Thursday, 13 August 2015

ദൈവനിശ്ചയം (കഥ)



ദൈവനിശ്ചയം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

ആശുപത്രിയിലെ തീവ്രപരിചരണ വാർഡിലെ കിടക്കയിൽ കിടക്കുന്ന ഞാൻ ഭർത്താവിനോട് ചോദിച്ചു. 'ഇക്കയെന്താ ഇങ്ങിനെ വിഷമിച്ചിരിക്കുന്നത്?'
'ഓ. ഒന്നുമില്ല' ഇതായിരുന്നു അദ്ധേഹത്തിന്റെ പ്രതികരണം.
ഒന്നുമില്ല എന്ന് പറഞ്ഞുവെങ്കിലും അതിൽ എന്തൊക്കെയോ ഉണ്ടെന്ന് രണ്ട്പേർക്കും മനസ്സിലായി.
കുറച്ചു നേരത്തെ നിശബ്ധതക്ക് വിരാമമിട്ട് കൊണ്ട് ഞാൻ ചോദിച്ചു.
'ഡോക്ടർ എന്ത് പറഞ്ഞു... നമുക്കിനി മക്കളുണ്ടാവുമോ?
'അതൊന്നും പ്രശ്നമില്ല, നമുക്ക് മക്കളുണ്ടാവും' ഇതായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
'ഇക്ക എന്നോട് നുണ പറയുകയാണ്. ഈ കുട്ടിയേയും നമ്മെ ഒരു പാട് ആഗ്രഹിച്ചു. കുട്ടി ഉടുപ്പുകൾ വരെ വാങ്ങിച്ചു അല്ലെ? കുട്ടിയെ അബോര്ട്ടു ചെയ്തില്ലെങ്കിൽ എന്റെ ജീവൻ പോലും പ്രശ്നത്തിലാവുമെന്നു ഡോക്ടർ പറഞ്ഞത് അനുസരിച്ചു അല്ലെ?'
എന്റെ ചോദ്യത്തിനു മുമ്പിൽ നിർവികാരനായിരിക്കാനെ ഇക്കാക്കായുള്ളൂ.
'നമ്മൾ വിവാഹിതരായിട്ട്‌ ഒരു വർഷമാകുന്നതിന്നു മുമ്പ് ഞാൻ ഗർഭിണിയായപ്പോൾ നമ്മുക്ക് ഇപ്പോൾ കുഞ്ഞ് വേണ്ട എന്ന് പറഞ്ഞു അതിനെ നാം അബോർട്ട്‌ ചെയ്തു അല്ലെ. വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഈ കുഞ്ഞും...' എന്റെ വാക്കുകൾ മുറിഞ്ഞു.
ഞാൻ ഇക്കാനെ നോക്കി. അദ്ധേഹം വിങ്ങിപ്പോട്ടുകയാണ്. കരയീക്കാൻ വേണ്ടി പറഞ്ഞതല്ലെങ്കിലും എന്റെ മനസ്സിൽ ഒരു കുറ്റബോധം ഉടലെടുത്തു.
ക്ഷീണിച്ച എന്റെ കയ്യെടുത്ത് അദ്ധേഹത്തിന്റെ കണ്ണീർ തുടച്ചു.
'ഞാൻ വേദനിപ്പിക്കാൻ പറഞ്ഞതല്ല, നമ്മൾ ആ ആദ്യത്തെ കുട്ടിയെ ജീവനോടെ കൊന്നു കളഞ്ഞതിന്നു അള്ളാഹുവിൽ നിന്നുള്ള ശിക്ഷയാണിത്‌ അല്ലെ?. നമുക്ക് അങ്ങിനെ സമാധാനിക്കാം'
വീണ്ടും ഒരു ശ്മശാനമൂകത.
ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി.
മനുഷ്യർക്ക്‌ ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവി എന്നത്. ഞാനും കുറെയൊക്കെ മറക്കാൻ ശ്രമിച്ചു. പക്ഷെ, കുട്ടികളെ കാണുമ്പോൾ അതൊക്കെ തികട്ടിവരും.
കാലചക്രത്തിന്റെ വേഗത പ്രവചനാധീതമാണ്. ചിലപ്പോൾ കുതിരയുടെ വേഗതയും, മറ്റു ചിലപ്പോൾ ഒച്ചിഴയുന്നപോലെയും.
വർഷങ്ങൾ കൊഴിഞ്ഞു വീണു. ഒരു ദിവസം ഞാൻ ഇക്കയോട് പറഞ്ഞു.
'ഇക്ക, എനിക്കിനി കുട്ടികളുണ്ടാവില്ല. പക്ഷെ, നമുക്ക് ലാളിക്കാൻ ഒരു കൊച്ചിനെ വേണ്ടേ?'
'അതിന്?' ഇടയിൽ കടന്നു ഇക്ക ചോദിച്ചു.
'ഇക്ക വേറെ ഒരു കല്യാണം കഴിക്കണം' ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു.
'നീയെന്ത് ഭ്രാന്താണീപറയുന്നത്?' ഇക്ക വികാരാധീനനായി കുറച്ച് ദേഷ്യത്തോടെ ചോദിച്ചു, എന്നിട്ട് കൂട്ടിച്ചേർത്തു. 'എനിക്ക് ഇനിയൊരു വിവാഹം വേണ്ട'.
കുറച്ചു നേരത്തെ നിശ്ശബ്ധതക്ക് ശേഷം ഇക്ക പറഞ്ഞു 'നമുക്ക് രണ്ടു കോടി സ്വലാത്തുകൾ റസൂലിന്റെ ഹധ്റത്തിലേക്ക് അയക്കുന്ന സ്വലാത്ത് നഗറിൽ പോയി അമ്പതിനായിരം സ്വലാത്തുകൾ ചൊല്ലിയാൽ കുട്ടികളുണ്ടാവും'
'ഇക്കാക്ക്‌ ഇതെങ്ങിനെ അറിയാം?' എന്റെ ചോദ്യം ഇക്ക പ്രതീക്ഷിച്ചില്ല.
'കരുനാമപ്പെട്ടിയിലെ ഒരു ഭാര്യക്ക് കുട്ടികളുണ്ടാവാതെ വർഷങ്ങൾക്ക് ശേഷം ഈ സ്വലാത്ത് നഗറിൽ പോയി പ്രാർഥിച്ചപ്പോൾ കുട്ടികുളുണ്ടായി എന്ന് അതിന്റെ സംഘാടകർ വിളിച്ചു പറയുന്നത് ഞാൻ കേട്ടു.' ഇക്ക അങ്ങിനെയാണ് മറുപടി പറഞ്ഞത്.
'ഇക്ക ഞാൻ ചില കാര്യങ്ങൾ ചോദിക്കട്ടെ.. ഒന്നാമതായി ഇന്ന സ്ഥലത്തെ ഒരു പെണ്ണ്, എന്നല്ലാതെ അവരുടെ പേരും വിലാസവും തരാത്തതെന്താ? ഇനി അഥവാ അങ്ങിനെ തന്നു എന്നിരിക്കട്ടെ. മറ്റു സഹോദര സമുദായക്കാരുടെ ധ്യാനത്തിനു പോയിട്ട് കുട്ടികളുണ്ടായിട്ടുണ്ടല്ലോ? മറ്റൊരു പ്രധാനകാര്യം. ഈ സ്വലാത്തും ദിക്കറുകളും നല്ലത് തന്നെയാണ്. അതിൽ എനിക്കും സംശയമില്ല. അതിന്നു ഒരു കൂട്ടങ്ങൾ വേണോ? മൈക്ക് ഇല്ലാതെ സ്വലാത്തും ദിക്കറുകളും ചൊല്ലിയാൽ അല്ലാഹു കേൾക്കില്ലേ?'
'നീ ഉമ്രക്ക് പോയതിന്നു ശേഷം ഒക്കാബി ആയി അല്ലെ? ഒക്കാബികൾ മുസ്ലിം അല്ല അവരോടു സലാം ചൊല്ലരുതെന്നു ഇന്നാൾ ഒരു മുസ്ലിയാർ വയളിൽ പറഞ്ഞത് മറന്നോ?' ഇക്ക എന്നെ പേടിപ്പിക്കാൻ നോക്കി. ഞാൻ അതിന്നും ഉത്തരം പറഞ്ഞു.
'അത് പറഞ്ഞത് നന്നായി. അവിടെ ജന്നത്തുൽ ബക്കീഇലും ജന്നത്തുൽ മുഅല്ലയിലും എത്രയോ സ്വഹാബത്തും സ്വർഗം വാഗ്ദതത്ത്വം ചെയ്തവരെയും മറമാടിയിടത്ത് എന്തെങ്കിലും ജാറങ്ങളോ ആണ്ടു നേർച്ചകളോ റസൂലിന്റെ കാലം മുതൽ ഇല്ലല്ലോ?'
'ലാ ഇലാഹ ഇല്ലല്ലാഹ് - സുബ്ഹാനല്ലാഹ്' എന്ന് ഇക്ക ദിക്കർ ചൊല്ലി.
അല്ലെങ്കിലും ഇക്ക ഇങ്ങിനെയാണ്‌. ചോദ്യത്തിന്നു ഉത്തരം കിട്ടാതെ വന്നാൽ ഒക്കാബി ആക്കുക, അല്ലെങ്കിൽ ദിക്കർ ചൊല്ലുക ഇതാണ് ഇക്കാടെ പത്തൊമ്പതാമത്തെ അടവ്. എന്നാലും ഒരു കാര്യത്തിൽ ഇക്കാനെ എനിക്കിഷ്ടമാണ്. ഇത്തരത്തിൽ ചോദിക്കുന്നവരെ ആരേയും ഇക്ക ഭ്രാന്തൻ എന്ന് വിളിക്കാറില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ പറഞ്ഞപ്പോൾ റസൂലിനെ ഭ്രാന്തൻ എന്ന് അബൂജാഹിൽ വിളിച്ചിരുന്നു.
മനുഷ്യർ എളുപ്പത്തിൽ സ്വർഗം കിട്ടാനുള്ള വഴി തേടുന്നവരാണ്. എന്നിട്ട് ചെന്ന് വീഴുന്നതോ നരകത്തിലും. അത്തരത്തിലുള്ള മനുഷ്യമനസ്സിനെ വിലക്കെടുക്കുകയാണ് ഇത്തരം കൂട്ടായ്മകൾ. വരുംവരായ്കകളെപറ്റി ഇരുകൂട്ടരും ചിന്തിക്കുന്നില്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ഇക്കാട് മുഖവുരയോടെ പറഞ്ഞു.
'ഇക്ക, ഞാനൊരു കാര്യം പറഞ്ഞാൽ ഇക്കാക്ക് ദേഷ്യം വരുമോ?'
'അതിനു നീ പറയുന്നത് എനിക്ക് ദേഷ്യം വരാത്ത കാര്യം ആയാൽ മതി.' ഇതായിരുന്നു ഇക്കാടെ മറുപടി.
'നമുക്ക് ഒരു കുട്ടിയെ ദത്തെടുക്കാം' എന്റെ ആഗ്രഹം ഞാൻ തുറന്നു പറഞ്ഞു.
കുറച്ചു നേരത്തെ നിശബ്ധതക്ക് ശേഷം ഇക്ക ചോദിച്ചു.
'അതിന്ന് പറ്റിയ കുട്ടിയെ എവിടെ നിന്ന് കിട്ടും?'
'നമുക്ക് യത്തീംഖാനയിൽ നിന്നും കിട്ടും'
'അതിന്ന് ഇന്ന് അനാഥാലയങ്ങളിലും ആശുപത്രികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹജ്ജ് ഉമ്ര ട്രാവൽ ഗ്രൂപ്പുകളിലും ചിലത് സാമ്പത്തീകലാഭത്തിന്നുള്ള ഉദ്ധേശമായിരിക്കുന്നു.' ഇക്കാടെ മാറ്റം എന്നെ അത്ഭുധപ്പെടുത്തി.
ആ പറഞ്ഞതിൽ കാര്യമുണ്ട്.
'ഇക്ക, ഇന്നാൾ ഒരാൾ വന്ന് ഒരു അനാഥാലയത്തിൽ ഒരാണ്‍കുട്ടിയുണ്ട്. ഫോട്ടോ കാണിച്ചു തന്നു. എനിക്കിഷ്ടപ്പെട്ടു. ഇക്കാക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആ കുട്ടിയെ കൊണ്ട് വന്നു വളർത്താം.'
ഇക്ക ആവശ്യപ്പെട്ടപ്പോൾ ഞാൻ ഫോട്ടോ കൊടുത്തു. ഇക്കാടെ മുഖം ഞാൻ ശ്രദ്ധിച്ചു. ഇഷ്ടപ്പെട്ടെന്നു ആ മുഖഭാവം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
അങ്ങിനെ ഞങ്ങൾ ആ കുട്ടിയെ കൊണ്ട് വന്ന് ഞാങ്ങളുടെ സ്വന്തം കുട്ടിയെപ്പോലെ വളർത്തി.
ചുമരിലെ കലണ്ടർ മാറിക്കൊണ്ടിരുന്നു. സലീമിന്നു 18 വയസ്സ് കഴിഞ്ഞു. അവൻ എന്ജിനീരിങ്ങിനു പഠിക്കുന്നു. സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുന്ന പോലെ, ബഹുമാനിക്കുന്ന പോലെ ഞങ്ങളോടവൻ പെരുമാറുന്നു.
ഒരു ദിവസം ഇക്കാട് ഞാനൊരു ആവശ്യം പറഞ്ഞു.
'എന്റെ ഭാഗം കിട്ടിയ സ്ഥലം സലീമിന്റെ പേരിലാക്കാൻ വലിയ ആഗ്രഹമുണ്ട് ഇക്ക. ഇക്ക സമ്മതിക്കോ?'
'നീയെന്ത് അബദ്ധമാണ് പറയുന്നത്?. അവൻ നമ്മുടെ സ്വന്തം മകനല്ല, വളർത്തുമകനാണെന്നറിയില്ലേ?' ഇക്കാടെ ചോദ്യം അങ്ങിനെയായിരുന്നു.
'അല്ല, ഇക്ക അവൻ നമ്മുടെ വളർത്തുമകനല്ല. നമ്മുടെ സ്വന്തം മകനാണ്'
എനിക്ക് മാനസിക അസുഖമാണെന്ന് ഇക്കാക്ക് തോന്നിയിട്ടുണ്ടാവും. അങ്ങിനെ തോന്നിയില്ലെങ്കിലെ അത്ഭുധമുള്ളു. ഇക്കാടെ മുഖഭാവം വിളിച്ചറിയീക്കുന്നു.
'ഇക്ക, നമ്മുടെ കല്യാണത്തിന്നു മുമ്പ് ഇക്കാടെ വീട്ടിൽ ഒരു മൈമൂന എന്ന പെണ്‍കുട്ടി ജോലിക്ക് നിന്നിരുന്നില്ലേ?' ഞാൻ ചോദിച്ചു.
ഉവ്വെന്ന് ഇക്ക തലയാട്ടി.
'അന്ന് ഇക്കാക്ക് ചെറുപ്പത്തിന്റെ അവിവേകം സംഭവിച്ചു.'
'ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം?' ഇടയിൽ കയറി ഇക്ക ചോദിച്ചു.
'ഇക്കാടെ ഉപ്പ അതൊക്കെ ക്ലീൻ ആക്കാം എന്ന് സമാധാനിപ്പിച്ചു. ഇക്ക ഗൾഫിൽ പോയി. പക്ഷെ, ഉപ്പ ആ കൊച്ചിനെ കൊന്നില്ല. ആ കൊച്ചാണ് ഈ സലിം.'
'മോളെ എന്നോട് ക്ഷമിക്കൂ....' ഇക്ക കരച്ചിലിന്റെ വക്കത്തെത്തി.
'ഇക്കാക്കറിയോ.... ഈ നമ്മൾ സലീമിനെ ദത്തെടുക്കുന്നതിന്നു മുമ്പ് തന്നെ ഈ വിവരം എനിക്കറിയാം.... അത് കൊണ്ടാണ് ഞാൻ സലീമിനെ തന്നെ ദത്തെടുക്കാൻ പറഞ്ഞത്...'
'പിന്നെ ഞാനും സലീമും കൂടി മൈമൂനയെ കാണാൻ പോയി. ഗുരുതരമായ രോഗശയ്യയിലായിരുന്നു അവരപ്പോൾ. സലീമിനെ ഉമ്മയെ പരിചയപ്പെടുത്തി. അതിന്നു ശേഷം അവർ മരിച്ചപ്പോൾ ഞങ്ങൾ വീണ്ടും പോയി. തിരിച്ചു വരുമ്പോൾ ഞാൻ സലീമിനോട് ചോദിച്ചത്, ഇനി നീ ഞങ്ങളെ വെറുക്കോ എന്നാണു ഇക്ക അന്ന് ഗൾഫിലായിരുന്നു. ഞാൻ ഇക്കാട് ചോദിക്കാതെ പോയതിന്നു ഇക്കാക്ക് എന്നോട് ദേഷ്യമുണ്ടോ? ഞാനവർക്ക് വളരെയധികം സാമ്പത്തീക സഹായം നൽകി'.
'എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല. ആട്ടെ, അവനെന്തു പറഞ്ഞു?'
'അവനെ പ്രസവിച്ചത് മൈമൂനയാണെങ്കിലും നമ്മളാണ് അവന്റെ ഉമ്മയും ഉപ്പയുമെന്നു'
കോളേജ് വിട്ടു സലിം വരുന്നത് കണ്ടപ്പോൾ അവർ സംസാരം നിറുത്തി.
സലീമിന്റെ അടുത്തേക്ക് ഇക്ക ചെന്ന് മോനെ എന്ന് വിളിച്ചു കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിലും ആനന്ദാശ്രു വന്നു.
--------------------------------------------
മേമ്പൊടി:
ദൈവത്തെ കണക്കാക്കേണ്ട വിധത്തിൽ നമ്മൾ കണക്കാക്കുന്നില്ല (വിശുദ്ധ ഖുറാൻ)

No comments:

Post a Comment