Friday, 14 August 2015

ഈയ്യാംപാറ്റയുടെ ജീവിതം (കഥ)



ഈയ്യാംപാറ്റയുടെ ജീവിതം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

ആകസ്മികമായി ഗൾഫിലുണ്ടായിരുന്ന എന്റെ വാപ്പ ഹൃദയസ്തംഭനം മൂലം മരിച്ചതിനു ശേഷം ഉമ്മയാണ് ഏകമകളായ എന്നെ വളർത്തിയത്‌. ഉമ്മ വേറെ വിവാഹം കഴിച്ചുമില്ല, കല്യാണപ്രായമായപ്പോൾ പല ആലോചനകളും വന്നു. ഒടുവിലാണ് സലീംക്കാടെ ആലോചന വന്നത്. ഗൾഫിൽ ഒരു സൂപ്പർമാർകെറ്റിലെ ജോലി. എന്നെ ഏതോ കല്യാണവീട്ടിൽ വെച്ച് സലീംക്കാടെ വീട്ടുകാർ കണ്ടിട്ടുണ്ടത്രേ.
ഉമ്മാടെ വീട്ടുകാർ ഒന്നിനും സഹായിച്ചില്ല എന്ന് മാത്രമല്ല, എന്റെ കല്യാണചിലവിന്ന് പൈസക്കായി വാപ്പാടെ ആകെയുണ്ടായിരുന്ന നാല് സെന്റ്‌ സ്ഥലം വാങ്ങാൻ കോടീശ്വരനായ ഉമ്മാടെ ജ്യെഷ്ടനോട് ഉമ്മ പറഞ്ഞപ്പോൾ കിട്ടിയ മറുപടി മാമ ഒരു പുതിയ ബെൻസ്‌ കാർ വാങ്ങാൻ കുറച്ചു പൈസയുടെ കുറവ് കൊണ്ട് വിഷമിക്കുകയാണെന്നാണ്. ബന്ധവും സ്വന്തവും എന്താണെന്ന് തിരിച്ചറിയാൻ പറ്റുന്ന ചില സന്ദർഭങ്ങളാണ് ഇതെല്ലാം.
വാപ്പാടെ അനുജനാണ് എല്ലാ സഹായവും ചെയ്തത്. കടമായും സംഭാവനയായും പണം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഇത്ര സ്വർണം തരാം, പണം തരാം എന്നൊന്നും പറയേണ്ടെന്ന് ഉമ്മ, എളാപ്പാട് പറഞ്ഞേൽപ്പിച്ചു. എളാപ്പ അപ്രകാരം ചെയ്തു. സലീംക്കാടെ വീട്ടുകാർക്ക് ഒരു ഡിമാന്റും ഇല്ലെന്ന് പറയുകയും ചെയ്തു.
സലീംക്കാക്ക് ഉപ്പയും ഉമ്മയും മാത്രം. വേറെ ആരുമില്ല. ഉപ്പയും ഉമ്മയും പത്തിരി, മുറുക്ക് തുടങ്ങിയവ ഉണ്ടാക്കി അടുത്തുള്ള കടകളിലും ആവശ്യക്കാർക്കും വിറ്റിട്ടാണ് ജീവിച്ചിരുന്നത്. ഇക്ക ഗൾഫിൽ പോയിട്ടും ആ കച്ചവടം നിറുത്താൻ അവർ തയ്യാറായില്ല. അതൊരു മോശം പണിയാണെന്നോ അത് ചെയ്യേണ്ടാന്നോ ഇക്ക പറഞ്ഞില്ല. ഏത് ജോലിയും മാന്യമാണെന്ന് വിശ്വസിക്കുന്നവരാണ് അവരെല്ലാം.
അങ്ങിനെ വളരെ അടുത്ത ആളുകളെ മാത്രം വിളിച്ചു ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞു.
ഒരു ദിവസം സലീംക്ക പറഞ്ഞു. 'ജമീല, നമുക്കിന്നൊരു സിനിമക്ക് പോകാം. അപ്പോൾ നിനക്ക് ടൌണും കാണാമല്ലോ?'
ഞങ്ങൾ പട്ടണത്തിലുള്ള തിയേറ്ററിൽ ചെന്ന് സിനിമ കണ്ടു. യാത്ര ബസ്സിലായിരുന്നു. ഇരിക്കാൻ സീറ്റ്‌ കിട്ടാതെ കമ്പിയിൽ പിടിച്ചു നിന്നിട്ടാണ്‌ രണ്ടു പേരും പട്ടണത്തിലേക്ക് പോയത്. സിനിമ കഴിഞ്ഞു പുറത്തു വന്നു നിൽക്കുമ്പോൾ ഒരാൾ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു. ഞാനത് ഇക്കാട് സൂചിപ്പിക്കുകയും ചെയ്തു. അവരൊക്കെ നോക്കുന്നതിനു നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു ഇക്കാടെ സമാധാനിപ്പിക്കൽ.
'അത് വേണ്ട എന്നെ എന്റെ ഇക്ക മാത്രം നോക്കിയാൽ മതി' എന്ന് ഞാൻ മറുപടിയും കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ അടുത്തേക്ക് വന്നിട്ട് സലിംക്കാട് പറഞ്ഞു 'കല്യാണത്തിന്നു വരാൻ കഴിഞ്ഞില്ല. ഞാനൊരു യൂറോപ്യൻ ടൂറിൽ ആയിരുന്നു'.
ഞാനവരുടെ അകലെ മാറി നിന്നു. പോകുമ്പോൾ ആ മനുഷ്യൻ ഞങ്ങളോട് കാറിൽ പോന്നോളാൻ പറഞ്ഞു. ഞാൻ ഇക്കാട് വേണ്ട എന്ന് കണ്ണ് കൊണ്ട് ആങ്ക്യം കാണിച്ചു.
'കുറെ സ്ഥലത്തേക്ക് പോകാനുണ്ട്' എന്ന് സലീംക്ക പറഞ്ഞതനുസരിച്ച് അയാൾ പോയി.
'അവൻ എന്റെ ക്ലാസ് മേറ്റും നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനും ഒരു പാട് ബിസിനസ്‌ സാമ്രാജ്യങ്ങളുമുള്ള നവാസ് ആണ്.' ചോദിക്കാതെ തന്നെ ഇക്ക ഒരു പാട് കാര്യങ്ങൾ പറഞ്ഞു. എനിക്കത് കേൾക്കാൻ ഇഷ്ടമായില്ല. ഞാൻ അത് എടുത്തു പറയുകയും ചെയ്തു.
ഞങ്ങൾ വന്ന പോലെ തിരിച്ചു ബസ്സിൽ കമ്പിയിൽ പിടിച്ചു യാത്ര ചെയ്തു.
ഇക്കാടെ ലീവ് കഴിയാറായി. രണ്ട് വർഷം കൂടുമ്പോൾ രണ്ട് മാസമാണ് ലീവ്. കല്യാണം കഴിഞ്ഞ് ഇരുപതു ദിവസമേ ലീവ് ഉണ്ടായിരുന്നുള്ളൂ. നാളെ ഇക്ക പോകുകയാണ്. ഇക്ക പോകുന്നത് ആലോചിക്കാനേ വയ്യ. രാത്രി കിടക്കുമ്പോൾ ഇക്ക പറഞ്ഞു 'ഞാൻ ഗൾഫിൽ ഹാർട്ട്‌ അറ്റാക്ക് വന്ന് മരിക്കുമെന്ന് തോന്നുന്നു'. ഇത് കേട്ട ഉടനെ ഇക്കാടെ വായപൊത്തിപിടിച്ച് ഞാൻ പറഞ്ഞു. 'അങ്ങിനെയൊന്നും പറയരുത്. ഇക്കാടെ മടിയിൽ കിടന്ന് എനിക്ക് മരിക്കണം'
പിറ്റേന്ന് ഇക്ക ഗൾഫിലേക്ക് പോയി. പോകുമ്പോൾ ഇക്കാടെ മൊബൈലും സിം കാർഡും എനിക്ക് തന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും ഇക്ക നിർബന്ധിച്ചതുകൊണ്ട് ഞാൻ വാങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ഫോണിലേക്ക് ഒരു കാൾ വന്നു. 'ഹല്ലോ ഞാൻ നവാസ് ആണ്. സലിം ഇല്ലേ?'
'ഇല്ല, ഇക്ക ഗൾഫിലേക്ക് പോയി.' ഫോണ്‍ കട്ട് ചെയ്യട്ടെ എന്ന് പറയാതെ തന്നെ ഞാൻ കട്ട് ചെയ്തു. അയാളെ എനിക്ക് ഇഷ്ടമില്ല. ആ വൃത്തികേട്ട നോട്ടം മനസ്സിൽ ഓടിയെത്തി.
പിറ്റേന്നും നവാസ് വിളിച്ചു. സോറി പറയാനാണ് വിളിച്ചതെന്നും ഇനി വിളിക്കുന്നതിന്നു വിരോധമുണ്ടോ എന്നും ചോദിച്ചു. വേണ്ട എന്ന് പറയാൻ തോന്നിയില്ല. പക്ഷെ പിന്നെ കുറച്ചു ദിവസത്തേക്ക് കാൾ ഒന്നും വന്നില്ല. അതിൽ സന്തോഷമോ ദു:ഖമോ തോന്നിയില്ല.
പിന്നീട് ഒരു ദിവസം വിളിച്ചു. 'എന്തെ നവാസ്ക്ക കല്യാണം കഴിക്കാത്തെ?' സംസാരത്തിന്നിടക്ക് അങ്ങിനെ ചോദിക്കാൻ തോന്നി. അങ്ങിനെ ചോദിക്കേണ്ടായിരുന്നെന്ന് പിന്നെ തോന്നി.
'ഒരു നല്ല പെണ്കുചട്ടിയെ കിട്ടിയില്ല, അത് തന്നെ കാരണം.' അതായിരുന്നു നവാസ്ക്കാടെ മറുപടി.
'എന്താണ് നല്ല പെണ്കുണട്ടിയെന്ന് ഉദ്ദേശിച്ചത്?'
'എനിക്ക് ജമീലയെ പോലെയുള്ള ഒരു പെണ്കു്ട്ടിയെയാണ് വേണ്ടത്' ഒന്ന് നിറുത്തികൊണ്ട് സലീംക്ക തുടർന്നു 'ജമീലയായാലും നന്നായിരുന്നു.'
ഞാനെന്താണീ കേൾക്കുന്നത്. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. പക്ഷെ താൻ മറ്റൊരാളുടെ ഭാര്യയാണെന്ന് ഒരു നിമിഷം ആലോചിച്ചു. നവാസ്ക്ക മദ്രാസിൽ ബിസിനസ്‌ ടൂർ ആയിരുന്നു എന്ന് പറഞ്ഞു.
എന്നും നവാസ്ക്കാടെ ഫോണ്‍ കാളിന്നായി കാത്തിരുന്നു.
ഒരു ദിവസം സലീംക്കാടെ ഉപ്പാക്ക് അസുഖം വന്നു.
'ജമീല, ഉപ്പാക്ക് സുഖമില്ല. നമുക്ക് ഡോക്ടറുടെ അടുത്തൊന്നു പോകാം'
സലീംക്കാടെ ഉമ്മ പറഞ്ഞതനുസരിച്ച് ഞങ്ങൾ ടൌണിലുള്ള ഹൊസ്പിറ്റലിലേക്ക് ഡോക്ടരെ കാണാൻ പോയി.
ഉമ്മയും ഞാനും ഹോസ്പിറ്റലിൽ ഉപ്പാക്ക് കൂട്ടിരുന്നു.
ഗൾഫിൽ നിന്നും സലീംക്ക ഫോണ്‍ ചെയ്തു. രണ്ടു ദിവസം എന്നെ വിളിച്ചിരുന്നുവെന്നും എന്തേ എടുക്കാതിരുന്നതെന്നും ചോദിച്ചു. ജോലി തിരക്കിലാണെന്ന് നുണ പറഞ്ഞു. പാവം വിശ്വസിച്ചിട്ടുണ്ടാവും.
നവാസ്ക്കാടെ ഫോണ്‍ വന്നു. നിനക്ക് എന്റെ ഭാര്യയാവാമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം തന്നെ.
ഒരു നിമിഷം എന്താണ് പറയേണ്ടതെന്ന് ആലോചിച്ചു. എന്റെ മറുപടി കിട്ടാതെ വന്നപ്പോൾ ആലോചിച്ചു പറഞ്ഞാൽ മതി, അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന് നവാസ്ക്ക പറഞ്ഞു.
ഹൃദയത്തിന്റെ താളം തെറ്റുന്ന നിമിഷങ്ങൾ. കാലത്തിന്റെ പരിണാമമോർത്തു ഞാൻ തന്നെ അൽബദപ്പെട്ടു. ഈയൊരു മനുഷ്യനെയാണോ എന്നെ നോക്കുന്നത് പോലും എനിക്ക് ഇഷ്ടപെടാത്തത്, ആ മനുഷ്യന്റെ കൂടെ പോരാമോ എന്ന് ചോദിച്ചിട്ട് മറുപടി പറയാൻ കഴിയാത്ത അവസ്ഥ.
വീണ്ടും നവാസ്ക്കാടെ ഫോണ്‍ വന്നു. 'എന്തെ ആലോചിച്ചോ?'
ഞാനൊന്നും പറഞ്ഞില്ല.
'ഇഷ്ടമാണെങ്കിൽ ഹോസ്പിറ്റലിന്റെ പുറത്തു രാത്രി എട്ടിന്നു വരിക' എന്ന് മാത്രം പറഞ്ഞു നവാസ്ക്ക ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും കിട്ടുന്നില്ല. ഇറങ്ങി പോകുന്നത് മതപരമായും സാമൂഹ്യപരമായും തെറ്റാണെന്ന് മനസ്സിന്റെ ഒരു കോണിൽ നിന്നും ജീവിതം ഒരിക്കലേയുള്ളൂ അത് കൊണ്ട് ഇറങ്ങി പോകുക എന്ന് മറ്റേ കോണിൽ നിന്നും കേട്ടു. അവിടെ രണ്ടാമത്തെ അഭിപ്രായം ജയിച്ചു.
ഉമ്മയും ഉപ്പയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ആരോടും ഒന്നും പറയാതെ പുറത്തു കടന്നു.
അവിടെ എന്റെ സ്വന്തം നവാസ്ക്ക കാറുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ആ കാറിലിരിക്കുമ്പോഴത്തെ സുഖം പറഞ്ഞറിയീക്കാൻ വയ്യ. പുറത്ത് നല്ല ചൂടായിട്ടും കാറിന്നുള്ളിൽ നല്ല തണുപ്പ്. കാറിന്റെ പിൻസീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ നവാസ്ക്ക നിർബന്ധിച്ചു മുൻസീറ്റിൽ ഇരുത്തി.
നാവാസ്ക്കാടെ വീട് ഒരു രാജകൊട്ടാരം തന്നെ. ഒരു പാട് കാറുകൾ. പരിചാരികമാർ.
ഇതിനകം ഞാൻ നവസ്ക്കാടെ കൂടെ പോയ വിവരം സലീംക്ക അറിഞ്ഞെന്ന് നവാസ്ക്ക തന്നെ പറഞ്ഞു. അത് ഞാൻ പ്രതീക്ഷിച്ചതുമാണല്ലോ. എന്നെ ഉപേക്ഷിച്ചതായി ലെറ്റർ കിട്ടി. സമാധാനമായി. ഇനി നവാസ്ക്കയുമായി വിവാഹം നടത്താമല്ലോ. സലീംക്ക വേറെ ഒരു വിവാഹം കഴിച്ചെന്നും അവിടെ സൂപ്പർമാർക്കറ്റിൽ സൈൽസ്മാനായിരുന്ന സലീംക്ക സെക്ഷൻ മേനെജരായെന്നും ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോയെന്നും അറിഞ്ഞു. അനവധിപ്രാവശ്യം രേഖാമൂലമുള്ള വിവാഹത്തെ പറ്റി നവാസ്ക്കാട് സൂചിപ്പിച്ചു. ഓരോ ഒഴികഴിവ് പറയുകയാണ്‌ പതിവ്.
മാസം ആറ് കഴിഞ്ഞു. ഇതിനിടെ നവാസ്ക്കാക്ക് കല്യാണാലോചന വരുന്നതായി അറിഞ്ഞു. വീണ്ടും കല്യാണത്തെ പറ്റി ചോദിച്ചപ്പോൾ നവാസ്ക്കാടെ മട്ടുമാറി.
'നിന്നെ ഞാൻ കല്ല്യാണം കഴിച്ചാലും ഇല്ലെങ്കിലും നിനക്കിവിടെ സുഖമായി ജീവിക്കാമല്ലോ?'
'എനിക്ക് നവാസ്ക്കാടെ ഭാര്യയായി ജീവിക്കണം' ഞാനെന്റെ ആവശ്യം പറഞ്ഞു.
'അല്ലാതെ തന്നെ നിനക്ക് സകലവിധ സുഖത്തോടെ ജീവിക്കാം'
'ഏത് നിലയിൽ?'
'ഏത് നിലയിൽ വേണമെങ്കിലും കൂട്ടിക്കോളൂ' നിസ്സംഗമായ മറുപടി.
'ഇതൊരു വഞ്ചനയല്ലേ നിങ്ങൾ ചെയ്യുന്നത്?' ആദ്യമായി എന്റെ ശബ്ധത്തിൽ മാറ്റം വന്നു.
'അതെ. സംശയമില്ല. നിന്നെ ഞാൻ വഞ്ചിച്ചു. അത് ചോദിക്കാൻ നിനക്ക് അവകാശമില്ല. കാരണം നീ നിന്റെ ഭർത്താവിനെ വഞ്ചിച്ചവളാണ്. എന്റെ സൌന്ദര്യവും പണവും കണ്ടപ്പോൾ നീ ആ പാവം സലീമിനെ വഞ്ചിച്ചു. നാളെ എന്റെ സൌന്ദര്യവും സമ്പത്തും ഇല്ലാതാവുകയോ എന്നേക്കാൾ ഇവ കൂടുതലുള്ള മറ്റൊരാളെ കാണുകയോ ചെയ്‌താൽ നീ എന്നെയും വഞ്ചിക്കുകയില്ലെന്നു എങ്ങിനെ ഉറപ്പാക്കും. അത് കൊണ്ട് നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക'.
ഒന്നും ആലോചിക്കാൻ നിന്നില്ല. ഒരിക്കലും ആൽമഹത്യ ചെയ്യില്ലെന്ന് ഉറപ്പാക്കി. ഒന്നും പറയാതെ നേരെ പോയി, ഉമ്മാടെ അടുത്തേക്ക്. ഉമ്മ എന്ത് പറയുമോ ആവോ? നവാസ്ക്കാടെ കൂടെ പോയതിനു ശേഷം ഒരിക്കലും ഉമ്മാടെ അടുത്ത് പോകുകയോ ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല. ഉമ്മ അടിച്ചു പുറത്താക്കുമെന്നു ഉറപ്പാണ്. അങ്ങിനെ സംഭവിച്ചാലും ഏതെങ്കിലും വീട്ടിൽ അടുക്കളപണിയെടുത്ത് ജീവിക്കണം.
നെഞ്ഞിടിപ്പോടെയാണ് വീട്ടിലെത്തിയത്. ഉമ്മാട് എല്ലാം തുറന്ന് പറഞ്ഞു. ആ ഉമ്മ എന്നെ കെട്ടിപിടിച്ച് അകത്തേക്ക് കൊണ്ട് പോയി.
-------------------
മേമ്പൊടി:
പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ
ദു:ഖത്തിൻ മുള്ളുകൾ പൂവിരൽതുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണവറ്റാത്തൊരു ചിത്രവിളക്കാണ് ഭാര്യ
എണ്ണിയാൽ തീരാത്ത ജന്മാന്ധരങ്ങളിൽ അന്നധാതേശ്വരി ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം ചാർത്തുന്നു ഭാര്യ

No comments:

Post a Comment