Thursday, 13 August 2015

മാനവസൌഹൃദം (നീണ്ടകഥ) - ഭാഗം 1



മാനവസൌഹൃദം (നീണ്ടകഥ) - ഭാഗം 1

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

ആദ്യമായി കോളേജിൽ ഞാൻ പ്രീ-ഡിഗ്രിക്ക് ചേർന്നപ്പോൾ ഒരു പ്രത്യേക അന്തരീക്ഷത്തിൽ ചെന്നത് പോലെ തോന്നി. ഗ്രാമത്തിൽ നിന്നും വന്ന എനിക്ക് പട്ടണം ഉൾക്കൊള്ളാൻ ആദ്യമൊക്കെ കുറച്ചു പ്രയാസമായിരുന്നു. കോളേജിൽ വെച്ച് എനിക്കെന്തോ ഒരടുപ്പം ജബ്ബാറിനോട് തോന്നി. ജബ്ബാർ കേമ്പസ്സിലെ ഒരു സാഹിത്യകാരനാണ്. പെണ്കു ട്ടികളുടെ ആരാധനാപാത്രം. എന്തോ എനിക്കും ജബ്ബാറിനോട് ഒരിഷ്ടം. അതിന്ന് പ്രേമം എന്നൊന്നും പറയാൻ പറ്റില്ല. എല്ലാ പെണ്കുുട്ടികളും ജബ്ബാറിന്റെ ചുറ്റും കൂടി എഴുതാൻ പോകുന്ന കഥകളെ പറ്റിയൊക്കെ സംസാരിക്കുമ്പോൾ ഞാൻ ആ കൂട്ടത്തിലെ ഒരു മൂലയിൽ തലതാഴ്ത്തി നിൽക്കും.
'ഏതാണാ മൂലയിൽ നിൽക്കുന്ന തലയിൽ സ്കാർഫ് ഇട്ട കുട്ടി?' എന്നെ ചൂണ്ടി ജബ്ബാർ ആരോടോ ചോദിച്ചു.
അവർ എന്നെ ജബ്ബാറിന്നു പരിചയപ്പെടുത്തി.
'ജമീല, താൻ ആ പദത്തിന്റെ അർത്ഥം പോലെ തന്നെ സുന്ദരിയാണല്ലോ?'
എനിക്കെന്തോ അടക്കാനാവാത്ത സന്തോഷം തോന്നി. അത് കാണിച്ചില്ല. പെണ്‍കുട്ടിയായത് കൊണ്ട് കുറച്ചു അടക്കവും ഒതുക്കവും വേണമല്ലോ.
പിന്നീടും പലപ്പോഴും അദ്ധേഹത്തെ കണ്ടു. നേരെ നോക്കാൻ ഒരു ധൈര്യക്കുറവ്. ഒരിക്കൽ കൂട്ടുകാരികളുമായി കേമ്പസ്സിലെ ഒട്ടുമാവിൻ ചുവട്ടിൽ ഇരിക്കുമ്പോൾ ജബ്ബാർ വന്ന് ഒരു മുഖവുരയുമില്ലാതെ ഒറ്റ ചോദ്യം 'മാഷെ, തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ?'
താൻ പറയാനാഗ്രഹിച്ചത്‌ ജബ്ബാർ പറഞ്ഞപ്പോൾ എന്തോ ലോകം മുഴുവൻ കീഴടക്കിയ പ്രതീതി. ഞാൻ ഒന്നും പറയാതെ നിന്നപ്പോൾ ജബ്ബാർ പറഞ്ഞു 'ജമീല, പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം. പിന്നെ, ഒളിച്ചോടാനും പ്രേമലേഖനം കൈമാറാനും കല്യാണം നടന്നില്ലെങ്കിൽ ആൽമഹത്യ ചെയ്യാനും ഞാനില്ല. എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് താനായിട്ട് മാത്രമായിരിക്കും.'
മറുപടിക്ക് കാത്ത് നിൽക്കാതെ ജബ്ബാർ നടന്നു.
'ഇത് കേൾക്കാൻ കാത്ത് നിൽക്കുന്ന പെണ്‍കുട്ടികളാണ് ഈ കേമ്പസ്സിൽ ഭൂരിപക്ഷവും. മാഷെ എന്ന വിളി നന്നായിട്ടുണ്ട്' എന്ന് അണ്ടകടാഹം മുഴങ്ങുമാറ് ഉറക്കെ പറയാൻ തോന്നി. സന്തോഷം ഉള്ളിലടക്കി.
ഞാനൊരു മറുപടിയും പറഞ്ഞില്ല.
വാപ്പാട് ഈ വിഷയം എങ്ങിനെ അവതരിപ്പിക്കും. അത് ആലോചിക്കാൻ പോലും വയ്യ. ഉമ്മാട് പറഞ്ഞാൽ ഒരു രക്ഷയുമില്ല. കാരണം  ആങ്ങിളയുടെ മകനെ കൊണ്ട് കെട്ടിക്കാൻ എന്നെ ഉഴിഞ്ഞിട്ടിരിക്കുകയാണ് ഉമ്മ. ആകെ രക്ഷ കുഞ്ഞുമ്മാട് പറയുക തന്നെ. കുഞ്ഞുമ്മാട് എല്ലാം പറഞ്ഞു. എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് ജബ്ബാർ ആയി മാത്രമേയുള്ളൂ. അതിന്ന് ആരും സമ്മതിക്കാതിരുന്നാലും താൻ ആൽമഹത്യ ചെയ്യില്ല, ഒളിച്ചോടില്ല. കുഞ്ഞുമ്മാടെ സംസാരത്തിൽ ഉമ്മയും ഉപ്പയും വീണു. അവർ കല്ല്യാണം നടത്തിതരാമെന്നേറ്റു. ജബ്ബാറിന്റെ വീട്ടിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടായില്ലെങ്കിലും ആദ്യം എതിർപ്പുകൾ ഉണ്ടായി. അവിടെയും സമ്മതം കിട്ടി. ഞങ്ങൾ രണ്ടുപേരും ഇതൊന്നും ആലോചിക്കാതെ ആൽമാർത്തമായി പഠിച്ചു. ഞങ്ങളുടെ വിവാഹം കഴിഞ്ഞു. പക്ഷെ, വിവാഹത്തിന്നു ശേഷം ജബ്ബാർക്കാടെ വീട്ടുകാരുടെ പെരുമാറ്റം വളരെ മോശമായി. ഞങ്ങൾ ഒരു വീട് വാടകക്കെടുത്തു താമസം മാറി. ഇതിനിടെ ഞാൻ ഗർഭിണിയായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ജബ്ബാർക്ക ഗൾഫിൽ പോയി.
എന്റെ പ്രസവത്തിന്റെ കാര്യങ്ങൾക്കായി ഇന്നലെ ജബ്ബാർക്ക പത്തു ദിവസത്തെ ലീവിന്ന് വന്നു.
'മാഷെ, ഞാൻ കളിക്കാൻ പോകുകയാ' എന്ന് പറഞ്ഞു ജബ്ബാർക്ക ഇറങ്ങി.
'ഇക്ക, ഇക്കാക്ക് ഇഷ്ടമുള്ള നെയ്യപ്പം ഇതാ പൊരിച്ചു കൊണ്ടിരിക്കുകയാണ്. അത് കഴിച്ചിട്ട് പോയാൽ പോരെ?' എന്ന എന്റെ ചോദ്യത്തിന്നു 'ഞാൻ വന്നിട്ട് കഴിക്കാം' എന്നായിരുന്നു ഇക്കാടെ മറുപടി.
അല്ലെങ്കിലും ഇക്ക അങ്ങിനെയാണ്. സ്നേഹം കൂടുമ്പോളാണ് മാഷെ എന്ന വിളി. ഗൾഫിൽ പോകുന്നതിന്ന് മുമ്പും ഇപ്പോൾ ലീവിന്ന് വന്നപ്പോളും കുറച്ചു നേരം നാട്ടുകാരുമായി എന്തെങ്കിലും കളിക്കുക എന്നത് ഇക്കാടെ ഒരു സ്വഭാവമാണ്.
പുറത്തേക്കിറങ്ങിയ ഇക്ക തിരിച്ചു വന്നിട്ട് പറഞ്ഞു 'ഓ. ഞാനെന്റെ മോനോട് യാത്ര പറഞ്ഞില്ല.' അതും പറഞ്ഞ് എന്റെ നിറവയറിൽ ഒരു ഉമ്മ തന്നിട്ട് വയറ്റിൽ കിടക്കുന്ന ആ കുട്ടിയോട് കിന്നാരം പറഞ്ഞു. 'പപ്പ പോയിട്ട് വരാം. മോൻ ഉമ്മാട് വികൃതി കാണിക്കരുത്'
ഞാൻ അച്ചപ്പം ഉണ്ടാക്കി കഴിഞ്ഞപ്പോഴാണ് അടുത്ത വീട്ടിലെ വാസുവേട്ടൻ വന്നു പറഞ്ഞത് ' മോളെ ജമീലാ, കളിച്ചു കൊണ്ടിരിക്കുമ്പോൾ ജബ്ബാർ വീണു. ആശുപത്രിയിൽ കൊണ്ട് പോയി. പേടിക്കാനൊന്നുമില്ല'
എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി.
'എനിക്ക് ഇപ്പോളെന്റെ ഇക്കാനെ കാണണം.' ഞാൻ വാസുവേട്ടനോട് പറഞ്ഞു
'അത് വേണ്ട മോളെ, ഈ പൂർണഗർഭിണിയായ നീ അങ്ങോട്ട്‌ പോകേണ്ട' വാസുവേട്ടൻ നിരുൽസാഹപ്പെടുത്തി.
പക്ഷെ എന്റെ ആവശ്യത്തിൽ ഞാൻ ഉറച്ചു നിന്നപ്പോൾ ഒരു വാഹനം ഏർപാടാക്കി എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ ഇക്കാനെ കണ്ടു സംസാരിച്ചു. കയ്യിന്റെ ഒരു എല്ല് ഒടിഞ്ഞിട്ടുണ്ടെന്നും ഒരു ചെറിയ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്നും അറിയാൻ കഴിഞ്ഞു. ഓ. സമാധാനമായി.
ഇക്കാനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയി. ഞാൻ പുറത്ത് കാത്തു നിന്നു. മിനിറ്റുകൾ യുഗങ്ങളായി തോന്നി. ഡോക്ടർ പുറത്തു വന്നു പറഞ്ഞു 'സക്സസ്, ഓപ്പറേഷൻ കഴിഞ്ഞു'
കുറച്ചധികം നേരം കഴിഞ്ഞു. ഓപ്പറേഷൻ തിയ്യറ്ററിന്നു പുറത്ത് ഡോക്ടറും നേഴ്സും കൂടി എന്തോ രഹസ്യമായി സംസാരിക്കുന്നത് കണ്ടു. അവരുടെ മുഖത്ത് എന്തോ ഒരു പന്തികേട് ഞാൻ ശ്രദ്ധിച്ചു. മോശമായ ചിന്തകൾ ഉണ്ടാവുന്നത് ഇത്തരം അവസരങ്ങളിലാണല്ലോ.
കുറച്ചു കഴിഞ്ഞ് നേഴ്സ് വന്നു ചോദിച്ചു 'ജബ്ബാറിന്റെ ആൾ ആരാ?' ഞാൻ ഉടനെ നേഴ്സിന്റെ അടുത്തേക്ക് ചെന്നു. ആണുങ്ങളാരുമില്ലേ എന്ന് ചോദിക്കുന്നത് കേട്ട് വാസുവേട്ടൻ നേഴ്സിന്റെ അടുത്ത് ചെന്നു.
നേഴ്സ് അദ്ദേഹത്തോട് എന്തോ പറഞ്ഞു. കുറച്ചു കഴിഞ്ഞു വാസുവേട്ടൻ എന്നോട് പറഞ്ഞു 'വാ മോളെ, നമുക്ക് വീട്ടിൽ പോകാം'
'വേണ്ട, നമുക്ക് ഇക്കാടെ കൂടെ പോകാം.' കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടി എന്നെ വീട്ടിലേക്ക് കൊണ്ട് പോയി. പിന്നീട് പതുക്കെ പതുക്കെ എന്നോട് വിവരം പറഞ്ഞു മനസ്സിലാക്കി. ജബ്ബാറിക്കാക്ക് അനസ്തേഷ്യ കൊടുത്തു മയങ്ങിയപ്പോൾ ഓപ്പറേഷൻ നടത്തി. ബോധം വരേണ്ട സമയം കഴിഞ്ഞിട്ടും ബോധം വന്നില്ല. പിന്നെ ........പിന്നെ...... എന്റെ ഇക്ക എന്നെന്നേക്കുമായി ഉറങ്ങി. ഇനി തിരിച്ചു വരാത്ത ഉറക്കം.
അവർ എനിക്ക് ഉറങ്ങാനുള്ള മരുന്ന് തന്നെന്ന് പിന്നീട് ഞാനറിഞ്ഞു.
എന്റെ പോന്നുക്കാടെ മയ്യത്ത് കൊണ്ട് വന്നു. എന്നെ ആ മയ്യത്തിന്റെ അടുത്തേക്ക് കൊണ്ട് പോയി. എണ്ണിപറക്കി കരയുന്നത് മയ്യത്തിന്ന് ദോഷമാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ദുഃഖം കടിച്ചമർത്തി. എങ്കിലും എന്റെ നിയന്ത്രണം വിട്ടു ഞാൻ പറഞ്ഞു 'ഇക്കാ നെയ്യപ്പം' ചുറ്റും കൂടിയവർ എന്നെ സമാധാനിപ്പിച്ചു.
മനുഷ്യന് അള്ളാഹു നൽകിയ ഏറ്റവും വലിയ ഗുണമാണ് - മറവി. ഞാനും കുറേശെ മറക്കാൻ ശ്രമിച്ചു.
പിന്നീടാണ് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ പരീക്ഷണഘട്ടം ആരംഭിക്കുന്നത്.

>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും

No comments:

Post a Comment