UAE യുടെ ചരിത്രം (അനുഭവലേഖനം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
ആയിരത്തി
തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969)
ആണ് ഞാൻ
ആദ്യമായി ലാഞ്ചിയിൽ പേർഷ്യയിൽ എത്തിയത്. 1950കളിൽ ഗൾഫ് രാജ്യങ്ങളെ പൊതുവായി അറിയപ്പെട്ടിരുന്നത്
അറേബ്യൻ ഗൾഫ് (arabian
gulf) എന്നായിരുന്നു.
അന്നൊക്കെ കത്തുകൾ എഴുതുമ്പോൾ arabian
gulf എന്ന A.G. എന്ന് എഴുതുമായിരുന്നു. ശേഷം കടൽകൊള്ളക്കാരിൽ നിന്നും
രക്ഷകിട്ടുവാൻ ബ്രിട്ടന്റെ സംരക്ഷിതപ്രദേശമായി. അങ്ങിനെ അന്നത്തെ UAEയിലെ 7 സംസ്ഥാനങ്ങളും മസ്ക്കത് & ഒമാൻ (ഇന്നത്തെ സുൽത്താനേറ്റ് ഓഫ് ഒമാൻ) കൂടിയ സ്ഥലത്തിന്നു
trucial oman coast എന്ന് പേര് വന്നു. എങ്കിലും
അന്നൊക്കെ ജനങ്ങൾ പേർഷ്യൻ ഗൾഫ് എന്നാണു പറഞ്ഞിരുന്നത്. പേർഷ്യക്ക് പോവുക, പേർഷ്യ എന്നൊക്കെ കേട്ടിട്ടില്ലേ? യഥാർത്ഥത്തിൽ അത് ശെരിയല്ല. കാരണം പേർഷ്യ എന്നത് ഇറാൻ ആണ്.
ഇറാന്റെ ഭാഷ ഫാർസി ആണ്. അതിൽ നിന്നാണ് ഇറാന് പേർഷ്യ എന്ന് പേര് വന്നത്.
പിന്നീട്
ബ്രിട്ടന്റെ കരാർ അവസാനിപ്പിച്ച 1969 കളിൽ ഇന്നത്തെ UAEയിൽ പെട്ട ഏഴ് എമിരേറ്റുകളും സ്റ്റേറ്റ് ഓഫ് ഖത്തറും
സ്റ്റേറ്റ് ഓഫ് ബഹറിനും കൂടിയുള്ള ഒരു UAE
ആക്കാൻ എല്ലാ ഭരണാധികാരികളും
ഒപ്പിട്ട ഒരു അഗ്രീമെന്റ് വെച്ചു. പക്ഷെ പിന്നീട് സ്റ്റേറ്റ് ഓഫ് ഖത്തറും
സ്റ്റേറ്റ് ഓഫ് ബഹറിനും അതിൽ നിന്ന് പിന്മാറി സ്വയം രാജ്യമാകാമെന്നു
പ്രഖ്യാപിച്ചു.
അങ്ങിനെ 1971 ഡിസംബർ 2ന്ന് UAE നിലവിൽ വന്നു. അതിന്റെ പ്രഥമമീറ്റിംഗ് നടന്നത് ദുബായിലെ
ജുമൈറയിൽ വെച്ചായിരുന്നു. അവിടെ കൂടിയ ജനാവലിയിൽ ഒരാളാവാനുള്ള മഹാഭാഗ്യം ഈ
എനിക്കും ഉണ്ടായി. ആ UAEയിൽ അന്ന് റാസ്അൽഖൈമ
ചേർന്നിരുന്നില്ല. പിന്നീട് മൂന്നു മാസം ആകാറായ ഫെബ്രുവരി ഒടുവിലാണ് റാസ്അൽഖൈമ
ചേർന്നത്.
UAE രൂപവൽക്കരിക്കുന്നതിന്നു മുമ്പ്
ഇന്ത്യയുടെ കറെൻസിയായിരുന്നു ഗൾഫ് നാടുകളിൽ ഉണ്ടായിരുന്നത്. പിന്നീട് ദുബായിയും
ഖത്തറും ചേർന്ന് QDR (ഖത്തർ ദുബൈ റിയാൽ) ഉണ്ടായി.
അന്ന് അബൂദാബിയിൽ ഉണ്ടായിരുന്നത് ബഹ്‌റൈൻ ദിനാർ ആയിരുന്നു. ബഹ്‌റൈൻ ദിനാറും QDRഉം എല്ലാ എമിരേറ്റുകളിലും സ്വീകരിച്ചിരുന്നു. എന്നാൽ QDR അബുദാബിയിൽ ക്രയവിക്രയത്തിനു സ്വീകരിച്ചിരുന്നില്ല.
പിന്നീടാണ് UAE ദിർഹം വന്നത്.
1971ലാണ് ഷൈഖ് മക്തൂം ബിൻ റാഷീദ്
അൽമക്തൂമിന്റെ വിവാഹം നടന്നത്. പ്ലാസ സിനിമയുടെ ഭാഗമൊക്കെ കെട്ടിടങ്ങൾ ഇല്ലാതെ
തുറസ്സായി കിടക്കുന്ന ഒരു മൈതാനമായിരുന്നു. ആ മൈതാനത്തിന്റെ ഒരു ഭാഗത്ത് രണ്ടു
നിലയുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ താമസം. മറ്റൊരു
ഭാഗത്ത് ക്രീക്കിന്നടുത്തായിരുന്നു ഷൈഖിന്റെ വധൂഗ്രഹം. ആ ഭാഗത്ത് ഇംഗ്ലീഷ്
അക്ഷരത്തിലെ E ആകൃതിയിൽ ഒരു
കെട്ടിടമുണ്ടായിരുന്നു. അതിൽ ഒരു സ്പെയർ പാർട്സ് കടയിൽ (അലി ബിൻ ഫർദാൻ) ആയിരുന്നു
എനിക്ക് ജോലി. രാത്രിയിൽ ആ തുറസ്സായ സ്ഥലത്ത് വിവാഹത്തോടനുബന്ധിച്ചു പാട്ടുകളൊക്കെ
ഉണ്ടായിരുന്നു. അറബികളുടെ ഹർബിയ ഡാൻസ്,
ലീവ ഡാൻസ്, വാളുകൾ പിടിച്ചുള്ള ആയാല ഡാൻസ് ഒക്കെയുണ്ടായിരുന്നു.
കൂട്ടത്തിൽ മലയാളികളുടെ അറവനമുട്ടും കോൽക്കളിയും ഉണ്ടായിരുന്നു.അന്ന് ഷൈഖ് സായെദ്
ബിൻ സുൽത്താൻ അൽ നഹ്യാൻ അബൂദാബിയിൽ നിന്ന് വന്നതും കളിക്കാർക്ക് പാരിതോഷികം
കൊടുക്കുന്നതും കാണാൻ കഴിഞ്ഞു.
അബൂദാബിയുടേയും
ദുബായിയുടെയും അതിർത്തിയിൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. UAE രാജ്യത്തെ വിസയുള്ള പാസ്പോർട്ട് അവിടെ കാണിക്കണം. ആ
പാസ്പോർട്ടിൽ ഒരു ചെറിയ സീൽ ചെയ്യും. നമ്മൾ ഇറങ്ങി ലൈൻ നിൽക്കേണ്ട. പകരം പോലീസ്
നമ്മുടെ കാറിന്നടുത്തെക്ക് വരും. കാർഡ് പൂരിപ്പിച്ച് നൽകണം. അന്നൊക്കെ ചിലർ
ദുബായിലൊട്ട് ലാഞ്ചിക്ക് പോകാറുണ്ട്. ലാഞ്ചി അടുപ്പിക്കുന്നത് കോർണീഷിലുള്ള
ക്രിസ്ത്യൻ ചര്ച്ചിന്നു അടുത്താണ്. ഞായറാഴ്ചയാണ് ലാഞ്ചി വരിക. കാരണം അന്ന്
ഇരുപതാളെ ഒന്നിച്ച് കാണണമെങ്കിൽ ഹംദാൻ സ്ട്രീറ്റിലെ TV ബിൽഡിങ്ങിലോ ഈ ചർച്ചിന്റെ അടുത്തോ മാത്രമേ ഉണ്ടാവൂ.
അല്ലാത്തിടത്ത് കണ്ടാൽ പോലീസ് ചോദ്യം ചെയ്യും.
UAE വരുന്നതിന്നു മുമ്പ് ഓരോ
എമിറേറ്റ്കൾക്കും പ്രത്യേക പൊസ്റ്റൽ സ്റ്റാമ്പ് ആണുണ്ടായിരുന്നത്. ഏതു സംസ്ഥാനത്തെ
സ്റ്റാമ്പ് ആണ് ഒട്ടിക്കുന്നതെങ്കിൽ ആ സംസ്ഥാനത്ത് പോസ്റ്റ് ചെയ്യണം.
അബൂദാബിയിലും ദുബൈലും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പോസ്റ്റ് ചെയ്‌താൽ നാട്ടിലേക്ക്
കിട്ടാൻ രണ്ടു ദിവസം കൂടുതലാകും. തന്മൂലം മറ്റുള്ള സംസ്ഥാനത്തുള്ളവർ മിക്കവരും
ദുബൈലേക്ക് കത്തുകൾ കൊടുത്തയച്ചു അവിടെ പോസ്റ്റ് ചെയ്യും. അത് പോലെ നാട്ടിലേക്ക്
ട്രങ്ക് ഫോണ്‍ മാത്രമേയുള്ളൂ. മിക്കതും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണ് ലൈൻ
കിട്ടുക. ഈ 1975-ഇൽ എന്റെ ഭാര്യയെ കൊണ്ട്
വരാനുള്ള വിവരം ഉപ്പാനെ അറിയീക്കാൻ മൂന്നു ദിവസം കഴിഞ്ഞിട്ടാണ് ലൈൻ കിട്ടിയത്.
അതും വളരെ ഉറക്കെ സംസാരിക്കണം. അബൂദാബിയിൽ നിന്ന് ബോംബെ - മദ്രാസ് -എറണാകുളം -
ഇരിഞ്ഞാലക്കുട വഴിയാണ് കാട്ടൂരിലേക്ക് ലൈൻ പോവുക. ഇടയിൽ മരം വീണോ മറ്റോ കമ്പി
പൊട്ടിയാൽ അന്നത്തെ കാര്യം പോക്ക് തന്നെ. പിറ്റേന്ന് വീണ്ടും ബുക്ക് ചെയ്യണം.
1971-ൽ ബ്രിട്ടീഷുകാർ പോകുന്നതിന്ന്
മുമ്പ് എല്ലാ പെട്ടിക്കടക്കാർക്ക് പോലും ഒരു പാട് എൻട്രി വിസ കൊടുത്തു. അത്
മനസ്സിലാക്കിയ അറബികൾ ഇംഗ്ലീഷ്കാര് കൊടുത്ത വിസക്കെല്ലാം ഗൾഫിൽ വന്നാൽ ഒരു
മാസത്തിന്നുള്ളിൽ റെസിടെൻസ് വിസ അടിക്കണമെന്ന നിയമം കൊണ്ട് വന്നു. അത് ഇപ്പോഴും
തുടരുന്നു. ബ്രിട്ടീഷുകാർ പോയി കഴിഞ്ഞ് UAE
ആയപ്പോൾ
പാസ്സ്പോർട്ടിൽ വിസ പേജിൽ പതിക്കാൻ ഇന്നത്തെ പോലെയുള്ള സ്റ്റാമ്പ്
വന്നിട്ടുണ്ടായിരുന്നില്ല. പകരം 200 പേർക്ക് അന്നത്തെ പോസ്റ്റൽ
സ്റ്റാമ്പ് (10 ദിർഹം) ആണ് പതിച്ചിട്ടുള്ളത്.
അതിൽ ഒരാൾ ഈ ഞാനാണ്. അതായത് എന്റെ വിസ പേജിൽ പതിച്ചിട്ടുള്ളത് പോസ്റ്റൽ സ്റ്റാമ്പ്
ആണ്.
UAEയുടെ ഇന്നത്തെ വളർച്ചക്കുള്ള
കാരണം ഞാൻ എഴുതാം. അത് പെട്രോൾ പണം ഉണ്ട് എന്നുള്ളത് മാത്രമല്ല, അത് വേണ്ട രീതിയിൽ വിനിയോഗിക്കാനുള്ള കഴിവ്. പിന്നെ ഏറ്റവും
വലിയതും കൂടുതൽ പെട്രോൾ ലഭിക്കുന്നതുമായ അബൂദാബിയും അത് പോലെ ഗൾഫിലെ
വ്യാപാരപട്ടണവും ഏറ്റവും കൂടുതൽ പെട്രോൾ കിട്ടുന്നതുമായ ദുബായിയും ഏറ്റവും ചെറിയ
സംസ്ഥാനങ്ങളായ അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ,
മറ്റ്
സംസ്ഥാനങ്ങളായ ഷാർജ, റാസ്‌അൽഖൈമയോടും വല്യേട്ടൻ
മനോഭാവം കാണിക്കാത്തതാണ് കാരണം.
UAEയുടെ ചരിത്രം എഴുതുമ്പോൾ
അന്നാട്ടുകാർക്കും വിദേശികൾക്കും മറക്കാൻ പറ്റാത്ത രണ്ടു പേരുണ്ട്. അബൂദാബിയുടെ
ഭരണാധികാരിയായിരുന്ന H.E. ഷൈഖ് സായെദ് ബിൻ സുൽത്താൻ
അൽനഹിയാനും ദുബൈ ഭരണാധികാരിയായിരുന്ന H.E.
ഷൈഖ് റാഷീദ്
ബിൻ സഈദ് അൽമക്തൂം എന്നവരുടെ ദീർഗവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ് ഈ ഐക്ക്യവും
പുരോഗതിയും ഉണ്ടായത്.
അവർക്ക്
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ എന്ന് ലോകരക്ഷിതാവിനോട് പ്രാർഥിച്ചുകൊണ്ട്
ഈ ലേഖനം നിറുത്തുന്നു.
No comments:
Post a Comment