Friday, 14 August 2015

2030-ലെ ആദർശ കല്ല്യാണം (കഥ)



2030-ലെ ആദർശ കല്ല്യാണം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

അങ്ങിനെ ഉപ്പ പറഞ്ഞതിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിഷാദ് വന്നത്.
'നിന്റെ ഉപ്പാടെ ഒരു ആദർശം. അത് കൊണ്ടല്ലേ പുഴയാറ്റൂർ എന്ന സ്ഥലത്ത് നിന്ന് വന്ന നിന്റെ മോളുടെ നല്ലൊരു കല്ല്യാണാലോചന ഒഴിഞ്ഞു പോയത്? ആ പയ്യൻ കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ അല്ലെ?' നിഷാദ് ചോദിച്ചപ്പോൾ ഞാനിങ്ങിനെ മറുപടി പറഞ്ഞു.
'നിഷാദ് പറഞ്ഞത് ശെരിയാണെന്ന് ആദ്യം എനിക്ക് തോന്നി. പിന്നീട് അത് ഞാൻ മാറ്റി ചിന്തിച്ചു. ഉപ്പയല്ലേ 79 വയസ്സായില്ലേ? പ്രായത്തിന്റെ അറിവ്  വെച്ചായിരിക്കും അങ്ങിനെ പറഞ്ഞത്'
എന്റെ മകളെ അവർക്കിഷ്ട്ടപ്പെട്ടെന്നും സ്ത്രീധനമായി 501 പവൻ സ്വർണവും ഒരു ബെൻസ്‌ കാറും വേണമെന്ന അവരുടെ ഡിമാന്റ് തുറന്നു പറഞ്ഞു..
'നിങ്ങൾ ആവശ്യപ്പെട്ടത് തരാൻ ഞങ്ങൾക്ക് കഴിയും. പക്ഷെ, സ്ത്രീധനം കൊടുത്തിട്ട് ഒരു പയ്യനെ വാങ്ങാൻ ഉദ്യേശിക്കുന്നില്ല' ഇത് കേട്ട എന്റെ ഉപ്പ ഇങ്ങിനെയാണ്‌ മറുപടി കൊടുത്തത്.  അങ്ങിനെയാണ് ആ വിവാഹാലോചന വേണ്ടെന്ന് വെച്ചത്.
'ദെ, വാപ്പാനെ വെല്ലിപ്പ വിളിക്കുന്നു' മകളുടെ വാക്ക് കേട്ടപ്പോൾ ഞാൻ ഉപ്പാടെ അടുത്തേക്ക് പോയി.
'അവർ വരാറായി. നീ ചെന്ന്  എല്ലാം ശെരിയായോന്നു നോക്ക്'.
എന്റെ മകളെ പെണ്ണ് കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ട്. സമയം പോയതറിഞ്ഞില്ല.
അള്ളാഹുവിന് സ്തുതി. അവർക്ക് ഞങ്ങൾക്കും ഈ ആലോചന ഇഷ്ടപ്പെട്ടു. ഉപ്പയാണ് എല്ലാം തീരുമാനിച്ചത്. ഞാനെല്ലാം അനുസരിച്ചു. ചാലക്കുടിക്കടുത്ത് മാഞ്ഞാലിക്കര എന്ന സ്ഥലത്താണ് പയ്യന്റെ വീട്. ബഹ്‌റൈൻ ഗവണ്മെന്റ് ജോലിക്കാരനാണ്.
'ജബ്ബാർക്ക, നമുക്കൊരു കല്യാണനിശ്ചയം നടത്തുന്നതിന് വിരോധമുണ്ടോ? കാരണം, മകൻ അടുത്ത വർഷം അതായത് 2030 മാർച്ച് 7ന്നാണ് ലീവ് കിട്ടുക. ഇക്കാടെ അഭിപ്രായപ്രകാരം ചെയ്യാം' ചെറുക്കന്റെ വാപ്പയാണ് അത് പറഞ്ഞത്.
'അത് സാരമില്ല, നമുക്ക് ഇക്കൊല്ലം നവംബർ 17 ശെനിയാഴ്ച നിശ്ചയം നടത്തിയാലോ? കല്ല്യാണം 2030 മാർച്ച് 23 ശെനിയാഴ്ച നടത്താലോ?' ഉപ്പ പറഞ്ഞത് അവർക്ക് സമ്മതമായിരുന്നു.
എന്റെ മകളുടെ വിവാഹം ക്ഷണിക്കാനും മറ്റു കാര്യങ്ങൾക്കും പ്രവർത്തിച്ചപ്പോഴാണ് അതിന്റെ സുഖകരമായ വേദന അറിഞ്ഞത്. ഇനി കല്ല്യാണം വിളിച്ച രീതി പറ്റിയില്ലെന്ന് പറഞ്ഞു പ്രശ്നമാക്കുന്നവരും ഉണ്ടാവാമല്ലോ? ഞാഞ്ഞൂലിനും വിഷം ഉണ്ടാവുന്ന സമയമാണല്ലോ ഇതൊക്കെ.
കല്ല്യാണ ദിവസം അടുത്ത്കൊണ്ടിരിക്കുന്നു. ഗൾഫിലുള്ള സഹോദരിമാരും അവരുടെ ഭർത്താക്കൻമാരും കുട്ടികളും എത്തി. വീട്ടിൽ ഉപ്പയും പേരക്കുട്ടികളുമായി എപ്പോഴും ചിരിയും കളിയും. ചിലപ്പോൾ ഉപ്പ അവരേയും കൊണ്ട് ബുള്ളെറ്റ് മോട്ടോർ സൈക്കിളിൽ വെറുതെ കറങ്ങുന്നത് കാണാം. 79 വയസ്സായ ഉപ്പാടെ ക്ഷീണമെല്ലാം പോയ പോലെ. കല്ല്യാണത്തിന്ന് വേണ്ട കാര്യങ്ങൾക്കെല്ലാം ഉപ്പ ഉപദേശങ്ങൾ തരുന്നുണ്ടായിരുന്നു.
കുറച്ചു വീടുകളിൽ മാത്രമേ ക്ഷണിക്കാൻ ഉപ്പ ഞങ്ങളുടെ കൂടെ വന്നുള്ളൂ. അവിടെ ഉപ്പാടെ കല്ല്യാണം ക്ഷണിക്കൽ കണ്ടപ്പോളും വീട്ടുകാരുടെ മറുപടി കേട്ടപ്പോളും സന്തോഷം തോന്നി. 'ഞങ്ങൾ നിങ്ങളെ കല്ല്യാണം ക്ഷണിക്കാൻ വന്നതല്ല. നമ്മുടെ തറവാട്ടിലെ ഒരു കല്ല്യാണം നിങ്ങൾ വന്ന് നടത്തിത്തരണമെന്ന് പറയാനാണ് വന്നത്'. അതവർക്കെല്ലാം ഇഷ്ടപ്പെട്ടെന്ന് അവരുടെ മറുപടിയിൽ നിന്ന് മനസ്സിലായി. 'ജബ്ബാർക്കാടെ ഈ വാക്ക് കേട്ടപ്പോൾ ഞങ്ങൾക്ക്  എങ്ങിനെയാ വരാതിരിക്കാൻ തോന്നുക? എത്ര തടസ്സങ്ങൾ ഉണ്ടായാലും ഞങ്ങൾ വരും'
നാളെയാണ് എന്റെ ചെച്ചുമോളുടെ കല്ല്യാണം. ഞാനാകെ പരിഭ്രാന്തിയിലാണ്. ഉപ്പ ഉള്ളതാണ് ഒരാശ്വാസം. അതിന്നിടെ എന്റെ പരവേശം കണ്ടപ്പോൾ മുതലെടുക്കാൻ അനിയത്തിമാരും. ഒരാൾ പറഞ്ഞു. യാസീൻ ചൊല്ലാൻ, ഞാനത് ചൊല്ലി. അപ്പോൾ മറ്റേ അനിയത്തി പറഞ്ഞു.. ഫാത്തിഹ ഓതാൻ.  അതും ചെയ്തു.
സ്റ്റെജിൽ വെച്ച് ഞാൻ ഉപ്പാട് എന്റെ ആവശ്യം ആവർത്തിച്ചു. 'ഉപ്പ നിക്കാഹ് കഴിച്ച് കൊടുക്കണം'. ഉപ്പ സമ്മതിച്ചു.
മൈക്ക് എടുത്ത് ഉപ്പ ഇങ്ങിനെ സദസ്സിനോട് പറഞ്ഞു. 'എന്റെ തറവാട്ടിലെ ആദ്യത്തെ വിവാഹമാണ് ഇത്. ഇവിടെ എത്തിയ എല്ലാവരും എനിക്ക് വിശിഷ്ടാതിഥികളാണ്. എന്നാൽ ഒരു പ്രത്യേക വ്യക്തി ഈ സ്റ്റെജിൽ എന്റെ അടുത്തുണ്ട്.  അദ്ധേഹം എന്റെ മക്കളുടെ കല്ല്യാണത്തിന്ന് തിരുവനന്തപുരത്ത് നിന്ന് എത്താറുണ്ട്. ഇപ്പോഴിതാ, അദ്ധേഹവും ഭാര്യയും അദ്ധേഹത്തിന്റെ മകൾ കല്ല്യാണിയും എത്തിയിരിക്കുന്നു. മോഹൻജി സന്തോഷമായി. ഇതിനൊക്കെയാവും ഈ സന്തോഷങ്ങൾ പങ്കിടാനാവും നമ്മളെയൊക്കെ ആയുസ്സ് ദൈവം നീട്ടി തന്നത്'
സ്റ്റെജിലിരുന്ന മോഹൻകുമാർ എഴുനേറ്റ് സദസ്സിനെ നോക്കി കൂപ്പുകൈയ്യോടെ തൊഴുതു.
ഖത്തീബിന്റെയും സദസ്സിന്റെയും സാന്നിധ്യത്തിൽ നിക്കാഹ് നടന്നു. നിക്കാഹ് നടത്തിക്കൊണ്ടിരിക്കുമ്പോൾ മോഹൻകുമാർ എന്തോ ചുണ്ടനക്കുന്നത് കണ്ടു. നിക്കാഹ് കഴിഞ്ഞപ്പോൾ ഞാനത് മോഹൻജിയോട് ചോദിച്ചു.
'ഞാൻ സുമംഗലീ ഭവ എന്ന് പറയുകയായിരുന്നു'. ഇതായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
എന്റെ സഹോദരിമാരുടെ കുട്ടികൾ ജിലുവും ജീച്ചുവും ചോട്ടുവും എന്തിനേറെ മിലുവടക്കം കല്ല്യാണം മംഗളമാക്കാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. അത് അവരുടെ കടമ കൂടിയാണല്ലോ?
'ഉപ്പ, വളരെ സന്തോഷമായി' ഞാൻ ചെന്ന് ഉപ്പാട് എന്റെ നന്ദി അറിയീച്ചു. 'എന്നോട് നന്ദി പറയേണ്ട. അല്ലാഹുവിനോട് നന്ദി പറയുക' ഇതായിരുന്നു ഉപ്പാടെ മറുപടി.
'ജിലുവിനോട് ആ ഗേറ്റ് അടക്കാൻ പറ. അവന് രാത്രിയിൽ പുറത്ത് തനിച്ചു പോകാൻ പേടിയൊന്നുമില്ലല്ലോ?' ഉപ്പ അനിയത്തിയോട് പറഞ്ഞു. 'ഏയ്‌. അവന്  പേടിയില്ല, മാമാടെയല്ലേ മോൻ' എന്ന മറുപടി എല്ലാവര്ക്കും ഇഷ്ടമായി.
കുറെ കഴിഞ്ഞിട്ടും ഗേറ്റ് അടക്കാൻ പോയ ജിലുവിനെ കാണാതായപ്പോൾ ഞാനന്വേഷിച്ചു. അവൻ അത് വരെ പോയിട്ടില്ലെന്ന് മനസ്സിലായി. ഞാനവനോട് കാരണമന്വേഷിച്ചപ്പോൾ അവന് രാത്രിയിൽ പുറത്ത് പോകാൻ പേടിയില്ലെന്നും  ഭയം മാത്രമേയുള്ളൂ എന്ന് പറഞ്ഞു.
പിറ്റേന്ന് കാലത്ത് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മണവാട്ടി ചെച്ചു രണ്ട് ഗ്ലാസ് ജൂസുമായി വന്ന് ഒന്ന് എന്റെ അനുജത്തിക്കും മറ്റൊന്ന് അനുജത്തിയുടെ ഭർത്താവിന്നും കൊടുത്തു. 'ഇതെന്താ പാമ്പിൻ ജൂസാണോ?' അനുജത്തി ചെച്ചുവിനോട് ചോദിച്ചു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. ഉപ്പ അനിയത്തിയോട് കാര്യം ചോദിച്ചു.'നീയെന്താ പാമ്പിൻ ജൂസാണോന്നു ചോദിച്ചത്?'
അവളുടെ മറുപടി രസാവഹമായിരുന്നു. 'ഒരു ഇരുപത് കൊല്ലം മുമ്പ്, അന്ന് ചെച്ചുവിന് നാല് വയസ്സുള്ളപ്പോൾ എന്റെ മകൾ ജെജുവിന്റെ ഡാൻസ് സ്റ്റെപ്പ് ഇവൾ കോപ്പിയടിച്ചു. അപ്പോൾ ഞാനവളെ കളിയാക്കി. അന്നവൾ പറഞ്ഞു, ഞാൻ മാമിക്ക് പാമ്പിൻ ജൂസ് കൊടുക്കുമെന്ന്'.
'അത് ശെരി, അല്ല ചെച്ചു, നീയെന്താ അവർക്ക് രണ്ട് പേർക്കും മാത്രം ജ്യൂസ്‌ കൊടുത്തത്?'
ഉപ്പാടെ ചോദ്യത്തിന്ന് ചെച്ചു മറുചോദ്യം ചോദിച്ചു. 'ഇന്ന് എത്രയാ തിയ്യതി?'
'മാർച്ച്‌ 24' ഞാനാണ് മറുപടി പറഞ്ഞത്.
'അതാണ്‌ പറഞ്ഞത് ഇന്ന് മാമിയുടെ വിവാഹവാർഷീകമാണ്. മനസ്സിലലായോ?' എന്തോ ഒരു കാര്യം കണ്ടു പിടിച്ച പോലെ അവൾ എല്ലാവരേയും മാറി മാറി നോക്കി..
'ഞാനൊരു ചോദ്യം ചോദിക്കാം' ചോട്ടുവിന്റെ വാക്ക് കേട്ടപ്പോൾ ഞാൻ പറഞ്ഞു 'ദെ, വന്നു പുതിയ ഉടായിപ്പുമായി'.
'തിന്നാൻ പറ്റാത്ത ചോറ് ഏതാണ്?'
'ഉത്തരം പറഞ്ഞാൽ എന്താ സമ്മാനം?' ജെജുവിന്റെ ചോദ്യം.
'സമ്മാനം എന്റെ വക ഒരു ഐസ്ക്രീം പുതിയ അളിയൻ തരും' ഇത് കേട്ടപ്പോൾ ഇവൻ കൊള്ളാമല്ലോ എന്ന് തോന്നി.
'തലച്ചോറ് '. പുതിയാപ്ല മറുപടി കൊടുത്തു.
'അതല്ല' ചോട്ടുവിന്റെ വാക്ക് കേട്ടപ്പോൾ ഓരോരുത്തരും പല മറുപടികളും കൊടുത്തു. എല്ലാം തെറ്റാണെന്ന് അവൻ പറഞ്ഞപ്പോൾ കോറസ്സായി എല്ലാവരും ഏതാണ് ശെരിയായ ഉത്തരം എന്ന് ചോദിച്ചു.
മേശയിന്മേലേക്ക് നോക്കി കണ്ണിൽ കണ്ട ഒന്ന് നോക്കി അവൻ പറഞ്ഞു 'സ്ക്രൂ ഡ്രൈവർ'
'ജിമു ഒരു വടി എടുത്ത് കൊണ്ട് വന്നേ' ഉപ്പാടെ വാക്ക് കേട്ടപ്പോൾ ചോട്ടു പറഞ്ഞു.'വെല്ലിപ്പാക്ക് എന്നെ തല്ലാനല്ലേ. വടി ഞാൻ കൊണ്ട് തരാം'
അത് കേട്ടപ്പോൾ എല്ലാവരും നന്നായി ചിരിച്ചു. അതിൽ ഏറ്റവും കൂടുതൽ ചിരിച്ചത് പുതിയാപ്ലയായിരുന്നു.
മാസങ്ങൾക്ക് ശേഷം ഞാൻ ലീവിൽ നാട്ടിലെത്തി. എന്നെ കാണാൻ നിഷാദ് എത്തി.
'സലീമിന്റെ മോൾക്ക്‌ പുഴയാറ്റൂർ എന്ന സ്ഥലത്ത് നിന്ന് വന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കാര്യം ഓർമയില്ലേ?' വന്നപാടെ നിഷാദ് എന്നോട് ചോദിച്ചു.
'ഉവ്വ്. നല്ല ഓർമയുണ്ട്. സ്ത്രീധനം ചോദിച്ചത് കൊണ്ട് വിവാഹം വേണ്ട എന്ന് ഉപ്പ പറഞ്ഞ ആ കാര്യമല്ലേ? എന്തേ നീയിപ്പോൾ ഇത് ചോദിക്കാൻ കാരണം?' ഞാൻ ചോദിച്ചു.
'എന്റെ ബന്ധത്തിലുള്ള ഒരാളുടെ മകളെ ആ എഞ്ചിനീയർക്കാണ് വിവാഹം കഴിച്ചു കൊടുത്തത്. കൊടുത്ത സ്വർണവും കാറും കൊടുത്തത് കൂടാതെ ഒരു പാട് സ്ഥലങ്ങൾ എഴുതി വാങ്ങി. പിന്നീടാണത്രെ അവർ അറിഞ്ഞത്, അയാൾ കള്ളസെർട്ടിഫിക്കറ്റ് ഉണ്ടാക്കി എഞ്ചിനീയർ ആയതാണത്രേ. ഇപ്പോൾ അയാൾ ജയിലിൽ ആണ്. വിവാഹബന്ധം വേർപെടുത്തി. നമ്മൾ  വിവാഹം ഒഴിഞ്ഞത് എത്ര നന്നായി അല്ലെ?'
'ഞാനൊന്ന് പറയട്ടെ...' ഞാൻ സംസാരിക്കുന്നതിന് ഇടയിൽ കയറി നിഷാദ് പറഞ്ഞു 'പറയാൻ പോകുന്ന കാര്യം എനിക്ക് മനസ്സിലായി. മൂത്തവർ ചൊല്ലും വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ പറയാൻ ഉദേശിച്ചത്?'
അവൻ ഉദേശിച്ചത് ശെരിയായിരുന്നു .
-----------------------------------------------------
മേമ്പൊടി:
അടുത്ത് മരണപ്പെട്ട മാപ്പിള പാട്ടുകാരൻ KG സത്താർ സാഹിബ് 1955-60കളിൽ പാടിയ പാട്ട് ഓർമയിൽ നിന്ന് എടുത്തെഴുതുന്നു;
പെണ്ണിന്നൊരു മാപ്പിളകിട്ടണമെങ്കില് സ്ത്രീധനം മുന്നില് വെച്ചോ
പൊൻപണ്ടം വേണ്ടതൊക്കെ മുമ്പേ കരുതിക്കോ
ഉന്നത തറവാട്ടുകാരനെന്ന സമ്മതിനേടിക്കോ
ഈ മൂന്നു കാര്യം നല്ല ഈമാൻ കൊണ്ട് മനസ്സിലുറച്ചോ
അതിന്നായ് പെണ്മക്കളെ പെറ്റവർ പൈസ കരുതിക്കോ
ഇതൊന്നും കഴിയാത്ത കൂട്ടര് പെണ്ണിനെ മുക്കിലിരുത്തിക്കോ
അഴകുള്ളോരു പെണ്ണാണെങ്കിലും സ്ത്രീധനമില്ലാതെങ്ങിനെ ചെക്കൻ
മാംഗല്യം ചെയ്തീനാട്ടിൽ കറങ്ങി നടക്കേണ്ടേ?
ചുമ്മാ കിട്ടുന്ന പൈസ കളയാൻ കൽബില് തോന്നണ്ടേ?
കല്യാണചന്തയിൽ പെണ്ണിനെ വിൽക്കലും ആണിനെ വാങ്ങലും ജോറ്
കഷ്ടം ഈ നിയമം മാറ്റിമറിക്കണതെന്നാണ്?
സൌഖ്യം കിട്ടാനീ പൈസടെ മോഹം തീരണതെന്നാണ്?

No comments:

Post a Comment