Wednesday 25 October 2017

കണി കെണിയായി (നർമഭാവന)

കണി കെണിയായി (നർമഭാവന)
By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം.
-----------------
അല്പം വൈകിയാണ് ഞാൻ നിർദിഷ്ട തൃപ്രയാർ ഹോസ്പിറ്റലിന്റെ തറക്കല്ലിടൽ കർമത്തിന്റെ തലേന്ന് രാത്രി തൃപ്രയാറിൽ നിന്ന് വീട്ടിലേക്ക് പോയത്. മഴ ഒരു വിധം നന്നായി പെയ്യുന്ന രാത്രി. തൃപ്രയാർ സെന്റർ സിഗ്നൽ കഴിഞ്ഞ ഉടനെ ഏതോ ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ കാറിന്റെ അടുത്തേക്ക് ചാടി. ഞാൻ സഡ്ഡൻ ബ്രെയ്ക്കിട്ടു.
ദേഷ്യം ഉള്ളിലടക്കി ചില്ലു താഴ്ത്തി ഞാൻ ചോദിച്ചു. "എന്താ മരിക്കാൻ വേറെ വണ്ടിയൊന്നും കണ്ടില്ലേ?"
"ചേട്ടാ, എനിക്ക് ഒരാളുടെ വീട്ടിൽ അത്യാവശ്യമായി പോകണം. ബസ്സുകൾ ഇനി ഉണ്ടാവില്ലല്ലോ?"
മഴയുടെ ശബ്ദം കൊണ്ടാവാം വ്യക്തമാകാത്ത ഭാഷയിൽ അയാൾ എന്നോട് പറഞ്ഞു.
"എവിടെയാണ് പോകേണ്ട വീട്?"
എന്റെ ശബ്ദം കുറച്ചു മയമായി. ഒരു ഉപകാരമല്ലേ. പറ്റുമെങ്കിൽ ചെയ്യാം എന്ന് കരുതി.
കുറച്ചു പോയാൽ ഒരു ചാഴൂർ കേറ്റം എന്ന സ്ഥലം ഉണ്ട് അതിന്റെ കുറച്ചു തെക്ക് മാറിയാണ്."
അയാളുടെ മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി. എന്റെ വീടും ചാഴൂർ കേറ്റത്തിന് വടക്കോട്ടാണ്. അപ്പോൾ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. വണ്ടിയിൽ കയറിക്കോളാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു.
കാറിൽ കയറിയ പാടെ അയാൾ ഉറക്കം ആരംഭിച്ചു.
ചാഴൂർ റോഡിനടുത്തെയപ്പോൾ ഞാൻ ചോദിച്ചു. "ഇനി എവിടെയാ പോകേണ്ടത്?'
"അത്.... പിന്നെ നടുവിൽപാടത്ത്പറമ്പിൽ ഫൽഗുണന്റെ വീട്ടിലാണ് പോകേണ്ടത്. ലൈൻമാൻ ഫൽഗു എന്ന് പറഞ്ഞാൽ മതി."
"അപ്പോൾ ആ വീട് നിനക്കറിയൂലെ?" എനിക്ക് വീണ്ടും ദേഷ്യം വന്നു.
"ചേട്ടാ, ചൂടാവല്ലേ? ഒരു ഉപകാരമല്ലേ? ആ വീട്ടിൽ ചെന്നൊന്ന് ചോദിക്കൂ"
റോഡ് സൈഡിലുള്ള ഒരു വീട് കാണിച്ചു കൊണ്ട് നിസ്സാരഭാവത്തിലാണ് അയാളുടെ മറുപടി.
ഇന്ന് ആരെയാണാവോ കണികണ്ടത് എന്ന് ഞാൻ ആലോചിച്ചു. നേരം വെളുത്തപ്പോൾ മുഖം നോക്കുന്ന കണ്ണാടിയിൽ ഞാൻ നോക്കിയത് ഓർമ വന്നു. അപ്പോൾ കണി കണ്ടത് എന്നെ തന്നെയാണല്ലോ?
ഞാൻ കാർ നിറുത്തി കുടയെടുത്ത് അടുത്ത വീട്ടിൽ ചെന്ന് ലൈൻമാൻ ഫൽഗുവിന്റെ വീട് അന്വേഷിച്ചു. രണ്ടു മൂന്നു വീട്ടിൽ അന്വേഷിച്ചിട്ടും അവർക്കാർക്കും ഇങ്ങിനെയൊരാളെ അറിയില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഇതൊരു വലിയ പുലിവാലായല്ലോ എന്ന് മനസ്സിൽ കരുതി. ഇവിടെ ആ മനുഷ്യനെ ഇറക്കി വിടാനും പറ്റില്ല. എന്തായാലും നനഞ്ഞല്ലോ.. ഇനി കുളിച്ചു കേറുകതന്നെ.
ഞാൻ തിരിച്ചു കാറിൽ ചെന്ന് ആ മനുഷ്യനോട് ചോദിച്ചു.
"ഈ ഫൽഗുവിന്റെ മൊബൈൽ നമ്പർ തായോ.. നമുക്ക് വിളിച്ചു ചോദിക്കാം."
"അയ്യോ ചേട്ടാ.. എന്റെ മൊബൈൽ ഫോൺ തൃപ്രയാർക്ക് വരുമ്പോൾ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു. അതിലാണ് നമ്പർ ഉള്ളത്."
ശെടാ ഇത് വലിയ കഷ്ടമായല്ലോ?
ഞാൻ എലെക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ സുനന്ദ മേഡത്തെ വിളിച്ചു ഇങ്ങിനെയൊരു ഫൽഗുവിനെ അറിയുമോ എന്ന് ചോദിച്ചു.
മറുപടി ആശാവഹമായിരുന്നു.. ഉവ്വ് ഒരു ലൈൻമാൻ ഫാൽഗുനൻ ഉണ്ട്. അയാളുടെ വീട് കാട്ടൂർ ലേബർ സെന്ററിന്നടുത്തതാണ്. ആളിപ്പോൾ സസ്‌പെൻഷനിലാണല്ലോ. എന്താ വല്ല ഇലക്ട്രിക് പ്രോബ്ലം ഷെരീഫുക്കാടെ വീട്ടിൽ ഉണ്ടോ ഞാൻ ആളെ വിടാം എന്ന മറുപടിയാണ് സുനന്ദ മേഡം പറഞ്ഞത്.
ഞാൻ അവരോടു കാര്യം പറഞ്ഞു. നന്ദിയും.
ഇനി നാലഞ്ചു കിലോമീറ്റർ പോണം കാട്ടൂർ ലേബർ സെന്ററിലേക്ക്. എന്ത് ചെയ്യാൻ. ഇതിനിടെ വീട്ടിൽ നിന്ന് എന്നെ കാണാതെ വന്നപ്പോൾ ഫോൺ വന്നു. ഞാൻ കുറച്ചു തിരക്കിലാണ് എന്ന് മാത്രം പറഞ്ഞു ഫോൺ ഡിസ്കണക്റ്റ് ചെയ്തു.
ഇനി ചൂടായിട്ടു കാര്യമില്ല. പാവം അമ്പത് വയസ്സ് ഉണ്ടെന്നു തോന്നുന്നു.
ഞാൻ കാട്ടൂർ ലേബർ സെന്ററിൽ എത്തി. അവിടെ വലിയകത്ത് സലീമിനോട് ചോദിച്ചപ്പോൾ ഫൽഗുണന്റെ വീട് പത്ത് സെന്റ് കോളനിയിലാണെന്നും കൂടെ പോരാമെന്നും മറുപടി കിട്ടി. അല്ലെങ്കിലും സലിം അങ്ങിനെയാണ്. പരിചയപ്പെട്ട നാൾ മുതൽ ഒരു സഹോദരനെപോലെ.
വേണ്ട ഞാൻ പോകാം എന്ന് മറുപടി കൊടുത്തു.
ഞങ്ങൾ ഫൽഗുണന്റെ വീട്ടിൽ എത്തി. കാറിന്റെ ഡോർ തുറന്ന് ആ മനുഷ്യൻ ഒരു ചിരി പാസാക്കി. എന്റെ ദേഷ്യം അയാളുടെ ചിരിയിൽ ഓടിയൊളിച്ചു.
തിണ്ണയിലിരുന്ന് പുസ്തകം നോക്കി പഠിക്കുന്ന ഏകദേശം എട്ട് വയസ്സായ ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.
"അമ്മേ... ദേ അച്ഛൻ വന്നു."
"ഇന്നും നാല് കാലിന്മേലാണോ വന്നിരിക്കുന്നേ?" അകത്ത് നിന്ന് ആ ചോദ്യം ഞാൻ കേട്ടു.
"ഇല്ല അമ്മെ അച്ഛൻ എന്നും ഓട്ടോയിലും വല്ലവരുടെയും മോട്ടോർ സൈക്കിളിന്റെ പിന്നിലുമല്ലേ വരാറ്. ഇപ്പോൾ നാല് കാലിലല്ല, നാല് ടയർ ഉള്ള കാറിലാ വന്നത്..."
"രണ്ട് കാലിന്മേൽ ഉള്ളപ്പോൾ വീട് അറിയും. നാല് കാലിന്മേലായാൽ സ്വന്തം വീട്ടിലേക്ക് വഴി മറക്കുന്ന മനുഷ്യൻ..."
അകത്ത് നിന്ന് ആ സ്ത്രീയുടെ ശബ്ദം.
ഞാൻ ഒന്നും പറഞ്ഞില്ല.
അയാൾ നന്ദി പറഞ്ഞു അകത്തേക്ക് പോയി. ആ കുട്ടി എന്റെ അടുത്ത് വന്നു ചോദിച്ചു.
"ഡ്രൈവർ ചേട്ടാ എത്രയാ കാറിന്റെ വാടക?"
ആ കുട്ടിയുടെ നിഷ്കളംഗമായ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് ഞാൻ കാർ ഡ്രൈവ് ചെയത് പോയി....
വീട്ടിൽ ചെന്ന ഉടനെ ആ കണ്ണാടി തല്ലിയുടക്കണമെന്ന തീരുമാനത്തിൽ...........
--------------------------
ഒരു പ്രത്യേക കാര്യം....
ഇത് നടന്ന സംഭവമല്ല, എന്റെ ഭാവനയിൽ വന്ന ഒരു നർമം മാത്രം.

Tuesday 29 August 2017

ഭഗവാന്റെ പരീക്ഷണം (കഥ)



ഭഗവാന്റെ പരീക്ഷണം (കഥ)
By ഷെരീഫ് ഇബ്രാഹിം.
*******************
അവന്‍ കുറച്ചു ദേഷ്യത്തിലാണ്. എന്നോട് ഇത്ര ദേഷ്യം അവനു ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എന്താണ് തെറ്റ് ചെയ്തതെന്നോ. 35 വയസ്സായ അവനോട് കല്യാണം കഴിക്കാന്‍ പറഞ്ഞതാണ് കാരണം. എന്റെ സമപ്രായക്കാരനും സഹപാഠികയും അയല്‍വാസിയുമായ സിദ്ധാർത്ഥന്റെ മകനാണ് അവൻ..
'എന്നോട് മേലാല്‍ കല്ല്യാണം കഴിക്കുന്ന വിഷയം പറയരുത് ഷെരീഫുക്ക'.
രാജന്‍ അത് പറഞ്ഞപ്പോള്‍ എന്റെ നിശബ്ധതക്ക് വിരാമമിട്ടു കൊണ്ട് ഞാന്‍ ചോദിച്ചു.
'അപ്പോള്‍ ആജീവനാന്തം വിവാഹം കഴിക്കാതിരിക്കാനാണോ നിന്റെ തീരുമാനം?'
'ഇക്കാക്ക് എങ്ങിനെ വേണമെങ്കിലും കരുതാം'. അവന്റെ മറുപടിയുടെ ഉള്ളിൽ എന്തോ ഒളിഞ്ഞു കിടപ്പുണ്ടെന്നു മനസ്സിലായി.
അവൻ കോളേജിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ആല്മാർത്തമായി സ്നേഹിച്ചിരുന്നു എന്നെനിക്കറിയാം. പക്ഷെ പ്രേമവിവാഹത്തിന് അവന്റെ അച്ഛൻ എതിരാണ്. അത് സ്വന്തം മതത്തിൽ നിന്നായാലും അദ്ദേഹം ആ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യും.
'ഷെരീഫുക്ക, എന്റെ അച്ഛനോടുള്ള ബഹുമാനം ഞാൻ ഇക്കാക്ക് തരുന്നുണ്ട്. ആ ബഹുമാനം വെച്ച് കൊണ്ട് ഞാനൊന്ന് ചോദിക്കട്ടെ. പ്രേമവിവാഹം തെറ്റാണോ?' അതായിരുന്നു അവന്റെ ചോദ്യം.
'പ്രേമവിവാഹത്തിലായാലും അറേൻജിട് വിവാഹത്തിലായാലും ചിലപ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാവാം. അങ്ങിനെ വന്നാൽ അറേൻജിട് വിവാഹത്തിലാണെങ്കിൽ രണ്ടുവീട്ടുകാരും യോജിച്ചു അതിനൊരു പരിഹാരം കാണും. അത് പോലെ നമുക്ക് എന്തെങ്കിലും മറ്റു പ്രശ്നങ്ങൾ ഉണ്ടായാലും അവരുടെ സഹായം ഉണ്ടാവും. ഇതാണ് ഒരു നേട്ടം'. ഞാൻ എന്റെ അറിവ് പറഞ്ഞു.
എന്തായാലും ഇനി ഒരു വിവാഹം വേണ്ട എന്ന് ഇപ്പോൾ തന്നെ മുപ്പത് വയസ്സ് ആയെന്നും രണ്ടാഴ്ച്ചത്തെ ലീവ് കഴിഞ്ഞു ഗൾഫിൽ തിരിച്ചു പോകുകയാണെന്നും അവന്റെ ഉറച്ച തീരുമാനം അവൻ പറഞ്ഞു.
'മോനെ രാജന്‍, നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ട. അച്ഛന്റെ ആഗ്രഹത്തിന് വേണ്ടിയെങ്കിലും മറ്റന്നാൾ ആ പെൺകുട്ടിയെ കാണാൻ പൊയ്ക്കൂടേ? എന്നിട്ട് എന്തെങ്കിലും കാരണം പറഞ്ഞു ഒഴിയാമല്ലോ?'. ഞാൻ എന്റെ അടവ് നയം പറഞ്ഞു.
'അത് ശെരിയല്ല, ആൺകുട്ടികളാണെങ്കിൽ എത്ര പെണ്ണ് കാണൽ നടത്തിയാലും കുഴപ്പമില്ല. എന്നാൽ വളരെയധികം ആളുകൾ പെണ്ണ് കാണാൻ വന്ന് ഒന്നും തീരുമാനത്തിൽ എത്താതെ വരുമ്പോൾ പെൺകുട്ടികൾക്കുണ്ടാവുന്ന മനോവിഷമം ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ട് ആ വൃത്തികെട്ട നാടകത്തിന് ഞാനില്ല'. രാജൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.
'ആട്ടെ നാളെ അച്ഛൻ പെണ്ണ് കാണാൻ പറഞ്ഞത് എവിടെയാണെന്ന് അറിയുമോ?' ഞാനെന്റെ സംശയം ചോദിച്ചു.
'ഇല്ല. കല്യാണ കാര്യം എന്നോട് പറഞ്ഞത് അമ്മയാണ്. അപ്പോൾ തന്നെ ഞാൻ വിവാഹം കഴിക്കില്ലെന്ന് അമ്മയോട് പറഞ്ഞു'. രാജന്റെ മറുപടി കേട്ടപ്പോൾ ഇനി അവനെ എന്ത് പറഞ്ഞു ഉപദേശിച്ചാലും അവന്റെ തീരുമാനത്തിന് മാറ്റമില്ല എന്ന് മനസ്സിലായി.
പുറത്ത് നല്ല മഴക്കുള്ള ലക്ഷണം. രാജനെ കണ്ടപ്പോൾ ചില കാര്യങ്ങൾ മറന്നു. തൃപ്രയാറിലെ ബ്യൂട്ടി സിൽക്സിൽ ചെല്ലാമെന്ന് പറഞ്ഞിരുന്നത് മറന്നു. ഇനി അധികം വൈകേണ്ട. ഉടനെ പോകാമെന്ന് തീരുമാനിച്ചു.
ഒരു പാട് കാര്യങ്ങൾ രാജനോട് സംസാരിക്കാനുണ്ട്. എന്തായാലും തിരിച്ചു വന്നിട്ടാവാമെന്ന് കരുതി.
'രാജന്‍,  നമുക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം. അതോടൊപ്പം ഒരഞ്ചു മിനിറ്റ് ഒരാളെ കാണാൻ പോകാം'. ഞാൻ അവനെ ക്ഷണിച്ചു.
'വേണ്ട, ഇക്ക പൊയ്ക്കോ. നമുക്ക് പിന്നെ കാണാം' എന്നായിരുന്നു അവന്റെ മറുപടി. ഞാൻ ഒന്ന് കൂടെ നിർബന്ധിച്ചപ്പോൾ അവൻ എന്റെ കൂടെ വരാൻ തയ്യാറായി.
 തൃപ്രയാർ സെന്ററിലുള്ള ക്ഷേത്രഗോപുര കവാടം കഴിഞ്ഞപ്പോൾ തന്നെ വാഹനങ്ങളുടെ നീണ്ട നിര കണ്ടു. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി രാജൻ വാചാലനായി. ഞാനിത് കുറെ അനുഭവിച്ചത് കൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല.
ബ്യൂട്ടി സിൽക്സിൽ ചെന്നപ്പോൾ നല്ല തിരക്ക്. ബ്യൂട്ടി സിൽക്സിന്റെ ഉടമസ്ഥൻ റാസിക്കിനെ കാണാനാണ് വന്നതെന്ന വിവരം ഞാൻ മാനേജരോട് പറഞ്ഞു.
രാജന് ഒരു ഫോൺ വന്നപ്പോൾ അറ്റന്റ് ചെയ്യാൻ പുറത്തേക്ക് പോയി. അപ്പോഴാണ് ഒരു പെൺകുട്ടി വന്ന് എന്നോട് അഭിവാദ്യം ചെയ്തത്.
'സാറേ, ഞാൻ സാറിന്റെ ഫേസ് ബുക്ക് ഫ്രണ്ട് ആണ്. വീട് തളിക്കുളത്താണ്. സാറിന്റെ രചനകൾ ഞാൻ വായിക്കാറുണ്ട്....'. അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വിശേഷങ്ങള്‍ പറയുന്നതിന്നിടെ പിറ്റേന്ന് പെണ്ണ് കാണാന്‍ വരുന്ന കാര്യവും അത് എന്റെ കൂട്ടുകാരന്‍ സിദ്ധാര്‍ത്ഥന്റെ മകനാണെന്നും പറഞ്ഞു.
കുറച്ചു കഴിഞ്ഞു അവർ ഡ്രസ്സ് സെലെക്റ്റ് ചെയ്യാൻ മുകളിലേക്ക് പോയി.
ഫോൺ വിളിച്ചു കഴിഞ്ഞു രാജൻ തിരിച്ചു വന്നു. ആശ്ചര്യത്തോടെ അവൻ എന്നോട് ചോദിച്ചു.
'ഷെരീഫുക്കാട് സംസാരിച്ച ആ പെൺകുട്ടിയെ ഇതിന് മുമ്പ് അറിയുമോ?'
'ഇല്ല. ഇപ്പോൾ ഞാൻ ആദ്യമായി കാണുകയാണ്. ആ കുട്ടിയെ പെണ്ണ് കാണാനാണ് അച്ഛൻ രാജനോട് പറഞ്ഞത്'. ഞാൻ സാധാരണമട്ടിൽ പറഞ്ഞു. ആ പെണ്‍കുട്ടി സംസാരത്തിന്നിടക്ക് പറഞ്ഞ കാര്യം ഞാന്‍ രാജനോട്‌ പറഞ്ഞു.
'ഷെരീഫുക്ക, ഞാൻ നാളെയല്ല ഇന്ന് തന്നെ ആ പെൺകുട്ടിയെ പെണ്ണ് കാണാൻ പോകാം. എന്തിനാ പെണ്ണ് കാണുന്നെ. എനിക്ക് ഈ വിവാഹം ഇഷ്ടമാണ്'. അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് കുറച്ചു ശബ്ദം കൂടിയോ എന്ന് സംശയം.
'അപ്പോൾ ഇനി വിവാഹം വേണ്ട എന്ന് പറഞ്ഞിട്ട്?'
'ഷെരീഫുക്ക, ഈ പെൺകുട്ടിയെയാണ് ഞാൻ സ്നേഹിച്ചിരുന്നത്'. അവൻ സന്തോഷം തുറന്നു പറഞ്ഞു.

Tuesday 25 July 2017

ഷൈഖിന്റെ മനം (അനുഭവം)



ഷൈഖിന്റെ മനം (അനുഭവം)
x-x-x-x-x-x-x-x-x-x-x-x-x-x-x

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഫെബ്രുവരി ഇരുപത്തിയെഴു വ്യാഴം - എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ഷൈഖിന്റേയോ സ്റ്റാഫുകളുടെയോ മറ്റോ വാഹങ്ങളുടെ വലിയ പ്രശ്നങ്ങൾ, ട്രാഫിക്‌ കുറ്റങ്ങൾ, ഇവ ലൈസൻസോ വാഹനത്തിന്റെ രെജിസ്ട്രേഷനോ പുതുക്കാൻ കഴിയാതെ വന്നാൽ ആ കേസുകൾ ക്യാൻസൽ ചെയ്യിക്കാൻ ഞാനാണ് മുറൂറിൽ (ട്രാഫിക് ഡിപ്പാർട്ടുമെന്റ്) പൊകാറ്.
ഞാൻ ളാബത്തിന്റെ (സർക്കിൾ ഇൻസ്പെക്ടർ) റൂമിലിരുന്ന് അദ്ദേഹം തന്ന കാവയും (അറബി കോഫീ) കഴിച്ചിരിക്കുമ്പോഴാണ് ഒരു മുലാസം (സബ്ബ് ഇൻസ്പെക്ടർ) വന്ന് വളരെ പഴക്കം തോന്നുന്ന ഒരു ഫയൽ കൊണ്ട് സർക്കിൾ ഇൻസ്പെക്ടർക്ക് കൊടുത്തത്.
പെട്ടെന്ന് ളാബത്ത് മുലാസമിനൊട് പറഞ്ഞു. 'ധഹലഹൂ ഫീ സിജിൻ'
എന്നെ ലോക്കപ്പിൽ ആക്കാനുള്ള നിർദേശം നടപ്പായി.
ഇനി കുറച്ചു ഫ്ലാഷ് ബാക്ക് :
ഈ സംഭവത്തിന്റെ ഏകദേശം ഒരു വർഷം മുമ്പ് ഒരു ദിവസം എന്റെ ഓഫീസിലേക്ക് ഒരു പാകിസ്ഥാനിയും ഒരു പോലീസുകാരനും കൂടി വന്നു. പോലീസുകാരൻ എന്നോട് ചോദിച്ചു.
'നിങ്ങളാണോ ഷൈഖിന്റെ മേനേജർ?
ഞാൻ അതെ എന്ന് മറുപടി കൊടുത്തപ്പോൾ അവർ ആഗമനോദേശ്യം വിവരിച്ചു.
ആ പാകിസ്ഥാനി ഇസ്ലാമിക കോടതിയിൽ മുത്തർജിം (ഉർദു അറബിയിലേക്ക് തർജമ ചെയ്യുന്നയാൾ) ആണെന്നും അദ്ധേഹത്തിന്റെ ടൊയോട്ട കാറിന്മേൽ ഷൈഖിന്റെ പേരിലുള്ള ഒരു മിനി ടെമ്പോ വണ്ടി ഒരച്ചിട്ടു നിർത്താതെ പോയി. ആ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ കാണാനാണ് അവർ വന്നതത്രെ.
വണ്ടികളൊക്കെ ഓരോരുത്തർ ആവശ്യപ്പെടുമ്പോൾ ഓടിക്കാൻ അവർക്ക് കൊടുക്കുന്നത് ഞാനല്ലെന്നും ഷൈഖിന്റെ നിർദേശാനുസരണം സ്റ്റോർ കീപ്പെർ ആണത് ചെയ്യുന്നതെന്നും ഞാനവരെ പറഞ്ഞു മനസ്സിലാക്കി.
ഒരാഴ്ചക്കുള്ളിൽ ആ വണ്ടി ഓടിച്ച ഡ്രൈവറെ ഹാജരാക്കാം എന്ന് പോലീസുകാരൻ എഴുതിയ റിപ്പോർട്ടിൽ എന്നോട് ഒപ്പിട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. അതും ഷൈഖിന്റെ സമ്മതത്തോടെ ഞാൻ ചെയ്തു.
ഒരാഴ്ച്ചയല്ല ഒരു വർഷം കഴിഞ്ഞിട്ടും എനിക്കത് നടപ്പാക്കാൻ കഴിഞ്ഞില്ല. മുറൂറിൽ നിന്നും ഫോണിലൂടെയും വല്ലപ്പോഴും നേരിട്ട് ചെല്ലുമ്പോഴും അവർ ആവശ്യം ആവർത്തിക്കും. ഞാൻ എവിടെ നിന്ന് ഡ്രൈവറെ കൊടുക്കാൻ. ഷൈഖ്മാരുടെ വാഹനങ്ങൾക്ക് ഇൻഷുരൻസ് നിർബന്ധവുമില്ല. വിവരം ഇടയ്ക്കിടെ ഷൈഖിനെ ഓർമപ്പെടുത്തുമെങ്കിലും അതൊക്കെ നിസ്സാരം എന്ന മറുപടിയാണ് എനിക്ക് ലഭിക്കാറ്‌.
അതാണ് എന്നെ ലോക്കപ്പിൽ അടക്കാൻ കാരണം.
ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. വ്യാഴാഴ്ച്ച ആയത് കൊണ്ട് ഇനി ഓഫീസിലെ ഒരു കാര്യവും നടക്കില്ല. ഇനി ശെനിയാഴ്ചയാവണം എന്തെങ്കിലും നടക്കാൻ. എന്റെ സഹതടവുകാരൻ മറ്റൊരു മലയാളിയാണ്. അവൻ എനിക്ക് ആശ്വാസം തരുന്നുണ്ട്. 'സാറിന്ന് ഇന്നല്ലെങ്കിൽ ശെനിയാഴ്ചയെങ്കിലും പുറത്തിറങ്ങാൻ പറ്റും'
ഞാൻ ആകെ അസ്വസ്ഥനാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം. അതും ഷൈഖിന്റെ മേനജരായി ജോലി ചെയ്യുമ്പോൾ. എന്റെ അവസ്ഥ ആരെയെങ്കിലും ഒന്നറിയീക്കാൻ നിർവാഹമില്ല. എന്നെ ഗൾഫിൽ നിന്നും പുറത്താക്കിയാലും വിരോധമില്ല. ഈ ലോക്കപ്പിൽ കിടക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. അവിടെയും ഞാനൊരു ശുഭാപ്തിവിശ്വാസക്കാരനായി. ജയിലിൽ ആയില്ലല്ലോ എന്ന സമാധാനം.
അങ്ങിനെ ഞാൻ വിഷമിച്ചിരിക്കുകയാണ്. ലോക്കപ്പിലായിട്ട് അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും. കമ്പിയഴിക്ക് പുറത്ത് ഒരറബിയുടെ ശബ്ദം. ഞാൻ നോക്കുമ്പോൾ ഖൽഫാൻ ഖമീസ് അൽ റുമൈത്തിയാണ്. അല്ലെങ്കിലും എന്റെ ജീവിതത്തിലെ ഏതു പരീക്ഷണ ഘട്ടത്തിലും ദൈവദൂതരെപോലെ ആരെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. അദ്ധേഹത്തോട് ഞാനെന്റെ വിഷമം പറഞ്ഞു. എന്നെ പുറത്തിറക്കാൻ അദ്ധേഹത്തിന് കഴിയില്ലെങ്കിലും ഷൈഖിനെ അറിയീക്കാമെന്ന് അദ്ദേഹം ഏറ്റു.
ഇനിയുള്ളത് ഷൈഖിന്റെ വീട്ടിലെ ഡ്രൈവർ ആറ്റിങ്ങൽ കല്ലമ്പലത്തുള്ള വിജയൻ പിന്നീട് പറഞ്ഞതാണ്:
ഷൈഖ് ലീവ എന്ന സ്ഥലത്ത് ഒരു മണലാരണ്യത്തിൽ തമ്പടിച്ചു (ടെന്റ്) വീകെന്റ് ചിലവഴിക്കുകയാണ്. ഷൈഖിനും പരിവാരത്തിന്നും വേണ്ട ഭക്ഷണങ്ങൾ, മിനറൽ വാട്ടർ, ഫ്രൂട്ട്സ് തുടങ്ങിയവയുമായി ഒരു മിനി പിക്കപ്പിൽ വിജയൻ ടെന്റിലേക്ക്‌ ചെന്നു. ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ കാത്തു നിന്നു. വിജയൻ ഷൈഖിനൊട് വിവരം പറഞ്ഞു 'യാ അബൂഷാബ്, ഷെരീഫ് സാർ ലോക്കപ്പിലാണ്'
എന്താണ് കാരണമെന്ന് ഷൈഖ് വിജയനോട് ചോദിച്ചു. അറിയില്ലെന്ന് ആദരവോടെ വിജയൻ മറുപടി കൊടുത്തു.
ഷൈഖ് ഉടനെ കയ്യിലുള്ള മൊബൈൽ എടുത്ത് എങ്ങോട്ടോ വിളിക്കാൻ നോക്കി. റേഞ്ച് ഇല്ല. (അന്നൊക്കെ മരുഭൂമികളിൽ റേഞ്ച് കുറവ് ആയിരുന്നു, ചിലയിടത്ത് റേഞ്ച് ഇല്ലായിരുന്നു)
ഷൈഖ് വണ്ടിയോടിച്ചു ഒരു കുന്നിന്റെ മുകളിലേക്ക് പോകാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. പക്ഷെ, കുറച്ച് കഴിഞ്ഞപ്പോൾ റേഞ്ച് കിട്ടി.
അത്തീഖ് എന്ന ബോഡി ഗാർഡിനോട് ഉടനെ മുറൂറിൽ ചെന്ന് എന്നെ ലോക്കപ്പിൽ നിന്നും ഇറക്കുവാനും ട്രാഫിക്ക് ഡിപ്പാര്ട്ട്മെന്റ് മുദീറിനോട് ഉടനെ ഷൈഖിനെ ഫോണിൽ വിളിക്കാൻ പറയാനും ഫോണിലൂടെ ഓർഡർ കൊടുത്തു.
******************
ഞാൻ കൂട്ടിലകപ്പെട്ട മെരുകിനെപോലെ ഞെരിപിരി കൊള്ളുകയാണ്. ലോക്കപ്പിലായിട്ട് രണ്ടു മണിക്കൂർ ആയിട്ടുണ്ട്‌. എങ്ങും ശ്മശാനമൂകത. ഒരു താലത്തിൽ ഭക്ഷണം കൊണ്ട് വന്നു. കഴിക്കാൻ തോന്നുന്നില്ല.
'സാർ വിഷമിക്കേണ്ട. സാറിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടാവും. എനിക്ക് ആരുമില്ല. ആരുടേയും സഹായവും എനിക്ക് വേണ്ട. അങ്ങിനെ ഒരു തെറ്റാണ് ഞാൻ ചെയ്തത്. ഞാൻ നാട്ടിൽ ഒരു പാർട്ടിയുടെ നേതാവാണ്‌. മുസഫയിലേക്ക് ഞാൻ ഡ്രൈവ് ചെയ്തു പോകുമ്പോൾ റെഡ് സിഗ്നലിൽ ഞാൻ നിറുത്താതെ പോയി. ഭാഗ്യത്തിന്നു ആക്സിടെന്റ്റ് ഉണ്ടായില്ല. പക്ഷെ, കേമറയിൽ ഫോട്ടോ പതിഞ്ഞു. പോലീസ് എന്നെ അറസ്റ്റ് ചെയ്തു. നാട്ടിലാണെങ്കിൽ എനിക്ക് രാഷ്ട്രീയസ്വാധീനം കിട്ടുമായിരുന്നു. ഇവിടെ ഒരു രക്ഷയുമില്ല.'
എന്റെ സഹലോക്കപ്പുകാരൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'ബിദൂൻ കലാം, യാ അല്ലാഹ്, ഇഫ്തഹുൽ ബാബ്. ഹാദാ ആമർ മിൻ അബൂശാബ് (ഒന്നും പറയേണ്ട, വാതിൽ തുറക്കൂ, ഇത് ഷൈഖിന്റെ ഓർഡർ ആണ്)'
ഇത് അത്തീഖിന്റെ ശബ്ദമാണല്ലോ. (ഈ അത്തീഖിനെ പറ്റി "ഫ്രാൻസ് സന്ദർശനം" എന്റെ എന്ന ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്)
അൽഹംദുലില്ലഹ്. എന്റെ ലോക്കപ്പിന്റെ ഇരുമ്പ് വാതിൽ തുറന്നു. ഞാൻ അകത്ത് കിടന്ന രണ്ടു മണിക്കൂർ എനിക്ക് രണ്ടു യുഗമായിരുന്നു. എന്റെ സഹമുറിയനെ ഞാൻ ആശ്വസിപ്പിച്ചു. എന്നെ കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്യാം എന്നവനോട് ഞാൻ പറഞ്ഞു. അവന്റെ വിസ കഴിഞ്ഞത് കൊണ്ട് ഒരു രക്ഷയില്ലെന്ന് അവൻ തന്നെ എന്നോട് പറഞ്ഞു.
ഞാൻ പുറത്ത് പോയി എന്ന് രജിസ്റ്റരിൽ ഒപ്പിടാൻ പോലീസുകാരൻ എന്നോടാവശ്യപ്പെട്ടു. അതിന്നോരുങ്ങുമ്പോൾ എന്നെ തടഞ്ഞു കൊണ്ട് അത്തീഖ് ആ പോലീസുകാരനോട് പറഞ്ഞു 'അതൊക്കെ പിന്നെ, എത്രയും പെട്ടെന്ന് ഷെരീഫ് ഫ്ലാറ്റിലേക്ക് പൊയ്ക്കോട്ടേ. അവന് വേണ്ടി ഞാൻ ഒപ്പിടാം'
പോലീസുകാരൻ അത് സമ്മതിച്ചു. അല്ലാതെ വേറെ മാർഗമില്ലല്ലൊ?
ആ രണ്ടു മണിക്കൂർ ലോക്കപ്പ് കൊണ്ട് എനിക്കൊരു ഗുണമുണ്ടായി. പിറ്റേന്ന് മുതൽ ട്രാഫിക്ക് വകുപ്പിൽ ഞാൻ ചെന്നാൽ സാധാരണ കിട്ടാറുള്ള കാവയ്ക്കും (അറബികളുടെ മധുരം ഇടാത്ത കാപ്പി) ഈത്തപ്പഴത്തിന്നും പുറമേ ഒരു VVIP ബഹുമാനവും കിട്ടിതുടങ്ങി. every action have an equal and opposite reaction എന്ന ന്യൂട്ടൻസ് ലോ ഓഫ് മൊഷനിലും ഉർവശീ ശാപം ഉപകാരം എന്ന് മലയാളത്തിലും പറയുന്നത് എത്ര ശെരിയാണ്.
ഇതാണ് എന്റെ ബോസ്സ് ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽനഹിയാൻ. (അദ്ധേഹതിന്നു ദൈവം ദീർഖായുസ്സ് നൽകട്ടെ... ആമീൻ)
-----------------------------------------------
മേമ്പൊടി:
സ്ത്രീകളുടെ ഏറ്റവും വലിയ വേദനയാണ് പ്രസവവേദന എന്നവർ പറയുന്നു (അത് നേരാവണമെന്നില്ല. അങ്ങിനെയായിരുന്നെങ്കിൽ ആദ്യത്തെ പ്രസവത്തോട് കൂടെ സ്ത്രീകൾ എന്ത് കൊണ്ട് പ്രസവം നിറുത്തുന്നില്ല?)
പക്ഷെ, ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണ് ആ ജനിച്ച കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. അതായത് ഒരു വേദനക്ക് ശേഷമാണ് സുഖം ഉണ്ടാവുന്നത്.

Friday 14 July 2017

കാര്യം കാണാന്‍ മതം (കഥ)

കാര്യം കാണാന്‍ മതം (കഥ)
By ഷെരീഫ് ഇബ്രാഹിം.
---------------------------
അല്പം പോലും വിശ്രമമില്ലാതെ ഞാൻ പണിയെടുക്കുകയാണ്. ഒരു പഞ്ചായത്ത് അപ്പർ ഡിവിഷൻ ക്ലാർക്കിന് അതൊക്കെയല്ലേ ഗതി. മേൽഉദ്യോഗസ്ഥന്മാർക്ക് പണി ഏൽപ്പിച്ചാൽ കഴിഞ്ഞു. അവരെയും കുറ്റം പറയാൻ പറ്റില്ല. സാമ്പത്തീകവർഷത്തിന്റെ അവസാനമാണല്ലോ മാർച്ച്.
അപ്പോഴാണ് ഒരു സ്ത്രീ എന്റെ കയ്യിൽ ഒരു ലറ്റർ തന്നത്. അവരെ ഈ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റം ആയി എന്നുള്ള ലറ്റർ ആയിരുന്നത്. ആ സ്ത്രീയുടെ മുഖത്ത് പോലും നോക്കാതെ ഞാൻ സെക്രട്ടറിയുടെ അടുത്ത് കൊടുക്കാൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ വീണ്ടും എന്റെ അടുത്ത് വന്നു. ഞാനപ്പോൾ അവരെ മുഖമുയർത്തി നോക്കി.
'സാറേ സാറിന്റെ അടുത്തുള്ള കസേരയിൽ ഇരിക്കാനും എന്തെങ്കിലും സംശയമുണ്ടെങ്കിൽ സാറിനോട് ചോദിക്കാനാണ് സെക്രട്ടറി പറഞ്ഞത്'. അവർ മുഖവുര കൂടാതെ പറഞ്ഞു.
അടുത്തുള്ള കസേരയില്‍ അവരോടു ഇരിക്കാന്‍ പറഞ്ഞു. കുറച്ചു ഫയലുകള്‍ അത് ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു. എനിക്ക് കൂടുതൽ സംസാരിക്കാൻ ഇഷ്ടം തോന്നിയില്ല, കാരണം ഞാൻ പണിയുടെ തിരക്കിലായിരുന്നു. എങ്കിലും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മടി കൂടാതെ മറുപടി കൊടുക്കുന്നുണ്ടായിരുന്നു.
ആദ്യമൊക്കെ അവരോട് എനിക്ക് തോന്നിയ ഇഷ്ടക്കേട് കുറഞ്ഞു. പാവം എന്നെപ്പോലെ കഷ്ടപ്പെട്ട വീട്ടിൽ നിന്നായിരിക്കും. ഒരു ജോലി കിട്ടാൻ എത്ര കണ്ടു ആഗ്രഹിച്ചിട്ടുണ്ടാവാം. ജോലി കിട്ടി കഴിഞ്ഞാൽ വന്ന വഴി മറക്കുന്ന ആളല്ല ഞാൻ. പെൻഷൻ പറ്റിയാലും ജനങ്ങൾ എന്നെ സ്നേഹിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഉച്ചയൂണിന് ഞാൻ എഴുന്നേറ്റപ്പോൾ അവർ എന്നോട് അനുവാദം ചോദിച്ചു ഊണ് കഴിക്കാൻ പോയി.
കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ആ സ്ത്രീ എന്നോട് അവരുടെ പേര് പറഞ്ഞിട്ട് ഞാന്‍ ചോദിക്കാതെ തന്നെ അവരുടെ വിഷമങ്ങള്‍ പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ അവരോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.
ദിവസങ്ങള്‍ കഴിയുന്തോറും ആ സ്ത്രീ ജോലിയിലും മറ്റുള്ളവരോട് പെരുമാറുന്ന കാര്യത്തിലും നല്ലവരാണെന്നു മനസ്സിലായി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം കൂടെ മനസ്സിലായി. എത്ര ജോലി ഭാരം ഉണ്ടെങ്കിലും ഒരു ഇഷ്ടക്കേടും കാണിക്കാതെ ജോലികളെല്ലാം ചെയ്ത് തീര്‍ക്കും.
'സാറിന്റെ ഭാര്യയെ ഇത് വരെ കണ്ടില്ലല്ല്ലോ? എനിക്ക് കാണാന്‍ ആഗ്രഹമുണ്ട്'. ഒരു ദിവസം ആ സ്ത്രീ എന്നോട് ചോദിച്ചു.
'ഓ. അവരെ കാണാന്‍ കഴിയില്ല?' ഞാന്‍ മറുപടി കൊടുത്തു.
'അയ്യോ എന്ത് പറ്റി സാറേ? വല്ല അസുഖവും മറ്റോ ആണോ?' അവര്‍ ആകാംക്ഷയോടെ ചോദിച്ചു.
'ഏയ്‌. അതൊന്നുമല്ല. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല'.
അവര്‍ വായപൊത്തിപ്പിടിച്ചു ചിരിക്കാന്‍ തുടങ്ങി.
സാര്‍ ഇങ്ങിനെ തമാശകള്‍ പറയുന്ന ആളാണോ എന്നവര്‍ ചോദിച്ചപ്പോള് ആ ചോദ്യം ശെരിയാണല്ലോ എന്നാലോചിച്ചു.
കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വളരെ അടുത്തു. അതിനു പ്രേമമെന്ന് പറയാന്‍ പറ്റാത്ത ഒരടുപ്പം. പിന്നീടത് അവരെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നായി.
ഒരു ദിവസം ഞാന്‍ അവരോടു വിഷയം തുറന്ന് പറഞ്ഞു.
'എനിക്ക് നിങ്ങളെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇഷ്ടമില്ലെങ്കില്‍ വേണ്ട. ഇഷ്ടം ഇല്ല എന്ന് പറഞ്ഞാലും എനിക്ക് വിരോധവുമില്ല'.
'എനിക്കത് നൂറു വട്ടം ഇഷ്ടമാണ് സാറേ.. പക്ഷെ....' അവര്‍ മുഴുമിപ്പിക്കാതെ പറഞ്ഞു നിറുത്തി.
'എനിക്ക് മനസ്സിലായി.. നമ്മള്‍ രണ്ടു മതക്കാരാണ് എന്നതല്ലേ? അതിനു ഞാന്‍ നിങ്ങളുടെ മതത്തിലേക്ക് വരാം. അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ?'
'സാറ് ഞങ്ങളുടെ മതത്തിലേക്ക് വരുന്നത് ഞങ്ങളുടെ മതത്തോടുള്ള ഇഷ്ടം കൊണ്ടല്ലല്ലോ? എന്നെ വിവാഹം കഴിക്കാന്‍ വേണ്ടിയല്ലേ? എന്നെ വിവാഹം കഴിക്കില്ലെങ്കില്‍ ഞങ്ങളുടെ മതത്തില്‍ വരില്ലല്ലോ? അതായത് ഞങ്ങളുടെ മതത്തോടുള്ള ഇഷ്ടം കൊണ്ടല്ല സാര്‍ മതം മാറുന്നത് അല്ലെ?'. അവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞത് സത്യമായിരുന്നു.
'എന്തായാലും സാര്‍ ഞങ്ങളുടെ മതത്തിലേക്ക് വരണ്ട. ഞാന്‍ സാറിന്റെ മതത്തിലേക്ക് വരാം'.
അവര്‍ പറഞ്ഞു നിറുത്തി. പിന്നെ ആ വിഷയം ഞങ്ങള്‍ ആവര്‍ത്തിച്ചില്ല.
നാല് മാസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വയനാട് ജില്ലയിലെക്ക് സ്ഥലം മാറ്റം ആയി. എനിക്ക് കൊല്ലം ജില്ലയിലേക്കും. എന്താ ചെയ്യുക? അങ്ങിനെ ഞങ്ങള്‍ തൃശ്ശൂര്‍ വിട്ടു.
മൊബൈല്‍ ഒന്നും ഇല്ലാത്ത കാലമായത് കൊണ്ട് വല്ലപ്പോഴും അവര്‍ ബൂത്തില്‍ നിന്ന് എന്നെ വിളിക്കും. ആ വിളിക്കായി ഞാന്‍ കാതോര്‍ത്തിരിക്കും.
'ഒരു സന്തോഷവാര്‍ത്ത പറയാനാണ് സാറേ ഞാന്‍ ഇപ്പോള്‍ വിളിച്ചത്' അവര്‍ മുഖവുര കൂടാതെ പറഞ്ഞു.
'എനിക്കും തന്നോട് ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട്'. ഞാന്‍ പറഞ്ഞു.
'എന്നാല്‍ സാര്‍ ആ സന്തോഷ വാര്‍ത്ത ആദ്യം പറയൂ'
'അത് വേണ്ട താന്‍ പറഞ്ഞിട്ട് ഞാന്‍ പറയാം'
'സാറേ കഴിഞ്ഞ ആഴ്ച ഞാന്‍ സാറിന്റെ മതത്തില്‍ ചേര്‍ന്നു. സാറിനു സന്തോഷമായല്ലോ? ഇനി സാറിന്റെ സന്തോഷവാര്‍ത്ത പറയൂ..'
'ഇനി അത് സന്തോഷവാര്‍ത്തയല്ല. ഞാന്‍ ഇന്നലെ തന്റെ മതത്തില്‍ ചേര്‍ന്നു'.

Tuesday 14 February 2017

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)



തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)
***************************
അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ എഴുപത്തഞ്ചു വയസ്സായ കുഞ്ഞാലൻ ഹാജി കാറിൽ യാത്ര ചെയ്യുകയാണ്. ഏഴു വിവാഹം കഴിക്കുകയും അതിൽ നാലെണ്ണതിനെ മൊഴി ചൊല്ലുകയും ചെയ്തു. ഹാജിയാർക്ക് ഡ്രൈവർ മാത്രമല്ല, സന്തതസഹചാരിയും എല്ലാം എല്ലാമാണ് ഡ്രൈവർ കാസിം. ഒരുദിവസം ഉൾനാടൻ ഗ്രാമങ്ങളിലൂടെ പോകുമ്പോളാണ് കാറിൽ നിന്നും ഒരു ശബ്ദം ഹാജിയാർ കേട്ടത്. ഹാജിയാർ കാസ്സിമിനോട് അത് ചോദിക്കുകയും ചെയ്തു 'എന്താണ് ഒരു ശബ്ദം കേട്ടത്?' എന്ന്.
'അത് ഞാൻ ഗിയർ മാറ്റിയതാ' എന്ന കാസിമിന്റെ മറുപടി കേട്ടപ്പോൾ കാറിനെ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത ഹാജിയാർ പറഞ്ഞത് 'ഞാനുള്ളപ്പോൾ നീ ഇതൊക്കെ മാറ്റും അല്ലെ? ഇക്കണക്കിന്നു ഞാനില്ലാത്തപ്പോൾ എന്തൊക്കെ നീ മാറ്റുന്നുണ്ടാവും' എന്നാണു. കാസിം ഹാജിയാരോട് വിവരം പറഞ്ഞു മനസ്സിലാക്കി.
1960 കാലഘട്ടത്തില്‍ ഇത്രയൊക്കെ അറിവല്ലേ അന്നുല്ലവര്‍ക്കുള്ളൂ.
കാർ കുറച്ചു ദൂരം ഓടിയപ്പോൾ പെട്ടെന്ന് നിന്നു. ഹാജിയാർ അതിന്റെ കാരണം അന്വേഷിച്ചു. കാറിന്റെ ബോണെറ്റ് തുറന്നു നോക്കിയിട്ട് കാസിം പറഞ്ഞു 'ഹാജിയാരെ റേഡിയെട്ടറിൽ വെള്ളം ഇല്ല'.
കാസിം വെള്ളം എടുക്കാൻ അടുത്ത വീട്ടിലേക്കു പോയി. ഹാജിയാർ പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. എല്ലാം ഓലമേഞ്ഞ കുടിലുകൾ. ആ കുടിലുകളിൽ ഒന്നിന്റെ മുമ്പിൽ ഒരു പതിമൂന്ന് പതിനാലു വയസ്സായ പാവാടയും ബ്ലൗസും ഇട്ട ഒരു പെണ്‍കുട്ടി മാങ്ങ ചാടി പൊട്ടിക്കുന്നു. അവളുടെ ചാട്ടവും അവളേയും ഹാജിയാർക്ക് 'ക്ഷ' പിടിച്ചു.
വെള്ളവും കൊണ്ട് വരുന്ന കാസിം, ഹാജിയാരുടെ നോട്ടം കണ്ടപ്പോൾ വീണ്ടു തിരിച്ചു പോയി ആ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ചു. തിരിച്ചു കാറിന്നടുത്തെത്തിയപ്പോൾ ആ പെണ്‍കുട്ടിയെ പറ്റി കാസിമിനൊദു അന്വേഷിച്ചു. 'ഹാജിയാർ ഇത് ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു പോയി എല്ലാം അന്വേഷിച്ചു. ആ കുട്ടിയുടെ ഉപ്പ ഒരു കൂലിപ്പണിക്കാരനാണ്. ഇപ്പോൾ വീട്ടിൽ ഇല്ല. അവൾക്കു താഴെ മൂന്നു പെണ്‍കുട്ടികളുണ്ട്.' എന്ന മറുപടി കേട്ടപ്പോൾ ഹാജിയാരുടെ ചുണ്ടിൽ നിന്നും ഒരു ചെറിയ ചിരി വിടർന്നു.
'നീ പോയി ആ കുട്ടിയുടെ ഉപ്പ വന്നാൽ എന്റെ വീട്ടിൽ വരാൻ പറ'.
ഹാജിയാരുടെ നിർദേശം കാസിം നടപ്പാക്കി. കാർ സ്റ്റാർട്ട്‌ ചെയ്തു അവർ പോയി.
ആ പെണ്‍കുട്ടിയുടെ ഉപ്പ കരീം, ഹാജിയാരുടെ വീട്ടിൽ എത്തി. വിളിപ്പിച്ച വിവരം എന്താണെന്നറിയാതെ കരീം വിഷമിക്കുന്നുണ്ടായിരുന്നു. കരീമിനോട് ഇരിക്കാൻ ഹാജിയാർ പറഞ്ഞു. മുപ്പത്തഞ്ചു വയസ്സ് പ്രായക്കൂടുതലുള്ള ഹാജിയാരുടെ മുന്നിൽ ഇരിക്കാൻ കരീമിന് ഒരു വിഷമം. നിർബന്ധിച്ചപ്പോൾ കരീം സോഫയിൽ ഇരുന്നു. ഹാജിയാർ കരീമിനെ നന്നായി സൽകരിച്ചു. ഒടുവിൽ മുഖവുരയോന്നുമില്ലാതെ കാസിമാണ് പറഞ്ഞു. 'ഹാജിയാർക്ക് കരീമിന്റെ മകളെ നികാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്'
കുറച്ചു നേരത്തേക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു കരീമിന്ന്. ഒന്നും മറുപടി പറയാതായപ്പോൾ കാസിം കരീമിനോട് പറഞ്ഞു 'ഇഷ്ടമില്ലെങ്കിൽ വേണ്ട'.
'എനിക്ക് പെരുത്ത്‌ ഇഷ്ടമാ, പക്ഷെ.....'അത് പറഞ്ഞു കരീം നിറുത്തി.
'എന്താ പ്രശ്നം?' എന്ന കാസിമിന്റെ ചോദ്യത്തിന്നു തന്റെ കയ്യിൽ സ്ത്രീധനം ഒന്നും തരാനില്ല എന്ന് മാത്രമാണ് കരീം മറുപടി പറഞ്ഞത്.
'അതിന്നു ഞങ്ങൾ സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ? ഞങ്ങൾ നികാഹിന്റെ തലേദിവസം ഒരു നൂറ് പവൻ പണ്ടം അങ്ങോട്ട്‌ കൊടുത്തയക്കും. കല്യാണം വേണ്ട. നികാഹ് മതി.' ഹാജിയാരാണ്‌ അതിന്നു മറുപടി പറഞ്ഞത്. എന്നിട്ട് ഹാജിയാർ കൂട്ടിചേർത്തു 'ആലോചിച്ചു പറഞ്ഞാൽ മതി'.
വീട്ടിൽ ആലോചിച്ചിട്ട് പറയാമെന്നു കരീം പറഞ്ഞു.
ഈ സന്തോഷവാർത്ത വീട്ടിൽ പറയുക തന്നെ. കരീം സന്തോഷം കൊണ്ട് വീട്ടിലേക്കു പോയി.
ഈ സംസാരം വീടിന്റെ ഉള്ളിൽ നിന്നും ഇപ്പോഴുള്ള മൂന്നു ഭാര്യമാരും കേൾക്കുന്നുണ്ടായിരുന്നു. അവർക്ക് ഒന്നും പറയാൻ പറ്റില്ല. അവരും ഇത്തരത്തിൽ വന്നവരാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ സാമൂഹ്യപ്രവർത്തകനായ ജബ്ബാർ, ഹാജിയാരുടെ വീട്ടിൽ വന്നു.
'നിന്നോട് ഒരു സന്തോഷവർത്തമാനം പറയാനുണ്ട്. ഇപ്പോൾ തീരുമാനം എടുത്തുള്ളൂ. അതിനു ശേഷം നീയാണ് ആദ്യം വരുന്നത്'. വന്ന പാടെ ഹാജിയാർ പറഞ്ഞു.
'എന്താണ് ഹാജിയാരെ സന്തോഷവർത്തമാനം?' ജബ്ബാർ അന്വേഷിച്ചു.
'എന്റെ നിക്കാഹ് ഉറപ്പിച്ചു' സന്തോഷത്തോടെ ഹാജിയാർ പറഞ്ഞു
'ഇത് എത്രാമത്തെ നികാഹാണ് ?' ജബ്ബാറിന്റെ ചോദ്യം
'എട്ടാമത്തെ. അതിൽ അഞ്ചെണ്ണത്തിനെ ഞാൻ മൊഴി ചൊല്ലിയല്ലോ?'
ഏതാ പുതിയ മണവാട്ടി എന്ന ചോദ്യത്തിന്നു കാസിം ആണ് മറുപടി കൊടുത്തത് 'നമ്മുടെ മൂന്നു സെന്റിൽ താമസിക്കുന്ന കരീമിന്റെ മകൾ ഒരു ഹൂറിയുണ്ട്. അവളാണ്'
'അത് തെറ്റല്ലേ ഹാജിയാരെ?' ജബ്ബാറിന്റെ സംശയം.
'എന്ത് തെറ്റ്?' മറുപടി പറഞ്ഞത് കാസിമായിരുന്നു.
'ഹാജിയാരേക്കാളും എത്രയോ വയസ്സ് കുറവാണ് കരീംക്കാക്ക്. അത് കൂടാതെ ഇങ്ങിനെ ഇടക്കിടെ പെണ്ണ് കെട്ടുന്നത് ഇസ്ലാം മതത്തിൽ തെറ്റല്ലേ?'
'എന്ത് തെറ്റ്? നാല്പതു വരെ കല്യാണം കഴിക്കാമെന്നും ഒരേ സമയം നാല് ഭാര്യമാർ വരെ ആകുന്നതിന്നും വിരോധമില്ലെന്നും ഇസ്ലാം പറയുന്നുണ്ട്'
'അത് പ്രത്യേക സന്ദർഭങ്ങളിലാണ്. അല്ലാതെ കയ്യിൽ കാശുണ്ടെന്നു കരുതി എത്രയും കെട്ടാമെന്നല്ല. ഇവിടെ കാർ പാർക്ക് ചെയ്യാം എന്ന ഒരു ബോർഡ് കണ്ടാൽ അവിടെ കാർ പാർക്ക്‌ ചെയ്യണമെന്നു നിർബന്ധമുണ്ടോ? അത് പോലെയാണ് ഇതും'
'എടാ ജബ്ബാറേ നീ ഹജ്ജിന്നു പോയിട്ടുണ്ടോ?' കുറച്ചു രോക്ഷത്ത്തോടെ ഹാജിയാര്‍ ചോദിച്ചു.
'ഇല്ല'
'അതാണ്‌ നിനക്ക് വിവരമില്ലാത്തത്. എന്റെ കയ്യിൽ ഒരു പാട് പൈസ ഉള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്‌. അത് കൊണ്ട് എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത് എന്നറിയോ നിനക്ക്?' ഹാജിയാര്‍ തന്റെ നയം വ്യക്തമാക്കി.
'ആ പൈസ കൊണ്ട് ചെറുപ്പക്കാരികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ചെറുപ്പക്കാർക്ക് ഹാജിയാരുടെ ചിലവിൽ കല്യാണം നടത്തി കൊടുക്കണം. അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. എന്നിട്ട് അവർക്ക് ജീവിക്കാനുള്ള തൊഴിലിനോ കച്ചവടത്തിന്നോ ഹാജിയാർ പണം കൊടുക്കണം'. ശെരിയായ വിവരം ജബ്ബാര്‍ പറഞ്ഞു.
'അതൊന്നും എന്നോട് പറയണ്ട'. ഹാജിയാര്‍ അല്ലെങ്കിലും അങ്ങിനെയാണ്.
'ഇതാണ് പ്രശ്നം. ഇന്ന് മുസ്ലിമീങ്ങളിൽ ചിലർ നടത്തുന്ന ബഹുഭാര്യതവും മൊഴി ചൊല്ലലും കാണുമ്പോൾ മറ്റുള്ള മതക്കാർ നമ്മെ ആ കാഴ്ച്ചപാടിലല്ലേ കാണൂ. ഇതാണ് ഇസ്ലാം മതം എന്ന് കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ?'. ജബ്ബാര്‍ വിടാന്‍ ഭാവമില്ല.
കരീം വീട്ടിൽ വന്നു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. വിവരം അറിഞ്ഞ കരീമിന്റെ മകൾ സീന കരച്ചിലോട് കരച്ചിൽ.
'ഉമ്മാ, ഉപ്പാട് എന്നെ ആ ഹാജിയാർക്ക് കെട്ടിച്ചു കൊടുക്കരുതെന്ന് പറ'. കരഞ്ഞു കൊണ്ട് ഉമ്മാട് സീന പറഞ്ഞു.
'മോളെ ഞാനെങ്ങിനാ അത് പറയ. ഉപ്പാടെ സ്വഭാവം മോൾക്ക്‌ അറിയൂലെ? നമ്മളെ ഉപ്പ കൊന്നു കളയും'. ഉമ്മ അവരുടെ നിസ്സാഹായാവസ്ഥ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാറും കരീമിന്റെ വീട്ടിൽ എത്തി. അവിടെയും ഈ സംഭവം തെറ്റാണെന്ന് കരീമിനെ പറഞ്ഞു മനസ്സിലാക്കി.
'മോനെ ജബ്ബാറേ എനിക്കിതറിയാണ്ടല്ല. പണമില്ലാത്തവരുടെ പ്രശ്നമാണിത്'. കരീംക്ക തന്റെ നിസ്സഹയാവസ്ഥ പറഞ്ഞു
'സ്ത്രീധനത്തിന്റെ വിഷയമാണോ? എങ്കിൽ അതില്ലാതെ കല്യാണം കഴിക്കാവുന്ന ഒരു പാട് ചെറുപ്പക്കാർ ഇന്നുണ്ട്'. ജബ്ബാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കരീം ഇങ്ങിനെയാണ്‌ ചോദിച്ചത്.
'നീ ഒരാളെ പറ'
'ഒരു പാട് ആളുണ്ട്, എന്റെ ഉപ്പ സമ്മതിക്കുകയാണെങ്കിൽ ഞാനുമുണ്ട്. ഉപ്പയും ഈ സ്ത്രീധനതിന്നു എതിരാണ്'
ആ ചെറുപ്പക്കാരന്റെ ധീരമായ. ഉപ്പാനെ ബഹുമാനിക്കുന്ന അഭിപ്രായം കേട്ടപ്പോൾ കരീമിന്നും ഭാര്യക്കും മകൾക്കും ഇഷ്ടമായി.'
'പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് കോടാനുകോടി രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ ഇല്ല. ഒരു ചെറിയ കട മാത്രം.' ജബ്ബാര്‍ എല്ലാം തുറന്നു പറഞ്ഞു.
ആ കോടിയെക്കാൾ വിലമതിക്കുന്ന ഒരു മനസ്സുണ്ടല്ലോ എന്ന് പറയാൻ തോന്നിയിട്ടുണ്ടാവും അകത്തുള്ള കരീമിന്റെ മകൾക്ക്.
ജബ്ബാറിന്റെ ഉപ്പാക്ക് ഈ കല്യാണം ആയിരം വട്ടം സമ്മതമായിരുന്നു.
കല്ല്യാണം ക്ഷണിക്കാന്‍ ജബ്ബാറിന്റെ ഉപ്പയാണ് ഹാജിയാരുടെ വീട്ടിലേക്ക് പോയത്.
ഹാജി അദ്ധേഹത്തെ സ്വീകരിച്ചിട്ടു പറഞ്ഞു 'എന്റെ കണ്ണ് തുറപ്പിച്ചത് ജബ്ബാറാണ്. നമ്മുടെ മുസ്ലീങ്ങളിൽ ചിലർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഇസ്ലാമിൽപെട്ടതല്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി'
----------------------------------------------------
മേമ്പൊടി:
ഇസ്ലാമിനെ പറ്റി അറിയാത്തവരെ, ഇസ്ലാം നാമധാരികളിൽ ചിലർ ചെയ്യുന്നതല്ല യഥാര്ത ഇസ്ലാം. എളുപ്പവഴിക്ക് ക്രിയ ചെയ്യാനാണ് എല്ലാവരുടേയും താല്പര്യം.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>