Tuesday 9 August 2016

അനന്തരഫലം (നർമഭാവന)

അനന്തരഫലം (നർമഭാവന)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അലക്കാട്ടുപുരം എന്ന് പേരുള്ള ബസ്‌ റൂട്ടുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് കരീംക്കാടെ ബേക്കറി കട. പക്ഷെ, കരീംക്കാടെ കടയുടെ മുന്നിൽ ബസ്‌ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ കച്ചവടം കുറച്ചു കുറവാണ്. ബസ്‌സ്റ്റോപ്പ്‌ കുറച്ചു മാറിയാണ് താനും. തന്റെ കടയുടെ മുമ്പില്‍ ഒരു സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടുകയാണെങ്കിൽ കച്ചവടം നന്നായി നടക്കുമെന്ന് കരീംക്ക ആഗ്രഹിച്ചു. അതിന്നായി സർക്കാർ ലെവലിലേക്ക് പരാതികൾ അയച്ചു. ഒന്നും നടന്നില്ലെന്ന് മാത്രം.
അങ്ങിനെയിരിക്കെ, കരീംക്ക പത്രത്തിൽ ഒരു വാർത്ത വായിച്ചു. മറ്റൊരു സ്ഥലത്ത് ഇത്തരത്തിൽ ബസ്‌ സ്റ്റൊപ്പിന്നു വേണ്ടി മുറവിളി നടത്തികൊണ്ടിരിക്കുമ്പോൾ അവിടെ ബസ്‌ സ്ലോ ചെയ്യുമ്പോൾ ഇറങ്ങിതുടങ്ങിയ ഒരാൾ വീഴുകയും തന്മൂലം സർക്കാർ അവിടെ ബസ്‌ സ്റ്റോപ്പ്‌ അനുവദിക്കുകയും ചെയ്തായിരുന്നു ആ വാർത്ത. കരീംക്കാടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. തന്റെ കടയുടെ മുമ്പിൽ ആരെങ്കിലും വീണ് കിട്ടാൻ കരീംക്ക എല്ലാ ആരാധാനാലയങ്ങളിലും നേർച്ച നേർന്നു.
മാസങ്ങൾ കുറച്ചു കഴിഞ്ഞു. കരീംക്ക തന്റെ ലൂണ വണ്ടിയിൽ കട തുറക്കാൻ വരികയാണ്. കരീംക്കാനെ കണ്ടപ്പോൾ ഒരാൾ ഓടിവന്നു പറഞ്ഞു. 'കരീംക്ക, ഇക്കാടെ കടയുടെ മുന്നിൽ ഒരു കുട്ടി ബസ്സ്‌ സ്ലോ ചെയ്തപ്പോൾ ഇറങ്ങിയപ്പോൾ വീഴുകയും ബസ്സ്‌ ദേഹത്ത് കൂടെ കയറി ഉടനെ ആ കുട്ടി മരിക്കുകയും ചെയ്തു.'
'ഓ കഷ്ടമായി പോയി.' എന്ന് ദു:ഖം അഭിനയിച്ചു പറയുകയും, മനസ്സിൽ സന്തോഷിക്കുകയും ചെയ്തു, കരീംക്ക. ഇനി നാളെ മുതൽ തന്റെ കടയുടെ മുന്നിൽ ബസ്സ്‌ സ്റ്റോപ്പ്‌ വരുമല്ലോ എന്ന് ചിന്തിച്ചു കരീംക്ക താൻ നേർച്ച നേർന്ന എല്ലാ ദേവാലയങ്ങളിലും നേർച്ച പണം കൊടുത്തു. സന്തോഷവാർത്ത ഉടനെ വീട്ടിൽ അറിയീക്കുകയും ചെയ്തു.
വളരെ വേഗത്തിൽ സംഭവസ്ഥലത്തേക്ക് കരീംക്ക ചെന്നു. മരിച്ചു കിടക്കുന്ന കുട്ടിയുടെ ചുറ്റും ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. അവരുടെ ഇടയിലൂടെ മരിച്ച ആളെ കരീംക്ക നോക്കി. അങ്ങോട്ട്‌ ഒന്നേ നോക്കിയുള്ളൂ. ആ നോക്കിയത് ഒരു ബുധനാഴ്ചയായിരുന്നു. കരീംക്ക ബോധം കേട്ട് വീണു. ബോധം വന്നപ്പോൾ വെള്ളിയാഴ്ച്ചയായി.
നേരം വെളുക്കുമ്പോൾ തന്നെ ആധാർ കാർഡ് എടുക്കാൻ പോയി തിരിച്ചു വന്ന കരീംക്കാടെ മകളായിരുന്നു, ആ മരിച്ച കുട്ടി.
-------------------------------------
മേമ്പൊടി:
അവനവനാല്മസുഖത്തിന്നാചരിക്കുന്നവ-
യപരന്ന് സുഖതിന്നായ് വരേണം