എളാപ്പ പറയുന്നുണ്ടായിരുന്നു.

'കേട്ടോ ഇവിടെ കുറച്ചു പഴയ വീടിന്റെ വാതിലും ജനവാതിലും ഉള്ളത് നിനക്ക് കൊടുത്തൂടെ എന്നാണു അവൾ എന്നോട് അനുവാദം ചൊദിച്ചത്.'

ഓ. സമാധാനമായി. എളീമ എന്നും അങ്ങിനെയാ. ഒരു മെച്ചിങ്ങ പോലും ഭർത്താവിന്റെ അനുവാദമില്ലാതെ ആർക്കും കൊടുക്കൂല.

എളാപ്പ പൈസ എടുക്കാൻ അകത്തേക്ക് പൊയി. അയാൾ അക്കൊല്ലത്തെ കലണ്ടർ നൊക്കി. 1951 എന്ന ആ വർഷത്തെ കലണ്ടർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു, തന്റെ മനസ്സ് സന്തോഷം കൊണ്ട് ആടുന്നപോലെ എന്നയാൾക്ക് തോന്നി.

'നീ ചെന്ന് നമ്മുടെ ആ മൊയ്ദുവിനോട് ഇങ്ങോട്ട് വരാൻ പറ. അവനാണെങ്കിൽ എല്ലാം എടുത്തു വഞ്ചിയിൽ കൊണ്ട് പോയി കുട്ടമംഗലത്ത് കൊണ്ട് തരും'

അയാൾ എളാപ്പ പറഞ്ഞപോലെ ചെയ്തതിനു ശേഷം നേരെ അടുത്തുള്ള തന്റെ തറവാട്ടിലേക്ക് പൊയി.

അയാളുടെ ഉപ്പ ചാരുകസേരയിന്മേൽ കിടക്കുകയാണ്. വന്ന വിവരം പറഞ്ഞു. ദുഅ ചെയ്യാൻ ആവശ്യപ്പെട്ടതിന്നു ശേഷം ഉമ്മാടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു.

'അവൾക്ക് ഇത് ഏതാ മാസം' ഉമ്മാടെ ചോദ്യത്തിന്നു എട്ടാമത്തെ മാസം എന്ന് അയാൾ മറുപടി കൊടുത്തു

എളാപ്പാടെ വീട്ടിൽ പോയതും മറ്റും അയാൾ ഉമ്മയോട് പറഞ്ഞു.

ഉമ്മ കൊടുത്ത പാലും മധുരവും കൂടുതലുള്ള ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അനുജന്മാർ വന്ന് ഭക്ത്യാദരവോടെ അയാളോട് വിവരങ്ങൾ അന്വേഷിച്ചു.

സാധനങ്ങൾ എല്ലാം അയാളും മൊയ്തുക്കയും അനുജന്മാരും കൂടി വഞ്ചിയിൽ കയറ്റി വെച്ചു. വഞ്ചിയിലിരിക്കുമ്പൊഴും അയാളുടെ ചിന്ത വീട് പണി എന്താവുമെന്നായിരുന്നു.

കുട്ടമംഗലത്തിന്റെ എതിർകരയിലുള്ള പുത്തെൻപുരയിലെ രാമേട്ടൻ വിളിച്ചു ചോദിച്ചു 'അല്ല എന്താണ് വഞ്ചിയിൽ ഉരുപ്പടിയുമായി?'

അയാൾ എല്ലാം രാമേട്ടനോട് പറഞ്ഞു. മൊയ്ദുവിനോട് വഞ്ചി കരയിൽ അടുപ്പിക്കാൻ രാമേട്ടൻ പറഞ്ഞു.

'ഇബ്രാഹിമേ നിനക്ക് മരത്തിന്റെ ആവശ്യമുണ്ടെങ്കിൽ ഈ പറമ്പിൽ നിന്ന് ഏതു മരം വേണമെങ്കിലും മുറിച്ചെടുത്തോളൂ.'

അയ്യോ അത് വേണ്ട കഷ്ടപ്പെട്ട് വളര്ത്തിയതല്ലേ എന്ന് അയാൾ പറഞ്ഞപ്പോൾ രാമേട്ടന്റെ മറുപടി മറ്റൊന്നായിരുന്നു 'ഏതോ മാങ്ങയുടെ അണ്ടി ഏതോ പക്ഷി കൊണ്ട് വന്നിട്ട് വളർന്നതാവും. തന്നെയുമല്ല, ഒരു നല്ല കാര്യത്തിന്നല്ലേ?'

അയാൾ ഒന്നും പറഞ്ഞില്ല. രാമേട്ടൻ പറഞ്ഞത് അനുസരിച്ചു.

വഞ്ചി കുട്ടമംഗലത്തിന്നടുത്തുള്ള കോരിഅറ എന്ന സ്ഥലത്ത് അടുപ്പിച്ചു.

കാട്ടൂരിലെ പാലത്തിങ്കൽ ഇട്ടൂപ്പ് മാപ്പിളയെ അയാൾ ചെന്നു കണ്ടു. തന്റെ കയ്യിൽ കുറച്ചു സ്വർണമുണ്ടെന്നും അത് വെച്ച് കുറച്ചു രൂപ കടമായിട്ട് വേണമെന്നും വീട് പണിക്കാണെന്നും പലിശ തരാമെന്നും പറഞ്ഞു.

'ഈ സ്വർണം നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ, പലിശ വേണ്ടെന്നും, ഒരു വീട് പണിയുന്ന നല്ല കാര്യത്തിന്നല്ലേ' എന്നുമായിരുന്നു ഇട്ടൂപ്പ് മാപ്പിള പണം കൊടുത്തിട്ട് പറഞ്ഞത്.

സഹായം ചെയ്യുന്ന കാര്യത്തിന്നു ബന്ധമോ മതമോ ജാതികളോ മാനദണ്ടമല്ലെന്നു അയാൾക്ക് അനുഭവത്തിൽ നിന്നും മനസ്സിലായി.

വീടിനോട് ചേർന്ന് രണ്ടു മുറികൾ പണിതു.

താൻ ഉള്ള കാലത്ത് പല രൂപത്തിലും പലരെയും സഹായിച്ചിട്ടുണ്ട്. അവരിൽ നിന്നും ദ്രോഹമേ ഉണ്ടായിട്ടുള്ളൂ. ഒരു പാട് ആളുകളെ മണ്ഡപം വഴി സിലോണിലേക്ക്‌ കൊണ്ട് പോയിട്ടുണ്ട്, സ്വന്തക്കാരെയും. പക്ഷെ അവർ ആരും ഒരു സഹായവും ചെയ്തില്ല. സാരമില്ല. പടച്ചവൻ ഒരു വഴി കാണിച്ചു തരും എന്ന് അയാൾക്ക്‌ വിശ്വാസമുണ്ടായിരുന്നു.



ദിവസങ്ങൾക്കു ശേഷം അയാൾ കാട്ടൂരിലെ കടയടച്ചു  ഏടത്തിരുത്തി വഴി വീട്ടിലേക്കു സൈക്കിളിന്മേൽ പോവുകയാണ്. ഏകദേശം കുട്ടമംഗലം എത്താറായിട്ടുണ്ട്. ഒരു കുട്ടി ഓടികിതച്ചു കൊണ്ട് അയാളുടെ അടുത്തെത്തി.

'ഇക്ക, ഇത്താക്ക് വേദന തുടങ്ങീന്നു ഉമ്മ പറഞ്ഞു.'

അവനേയും സൈക്കിളിൽ കേറ്റി അയാൾ വേഗത്തിൽ വീട്ടിലേക്കു ചെന്നു.

അവിടെ വടക്കേ വീട്ടിലെ കുഞ്ഞയ്യപ്പന്റെ ഭാര്യ കൊച്ചുപെണ് അയാളുടെ ആദ്യത്തെ 4 വയസ്സുള്ള മകന്നു ഭക്ഷണം കൊടുക്കുന്നു.

അയാൾ വയറ്റാട്ടിയെ കൊണ്ട് വരാൻ ചൂലൂരേക്ക് നടന്നു. പുറത്തു നല്ല ഇരുട്ട്.

കുറച്ചു ദൂരം നടന്നപ്പോൾ കോയക്കാടെ വീടിന്നടുത്തെത്തി.

'ആരാ അത്?' എന്ന കോയക്കാടെ ചോദ്യത്തിന്നു അയാൾ മറുപടി കൊടുത്തു. കൂടാതെ പോകുന്ന കാര്യവും പറഞ്ഞു. 'ഇബ്രാഹിംകുട്ടി, നീ ഈ ഇരുട്ടത്ത്‌ പോകുമ്പോൾ ഒരു വെളിച്ചം കൊണ്ട് പോകണം. വല്ല ഇഴജന്തുക്കളും ഉണ്ടാവാം'. അത് പറഞ്ഞു കോയാക്ക കുറച്ചു ഓലക്കുടി കൂട്ടികെട്ടി ഒരു ചൂട്ട് ആക്കി കത്തിച്ചു അയാളുടെ കയ്യിൽ കൊടുത്തു.

കോയക്ക ഭാര്യയെ വിളിച്ചു പെട്ടെന്ന് ഇബ്രാഹിംകുട്ടിയുടെ വീട്ടിലേക്കു പോകാൻ റെഡിയാവാൻ പറയുന്നത് അയാൾ കേട്ടു.

ചൂലൂരെ അയാളുടെ ഭാര്യവീട്ടിൽ ചെന്ന് ഭാര്യയുടെ ഉപ്പയുമായി വയറ്റാട്ടി ആമിനത്തായുടെ വീട്ടിൽ ചെന്നു. അവരെയും കൂട്ടി അയാൾ തന്റെ വീട്ടിൽ എത്തി.

നല്ല വിശപ്പ്‌. എല്ലാവരും ഭക്ഷണത്തിന്നു വിളിച്ചു. വയറ്റാട്ടിയെ കിട്ടാതെ ഭക്ഷണം കഴിക്കില്ലെന്ന അയാളുടെ തീരുമാനം ജയിച്ചു. വീട്ടിൽ കഴിക്കാൻ ഒന്നും ഇല്ലെന്നു അയാൾ മനസ്സിലാക്കി. എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന് കൊച്ചുപെണ്ണിനോട് ചോദിച്ചു.

കൊച്ചുപെണ്ണ് കുറച്ചു ചോറും മരച്ചീനി പുഴുങ്ങിയതും കൊടുത്തത് അയാൾ കഴിച്ചു.

സമയം രാത്രി 4 മണിയായി. ഈറ്റില്ലത്തെ (പ്രസവമുറിയിലെ) വിളക്കിലെ എണ്ണ തീർന്നു എന്ന് വയറ്റാട്ടി അയാളോട് പറഞ്ഞു. കൊച്ചു പെണ്ണ് അയാൾ കൊടുത്ത എണ്ണ വിളക്കിലേക്ക് ഒഴിച്ചു.

സുഖമായി പ്രസവം നടന്നാൽ ചുലൂർ പള്ളിയിലേക്ക് വിളക്കിൽ ഒഴിക്കാൻ എണ്ണ കൊടുക്കാം എന്നല്ല അയാൾ നേർന്നത്. പകരം, കൊടുക്കുന്ന വെളിച്ചെണ്ണയുടെ പുണ്യം കൊണ്ട് പ്രസവം സുഖമാക്കണേ എന്നാണയാൾ പ്രാർത്തിച്ചത്.

ഈറ്റില്ലത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. വയറ്റാട്ടി പുറത്തു വന്നു കാര്യം പറഞ്ഞു.

'പ്രസവിച്ചു. ആണ്കുട്ടിയാണ്'

'അൽഹംദുലില്ലാഹ്'

ചൂലൂർ പള്ളിയിൽ നിന്നും സുബഹി വാങ്ക് കൊടുക്കുന്നത് കേട്ടു.

'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ'



(സൂചന: അന്ന് ആ കുട്ടിക്ക് പേരിട്ടു - ജബ്ബാർ എന്ന്. പിന്നീട് വീട്ടുകാരും സ്വന്തക്കാരും ശെറഫുദ്ധീൻ  എന്നാക്കി ശെറഫു എന്ന് വിളിച്ചു.. മദ്രസയിൽ അശറഫ്, സ്കൂളിൽ ചേർത്തിയപ്പോൾ ശറഫത്താലി എന്നാക്കി. ഒടുവിൽ പേരുകളെല്ലാം പുതിയ പേരിൽ ആവാഹിച്ചെടുത്തു - ഷെരീഫ് എന്നാക്കി. ഞാനാണ് ആ കുട്ടി.)

No comments:

Post a Comment