Thursday 28 January 2016

കടിഞ്ഞൂൽ പ്രണയം (കഥ) - അവസാനഭാഗം

കടിഞ്ഞൂൽ പ്രണയം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച

ദുബായിൽ നിന്നും സലിം എന്റെ ഓഫീസിൽ വന്നു. അവൻ എന്തോ പ്രശ്നത്തിലാണെന്ന് അവന്റെ മുഖഭാവം വിളിച്ചറിയീക്കുന്നു.
'എന്താ സലിം പെട്ടെന്ന് എന്നെ കാണണമെന്ന് പറഞ്ഞത്?'. ഞാൻ ചോദിച്ചു.
'ഇക്കാ ഞാൻ വന്നത് ഇക്കാടെ ജോലിക്ക് ബുദ്ധിമുട്ടാവുമൊ?'. അവന്റെ ചോദ്യത്തിന്നു ഒരിക്കലുമില്ല എന്ന് ഞാൻ മറുപടി കൊടുത്തു.
'എന്റെ ഭാര്യ പ്രസവിച്ചത് അറിയാമല്ലോ?'.
'ഉവ്വ്. ഞാൻ വിളിച്ചിരുന്നു. പക്ഷെ വരാൻ കഴിഞ്ഞില്ല. ഞാൻ വിദേശത്തായിരുന്നു. സാറയും സാറയുടെ സഹോദരനും കൂടി വന്നു കണ്ടല്ലോ?'.
'അതല്ല ഇക്ക വിഷയം. ഞാൻ എല്ലാം വിശദമായി പറയാം. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 12 വർഷമായി. രണ്ടു വർഷം കൂടുമ്പോൾ ഒരു മാസത്തെ ലീവാണ് കിട്ടുക. ഡോക്ടറെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങളോട് കുറച്ചു നാൾ ഒന്നിച്ചു താമസിക്കാൻ പറഞ്ഞു. എനിക്ക് ഫാമിലിയെ കൊണ്ട് വരാനുള്ള ശമ്പളം കുറവായതിനാൽ ഭാര്യക്ക് വിസ കിട്ടിയില്ല. അത് കൊണ്ട് അറബിയുടെ വീട്ടിലേക്കുള്ള ഗദ്ദാമ എന്ന നിലയിലുള്ള ഒരു വിസ എടുത്തു. ഇവടെത്തെ നിയമം ഇക്കാക്കറിയാമല്ലോ? എന്റെ സ്പോണ്‍സറിലുള്ള വിസയല്ലാത്തത് കൊണ്ട് ഈ നാട്ടിലെ നിയമമനുസരിച്ചു സക്കീന എന്റെ ഭാര്യയല്ലല്ലോ? അങ്ങിനെ ഞങ്ങൾ ഇസ്ലാമിക കോടതിയിൽ പോയി വിവാഹം കഴിച്ചു'.
ഓഫീസ് ബോയ്‌ കൊണ്ട് വന്ന ചായയും ബ്രെഡും അവനോട് കഴിക്കാൻ പറഞ്ഞു. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ അവൻ കഴിച്ചു.
അവൻ പറഞ്ഞു തുടങ്ങി.
'അവൾ പ്രസവിച്ചപ്പോൾ കുട്ടിയുടെ പേര് അവളുടെ പാസ്പോർട്ടിൽ എഴുതാൻ പറ്റില്ലെന്ന് എംബസി പറഞ്ഞു. അതാണല്ലോ നിയമം. കാരണം എന്റെ ഭാര്യയുടെ വിസയിൽ ഗദ്ദാമ എന്നാണല്ലോ? അങ്ങിനെ ആ കുട്ടിയുടെ പേര് എന്റെ പാസ്പോർട്ടിൽ എഴുതി. പക്ഷെ, അതിനേക്കാൾ വലിയൊരു പരീക്ഷണമാണ് അല്ലാഹു ഞങ്ങൾക്ക് തന്നത്?'.
'എന്താണ് ആ പ്രശ്നം?' ഞാൻ ചോദിച്ചു.
'അവളുടെ പ്രസവം സിസേറിയൻ ആയിരുന്നു. അതിലുണ്ടായ മുറിവ് പഴുത്തത് കൊണ്ടും മറ്റു ഗുരുതര പ്രശ്നങ്ങൾ കൊണ്ടും ഒരു മാസത്തെ ആശുപത്രിവാസം വേണ്ടി വന്നു. പ്രസവം കഴിഞ്ഞു നാട്ടിലേക്ക് അവരെ പറഞ്ഞയാക്കാമെന്നാണ് ഞാൻ കണക്ക് കൂട്ടിയത്. ഇപ്പോൾ രണ്ട് മാസമായി പ്രസവം കഴിഞ്ഞിട്ട്. ആ കുട്ടിയുടെ വിസ ഇല്ലാത്തത് കൊണ്ട് നാട്ടിലേക്കു പറഞ്ഞയക്കാനും പറ്റുന്നില്ല, അത് പോലെ ദിവസം 100 ദിർഹം വീതം നല്ലൊരു സംഖ്യ ഫൈൻ അടക്കുകയും വേണം. എനിക്ക് മരിക്കാൻ തോന്നുന്നു'. ഇത് പറഞ്ഞു സലിം ഒരു കൊച്ചു കുട്ടിയെപ്പോലെ കരയാൻ തുടങ്ങി.
'സമാധാനിക്കൂ സലിം, മരണം ഒന്നിന്നും പരിഹാരമല്ല, പിന്നെ ആൽമഹത്യ നരകത്തിലേക്കുള്ള വഴിയാണ്'. ഉപദേശം കൊടുത്തിട്ട് ഞാനവനോട് ചോദിച്ചു 'ഞാൻ എന്താണ് ചെയ്യേണ്ടത്?'
'എന്റെ വിഷയത്തിൽ സഹായിക്കാൻ കഴിയുന്നത്‌ ഇക്ക ചെയ്യണം. അത് പറയാനാണ് ഞാൻ വന്നത്'.
ഞാൻ എമിഗ്രേഷൻ ഡയരക്ടർ ഖൽഫാൻ ഖമീസ് അൽറുമയ്ത്തിക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു.
'ഞാൻ ഷൈഖിന്റെ കയ്യിൽ നിന്നും എഴുത്തോ വിസ ഫോമോ എന്ത് വേണമെങ്കിലും കൊണ്ട് വരാം. ഈ പ്രശ്നം ഒന്ന് ശെരിയാക്കാൻ പറ്റുമോ?'. ഞാൻ അദ്ധേഹത്തോട് ചോദിച്ചു.
'ജബ്ബാർ, നീ വിസ ഫോം ശെരിയാക്കി കൊണ്ട് വരൂ, ശെരിയാവുമെന്നു ഉറപ്പൊന്നും ഞാൻ പറയില്ല'. എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
'സലിം, ഞാനീക്കാര്യത്തിൽ എന്നെ കൊണ്ടാവുന്നത്‌ ചെയ്യാം. പിന്നീട് ശെരിയാവാതെ വന്നാൽ ഞാൻ കാരണം അത് കൊളമായി വേറെ വല്ലവരുടെയും കയ്യിൽ കൊടുത്താൽ മതിയായിരുന്നു എന്ന് പറയരുത്'. ഞാൻ മുൻ‌കൂർ ജാമ്യമെടുത്തു.
'ഒരിക്കലുമില്ല ഇക്ക, ഞാൻ ഈ പ്രശ്നത്തിന്നു സമീപിക്കാത്ത ഒരിടവുമില്ല, അസോസിയേഷനുകളിലും മതസംഘടനകളിലും ഒക്കെ സമീപിച്ചു. അവരും ശ്രമിച്ചു. പക്ഷെ നടന്നില്ലെന്ന് മാത്രം'.
സലീമിന്റെ കയ്യിലെ പേപ്പറുകളും പാസ്പോർട്ട് കോപ്പിയും വാങ്ങി. വിസ ഫോം പൂരിപ്പിച്ചു. അപ്പോൾ മറ്റൊരു പ്രശ്നം. ഇന്ന് വ്യാഴാഴ്ചയാണ്. പതിനൊന്ന് മണിയാവുമ്പോഴേക്കും സർക്കാർ സ്റ്റാഫുകൾ പോകും. വിസ ഫോം ഒപ്പിടാൻ ഷൈഖ് ആണെങ്കിൽ എത്തിയിട്ടുമില്ല. ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി. അപ്പോഴാണ്‌ ഒരു ബുദ്ധി ഉദിച്ചത്. ഷൈഖിന്റെ പാലസിലെ ബോയ്‌ ഇറാനിയെ വിളിച്ചു ഫോം ഷൈഖിന്നു എത്തിക്കാൻ പറഞ്ഞു.
ദൈവത്തിന്നു നന്ദി. ഫോം ഒപ്പിട്ടു കിട്ടി. സലീമിനെയും കൂട്ടി ഡയറക്ടറെ കാണാൻ പോയി.
'വൊഇൻ യാ ജബ്ബാർ, തലബ് താശീറ?' (ജബ്ബാറേ, എവിടെ വിസ ഫോം?). എന്നെ കണ്ടപാടെ അദ്ധേഹം ചോദിച്ചു.
ഉടനെ ആ ഫോമിന്റെ താഴെ <ലാ മാന> വിസ കൊടുക്കാൻ വിരോധമില്ലെന്ന് എഴുതി ഒപ്പിട്ടു തന്നു.
പക്ഷെ ഒരു പ്രശ്നം ഞാൻ മനസ്സിലാക്കി. ഇത് കൊണ്ട് താഴെ വിസ സെക്ഷനിൽ കൊടുത്താൽ വെള്ളിയാഴ്ച മുടക്ക് ആയതു കൊണ്ട് നാല് ദിവസം കഴിഞ്ഞേ വിസ കിട്ടൂ. ഞാൻ ആ വിവരം അദ്ധേഹത്തോട് പറഞ്ഞു.
ഞാൻ എന്ത് ചെയ്യണമെന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന്നു ഇന്ന് തന്നെ കിട്ടിയാൽ നന്നായിരുന്നു, കാരണം എനിക്കിന്ന് രാത്രിയിലെ ഫ്ലൈറ്റിന്നു കുടുംബസമേതം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോകേണ്ടതാണ്.
അദ്ധേഹം ആ ഫോം തിരിച്ച് വാങ്ങി ഒരു വാചകം കൂടെ എഴുതി (<ഫീസ> വേഗം എന്ന അറബ് വാക്കിന്ന് സുർഅ എന്നതിനു പകരം ശെരിയായ അറബികൾ എഴുതുന്ന വാക്ക്) ഫോം മടക്കി തന്നു.
വേഗം താഴെയുള്ള വിസ സെക്ഷനിലേക്ക് ചെന്നു.
അവിടെയും എല്ലാം പെട്ടെന്ന് ശെരിയായി. ഇനി ഫൈൻ കേൻസൽ ചെയ്യുന്ന മുസഫ പാലത്തിന്നടുത്തുള്ള ഓഫീസിൽ പോണം. അവിടെയെത്തി അവിടെത്തെ ഓഫീസെറെ കണ്ടു വിഷയം അവതരിപ്പിച്ചു. അദ്ധേഹം ഒന്നും പറയാതെ പാസ്സാക്കി. ഇനി സെക്ഷനിൽ പോയി പേപ്പർ വാങ്ങണം.
ആ സെക്ഷനിൽ ഒരു സുഡാനിയായിരുന്നു. എന്ത് പറഞ്ഞിട്ടും അവൻ ശെനിയാഴ്ച വരൂ എന്ന് മാത്രമേ പറയുന്നുള്ളൂ. എനിക്കാകെ വിഷമമായി. അവനും അറബികൾ ധരിക്കുന്ന കന്തൂറയാണ് ധരിച്ചിട്ടുള്ളത്. അവൻ സുഡാനിയാണെന്നറിയാത്ത മലയാളികൾ ഇവന്റെ സ്വഭാവം കണ്ടാൽ അറബികൾ ഇങ്ങിനെയാണെന്നല്ലേ കരുതൂ. ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കാത്ത സ്ഥിതി.
ഗതികേട്ടാൽ പുലി പുല്ലും തിന്നു. ഞാൻ ഷൈഖിന്റെ ബോഡി ഗാർഡ് അതീഖിനെ വിളിച്ചു. അവൻ വന്ന് ഈ സുഡാനിയുടെ മേശയിന്മേൽ നാല് ഇടി ഇടിച്ചിട്ട്‌ സുരേഷ് ഗോപി സ്റ്റയ്ലിൽ ഒരു ഡയലോഗ് 'ലൗ ശൂഖ് ഇർസൽ വാഹദ് ചൽബ് ഇഹ്ത്രംഹൂ മിസ്ൽ ശൂഖ് (ഷൈഖ് ഒരു പട്ടിക്കുട്ടിയെ അയച്ചാലും ആ പട്ടിക്കുട്ടിയെ നീ ബഹുമാനിക്കണം)'
അഞ്ചു നിമിഷം കൊണ്ട് എല്ലാം ശെരിയായി. അത് മാത്രമല്ല അതിന്നു ശേഷം എന്ത് കാര്യത്തിന്നു ആ സുഡാനിയുടെ അടുത്ത് ചെന്നാലും എല്ലാം മാറ്റി എന്റെ കാര്യം നടത്തി തരും.
'വിസയും മറ്റു പേപ്പറുകളും സലീമിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 'സലിം, ഇത് അഞ്ചു വര്ഷത്തേക്ക് വിസ അടിച്ചു കിട്ടും. ഫൈൻ ഒന്നും ഇനി കൊടുക്കേണ്ട. ഞാൻ ഇന്ന് നാട്ടിൽ പോകുന്നു. തിരിച്ചു വന്നിട്ട് കാണാം. വിസ അടിക്കാൻ ഒരു മാസം സമയമുണ്ട്. തിരിച്ചു വന്നിട്ട് ഞാൻ എംബസ്സിയുമായി ബന്ധപ്പെട്ട് സെപ്പെരേറ്റ് പാസ്പോർട്ട്‌ ആക്കി മാറ്റാം'
'ഇക്ക നന്ദിയുണ്ട്' വികാരത്തോടെ അവൻ പറഞ്ഞു.
'നന്ദി പറയേണ്ടത് എന്നോടോ ഷൈഖിനോടോ അല്ല, അല്ലാഹുവിനോടാണ്'
ഞാൻ നാട്ടിൽ നിന്നു തിരിച്ചു വന്നതിന്ന് ശേഷം സലീമിന്റെ വിഷയം ഞാൻ മറന്നു. എന്റെ ഭാര്യ സാറയാണ് എന്നെ ഓർമപ്പെടുത്തിയത്. റെസിടൻസ് വിസ അടിച്ചു കൊടുത്തപ്പോൾ എനിക്കും സന്തോഷമായി.
ഒരു മാസം കഴിഞ്ഞു. സലീമിന്റെ ഫോണ്‍ കാൾ വന്നു.
'ജബ്ബാർക്ക, അടുത്ത വെള്ളിയാഴ്ച ഞങ്ങൾ അബൂദാബിക്ക് വരുന്നുണ്ട്. ഞങ്ങൾക്ക് ഇക്ക ഒരു സാധനം വാങ്ങി വെക്കണം. ബുദ്ധിമുട്ടാവില്ലല്ലോ?'.
ഒരു ബുദ്ധിമുട്ടുമില്ലെന്നും വെള്ളിയാഴ്ച എന്റെ ഭാര്യ സാറയുടെ ഭക്ഷണമുണ്ടാക്കുന്നതിന്റെ കൈപ്പുണ്ണ്യം അനുഭവിച്ചറിയാമെന്നും ഞാൻ പറഞ്ഞു. അവർ വാങ്ങി വെക്കേണ്ട സാധനം പറഞ്ഞു.
വെള്ളിയാഴ്ച സലീമും സക്കീനയും കുട്ടിയുമായി വന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഫ്ലാറ്റിന്റെ വാതിൽക്കലേക്ക് സാറ ഓടി. കുട്ടിയെ വാങ്ങി എന്തോ ചൊല്ലി അതിനെ ഊതുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ എന്നോട് വാങ്ങി വെക്കാൻ പറഞ്ഞ സാധനം കൊണ്ട് വരാൻ സലിം പറഞ്ഞു. സാറ അതെടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു. ഞാനതെടുത്ത് സലീമിന്നു കൊടുത്തപ്പോൾ സലിം പറഞ്ഞത് അത് സക്കീനയുടെ കയ്യിൽ കൊടുക്കാനാണ്. അവൾ അത് സന്തോഷത്തോടെ വാങ്ങി. അതൊരു കപ്പലണ്ടി പൊതിയായിരുന്നു.
'വർഷങ്ങൾക്കു മുമ്പ് ഇക്ക സക്കീനാക്ക് കപ്പലണ്ടി കൊടുത്തപ്പോൾ വാങ്ങിയില്ല അല്ലെ? ഇപ്പോൾ വാങ്ങി. ഇതാണ് ജീവിതം.' സലിം ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അധികം ചിരിച്ചത് സാറയായിരുന്നു.
----------------------------------------------------
മേമ്പൊടി:
എന്റെ പ്രിയപ്പെട്ട വായനക്കാരെ, ഈ കഥ വായിച്ചു എന്റെ കഥാപാത്രങ്ങളായ ജബ്ബാർ, സലിം, സാറ, സക്കീന പോലെയുള്ളവരാണ്‌ എല്ലാ ഭാര്യാഭർത്താക്കന്മാരും എന്ന് ധരിക്കരുത്. താഴെയുള്ളതും വായിക്കുക.
രാജുവിന്റെയും രജനിയുടെയും വിവാഹരാത്രി. നമുക്ക് ഇത് വരെയുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയാം എന്ന് രാജു രജനിയോട്‌ പറഞ്ഞു.
അത് വേണ്ട ചേട്ടാ പിന്നീട് പ്രശ്നമാകും എന്ന് രജനി പലവട്ടം പറഞ്ഞു. ഞാൻ എന്റെ കാര്യം പറയാം എന്ന് രാജു പറഞ്ഞിട്ട് തുടർന്നു 'ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ വെച്ച് കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു വൃത്തികെട്ട സ്ത്രീയുമായി ഒരു പ്രാവശ്യം........പിന്നീട് ഇത് വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല'.
'അത് സാരമില്ല ചേട്ടാ'. എന്നാണ് രജനി പറഞ്ഞത്
'ഇനി നിന്റെ കോളേജിലെ കാര്യം പറയൂ'
'ഞാൻ ആരെയും പ്രേമിച്ചിട്ടില്ല' രജനിയുടെ മറുപടി
'ആരെങ്കിലും നിന്നെ പ്രേമിച്ചിട്ടുണ്ടോ?'
' ഇല്ല ചേട്ടാ. പിന്നെ ഞാൻ പഠിച്ചത് ബോട്ടണിയാണല്ലോ. സ്റ്റഡിടൂർ പോയപ്പോൾ ക്ലാസ്സിലെ വിനോദ് ലൗലെറ്റർ ആണെന്നും പറഞ്ഞു ഒരു കടലാസ് തന്നു. ഞാനത് വായിച്ചു പോലും നോക്കാതെ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു'
രണ്ടു വർഷത്തിനു ശേഷം രജനി കുട്ടിക്ക് പാൽകൊടുത്തു പതുക്കെ മയങ്ങിപ്പോയി. പുറത്തു പോയ രാജു തിരിച്ചു വന്നത് അവൾ അറിഞ്ഞില്ല.
ദേഷ്യം വന്ന് രാജു ചോദിച്ചു 'നീ എന്താലോചിച്ചാണ് കിടക്കുന്നത്? വിനോദിനെ ആലോചിച്ചു കിടന്നതാവും അല്ലെ? പിന്നെ ഞാൻ വന്നത് അറിയില്ലല്ലോ?'
രാജു പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
<<ശേഷം ഉണ്ടായത് എന്തായിരിക്കുമെന്ന് എന്റെ പ്രിയപ്പെട്ട വായനക്കാർ അവരുടെ മനോധർമമനുസരിച്ച് സങ്കൽപ്പിക്കുക. ഒക്കുമെങ്കിൽ ഒരു കഥയാക്കി എഴുതുക. അപ്പോൾ നിങ്ങൾക്കും എഴുത്തുകാരനാവാം. ആരും എഴുത്തുകാരനായി ജനിക്കുന്നില്ല എന്ന് മനസ്സിലാക്കുക>>

കടിഞ്ഞൂൽ പ്രണയം (കഥ) - ആദ്യഭാഗം

കടിഞ്ഞൂൽ പ്രണയം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അബൂദാബിയിൽ നിന്നും ഞാൻ ദുബൈ എയർപോർട്ടിലേക്ക് വന്നത് ബഹ്‌റൈൻ രാജകുടുമ്പാംഗത്തെ സ്വീകരിക്കാനാണ്‌. അരമണിക്കൂർ കഴിയണം ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യാൻ. ഞാൻ അറൈവൽ ഭാഗത്തെ ഒരു കസേരയിൽ ഇരിക്കുകയാണ്. എന്റെ എതിർവശത്തിരിക്കുന്ന ഒരു സ്ത്രീ എന്നെ ചൂണ്ടി അടുത്തുള്ള ആളോട് എന്തോ പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടാളും എന്റെ അടുത്ത് വന്നു. ഞാൻ എഴുനേറ്റ് രണ്ടു പേർക്കും ഹസ്തദാനം ചെയ്തു. അവർ എന്റെ അടുത്ത സീറ്റുകളിൽ ഇരുന്നു. എനിക്കവരെ മനസ്സിലായില്ല. എന്റെ ജിജ്ഞാസക്ക് അധികസമയം വേണ്ടി വന്നില്ല. ജബ്ബാർക്കയല്ലേ എന്നവർ എന്നോട് ചോദിച്ചതിന്നു അതെ എന്ന് മറുപടി കൊടുത്തപ്പോൾ അവർ സ്വയം പരിജയപ്പെടുത്തി. എന്റെ പേര് സലിം. ഇത് എന്റെ ഭാര്യ സക്കീന, ജബ്ബാർക്കാടെ നാട്ടുകാരിയാണ്. അവർ അങ്ങിനെ പറഞ്ഞിട്ടും എനിക്ക് സക്കീനയെ മനസ്സിലായില്ല. എന്റെ അവസ്ഥ കണ്ടപ്പോൾ സക്കീന പറഞ്ഞു. ഞാനും ജബ്ബാർക്കയും മദ്രസയിൽ ഒന്നിച്ച് ഓത്ത് പഠിച്ചിട്ടുണ്ട്.
ഇപ്പോൾ എനിക്ക് സക്കീനയെ മനസ്സിലായി. ഞങ്ങളുടെ മദ്രസയിലും ഞങ്ങൾ പഠിച്ചു കൊണ്ടിരുന്ന ഹൈസ്കൂളിലും വല്ലാത്ത നാണംകുണുങ്ങിയായിരുന്നു സക്കീന. അന്ന് ഞങ്ങളുടെ മദ്രസയിൽ സമസ്തയുടെ മൂന്നാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മൂന്നാം ക്ലാസ് പാസായി. ഇനി എന്ത് ചെയ്യും. മുസലിയാർ ഒരു ഉപകാരം ചെയ്തു തന്നു. മൂന്നാം ക്ലാസ്സിൽ തന്നെയിരുത്തി എന്നെ നാലാം ക്ലാസ് (കിത്താബ്) പഠിപ്പിച്ചു തന്നു. മുസലിയാർ ചെയ്തു തന്നതിന്ന് മറ്റൊരു കാര്യം കൂടിയുണ്ട്. ഒന്നാം ക്ലാസ്സിലെ മുക്രിക്ക വ്യാഴാഴ്ച്ച അരിപ്പിരിവിന്നു പോകുമ്പോൾ ക്ലാസ്സ് എടുക്കുന്നത് ഞാനാണ്. അലിഫിന് പുള്ളീല്ല, ബാക്കും കീഴേയൊരു പുള്ളി, താക്കുമ്മെലെ രണ്ടു പുള്ളി എന്ന് കുട്ടികളെ പഠിപ്പിക്കുക, സ്ത്രീകളിൽ നിന്നും വെള്ളം മന്തിരിച്ചൂതാൻ വെള്ളവും പിഞ്ഞാണം എഴുതാൻ അതും വാങ്ങി കൊണ്ട് വരികയും കൊടുക്കുകയും ചെയ്യുക.
'ഇക്ക പഴയകാലം ഓർക്കുകയാവും അല്ലെ?' സക്കീനയാണത് ചോദിച്ചത്. അത് കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്.
'അല്ല ഞാൻ ഫ്ലൈറ്റ് ടൈം ബോർഡിൽ നോക്കുകയായിരുന്നു'. ഞാനൊരു നുണ പറഞ്ഞു.
'ആട്ടെ.സലിം എന്ത് ചെയ്യുന്നു?' ഞാൻ ചോദിച്ചു
'ഒരു ഷോപ്പിൽ സൈൽസ്മാനാണ്'
'എവിടെ താമസിക്കുന്നു?'
'ഷാർജ കുവൈറ്റ്‌ ഹോസ്പിറ്റന്നടുത്താണ്. എന്റെ ഒരു ബന്ധക്കാരൻ വരുന്നുണ്ട് അതിന്നാണ് ഞാൻ വന്നത്. ഇക്ക അബൂദാബിയിലല്ലേ?'
'അതെ. ഞാനൊരു ബഹ്‌റൈൻ രാജകുടുംബാങ്ങത്തെ റിസീവ് ചെയ്യാൻ വന്നതാണ്.'
ഫ്ലൈറ്റ് ലാൻഡ്‌ ചെയ്തു എന്ന എനൗണ്സ്മെ ന്റ് വന്നു. ഞങ്ങൾ പരസ്പരം ഫോണ്‍ നമ്പറുകൾ കൈമാറി. ഞാൻ VIP ലൗഞ്ച് വഴി ഫ്ലൈറ്റിന്നടുത്തെക്കു ചെന്നു.
ഷൈഖിനെ സ്വീകരിച്ച് ഹോട്ടെലിലേക്ക് പോകാൻ വാഹനം അറേഞ്ച് ചെയ്തു.
ഞാൻ വീണ്ടും അബൂദാബിയിലേക്ക് തനിയെ ഡ്രൈവ് ചെയ്ത് പോകുകയായിരുന്നു. അപ്പോഴാണ്‌ സക്കീനയുടെ മറന്നു കിടന്ന ഓർമ്മകൾ പുനർജനിച്ചത്.
സക്കീനാട് എനിക്ക് പ്രേമമായിരുന്നോ ഉണ്ടായിരുന്നത് അതോ ഇഷ്ടമായിരുന്നോ എന്നെനിക്കറിയില്ല. എന്തായാലും മദ്രസയിൽ വെച്ചും സ്കൂളിൽ വെച്ചും അവളോടുള്ള ഇഷ്ടം പറയാൻ ഒരുങ്ങി അവളുടെ അടുത്തെത്തും. പക്ഷെ പറയാൻ കഴിഞ്ഞില്ല.
ഞങ്ങളുടെ നാട്ടിൽ ഒരു ഓലമേഞ്ഞ സിനിമകൊട്ടകയുണ്ട്. സ്ക്രീനിന്റെ മുമ്പിൽ തറ, അതിന്റെ പിന്നിൽ ബെഞ്ച്‌, അതിന്റെ പിന്നിൽ കസേരയും. ഒരു ദിവസം ആ കൊട്ടകയിൽ മാറ്റിനി കാണാൻ ഞാൻ പോയി. കുഗ്രാമം ആയതു കൊണ്ടും മാറ്റിനി ആയതു കൊണ്ടും വിരലിലെണ്ണാവുന്ന പ്രേക്ഷകരേയുള്ളൂ. പടം തുടങ്ങുന്നതിനു മുമ്പ് എല്ലായിടത്തും നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ സക്കീന ബെഞ്ചിൽ ഇരിക്കുന്നു. തട്ടമിട്ടത് വീഴാതിരിക്കാൻ രണ്ടു സ്ലൈഡ് കുത്തി മൊഞ്ചത്തിയായ എന്റെ സക്കീന.
സിനിമ തുടങ്ങി. എന്റെ നോട്ടം സ്ക്രീനിലാണെങ്കിലും മനസ്സ് സക്കീനയുടെ അടുത്താണ്.
ഇന്റർവെൽ സമയത്ത് കപ്പലണ്ടി പാട്ട് പുസ്തകം എന്ന് പറഞ്ഞു ഒരു പയ്യൻ (ഞാനും ഒരു പയ്യാനായിരുന്നു അന്ന്) നടക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ ഒരു ചിന്ത വന്നു. ഞാനാ പയ്യന്റെ കയ്യിൽ രണ്ടണ കൊടുത്ത് രണ്ടു പൊതി കപ്പലണ്ടി ആവശ്യപ്പെട്ടു. അതിൽ നിന്നും ഒരു പൊതി സക്കീനാക്ക് കൊടുക്കാൻ ആ പയ്യനോട് പറഞ്ഞു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇരിപ്പിടങ്ങൾ തമ്മിൽ വേർതിരിക്കാനുള്ള മുള ചാടി കടന്ന് അവൻ സക്കീനാക്ക് കപ്പലണ്ടി പൊതി കൊടുത്തു. സന്തോഷത്തോടെ ഞാൻ നോക്കുമ്പോൾ കണ്ട രംഗം വേദനിപ്പിക്കുന്നതായിരുന്നു. അവൾ ആ കപ്പലണ്ടിപൊതി വാങ്ങിയില്ല. എനിക്ക് ദു:ഖവും പേടിയും തോന്നി. അവൾ വാങ്ങാതിരുന്ന, എന്റെ ഇഷ്ടം പൊളിയുമെന്നുള്ള ദു:ഖം ഒരിടത്ത്. ഉപ്പ അറിഞ്ഞാൽ ഉപ്പാടെ കയ്യിൽ നിന്നും കിട്ടുന്ന ചൂരൽകഷായത്തിന്റെ പേടി മറ്റൊരിടത്ത്. ഉപ്പാക്ക് ഞാനും മറ്റു രണ്ട് പെണ്കുിട്ടികളും മാത്രം. ഇന്റെർവെല്ലിന്നു ശേഷമുള്ള സിനിമ ഞാൻ ആസ്വദിക്കുന്നില്ല.
ദൈവം എന്റെ പ്രാർത്ഥന കേട്ടു. ഉപ്പാക്ക് കയ്യിന്മേലുള്ള ഒരു അരിമ്പാറ മുറിച്ചു കളയാൻ പട്ടണത്തിലെ ആശുപത്രിയിൽ പോയി അവിടെ അഡ്മിറ്റ്‌ ആയി. ഉപ്പാക്ക് അസുഖം വന്നതിന്ന് സന്തോഷിച്ച ഒരു ദിവസമായിരുന്നു അന്ന്. പക്ഷെ ഉപ്പ ഒരിക്കലും കപ്പലണ്ടി വിഷയം അറിഞ്ഞതേയില്ല.
എന്റെ മൊബൈൽ ബെല്ലടിച്ചു. ഞാൻ അറ്റൻഡ് ചെയ്തു.
'യാ ജബ്ബാർ ഇന്ത വൊഇൻ (ജബ്ബാറെ നീ എവിടെയാണ്?) ബോസ് ഷൈഖ് ആണ് ചോദിക്കുന്നത്.
'അന അൽഹീൻ ഫിൽസമഹ യാ തവീൽ ഉമ്രുക്കു' ഞാനിപ്പോൾ സംഹയിലെത്തി എന്നറിയീച്ചു. കൂടുതലൊന്നും ചോദിച്ചില്ല.
ഞാൻ വീണ്ടും പഴയ കാലത്തേക്ക് പോയി.
ശേഷം ഞാൻ ഗൾഫിലേക്ക് പോന്നു. സക്കീനയെ നിനക്കിഷ്ടമാണോ എന്ന് ഉപ്പ ചോദിച്ചതായി എന്റെ സുഹൃത്ത് പറഞ്ഞു. അതിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി. ഉപ്പ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.
പിന്നീട് ഞാൻ സാറയെ വിവാഹം കഴിച്ചു. എത്രയോ വർഷങ്ങൾക്കു ശേഷമാണ് എന്റെ സക്കീനയെ ഞാൻ കാണുന്നത്.

പിന്നെ ഇടയ്ക്കിടെ സലീം എനിക്ക് ഫോണ്‍ ചെയ്യാറുണ്ട്. ജോലി തിരക്ക് കാരണം ചുരുക്കം മാത്രം ഞാൻ അങ്ങോട്ട്‌ വിളിക്കാറുള്ളൂ. എന്റെ ഭാര്യ സാറയും സക്കീനയുമായി ഫോണിലൂടെ സംസാരിക്കാറുണ്ട്. സക്കീന ഗർഭിണിയായെന്നും അറിയാൻ കഴിഞ്ഞു.

വർഷം ഒന്ന് കഴിഞ്ഞു. എനിക്ക് സലീമിന്റെ ഫോണ്‍ വന്നു. അവൻ വിതുമ്പുന്നുണ്ടായിരുന്നു. ഒരു വിധം അവൻ പറഞ്ഞു. 'ഇക്ക എനിക്ക് ഇക്കാനെ ഒന്ന് കണ്ടു സംസാരിക്കണം'
'എന്താ സംഭവം സലീമേ?' ഞാൻ ആകാംഷയോടെ ചോദിച്ചു.
അത് നേരിൽ പറയാം എന്ന് പറഞ്ഞു അവൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
എന്തായിരിക്കും അവന്റെ പ്രശ്നമെന്ന് ഞാൻ ചിന്തിച്ചു. അവന്റെ വരവ് പ്രതീക്ഷിച്ചു നിന്നു

>>>>>> ശേഷം അടുത്ത ഭാഗത്തിൽ അവസാനിക്കും

Monday 25 January 2016

അജ്ഞാതസാഹായഹസ്തം (കഥ)

അജ്ഞാതസാഹായഹസ്തം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

(അനേക വർഷങ്ങളായി ആദ്യമൊക്കെ മാസികകളിലും പിന്നെ ഫേസ്ബുക്കിലും എഴുതിയിട്ടുള്ള നൂറോളം കഥകൾക്ക് ഞാൻ തന്നെയാണ് ക്ലൈമാക്സ്‌ എഴുതാറ്. എന്നാൽ ആദ്യമായി ഈ കഥയ്ക്ക് ഞാൻ ക്ലൈമാക്സ്‌ എഴുതാതെ പകരം രണ്ടു ഓപ്ഷൻ എഴുതുന്നു. മാന്യവായനക്കാർ അതിൽ നിന്ന് ഒരെണ്ണം എടുത്തെഴുതുക - നിങ്ങളുടെ ഷെരീഫുക്ക)

ആകസ്മികമായി എന്റെ ഭർത്താവിന്റെ അപകടമരണത്തിന് ശേഷം പലപ്പോഴും ആൽമഹത്യ ചെയ്യാൻ തോന്നുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ദൈവം തന്ന ജീവൻ തിരിച്ചെടുക്കാനുള്ള അവകാശം ദൈവത്തിന് മാത്രമേയുള്ളൂവെന്നും അല്ലാത്തപക്ഷം ആൽമഹത്യ ചെയ്‌താൽ സ്ഥിരമായി നരകത്തിലേക്കായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. നടന്നു വന്നിരുന്ന ഭർത്താവിന്റെ ദേഹത്ത് വളരെ വേഗതയിൽ വന്ന ഒരു കാറിടിച്ചു. അപ്പോൾ തന്നെ എല്ലാം കഴിഞ്ഞു. അഞ്ചു വയസ്സായ അലെക്സിനെ എന്നെ ഏൽപ്പിച്ചു സ്റ്റീഫൻ ചേട്ടൻ അന്ത്യകൂദാശകളെല്ലാം കൈകൊണ്ട് കർത്താവിലെക്കു യാത്രയായി. വണ്ടി ഓടിച്ചിരുന്ന ആൾക്ക് ലൈസെൻസ് ഇല്ലാതിരുന്നത് കൊണ്ടും മദ്യപിച്ചു വാഹനം ഓടിച്ചത് കൊണ്ടും ഇൻഷൂരൻസ് കിട്ടിയില്ല.
'മേരിയുടെ വീടല്ലേ?' പുറത്ത് നിന്നാരോ ചോദിക്കുന്നത് കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.
'ഒരു മണിയോർഡർ ഉണ്ട്'. പോസ്റ്റ്‌മാൻ പറഞ്ഞിടത്ത് ഒപ്പിട്ട് സംഖ്യ കൈപ്പറ്റി. അയക്കുന്ന ആളുടെ വിലാസം നോക്കി. അത് യഥാർത്ഥമല്ലെന്ന് എനിക്കറിയാം. ചേട്ടൻ മരണപ്പെട്ട മാസം മുതൽ ഒരു മാസത്തെ ചിലവിനുള്ള പൈസ അയച്ചു തരുന്നു, എല്ലാ മാസവും. ആദ്യം മലപ്പുറം വളാഞ്ചേരിയിൽ നിന്നും ഒരു കാദെർ ആയിരുന്നു പണം അയച്ചത്. ആ പണം തിരിച്ചയച്ചു. പക്ഷെ, അങ്ങിനെ ഒരു അഡ്രസ്‌കാരൻ ഇല്ലെന്ന് പറഞ്ഞു തുക മടക്കി. പിന്നെ തൃശ്ശൂർ തൃപ്രയാറിൽ നിന്നും ഒരു കൃഷ്ണൻകുട്ടി, കോട്ടയം പാലയിൽ നിന്നും ഒരു ജോസ്. അതൊക്കെ തന്നെ ഇത് പോലെ തിരിച്ചയച്ചെങ്കിലും അഡ്രസ്‌കാരൻ ഇല്ലെന്നു പറഞ്ഞ് തിരിച്ചു വന്നു. പള്ളിയിലെ അച്ചന്റെ ഉപദേശപ്രകാരം പിന്നെ വരുന്ന പൈസകൾ തിരിച്ചയക്കാതെയായി.
മകനെ സ്കൂളിൽ ചേർക്കേണ്ട സമയമായി. പച്ചമാങ്ങ വേഗം പഴുക്കാനായി തല്ലിപ്പഴുപ്പിച്ചാൽ അതിന്റെ സ്വാദ് കുറയുമല്ലോ? അത് പോലെ സൊസൈറ്റിയിൽ ഗമ കാണിക്കാൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർക്കുന്ന ഒരു പ്രവണത കാണാറുണ്ട്‌. എന്നാൽ നല്ല സമർത്ഥരായ കുട്ടികളെ അങ്ങിനെ ചേർക്കുന്നതിൽ തെറ്റില്ല, ചേർക്കണമെന്നാണ് എന്റെ അഭിപ്രായം.
എന്റെ മകനുമായി അച്ഛൻ സംസാരിച്ചു. അവനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കുന്ന കാര്യം നോക്കണമെന്ന് എന്നോട് ഉപദേശിക്കുകയും ചെയ്തു.
' അച്ചോ.. അതിന് ഒരു പാട് പണച്ചിലവ് ഇല്ലേ?' ഞാനെന്റെ സംശയം പ്രകടിപ്പിച്ചു.
'മകളേ..... കേട്ടിട്ടില്ലേ... ആകാശത്തിലെ പറവകൾ കൊയ്യുന്നില്ല, വിതക്കുന്നില്ല എന്ന്..' ഇത് പറഞ്ഞു അച്ഛൻ മേടയിലേക്ക് പോയി.
വരുന്നിടത്ത് കാണാം എന്ന് കരുതി മകനെയും കൊണ്ട് സ്കൂളിലേക്ക് ചെന്നു. കയ്യിലുണ്ടായിരുന്ന വള പണയം വെച്ച് ആ പണം കരുതിയാണ് ചെന്നത്.
എല്ലാ പണികളും തീർത്ത് പണമടക്കാനായി കാഷ് കൌണ്ടറിൽ ചെന്നു. കണക്ക് പറഞ്ഞ സംഖ്യ കൊടുക്കാൻ തുനിഞ്ഞപ്പോൾ ആ പണം അഞ്ചു മിനിറ്റ് മുമ്പ് ഒരാൾ അടച്ചു എന്നാണ് കേഷ്യർ പറഞ്ഞത്. ഇതെന്തൊരു മറിമായം എന്ന് ഞാൻ ആലോചിച്ചു. അപ്പോൾ ആ കേഷ്യർ തുടർന്ന് പറഞ്ഞു..'മാഡം, നിങ്ങളുടെ മകന്റെ ഒരു വർഷത്തെ ഫീസും മറ്റെല്ലാ ചിലവുകളും അഡ്വാൻസായി അടച്ചത് ഒരു രവി മേനോനാണ്. ഞാൻ ആ രവി മേനോന്റെ ഫോൺ നമ്പർ വാങ്ങി ഫോൺ ചെയ്തു. അങ്ങിനെ ഒരു നമ്പർ ഇല്ലെന്നായിരുന്നു കമ്പ്യൂട്ടർ മറുപടി തന്നത്.
വർഷങ്ങൾ കഴിഞ്ഞു. മകൻ നല്ല മാർക്കോടെ പാസ്സായി. ഇന്നവൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. എല്ലാ വർഷത്തേക്കുള്ള ഫീസുകളും ചിലവുകളും ആരോ അടക്കുന്നു. എന്റെ സ്റ്റീഫെൻ ചേട്ടൻ മരിച്ചത് മുതൽ എല്ലാ മാസവും വീട്ടുചിലവിനായി ആരൊക്കെയോ പൈസ അയക്കുന്നു. ആദ്യമൊക്കെ ആ വ്യക്തികളെ കണ്ടു പിടിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ.. പിന്നീട് ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്മാറി.
ഒരു ദിവസം പനിച്ചു കൊണ്ടാണ് അലക്സ്‌ മോൻ സ്കൂളിൽ നിന്നും വന്നത്. എത്രയും പെട്ടെന്ന് അടുത്തുള്ള ഒരാശുപത്രിയിൽ കൊണ്ട് പോയി. ഉടനെ മറ്റൊരു ആശുപത്രിയിൽ കൊണ്ട് പോകാൻ റെഫർ ചെയ്തു. എന്തൊക്കെ പരീക്ഷണമാണ് ദൈവമേ എന്ന് ഞാൻ ആലോചിച്ചു.
ആ വലിയ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നു. മകനെ കാണാൻ അച്ഛൻ വന്നു.
'അച്ചോ ഈശോമിശിയാക്ക് സ്തുതിയായിരിക്കട്ടെ'. ഞാൻ അഭിവാദ്യം ചെയ്തു.
'എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..' അച്ഛൻ പ്രത്യാഭിവാദ്യം ചെയ്തു.
ഞാൻ കരഞ്ഞു കൊണ്ട് അച്ഛനോട് പറഞ്ഞു..'അച്ചോ.....' ഞാൻ പറയുന്നത് മുഴുമിപ്പിക്കുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞു. 'മോളേ, നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്കറിയാം... പൈസയെപ്പറ്റിയല്ലേ? അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് അത്താഴം കൊടുത്ത ഈശോമിശിഹാ ഒരു വഴികാണിക്കും മകളെ' എന്നും പറഞ്ഞു അച്ചൻ ഡോക്ടറെ കാണാൻ പോയി.
ഒരാഴ്ച്ചകൊണ്ട് മകന്റെ അസുഖമെല്ലാം മാറി. ബില്ലടക്കാൻ ചെന്നപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ ആരോ കുറച്ചു മുമ്പ് അടച്ചു കഴിഞ്ഞു എന്ന മറുപടിയാണ് കിട്ടിയത്. പഴയപോലെ അതാരാണെന്ന് ഞാൻ അന്വേഷിക്കാൻ പോയില്ല.
ഇന്ന് നവംബർ രണ്ട്. എല്ലാ വർഷത്തേയും പോലെ ഇന്നും ചേട്ടന്റെ കല്ലറയിലേക്ക് പോയി. ഇന്നാണ് മരിച്ചവരോടുള്ള ഓർമദിനം. ഞാൻ കല്ലറയിലേക്ക് ചെല്ലുമ്പോൾ ഒരാൾ അവിടെ നിന്നും പോകുന്നത് കണ്ടു. ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. കല്ലറയിൽ കണ്ട മനുഷ്യൻ അച്ഛനുമായി സംസാരിക്കുന്നത് കണ്ടു. ഞാൻ മാറി നിന്നു.
'അച്ചോ, ലൈസെൻസില്ലാതെ മദ്യപിച്ചു വണ്ടി ഓടിച്ചത് കൊണ്ടാണല്ലോ ആ അപകടം ഉണ്ടായത്. അതിനെ എന്നെ കോടതി തടവിന് ശിക്ഷിച്ചു. പക്ഷെ, ആ കുടുംബത്തിന് എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. ഞാനാണച്ചോ പല പേരുകളിൽ പൈസ അയച്ചു കൊണ്ടിരുന്നത്. എന്റെ പേര് സൈമൺ എന്നാണു.'
അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഇടയിൽ കയറി അച്ഛൻ പറഞ്ഞു. 'അതെനിക്കറിയാം. നീ ആശുപത്രിയിൽ ബില്ലടക്കുന്നത് ഞാൻ കണ്ടു.'
'ഞാനൊരു കാര്യം പറയാനും ഉപദേശം തെടാനുമാണ്‌ അച്ഛന്റെ അടുത്ത് വന്നത്'.
'പറയൂ കേൾക്കട്ടെ'. അച്ഛന്റെ സംസാരത്തിൽ ഒരു മിതത്വം. വിവരം അറിയാൻ ഞാൻ കാത്കൂർപ്പിച്ചു നിന്നു.
'ഞാൻ ഒന്നും ഉദ്യേശിച്ചല്ല ഇത് ചെയ്തത്. പക്ഷെ ആ സ്ത്രീയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കയ്യബദ്ധം കൊണ്ടുണ്ടായ തെറ്റ് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതോടെ മദ്യം കഴിക്കൽ നിറുത്തി അച്ചോ. ഞാനിത് വരെ വിവാഹം കഴിച്ചിട്ടില്ല.' അദ്ദേഹം പറഞ്ഞു നിറുത്തി.
'മദ്യമാണ് ഇതൊക്കെ ഉണ്ടാവാൻ കാരണം അല്ലെ?' ഇതായിരുന്നു അച്ഛന്റെ മറുപടി. എന്നിട്ട് അച്ചൻ തുടർന്നു. 'സൈമൺ ഇപ്പോൾ പോവുക. മേരി ഇന്ന് പള്ളിയിലേക്ക് വരാൻ ചാൻസ് ഉണ്ട്. ഞാൻ അവളുമായി സംസാരിക്കട്ടെ.'
അദ്ദേഹം പുറത്തേക്ക് വരുന്നു എന്ന് മനസ്സിലായപ്പോൾ ആ മനുഷ്യൻ കാണാതിരിക്കാൻ ഞാൻ മാറി നിന്നു. അയാൾ പോയപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.
'മേരി, ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഇപ്പോൾ ഉദേശിക്കുന്നത്. നിനക്ക് ചിലവിന് പൈസ പല പേരുകളിൽ അയച്ചു തന്നതും മറ്റു ചിലവുകളും അയച്ചു തന്നതും സ്റ്റീഫെന്റെ മരണത്തിന് കാരണക്കാരനായ സൈമൺ എന്നയാളാണ്‌. ഒന്നും ഉദ്യേശിച്ചല്ല അയാൾ ഇത് ചെയ്തത്. ഇപ്പോൾ നിന്നെ വിവാഹം കഴിക്കാൻ സൈമൺ ആഗ്രഹിക്കുന്നു. അയാൾ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. നീ വിവാഹത്തിന് സമ്മതിച്ചാലും ഇല്ലെങ്കിലും അവൻ നിന്റെ കുടുംബത്തെ നോക്കും'. അച്ചൻ പറഞ്ഞുനിറുത്തി.
'എനിക്കൊന്നും ആലോചിക്കാനില്ല. ഇപ്പോൾ തന്നെ മറുപടി പറയാം. അച്ചോ..................................................'
----------------------------------------------------------
മേരിയുടെ മറുപടി പ്രിയപ്പെട്ട എന്റെ വായനക്കാർ പൂരിപ്പിക്കുക.
1. അച്ചോ.. എന്തൊക്കെ പറഞ്ഞാലും എന്റെ സ്റ്റീഫൻ ചേട്ടന്റെ മരണത്തിന് കാരണക്കാരനായ എന്നെ ചെറുപ്പത്തിലെ വിധവയാക്കിയ അയാളുമായി ഒരു ബന്ധം വേണ്ട. എനിക്കയാളെ വെറുപ്പാണ്.
2. അച്ചോ.. മദ്യത്തിന്റെ അടിമത്തത്തിന് വഴിയായി അയാൾക്ക്‌ വന്ന ഒരു കയ്യബദ്ധം അല്ലെ? അത് മാത്രമല്ല, അയാൾ മദ്യം ഉപേക്ഷിച്ചു. ഒന്നും ഉദ്ദേശിക്കാതെ ഞങ്ങൾക്ക് ചിലവിന് തന്നു. എനിക്ക് സമ്മതമാണ്.

Sunday 10 January 2016

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 5

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം)  - ഭാഗം 5   
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

          <<<< കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച......

ഇന്നൊരു പകൽ കൂടിയേ ഖത്തറിൽ എന്റെ മകനോടും മരുമകളോടും കൊച്ചുമക്കളോടും കൂടെ ഞാനും ഭാര്യയും ഉണ്ടാവുകയുള്ളൂ. ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. എന്റെ കൊച്ചു മക്കളുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി. "പപ്പ നാട്ടിലേക്ക് പോകണ്ട..'. ശ്രീനിവാസൻ പറയീപ്പിച്ച പോലെ ഞാൻ പറയീപ്പിച്ചതല്ല. അത്രകണ്ടു ഞാൻ അവരുമായി ഇഴുകിചേർന്നിരിക്കുന്നു., അവരുടെ സുരക്ഷിതക്കാരനായി, കൂട്ടുകാരനായി എല്ലാം. ഇന്ത്യയും ഖത്തറും തമ്മിലുള്ള ദൂരമോ മറ്റോ അറിഞ്ഞിട്ടല്ല അവർ അത് പറഞ്ഞതെന്ന് എനിക്കറിയാം. അവരെ വിട്ട് എവിടെ പോകുന്നതും അവർക്ക് സഹിക്കാവുന്നതിലപ്പുറമാണ്. സാരമില്ല മക്കളെ, പപ്പാക്ക് ആയുസ്സുണ്ടെങ്കിൽ ഇനിയും വരാമല്ലോ? ഇനി തിരിച്ചു വരാത്ത ഒരു യാത്രയില്ലേ? സ്നേഹം കൂടുമ്പോഴാണ് വിരഹവേദനയുടെ സാന്ദ്രത കൂടുന്നത്.
അറേബ്യഭൂഖണ്ഡം മൊത്തമായി ഒരു കൈപത്തിയായി കരുതുകയാണെങ്കിൽ അതിലെ ഒരു തള്ള വിരൽ പോലെയാണ് ഖത്തറിന്റെ രൂപം. അല്ലെങ്കിലും തള്ളവിരലാണല്ലോ കൈപ്പത്തിയുടെ പ്രധാനഭാഗം. കുവൈറ്റ്‌ യുദ്ധസമയത്താണ് CNN ചാനെൽ ജനശ്രദ്ധ ആകർഷിച്ചത്. അതെ സമയം നെഞ്ഞൂക്കോടെ ഖത്തർ ഒരു ചാനെൽ തുടങ്ങി. അൽജസീറ ചാനെൽ. അത് പല രാജ്യക്കാർക്കും കണ്ണിലെ കരടായി മാറിയെന്നത് പിൽക്കാല ചരിത്രം. ആളോഹരി വരുമാനത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഖത്തർ.
ഇന്ന് ഉച്ചയൂണിനു മകന്റെ ഭാര്യ സഹോദരിയുടെ ക്ഷണമുണ്ട്. സംസാരതിന്നിടക്ക് ആ സഹോദരി മകന്റെ ഭാര്യയോട് ചോദിച്ചു.. മക്കൾ പാപ്പയായി അടുത്തോ എന്ന്. "ഇതെന്തൊരു ചോദ്യം. അവർക്ക് ഇപ്പോൾ ഞങ്ങളെ ആരെയും വേണ്ട. പാപ്പാനെ മതി" എന്ന് അവൾ പറയുകയും ഞാനും കൊച്ചുമക്കളുമായുള്ള ഫോട്ടോ തെളിവിന്‌ കാണിച്ചു കൊടുക്കുകയും ചെയ്തു. അവർ (ഷെബീർ) നൽകിയ ഭക്ഷണത്തിനും സ്നേഹവായ്പ്പിനും ഞാനും ഭാര്യയും എന്നും ഓർമയിൽ സൂക്ഷിക്കും.
നേർച്ച വേണമല്ലോ? നേരെ വിട്ടു... മറ്റൊരു മാളിലേക്ക്... സഫാരി മാൾ. അതൊരു മലയാളിയുടെ സ്വന്തം സംരംഭമാണെന്ന് അറിഞ്ഞു. അവിടെ ചെന്നപ്പോൾ എക്സ്ച്ചെഞ്ചുകളിൽ നീണ്ട നിര. എല്ലാവരും ഇന്ത്യക്കാരാണ്. അതിൽ മഹാ ഭൂരിപക്ഷം പേരും മലയാളികൾ. അവരിൽ ചിലരുമായി ഞാൻ പരിചയപ്പെട്ടു, ഞാൻ അവരിൽ ഒരാളായി. അവരെല്ലാം ലേബർ കാമ്പുകളിലുള്ളവരാണ്. ശമ്പളം കിട്ടിയതയക്കാൻ റിയാൽ ലാഭം നോക്കി നടന്ന് വന്നവർ. അവരുടെ നാട്ടിലുള്ളവർ ആ പണം വാങ്ങാൻ നൂറുകൾ നാട്ടിൽ മുടക്കുന്നു എന്ന് ഫേസ് ബുക്കിൽ വായിച്ചത് ഞാൻ ഓർക്കുന്നു.
ഞാൻ ചില രചനകൾ എഴുതാറുണ്ടെന്നറിഞ്ഞപ്പോൾ അവരിൽ ഒരാൾ എന്നോട് പറഞ്ഞു, അവരുടെ ദു:ഖ കഥ എഴുതണമെന്ന്. മന്ത്രിമാരും രാഷ്ട്രീയ-മത നേതാക്കന്മാരും വരുമ്പോൾ വമ്പന്മാരുടെ അടുത്ത് മാത്രം പോകുന്നതിനെയും മറ്റും. ഞാൻ ഇത് ഒരു പാട് തവണ പ്രവാസികളുടെ വേദനകൾ എഴുതിയിട്ടുണ്ടെന്നും ഇനിയും എഴുതാമെന്നും അവർക്ക് വാക്ക് കൊടുത്തു. ഞാനും ഇത്രക്കില്ലെങ്കിലും കുറച്ചൊക്കെ അനുഭവിച്ചിട്ടുണ്ടല്ലോ? അത് കൊണ്ടാണല്ലോ ഞാനൊരു പ്രവാസി എഴുത്തുകാരനായത്.
മകന്റെയും അവന്റെ ഭാര്യ ഷെറീനയുടെയും കൊച്ചു മക്കളുടെയും മുഖത്ത് മ്ലാനത. രാത്രി എന്നെ കാണാൻ ഒരു സുഹൃത്ത് വന്നു. ഫേസ്ബൂക്കിലൂടെ സൗഹൃദം ഊട്ടിയുറപ്പിച്ച കാദർ (കാദർ ഫിൽഫില). ദോഹയിൽ ഒരു പാട് സാംസ്കാരിക മണ്ഡലങ്ങളിലെ നിറശോഭ. പിന്നെ എന്റെ ബന്ധുവായ ജബ്ബാറും. സൌഹൃദത്തിന്റെയും ബന്ധത്തിന്റെയും ഊഷ്മളമായ നിമിഷങ്ങൾ.
തണുത്ത കാലാവസ്ഥയായത് കൊണ്ട് സ്കിൻ ഡ്രൈയാവാതിരിക്കാൻ ഞാൻ വാസെലിൻ പുരട്ടാറുണ്ടായിരുന്നു. പെട്ടിയിൽ സാധനങ്ങൾ വെക്കുമ്പോൾ കൊച്ചുമക്കളിൽ ഇളയവളായ ചെഞ്ചു പറഞ്ഞ വാക്കുകൾ - 'പപ്പാ ഈ വാസെലിൻ പപ്പ കൊണ്ട് പൊയ്ക്കോ. പപ്പാക്ക് പുരട്ടാമല്ലോ?' എന്‍റെ കണ്ണിലൊരു നനവ്‌. ഏഴു ദിവസം എത്ര പെട്ടെന്നാണ് പോയത്. ഒരാഴ്ച്ച പോയ വേഗതയിലാണ്ഏഴ് ദിവസം പോയത്. മകന്റെ മൂത്തമകൾ ചെച്ചു പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്ക് മനസ്സില്‍ നിന്ന് മായുന്നില്ല. "പപ്പാടേം സൂറുമ്മാടേം നടുവില്‍ ഉറങ്ങുമ്പോള്‍ നല്ല സുഖം".
കുറച്ചു നേരത്തെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ നല്ലൊരു ചായ കുടിച്ചു. ഖത്തറിലെ ഇപ്രാവശ്യത്തെ ഒടുവിലെ ചായ. ഖത്തര്‍ എയര്‍വെയ്സിന്റെ കൌണ്ടറുകള്‍ ആവശ്യത്തിലധികം. ഖത്തര്‍ എയര്‍വെയ്സിന്റെ സർവീസ് അത്യുത്തമം.
എയർപോർട്ടിലെത്തി മകനും മകന്റെ ഭാര്യയും എന്നോടും സുഹറാടും യാത്ര പറയുന്ന രംഗം ദു:ഖസാന്ദ്രമായിരുന്നു. എയർപോർട്ടിന്റെ ഉൾഭാഗം വൃത്തിയും ഭംഗിയുമുള്ളതായിരുന്നു. ഞങ്ങൾ ഫ്ലൈറ്റിൽ കയറി. ആവശ്യപ്പെട്ടപോലെ വിൻഡോസീറ്റ് കിട്ടി. ഖത്തർ എയർവെയ്സിനെപറ്റി ഒരു സത്യമായ തമാശയുണ്ട്. പൈലറ്റ് വന്നില്ലെങ്കിൽ പോലും കൃത്യസമയത്ത് ടേക്ക്ഓഫ്‌ ചെയ്യും എന്ന്. അതായത് സമയനിഷ്ടയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഖത്തർ എയർവെയ്സ്. (നമ്മുടെ എയർ ഇന്ത്യയെ പോലെ തന്നെ അല്ലെ?) ഫ്ലൈറ്റിന്റെ ഡോറുകൾ അടച്ചു. ഞങ്ങളൊക്കെ സീറ്റ് ബെൽറ്റ്‌ ഇട്ടു. ഫ്ലൈറ്റ് പാർക്കിംഗ് ബേയിൽ നിന്നും ടർമാർക്കിലേക്ക്. അവിടെ രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ടേക്ക് ഓഫ്‌ ചെയ്യാൻ റണ്‍വെയിലേക്ക്. കമ്പ്ലീറ്റ്‌ ത്രസ്റ്റ്‌ ചെയ്ത് സ്മൂത്തായി റണ്‍വേയിലൂടെ ഓടി ടേക്ക് ഓഫ്‌ ചെയ്തു. ദിശമാറാൻ ഫ്ലൈറ്റ് ചെരിച്ചപ്പോൾ ദോഹയുടെ മഞ്ഞവെളിച്ചം നന്നായി കണ്ടു. 'ഷെരീഫുക്ക, ശേരിക്ക് നോക്കിക്കോ' എന്ന് ഫ്ലൈറ്റ് എന്നോട് പറയുന്ന പോലെ തോന്നി. എന്നെയും ഭാര്യയേയും സ്നേഹത്തിൽ ആശ്ലേഷിച്ച എന്റെ മക്കൾ താമസിക്കുന്ന ലക്തയുൾപ്പെടുന്ന ദോഹയോട് എനിക്കൊന്നെ പറയാനുള്ളൂ. ഈ ഫ്ലൈറ്റിൽ എന്റെ ശരീരം മാത്രമേയുള്ളൂ. മനസ്സ് അങ്ങ് ദോഹയിലാണ്. ദൈവം അനുവദിച്ചാൽ ഞങ്ങൾ ഇനിയും ജൂണ്‍ മാസത്തിൽ വരും. അത് വരെ മഅസ്സലാമ.
ഫ്ലൈറ്റ് മുപ്പതിനായിരം അടി ഉയരത്തിലെത്തി. ആകാശവേഗത മണിക്കൂറിന്നു തൊള്ളായിരം കിലോമീറ്റർ. പക്ഷെ, എപ്പോഴും ലാൻഡ്‌ സ്പീഡ് കുറവായിരിക്കും. അത് കൊണ്ടാണ് ഒരേ സെക്ടർ യാത്രക്ക് അങ്ങോട്ടെക്കും തിരിച്ചും യാത്രാസമയത്തിൽ മാറ്റം വരുന്നത്. ഫ്ലൈറ്റിൽ എന്റെ മുന്നിലുള്ള നാവിഗെറ്റർ ഹാങ്ങ്‌ ആയി. വിവരം എയർഹൊസ്റ്റസിനോട് പറഞ്ഞ താമസം അവർ കോക്ക്പിറ്റിൽ ചെന്ന് അത് ക്ലിയർ ആക്കി.
രാവിലെ 8ന് നെടുമ്പാശേരിയിൽ ലാൻഡ്‌ചെയ്തു. ബാവമുസലിയാരുടെ വീട്ടിൽ പോയി. കാറെടുത്ത് നേരെ വീട്ടിലേക്ക്. എല്ലാം സുഖമായതിന് ദൈവത്തിനു നന്ദി.

Friday 8 January 2016

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 4

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം)  - ഭാഗം 4  
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

          <<<< കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച
എന്റെ സഞ്ചാരം തുടരുകയാണ്. ഇന്നും നേർച്ച പോലെ ഒരു മാളിൽ കയറി. ലക്തക്കടുത്തുള്ള ലൂലൂ മാൾ. അവിടെയും നാട്ടുകാരിൽ പലരെയും കണ്ടു. അവരിൽ നിന്നൊരു കാര്യം മനസ്സിലാക്കി. അവരിൽ മിക്കവരുടേയും വീട്ടിൽ അടുപ്പിൽ തീ പുകയുന്നത് (അതൊരു നാടൻ ഭാഷയാണ്.. ഇപ്പോൾ ഗ്യാസ് ആണല്ലോ) യൂസുഫലിയുടെ പുണ്യപ്രവർത്തികൊണ്ടാണെന്ന്. ഫ്രോസൻ ഭാഗത്ത് കുറച്ചു നേരം ഞാൻ നിന്നപ്പോൾ വലിയ തണുപ്പ്. അപ്പോൾ മണിക്കൂറുകൾ അവിടെ നിൽക്കുന്നവരുടെ കാര്യമോർത്ത് എനിക്ക് സങ്കടം തോന്നി. സാരമില്ല പണ്ടൊക്കെ ഈ ഞാനും എന്നെപ്പോലെ പലരും വളരെയധികം മാനസീക, ശാരീരിക, സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഇന്ന് ഞങ്ങളൊക്കെ പട്ടിണി കൂടാതെ ജീവിക്കുന്നത്. അവിടെയുള്ള മലയാളികളെല്ലാം ആൽമാർഥമായി ഞങ്ങളെ സഹായിച്ചു. എന്നാൽ ഫിലിപ്പിനികളുടെ കാര്യം വളരെ മോശമായിരുന്നു. ഞാൻ വാങ്ങിയ ഒരു കാർ ക്ലീനിംഗ് മെഷീന് എത്ര വാറന്റി ഉണ്ടെന്ന് ഒരു ഫിലിപ്പിനിയോട് ചോദിച്ചപ്പോഴത്തെ മറുപടി ഇങ്ങിനെ..'I think may be six months'. പിന്നീട് അവൻ ആരോടോ ഫോണ്‍ ചെയ്തു ശെരിയായ മറുപടി തന്നു.
അവിടെ നിന്ന് ഞങ്ങൾ പഴയ എയർപോർട്ടിലേക്ക് പോയി. കുറച്ചു നേരം ഞാനത് നോക്കി നിന്നു. എന്റെ സ്മരണകളെ ഞാൻ റിവേർഴ്സ് ഗീറിലിട്ടു. എത്രയോ പ്രാവശ്യം ഞാൻ വന്നിറങ്ങിയ എയർപോർട്ട്. എന്റെ പാസ്സ്പോർട്ടിൽ വളരെ പ്രാവശ്യം സുൽത്താൻ അഹമദ് അൽ സുവൈദിയുടെ ഗസ്റ്റ് എന്നടിച്ചു തന്ന എയർപോർട്ട്. ഫ്രാൻസിൽ നിന്ന് ഞാൻ ഷൈഖിനൊടൊപ്പം തിരിച്ചു വരുമ്പോൾ ഹൈഡ്രോളിക് ബ്രേക്ക്‌ ഡൌണ്‍ ആയത് കൊണ്ട് എയർ ഫ്രാൻസ് ടേക്ക്ഓഫ്‌ ചെയ്യാതെ ഗൾഫ്‌ എയറിൽ മാറിക്കേറി അബുദാബിക്ക് പോകേണ്ടി വന്ന എയർപോർട്ട്.
ഇന്ന് എന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് ഉച്ചഭക്ഷണം. അപ്പോഴാണ്‌ ഫോണിലൂടെ ഒരു അന്വേഷണം. ‘ഷെരീഫുക്ക ഇപ്പോളെവിടെയാണ്? ഒന്ന് കാണാനാണ്.’ അദ്ദേഹം അസിഫ് വയനാട് എന്ന ഫേസ്ബുക്ക്‌ സുഹൃത്ത് ആണ്. ഖത്തറിലെ ഒരു പാട് സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം. വഴിമദ്ധ്യേ അദ്ധേഹത്തെ ചെന്ന് കണ്ടു. ഒരു കാര്‍ഷീക കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്ന ആസിഫ് ഞങ്ങൾ കാത്തു നിൽക്കുന്നിടത്തേക്ക് വന്നു. ആ അസുലഭനിമിഷം മനസ്സിൽ നിന്നും മായുന്നില്ല. ആസിഫേ, നിങ്ങളുടെ കാർഷീകകാര്യങ്ങളിൽ എല്ലാ സഹായവും ചെയ്യുന്ന, കൃഷി ജീവവായുവായി കരുതുന്ന നിങ്ങളുടെ ഖത്തറിയായ അൽ ദോസരിയോടു ഒരു കാര്യം പറയണം. അദ്ധേഹത്തിന്റെ അൽ ദോസരി പാർക്ക് സന്ദർശിക്കാനുള്ള ഒരു ഭാഗ്യം (അതോ നിർഭാഗ്യമോ) ഞങ്ങൾക്കുണ്ടായി. മഴ പെയ്തത് കൊണ്ടോ എന്തോ ആ പാർക്കിലെ ടോയിലേറ്റ് അടക്കം എല്ലായിടവും വൃത്തികേടായിരിക്കുന്നു.
എന്റെ ബന്ധുവായ നൂര്‍ജഹാനും ഭര്‍ത്താവ് ജമാലുദ്ധീനും ഒരുക്കിയ ഉച്ചഭക്ഷണവും അവരുടെ ഹൃദ്യമായ സ്വീകരണവും ഏറ്റുവാങ്ങിയപ്പോള്‍ ഇതിനൊക്കെ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തതെന്ന് തോന്നി. അവരുടെ മകന്‍ അഹമദിന്‍റെ എന്നോടുള്ള പെരുമാറ്റത്തില്‍ ഒരായിരം തേനും വയമ്പും.
പിന്നെ ഞങ്ങൾ പോയത് ഖത്തറ വില്ലെജിലെക്കാണ്. ഖത്തറിന്റെ നാടകവേദിയും ഖത്തറിന്റെയും മറ്റു ഗൾഫ്‌ നാടുകളുടെയും പൊസ്റ്റൽ സ്റ്റാമ്പ് കളക്ഷനും കാണാൻ കഴിഞ്ഞു. സമയക്കുറവ് കാരണം ഒരു ഓട്ടപ്രദക്ഷിണം നടത്താനേ കഴിഞ്ഞുള്ളു. എന്നിട്ട് പോലും അവിടെത്തെ വിസിറ്റെർഴ്സ് ബുക്കിൽ ഞാനെഴുതി... അള്ളാഹു ത്വവീലുമ്രുക്കു യാ അമീറുൽ ദൗലത്തുൽ ഖത്തർ ഷൈഖ് തമീം ബിൻ ഹമദ് അൽതാനി എന്ന്.
പിന്നെ ഞങ്ങൾക്ക് അത്താഴവിരുന്ന് ദുഖാൻ ഖത്തർ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ ബന്ധുവായ സിദ്ധീക്കിന്റെ കോർട്ടേഷ്സിലായിരുന്നു. ഖത്തറിൽ ആദ്യമായി കുഴിച്ച പെട്രോൾകിണർ കാണാൻ കഴിഞ്ഞു. 1938ൽ കുഴിച്ചു തുടങ്ങി 1940ൽ പെട്രോൾ (ശെരിക്കു പറഞ്ഞാൽ ക്രൂഡ് ഓയിൽ) കിട്ടിയ ആ കിണർ കണ്ടപ്പോൾ അന്നത്തെ അറബികളുടെ സന്തോഷം ഞാൻ മനസ്സിലോർത്തു. 5600 അടിയോളം താഴ്ച്ചയുള്ള ആ കിണറിൽ നിന്നും പെട്രോൾ കിട്ടിയത് (അതിനു ശേഷം എത്രയോ ഒഫ്ഷോർ ഒണ്‍ഷോർ ഡ്രില്ലിംഗ് വെൽ) എത്രയോ നാനാ ജാതി മതസ്ഥർക്ക് വിവിധരാജ്യക്കാർക്ക് ജീവിതം മാറ്റിമറിക്കാൻ കാരണമായത്തിന് ദൈവത്തോടും അറബികളോടും എത്രമാത്രം നന്ദി പറയണമെന്ന് ആലോചിക്കുക. ഞങ്ങൾ സിദ്ധീക്കിന്റെ വീട്ടിൽ ചെന്നതിന് അവർക്കും ഞങ്ങൾക്ക് അവർണനാധീതമായ ആഹ്ലാദമുണ്ടായി. ആ ഭാഗങ്ങളിൽ ഫോട്ടോ എടുക്കാൻ പാടില്ല. പക്ഷെ സിദ്ധീക്ക് ഞങ്ങൾക്ക് കാണിച്ചു തന്ന, വിശദീകരിച്ചു തന്ന അവിടെത്തെ ജുമാ പള്ളിയും കോർണീഷും പെട്രോൾ സംബന്ധമായ കാര്യങ്ങളും ആ കുന്നുകളും ഫോട്ടോവിലില്ലെങ്കിലും എന്റെ മനസ്സിൽ എന്നുമുണ്ടാവും.
അങ്ങിനെ നേർച്ച മുടക്കാൻ പാടില്ലാത്തത് കൊണ്ട് ഒരു മാളിൽ കയറി. ഡ്രാഗൻ മാൾ. ജപ്പാനിൽ ഞാൻ കണ്ട ഡ്രാഗൻ മാൾ പോലെ ആയിരിക്കുമെന്ന് കരുതിയാണ് കയറിയത്. ഞങ്ങൾ സാധാരണ മാളുകളിൽ കയറുമ്പോൾ മൂന്ന് കാര്യം നടത്താറാണ് പതിവ്. പർചെയ്സിങ്ങ്, കാഴ്ച്ചകൾ, കൊച്ചുമക്കളുടെ കൂടെയുള്ള കളി. പക്ഷെ..... അതൊരു വലിയ പക്ഷേയാണ്.. അതെന്താണെന്ന് വായനക്കാർ ആലോചിക്കുക.. നിങ്ങൾ ആലോചിച്ചു വരുമ്പോഴേക്കും അടുത്ത ഭാഗം ഞാൻ എഴുതാം.

    >>>>> ഈ യാത്രാവിവരണത്തിന്റെ അവസാനഭാഗം അടുത്ത പോസ്റ്റിൽ.

Thursday 7 January 2016

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 3

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം)  - ഭാഗം 3 
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


          <<<< കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച
തണുപ്പ് കുറഞ്ഞെങ്കിലും മുഴുവനായി വിട്ടു മാറിയിട്ടില്ല. കൊച്ചു മക്കൾ കളിയും ചിരിയും കിടപ്പും എന്റേയും ഭാര്യയുടെയും കൂടെ തന്നെ. അവർക്കെന്തൊ ചെറിയ പെരുന്നാളും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലത്തെ സന്തോഷം.
പതിവ് പോലെ വീണ്ടും പുറത്തേക്ക് ....കാഴ്ചകൾ കാണാൻ. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ മാത്രമാണ് വീട്ടിലേക്ക്‌ പോകുന്നത്. കണ്ടത് തന്നെയാണ് വീണ്ടും കാണുന്നത്. ദീവാനുൽ അമീരി 48 പ്രാവശ്യം മൂന്നു ദിവസം കൊണ്ട് കണ്ടു. ഇതിന് മുമ്പ് ഗൾഫ്‌ കാണാത്ത ആളായിരുന്നു ഞാനെങ്കിൽ ഇങ്ങിനെ ചോദിച്ചേനെ.. ഈ കൊച്ചു രാജ്യത്ത് 48 ദീവാനുൽ അമീരികളോ എന്ന്.
എനിക്കെന്റെ പഴയ ഒരറബിയെ കാണാൻ മോഹം. ഇരുപത് വർഷങ്ങൾക്കു മുമ്പ് അബൂദാബിയിൽ ഞാൻ ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഷൈക്കിന്റെ ഗസ്റ്റ് ആയിരുന്ന, അന്ന് ഖത്തർ പർച്ചെയ്സിങ്ങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആയിരുന്ന സുൽത്താൻ അഹമദ് അൽ സുവൈദിയാണ് ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തി. മകന് അദ്ധേഹത്തെയും താമസിക്കുന്ന സ്ഥലവും അറിയാം. സ്വതവേ ഖത്തറിനേക്കാൾ കൂടുതൽ സമയം വിദേശങ്ങളിലുള്ള അദ്ധേഹം ഖത്തറിലുണ്ടാവുമോ ഇനി ഇല്ലെങ്കിൽ തന്നെ ഇപ്രാവശ്യത്തെ ഖത്തറിലേ ഒരാഴ്ച്ചയിലെ താമസത്തിന്നിടക്ക് അദ്ധേഹത്തെ കാണാനാവുമോ എന്ന് കരുതിയാണ് ഞങ്ങൾ അദ്ധേഹത്തിന്റെ മജ്‌ലിസിൽ പോയത്. ഞങ്ങൾ ചെല്ലുമ്പോൾ കാറുകളുടെ ഒരു നീണ്ട നിര. സത്യത്തിൽ ഞങ്ങൾ കണ്ടപ്പോൾ പരസ്പരം രണ്ടാൾക്കും മനസ്സിലായില്ല. എന്റെ പേര് പറഞ്ഞപ്പോൾ അദ്ധേഹത്തിന് എന്നെ മനസ്സിലായി. അദ്ധേഹമിപ്പോൾ ഖത്തർ വിദേശകാര്യമാന്ത്രിയുടെ അഡ്വൈസർ ആണ്. തലേന്ന് അദ്ദേഹം റഷ്യയിൽ നിന്ന് ഒഫീഷ്യൽ ടൂർ കഴിഞ്ഞു വന്നതേയുള്ളൂ. എന്റെ ഭാഗ്യം. ഞാൻ അബുദാബിയിലുള്ളപ്പോൾ പലവട്ടം എനിക്കും ഫാമിലിക്കും ഖത്തർ വിസ ശെരിയാക്കിയത് അദ്ദേഹം ആയിരുന്നു. അത് മാത്രമല്ല, മറ്റൊരു പ്രധാന സഹായം അദ്ധേഹം എനിക്ക് നൽകിയിട്ടുണ്ട്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം.
1990 ഓഗസ്റ്റ്‌ 2ന്ന് പുലർച്ചെയാണ് കുവൈറ്റിനെ ഇറാക്ക് ആക്രമിച്ചത്. കുവൈറ്റ്‌ അമീർ അടക്കം ഭൂരിപക്ഷം പേരും സൗദിയയിലെക്കും മറ്റു ഗൾഫ്‌ നാടുകളിലേക്കും പാലായനം ചെയ്തു. കെമിക്കൽ വാർ ഉണ്ടാവുമെന്ന് കരുതി അബുദാബിയിലുള്ള ഞങ്ങൾ വരെ വിന്റോകൾ മാസ്കിങ്ങ് ടൈപ്പ് വെച്ച് ഒട്ടിക്കുക. മിനെറൽ വാട്ടർ കൂടുതൽ സൂക്ഷിക്കുക ഒക്കെ ചെയ്തിരുന്ന കാലം. അത് പോലെ ചില മലയാളികൾ ചെറിയ ഷോപ്പുകൾ വിൽക്കുക, ഫാമിലിയെ നാട്ടിലേക്ക് അയക്കുക തുടങ്ങിയവ. 1991 ഫെബ്രുവരി 26ന്നാണ് കുവൈറ്റിൽ നിന്ന് ഇറാക്കിനെ ഉന്മൂലനം ചെയ്തു - കുവൈറ്റ്‌ സ്വതന്ത്രയായത്. ഇതിന്നിടയിൽ യുദ്ധം പുറപ്പെട്ടത് 1991 ജനുവരി 17ന്നാണ്. അതോടെ ദോഹ എയർപോർട്ട് അടച്ചു. എന്റെ ഒരു ബന്ധു കുടുംബമായി ദോഹയിലാണ്, അവർ ഗർഭിണിയുമാണ്‌. എന്റെ കഴിവിന്റെ പരമാവധി നോക്കിയിട്ടും അവരെ അബൂദാബിയിലേക്ക്‌ കൊണ്ട് വരാൻ കഴിയുന്നില്ല. ഷൈഖിന്റെ കയ്യിൽ നിന്നും വിസ കിട്ടാൻ പ്രയാസമില്ല. അബൂദാബിയിൽ അവർ എത്തിയാൽ നാട്ടിലേക്ക് വിടാമല്ലോ?
അന്ന് UAEയുടെ ബോർഡർ സിലയാണ്. ഖത്തറിന്റെ ബോർഡർ സൌദാനത്തിലും. അന്നൊക്കെ UAEയിൽ നിന്ന് സൗദിയിലൂടെ കടന്ന് ഖത്തറിൽ കടക്കണം. അന്നത്തെ കാലത്ത് റോഡ്‌ മാർഗം UAEയിൽ നിന്ന് ഹജ്ജിനോ ഉമ്രക്കോ പോകണമെങ്കിൽ ഖത്തറിന്റെ സ്ഥലത്ത് കൂടെ പോകണം.  ആ ഒരു മണിക്കൂർ യാത്രക്ക് അങ്ങിനെ പോകുന്നതിന് 30 റിയാലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ച ട്രാൻസിറ്റ് വിസ എംബസി വഴി ശെരിയാക്കണം. എന്നാൽ മാസങ്ങൾ താമസിക്കുന്ന ഹജ്ജിന് സൗദിവിസ ഫ്രീയാണ്. പിന്നീട് സൌദിയും ഖത്തറും തമ്മിൽ സ്ഥലം മ്യുച്ചൽ എക്സ്ചേഞ്ച് ചെയ്തു. അന്ന് റോഡ്‌ മാർഗം ഖത്തറിലെത്താൻ അഞ്ച് മണിക്കൂർ വേണം. ഇന്ന് സൽവ വഴി വളഞ്ഞു ഖത്തറിൽ പോകണം. അതിന് ഒരു മണിക്കൂർ കൂടുതൽ ഡ്രൈവ് ചെയ്യണം. രണ്ടു രൂപത്തിലും ഞങ്ങൾ ഒരു പാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്.
അങ്ങിനെ ഞാൻ വിഷമിച്ചിരിക്കുമ്പൊഴാണ് സുൽത്താൻ അഹമദ് അൽ സുവൈദിയുടെ മുഖം എന്റെ മനസ്സിൽ വന്നത്. ഞാൻ അദ്ധേഹത്തെ ഫോണ്‍ ചെയ്തു. സിലയിൽ വന്ന് വിസ പേപ്പർ വാങ്ങി കൊണ്ടുപോകാൻ അദ്ദേഹം തയ്യാറായി. ഈ നിർദേശം വെച്ചതും അദ്ദേഹമായിരുന്നു. കാരണം ഖത്തറിൽ നിന്നും സിലയിലേക്ക് വരാൻ അവർക്ക് വിസ വേണ്ടല്ലോ? ഒരു ഖത്തറി അതും ഉന്നതമായ പോസ്റ്റിലുള്ള ആൾ ആവശ്യപ്പെടാതെ തന്നെ ഇങ്ങോട്ട് പറഞ്ഞത് ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇപ്രാവശ്യത്തെ കണ്ടുമുട്ടലിൽ ഞാൻ ചോദിക്കാതെ തന്നെ അദ്ധേഹത്തിന്റെ പ്രൈവറ്റ് ഫോണ്‍ നമ്പറും ഈ-മെയിൽ അഡ്രസ്സും തന്നിട്ട് എന്നോട് പറയാതെ പറഞ്ഞത് ഇങ്ങിനെയാണ്‌... എന്ത് സഹായവും ഷെരീഫിനും മകനും എന്നോട് ചോദിക്കാം എന്നായിരുന്നു. കാരണം ഒരു കാര്യം അദ്ദേഹത്തിന് എന്നെ പറ്റി അറിയാം.. ഞാൻ ആരെയും മിസ്‌യൂസ് ചെയ്യില്ല എന്ന്.
പിന്നെ ഞങ്ങൾ പോയത് ഖത്തറിന്റെ പൌരാണികം തുടിക്കുന്ന ഇറാനി മാർക്കറ്റിലേക്കാണ്. പണ്ടൊക്കെ ഞാൻ ഖത്തറിൽ ചെല്ലുമ്പോൾ കൂടുതൽ മലയാളികളെ കാണുന്നത് അവിടെയായിരുന്നു. രാത്രിയിലായിട്ടും തണുപ്പുണ്ടായിട്ടും തിരക്കിനു ഒട്ടും കുറവില്ല. വർഷങ്ങൽ പഴക്കമുള്ള മലയാളികളുടെ ബിസ്മില്ല ഹോട്ടൽ കണ്ടു. അവിടേയും എന്റെ ചില നാട്ടുകാരെ കണ്ടു. അവിടെ മറ്റൊരു സംഭവമുണ്ടായി. മലയാളിയുടെ മറ്റൊരു മുഖം ഞങ്ങളവിടെ കണ്ടു. എന്നെ കണ്ടപ്പോൾ ആദ്യമായി ഗൾഫിൽ വരുന്ന ആളാണ്‌ ഭാഷയൊന്നും അറിയില്ലെന്ന് അവന് തോന്നിക്കാണും. ഒടുവിൽ എന്റെ സംസാരം കേട്ടപ്പോൾ അവൻ പത്തിമടക്കി. അത് കൊണ്ട് എന്നോടും എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ.. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടരുത്.
തിരിച്ചു വരുമ്പോൾ എനിക്കൊരു ഫോണ്‍ കാൾ. അങ്ങേതലക്കൽ എന്റെ മറ്റൊരു ഫേസ്ബുക്ക്‌ ഫ്രണ്ട്. രാത്രിയായിട്ടും ഞാൻ എവിടെയാണെന്ന് അന്വേഷിച്ചു അദ്ദേഹം വന്നു. പണ്ടൊക്കെ ഫേസ്ബുക്കിൽ തീവ്രമായിരുന്ന അദ്ദേഹം സുക്കർമോനോട് പിണങ്ങിയിട്ടോ അതോ ജോലി കൂടുതൽ കൊണ്ടോ എന്താണെന്നറിയില്ല കുറെ നാളായി തീവ്രത കുറച്ചിരിക്കുന്നു. എന്നാലും ഞങ്ങൾ തമ്മിൽ ഫേസ്ബുക്ക്‌ ബന്ധം കൂടുകയും നാട്ടിൽ വരുമ്പോൾ കാണുകയും ചെയ്യുന്ന ആ സ്നേഹിതനാണ്.. റഫീക്ക് പൊക്കാക്കി. ഒരു നല്ല സ്ഥാപനത്തിൽ നല്ലൊരു ജോലിയിലാണെന്ന് അറിഞ്ഞു. ഇനിയും റഫീക്ക് ഉന്നതങ്ങളിലേക്ക് എത്തട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഇത് പോക്കാക്കിയെ പൊക്കിയതല്ല എന്നദ്ദേഹത്തിന്നറിയാം. അതിന്റെ ആവശ്യം എനിക്കില്ല.
പണ്ടൊക്കെ ഞാൻ താമസിച്ചിരുന്ന മുന്തസ്സ, മൻസൂറയോടെയൊക്കെ മുഖച്ഛായ മാറിയിരിക്കുന്നു. എങ്കിലും ചില സ്ഥലങ്ങളിലുള്ള ഒറ്റ നിലയുള്ള കെട്ടിടങ്ങളും ചെറിയ വീടുകളും കാണുമ്പോൾ സൌദിയുടെ ഉൾനാടുകളിലൂടെ പോകുന്ന പോലെ തോന്നി. പിന്നെ ഖത്തറിലുള്ള മഹാഭൂരിഭാഗം പള്ളികളിലും യാത്രാക്കാരയവരും അല്ലാത്തവരുമായ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യം ഞാൻ കണ്ടു. ജാറങ്ങൾ ഒരെണ്ണം പോലും കണ്ടില്ല. നബി ദിനത്തിന്നാണ് ഞാൻ ഖത്തറിൽ എത്തിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ മൌലൂദ് നടക്കുന്നു. അത് എനിക്കിഷ്ടമായി. രണ്ടു ദിവസത്തിന്ന് ശേഷം ഞാൻ എന്റെ നാട്ടുകാരനും സുഹൃത്തുമായ ഒരാളുടെ റൂമിൽ ചെന്നപ്പോൾ അവിടെ ചീട്ടു കളിക്കുന്നു. നിങ്ങളെന്താ വാതിൽ അടച്ചിട്ട് ചീട്ടുകളിക്കുന്നത്, വല്ല പാർക്കിലും പോയി കളിച്ചൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങിനെ.. ഇവിടെ ഇസ്ലാമിന്നെതിരായ ഒന്നും ചെയ്യാൻ പാടില്ല. നാട്ടിലൊക്കെ ഞങ്ങൾ പറമ്പിലും മറ്റും ചീട്ട് കളിക്കാറുണ്ട് എന്നായിരുന്നു.
മെട്രോ പ്രൊജക്റ്റ്‌ തുടങ്ങുന്ന പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഒരു പാടൊരുപാട് ക്രൈനുകൾ ദോഹയുടെ മുക്കിലും മൂലയിലും കണ്ടു. ഒരെണ്ണമെങ്കിലും വർക്ക്‌ ചെയ്യുന്നത് കാണണമെന്നുണ്ടായിരുന്നു. അബൂദാബിയിൽ അനേക വർഷങ്ങൾ ഒരു പാട് ക്രൈനുകൾ വർക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഖത്തറിൽ ഒരാഴ്ച്ച താമസിച്ചു വ്യത്യസ്ഥ സമയങ്ങളിൽ, വ്യതസ്ഥ സ്ഥലങ്ങളിൽ പോയിട്ടും അത് വർക്ക് ചെയ്യുന്നത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി.
ഉറക്കം വരുന്നത് കൊണ്ടല്ല, പ്രത്യുത കൊച്ചു മക്കളുടെ കൂടെ ഇൻഡോർ കളിക്ക് മകന്റെ വീട്ടിലേക്ക് - ലക്തയിലേക്ക് പോകുന്നു.
   >>>>> ഇതിന്റെ ബാക്കി അടുത്ത ഭാഗത്തിൽ തുടരും....

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 2

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം)  - ഭാഗം 2
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

          <<<< കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച
പിറ്റേന്ന് മുതൽ ഞാനും ഭാര്യയും മകനും കുടുംബവും കൂടി കോർണിഷിലേക്ക്. ഇരുപതിൽ കൂടുതൽ വർഷം മുമ്പ് ഞാൻ ഖത്തറിൽ വരുമ്പോൾ കൊർണീഷിൽ രണ്ടേ രണ്ടു ആകർഷണീയമായ കെട്ടിടങ്ങൾ അന്നത്തെ കോർണീഷിന്റെ കുറച്ച് അകലെയായി ഉണ്ടായിരുന്നു. ഷെറാട്ടൻ ഹോട്ടെലും പോസ്റ്റ്‌ ഓഫീസും. അബൂദാബിയിൽ നിന്ന് വന്ന ഞങ്ങൾക്ക് പോലും അത് നയനാമമായിരുന്നു. ഇന്ന് അതെ സ്ഥാനത്ത് ഒരു പാട് കെട്ടിടങ്ങൾ. ശെരിക്കും അധൂനിക ഖത്തറിന്റെ ഒരു സാമ്പിൾ ആയി എനിക്ക് തോന്നി. അവിടെ കുറച്ചധികം ലാഞ്ചികളും ബോട്ടുകളും. അവയിൽ ചിലത്  മീൻപിടിക്കാൻ പോകുന്നതും ചിലത് സവാരിക്കുമാണെന്നു മനസ്സിലായി. എന്റെ മനസ്സ് 1969ലേക്ക് പോയി. ഞാൻ ഇത്തരം ലാഞ്ചിയിലാണ് ആദ്യമായി പേർഷ്യയിലേക്ക് പോയത്. ഒരു ഡ്രൈവർ ആയി, ഗൈഡ് ആയി, ഗാർഡായി, നിഴൽ പോലെ എന്റെ കൂടെയുള്ള മകൻ എന്റെ മനസ്സറിഞ്ഞു. ആ ലാഞ്ചിയിൽ ഞാൻ കയറിയ ഫോട്ടോ എടുത്തു. ഇപ്പോൾ എല്ലാ സൌകര്യത്തോടെ ലാഞ്ചിയിൽ ഖത്തറിന്റെ കുറച്ചു കടലിലേക്ക്‌ പോകാൻ തന്നെ അവന് ഭയമുണ്ടാവാം. അഥവാ കുറച്ച് കൂടെ ഉള്ളിലേക്ക് പോയാൽ ബഹ്‌റൈൻ നേവി പിടിച്ചു ജയിലിലിടാം. അപ്പോൾ ഇതൊന്നുമില്ലാത്ത കാലത്ത് പപ്പ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവം എന്നവൻ ആ ഫോട്ടോ എടുക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടാവാം.
ഞങ്ങൾ വീണ്ടും പേൾ ഖത്തറിലേക്ക് പോയി. അന്നൊരു മഴ പെയ്തത് കൊണ്ട് കാലാവസ്ഥക്ക് നല്ല തണുപ്പുണ്ട്. എന്റെ ഭാര്യ സുഹറാക്ക് തണുപ്പ് അത്ര പിടിക്കുന്നില്ലെന്ന് മനസ്സിലായി. എങ്കിലും അത് പ്രകടിപ്പിച്ചില്ല. പിന്നെ സിറ്റി സെന്റെർ മാളിലേക്ക് പോയി. സത്യത്തിൽ രാത്രിയായത്‌ കൊണ്ടും HAROLD SHOPPING MALL പോലെയുള്ള ഇതിനേക്കാൾ വലിയ മാളുകൾ ലണ്ടനിൽ കണ്ടിട്ടുള്ളത് കൊണ്ടും എനിക്ക് വീട്ടിൽ പോയാൽ മതി കൊച്ചു മക്കളായി ആന കളിക്കാം... പാമ്പും കോണിയും കളിക്കാം എന്ന് കരുതി. പക്ഷെ, ആനക്ക് പൂരം നന്നാവണമെന്നില്ലല്ലൊ? മകന് എന്നെ എല്ലാം കാണിക്കണമെന്ന് ആഗ്രഹം. പക്ഷെ, അവനോട് ഞാനൊന്നും പറഞ്ഞില്ല. പക്ഷെ, അവൻ എന്നെ ആ സിറ്റി സെന്റെറിൽ ഇറക്കിയത് നന്നായി. കാരണം ഇതാണ്....
എന്റെ പിന്നിൽ നിന്നൊരു ശബ്ദം..'ഷെരീഫുക്കയല്ലെ?'. ആ ചോദ്യത്തിൽ ഞങ്ങൾ മുജ്ജന്മത്തിൽ സുഹൃത്തായിരുന്നവരെപ്പോലെ. ഞാൻ അതെ എന്ന് മറുപടി കൊടുത്തു. അപ്പോൾ വീണ്ടും ഒരു ചോദ്യം. ഇക്കാക്ക് എന്നെ മനസ്സിലായോ? ഞാനെന്റെ മെമ്മറി പവറിലൂടെ പരതി നോക്കി. ഒരു രക്ഷയുമില്ല. എന്നെ അധികം വിഷമിപ്പിക്കാതെ അദ്ദേഹം പറഞ്ഞു... ഞാനാണ് ഇക്കാടെ ഫേസ്ബുക്ക്‌ സുഹൃത്ത് രജീബ് ലാൽ. തളിക്കുളം സ്വദേശി. ഞാൻ ആദ്യം ദൈവത്തിനും പിന്നെ സുക്കർമോനും നന്ദി പറഞ്ഞു. ഓർമ്മക്കായി ഞങ്ങളൊരു ഫോട്ടോ എടുത്തു. മോനെ, രജീബ് ലാൽ, നമ്മളെടുത്ത ഫോട്ടോ ചിലപ്പോൾ കാലാന്തരത്തിൽ നശിച്ചെന്നു വരാം. പക്ഷെ ഈ ഇക്കാടെ മനസ്സിൽ നിന്നും നമ്മളവിടെ നിന്ന് ആലിംഗനം ചെയ്തത് ദൈവത്തിനല്ലാതെ ആർക്കും മായ്ച്ചു കളയാൻ പറ്റില്ല.
പിറ്റേന്ന് കാലത്ത് തന്നെ യാത്ര പുറപ്പെട്ടു. ദുഖാനിലേക്ക് പോകുന്ന വഴിയിലുള്ള ശഹാനിയ എന്ന സ്ഥലത്തെ ഷൈഖ് ഫൈസൽ ബിൻ ഖാസിം അൽ താനി മ്യൂസിയം കാണാൻ. ഖത്തറിൽ വർഷങ്ങൾ ആയിട്ട് പോലും ഇത് കാണാത്ത മലയാളികൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവരോടെനിക്ക് ഒന്നേ പറയാനുള്ളൂ. ഇതൊന്നും കാണണം. അത് ഒരു മുതൽ കൂട്ടായിരിക്കും. അവിടെ ആന്റിഖ്യു കാർ കലെക്ഷൻസ്, ഖത്തറിന്റെ പഴയ ജീവിതരീതികളുടെ ഡമ്മികൾ തുടങ്ങി എഴുതിയാൽ തീരാത്ത കാര്യങ്ങൾ കണ്ടു. അവിടെയുള്ള ഒരു കാർ കളക്ഷൻ റൂം തത്കാലം അടച്ചിരുന്ന സമയത്താണ് ഞങ്ങൾ ചെന്നത്. യാദൃശ്ചികമായി അവിടെ വന്ന മ്യൂസിയം മേനെജരായ അറബിയെ പരിചയപ്പെടുവാനും അത് വഴി കുറച്ചു മിനിട്ടുകൾ ആ മുറി ഞങ്ങൾക്ക് വേണ്ടി തുറന്ന് ആ കാറുകൾ കാണാനും കഴിഞ്ഞു. കാരണം ഞങ്ങൾ ളിയൂഫുൽ ഖത്തർ (ഖത്തറിന്റെ അതിഥി) ആണല്ലോ? ആതിഥേയത്തിന്റെ കാര്യത്തിൽ മറ്റു ഗൾഫ്‌ രാജ്യങ്ങളെ പോലെ ഖത്തർ മുന്നിലാണല്ലോ?  അത് പാട് പ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്.
പിന്നെ, ഞങ്ങൾ പോയത് ഇസ്ലാമിക്‌ ആർട്ട് മ്യൂസിയത്തിലെക്കാണ്. ഞാൻ ഒരു പാട് മഴ കണ്ടിട്ടും കൊണ്ടിട്ടും ഉണ്ടെങ്കിലും ഖത്തറിൽ ചെന്നപ്പോളുണ്ടായ മഴ എനിക്ക് പെരുത്ത്‌ ഇഷ്ടപ്പെട്ടു. തണുക്കാതിരിക്കാൻ മകന്റെ ഭാര്യ നിർബന്ധിച്ചു എനിക്കൊരു സ്വെറ്ററും തൊപ്പിയും തന്നു. തണുപ്പൊക്കെ എനിക്ക് പ്രശ്നമല്ല എന്ന് ഭാവിച്ചെങ്കിലും ആ സ്വെറ്ററും തൊപ്പിയും വളരെ ഉപകാരമായി. ഖുറാന്റെ ചെറിയ പതിപ്പ് പണ്ട് ഇന്ത്യൻ ഇങ്കിൽ എഴുതിയ ഖുറാൻ തുടങ്ങി ഖുറാന്റെ സകല കാര്യങ്ങളും കാണാൻ കഴിഞ്ഞു. സൌദിയിൽ ഞാൻ കണ്ട ഇസ്ലാമിക്‌ മ്യൂസിയത്തിന്നടുത്തെത്തില്ലെങ്കിലും ഖത്തർകാർക്ക് ഇതൊരു മുതൽകൂട്ട് തന്നെ എന്നുറപ്പാണ്.
എല്ലാ ദിവസവും ചുരുങ്ങിയത് ഒരു മാളെങ്കിലും കയറണമെന്ന് നേർച്ചയുള്ള പോലെ അന്നും കയറി ഒരു മാളിൽ... വില്ലെജിയോ മാൾ. ആ മാളിന്ന് തൊട്ടടുത്തുള്ള ആസ്പൈർ പാർക്കിലെ കൃത്രിമതടാകത്തിൽ താറാവുകളെ കണ്ടു. ഭാര്യ കുറെ നേരം അത് നോക്കി നിന്നു എന്ന് പറയേണ്ടതില്ലല്ലോ?
    >>>>> ഇതിന്റെ ബാക്കി അടുത്ത ഭാഗത്തിൽ തുടരും....