കലാലയ പ്രണയം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
അടുത്ത ആഴ്ച്ച കോളേജ് തുറക്കുകയാണ്.
പഠിപ്പിന്റെ കാര്യത്തിൽ ഞാൻ കോളേജിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം കോളേജിലെ
സാഹിത്യകാരനായ ജബ്ബാറും രണ്ടാം സ്ഥാനം ഒരു പെണ്‍കുട്ടിക്കുമാണ്. ഈ ഒരു വർഷം കൂടെ
കഴിഞ്ഞാൽ ഈ കലാലയത്തോട് വിട പറയേണ്ടി വരും. അതാലോചിക്കുമ്പോൾ കുറച്ചു വിഷമം
ഇല്ലാതില്ല. എങ്കിലും ഒരു എഞ്ചിനീയറാവുമല്ലോ എന്ന സന്തോഷം മറുവശത്ത്.
കോളേജ് തുറന്നു. കുറെ ആളുകൾ
പുതുതായി ചേർന്നിട്ടുണ്ട്. അതിൽ ഒന്നാം വർഷം ചേരാൻ വന്ന ഒരു പെണ്കുലട്ടിയെ
പ്രത്യേകം ശ്രദ്ധിച്ചു. മഫ്ത്തയിട്ട ഒരു മൊഞ്ചത്തി. കൂടുതൽ പെണ്‍കുട്ടികൾ
ജബ്ബാറിന്റെ ആരാധകരായെന്ന് തോന്നുന്നു.
എന്തോ ആ പെണ്‍കുട്ടിയെ
ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. ഒരു ദിവസം ആ കുട്ടി ലൈബ്രറിയിൽ നിൽക്കുമ്പോൾ
ധൈര്യം സംഭരിച്ചു ചോദിച്ചു 'ഇയാളുടെ പേരെന്താണ്?'
ഒരു കൂസലുമില്ലാതെ അവൾ മറുപടി
തന്നു 'റാഹില'
റാഹില റഹിം നല്ല യോജിപ്പുള്ള
പേര് എന്ന് മനസ്സിൽ പറഞ്ഞു. കൂടുതലൊന്നും പറയാതെ അവൾ പോയി.
'നീയിതെന്താ
റഹീം അധികനേരമായി ലൈബ്രറിയിൽ?' അത് ചോദിച്ചു കരുണ്‍ വന്നു.
'ഫൈനൽ ഇയർ അല്ലെ?
കുറച്ചു ബുക്കുകൾ റഫർ ചെയ്യാൻ വന്നതാണ്'
ഒരു നുണ പറഞ്ഞു. ഇത് വരെ ലൈബ്രറിയിൽ കയറാത്ത എന്നെ
കണ്ടപ്പോൾ ആര് സംശയിച്ചാലും കുറ്റം പറയാൻ പറ്റില്ല.
എനിക്ക് അവളെ വിവാഹം കഴിച്ചാൽ
കൊള്ളാമെന്നുണ്ട്. പലപ്പോഴും പല സ്ഥലത്ത് വെച്ചും റാഹിലയെ കാണാറുണ്ട്. മനസ്സിലെ
ആഗ്രഹം പറയണമെന്ന് ആഗ്രഹിക്കും. പക്ഷെ, അവളെ കാണുമ്പോൾ പറയാൻ കഴിയാറില്ല. ഒന്നുകിൽ ഒരു ചിരി, അല്ലെങ്കിൽ എന്തെങ്കിലും ചോദിക്കും. അത്ര മാത്രം.
ആഴ്ച്ചകൾ കഴിഞ്ഞു. ഒരു ദിവസം അവൾ
കേമ്പസ്സിലെ മൂവാണ്ടൻ മാവിന്റെ താഴെ തനിച്ചു നിൽക്കുന്നത് കണ്ടു. ധൈര്യം സംഭരിച്ചു
അത് വരെ ഒതുക്കി വെച്ചിരുന്ന ആഗ്രഹം അവളോട് ഒറ്റവാക്കിൽ തുറന്നു പറഞ്ഞു. 'എനിക്ക് റാഹിലയെ വളരെ ഇഷ്ടമാണ്'
അവളുടെ ഉത്തരം അറിയാനായി
ഞാനവളുടെ മുഖത്തേക്ക് നോക്കി.
ഒരു മുഖവുര കൂടാതെ അവൾ പറഞ്ഞു. 'ഇക്കാ, നമ്മളെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച ഉപ്പാനേയും ഉമ്മയേയും ധിക്കരിച്ചു
നമ്മൾ കാണുന്ന ഒരു പുരുഷനെ വിവാഹം കഴിക്കുന്നത് എത്ര തെറ്റാണ്?'
'അതിന് നമ്മൾ
ഒരേ ജാതിക്കാരല്ലേ?' ഇതായിരുന്നു
എന്റെ മറുചോദ്യം.
'ഒരേ
ജാതിയാണെങ്കിലും അല്ലെങ്കിലും അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. അത് മാത്രമല്ല,
ഇക്കാടെ ക്ലാസ്സിലെ ജബ്ബാർക്ക എന്റെ അമ്മാവന്റെ മകനാണെന്ന്
അറിയാമല്ലോ. ഞങ്ങളുടെ കല്യാണം വീട്ടുകാർ ഉറപ്പിച്ചു വെച്ചിരിക്കയാണ്. അത് കൊണ്ട്
ഇക്ക നന്നായി പഠിക്കുക, ഇപ്പോൾ തന്നെ പ്രേമം തലയ്ക്കു പിടിച്ചതിനാൽ ഇക്ക പഠിപ്പിൽ കുറച്ചു
പുറകിലാണെന്ന് ജബ്ബാർക്ക പറഞ്ഞു. ഇക്കാക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും.
എന്നോട് ദേഷ്യം തോന്നരുത്. ഞാൻ പോട്ടെ ഇക്കാ' അത് പറഞ്ഞു എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ പോയി.
എനിക്ക് റാഹിലയോട് ദേഷ്യം
തോന്നിയില്ല. അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. എന്നാലും ജബ്ബാറിനോട് കുറച്ചു
അസൂയ തോന്നി. അവൾ പറഞ്ഞ പോലെ പഠിപ്പിൽ കൂടുതൽ ശ്രദ്ധിച്ചു. അതിന്റെ ഗുണം കാണുകയും
ചെയ്തു.
യുവമിഥുനങ്ങൾ പ്രേമസല്ലാപം
നടത്തുന്നത് കാണുമ്പോൾ കണ്ടില്ലെന്നു നടിച്ചു. റാഹിലയെ കാണുമ്പോൾ ഒരു ചിരിയിൽ
എന്തെങ്കിലും സംസാരിച്ചു പിരിയും. ചിലപ്പോൾ അവൾ തന്നെ എന്നോട് സംസാരിച്ചു വരും.
അവളോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ലാതെയായി.
മാസങ്ങൾ കുതിരവേഗത്തിൽ പാഞ്ഞു.
പരീക്ഷ കഴിഞ്ഞു. കോളേജിലെ അവസാനദിവസം അവളെ കണ്ടു യാത്ര പറഞ്ഞു.
റിസൾട്ട് വന്നു. കോളേജിലെ
ഒന്നാം സ്ഥാനം എനിക്ക് കിട്ടി. അനുമോദിക്കാൻ എന്നെ ആദ്യം ഫോണ്‍ ചെയ്തത് റാഹിലയും
പിന്നീട് അതുവരെ ഒന്നാം സ്ഥാനത്തും ഇപ്പോൾ രണ്ടാം സ്ഥാനത്തും എത്തിയ ജബ്ബാറുമായിരുന്നു.
എനിക്കും ജബ്ബാറിന്നും ഖത്തറിലെ ഒരു ഓയിൽ കമ്പനിയിലേക്ക് കേമ്പസ് സെലെക്ഷൻ കിട്ടി.
ഞങ്ങൾ ഖത്തറിൽ എത്തി.
എനിക്ക് നാട്ടിൽ കല്യാണാലോചന
ഗംഭീരമായി നടക്കുന്നുണ്ടെന്നും ഒരു പെണ്‍കുട്ടിയെ അവർക്കിഷ്ട്ടപ്പെട്ടെന്നും എന്റെ
അഭിപ്രായത്തിനു ശേഷം ഉറപ്പിക്കാമെന്നുമുള്ള വിവരങ്ങൾ കിട്ടി. അതോടൊപ്പം
ഖത്തറിലുള്ള അവരുടെ ബന്ധുവും ആ പെണ്‍കുട്ടിയും എന്നെ കണ്ടിട്ടുണ്ടെന്നും അവർക്ക്
എന്നെ ഇഷ്ടമാണെന്നും അറിഞ്ഞു. എന്തായാലും അടുത്ത മാസം ഞങ്ങൾക്ക് ലീവ് ഉണ്ട്.
അപ്പോൾ ആ പെണ്‍കുട്ടിയെ പോയിക്കാണാം.
ഒരു ദിവസം ജബ്ബാർ എന്നോട്
പറഞ്ഞു.. 'നമുക്ക് അടുത്ത
മാസം ലീവ് കിട്ടുമല്ലോ? നമ്മൾ നാട്ടിലെത്തുന്നതിന്റെ പിറ്റേന്ന് നമ്മുടെ കോളേജിൽ ഒരു പൂർവവിദ്യാർഥി
സംഗമം വെച്ചിട്ടുണ്ട്. എന്നോടാണ് അത് ഉൽഘാടനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഞാൻ
സമ്മതിച്ചിട്ടുണ്ട്. ക്ഷണക്കത്ത് നമ്മുക്ക് അയക്കും'.
എനിക്കത് കേട്ടപ്പോൾ വളരെയധികം
സന്തോഷം തോന്നി. പഠിച്ച കലാലയം കാണുന്നത് സന്തോഷമുള്ള കാര്യമാണല്ലോ?
ലീവിന്ന് നാട്ടിലെത്തി. നാളത്തെ
സംഗമം കഴിഞ്ഞിട്ട് പെണ്ണ് കാണാൻ പോകാം എന്ന് തീരുമാനിച്ചു... കാരണം,
ജബ്ബാറിനെ കൂടെ കൊണ്ട് പോകണമെന്നുണ്ട്. അവനാണെങ്കിൽ സംഗമം
കഴിഞ്ഞേ വരാൻ പറ്റുകയുള്ളൂ.
അങ്ങിനെ ഞാൻ സംഗമത്തിനെത്തി.
അദ്ധ്യക്ഷനായി എന്നെ ക്ഷണിച്ചു. ഞാൻ അദ്ധ്യക്ഷവേദിയിലെത്തി. ഈ സംഗമം ഉൽഘാടനം
ചെയ്യാനായി ഈ കോളേജിലെ സാഹിത്യകാരനായ ജബ്ബാറിനെ ക്ഷണിക്കുന്നു'.
ഞാൻ അങ്ങിനെയാണ് പറഞ്ഞത്.
'ഈ അദ്ധ്യക്ഷൻ
റഹീമിനോട് എനിക്ക് കുറച്ചു അസൂയയുണ്ട്. കോളേജിൽ പരീക്ഷയിൽ ഒന്നാമനായ എന്നെ
മൂന്നാമനായ റഹീം പിന്തള്ളി അവൻ ഒന്നാം സ്ഥാനത്തെത്തുകയും ഞാൻ രണ്ടാമത്
സ്ഥാനത്താവുകയും ചെയ്തു. സാരമില്ല, അതിന്നു പകരം ഇന്ന് ഞാനവനൊരു പണി കൊണ്ടുക്കുന്നുണ്ട്' ഇങ്ങിനെയാണ് ജബ്ബാർ പ്രസംഗം തുടങ്ങിയത്. എന്തായിരിക്കും
എനിക്കുള്ള ശിക്ഷ എന്ന് ഞാൻ ആലോചിച്ചു.
പ്രസംഗങ്ങളും കലാപരിപാടികളും
കഴിഞ്ഞപ്പോൾ ഉൽഘാടകനായ ജബ്ബാർ ഒരു അനൌണ്സ്മെന്റ് നടത്തി. 'ഇക്കഴിഞ്ഞ വർഷം ഈ കോളേജിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച
ആൾക്ക് ഈ സംഗമത്തിന്റെ ഒരു അവാർഡ് അദ്ധ്യക്ഷൻ കൊടുക്കുന്നതായിരിക്കും. അത്
മാത്രമല്ല, എന്റെ
പ്രസംഗത്തിൽ അദ്ധ്യക്ഷനായ റഹീമിന് ഒരു പണി കൊടുക്കുമെന്ന് പറഞ്ഞിരുന്നല്ലോ?
അതും ഇപ്പോൾ കാണാം. റഹീം നാളെ പെണ്ണ് കാണാൻ പോകുന്ന ആ പെണ്‍കുട്ടിയാണ്
ഈ സമ്മാനത്തിന്നു അർഹയായിട്ടുള്ളത്. ആ സമ്മാനം ഏറ്റു വാങ്ങുവാനായി ആ കുട്ടിയെ
സാദരം ക്ഷണിച്ചു കൊള്ളുന്നു.'
ഞാനെന്റെ ഭാവി വധുവിനെ കാണാൻ
സദസ്സിലേക്ക് നോക്കി. സദസ്സിന്റെ പിൻഭാഗത്ത് നിന്നും റാഹിലയും വേറെ ഒരു പെണ്‍കുട്ടിയും
സ്റ്റെജിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ആ റാഹിലയുടെ കൂടെയുള്ള പെണ്‍കുട്ടിയാണെങ്കിൽ
നാളെ പെണ്ണ് കാണാൻ പോകേണ്ട, വേറെ നോക്കാം എന്ന് മനസ്സ് മന്ത്രിച്ചു.
സ്റ്റെജിലേക്ക് റാഹില മാത്രം
കയറി. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവൾക്കു സമ്മാനം കൊടുക്കാൻ എഴുനേറ്റു.
അപ്പോൾ വീണ്ടും ജബ്ബാർ അനൌണ്സ്ല ചെയ്തു 'ഇതാണ്.. ഞാൻ പറഞ്ഞ റഹീമിന്റെ വധു. റഹീം നന്നായി പഠിക്കാനായി ഞാനും റാഹീലയും
ഒരു നാടകം കളിച്ചിട്ടുണ്ട്.. ഞാനും റാഹിലയുമായുള്ള വിവാഹം ഉറപ്പിച്ചെന്നൊക്കെ..
എന്തായാലും എന്റെ വ്യക്തിപരമായ ആശംസകൾ'
ഞാൻ സമ്മാനം കൊടുക്കുമ്പോൾ
അവളുടെ ചെവിയിൽ പറഞ്ഞു 'ഗള്ളീ.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. കല്യാണം കഴിയട്ടെ'
അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
'മൈക്ക്
ഓഫാക്കിയിട്ടില്ല, ഞങ്ങൾ കേട്ടേ
...' സദസ്സിൽ നിന്ന് ആരൊക്കെയോ
വിളിച്ചു പറഞ്ഞു.
മൈക്ക് വാങ്ങി ഞാൻ പറഞ്ഞു 'ഞങ്ങളുടെ വിവാഹത്തിന്ന് .....' മൈക്ക് വാങ്ങി റാഹില കൂട്ടിച്ചെർത്തു 'നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു. എല്ലാരും വരണം'
'അയ്യോ ഞങ്ങളെ
ക്ഷണിക്കണ്ടാ' സദസ്സിൽ നിന്ന്
ആരൊക്കെയൊ പറഞ്ഞു.
'എന്തേ നിങ്ങൾ
കല്യാണത്തിന് വരില്ലേ?' ജബ്ബാറാണത്
ചോദിച്ചത്.
'വിളിച്ചില്ലെങ്കിലും
കല്യാണത്തിന്റെ അഞ്ചു ദിവസം മുമ്പ് മുതൽ ഞങ്ങൾ റഹീമിന്റെ വീട്ടിൽ ഉണ്ടാവും
ബ്രോ.......' സദസ്സിൽ നിന്ന്
കോറസ്സായി പറഞ്ഞു.
അപ്പോൾ ജബ്ബാർ എല്ലാവരോടുമായി പറഞ്ഞു 'നമുക്കെല്ലാവർക്കും കൂടി ഒരു പാട്ട് പാടി ഈ സംഗമം
അവസാനിപ്പിക്കാം.
ഞങ്ങളെല്ലാം പാടി.
എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല
പാട്ടുകാരീ...
തട്ടമിട്ടു ഞാൻ കാത്തു വെച്ചൊരെൻ
മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ?
അത്തറൊന്നു വേണ്ടേ?
എന്റെ കൂട്ടുകാരീ - സുൽത്താന്റെ
ചേലുകാരീ
---------------------
മേമ്പൊടി:
കലാലയപ്രേമത്തിന്റെ ഗുണദോഷങ്ങളെ
പറ്റി പറയാൻ ഞാനാളല്ല. പക്ഷെ പ്രേമം പറഞ്ഞ് വിദ്യാഭ്യാസം കുളമാക്കുന്നത് തെറ്റാണ്.
അത് പോലെ വളർത്തി വലുതാക്കി പഠിക്കാനുള്ളതെല്ലാം ചെയ്ത മാതാപിതാക്കളെ മറന്നു ഒരു
സുപ്രഭാതത്തിൽ കണ്ട ഒരുത്തന്റെ കൂടെ ഒളിച്ചോടുന്നത് വളരെ വലിയ തെറ്റാണ്.
No comments:
Post a Comment