മഞ്ഞുരുകുന്ന കാലം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
അയാളുടെ ആദ്യത്തെ വിദേശ യാത്ര.
തന്റെ ഉപ്പയെ കൊന്ന ഘാതകനെ കാണുക, കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർപ്പിച്ചു തുപ്പുക,
ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം. ഒരു
നിസ്സാരകാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും റൂമിൽ
ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ
മനുഷ്യൻ ടീവി ശബ്ദത്തിൽ വെച്ചു. ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ
കേട്ടില്ല. അപ്പോൾ ഉപ്പ തന്നെ ആ ടീവി ഓഫ് ചെയ്തു. ഉടനെ ആ വ്യക്തി
അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ഉപ്പാനെ വെട്ടി... ആശുപത്രിയിൽ
കൊണ്ടുപോയെങ്കിലും................
ആദ്യമായാണ് വീമാനയാത്ര
നടത്തുന്നത്. ആദ്യമായി പോകുന്നതിന്റെ പേടി അയാൾക്കുണ്ടായിരുന്നില്ല. മനസ്സിൽ ഒരേ
ഒരു ചിന്ത മാത്രം. കഷ്ടപ്പെട്ട് ജീവിച്ച് ഗൾഫിൽ പോയി ജീവിതം പച്ച പിടിച്ചു വരുന്ന
ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു. തന്റെ
എതിർസീറ്റിൽ ഒരു സ്ത്രീയും പൂമ്പാറ്റപോലെ പാറി നടക്കുന്ന നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന
ഒരു പെണ്‍ കുട്ടിയും. വീമാനം പറന്നുയർന്ന് കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും
അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ അയാളുടേയും അടുത്ത് ആ
കുട്ടിയെത്തി. 'ചേട്ടൻ എവിടെ
പോകുകയാ' ആ കുട്ടിയുടെ
ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ?
എങ്കിലും അയാൾ പറഞ്ഞു 'ജിദ്ദയിലേക്ക്'. 'അതെവിടെയാ?' ആ കുട്ടിയുടെ
ചോദ്യം അയാളെ അലസോരപ്പെടുത്തി. അത് പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു 'മോള് പോ.. ചേട്ടൻ ഉറങ്ങട്ടെ'. അത് അയാൾ വെറുതെ പറഞ്ഞതാണ്. അയാൾക്ക് ചിന്തിക്കാൻ ഏകാന്തത
വേണം... 'ഈ
ചേട്ടനെന്നോട് ദേഷ്യമാ അല്ലെ? ഞാൻ പോണു. 'മോളെ ഇവിടെ
വന്നേ..' ആ സ്ത്രീയുടെ
വിളി.
'ഇല്ല മോളെ
ചേട്ടന് മോളോട് ഒരു വിഷമവുമില്ല. മോൾ ഇവിടെ ഇരുന്നോ?' തന്റെ അടുത്തുള്ള ഒഴിഞ്ഞ സീറ്റ് കാണിച്ചു അയാൾ പറഞ്ഞു.
അല്ലെങ്കിലും അയാൾക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. കുട്ടികളുമായി ഇടപഴകുമ്പോൾ
അയാളും ഒരു കുട്ടിയായി മാറും. 'മോള് എങ്ങൊട്ട് പോകുകയാ?' എന്തെങ്കിലും ചോദിക്കണമല്ലോ എന്നുദ്ദേശിച്ച് അയാൾ ചോദിച്ചു. 'ന്റച്ചനെ കാണാൻ'. ആ കുട്ടി ഭാഗ്യവതിയാണ്. ആ കുട്ടിക്ക് കുറച്ചു കഴിഞ്ഞാൽ അച്ഛനെ കാണാം. എന്ത്
സന്തോഷമായിരിക്കും. തന്റെ കാര്യമോ? ഇരുപത്തിയാറ് വയസ്സിൽ ഉപ്പാനെ നഷ്ടപ്പെട്ട.... വേണ്ട ആലോചിക്കാൻ വയ്യ.. ഒരു
നിലക്ക് ഈ കുട്ടി അടുത്തുണ്ടായത് നന്നായി. മനസ്സിന്നുള്ളിൽ നീറിപുകയുന്ന
അഗ്നിപർവതം പൊട്ടാതെ സൂക്ഷിക്കാമല്ലൊ?
ഭക്ഷണം കൊണ്ട് വന്നപ്പോൾ
കഴിക്കാൻ തോന്നുന്നില്ല. ആ കുട്ടിക്ക് ഞാൻ തന്നെ വാരി കൊടുത്തു. ഒരു
അനുജത്തിയില്ലാത്ത ദു:ഖം കുറച്ചു നേരത്തേക്കെങ്കിലും മാറി കിട്ടുമല്ലോ?
'മോൾക്ക് ഈ
ചേട്ടനെ ഇഷ്ട്ടായോ? കുട്ടികളുടെ
ചോദ്യ ശൈലിയിൽ അയാൾ ചോദിച്ചു.
'എനിക്ക്
ഏറ്റവും ഇഷ്ടം എന്റെ അച്ഛനെയാ... അത് കഴിഞ്ഞാൽ ചേട്ടനെ...' ആ കുട്ടിയുടെ നിഷ്കളംഗതയിൽ അയാൾക്ക് മതിപ്പ് തോന്നി.
ഫ്ലൈറ്റ് ഇറങ്ങാനുള്ള
തയ്യാറെടുപ്പിലായി. എല്ലാവരും സീറ്റ് ബെൽട്ടിട്ടു. ആ കുട്ടിക്കും താൻ തന്നെ സീറ്റ്
ബെൽട്ട് ഇട്ടു കൊടുത്തു. താഴെ ഒരു പാട് പള്ളി മിനാരങ്ങൾ. ജിദ്ദ എയർപോർട്ടിലെത്തി.
ആ കുട്ടിക്ക് ടാറ്റാ പറഞ്ഞു പുറത്ത് കാത്തു നിന്ന സ്വന്തക്കാരുടെ കൂടെ അയാൾ പോയി.
താനോ ഉമ്മയോ മാപ്പ്
കൊടുക്കുകയാണെങ്കിൽ അയാളുടെ ഉപ്പാടെ ഘാതകനെ വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താം.
അതിന് വേണ്ടി ഒരു പാട് ആളുകൾ അവരെ സമീപിച്ചു. അതിന് എത്ര പണം വേണമെങ്കിലും തരാം
എന്നയാളോട് പലരും പറഞ്ഞു. ആ മനുഷ്യന് മാപ്പ് കൊടുക്കുക എന്ന കാര്യം അയാളുടെ
ജീവിതത്തിൽ ഉണ്ടാവില്ലെന്ന് എല്ലാവരോടും അറുത്ത് മുറിച്ചു അയാൾ പറഞ്ഞു. ഒരു
വിധവയുടെ വിഷമം അറിയാവുന്നത് കൊണ്ട് അയാളുടെ ഉമ്മ പോലും മാപ്പ് കൊടുക്കാൻ അയാളോട്
സൂചിപ്പിച്ചു. 'ഉമ്മാക്ക് വേറെ
ഭർത്താവിനെ കിട്ടും. എനിക്ക് ഒരു ഉപ്പാനെ കിട്ടുമോ?' എന്നായിരുന്നു ഉമ്മാട് അയാളുടെ ചോദ്യം. ജിദ്ദയിലുള്ള
അയാളുടെ ആളുകളും ആ വ്യക്തിക്ക് മാപ്പ് കൊടുക്കാൻ പറഞ്ഞെങ്കിലും അയാൾ
കൂട്ടാക്കിയില്ല.
മറ്റന്നാളാണ് വിധി വരുന്ന ദിവസം.
വിധി നടപ്പാക്കുന്നത് അടുത്ത വെള്ളിയാഴ്ച്ചയും. നാളെ വെളുപ്പിനെ മക്കയിൽ പോയി ഉംറ
ചെയ്യണം. എന്നിട്ട് ജയിലിൽ പോയി അയാളെ കാണണം. ജയിലിൽ പോയി കാണാനുള്ള എല്ലാം
ശെരിയായിട്ടുണ്ടെന്ന് മൂത്താപ്പാടെ മകൻ റസാക്ക് പറഞ്ഞു. ആ ആൾക്ക് മാപ്പ്
കൊടുത്തൂടെ എന്ന് റസാക്കും ചോദിച്ചു. അയാളുടെ ഒരു നോട്ടമായിരുന്നു റസാക്കിനുള്ള
മറുപടി.
ഉംറ ചെയ്ത് അയാൾ റസാക്കിന്റെ
കൂടെ ജയിലിലേക്ക് പോയി. വധശിക്ഷ നടപ്പാക്കുന്നത് എങ്ങിനെയെന്ന് റസാക്ക് പറഞ്ഞു
മനസ്സിലാക്കി. അത് കേട്ടപ്പോൾ അയാൾക്ക് അത് കാണണമെന്ന ആഗ്രഹം പറഞ്ഞു. പക്ഷെ
റസാക്ക് മറുപടി ഒന്നും പറഞ്ഞില്ല.
താൻ നിൽക്കുന്ന ലൈനിന്റെ
മറുഭാഗത്തെ ലൈനിൽ ഫ്ലൈറ്റിൽ വെച്ച് കണ്ട സ്ത്രീയും കുട്ടിയും നിൽക്കുന്നുണ്ടായിരുന്നു.
വിസിറ്റെഴ്സ് റൂമിൽ ഞങ്ങൾ ഇരിക്കുമ്പോൾ ആ കുട്ടിയോട് ഞാൻ ചോദിച്ചു... 'മോള് ആരെ കാണാൻ വന്നതാ?' അയാൾ ചോദിച്ചു.. 'ന്റച്ചനെ കാണാനാ.. അച്ഛൻ ഇവിടെയാ താമസിക്കുന്നെ...' ആ മറുപടി കേട്ടപ്പോൾ അയാൾ കരുതി ആ കുട്ടിയുടെ അച്ഛൻ
എന്തെങ്കിലും വിസ പ്രശ്നത്തിന് ജെയിലിലായതാവും.
കുറച്ചു കഴിഞ്ഞപ്പോൾ പോലീസ്
അകമ്പടിയോടെ ഒരാളെ കൊണ്ട് വന്നു. റസാക്ക് പറഞ്ഞു അതാണ് ഘാതകനെന്ന്. ഞങ്ങൾ
എഴുനേറ്റു. അപ്പോൾ ന്റച്ചൻ വന്നേ എന്ന് പറഞ്ഞ് ആ കുട്ടിയും തുള്ളിച്ചാടാൻ തുടങ്ങി.
ആ മനുഷ്യൻ ആ കുട്ടിയെ തൊടാൻ കൈനീട്ടി.
പക്ഷെ, .... വിലങ്ങു വെച്ച
അയാൾക്ക് അത് കഴിഞ്ഞില്ല.
'നമുക്ക് പോകാം
റസാക്കെ' അത് പറഞ്ഞ് അവർ
റൂമിലേക്ക് പോയി.
പിറ്റേന്ന് വിധി കേൾക്കാൻ അയാൾ
കോടതിയിലേക്ക് പോയി.
'ഈ വ്യക്തി
ചെയ്ത തെറ്റിന് ഇസ്ലാമിക ശെരീഅത്ത് നിയമപ്രകാരം വധശിക്ഷ വിധിച്ചിരുക്കുകയാണ്.
അനന്തരാവകാശിക്ക് എന്തെങ്കിലും പറയാനുണ്ടോ?' ജഡ്ജിയുടെ ചോദ്യം മുത്തർജിം പരിഭാഷപ്പെടുത്തി. കോടതിയിൽ
പരിപൂർണ നിശബ്ധത. അത് ഭേദിച്ചു അയാൾ പറഞ്ഞു.... 'ഞാൻ മാപ്പ് കൊടുത്തിരിക്കുന്നു......'
അല്ലാഹു അക്ബർ എന്ന് റസാക്ക്
രണ്ടു മൂന്നാവർത്തി പറഞ്ഞു.
'നീ ചെയ്ത
കാര്യം നല്ലതാണ്. പക്ഷെ പെട്ടെന്ന് ഇങ്ങിനെ ഒരു മാറ്റം വരാൻ?'
റസാക്ക് ചോദിച്ചു.
'ആ സ്ത്രീക്ക്
വേറെ ഒരു ഭർത്താവിനെ കിട്ടും. പക്ഷെ ആ കുട്ടിക്ക് ഒരു അച്ഛനെ കിട്ടുമോ?'
എന്തോ ജയിച്ചടക്കിയ പോലെ അയാൾ ആ
പുണ്യഭൂമിയെ മനസ്സ് കൊണ്ട് സ്നേഹിച്ചു ജിദ്ദയിൽ നിന്ന് രണ്ടാഴ്ച്ചക്ക് ശേഷം പ്ലൈൻ
കയറി, കുവൈറ്റ് വഴി
തന്റെ പെറ്റമ്മയുടെ നാട്ടിലേക്ക്. ആ പ്ലൈനിൽ ആ അച്ഛനും ഭാര്യയും
മകളുമുണ്ടായിരുന്നു.
************************
ജിദ്ദ എയർപോർട്ടിൽ നിന്ന്
തുടങ്ങി കുവൈറ്റ് എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ചിലെത്തുന്നത് വരെ അയാളുടെ ജീവിതകഥ
പറഞ്ഞവസാനിച്ചിട്ട് അയാൾ എന്നോട് പറഞ്ഞു...'ഷെരീഫ് സാർ, എന്റെ ഈ അനുഭവം സാറൊരു കഥയാക്കി ഫേസ് ബുക്കിലിടണം. അത് വായിക്കുന്നവർക്ക് ഒരു
മെസ്സേജ് കിട്ടുമല്ലോ?'
കുവൈറ്റ് എയർപോർട്ട്
ട്രാൻസിറ്റ് ലൗഞ്ചിലെ സഹിക്കാൻ പറ്റാത്ത തണുപ്പിൽ നിന്നും രക്ഷനേടാൻ ബ്ലാങ്കെറ്റ്
കൊണ്ട് മൂടി പുതച്ചു ഉറങ്ങുകയായിരുന്ന എന്റെ ഭാര്യ പറഞ്ഞു ... സഹിക്കാൻ
പറ്റുന്നില്ല ഇക്ക...
'എന്ത് പറ്റി
തണുപ്പ് കൂടുതലുണ്ടോ എന്ന എന്റെ ചോദ്യത്തിന് കണ്ണ് തുടച്ചു കൊണ്ടവൾ പറഞ്ഞു... 'സഹിക്കാൻ പറ്റാത്തത് തണുപ്പല്ല, ഇവരുടെ ജീവിതകഥയാണ്'.
അയാളോട് ഞാൻ പറഞ്ഞു... 'കഥ എഴുതാൻ എനിക്കിഷ്ടമാണ്... ത്രെഡ് കിട്ടുകയും ചെയ്തു. പക്ഷെ,
കുറച്ചു ദിവസം കഴിഞ്ഞാൽ നോമ്പ് തുടങ്ങുകയാണ്. നോമ്പ്
സമയത്ത് ഞാൻ കഥകൾ എഴുതാറില്ല, പോസ്റ്റ് ചെയ്യാറുമില്ല. അത് കഴിഞ്ഞ് ഞാൻ കഥ എഴുതി പോസ്റ്റ് ചെയ്തോളാം.
അപ്പോഴും ആ പെണ്‍ കുട്ടി
ചിത്രശലഭം പോലെ പാറി നടക്കുകയാണ്. ഞാൻ ആ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ആളോട് ചോദിച്ചു..
'മതത്തിന്റേയും
മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിൽ
നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു.
'നിങ്ങൾക്ക് ആർക്കെങ്കിലും ഒരു
ജീവൻ കൊടുക്കാൻ പോയിട്ട് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?'
അയാളെന്നോട് പറഞ്ഞു...'ഇപ്പോൾ ഞാനൊരു പുതിയ മനുഷ്യനാണ് സാറേ'
നെടുമ്പാശ്ശേരിയിലേക്ക്
പോകാനുള്ള കുവൈറ്റ് എയർവെയ്സിന്റെ ചെക്കിംഗ് തുടങ്ങിയെന്ന അന്നൗൻസ്മെന്റ്
കേട്ടപ്പോൾ ഞങ്ങൾ എഴുനേറ്റു.
ആ കുട്ടി ഞങ്ങളുടെ അടുത്ത്
വന്നപ്പോൾ എന്റെ ഭാര്യ ആ കുട്ടിയോട് ചോദിച്ചു.. 'മോൾക്ക് ഏറ്റവും ഇഷ്ടം ആരോടാ?' എന്റെ അച്ഛനോട്.. അത് കഴിഞ്ഞാൽ ആ ചേട്ടനോട്'
അവൾ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നോക്കി. അത് അയാളായിരുന്നു.
-------------------
മേമ്പൊടി:
1. തെറ്റ് മനുഷ്യസഹജമാണ്. തെറ്റ്
തിരുത്തുകയാണ് വേണ്ടത്. പക്ഷെ തെറ്റ് ആവർത്തിക്കരുതെന്നു മാത്രം. മാപ്പ് കൊടുക്കൽ
പുണ്യമാണ്.
2. ഒരു കോപം കൊണ്ടങ്ങോട്ട്
ചാടിയാ-
ലിരു കോപം കൊണ്ടിങ്ങോട്ട് പോരാമോ?
(ഇതൊരു കഥയാണ്.
യഥാർത്ഥ സംഭവമല്ല. പിന്നെ വായിക്കുന്നവർക്ക് ഇത് യഥാർത്ഥ സംഭവമാണെന്ന്
തോന്നിപ്പിക്കാൻ വേണ്ടിയാണ് എന്നെയും ഭാര്യയെയും കഥാപാത്രങ്ങൾ ആക്കിയത്.)
No comments:
Post a Comment