Saturday 28 November 2015

അന്ധകാരത്തിൽ വെളിച്ചം (കഥ)

അന്ധകാരത്തിൽ വെളിച്ചം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

"അമ്മച്ചീ, ഈ ജോസെട്ടനെന്നെ തല്ലി".
മകളുടെ രോദനം കേട്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്. ജാൻസിയുടെ കവിളിൽ ജോസിന്റെ കയ്യടയാളം.
ഞാൻ ജോസിനോട് വിവരം അന്വേഷിച്ചു. ജാൻസി അവന്റെ ചായ ഗ്ലാസ്‌ തട്ടി മറിച്ചതാണ് അവൻ തല്ലാൻ കാരണമത്രേ.
'മോനെ നീ ഇത്ര കണ്ണിൽ ചോരയില്ലാത്താവനായോ? ഈ കൊടും ക്രൂരത ചെയ്യാൻ അവളെന്താ ചെയ്തത്?'. ഞാൻ അന്വേഷിച്ചു. അവനും അതെ കാരണം പറഞ്ഞു. എനിക്കെന്റെ ദേഷ്യം അണപൊട്ടിയോഴുകി. 'അവൾക്ക് കണ്ണിന്നു കാഴ്ചയില്ല എന്ന് നിനക്കറിയൂലെ? നീ ഇങ്ങിനെ ഒരു മൃഗം ആവരുത്. ചെറുപ്പം മുതൽ നീ അവളെ ദേഹോപദ്രവം ചെയ്യുന്നില്ലേ? അവൾക്ക് ഇപ്പോൾ വയസ്സ് 12 ആയില്ലേ? ഒരു വിവാഹം കഴിച്ചു കൊടുക്കേണ്ടതല്ലേ? അവളെ ഇങ്ങിനെ തല്ലിചതച്ചാലോ?'. എന്ന് പറഞ്ഞു ഞാൻ പതിവ് പോലെ അവനെ തല്ലി. 'ഉവ്വ്, ഈ കണ്ണ് പൊട്ടിയെ കല്യാണം കഴിക്കാൻ ഇപ്പോൾ എത്തും രാജകുമാരൻ' എന്നും പറഞ്ഞ് അവൻ ബൈക്ക് എടുത്ത് പുറത്ത് പോയി.
ഇതൊക്കെ കാണാൻ നിൽക്കാതെ, ഈ രണ്ടു മക്കളെ എന്നെ ഏൽപ്പിച്ചു അങ്ങേര് ദൈവസന്നിഥിയിലേക്ക് പോയി. എന്റെ കാലശേഷം ഇവരുടെ കാര്യം എന്തായിരിക്കുമെന്നാണ് എന്റെ ചിന്ത. ജെസ്സിയെ രണ്ടു മാസം ഗർഭമായിരിക്കുമ്പോഴാണ് എന്റെ ഭർത്താവിന്റെ മരണം. പിന്നെ ഈ കുട്ടികളെ എങ്ങിനെയാണ് വളർത്തിയതെന്ന് ദൈവത്തിന് മാത്രമേ അറിയൂ.
'എന്താ അന്നചേടത്തി ആലോചിച്ചു ഇരിക്കുന്നത്?. ശബ്ദം കേട്ടപ്പോൾ എന്റെ ചിന്തകൾ മാറ്റി വെച്ചു. അടുത്ത വീട്ടിലെ ജബ്ബാർക്കയും ഭാര്യ സാറയുമാണ്. അവരെ സ്വീകരിച്ചിരുത്തി.
'ഇക്ക, ഞാനാകെ വിഷമത്തിലാണ്‌. ജെസ്സിയെ ജോസ് വളരെയധികം ഉപദ്രവിക്കുന്നു. ഞാനെന്താ ചെയ്യേണ്ടത്?' ഞാനെന്റെ വിഷമം ജബാർക്കാട് പറഞ്ഞു.
'ചേടത്തി വിഷമിക്കേണ്ട, ഞാൻ ജോസിനെ പറഞ്ഞു മനസ്സിലാക്കാം...'
"കണ്ണുകൾ കണ്ണുകൾ ദൈവം നൽകിയ
കനകവിളക്കുകളുള്ളോരേ
കണ്ണില്ലാത്തൊരു പാപമെന്നെ
കണ്ടില്ലെന്ന് നടിക്കരുതേ - ഒരു
കനിവ് നൽകാൻ മടിക്കരുതേ..."
ആരോ പാടുന്നത് കേട്ടു. ജെസ്സിയാണ് ആ പാടുന്നതെന്ന് ജബ്ബാർക്കാട് ഞാൻ പറഞ്ഞു.
"കണ്ണു തുറക്കാത്ത ദൈവങ്ങളെ
കരയാനറിയാത്ത, ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളെ"
ജെസ്സി വീണ്ടും പാടുകയാണ്.
'ചേടത്തി, എനിക്ക് സംഗീതത്തെ പറ്റി വലിയ അറിവൊന്നുമില്ല. പക്ഷെ ആസ്വദിക്കാൻ അറിയാം. ഈ പാട്ട് കേട്ടിട്ട് ഈ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ടെന്നു തോന്നുന്നു'.
ജബ്ബാറിന്റെ വാക്ക് കേട്ടപ്പോൾ ഒന്നും തോന്നിയില്ല. കാരണം ഇതേ കാര്യം പലരും ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്.
'കാര്യമൊക്കെ ശെരിയാണ്. പക്ഷെ....' എനിക്ക് മുഴുമിപ്പിക്കാനായില്ല.
'എനിക്ക് ചേടത്തിയുടെ വിഷമം അറിയാം. സാമ്പത്തീകമല്ലേ? അത് ആലോചിച്ചു വിഷമിക്കേണ്ട. ഞാൻ ഇന്ന് തന്നെ ആറാട്ടുപുഴ ഗോവിന്ദ ഭാഗവതരെ കണ്ട് ജെസ്സിക്ക്‌ സംഗീതം പഠിപ്പിക്കാൻ ഏർപ്പാടാക്കം'. എന്ന് പറഞ്ഞു എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ജബ്ബാർക്ക പോയി.
മനുഷ്യസ്നേഹത്തിന് മതത്തിന്റെ അതിർവരമ്പുകളില്ലെന്നു മനസ്സിലാക്കുന്ന സന്ദർഭംഗങ്ങളാണിതെല്ലാം. പള്ളിയിലെ ഗായകസംഗത്തിൽ ജെസ്സിയെ ചേർത്തിയതിന്റെ ഗുണമാണിത്.
ജബ്ബാർക്ക പറഞ്ഞപോലെ ഭാഗവതർ വന്ന് ജെസ്സിക്ക്‌ ക്ലാസ് എടുത്തുതുടങ്ങി. പാട്ട് കേൾക്കാൻ അടുത്ത വീട്ടിലെ ജെൻസണ്‍ വരാറുണ്ട്. അവൻ പ്രോൽസാഹിപ്പിക്കാറുമുണ്ട്.
ഒരു ക്രിസ്മസ് രാത്രിയിൽ അവൾ കരോൾ ഉൾകണ്ണ് കൊണ്ട് കാണുകയും ബാൻഡ് മേളത്തിന്റെ ശബ്ദം ശ്രവിക്കുകയും ചെയ്തു നിൽക്കുമ്പോഴാണ് ഞാനത് കണ്ടത്.
'മോളെ ജെസ്സീ, ഇങ്ങോട്ട് വന്നേ'. ഞാനവളെ വിളിച്ചു. കരോളിന്റെ ശബ്ദം കാരണം അവൾ കേട്ടില്ല. ഞാനവളെ  ചെന്ന് വിളിച്ചു അകത്തേക്ക് കൊണ്ട് വന്ന് വിവരം പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജെൻസണ്‍ വന്ന് ജെസ്സിയെ അന്വേഷിച്ചു. അവൾക്കു പനിയാണെന്ന് ഞാൻ പറഞ്ഞു. അവൻ പോയി കഴിഞ്ഞപ്പോൾ ജെസ്സിയുടെ റൂമിൽ നിന്നൊരു പാട്ട് കേട്ടു.
പതിനാലുകാരിക്ക് പനി വന്നു നാളുകൾ
പതിനൊന്ന് മെല്ലെ കടന്നു പോയി
പനി വന്ന പെണ്ണിനെ കാണുവാനവളുടെ
അയലത്തെ ചെക്കൻ കൊതിച്ചിരുന്നു
പലവട്ടമാവീട്ടുമുറ്റത്ത് ചെന്നിട്ടും
പനിമതിബിംബിയാൾ വന്നതില്ല
ഇതിനിടെ പൂവൊന്ന് പൂത്തങ്കണത്തിലെ
ചെടിയെത്ര സുന്ദരമായ്‌ മാറി
പനി മാറി പനിമലർ പോലെയാ പെണ്‍കൊടി
പുലരിയിൽ മുറ്റത്ത് നിന്ന നേരം
അവനൊന്ന് നോക്കി ചിരിക്കവേ നാണിച്ചു 
അവളകത്തോടിയൊളിച്ചു പിന്നെ
പനി വന്ന പെണ്ണിന്റെ പരിണാമമൊർത്തവൻ
പരിസരം പോലും മറന്നു നിന്നു
ജെൻസണ്‍ ഇടയ്ക്കിടെ വന്ന് ജെസ്സിയോടൊപ്പം പാട്ട് പഠിക്കാറുണ്ടായിരുന്നു. ഞങ്ങളെ പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണവനും.
പെണ്‍കുട്ടിയുടേയും ഗൾഫിന്റെയും വളർച്ചക്ക് കണ്ണ് തുറന്നടക്കുന്ന നേരം മതി.
പതിനെട്ട് വയസ്സായപ്പോൾ തന്നെ ആലോചനകൾ തുടങ്ങി. അപ്പനില്ലാത്ത കുറവ് അറിയീക്കാതെയാണവളെ വളർത്തിയത്. തന്റെ കണ്ണടയുന്നതിനു മുമ്പ് ജെസ്സിയെ ആരെയെങ്കിലും ഏൽപ്പിക്കണമെന്നാണ് മുട്ടിപ്പായി എപ്പോഴും ഈശോ മിശിഹാട് പ്രാർഥിക്കുന്നത്.
അന്ധയായത് കൊണ്ട് അവളെ ആർക്കും വേണ്ട. എനിക്കാണെങ്കിൽ ഹൃദയത്തിലെ വാൾവിന് കുഴപ്പമുണ്ട്. ഓപ്പറേഷൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നല്ലൊരു സംഖ്യ വേണമത്രേ.
വിവരം ജബ്ബാർക്കാടും സാറാടും പറഞ്ഞു. അപ്പോഴാണ്‌ ജബ്ബാർക്ക ഒരു കാര്യം പറഞ്ഞത്. 'ചേടത്തീ.. ജെസ്സിയെ മനസ്സിൽ സ്നേഹിക്കുന്ന ഒരു പയ്യനെ എനിക്കറിയാം.  അവന് ചേടത്തിയോട് നേരിട്ട് പറയാൻ വിഷമമായത് കൊണ്ടാണ് എന്നോട് പറഞ്ഞത്. പയ്യൻ നമ്മുടെ ജെൻസണ്‍ ആണ്. ഞാൻ പറഞ്ഞു എന്ന് കരുതി ചേടത്തി സമ്മതിക്കണമെന്നില്ല. ആലോചിച്ചു പറഞ്ഞാൽ മതി'.
എനിക്ക് വളരെയധികം സന്തോഷമാണെന്നു പറഞ്ഞു.  ഇരുവീട്ടുകാരും ആലോചിച്ച് ഒരു തീരുമാനം എടുത്തു. ഇപ്പോൾ കല്ല്യാണം ഉറപ്പിച്ചിടാമെന്നും രണ്ടു വർഷം കഴിഞ്ഞു കല്യാണം നടത്താമെന്നുമായിരുന്നു ആ തീരുമാനം.
ജോസിനെ ജബ്ബാർക്ക ഗൾഫിലേക്ക് കൊണ്ട് പോയി ജോലിയും വാങ്ങികൊടുത്തു. അവനിപ്പോൾ ജെസ്സിയെ വളരെ ഇഷ്ടമാണ്.
വർഷങ്ങൾ ദ്രുതഗതിയിൽ നീങ്ങി. ജെസ്സിയുടെ വിവാഹം കഴിഞ്ഞു.
എന്റെ ജെസ്സിമോൾക്ക്‌ ഇരുപത്തൊന്ന് വയസ്സായി. അവൾ ഗാനമേളക്ക് പോയും സിനിമയിൽ പാടിയും ഒരു പാട് സമ്പാദിച്ചു. വീട് പുതുക്കി പണിതു. വിവാഹം കഴിഞ്ഞതറിയാതെ വിവാഹാലോചനകൾ വന്നു.
മക്കളുടെ പൈസ കൊണ്ട് എന്റെ ഹൃദയശസ്ത്രക്രിയ നടത്തി.  എന്റെ ജീവിതത്തിന്റെ ഒരു പുനർജന്മം ഇവിടെ ആരംഭിക്കുകയാണ്. അസുഖം വരുത്തിയതും ദൈവം അതിനു ചികിത്സിക്കാൻ പണം നൽകിയതും ദൈവം എന്ന് ഒരു നിമിഷം ഞാനോർത്തു.

Tuesday 24 November 2015

ഫേസ്ബുക്ക്‌ സൌഹൃദം (കഥ)


ഫേസ്ബുക്ക്‌ സൌഹൃദം (കഥ)

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

(1982 മാർച്ച്‌ 1ന്ന് കുങ്കുമം വാരികയിൽ ഞാനെഴുതിയ "തൂലികാസൗഹൃദം" എന്ന കഥയിലെ ആശയമെടുത്ത്‌ ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ)

എന്റെ ശെരിയായ പേര് ഗോപാലകൃഷ്ണൻ. ജീകെ എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ കഴിഞ്ഞു വിവാഹം കഴിച്ചു. ഭാര്യാസഹോദരൻ തന്ന വിസയുമായി സൗദിയിലെ ദാമ്മാമിലെക്ക് പോയി. അവിടെ ഒരു യമനിയുടെ സ്പെയർപാർട്സ് കടയിൽ ജോലി. മെയിൻ ഹോബി ഫേസ്ബുക്ക്‌, അതിൽ പെണ്‍കുട്ടികൾക്ക് റിക്വൊസ്റ്റ് അയക്കൽ, ചാറ്റ് ചെയ്യൽ. വയസ്സ് 43.
ഞാനും ഫേസ്ബുക്കിൽ ഒരു അക്കൌന്റ് തുടങ്ങി. അതിൽ കൊടുത്ത കാര്യങ്ങൾ - പേര് ജീകെ മണ്ടൻ. വിദ്യാഭ്യാസം MBA ഫ്രം ന്യൂട്ടൻസ് ലോ ഓഫ് മോഷൻ യൂണിവേർസിറ്റി, കാലിഫോർണിയ. ഇപ്പോൾ ജോലി സൗദി ആരംകൊയിൽ ചീഫ് മേനേജർ. താമസിക്കുന്നത് ലണ്ടനിൽ. ഹോബി ഹെലികൊപ്റ്റെർ പറപ്പിക്കൽ. വയസ്സ് 35. അതിൽ ഞാനെന്റെ ഫോട്ടോ കൊടുക്കാതെ ഇടയ്ക്കിടെ സിനിമ നടന്മാരുടെ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോ കൊടുക്കാറാണ് പതിവ്.
ഞാനും കൊല്ലം അഞ്ചലിലുള്ള അംനാഷും നല്ല പരിചയക്കാരാണ്‌. എനിക്കുള്ള എഴുത്തുകളൊക്കെ വരുന്നത് അവന്റെ കെയറോഫിലാണ്. അഞ്ചൽ എന്നാൽ പണ്ട് രാജഭരണകാലത്തുള്ള പോസ്റ്റൽ സമ്പ്രദായമാണ്. ഇപ്പോൾ ആ പേരിൽ ഒരു സ്ഥലവുമുണ്ട്.
ഒരു ദിവസം അംനാഷ് എന്റെ കയ്യിൽ ഒരു കത്ത് കൊണ്ട് തന്നു. വീട്ടിൽ നിന്നും ഭാര്യയുടെ കത്താണ്. തുറന്നു വായിക്കാൻ തീരെ ഇഷ്ടമല്ല, പ്രത്യേകിച്ച് പെണ്‍പിള്ളാരുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയം.
കത്ത് പൊട്ടിച്ചു വായിച്ചു. കുട്ടിക്ക് പനിയാണ്. വീട്ടുവാടക മൂന്നു മാസം കൊടുക്കാനുണ്ട് തുടങ്ങി ആവശ്യങ്ങളുടെ ഭണ്ടാരക്കെട്ട്. ആരോ ഒരാൾ ദഹ്റാൻ എയർപോർട്ടിൽ നിന്ന് ഇന്ന് പോകുന്നുണ്ട്, കത്തുണ്ടെങ്കിൽ കൊണ്ട് പോകും എന്ന് അഞ്ചൽ ജോലിക്കാരനല്ലാത്ത അംനാഷ് അഞ്ചൽ പറഞ്ഞതനുസരിച്ച് ഉടനെ കത്തെഴുതി. എനിക്കിവിടെ ശെരിയായി ശമ്പളം കിട്ടുന്നില്ലെന്നും നിനക്ക് ഒരു ഡ്രാഫ്റ്റ്‌ എടുത്തെന്നും കത്തെഴുതി ഒട്ടിച്ചതിന്നു ശേഷമാണ് അതോർമ വന്നതെന്നും എഴുതി. ഒടുവിൽ അവൾക്കു 150 ചുംബനം തരുന്നെന്നും എഴുതി. കത്ത് കൊടുത്തയച്ചു.
വീണ്ടും ചാറ്റിലേക്ക് കടന്നു. ഒരു പുതിയ ഇരകിട്ടിയിട്ടുണ്ട്. ഓണംകേറാമൂലയിലെ ഒരു പ്രേമ. വയസ്സ് 19. ഫോട്ടോ കൊടുത്തിട്ടുള്ളത് ഒരു ചെറിയ കുട്ടിയുടെതാണ്.
'ചേട്ടാ, എന്റെ നെറ്റിന്റെ പൈസ തീർന്നു' ആ വിളി കേട്ടപ്പോൾ ഒരു ഇത്.
ഉടനെ അംനാഷിനെ വിളിച്ചു ആ നമ്പറിലേക്ക് പൈസ കേറ്റാൻ ഏർപ്പാടാക്കി. അവന്റെ ഒരു ബന്ധക്കാരന് മുരുക്കുംപുഴയിൽ മൊബൈൽ ഷോപ്പുണ്ട്.
ഇടക്കൊക്കെയെ ഞാൻ ജോലിക്ക് പോകാറുള്ളൂ. എപ്പോഴും ഫേസ്ബുക്കിൽ തന്നെ. പിന്നെ യെമെനി എങ്ങിനെ കൃത്യമായി ശമ്പളം തരും. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഭാര്യയുടെ കത്ത് വന്നു. കുട്ടിയെ സ്കൂളിൽ ചേർക്കണം. പൈസക്ക് വളരെ ബുദ്ധിമുട്ടാണ് എന്നൊക്കെയാണ് കത്തിൽ.
വീണ്ടും അവൾക്കു മറുപടി എഴുതി. എനിക്ക് തലച്ചോറിൽ ബ്രെയിൻ വളരുന്ന അസുഖത്തിന്നു മരുന്ന് കഴിക്കുകയാണെന്നും പൈസക്ക് ബുദ്ധിമുട്ടാണെന്നും അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് അഡ്ജസ്റ്റ് ചെയ്യാനും എഴുതി. ആ കത്തിലും അവൾക്കു 350 ചുംബനം തരുന്നു എന്ന് പ്രത്യേകം എഴുതി.
പിന്നേയും ചാറ്റ് ചെയ്യൽ തുടർന്നു. പ്രേമക്ക് തുടർന്ന് പഠിക്കാൻ പൈസ വേണമത്രേ. അതും അയച്ചു കൊടുത്തു.
പിന്നെ വന്ന ഭാര്യയുടെ കത്തിൽ ആവശ്യങ്ങൾ കൂടി. കുറച്ചൊക്കെ അവളുടെ അച്ഛൻ സഹായിക്കുന്നുണ്ടത്രേ. പാവം. പലചരക്കു കടയിൽ കടം വളരെയധികം ആയിട്ടുണ്ട്‌. പാൽക്കാരനും പൈസ കൊടുക്കാനുണ്ട്.
അതിന്നും മറുപടി എഴുതി. ഞാൻ അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ടെന്നും എക്സിറ്റ് വിസ അടിക്കാൻ ദഹ്റാൻ പഞ്ചായത്തിലെ സെക്രട്ടറി കുഞ്ഞുമോൻ ബിൻ അലികുട്ടി അൽചേറ്റുപുഴയ്ക്കു വളരെയധികം കൈക്കൂലി കൊടുത്തെന്നും എന്തെങ്കിലും വേണമെങ്കിൽ നിന്റെ പുന്നാരചേട്ടനോട് പറയാനും എഴുതി. കൂട്ടത്തിൽ സാധാരണ പോലെ 800 ചുംബനം ഈ കത്തിലൂടെ തരുന്നൂ എന്നും എഴുതി.
പ്രേമയായി ചാറ്റ് തുടങ്ങി. ഞാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും എന്താണ് കൊണ്ട് വരേണ്ടതെന്നും ചോദിച്ചു. അവളുടെ നീണ്ടലിസ്റ്റിൽ പറഞ്ഞ കാര്യങ്ങളൊക്കെ വാങ്ങി.
ഭാര്യയുടെ കത്ത് - അതോ കുത്തോ - വീണ്ടും വന്നു.
'ചേട്ടൻ അയച്ച ഒട്ടാകെ 1300 ചുംബനങ്ങൾ കിട്ടി. സന്തോഷം. അതിൽ 250ണ്ണം പലചരക്ക്കടക്കാരന് കൊടുത്തു. 375ണ്ണം വീടിന്റെ ഉടമസ്ഥനും 145ണ്ണം പാൽക്കാരനും 78ണ്ണം പത്രക്കാരനും കൊടുത്തു. ഇനി ബാക്കി 452 ചുംബനം ഇവിടെയുണ്ട്. അത് കഴിഞ്ഞു ആവശ്യം വന്നാൽ ഞാനെഴുതാം. അപ്പോൾ അയച്ചാൽ മതി. നമുക്ക് സൂക്ഷിക്കാൻ ലോക്കർ ഇല്ലല്ലോ?'
അവൾ എനിക്കിട്ടൊരു താങ്ങ് താങ്ങിയതാണെന്നു ഉറപ്പാണെങ്കിലും മനസ്സിലൊരു നെരിപ്പോട്.
എനിക്ക് പോകേണ്ടത് തിരുവനന്തപുരം എയർപൊർട്ടിലെക്കാണ്. കഴിഞ്ഞ വർഷം വിഷുവിന് ആരംഭിച്ച എയർ കേരളയിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കോഴിക്കോട്ടേക്ക് പോകേണ്ട എയർ കേരള തിരുവനന്തപുരത്ത് ഇറക്കുമെന്ന് എന്നെ പോലെ ഏതൊരു മണ്ടനുപോലും അറിയാമല്ലോ?
അത് പോലെ തന്നെ സംഭവിച്ചു. തിരുവനന്തപുരത്ത് ഫ്ലൈറ്റ് ഇറങ്ങി. ഞാൻ നേരെ വിട്ടു, വീട്ടിലേക്ക്. ഭാര്യയെ കാണുമ്പോൾ തന്നെ ഒരിഷ്ട്ടക്കേട്. അടുക്കളയിൽ പണിയെടുത്ത് മുഷിഞ മാക്സി.
പെട്ടെന്ന് തന്നെ പ്രേമയുടെ വീട്ടിലേക്ക് പോകുമ്പോൾ ഭാര്യ ചോദിച്ചു 'ചെട്ടനെങ്ങോട്ടാ പോകുന്നെ?'
'എന്റെ ഒരു പരിചയക്കാരൻ അംനാഷിനെ അറിയില്ലേ. അവന്റെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ കൊടുത്തയച്ചത്‌ കൊണ്ട് കൊടുക്കാനുണ്ട്'
ആ പാവം അത് വിശ്വസിച്ചു.
ബസ്സിൽ ആ ഓണംകേറാമൂലയായ പോക്കാണംകോട് എന്ന സ്ഥലത്തെത്തി. പലരോടും ചോദിച്ചു ചീറ്റിങ്ങ്പ്പറമ്പിൽ പ്രേമയുടെ വീട്ടിലെത്തി. ഓടിട്ട ഒരു ചെറിയ വീട്. മുൻഭാഗത്തെക്ക് ജനവാതിലുള്ള ഒരു മുറിയിൽ ഒരു തടിച്ചു കറുത്ത സ്ത്രീ ഇരിക്കുന്നു. 48 വയസ്സുണ്ടാവും.
എന്നെ കണ്ടപ്പോൾ ആ സ്ത്രീ പുറത്തേക്ക് വന്നു.
'ഇത് പ്രേമയുടെ വീടാണോ?' ഞാൻ ചോദിച്ചു.
'അതെ പ്രേമയുടെ വീടാണ്' ആ സ്ത്രീ പറഞ്ഞു
'പ്രേമ എവിടെയാ?'
'ഞാൻ തന്നെയാണ് ആ പ്രേമ' എന്നിട്ട് ആ സ്ത്രീ തുടർന്ന് ചോദിച്ചു 'നിങ്ങൾ ആരാ, ഫേസ്ബുക്കിലുള്ള ആളാണോ?'
'ഏയ്‌ എനിക്കൊരു ഫേസ്ബുക്കും ഇല്ല' എന്ന് പറഞ്ഞിട്ട് ഞാൻ തുടർന്നു 'ഞാൻ വില്ലേജ് ഓഫീസിൽ പുതുതായി ചാർജ് എടുത്ത ക്ലാർക്ക് ആണ്. നിങ്ങളുടെ വീട്ടുപേര് എന്താണ്?'
അവരുടെ വീട്ടുപേര് ചീറ്റിംഗ്പറമ്പിൽ എന്നവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു 'തെറ്റിയതാണ് കേട്ടോ, ഞാൻ അന്വേഷിക്കുന്നത് ചാറ്റിങ്ങാപറമ്പിൽ പ്രേമയാണ്.'
എന്റെ ഫോട്ടോ ഫേസ്ബുക്കിൽ കൊടുക്കാഞ്ഞത്‌ നന്നായി.
ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചു പോന്നു. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കി എന്നെ കാത്തിരിക്കുകയാണ്. ചെന്ന പാടെ അവളെ കെട്ടിപ്പിടിച്ചു ഒന്ന് കൊടുത്തു. കത്തിലൂടെ എഴുതാറുള്ളത് - ഒരു നല്ല ചുടുചുംബനം.
-----------------------
മേമ്പൊടി:
1. മുത്ത്‌ കയ്യിൽ വെച്ചിട്ടെന്തിനു മുക്ക് തേടി നടപ്പൂ
2. ചീറ്റിവരുന്ന പാമ്പിനെയും ചാറ്റ് ചെയ്യുന്ന പെണ്ണിനേയും (പ്രത്യേകിച്ച് ഫൈക് ഐഡി ആണെങ്കിൽ) സൂക്ഷിക്കുക
3. ചാറ്റ് ചെയ്യുന്ന സ്ത്രീകളിൽ ചിലർ ഊറ്റും എന്നത് ഗോപാലകൃഷ്ണന്റെ അനുഭവം

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (കഥ) - അവസാനഭാഗം

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

>>>>>> കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച

കടപ്പുറം കറുകമുട്ടിൽ എത്തിയപ്പോൾ അലിമോൻക്കാക്ക് ഫോണ്‍ ചെയ്തു പോകേണ്ട വഴി ഒന്ന് കൂടെ ചോദിച്ചറിഞ്ഞു.
വളഞ്ഞു തിരിഞ്ഞ് പലരോടും ചോദിച്ച് ഒരു വിധം ഞങ്ങൾ അലിമോൻക്കാടെ വീട്ടിലെത്തി.
ഞങ്ങളെ കണ്ട സന്തോഷത്തിൽ അദ്ദേഹം അകത്തേക്ക് വിളിച്ചു പറഞ്ഞു 'സബീന, ദേ നോക്കൂ എന്റെ ഹബീബ് ശെരീഫ് വന്നിട്ടുണ്ട്'
അദ്ധേഹത്തിന്റെ ആ സ്നേഹപ്രകടനം കണ്ടപ്പോൾ എന്റെ കണ്ണിൽ നീരണിഞ്ഞു.
മുഖവുരയില്ലാതെ അദ്ദേഹം സംസാരം ആരംഭിച്ചു.
'ഞാൻ ശെരീഫിനെ കാണണമെന്ന് ഒരു പാട് വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് നടന്നത്. നിങ്ങളുടെ കാട്ടൂർ ടെലെഫോണ്‍ ബുക്കിൽ ഞാൻ പരതി'.
ഞാൻ താമസം മാറ്റിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ലെന്ന് എനിക്ക് മനസ്സിലായി.
'എന്തായാലും നമ്മൾ ദുബായിൽ വെച്ചുണ്ടായ എല്ലാകാര്യങ്ങളും ശേരീഫിന്നു അറിയാമല്ലോ?എന്റെ മനസാശി സൂശിപ്പുകാരനായിരുന്നല്ലോ ശേരീഫ്'
ശെരിയാണ്. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്.
അദ്ദേഹം തുടർന്നു. 'ഞാൻ കഷ്ടപ്പെട്ട് അയച്ച പൈസകളെല്ലാം ഉപയോഗിച്ച് എന്റെ ആദ്യത്തെ ഭാര്യ കുറെ സ്ഥലങ്ങൾ വാങ്ങി. പിന്നെ ഒരു വലിയ വീട് പണിതു. എല്ലാവരും ഒരു കാർഷെഡ്‌ പണിതപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ ഗമകാണിക്കാനായി രണ്ട് കാർഷെഡ്‌ പണിതു. എല്ലാം അവളാണ് ചെയ്യിച്ചത്'
'ആദ്യത്തെ ഭാര്യയോ? അപ്പോൾ ഈ സബീനത്തയോ?' ഞാൻ ചോദിച്ചു.
'അത് പറയാം. അത് കഴിഞ്ഞ് അവൾക്കു കാർ വാങ്ങണം ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതും ഞാൻ സമ്മതിച്ചു. പണത്തിന്നു ബുദ്ധിമുട്ടുന്ന കാര്യവും ജോലിയുടെ ഇടങ്ങെറും അവളെ ഞാനറിയീച്ചില്ല. രണ്ടു വർഷം കൂടുമ്പോളാണ് ഞാൻ നാട്ടിൽ വരാറ്. എന്റെ ഭാര്യ കാറോടിക്കുന്ന കാര്യമെല്ലാം സന്തോഷത്തോടെ ഞാനെല്ലാവരോടും പറഞ്ഞു. ഇതിനിടെ ഞങ്ങൾക്ക് രണ്ടു മക്കൾ ജനിച്ചു. ഒരാണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും'
ഇതിനിടെ ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ടെന്ന് ഇത്ത വന്നു പറഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു. ജീച്ചുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവന് വിശപ്പില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി. അതവന്റെ സൂത്രമാണെന്നും അതിനുള്ള മറുമരുന്നും എനിക്കറിയാം. ഞാൻ കയ്യിൽ പിടിച്ച് കണ്ണടച്ചിരിക്കുന്ന പോലെ അഭിനയിക്കും. അപ്പോൾ പൂച്ച വന്ന് കട്ടെടുക്കുന്ന പോലെ എന്റെ കയ്യിലുള്ള ഭക്ഷണം ജീച്ചു കഴിക്കും. അത് കണ്ടപ്പോൾ അലിമോൻക്ക വീണ്ടും അവന് ഭക്ഷണം കൊടുക്കാൻ എന്നോട് പറഞ്ഞു.
'പിന്നെ എന്തുണ്ടായി?' ഞാൻ ചോദിച്ചു
'അങ്ങിനെയിരിക്കെ, അവളെക്കാളും പ്രായം കുറഞ്ഞ വീട് പണിത സൂപ്പർവൈസറുമായി......ബാക്കി ഞാൻ പറയാതെത്തന്നെ ശെരീഫിന്നു മനസ്സിലാവുന്നുണ്ടല്ലോ?'
'അപ്പോൾ മക്കളോ?'
'അവർക്ക് എല്ലാം അറിയാവുന്നത് കൊണ്ട് ഇങ്ങിനെയൊരു ഉമ്മയെ വേണ്ടായെന്ന് പറഞ്ഞു. അതിനു ശേഷമാണ് ഞാൻ ഇവളെ വിവാഹം കഴിച്ചത്. രണ്ട് മക്കളുടേയും വിവാഹം കഴിഞ്ഞു. മകളും ഭർത്താവും കുവൈറ്റിൽ ആണ്. മകൻ കുടുംബസമേതം ലണ്ടനിലാണ്. അവനവിടെ എഞ്ചിനീരാണ്. എന്റെ മക്കൾക്ക്‌ സബീനാട് സ്വന്തം ഉമ്മയേക്കാൾ ഇഷ്ടമാണ്. സബീനാക്കും അതേ ഇഷ്ടം മക്കളോടും. സബീനയിൽ എനിക്കൊരു മകളുമുണ്ട്. അവളുടെയും വിവാഹം കഴിഞ്ഞു.' എന്നിട്ടദ്ദേഹം തുടർന്നു 'സ്ഥലവും വീടും വാങ്ങാൻ ഞാനാണ് പൈസ കൊടുത്തതെങ്കിലും ഞാൻ പേർശ്യ ഉപേക്ഷിച്ചു വന്നപ്പോൾ ഈ വീടും പറമ്പുകളും അവളുടെ പേരിലായത് കൊണ്ട് എന്നെ അവർ പുറത്താക്കി. പിന്നെ ഞാനൊരു വാടകവീട്ടിൽ മക്കളോടൊപ്പം താമസിച്ചു. ആദ്യത്തെ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി ഇവളെ വിവാഹം കഴിച്ചു'.
'അപ്പോൾ ഈ വീട് വാടക വീടാണോ?' ഞാനെന്റെ സംശയം ചോദിച്ചു.
'ആ പഴയ വീട് തന്നെയാണ് ഇത്. ശെരീഫിനെ പോലെ നിയമം അറിയാവുന്ന ഒരാൾ വീട് മടക്കിക്കിട്ടാൻ കോടതിയെ സമീപിക്കാൻ എന്നോട് പറഞ്ഞു. അത് പോലെ ഞാൻ ചെയ്തു. വീട് വാങ്ങാനായി ഞാനയച്ച രേഖകൾ കോടതിയിൽ ഹാജരാക്കി. എനിക്കനുകൂലമായി വിധി വന്നു'
'ഇതാണ് പൊട്ടനെ ചൊട്ടൻ ചതിച്ചാൽ ചൊട്ടനെ ദൈവം ചതിക്കുമെന്ന് പറയുന്നത്' എന്റെ സന്തോഷം ഞാൻ പറഞ്ഞു.
'അത് കൂടാതെ അവളുടെ പൈസയാണെങ്കിൽ അതിന്റെ വരുമാനത്തിന്റെ തെളിവ് നൽകാൻ കോടതി ആവശ്യപ്പെട്ടു. അങ്ങിനെയാണ് വിധി എനിക്കനുകൂലമായി വന്നത്'
'സത്യം ഇന്നല്ലെങ്കിൽ നാളെ ജയിക്കും എന്നുറപ്പാണ്' എന്റെ സന്തോഷം ഞാൻ പറഞ്ഞു
'അടുത്തത് കേൾക്കൂ ശെരീഫ്. അപ്പോഴാണ്‌ ഇതിന്റെ അന്ത്യം മനസ്സിലാകൂ. സ്വത്തുക്കളൊക്കെ ഇല്ലാതെ വന്നപ്പോൾ ആ പുതിയ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയെന്നറിയാൻ കഴിഞ്ഞു' നിർവികാരനായി ആലിമൊൻക്ക പറഞ്ഞു.
പുറത്ത് മഴക്കുള്ള ലക്ഷണം കാണുന്നു. എന്റെ മനസ്സിലും സന്തോഷത്തിന്റെ മഴ പെയ്യുകയാരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു. ജീച്ചു സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പാവം കുറച്ചു നേരം ഉറങ്ങിക്കോട്ടെ, കുറെ ഓടി ചാടി കളിച്ചതല്ലെ?
അലിമോൻക്കാടെ ഭാര്യ ചായ കൊണ്ട് വന്നു.
'ഇപ്പോൾ തന്നെ ഭക്ഷണം കഴിച്ചല്ലെയുള്ളൂ' എന്ന് ഞാൻ പറഞ്ഞതിന്നു മറുപടിയായി അവർ പറഞ്ഞത് 'ഷെരീഫുക്കാക്കു ചായ ഇഷ്ടമല്ലേ?' എന്നായിരുന്നു.
'അലിമോൻക്ക പിന്നീട് ആദ്യത്തെ ഭാര്യയെ കാണുകയോ വിവരങ്ങൾ എന്തെങ്കിലും അറിയുകയോ ചെയ്തിരുന്നോ?' ഞാൻ സംസാരം തുടർന്നു.
'ഇല്ല, പക്ഷെ അവർ വലിയോരസുഖം പിടിപ്പെട്ടു കിടക്കുകയാണെന്നറിഞ്ഞു. മക്കളെ കാണാൻ അവർക്കോ അവരെ കാണാൻ മക്കൾക്കോ ആഗ്രഹമുണ്ടെങ്കിലൊ എന്നെനിക്ക് തോന്നി. ഉമ്മാനെ കാണണമെന്ന് മക്കൾ എന്നോട് പറയുന്നുമില്ല. ഒടുവിൽ അവരോടു തന്നെ ഉമ്മയെ പോയി കണ്ടോളാൻ ഞാൻ പറഞ്ഞു. പക്ഷെ മകൾ മാത്രം പോയുള്ളൂ, മകൻ പോയില്ല'.
പലരും ചിന്തിക്കും നമുക്ക് മാത്രം എന്താണ് ദൈവം ഇങ്ങിനെ ശിക്ഷിക്കുന്നതെന്ന്. മറ്റുള്ളവരുടെ ജീവിതം കേൾക്കുമ്പോഴാണ് നമ്മളെത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലാകുക എന്ന് നമുക്ക് മനസ്സിലാക്കാനുള്ള ചില അവസരങ്ങളാണ് ഇതെല്ലാം. എല്ലാ മനുഷ്യരുടെ, പ്രത്യേകിച്ച് പ്രവാസികളിൽ ഇത്തരതിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു പാട് ദു:ഖകഥകൾ പറയാനുണ്ടാവും. ഒരു കാര്യം തീര്ച്ചയാണ് - ലോകത്തുള്ള മനുഷ്യർ മുഴുവൻ നമ്മെ സഹായിച്ചാലും ദൈവം സഹായിച്ചില്ലെങ്കിൽ കാര്യമില്ല. അത് പോലെ മറിച്ച് ലോകം മുഴുവൻ നമ്മെ എതിർത്താലും ദൈവം സഹായിച്ചാൽ നമ്മൾ ജയിച്ചു.
സമയം വളരെ വൈകിയിരിക്കുന്നു. എത്താൻ കുറച്ചു വൈകുമെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും ഭാര്യ തനിച്ചാണ് എന്ന ഓർമയിൽ ഇനിയും വരണമെന്ന അവരുടെ ക്ഷണം സ്വീകരിച്ചു ഞാൻ ജീച്ചുവിനെ എടുത്തു. ഉറക്കത്തിൽ നിന്ന് എടുത്തിട്ടും അവൻ കരഞ്ഞില്ല. കാറിൽ കയറിയ ഉടനെ അവൻ അവന്റെ സ്റ്റീറിംഗ് - എയർ പില്ലോഎടുത്തു.
'പപ്പാ എന്താ കരയുന്നേ?' ജീച്ചുവിന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് - ഞാൻ കരയുകയായിരുന്നു. ഇനി ജീവിതത്തിൽ കാണില്ലെന്ന് കരുതിയ ആലിമോൻക്കാനെ യാദ്രിശ്ചികമായി വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിന്റെ ആനന്ദാശ്രുവോ അതോ അലിമോൻക്കാടെ ദു:ഖകഥ കേട്ട വിഷമമാണോ കരയാനുള്ള കാരണമെന്നു ഞാൻ ആലോചിച്ചു.
------------------------------------------------------
മേമ്പൊടി:
സമ്പത്തും സന്താനങ്ങളും ഈ ലോകത്തിലെ ആഡംബരവസ്തുക്കൾ മാത്രമാകുന്നു (വിശുദ്ധ ഖുറാൻ)