Monday, 24 August 2015

ഭർത്താവുദ്യോഗം (കഥ) - അവസാനഭാഗം

ഭർത്താവുദ്യോഗം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

>>>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച .....എന്നെ കണ്ടപ്പോൾ ആ പർദയിട്ട സ്ത്രീ അകത്ത് നിന്നും ഇറങ്ങി സിറ്റിംഗ് റൂമിലേക്ക്‌ വന്നു. എന്നിട്ട് എന്നോട് ചോദിച്ചു 'ഇക്കാക്ക് എന്നെ മനസ്സിലായോ?'. എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ മനസ്സിലായില്ല; എന്റെ ആകാംഷക്ക്‌ വിരാമമിട്ടു കൊണ്ട് അവർ പറഞ്ഞു 'ഞാനാണ് മൈമൂന'
എന്നിട്ടും ആളെ മനസ്സിലാകുന്നില്ല എന്ന് എന്റെ മുഖഭാവം കണ്ടപ്പോൾ അവർ വിശദമായി പറഞ്ഞു. 'ഇരുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു മധ്യസ്ഥതക്ക് ഇക്ക വന്നില്ലേ, ഒരു കാദർ, ബൽക്കീസിന്റെ വീട്ടിൽ...... ആ മൈമൂനയാണ് ഞാൻ'
എനിക്ക് ഇപ്പോൾ ആളെ മനസ്സിലായി.
'ഇവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്തോ?' ഞാൻ എന്റെ ഭാര്യ സാറയോട് ചോദിച്ചു.
'ഞാൻ എന്ത് കൊടുത്തിട്ടും അവർ കഴിക്കുന്നില്ല. ഇക്കാട് എന്തോ വിഷമം പറയാനുണ്ട്. അത് കഴിഞ്ഞു മതി എന്തും എന്നാണ് മൈമൂന പറഞ്ഞത്. ഞാൻ കുറെ നിർബന്ധിച്ചു'. സാറ വിവരം പറഞ്ഞു.
ഒരു മുഖവുരയും കൂടാതെ മൈമൂന പറഞ്ഞു തുടങ്ങി
'ഇക്കാക്ക് ഞാൻ വന്നത് ബുദ്ധിമുട്ടായോ. ഇക്കയും ഇത്തയും അനുജന്റെ വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു എന്ന് പറഞ്ഞു'
'ഏയ്‌. ഒരു ബുദ്ധിമുട്ടുമില്ല. അത് നാളെ പോയാലും മതി'.
'ഇക്ക, അന്ന് നസീമുമായുള്ള എന്റെ വിവാഹബന്ധം വേർപെടുത്തിയതിന്നു ശേഷം ഉമ്മാടെ ബന്ധത്തിലുള്ള ലത്തീഫ് എന്നയാളുമായി എന്റെ വിവാഹം നടത്തിച്ചു. ആ മനുഷ്യന് യാതൊരു ഉത്തരവാദിത്തമില്ലെന്ന് മാത്രമല്ല, മദ്യം കഴിക്കുകയും എന്നെ ഒരു പാട് ഉപദ്രവിക്കുകയും ചെയ്യും'
'അപ്പോൾ മൈമുനാക്ക് വിഷയം വീട്ടിൽ പറയാമായിരുന്നില്ലേ?'
'ഞാൻ പലപ്പോഴും ഇത് പറഞ്ഞു. പക്ഷെ ആരും ലത്തീഫിനോട് ഒന്നും പറയില്ല. അങ്ങിനെ ഞാൻ എന്റെ വീട്ടിലേക്ക് വരട്ടെയെന്നു ഉമ്മാട് ചോദിച്ചപ്പോൾ കല്യാണം കഴിച്ചു കൊടുത്ത പെണ്മക്കൾ ഭർത്താവിന്റെ അടുത്താണ് നിൽക്കെണ്ടതെന്നു പറഞ്ഞ് എന്നെ മടക്കിയയച്ചു. ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ ഞാനെന്റെ മകൻ നിഷാദിനെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മാറി. അന്നവന്ന് അഞ്ചു വയസ്സാണ് പ്രായം'.
'മോളെ, ഇത് കഴിക്ക്' എന്ന് പറഞ്ഞു കുറച്ച് നെയ്യപ്പവും കൊണ്ട് സാറ വന്നു.
'പിന്നെ ഞാൻ പല വീടുകളിലും പണിയെടുത്ത് ജീവിച്ചു. ലത്തീഫ് ഞങ്ങളുടെ കാര്യങ്ങളൊന്നും നോക്കാതെ വേറെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്'
'മകന്റെ കാര്യത്തിൽ നസീം ഒന്നും ചെയ്യാറില്ലേ?'
'അദ്ധേഹമാണ് എല്ലാ മാസവും അവന്റെ പഠിപ്പിന്നും മറ്റും പൈസ അയക്കുന്നത്. അവന് 24 വയസ്സായി. സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയാണ്. ആ ഓട്ടോറിക്ഷക്കുള്ള പൈസയും നസീംക്കയാണ് കൊടുത്തത്. അവനെ ഗൾഫിൽ കൊണ്ട് പോകാൻ നസീംക്ക തയ്യാറാണ്. പക്ഷെ എനിക്ക് ആരുമില്ലെന്നും, എന്നെ ഒറ്റയ്ക്കാക്കി പോകില്ലെന്നും പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഓട്ടോ ഓടിച്ച് നാട്ടിൽ നിൽക്കുന്നത്'
'അത് നല്ല ഒരു കാര്യമല്ലേ? ഞാൻ ചോദിച്ചു
'ഇപ്പോൾ ഒരു വലിയ പ്രശ്നമുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു അവന്റെ വിവാഹം. പർദ്ദധരിച്ചു വളരെ മതപരമായ ചിട്ടകളോടെ നടക്കുന്ന ഒരു പെണ്‍കുട്ടി. അവൾ എന്റെ മകന് കൈവിഷം കൊടുത്തൂന്നാ തോന്നുന്നത്'
'കൈവിഷമോ അങ്ങിനെയൊന്നും ഇല്ല' ഞാൻ അവരുടെ ധാരണ തിരുത്തി.
'എന്താണെങ്കിലും അവൾ പറയുന്നു ഇക്കാ, ഒന്നുകിൽ എന്റെ മകന്റെ കൂടെ ഞാൻ മാത്രം താമസിക്കുക, അല്ലെങ്കിൽ അവൾ മാത്രം താമസിക്കുക. രണ്ടാളും ഒന്നിച്ചു വേണ്ടായെന്ന്'
ഇരുപതു വർഷത്തിന്ന് മുമ്പ് എന്റെ മുന്നിലിരിക്കുന്ന മൈമൂനയും ഇതേ വാചകമാണല്ലോ നസീമിനോട് പറഞ്ഞത് എന്ന് ഒരു നിമിഷം ഞാനോർത്തു. ശവത്തിൽ കുത്തരുതെന്നും വീട്ടിൽ വന്ന അഥിതയാണല്ലോയെന്നും ആലോചിച്ച് ഞാനത് സൂചിപ്പിച്ചില്ല. അല്ലാതെത്തന്നെ മൈമൂന അതാലോചിക്കുന്നുണ്ടാവും.
'നിഷാദിന്റെ ഭാര്യ നിങ്ങളോട് അത് പറഞ്ഞോ?'
'ഇല്ല, അവൾ പറഞ്ഞുവെന്ന് നിഷാദാണ് എന്നോട് പറഞ്ഞത്. ജബ്ബാർക്ക പറയാറുള്ള ഒരു കാര്യം ശെരിയാണ്. പർദ്ദ ഇട്ടതു കൊണ്ട് മാത്രം സ്ത്രീകൾ സ്വർഗത്തിൽ പോകണമെന്നില്ലായെന്ന്'
ശെരിയാണ് ഞാൻ പലപ്പോഴും ഇത് പറയാറുണ്ട്‌. അത് പോലും ഈ കുട്ടി ഓർത്തിരിക്കുന്നു.
'ഞാനെന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടത്?'
'ഇക്കാക്ക് ഇനി രണ്ടു ദിവസം കൂടിയേ ലീവ് ഉള്ളൂ എന്ന് സാറത്ത പറഞ്ഞു. ഇക്ക വിചാരിച്ചാലേ എനിക്കെന്റെ മകന്റെ കൂടെ നിൽക്കാൻ പറ്റൂ.' മൈമൂന കരഞ്ഞു തുടങ്ങി.
'മൈമൂന വിഷമിക്കാതിരിക്കൂ. ഞാനൊന്ന് നിഷാദിനോട്‌ സംസാരിച്ചു നോക്കട്ടെ'
ഞാൻ വിചാരിച്ചിട്ടും ഈ മൈമൂനാടെ വിവാഹബന്ധത്തിലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാനോർത്തു. നമ്മൾ ശ്രമിക്കുക. അല്ലാഹുവാണ് തീരുമാനം എടുക്കുക.
ഞാൻ നിഷാദിന്റെ മൊബൈൽ നമ്പർ വാങ്ങി അവനു ഫോണ്‍ ചെയ്തു.
അവൻ ഓട്ടോസ്റ്റാന്റിലുണ്ടെന്നും ഉടനെ എന്റെ വീട്ടിൽ എത്താമെന്നും പറഞ്ഞു.
'അവൻ എന്നെ കാണണ്ട. ഞാൻ ഇവിടെയുള്ള കാര്യം അവൻ അറിയുകയും വേണ്ട' അത് പറഞ്ഞു മൈമൂന വീടിന്നുള്ളിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ നിഷാദ് എത്തി.
'നിനക്കെന്നെ മനസ്സിലായോ?' ആമുഖമായി ഞാൻ ചോദിച്ചു.
മനസ്സിലായെന്നും അവന്റെ ഉപ്പ എന്നെ പറ്റി പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞു
'കഴിഞ്ഞാഴ്ച നിന്റെ വിവാഹം കഴിഞ്ഞു അല്ലെ?' മൈമൂന പറഞ്ഞതും അവൾ അകത്തുള്ളതും മറച്ചു വെച്ച് ഞാൻ ചോദിച്ചു.
'ഇക്കാനെ വിളിക്കാൻ ഞാൻ നേരിട്ട് ഈ വീട്ടിൽ വന്നിരുന്നു. പക്ഷെ, ഇക്ക ഗൾഫിലാണെന്നാണ് അറിഞ്ഞത്'.
'ശെരിയാണ്. ഞാനപ്പോൾ ഗൾഫിലായിരുന്നു' എന്നിട്ട് ഞാൻ തുടർന്നു 'ഉമ്മ ഇപ്പോൾ എവിടെയാണ്?'
'ഇപ്പോൾ ഞങ്ങളുടെ വാടകവീട്ടിലുണ്ട്. പക്ഷെ....' അവൻ വിഷയം നിറുത്തിയത് പോലെ.
'എന്താ ഒരു പക്ഷെ?'
'ഉമ്മാനെ ഞങ്ങളുടെ കൂടെ നിറുത്തന്നത് എന്റെ ഭാര്യക്ക് ഇഷ്ടമില്ല. ഒന്നുകിൽ അവൾ അല്ലെങ്കിൽ ഉമ്മ എന്നാണവൾ പറയുന്നത്'
'ഞാൻ നിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാം.'
ഇത് കേട്ട ഉടനെ അവന്റെ സംസാരവും മുഖഭാവവും മാറിയിട്ട് കരഞ്ഞു കൊണ്ടവൻ പറഞ്ഞു
'ഇക്ക, അല്ലാഹുവിനാണെ സത്യം, ഉമ്മാനെ കൂടെ നിറുത്തണമെന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ഞാൻ ഒരു നാടകം കളിച്ചതാ. ഒരു പ്രത്യേകകാര്യത്തിന്നു വേണ്ടി'
'എന്ത് പ്രത്യേകകാര്യം?'
'എന്റെ ഉപ്പയും ഉപ്പാടെ ഉമ്മയും അനുഭവിച്ച വേദന ഉമ്മ ഒന്നറിയണം. അതിന്നാണ് ഞങ്ങൾ ഈ നാടകം കളിച്ചത്.' അവൻ വിങ്ങിപ്പോട്ടുകയാണ്.
'മോനെ, നിഷാദെ, കേട്ടിടത്തോളം നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എങ്കിലും ഞാൻ നാട്ടുകാരിൽ നിന്നും കേട്ടറിഞ്ഞത് ഉമ്മ ഈ ചെറിയ ദിവസം കൊണ്ട് ഒരുപാട് മാനസികമായി അനുഭവിച്ചു എന്നാണു'
'എനിക്കെന്റെ ഉമ്മാനെ ഇപ്പോൾ തന്നെ കൂട്ടിക്കൊണ്ട് വരണം' അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു
'ഉമ്മ വീട്ടിലില്ലേ?' ഞാൻ ചോദിച്ചു
' ഇല്ല, ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ പുറത്ത് പോയതാണ്. മാമാടെ വീട്ടിലുണ്ടാവും.'
'വേണ്ട നീ ഒരുത്തിലും പോകേണ്ട. ഉമ്മ ഇവിടെത്തന്നെയുണ്ട്.' എന്നിട്ട് ഞാൻ മൈമൂനാട് വരാൻ പറഞ്ഞു.
ഉമ്മയും മകനും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ സാറയും കരയുന്നത് കണ്ടു. എന്തിനേറെ എന്റെ കണ്ണും നിറഞ്ഞു.
'ഞാൻ ഉമ്മാനെയും കൊണ്ട് പോകട്ടെ ഇക്കാ?' നിഷാദ് എന്നോട് അനുവാദം ചോദിച്ചു.
'തീർച്ചയായും പോകണം. പക്ഷെ എന്റെ സാറ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി'.
അവർ എന്റെ ക്ഷണം സ്വീകരിച്ചു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൈമൂനയും നിഷാദും സാറയുടെ ഭക്ഷണത്തിന്റെ രുചിയെപ്പറ്റി വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.
മാങ്ങപുളിശ്ശേരി നന്നായി, ഇരുമ്പൻപുളി അച്ചാർ നന്നായി എന്നൊക്കെ. കുറെ കേട്ടപ്പോൾ പറയേണ്ടി വന്നു 'അല്ലെങ്കിൽ തന്നെ സാറാക്ക് അഞ്ചരയടി ഉയരമുണ്ട്. ഇനി പൊന്തിച്ചു പൊന്തിച്ചു ഇനി ഉയരം കൂട്ടരുത്'
അവർ യാത്രപറഞ്ഞു പോയി.
------------------------------------------------------------------
മേമ്പൊടി:
വിവാഹം കഴിച്ചു കൊടുക്കുന്ന പെണ്‍കുട്ടികളോട് മാതാപിതാക്കൾ കൊടുക്കേണ്ട ഉപദേശം: കല്യാണം കഴിഞ്ഞാലും ഞങ്ങളെ നിങ്ങൾ സ്നേഹിക്കണം, ബഹുമാനിക്കണം. എന്നാൽ ഭർത്താവിനെ, ഭർത്താവിന്റെ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കണം, ബഹുമാനിക്കണം.

No comments:

Post a Comment