പാതാളം ടൂ കേരളം (ഹാസ്യഭാവന)
by ഷെരീഫ് ഇബ്രാഹി, ദാറുസ്സലാം, തൃപ്രയാർ
'അല്ല രാമാ, നമുക്കൊന്ന് ഭൂമിയിൽ പോയി വിശേഷങ്ങളൊക്കെ അന്വേഷിക്കേണ്ടേ? മരിച്ചു പാതാളത്തിലെത്തി
നാല്പത് വർഷം കഴിഞ്ഞപ്പോൾ തിരുമേനിക്കൊരു ആഗ്രഹം. ദൈവത്തിന്റെ സ്വന്തം നാട് ഒന്ന്
കാണണമെന്ന്. എപ്പോഴും ഒരു സഹചാരി വേണമല്ലോ. രാമനാണെങ്കിൽ പാതാളത്തിലെത്തിയിട്ടു
കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ. രണ്ടു പേരും കൂടെ പാതാള പാസ്പോർട്ടുമായി കേരള
എംബസ്സിയിൽ ചെന്നു. സെക്കന്റ് സെക്രട്ടറി ഒടക്ക് വേലായുധനെ കണ്ടു. പാസ്സ്പോർട്ടും
വിസഫോമും പലവട്ടം തിരിച്ചും മറിച്ചും നോക്കി. എന്ത് പറഞ്ഞാണ് രണ്ടു വട്ടം കൂടെ
നടത്തിക്കാൻ പറ്റുക എന്നാണ് മനസ്സിലിരിപ്പ്. ഒടുവിൽ കണ്ടുപിടിച്ചു. യൂറേക്കാ.
എഴുതിയ മഷി നീല കളർ ആണ്. പുതിയ ഫോം കറുത്ത മഷിയിൽ പൂരിപ്പിച്ചു കൊണ്ട് വരാൻ
ഉത്തരവിട്ടു. എംബസ്സിയുടെ അപ്പുറത്ത് കാദർക്കാടെ ചായക്കടയിൽ പൂരിപ്പിച്ചു
കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് തിരുമേനി' രാമനെ അങ്ങോട്ട് പറഞ്ഞയച്ചു.
പൂരിപ്പിച്ച ഫോം കൊടുത്തപ്പോൾ
സെക്രടറി പറഞ്ഞു.
'തിരുമേനി, ഒരാഴ്ച്ചത്തെ വിസയേ പാസാക്കാൻ പറ്റൂ. അതും പെട്ടെന്ന്
കിട്ടണമെങ്കിൽ ദൈവം തമ്പുരാൻ എന്ന വിജിലൻസ് ഓഫീസർ കാണാതെ ഒരു അഞ്ഞൂറ് പാതാള പണം
തരണം'
'അയ്യോ. അങ്ങിനെ പറയരുത്. നോം
ഇക്കൊല്ലം വിഷുവിന് ആരംഭിച്ച എയർ കേരള എന്ന ശകടത്തിൽ ടിക്കറ്റ് ബുക്ക്
ചെയ്തിട്ടുണ്ട്. പണം ഒരു പ്രശ്നോം ഇല്ല.'
അത് കേട്ടപ്പോൾ സെക്രട്ടറിക്ക്
വിഷുവും ഓണവും ഒന്നിച്ചു വന്നത് പോലെയുള്ള സന്തോഷം.
അതോടൊപ്പം തിരുമേനി ഒരു കാര്യം
കൂടെ പറഞ്ഞു. 'നോം എല്ലാവരെയും കണ്ടു വരുമ്പോൾ
ശ്ശി സമയം വേണം. അത് കൊണ്ട് ചുരുങ്ങിയത് ഒരു മാസത്തെക്കുള്ള വിസ വേണം'
'അപ്പോൾ ഒരു പ്രശ്നം. പണം
അയ്യായിരം ആവും'
അതിന്നും തിരുമേനി തയ്യാർ.
വിസ ശെരിയായി. തിരുമേനിയും
രാമനും കൂടെ പാതാളം ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന്റെ മൂന്ന്
മണിക്കൂർ മുമ്പ് തന്നെയെത്തി.
ആദ്യം തന്നെകേട്ട വാർത്ത എയർ
കേരള നാല് മണിക്കൂർ ഇരുപത് മിനിട്ട് ലേറ്റ് ആണെന്നായിരുന്നു. കേരളത്തിൽ എയർ ഫ്യൂവൽ
അടിച്ചതിന്റെ പൈസ കൊടുക്കാത്തത് കൊണ്ടുള്ള പ്രശ്നം. മന്തിസഭ ഇടപെട്ട് ആ കണക്ക്
എഴുതി തള്ളി യാത്ര പുറപ്പെടാൻ അർജെന്റ് മീറ്റിംഗ് കൂടുന്നത്രേ. ഈ കണക്കിന്റെ
കാര്യം ഒരു കണക്കാ എന്ന് തിരുമേനി മനസ്സിൽ പറഞ്ഞു.
പറഞ്ഞ സമയത്ത് വീണ്ടും ഒരു
വാർത്ത വന്നു. പാതാളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ കേരള AK 47 വീണ്ടും അഞ്ചു മണിക്കൂർ പത്തു മിനിറ്റ് ലേറ്റ് ആണ്.
നല്ല വിശപ്പ്. പുറത്ത് പോയി
എന്തെങ്കിലും കഴിക്കാമെന്ന് വെച്ചാൽ യമകിങ്ങരന്മാർ സമ്മതിക്കില്ല. എയർ കേരളയുടെ
ഒരു ആപ്പീസർമാരെയും കാണാനില്ല.
ഒടുവിൽ ആ ശകടം വന്നെത്തി.
അകത്ത് അടുത്തടുത്ത സീറ്റുകളിൽ തിരുമേനിയും രാമനും ഇരുന്നു.
'എല്ലാവരും സീറ്റ് ബെൽറ്റ്
ഇടണം'എയർ ഹോസ്റെസ്സിന്റെ ഉത്തരവ്.
'ഏയ് പെമ്പ്രന്നോത്തി. ഈ
ബെൽറ്റിന്റെ സ്ട്രാപ് പൊട്ടി കിടക്കുകയാണ്'
തിരുമേനിയുടെ മനസ്സ് സത്യം
വിളിച്ചു പറഞ്ഞു.
എയർ ഹൊസ്റ്റെസ് കൊക്ക്പിറ്റിൽ
ചെന്ന് ഒരു ചെറിയ കഷണം കയർ കൊണ്ട് വന്ന് തിരുമേനിയെ സീറ്റിൽ വരിഞ്ഞു മുറുക്കി
കെട്ടി.
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു.
ഫ്ലൈറ്റിൽ ഒരു കട്ടൻ ചായയും രണ്ട് മുറുക്കും കിട്ടി.
വിഷുവിന് തുടങ്ങുമെന്ന് ഉറപ്പു
പറഞ്ഞ എയർ കേരള പറഞ്ഞ പോലെ വിഷുവിന് തുടങ്ങി.
...............................എട്ട്
വർഷം കഴിഞ്ഞിട്ടാണെന്ന് മാത്രം.
ഫ്ലൈറ്റ് വട്ടമിട്ടു പറക്കാൻ
തുടങ്ങി. ലാന്റിംഗ് ആണെന്ന് ആ പെമ്പ്രന്നോത്തി പറഞ്ഞു.
ആകെയുള്ള പെട്ടിയുമായി
കസ്റ്റംസിലേക്ക് ചെന്നു. ഡ്യൂട്ടി അടച്ചു പുറത്തു കടന്നു.
'ഒരു അഞ്ഞൂറ് രൂപ താ' പുറത്തു നിന്ന ഒരു കപ്പട മീശ തിരുമേനിയോട് പറഞ്ഞു.
'എന്തിനാ അഞ്ഞൂറ്?' തിരുമേനിക്ക് അത്ഭുദം.
'ദെന്തൂട്ടാ, ഈ കന്നാലിക്കു ഒന്നും അറിയൂലെ? അത് നിങ്ങൾ പെട്ടി കൊണ്ട് വന്നപ്പോൾ ഞങ്ങൾ നോക്കിയില്ലേ? അതിന്റെ നോട്ട കൂലിയാ'
തിരുമേനി പറയുന്നതിന്നു മുമ്പ്
രാമൻ രൂപ കൊടുത്തു.
'ഇതേതാ സ്ഥലം?' തിരുമേനിയുടെ ചോദ്യത്തിന്ന് എയർപോർട്ടിൽ നിന്നും പുറത്തു
വരികയായിരുന്ന പൈലറ്റ് ആണ് മറുപടി പറഞ്ഞത്.
'ഇത് തൃശ്ശൂരാ'
'ഞങ്ങൾ ടിക്കറ്റ് എടുത്തത്
തിരുവനന്തപുരത്തെക്കല്ലേ?'
'അതൊക്കെ ശെരിയാ. പക്ഷെ ഞങ്ങൾ
ഇഷ്ടമുള്ളിടത്ത് ഇറക്കും. ഇത് തന്നെ നിങ്ങളുടെ ഭാഗ്യം. മദ്രാസിൽ ഇറക്കാൻ
നോക്കിയതാ. അവർ സമ്മതിക്കാത്തത് കൊണ്ടാണ് ഇവിടെ ഇറക്കിയത്. അധികം വേലയെടുക്കേണ്ട.
കൂടുതൽ സംസാരിച്ചാൽ പിന്നെ പാതാളം കാണില്ല'.
ഒരു കാർ വാടകക്കെടുത്തു
തിരുവനന്തപുറത്തേക്ക് വിട്ടു. ദേഹം മുഴുവൻ വേദനയെടുക്കുന്നു. റോട്ടിൽ നിറയെ
കുഴികൾ. കാർ എറണാകുളത്ത് എത്തി. യാത്രാക്ഷീണം കൊണ്ട് തിരുമേനി ഒന്ന് മയങ്ങി. പുറത്ത്
വലിയ ഒരു ശബ്ദം കേട്ടത് കൊണ്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. വിവരം അന്വേഷിച്ചു.
'തിരുമേനി, ഇനി നമുക്ക് പോകാൻ കഴിയില്ല. ഹർത്താലാണ്' ഡ്രൈവർ പറഞ്ഞു
'ഹർത്താലോ, അതെന്തു മാരണമാണ്?'
'AKMS - ലെ ഒരാളെ പോലീസ് പിടിച്ചു.
അദ്ധേഹത്തെ വിടാതെ ഹർത്താൽ തീരില്ല. തൊണ്ണൂറ്റിആറ് മണിക്കൂറാണ് ഹർത്താൽ.'
'എന്താണീ AKMS?' തിരുമേനി സംശയം ചോദിച്ചു.
'ആൾ കേരള മോഷണ സംഘം'
ടാക്സിക്കാരന് പണം കൊടുത്തു
തിരുമേനിയും രാമനും ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര തുടർന്നു. തിരുവനന്തപുരത്തെത്തി.
ബന്ധക്കാരുടെ വീടുകൾ
സന്ദർശിക്കാൻ തുടങ്ങി. ഒരു വീട്ടിൽ ചെന്നപ്പോൾ ആ വീട്ടിലെ സ്ത്രീ ടീ വീ കാണുന്നു.
കരയുകയും ചെയ്യുന്നു.
'അല്ല ചേച്ചി ആരെങ്കിലും മരിച്ചോ?'രാമൻ ചോദിച്ചു.
'മരിച്ചാൽ ആരെങ്കിലും ഇന്നത്തെ
കാലത്ത് കരയോ? ഇത് സീരിയലിന്റെ അയ്യായിരത്തി
അറനൂറ്റി എഴുപതാം എപ്പിസോടാണ്. ഇപ്പോഴാണ് അമ്മക്ക് മകളെ തിരിച്ചറിഞ്ഞത്. ഇത്ര കാലം
ആ കുട്ടി ആ വീട്ടിൽ ഒരു വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു. അതോർത്ത് കരഞ്ഞതാ'
'തിരുമേനി, ആ പോസ്റ്റ് കണ്ടോ, ഒരു തോർത്ത് വാങ്ങിയാൽ ഒരു വാഷിംഗ് മഷീൻ ഫ്രീ.'
ശെരിയാണ്. അല്ലെങ്കിലും എന്ത്
ഫ്രീ കണ്ടാലും വാങ്ങുന്ന ഒരസുഖമുണ്ട് രാമനു. രാമൻ ചെന്ന് വില ചോദിച്ചു.
തോര്ത്തിന്നു 4899 രൂപ വില. കടയിൽ കയറിയ അതെ വേഗതയിൽ രാമൻ തിരിച്ചിറങ്ങി.
കോളെജിലേക്ക് പോകേണ്ട സമയത്ത്
കുട്ടികൾ കോളേജിൽ നിന്ന് പുറത്തു വരുന്നു. അവരിൽ ഒരാളോട് ചോദിച്ചു. എന്താ ഇന്ന്
കോളേജ് ഇല്ലേ?'
അതിന്നു കിട്ടിയ പലരുടേയും
മറുപടികൾ രസമായിരുന്നു.
'അല്ല മൂപ്പില് ചായകളും
വെള്ളങ്ങളും ഒക്കെ കഴിച്ചോ?' തിരുവനന്തപുരത്തുകാരൻ
'കന്നാലി എവിടെന്നാ കുറ്റീം
പറിച്ചു വരുന്നത്?' തൃശ്ശൂർക്കാരൻ
'എടാ ഈ മൂപ്പിലെ എടുത്ത് പുറത്ത്
ചാടിക്കോ' കണ്ണൂർക്കാരൻ
'ജ്ജ് ഏടക്കാ മാണ്ട്ണൂണ്ണീ. നേരം
വെളിച്ചാവുമ്പോ കുടിച്ചാണ്ടും പുടിച്ചാണ്ടും വരും. അന്റെ പൂതി പത്ത്മുഗ്ഗായിരം
തട്ടാനല്ലേ?' മലപ്പുറത്തുകാരൻ.
'ഞങ്ങൾ പാതാളത്തിൽ നിന്നും
വരികയാണ്' തിരുമേനി മറുപടി കൊടുത്തു.
'നുമ്മടെ നാട്ടുകാരനാ കേട്ടാ, എറണാകുളത്ത് വൈപ്പിനിലാണ് നുമ്മ വീട്. തിരുമേനി
ഉദ്യോഗമണ്ടലിന്നടുത്ത പാതാളം എന്നാ സ്ഥലത്താണ് അല്ലെ'
' അതല്ല മക്കളെ, ഇന്നെന്താ മക്കൾക്ക് ക്ലാസ് ഇല്ലേ?' തിരുമേനി ചോദിച്ചു.
'ഞങ്ങൾ ABC എന്ന രാഷ്ട്രീയ സംഘടനയുടെ വിദ്യാർഥികളാണ്. XYZ എന്ന രാഷ്ട്രീയ സംഘടനയുടെ വിദ്യാർഥികൾ ഞങ്ങളെ തോണ്ടി. അത്
കൊണ്ട് ഇന്ന് മുതൽ സമരമാണ്'.
'അല്ല, എന്നിട്ട് നിങ്ങൾ എങ്ങോട്ട് പോകുന്നു?' രാമന്റെ ചോദ്യം
'ഞങ്ങൾ സിനിമക്ക് പോകുന്നു'.
'വീട്ടിൽ പോയി വല്ലതും പഠിച്ചൂടെ?'
'വീട്ടിൽ ചെന്നാൽ അച്ഛനും
അമ്മയും എന്തെങ്കിലും പണി ചെയ്യാൻ പറയും. ഇതാകുമ്പോ സമയം പോയി കിട്ടുമല്ലോ'
'നിങ്ങളുടെയൊക്കെ രാഷ്ട്രീയ
പാർട്ടികളുടെ മുതിർന്നവരുടെ മക്കൾ ഈ കാളേജിൽ പഠിക്കുന്നുണ്ടോ? തിരുമേനിയുടെ ചോദ്യം
'ഏയ്. അവരുടെ മക്കളൊക്കെ
കേരളത്തിനു പുറത്താണ് പഠിക്കുന്നത്'
-----------------------------------
ഒരു മാസം കേരളത്തിൽ താമസിക്കാൻ
വന്ന തിരുമേനിയും രാമനും ഒരാഴ്ച കൊണ്ട് യാത്ര മതിയാക്കി തിരിച്ചു പാതാളത്തിലേക്ക്
പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി.
'അല്ല രാമാ, എപ്പോഴും നുണ മാത്രം പറയുന്ന ആൾക്ക് ഹരിശ്ചന്ദ്രൻ എന്ന്
പേരിട്ടാൽ എങ്ങിനെയിരിക്കും?'
'എന്താ ഇപ്പൊ തിരുമേനിക്ക്
ഇങ്ങിനെ തോന്നാൻ കാരണം?'
അല്ല ആ ബോർഡ് ഒന്ന് വായിച്ചേ' എന്ന് പറഞ്ഞ് തിരുമേനി രാമനു ആ ബോര്ഡ് കാണിച്ചു കൊടുത്തു.
രാമൻ ആ ബോര്ഡ് വായിച്ചു..........
'THANKS FOR YOUR VISIT. COME AGAIN TO GOD'S OWN
COUNTRY
No comments:
Post a Comment