Friday 13 May 2016

ഗുരുദക്ഷിണ (കഥ)

ഗുരുദക്ഷിണ (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


ആദ്യമായിട്ടാണ് കളക്ടറേറ്റ് കാണുന്നത്. ഒരിക്കലും വരില്ലെന്ന് കരുതിയതാണ്. എന്ത് ചെയ്യാനാണ്. കാര്യം നടക്കണമെങ്കിൽ ചെന്നല്ലേ പറ്റൂ. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നടന്നിട്ടും ശെരിയാവാതെ വന്നപ്പോഴാണ് കളക്ടറെ കാണാൻ വന്നത്. കളക്ടറെപ്പറ്റി നല്ല അഭിപ്രായമല്ല കേട്ടിട്ടുള്ളത്. നടക്കാൻ വയ്യ. വയസ്സ് 80 കഴിഞ്ഞല്ലോ. അതിന്റെ ക്ഷീണമൊക്കെ ഉണ്ട്.  മൂന്നാം നിലയിലാണ് കലക്ടറുടെ ഓഫീസ്.
'ജേക്കബ്‌ മാഷല്ലേ?'. പിന്നിൽ നിന്ന് ആരോ വിളിച്ചു. ഒരു ചെറുപ്പക്കാരൻ. അതെ എന്ന് മറുപടി കൊടുത്തിട്ട് പറഞ്ഞു..'തന്നെ മനസ്സിലായില്ല'.
'ഞാന്‍ മാഷുടെ ഒരു സ്റ്റൂഡന്റ് ആണ്. എന്‍റെ പേര് സലിം. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ കട നടത്തിയിരുന്ന ഇസ്മൈല്‍ എന്നയാളുടെ മകന്‍'
ഞാന്‍ എന്‍റെ ഓര്‍മകളിലൂടെ മുങ്ങാംകുഴിയിട്ടു.
;ഉവ്വ്. ഞാനോര്‍ക്കുന്നു. ക്ലാസ്സില്‍ ഞാന്‍ എത്തിയാല്‍ എഴുനേറ്റു നിര്‍ത്തി കാരണമൊന്നും പറയാതെ രണ്ടു അടി തന്നിരുന്ന പയ്യന്‍...ഓര്‍ക്കുന്നു. അന്ന് താന്‍ ഉപ്പാട് കമ്പ്ലൈന്റ് പറഞ്ഞപ്പോള്‍ ഉപ്പ തന്ന മറുപടി ഓര്‍മ്മയുണ്ടോ?. ഞാന്‍ ചോദിച്ചു.
'മാഷെമ്മാര് തല്ലുന്നത് കുട്ടികളുടെ ഭാവിക്കാണെന്നാണ് കമ്പ്ലൈന്റ് ചെന്ന് പറഞ്ഞ എന്നോട് ഉപ്പ പറഞ്ഞത്'.
'അതൊക്കെ ഒരു കാലം. അന്നോക്കെ കുട്ടികളെ തല്ലിയതിന് മാഷെ ചോദ്യം ചെയ്യാന്‍ ആരും വരാറില്ലായിരുന്നു'. ഇതായിരുന്നു എന്‍റെ മറുപടി.
'അന്ന് ജേക്കബ് മാഷെ വസ്ത്രധാരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് ഞങ്ങളെ തല്ലുമ്പോള്‍ ഞങ്ങള്‍ കൈ വലിച്ചാലും മാഷുക്ക് കൊള്ളില്ലായിരുന്നു'
'തനിക്കിപ്പോഴും എന്‍റെ വസ്ത്രധാരണം ഓര്‍മ്മയുണ്ടോ?'. ഞാന്‍ ചോദിച്ചു.
'നന്നായി ഓര്‍ക്കുന്നു. വെള്ള ഷര്‍ട്ട്‌ ഫുള്‍ കൈ ബട്ടന്‍ ഇട്ട് ആ ഷര്‍ട്ടിന്റെ മുകളിലൂടെ മുണ്ട് ഉടുത്ത് ടയ് കെട്ടി കൊട്ട് ഇട്ടുള്ള മാഷെ വരവ് ഇന്നും ഞാന്‍ മറക്കില്ല'
സലീമിന്റെ ഓര്‍മശക്തിയില്‍ എനിക്ക് സന്തോഷമായി.
'അല്ല ഇത്രക്കൊക്കെ പറഞ്ഞിട്ടും താന്‍ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല.'
'ഞാനിവിടെ കളക്ടറേറ്റില്‍ ജോലിയാണ്'.
'ഇങ്ങോട്ട് വരാന്‍ തീരെ ഇഷ്ടമുണ്ടായില്ല. ഇവിടെത്തെ കലക്ടര്‍ പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളാണെന്നൊക്കെ പലരും പറഞ്ഞു. നേരാണോ എന്നറിയില്ല.' ഞാനെന്റെ നയം തുറന്നു പറഞ്ഞു.
'എന്നാണ് മാഷ്‌ ഇത് കേട്ടത്?' സലീമിന്റെ ചോദ്യം
'ഒരു വര്‍ഷം മുമ്പാണ്'
'ആട്ടെ, മാഷ്‌ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ?' സലീമിന്റെ ചോദ്യത്തിന് കഴിച്ചെന്നും ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു.
അടുത്ത് നിന്നിരുന്ന ഒരാളോട് ഒരു ചായ വാങ്ങി കൊണ്ട് വരാന്‍ സലിം പറഞ്ഞു
'അല്ല മാഷെ, ഞാന്‍ ചോദിക്കാന്‍ മറന്നു.. മാഷ്‌ വന്ന കാര്യം' സലിം മറന്ന പോലെ ഞാനും സലീമായി സംസാരിച്ചപ്പോള്‍ വന്ന കാര്യം മറന്നു.
'എന്‍റെ സ്ഥലത്തിന്റെ രേഖയില്‍ പട്ടയം മാറ്റി ജന്മം ആക്കാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ഒരു പാട് മാസങ്ങള്‍ കയറിയിറങ്ങി. ഇനി കളക്ടറെ കണ്ടെങ്കിലെ ശേരിയാവൂ എന്ന് ചിലര് പറഞ്ഞു. അതിനു വന്നതാണ്'.
ചായ ചൂടാറുന്നു. മാഷ്‌ കുടിക്കു എന്ന് പറഞ്ഞു സലിം എന്‍റെ കയ്യിലുള്ള പേപ്പറുകള്‍ വാങ്ങി. കൊടുക്കാന്‍ എനിക്ക് കുറച്ച് ഭയമുണ്ടായിരുന്നു. എങ്ങിനെ വിശ്വസിക്കും. പക്ഷെ സലീമിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടത് കൊണ്ട് കൊടുത്തു.
അവിടെയുള്ള ആരെയോ വിളിച്ചു ആ പേപ്പറുകള്‍ സലിം അവരുടെ കയ്യില്‍ കൊടുത്ത് എന്തോ പറയുന്നത് കണ്ടു.
'മാഷ്ക്ക് പേടിയുണ്ടോ? വാ നമുക്ക് എന്‍റെ ടേബിളിലേക്ക് പോകാം'.
സലീമിന്റെ വാക്കുകള്‍ കേട്ട് ഞാനൊരു കുട്ടിയെ പോലെ സലീമിന്റെ കൂടെ പോയി.
കലക്ടറുടെ റൂമിലേക്കാണ് സലിം എന്നെ കൊണ്ട് പോയത്. ഒരു പക്ഷെ എന്‍റെ വിഷയം കളക്ടറോട് പറയാനായിരിക്കും. സലീമിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരും സ്റ്റാഫും ഭക്ത്യാദരവോടെ എഴുനേറ്റു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കലക്ടറുടെ കസേരയില്‍ സലിം ഇരുന്നു. മുന്‍നിരയിലെ കസേരയില്‍ എന്നെ ഇരുത്തിയിട്ടാണ് സലിം കസേരയില്‍ ചെന്നിരുന്നത്. പോകുന്ന പോക്കില്‍ സ്വകാര്യമായി എന്നോട് സലീം ഒരു കാര്യം പറഞ്ഞു. 'മാഷെ, മാഷ്‌ ഒരു കളക്ടറെ പറ്റി പറഞ്ഞല്ലോ? ആ കലക്ടറല്ല ഞാന്‍. ഞാനിവിടെ ചാര്‍ജെടുത്തിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂ'.
'സാര്‍, വില്ലേജ് ഓഫീസറെ വിളിച്ചു. നാളെതന്നെ ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞു. സ്റ്റാഫ് കുറവായിരുന്നു എന്നാണു പറഞ്ഞത്' സലിം പറഞ്ഞയച്ച ആ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു കൊടുത്തു.
'സ്റ്റാഫ്‌ കുറവ്, കലക്ടര്‍ കൊണ്ഫെരെന്‍സ്, മിനിസ്ടെര്‍ മീറ്റിംഗ്. പാവപ്പെട്ടവരെ പറ്റിക്കാന്‍ ഓരോ കാരണങ്ങള്‍. വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിച്ചു മെമോ അയക്കണം. ജനങ്ങളുടെ പ്രശ്നം പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നത് പോലും ശെരിയാക്കാതെ വട്ടം കറക്കുന്ന കുറച്ച ഉദ്യോഗസ്ഥരെ ഉള്ളൂ. പക്ഷെ അവര്‍ കാരണം ഭൂരിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും പേര് മോശമാക്കും....'. സലിം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'സാറേ, വലിയ ഉപകാരമായി. ഞാന്‍ പോട്ടെ'. ഞാന്‍ യാത്ര പറഞ്ഞു.
'സാര്‍ എന്ന് എന്നെ വിളിക്കരുത്. ഞാന്‍ അങ്ങയുടെ സലിം ആണ്. വിദ്യാര്‍ഥിയാണ് അന്നും ഇന്നും എന്നും.. '
എന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണീര്‍ വീണു.
'മാഷെ ഇത് ഞാന്‍ മാഷുക്ക് തരുന്ന ഗുരുദക്ഷിണയാണ്' എന്ന് പറഞ്ഞു കലക്ടര്‍ എഴുനേറ്റു വന്നു എന്നെ കെട്ടിപ്പിടിച്ചു. ഒരു അദ്യാപകനായതിന്റെ ഗുണം ഞാന്‍ അനുഭവിച്ചു.
------------------------------
മേമ്പൊടി:
ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ മാഷ്‌ ക്ലാസിലെ കുട്ടികളോട് നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കും. പലരും പല മറുപടി പറയും. ഡോക്ടറാവണം എഞ്ചിനീയര്‍ ആകണം എന്നൊക്കെ. ഞാനന്നു പറഞ്ഞത് എനിക്ക് മാഷ്‌ ആവണമെന്നായിരുന്നു. അതിന്റെ കാരണം, എനിക്ക് കിട്ടിയ തല്ലുകള്‍ ഞാന്‍ മാഷായാല്‍ കുട്ടികള്‍ക്ക് കൊടുത്ത് എന്‍റെ അരിശം തീര്‍ക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷെ മാഷ്‌ കരുതിയതും പറഞ്ഞതും ഇങ്ങിനെയാണ്‌. കുട്ടികളെ നിങ്ങള്‍ ഷെരീഫിനെ കണ്ടുപഠിക്കൂ എന്നായിരുന്നു. മാഷ് ആയാല്‍ എന്നും ഒരു ബഹുമാനം ആ വിളിയിലും പ്രവര്‍ത്തനത്തിലും കിട്ടും എന്ന്  ഇപ്പോള്‍ എനിക്ക് തോന്നുന്നു -- കഥാകൃത്ത്‌

Saturday 7 May 2016

ആദ്യത്തെ കപ്പൽ യാത്ര അനുസ്മരണം (ജീവിതകഥ)

ആദ്യത്തെ കപ്പൽ യാത്ര അനുസ്മരണം (ജീവിതകഥ)
by
ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിൽ (1969) ലാഞ്ചിയിൽ പേർഷ്യയിൽ പോയ ഞാൻ തിരിച്ചു ആദ്യമായി ഇന്ത്യയിലേക്ക്‌ വന്നത് കപ്പലിലായിരുന്നു. അക്ബർ എന്നായിരുന്നു ആ കപ്പലിന്റെ നാമം. ഹജ്ജ് കാലത്ത് അത് ഹജ്ജ് യാത്രക്കാരെ കൊണ്ട് പോകാനും അല്ലാത്ത സമയത്ത് പേർഷ്യൻ യാത്രക്കാരെ കൊണ്ട് പൊകാനുമായി ഉപയോഗിക്കുന്ന ഒരു കപ്പൽ. grey mackenzie എന്ന കമ്പനിയായിരുന്നു ടിക്കറ്റ്‌ ഇഷ്യൂ ചെയ്തിരുന്നത്. ദുബൈയിൽ നിന്നും ബോംബയിലേക്ക് നൂറ്റിമുപ്പത്തി ഏഴു ദിർഹം ആയിരുന്നു ടിക്കറ്റ്‌ ചാർജ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു ഒക്ടോബർ പതിനെഴിന്നു ദുബൈ റഷീദ് പോർട്ടിൽ നിന്നും കപ്പൽ കയറി.
എന്റെ കയ്യിൽ അലൂമിനിയത്തിന്റെ വലിയ ഒരു ട്രങ്ക് പെട്ടി. അതിൽ നിറയെ പേർഷ്യൻ സാധനങ്ങൾ. ഒരു ടാക്ക സാരി എടുക്കും. ഇരുപത്തഞ്ചു വാരയോ മീറ്ററോ ആണ് അളവ്. എന്നിട്ട് നാട്ടിൽ ചെന്ന് നാല് സാരിയാക്കി മുറിക്കും. ഒരേ കളറിലുള്ള സാരിയാവുമ്പോൾ കസ്റ്റംസിൽ നാലിന്നു പകരം മൂന്ന് എന്ന് പറയാമല്ലോ? അല്ലാതെ വ്യതസ്തമായ കളറിൽ സാരി വാങ്ങിയാൽ ഡ്യൂട്ടി കൂടുതൽ കൊടുക്കേണ്ടി വരും. പിന്നെ അനിയന്മാർക്ക് കുറച്ചു പേനകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌ തുടങ്ങിയ സ്കൂൾ ഐറ്റംസ്. പിന്നെ ഉപ്പാക്ക് ഷർട്ടിനുള്ള 80 : 20 ന്റെ തുണി. ഉപ്പാക്ക് എന്തെങ്കിലും വേണോ എന്ന് അന്നത്തെ കാലത്ത് ഞാൻ എഴുതിചോദിച്ചാൽ ഒന്നും വേണ്ട എന്നെ എന്റെ പോന്നുപ്പ പറയാറുള്ളൂ, ഇന്ന് എന്റെ മക്കളോട് ഞാൻ പറയുന്ന പോലെ.
കപ്പലിന്റെ തുടക്കം ഇറാഖിലെ ബസ്രയിൽ നിന്നാണ്. പിന്നെ കുവൈറ്റ്‌, ദമ്മാം, ബഹ്‌റൈൻ, ദോഹ അത് കഴിഞ്ഞാൽ ദുബൈ. ദുബായിൽ നിന്ന് ബോംബെക്ക് പോകുന്നതിനിടയിൽ മസ്കറ്റിൽ സ്റ്റോപ്പ്‌ ഉണ്ട്. ദുബൈ - ബോംബെ നാല് ദിവസത്തെ യാത്രയാണ്. റഷീദ് പോർട്ടിൽ നിന്നും കപ്പലിലേക്ക് കയറാൻ കോണിയുണ്ട്. കപ്പലിന്റെ ഉള്ളിൽ നല്ല വൃത്തിയും വെടിപ്പും ഉണ്ട്. എല്ലാ റൂമുകളിലും ടൂ ടയർ ത്രീ ടയർ കട്ടിലുകളാണ്. ഞാനും അതിലൊരു അന്തേവാസിയായി.
ഞാനന്നു ഇരുപത്തി ഒന്ന് വയസ്സ് പ്രായമുള്ള പയ്യൻ. ഇടയ്ക്കിടെ കപ്പലിന്റെ മുകൾ തട്ടിൽ ചെന്ന് കടലിലേക്ക്‌ നോക്കിയിരിക്കും. ഇന്നാണെങ്കിൽ ദ്വീപ്‌ എന്ന സിനിമയിലെ ഒരു പാട്ട് പാടിയേനെ.....
കടലേ, നീല കടലേ
നിന്നാൽമാവിലും നീറുന്ന ചിന്തകളുണ്ടോ?
പക്ഷെ അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ല. ലാഞ്ചിയിൽ പോയ എനിക്ക് ഈ കപ്പൽ യാത്ര സ്വർഗ്ഗതുല്യമായിരുന്നു. അത് മാത്രമല്ല, എന്റെ പോന്നുപ്പാനേയും ഉമ്മ, അനിയന്മാരെയും മറ്റും കാണാമല്ലോ. അനിയന്മാർക്ക് ഞാൻ കൊടുക്കുന്ന സമ്മാനം കിട്ടുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം ആലോചിച്ചപ്പോൾ എന്റെ മനസ്സ് ഇതിനകം നാട്ടിലെത്തി കഴിഞ്ഞു.
നാല് ദിവസത്തെ കടൽ യാത്രക്ക് ശേഷം അഞ്ചാം ദിവസം കപ്പൽ ബോംബെ തീരത്ത് അടുത്തു. സമയം ഏകദേശം എട്ടു മണി. എന്റെ പെറ്റമ്മയായ ഭാരതത്തിന്റെ മണം നാസികയിലൂടെ വന്നപ്പോൾ ഞാനേറെ സന്തോഷിച്ചു. പോറ്റമ്മയായ പേർഷ്യ എനിക്ക് എന്തൊക്കെ തന്നാലും എന്റെ പെറ്റമ്മയെ മറക്കാൻ കഴിയുമോ? കപ്പൽ പോർട്ടിൽ അടുക്കാൻ കുറച്ചു നേരം വേണം. പുറം കടലിലാണ് നങ്കൂരമിട്ടത്. അകലെ നിന്ന് ബോംബയുടെ ആകാശം മുട്ടുന്ന കെട്ടിടങ്ങൾ കാണാം. മീൻ പിടിക്കാൻ പോകുന്ന ഭോരികളുടെ വഞ്ചികളും ബോട്ടുകളും മറ്റൊരു വശത്ത്.
ഉച്ചക്ക് രണ്ടു മണിയായപ്പോൾ പോർട്ടിൽ കപ്പൽ അടുത്തു. കപ്പലിൽ ഭക്ഷണം കൊടുക്കുന്നുണ്ട്. ഒരു വിശപ്പുമില്ല. വിശപ്പ്‌ ഇല്ലാതല്ല, പ്രത്യുത നാട്ടിലെത്തികഴിഞ്ഞാൽ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ, എന്റെ പോന്നുപ്പാടെ പുറത്തു കാണിക്കാത്ത ഉള്ളിൽ വെച്ചുള്ള ലാളന, അനിയന്മാരുടെ കുസൃതികൾ. എല്ലാം ആലോചിച്ചപ്പോൾ വിശപ്പ്‌ ഇല്ലാതായി എന്നതാണ് സത്യം. ഗ്രഹാതുരത്വം അനുഭവിച്ചറിയുക തന്നെ വേണം.
കപ്പലിൽ നിന്നും പെട്ടികൾ ഇറക്കാൻ പോർട്ടിലെ പോർട്ടർമാർ ഉണ്ട്. മാന്യമായ കൂലി മാത്രം. കത്തി വെക്കില്ല, നോക്കുകൂലിയും ഇല്ല.
പോർട്ടിൽ തന്നെ ഒരു വശം കടൽ ആയ ഭാഗത്ത്‌ മേശ കൊണ്ട് വന്നിട്ടു. അതാണ്‌ കസ്റ്റംസ്. എന്റെ ഊഴം വന്നു. പെട്ടി ഞാനെടുത്തു മേശപ്പുറത്തു വെച്ചു. അന്ന് ചൈനയുമായി പ്രശ്നം ഉള്ള സമയം. പലചരക്ക് കടയിൽ കണക്കു കൂട്ടാൻ ഉപയോഗിക്കുന്ന കടലാസിൽ ഓരോ സാധനങ്ങളുടെയും പേരും ഇന്ത്യയിലെ വിലയും എഴുതുന്നു. അപ്പോഴാണ്‌ എന്റെ പെട്ടിയിലുള്ള ആ ബോംബ്‌ കസ്റ്റംസ് ആപ്പീസറുടെ കണ്ണിൽ പെട്ടത്.
അദ്ദേഹം എന്നോട് ആക്രോശിച്ചു 'യെ ക്യാ ചൈനാകാ മാൽ ലാത്താ ഹേ (എന്താണിത് ചൈനയുടെ സാധനം കൊണ്ട് വരികയോ')
അന്നും ഇന്നും ഹിന്ദിയിൽ ഞാൻ ഹം ഹും ഹോ ആണ്. ഞാൻ കരഞ്ഞു (കരച്ചിലിന്നു ഭാഷയില്ലല്ലോ?)
മഷി ഒഴിച്ചെഴുതുന്ന ഹീറോ പേനയായിരുന്നു എന്റെ കയ്യിൽ കസ്റ്റംസ്കാർ കണ്ടുപിടിച്ച ബോംബ്‌. ഞാൻ അദ്ധേഹത്തിന്റെ കയ്യിലേക്ക് നോക്കി. അദ്ദേഹം എഴുതുന്നതും ഹീറോ പേന കൊണ്ടായിരുന്നു.
അങ്ങിനെ കസ്റ്റംസ് എല്ലാം കഴിഞ്ഞു നാട്ടിലേക്ക് പോകാൻ ദാദർ റെയിൽവേ സ്റ്റെഷനിലെക്ക്. അന്നത്തെ കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറേ കരയിലുള്ള ബോംബയിൽ നിന്നും പടിഞ്ഞാറേ കരയിലുള്ള കേരളത്തിലേക്ക് പോകുന്ന ട്രെയിൻ പടിഞ്ഞാറ് നിന്ന് ഏകദേശം കിഴക്കേ കരയോളം പോയിട്ടാണ് വീണ്ടും പടിഞ്ഞാറേ ഭാഗത്തെക്ക് പോകുന്നത്, അതായത് ദാദറിൽ നിന്നും മദ്രാസിന്നടുത്തുള്ള ആർക്കോണം വഴിയാണ് ട്രെയിൻ. നാല്പതു മണിക്കൂർ യാത്ര. ഒരു പാട് വിദേശ യാത്രകൾ പലതരം ഫ്ലൈറ്റുകളിൽ, പലതരം വാഹനങ്ങളിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നും എന്നും എനിക്ക് യാത്രക്ക് ഏറ്റവും ഇഷ്ടപെടുന്ന വാഹനം ഫ്ലൈറ്റൊ കാറോ അല്ല, പ്രത്യുത ബോട്ടും (വഞ്ചിയും) ട്രെയിനും ആണ്.
അങ്ങിനെ രണ്ടാം ദിവസം പുലർച്ചെ നാല് മണിക്ക് "മ്മ്ടെ" തൃശ്ശൂർ (ത്രിശ്ശീവപേരൂർ) എത്തി. അന്നത്തെ കാലത്തും നഗരമായിട്ടും തൃശ്ശൂർ നഗരം ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്നിട്ടില്ല. 'ദെന്തൂട്ടാ, ഈ കന്നാലിക്ക് എണിക്കാറിയില്ലേ? ഈ ശെറഫു വന്നത് അറിഞ്ഞില്ലേ' എന്ന് മനസ്സില് ആദ്യം കരുതി. പിന്നെ തോന്നി. പാവം ഇന്നലത്തെ ക്ഷീണം കൊണ്ട് ഉറങ്ങുകയാവും. കിടാവ് കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ.
പക്ഷെ അന്ന് റൌണ്ടിലുള്ള 'പത്തൻസ്' ഹോട്ടെലിൽ നിന്നും റേഡിയോവിലൂടെ സുപ്രഭാതഗീതങ്ങൾ കേൾക്കുന്നു. അത് കേട്ടപ്പോൾ യാത്രാക്ഷീണം എല്ലാം മാറി. അവിടെയുള്ള ബിസ്മില്ലാ ഹോട്ടലിൽ ചെന്ന് കുളി പാസാക്കി. ഒരു അംബാസഡർ കാർ വാടകക്കെടുത്തു യാത്ര തുടർന്നു, എന്റെ വീട്ടിലേക്കു, കാട്ടൂരേക്ക്.
ചേർപ്പ്‌ കഴിഞ്ഞ് പടിഞ്ഞാട്ടുമുറി എന്ന സ്ഥലത്ത് എത്തിയപ്പോൾ സൈക്കിൾയജ്ഞക്കാർ സൈക്കിൾ ചാരി വെച്ച് സുഖമായി ഉറങ്ങുന്നു. ചിറക്കൽ ഇഞ്ചമുടി കനാലിന്നടുത്തു വിജനമായ പാടത്ത് കാർ നിറുത്തി. ഞാനാകെ ഭയപ്പെട്ടു. ഡ്രൈവർ ഇറങ്ങി. ഡിക്കി തുറന്നു. എന്റെ സപ്തനാഡികളും തളർന്നു. എന്നെ ഡ്രൈവർ കൊല്ലും. കാറിന്റെ ജാക്കിയുടെ ലിവർ എടുക്കാനാവും കാർ നിറുത്തിയത്. എന്റെ കയ്യിലുള്ള പേർഷ്യൻ സാധനങ്ങളും എല്ലാം അവർ എടുക്കും. കൂടാതെ അന്നത്തെ എന്റെ സമ്പാദ്യമായ തൊള്ളായിരം രൂപയും. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഡിക്കിയിൽ നിന്നും ഒരു കേനിലുണ്ടായിരുന്ന കുറച്ചു പെട്രോളെടുത്തു കാറിന്റെ ടാങ്കിയിൽ ഒഴിച്ച് യാത്ര തുടർന്നു.
കരാഞ്ചിറ കഴിഞ്ഞു എന്റെ വീടായ മുനയം ഭാഗത്തേക്കുള്ള നാടാകെ മാറിയിരിക്കുന്നു. കണ്ണെത്താദൂരത്ത്‌ നിലമായി കിടന്ന സ്ഥലത്ത് ഒരു പാട് വീടുകൾ. വീട്ടിലെത്തി. ബെല്ലടിച്ചു. എന്റെ പോന്നുപ്പ വന്നു. കേട്ടിപിടിച്ചപ്പോൾ ഉപ്പാടെ കണ്ണിൽ നിന്നും ഒരു നനവ്. ഉപ്പ കരയുകയോ. ആലോചിക്കാൻ വയ്യ.
'ഉപ്പാ, ഉപ്പാടെ മോൻ രണ്ടു വർഷം പേർഷ്യയിൽ നിന്നിട്ടും........ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല.....' ഞാൻ ഗദ്ഗദകണ്ടനായി പറഞ്ഞു.
'അത് സാരമില്ല. ലാഞ്ചിയിൽ പോയ നീ ഒരു വിസ സമ്പാതിച്ചില്ലേ. രണ്ടു വർഷം പോയെന്നല്ലെയുള്ളൂ. കാലം ഇനിയും ഇല്ലേ...' അതാണ്‌ എന്റെ പോന്നുപ്പ.
എന്റെ പോന്നുപ്പ മരിച്ചിട്ട് മുപ്പത്തൊമ്പത് വർഷം ആവാൻ പോകുന്നു. ഉപ്പാടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയീച്ചു. വീണ്ടും ഒരു പാട് വർഷം ഗൾഫിൽ. ആ എന്റെ ഉപ്പാടെ ഗുരുത്വം കൊണ്ടാണ് ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്നതെന്ന് മനസ്സിലാക്കുന്നു. നാട്ടുവിശേഷങ്ങൾ പറയാൻ എന്റടുത്ത് വന്നെന്റെ അനുജൻ - മജീദ്‌. അവനും ഈ ലോകത്ത് നിന്നും പോയി. അല്ലാഹുവേ അവർക്കെല്ലാം കബറിലും പരലോകത്തും നല്ലത് മാത്രം കൊടുക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് ഞാനീ ഓർമകുറിപ്പ് അവസാനിപ്പിക്കുന്നു.
-----------------------------------
മേമ്പൊടി:
സൂര്യനായ് തഴുകിയുറക്കാമുണർത്തുന്ന അച്ചനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോളറിയാതെ കരയുന്ന അച്ചനെയാണെനിക്കിഷ്ടം

Monday 2 May 2016

ആൽമത്യാഗം (നീണ്ടകഥ) - അവസാനഭാഗം

ആൽമത്യാഗം (നീണ്ടകഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

<<<< കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
കാലചക്രം വീണ്ടും കറങ്ങി കൊണ്ടിരുന്നു. കനോലിക്കനാലിലൂടെ ഒരുപാട് ജലം അറബിക്കടലിലെക്കൊഴുകി. വെറും ഒരു വർഷത്തിന്നുള്ളിൽ എത്രയോ ആളുകൾ സുലുവിനെ കാണാൻ വന്നു. പക്ഷെ, ഒരാൾക്കും സുലുവിനെ ഇഷ്ടമായില്ല.
പേർഷ്യയിൽ പോയ സലിം ലീവിൽ വന്നു. തന്റെ ദുരവസ്തയോർത്ത് സുലു കരഞ്ഞു. പുറത്തെല്ലാം അവൾ സന്തോഷവതിയായി അഭിനയിച്ചു. ഒരു പെണ്‍കുട്ടിക്ക് അതല്ലേ കഴിയൂ. അവൾ സന്തോഷം പ്രകടിപ്പിക്കുകയാണെങ്കിലും ഉള്ളിന്റെയുള്ളിൽ വീർപ്പുമുട്ടുകയാണെന്ന് സുലുവിന്റെ ഉപ്പാക്കും ഉമ്മാക്കും അറിയാം. മനസ്സ്‌ ഒരു മായാക്കുതിരയാണ്. എപ്പോഴാണ് മനസ്സിന്റെയുള്ളിൽ ചെകുത്താൻ കയറുകയെന്നു ആർക്കറിയാം. സുലുവിന് ബുദ്ധിമോശം ഒന്നും വരുത്തരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി അവർ പ്രാർഥിച്ചു.
സലീമിന്നും വിവാഹാലോചനകൾ വന്നു, സാമ്പത്തീകമായി ഉന്നതിയിലുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
'ഉമ്മാ, സുലുവിന്റെ കല്യാണക്കാര്യം എന്തായി?' ഒരിക്കൽ സലിം ഉമ്മയോട് അന്വേഷിച്ചു. വിവരമറിഞ്ഞ സലിം ഉമ്മാട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
'ഉമ്മ, സുലുവിന് ഈ സംഭവിച്ചത് എന്റെ കുറ്റം കൊണ്ടല്ലെങ്കിലും അവൾക്ക് ഒരു ജീവിതം കൊടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്' സലിം പറഞ്ഞത് കേട്ടപ്പോൾ ഉമ്മാക്ക് സന്തോഷമായി.
'ഉപ്പാട് പറയാൻ എനിക്ക് പേടിയാവുന്നു. ഉമ്മ എങ്ങിനെയെങ്കിലും ഒന്ന് പറയുക. ഉപ്പാനെ നിർബന്ധിക്കരുത്. ഉപ്പാടെ പെങ്ങളുടെ മോളാണല്ലോ? സ്വന്തത്തിൽ നിന്നുള്ള ബന്ധം വേണ്ടായെന്ന് ഉപ്പ പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്'
ഉപ്പാട് ഉമ്മ പറഞ്ഞോളാമെന്നേറ്റു. മകന് ഉപ്പയോടുള്ള ആദരവും സ്നേഹവും ബഹുമാനവും കണ്ടപ്പോൾ അവർക്ക് സന്തോഷമായി.
'അതെയ്, ഞാനൊരു കാര്യം പറഞ്ഞാൽ ചൂടാവോ?' ആമുഖമായി സലീമിന്റെ ഉമ്മ, ഭർത്താവിനോട് ചോദിച്ചു.
'ചൂടാവാത്ത കാര്യം ചോദിച്ചാൽ മതി.' എന്നാണ് മറുപടി കിട്ടിയത്.
എന്തായാലും വിവരം പറയുക തന്നെ. ബാക്കി പിന്നെ ആലോചിക്കാം. ചൂടാവുമെന്ന് കരുതി ചോദിക്കാതിരിക്കാൻ പറ്റില്ലല്ലോ?
'നമ്മുടെ സലീമിന്ന് സുലുവിനെ ആലോചിച്ചാലോ.. നിങ്ങക്ക് വിഷമമാണെങ്കിൽ വേണ്ട...' അവർ ഒരു വിധം പറഞ്ഞൊപ്പിച്ചു.
'ഏതു സുലുവിനെ? എന്റെ സഹോദരിയുടെ മകളോ?'
ആ ചോദ്യത്തിൽ ഒരു മയവുമുണ്ടായിരുന്നില്ല.
അതെയെന്ന് പറഞ്ഞപ്പോൾ സന്തോഷിക്കുന്ന ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്.
'എനിക്ക് യാതൊരു വിരോധവുമില്ല. അവന്റെ ഇഷ്ടമാണ് എന്റേയും ഇഷ്ടം. ഇക്കാര്യത്തിൽ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഇത് അവൻ ചെയ്യുന്ന ഒരു സൽപ്രവർത്തിയുമാണ്‌'
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
സലീമിന്റെ ഉപ്പ സുലുവിന്റെ വീട്ടിൽ ചെന്നു.
'ഒരു കാര്യം പറയാനാണ് വന്നത് എന്ന് സുലുവിന്റെ ഉപ്പ കാദറിനോട്‌ പറഞ്ഞു.
'എന്താണളിയ സംഭവം? എല്ലാം തുറന്നു പറഞ്ഞോളൂ നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യം
'അളിയനായത് കൊണ്ട് ഈ വിഷയം സംസാരിക്കാൻ ആരെയെങ്കിലും കൂട്ടിയാലോ എന്ന് ആദ്യം എനിക്ക് തോന്നി. പിന്നെ മാറി ചിന്തിച്ചു.നമ്മൾ അളിയന്മാർ എന്ന ബന്ധം മാത്രമല്ലല്ലോ? സ്നേഹിതന്മാർ കൂടെയല്ലേ?'
മുഖവുരയൊന്നുമില്ലാതെ സലീമിന്റെ ഉപ്പ കാദെർ സുലുവിന്റെ ഉപ്പ ശംസുവിനോട് പറഞ്ഞു.
'ശംസൂ, സലീമിന് സുലുവിനെ വിവാഹം കഴിച്ചു തരികയാണെങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്. അത് പറയാനാണ് ഞാൻ വന്നത്'
കാദെർക്കാടെ വാക്കുകൾ കേട്ടപ്പോൾ സ്വപ്നമാണോ എന്ന് പോലും ശംസുവിനു തോന്നി.
സന്തോഷം കൊണ്ട് കാദെർ ശംസുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
'അളിയന്റെ ഒരേ ഒരു മകനാണ് സലിം. അവൻ എഞ്ചിനീയറും പേർഷ്യക്കാരനുമാണ്. അവന് കൊടുക്കാനുള്ളയത്ര സ്ത്രീധനം തരാൻ എന്റെ കയ്യിലുണ്ടാവില്ല'
'അതിനു നിന്നോട് സ്ത്രീധനം വല്ലതും ചോദിച്ചോ? സ്ത്രീയാണ് ധനം എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. തന്നെയല്ല, മകന്റെ ഭാര്യയുടെ വീട്ടിൽ നിന്ന് കിട്ടിയിട്ട് വേണ്ട എനിക്ക് കഴിയാൻ'
സംസാരം അവിടെ അവസാനിപ്പിച്ചു.
വളരെ അടുത്ത ബന്ധക്കാരെ മാത്രം ക്ഷണിച്ച് ആ വിവാഹം നടന്നു. അനാഥാലയങ്ങളിലേക്ക് ഭക്ഷണം നൽകി.
*******************************************
'ദേ, ഇക്കാനെ കുറെ നേരമായി ആ അമ്മുഞ്ഞിക്ക വിളിക്കുന്നു' സുലുവിന്റെ സംസാരമാണ് ഒരു പാട് വർഷങ്ങളുടെ ചിന്തയിൽ നിന്നുണർത്തിയത്.
ബ്രോക്കെർ ആയ അമ്മുഞ്ഞിക്കാടെ അടുത്ത് ചെന്നു.
'ശംസുക്ക, ഞാൻ അന്ന് കൊണ്ട് വന്ന അമേരിക്കയിൽ ഡോക്ടറായ കരുമാത്തിലെ ഹംസഹാജിയുടെ മോന്ന് ശംസുക്കാടെ മോള് റുക്കുവിനെ ഇഷ്ടമായിട്ടുണ്ട്. അതിന്റെ കാര്യങ്ങളെ പ്പറ്റി പറയാനാണ് ഞാൻ വന്നത്' അമ്മുഞ്ഞിക്ക അത് പറഞ്ഞതിന് ശേഷം കൂട്ടിച്ചേർത്തു 'അവർക്ക് 301 പവൻ സ്വർണം വേണം. പിന്നെ ഒരു ഹോണ്ട സിവിക് കാർ വേണം'
ശംസുക്ക മറുപടിയൊന്നും പറഞ്ഞില്ല. മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മുഞ്ഞിക്ക തുടർന്നു 'അവര് ചോദിച്ചത് തെറ്റുമല്ല, കൂടുതലുമല്ല. ഇതിനേക്കാൾ കൂടുതൽ കൊടുക്കാൻ തെയ്യാറുള്ളവരുണ്ട്‌'.
ഇത് കേട്ടിട്ടും ശംസുക്ക ഒന്നും പറഞ്ഞില്ല.
ചോദ്യം ഒന്ന്കൂടെ ആവർത്തിച്ചു അമ്മുഞ്ഞിക്ക.
'അമ്മുഞ്ഞിക്ക, അള്ളാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ പറയട്ടെ - 301 പവനല്ല 501 പവനും ഹോണ്ടയ്ക്ക് പകരം മെഴ്സിടസ് ബെൻസ് കാർ കൊടുക്കാനുമുള്ള ശേഷി എനിക്കുണ്ട്. പക്ഷെ, ഞാനത് ചെയ്യൂല. കാരണം ഞാനൊരു സ്ത്രീധനവിരോധിയാണ്‌'
ശംസുക്കാടെ വർത്തമാനം കേട്ടപ്പോൾ കുറച്ച് നീരസം തോന്നി, മമ്മുഞ്ഞിക്കാക്ക്. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു.
'ഒന്ന് കൂടി ആലോചിച്ചു പറഞ്ഞാൽ മതി'
എനിക്കൊന്നും ആലോചിക്കാനില്ല എന്ന ശംസുക്കാടെ മറുപടി കേട്ടപ്പോൾ മമ്മുഞ്ഞിക്ക യാത്ര പറഞ്ഞു പോയി.
ശെനിയാഴ്ച പെരിങ്ങോട്ടുകര ശാന്തി ഓഡിറ്റൊറിയത്തിൽ ഒരു കല്യാണത്തിന്നു പങ്കെടുക്കവേ ശംസുക്കാടെ അടുത്ത് ഹംസഹാജി വന്ന് സലാം ചൊല്ലി. ശംസുക്ക സലാം മടക്കി.
'ശംസു അപ്പോൾ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുകയല്ലേ? ഞാനുദ്ദേശിച്ചത് നമ്മുടെ മക്കളുടെ വിവാഹകാര്യത്തെ പറ്റിയാണ്'
സ്വല്പം നീരസം ഉള്ളിലൊതുക്കി ശംസുക്ക പറഞ്ഞു. 'അത് നടക്കില്ല ഹാജി'
'എന്ത് പറ്റി?'
'ഹാജിക്ക ആവശ്യപ്പെട്ടത് തരാൻ എനിക്കാവും. പക്ഷെ, അത് എന്റെ ആദർശത്തിന്നു എതിരാണ്'
'എന്ത് സുലുവിനെ എന്റെ മകന് കെട്ടിച്ചു ദുക്കുന്ന കൊടുക്കുന്ന കാര്യമോ?'
'അതല്ല, ഇക്ക ആവശ്യപ്പെട്ട സ്ത്രീധനം...'
'എന്താണ് റബ്ബേ ഞാനീകേൾക്കുന്നത്? ഞാൻ സ്ത്രീധനം ആവശ്യപ്പെടുകയോ? ഞാനാ അമ്മുഞ്ഞിക്കാനെ വിളിച്ചു ചോദിക്കട്ടെ'
അത് പറഞ്ഞു ഹംസഹാജി ഫോണെടുത്ത് അമ്മുഞ്ഞിക്കാനെ വിളിച്ചു.
'അമ്മുഞ്ഞിക്ക, നിങ്ങൾ ഉടനെ എന്റെ വീട്ടിലേക്ക് വരിക'
ശംസുക്ക ഹാജിയാരുടെ കൂടെ അദ്ധേഹത്തിന്റെ വീട്ടിലേക്കു പോയി.
അമ്മുഞ്ഞിക്ക വരുന്നത് കണ്ടപ്പോൾ ശംസുക്കാട് അകത്തിരിക്കാനും ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാനും പറഞ്ഞു. ശംസുക്ക അകത്തേക്ക് പോയി.
'നമ്മുടെ ആ ശംസുക്കാടെ മകളുടെ കാര്യം എന്തായി? ശംസുക്കാനെ കണ്ടിരുന്നോ?' ഹംസ ഹാജിയുടെ ചോദ്യം
'കണ്ടിരുന്നു. പക്ഷെ അത് നമുക്ക് ശേരിയാവൂല. ആ കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോകുന്ന കാര്യത്തിൽ അവർക്ക് താല്പര്യമില്ല. നമുക്ക് വേറെ ഒരു നല്ല പാർട്ടിയെ കൊണ്ട് വരാം.'
'സ്ത്രീധനം ഒന്നും വേണ്ടെന്ന് അവരോട് പറഞ്ഞിട്ടില്ലേ?'
'അതെന്തു ചോദ്യമാണ്. അത് ഞാൻ പറയാതിരിക്കോ?' ചോദ്യത്തിന്ന് മറുചോദ്യമാണ് അമ്മുഞ്ഞിക്ക ചോദിച്ചത്.
ശംസുക്കാട് വരാൻ ഹംസ ഹാജി പറഞ്ഞു. ശംസുക്കാനെ കണ്ടപ്പോൾ അമ്മുഞ്ഞിക്കാടെ മുഖം വിളറി.
ഇനി നീ സത്യം പറ എന്ന് ഹംസ ഹാജി പറഞ്ഞപ്പോൾ എല്ലാം തുറന്നു പറയേണ്ടിവന്നു അമ്മുഞ്ഞിക്കാക്ക്.
സ്വർണവും കാറും കിട്ടിയാൽ വളരെയധികം കമ്മീഷൻ കിട്ടുമല്ലോ എന്നോർത്താണ് ഇങ്ങിനെ പറഞ്ഞതെന്നും പലയിടത്തും ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും കൂടി അമ്മുഞ്ഞിക്ക പറഞ്ഞു.
ഇവരെപ്പോലെയുള്ള ബ്രോക്കർമാരാണ് നല്ലവരായ ബ്രോക്കർമാരുടെ പേര് ചീത്തയാക്കുന്നതെന്ന ഒരു കാര്യവും ഹംസ ഹാജി പറഞ്ഞു.
ഇത് പോലെ ചിലരുണ്ട്, വിവാഹം മുടക്കികളായ ക്ഷുദ്രജീവികൾ. അവരെയൊക്കെ മാന്യതയുടെ അതിർവരമ്പിൽ നിന്ന് കൊണ്ട് പറയുകയാണെങ്കിൽ തന്തയില്ലായ്മ എന്ന് പറയേണ്ടി വരും.
അവരുടെ വിവാഹവും മംഗളമായി കഴിഞ്ഞു.
----------------------------------------------------
മേമ്പൊടി:
1. നിങ്ങൾ മക്കൾക്ക് വിവാഹം ആലോചിക്കുമ്പോൾ സമ്പത്തോ സൌന്ദര്യമോ അല്ല നോക്കേണ്ടത്, മറിച്ചു ദീൻ (മതചര്യ) ആണ് നോക്കേണ്ടത് എന്നാണു കല്യാണദിവസം സദസ്സിൽ മുസലിയാരൊ മുക്രിയോ പറയാറ്. അറബിയിൽ ആയതു കൊണ്ട് മിക്കവർക്കും മനസ്സിലാവില്ല. ഞാൻ ഗൾഫിൽ പോയത് കൊണ്ട് എനിക്ക് മനസ്സിലായി. കല്യാണചന്തയിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു നിക്കാഹിന്നു ഇരിക്കുമ്പോഴാണ് ഈ ഉപദേശം. ഇനി കല്യാണം കഴിക്കാനുള്ളവർ മനസ്സിലാക്കാൻ ആണെങ്കിൽ ഈ അറബിയിൽ പറഞ്ഞത് എത്ര ആൾക്ക് മനസ്സിലാവും?
2. മാപ്പിള പാട്ടുകാരൻ KG സത്താർ സാഹിബ് 1955-60കളിൽ പാടിയ പാട്ട് ഓർമയിൽ നിന്ന് എടുത്തെഴുതുന്നു;
പെണ്ണിന്നൊരു മാപ്പിളകിട്ടണമെങ്കില് സ്ത്രീധനം മുന്നില് വെച്ചോ
പൊൻപണ്ടം വേണ്ടതൊക്കെ മുമ്പേ കരുതിക്കോ
ഉന്നത തറവാട്ടുകാരനെന്ന സമ്മതിനേടിക്കോ
ഈ മൂന്നു കാര്യം നല്ല ഈമാൻ കൊണ്ട് മനസ്സിലുറച്ചോ
അതിന്നായ് പെണ്മക്കളെ പെറ്റവർ പൈസ കരുതിക്കോ
ഇതൊന്നും കഴിയാത്ത കൂട്ടര് പെണ്ണിനെ മുക്കിലിരുത്തിക്കോ
അഴകുള്ളോരു പെണ്ണാണെങ്കിലും സ്ത്രീധനമില്ലാതെങ്ങിനെ ചെക്കൻ
മാംഗല്യം ചെയ്തീനാട്ടിൽ കറങ്ങി നടക്കേണ്ടേ?
ചുമ്മാ കിട്ടുന്ന പൈസ കളയാൻ കൽബില് തോന്നണ്ടേ?
കല്യാണചന്തയിൽ പെണ്ണിനെ വിൽക്കലും ആണിനെ വാങ്ങലും ജോറ്
കഷ്ടം ഈ നിയമം മാറ്റിമറിക്കണതെന്നാണ്
സൌഖ്യം കിട്ടാനീ പൈസടെ മോഹം തീരണതെന്നാണ്