Sunday 27 September 2015

കുളത്തിലെ പ്രേതം (കഥ)

കുളത്തിലെ പ്രേതം (കഥ)
By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

അന്നത്തെ തപാലിൽ എനിക്കൊരു കത്ത് കിട്ടി. ഞാനത് പൊട്ടിച്ചു വായിച്ചു.
പ്രിയപ്പെട്ട ജബ്ബാർ,
നിങ്ങളുടെ പഴയ ഒരു കൂട്ടുകാരനാണ് ഈ കത്തെഴുതുന്നത്. നമ്മൾ അബൂദാബിയിൽ മദീനസായെദിൽ ഒരു മുറിയിൽ രണ്ടു വർഷം താമസിച്ചിട്ടുണ്ട്. അന്ന് നിങ്ങൾ അദ്ധാഫർ കമ്പനിയിലായിരുന്നല്ലോ ജോലി. എന്റെ പേര് വിജയൻ. എന്റെ വീട് മതിലകത്ത് ആയിരുന്നു ഇപ്പോൾ വടക്കാഞ്ചേരി ചേലക്കരക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസം. ഇവിടെ വന്നു ഫ്രെഡി വിജയൻ എന്ന് ചോദിച്ചാൽ ആരും കാണിച്ചു തരും അവിടെ എനിക്ക് ഫ്രെഡി ടയ്ലേര്സിൽ ആയിരുന്നുവല്ലോ ജോലി. എനിക്ക് നിങ്ങളെ കാണണമെന്നുണ്ട്. ഞാൻ നിങ്ങളുടെ അടുത്ത് വരണമെങ്കിൽ വരാം. അതല്ല നിങ്ങൾ ഇങ്ങോട്ട് വന്നാൽ നന്നായിരുന്നു. കാരണം എനിക്ക് യാത്ര ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.
എന്ന് നിങ്ങളുടെ ടൈലർ വിജയേട്ടൻ
കത്ത് വായിച്ചു കഴിഞ്ഞപ്പോൾ എന്റെ ചിന്തകൾ വർഷങ്ങൾ പിന്നോട്ടെടുത്തു. അന്ന് റൂമിൽ താമസിക്കുന്നവരിൽ വിദ്യഭ്യാസം കുറവുള്ള ആളായിരുന്നു, വിജയേട്ടൻ. നിഷ്കളനായ, ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത, ഒരു ചീത്ത സ്വഭാവവും ഇല്ലാത്ത മനുഷ്യൻ.
എന്നാലും ഇങ്ങോട്ട് വരാതെ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞതിൽ കുറച്ചു നീരസം തോന്നിയെങ്കിലും ഒരു ദിവസം പോകാൻ തീരുമാനിച്ചു.
അങ്ങിനെ ഒരു ഹർത്താൽ ദിവസം വെള്ളിയാഴ്ച പള്ളിയിൽ നിന്നും വന്നതിന്നു ശേഷം ബൈക്കിന്മേൽ യാത്ര പുറപ്പെട്ടു. സമയം വൈകീട്ട് നാല് മണിയായിക്കാണും. ഏകദേശം കുന്നംകുളം കഴിഞ്ഞപ്പോൾ കാലാവസ്ഥ ആകെ പെട്ടെന്ന് മാറി. ഭയങ്കരമായ കാറ്റ്. മഴക്കുള്ള ലക്ഷണം കാണുന്നു.
ഏകദേശം ചേലക്കര എത്തി. ഇരുട്ട് കൂടി കൂടി വരുന്നു. ചേലക്കര കഴിഞ്ഞപ്പോൾ മഴ തുള്ളിയിടാൻ തുടങ്ങി. ഞാൻ ഏതോ ഒരു ഗ്രാമത്തിൽ എത്തി. ചുറ്റും പാടങ്ങൾ ഉള്ള ഒരു ചെറിയ ഗ്രാമം. അകലെ അവിടെയവിടെയായി വീടുകൾ കാണാം. പാടത്തിന്നു നടുവിലൂടെ ഒരു ചെറിയ റോഡ്‌. ടാർ ചെയ്തിട്ടില്ല. മഴയുടെ ശക്തി കൂടിക്കൂടി വരുന്നു. പാടത്തിന്റെ നടുക്ക് റോഡ്‌ സൈഡിൽ രണ്ടു നിലയിലുള്ള ഒരു കെട്ടിടം. താഴേയും മുകളിലുമായി ഈരണ്ടു മുറികൾ. താഴത്തെ മുറിയിൽ ഒന്നിൽ ചെറിയ ചായക്കട. ഞാൻ ആ ചായക്കടയുടെ വരാന്തയിൽ ബൈക്ക് വെച്ചു. ഡ്രസ്സ്‌ കുറേശ്ശെ നനഞ്ഞിട്ടുണ്ട്. ഒരു തടിച്ചു ഉയരം കുറഞ്ഞ ആൾ എന്റെ അടുത്ത് വന്നു. തോളിന്നും തലക്കും ഇടയിൽ കഴുത്ത് ഇല്ലന്നു തന്നെ പറയാം. തലമുടി മുഴുവൻ വടിച്ചിരിക്കുന്നു. മുഖത്ത് വലിയ ഒരു അരിമ്പാറ. കയ്യിന്മേൽ ഏലസ്സ് കെട്ടിയിരിക്കുന്നു. ഒരു കള്ളിമുണ്ടും കൈബനിയനും ആണ് വേഷം. രണ്ടും നന്നേ മുഷിഞ്ഞിരിക്കുന്നു.
അയാൾ ഒന്നും ചോദിക്കുന്നില്ല. എനിക്ക് അയാളുടെ മൌനം കണ്ടപ്പോൾ കുറച്ചു ദേഷ്യം വന്നു. അടുത്തിരുന്നു ചായ കുടിക്കുന്ന ആളോട് അത് സൂചിപ്പിക്കുകയും ചെയ്തു. അപ്പോഴാണ്‌ ആ സത്യം ഞാൻ മനസ്സിലാക്കിയത്. ആ ജോലിക്കാരൻ ഒരു ഊമയായിരുന്നു. എനിക്ക് കുറ്റബോധം തോന്നി.
കടയിലെ ഉടമസ്ഥൻ എന്റെ അടുത്ത് വന്നു പരിചയപ്പെടുത്തി. ഞാൻ ആ നാട്ടുകാരനല്ല എന്നറിഞ്ഞപ്പോൾ എന്റെ വരവിന്റെ ഉദ്ദേശ്യം ചോദിച്ചു. ഞാൻ വിവരം പറഞ്ഞു.
'വിജയേട്ടന്റെ വീട് നോക്കിയാൽ കാണുന്ന ദൂരത്താണെങ്കിലും പാടത്തിന്റെ മറുകരയിൽ ആണ്. മഴ കാരണം ബൈക്ക് പോകുകയുമില്ല പിന്നെ പാടം വഴി പോകുകയാണെങ്കിൽ പെട്ടെന്ന് എത്താം. പക്ഷെ ഒരു വലിയ പ്രശ്നമുണ്ട്. പാടത്തെ കുളത്തിൽ ആരോ പണ്ട് മരിച്ചിട്ടുണ്ട്. അതിന്റെ പ്രേതശല്ല്യം ഉണ്ട്. പ്രത്യേകിച്ച് ഇന്ന് വെള്ളിയാഴ്ച്ചയുമാണല്ലോ.' ഇതായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
'ഓ. പ്രേതങ്ങളിൽ എനിക്ക് വിശ്വാസമില്ല. അതൊക്കെ ജനങ്ങളുടെ തെറ്റിദ്ധാരണകളാണ്.' ഞാൻ എന്റെ വിശ്വാസം തുറന്നു പറഞ്ഞു.
അദ്ദേഹം അത് നഘശിഗാന്ധം എതിർത്തു. തുടർന്ന് അദ്ദേഹം പറഞ്ഞത് അദ്ധേഹത്തിന്റെ കെട്ടിടത്തിന്റെ മുകൾ മുറിയിൽ ഈ രാത്രി താമസിച്ചോളാനും 50 രൂപ വാടക തന്നാൽ മതിയെന്നുമാണ്.
ഞാൻ അദ്ധെഹത്തോട് ബൈക്ക് ഇവിടെ വെച്ചോട്ടെ നാളെ വന്നു എടുക്കാമെന്നും പറഞ്ഞു. മഴ കുറഞ്ഞപ്പോൾ യാത്രയായി. സമയം രാത്രി പത്ത് ആയിട്ടുണ്ട്‌. ഇടിമിന്നൽ കുറേശ്ശെ ഉണ്ട്. പാടത്തിലൂടെ ഞാൻ ധ്രിതിയിൽ നടക്കുകയാണ്. ചായക്കടയിൽ നിന്നും വാങ്ങിയ കാലൻ കുട എന്റെ കയ്യിൽ ഉണ്ട്. പാടത്തെ കുളത്തിൽ ആരോ കുളിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ കുളത്തിൽ നിന്നും കയറി വന്നു. എന്റെ കൂടെ നടക്കാൻ തുടങ്ങി. എന്റെ കുടയിൽ നിന്നോളാൻ പറഞ്ഞിട്ട് അയാൾ കൂട്ടാക്കിയില്ല. ഞാൻ നിര്ബന്ധിച്ചില്ല.
അയാളോട് ഈ നാട്ടുകാരനാണോ എന്ന് ഞാൻ ചോദിച്ചു. അതെ എന്ന് മറുപടിയും കിട്ടി.
വിജയേട്ടന്റെ വീട് അറിയുമോ എന്നായി എന്റെ അടുത്ത ചോദ്യം.
ഏതു വിജയെട്ടൻ എന്ന അയാളുടെ ചോദ്യത്തിന്നു ഫ്രെഡി വിജയെട്ടൻ എന്ന് ഞാൻ തിരുത്തി
തനിക്കു ഈ നാട്ടിലെ എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ വിജയെട്ടനെ അറിയില്ലെന്നും ആയിരുന്നു അയാളുടെ മറുപടി.
'ആട്ടെ. ആ വിജയേട്ടൻ ഈ നാട്ടിൽ വന്നിട്ട് എത്ര വര്ഷമായി' എന്ന അയാളുടെ ചോദ്യത്തിന്നു 25 വർഷത്തോളമായി എന്ന എന്റെ മറുപടി കേട്ടപ്പോൾ അയാൾ നിസ്സംഗത ഭാവത്തിൽ എന്നോട് പറഞ്ഞത് 'അത് കൊണ്ടാണ് എനിക്ക് മനസ്സിലാവാഞ്ഞത് കാരണം ഞാൻ മരിച്ചിട്ട് 30 വര്ഷമായി.
ഞാൻ ആകെ പേടിച്ചു. ഉള്ള ധൈര്യത്തിനു കയ്യിലുള്ള കുടയെടുത്തു അയാളുടെ കയ്യിന്മേൽ നല്ല ഊക്കോടെ ഒരു അടി അടിച്ചു. അടി കിട്ടിയ പാടെ ആ പ്രേതം കുളത്തിലേക്ക്‌ എടുത്തു ചാടി.
ഞാൻ വേഗം ഓടി, പാടത്തിന്നക്കരെയുള്ള വിജയേട്ടന്റെ വീട് ലക്ഷ്യമാക്കി.
വിജയേട്ടന്റെ വീട്ടിൽ ചെന്ന് കാളിംഗ് ബൽ അടിച്ചു. കുറച്ചു കാത്തു നിന്നിട്ടും ആരും വാതിൽ തുറക്കുന്നില്ല. എനിക്ക് കുറച്ചു പേടിയും വിജയെട്ടനോട് ദേഷ്യവും തോന്നി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ആരാണെന്ന് അകത്തു നിന്നും ഒരു സ്ത്രീ ചോദിച്ചു. ഞാൻ പേര് പറഞ്ഞു. വാതിൽ തുറന്നു. അത് 30 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു. പോളിയോ പിടിച്ചു കാലിന്നു സ്വാധീനം ഇല്ലാത്ത ആ സ്ത്രീ ഇഴഞ്ഞു വന്നാണ് വാതിൽ തുറന്നത്. എനിക്ക് സങ്കടം തോന്നി.
'ഇത് വിജയേട്ടന്റെ വീടല്ലേ?' ഞാൻ സംശയം ചോദിച്ചു.
അതെ എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ എന്റെ അടുത്ത ചോദ്യം വിജയേട്ടൻ എവിടെയാണെന്നായിരുന്നു
അകത്തു നിന്ന് ആരോ വിളിച്ചു ചോദിച്ചു 'ആരാ മോളെ അവിടെ?'
അച്ഛാ ഇത് അച്ഛന്റെ കൂട്ടുകാരനാ ജബ്ബറെട്ടൻ
'ഇങ്ങോട്ട് വരൂ ജബ്ബാറേ' അകത്തു നിന്നും വിജയേട്ടന്റെ ക്ഷണം. ഇയാൾക്കെന്താ പുറത്തേക്കു വന്നാൽ എന്ന് തോന്നിയെങ്കിലും ഞാൻ അകത്തു ചെന്നു
അവിടെ ഒരു പഴയ കട്ടിലിൽ കഴുത്ത് വരെ തുണിയിട്ട് മൂടിയ ഒരു മനുഷ്യനെ കണ്ടു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോകത്ത് ഇന്ന് വരെ ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത നല്ലവനായ മനുഷ്യനാണോ ഈ കിടക്കുന്നത്.
എന്റെ സംശയം ഞാൻ ഉള്ളിൽ ഒതുക്കി
'ജബ്ബാറിന്നു തോന്നുന്നുണ്ടാവും ഞാൻ നിങ്ങൾ വന്നിട്ടും എന്താ എണിക്കാഞ്ഞത് എന്ന് അല്ലെ' വിജയേട്ടൻ തുടർന്ന് കാലിന്മേലെ തുണി മാറ്റി കൊണ്ട് പറഞ്ഞു 'നോക്കൂ ജബ്ബാർ ഈ ഒരു കാൽ മുറിച്ചതാണ്.'
എനിക്ക് എന്നെ തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായി.
ഞാൻ വിജയെട്ടനോട് എല്ലാം ചോദിച്ചു
ഗൾഫിൽ നിന്നും ഒരു പാട് ഞാൻ സമ്പാധിച്ചു. പണം, ഒരു പാട് സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പിന്നെ ഗൾഫിൽ നിന്നും കൊണ്ട് വന്ന പ്രഷർ, ഷുഗർ, കൊളോസ്ട്രോൾ. രണ്ടു മക്കളെ കിട്ടി. നേർത്തെ കണ്ട ആ മകൾ, ശ്രീദേവി. പിന്നെ ഒരു മകനും.അവൻ മരുന്ന് വാങ്ങാൻ വടക്കാഞ്ചേരിക്ക് പോയിരിക്കുകയാ. ഗൾഫിൽ പോകാൻ വിസ കിട്ടിയിട്ടും എന്നെയും ഇവളെയും ശുശ്രൂഷിക്കാമെന്നു പറഞ്ഞു ഇവിടെ തന്നെ നില്ക്കുകയാണ്.
ഇടയിൽ കയറി ഞാൻ ചോദിച്ചു. 'അപ്പോൾ ഭാര്യയോ?'
ഒരു നിമിഷം മൌനമായി ഗദ്ഗദകണ്ടനായി വിജയേട്ടൻ പറഞ്ഞു
'അവൾ ആ മാവിന്മേൽ..........' മുഴുമിപ്പിക്കാനാകാതെ അദ്ദേഹം വിങ്ങി പൊട്ടാൻ തുടങ്ങി. അദ്ധേഹത്തിന്റെ കട്ടിലിന്റെ ജനവാതിലൂടെ ഞാൻ ആ മാവ് കണ്ടു
ദൈവമേ ഇത്രയും നല്ല മനുഷ്യന്നു ഈ ഗതി വന്നല്ലോ എന്ന് ഞാൻ പരിതപിച്ചു.
ആ മകൾ ഇഴഞ്ഞു വന്നു ഒരു പാത്രത്തിൽ കുറച്ചു ചക്കചുള കൊണ്ട് വന്നു.
ആ കുട്ടിയുടെ സ്ഥിതി ആലോചിച്ചു ഞാൻ അത് വേണ്ടെന്നു പറഞ്ഞു.'
'അച്ഛൻ എന്നും ജബ്ബാറെട്ടന്റെ കാര്യം പറയും. ചക്ക ഇഷ്ടമാണെന്നും പറയാറുണ്ട്‌'
എന്റെ നെഞ്ച് പിടയാൻ തുടങ്ങി. എന്റെ ഓരോ കാര്യങ്ങളും ഇത്രമാത്രം ഓർത്തിരിക്കുന്ന ഈ മനുഷ്യനെ കാണാൻ വരാതിരുന്നാൽ...... ആലോചിക്കാൻ വയ്യ
കുറച്ചു കഴിഞ്ഞപ്പോൾ വിജയേട്ടന്റെ മകൻ മരുന്നുമായി വന്നു. വന്ന പാടെ എന്നോടൊരു ചോദ്യം 'ജബ്ബാറെട്ടനാണല്ലേ?
വിജയേട്ടന്റെ മകൻ ശ്രീകാന്ത് അച്ഛനെ എഴുന്നേൽപ്പിച്ചു മരുന്ന് കൊടുത്തു
ഞാൻ അവരോട് ചായക്കടയിലും പാടത്തെ കുളത്തിലും ഉണ്ടായ സംഭവം പറഞ്ഞു
ശ്രീകാന്തിന്നും വിജയേട്ടന്നും എന്നെ പോലെ തന്നെ ഈ വക അന്ധവിശ്വാസങ്ങൾ ഇല്ല.
എനിക്ക് ബൈക്ക് എടുത്തു കൊണ്ട് വരണം എന്ന ആഗ്രഹം ശ്രീകാന്തിനോട് പറഞ്ഞു. അത് കേട്ടപ്പോൾ വിജയെട്ടൻ അനുവാദം തന്നിട്ട് പറഞ്ഞു. 'ഇവിടെ തിരിച്ചു വന്നിട്ട് ഭക്ഷണം കഴിച്ചേ പോകാവൂ. കഴിയുന്നതും നാളയെ പോകാവൂ'
വിജയേട്ടന്റെ ക്ഷണം ഞാൻ സ്വീകരിച്ചു.
ഞാനും ശ്രീകാന്തും ഒരു ടോർച്ചുമായി പാടത്തെ കുളം വഴി വന്നു. അവിടെ ആരെയും കണ്ടില്ല.
'അപ്പോൾ നിങ്ങളുടെ വീട്ടിലെ ഭക്ഷണ കാര്യങ്ങളും മറ്റും ആരാണ് ചെയ്യുന്നത്?' നടത്തത്തിന്നിടയിൽ ശ്രീകാന്തിനോട് ഞാൻ ചോദിച്ചു.
'ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു ചേച്ചി പകൽ വന്നു എല്ലാം ശെരിയാക്കി പോകും'അത് പറഞ്ഞിട്ട് അവൻ തുടര്ന്നു 'എനിക്ക് അച്ഛനെ ഭയങ്കര പേടിയാ. അച്ഛന്റെ മുമ്പിൽ ഞാൻ ഇരിക്കുക പോലുമില്ല'.
ഇതു കേട്ടപ്പോൾ എനിക്ക് അവനോട്‌ ഇഷ്ടം കൂടി. ഇന്നത്തെ കാലത്ത് അച്ഛൻ പുറത്തു നിന്ന് വരുമ്പോൾ കാൽ അച്ഛന്റെ മുമ്പിലേക്ക് ആക്കി സോഫയിൽ കിടന്നു ടീവീ കാണുന്ന അസുരവിത്തുകൾ ആണല്ലോ കുറച്ചൊക്കെ.
കുറച്ചു നേരത്തേക്ക് ഞങ്ങൾ മൌനം ആയി നടന്നു
ചായക്കടയുടെ അടുത്തെത്തി. കടയുടെ നിരപ്പലകകൾ രണ്ടെണ്ണം ഒഴിച്ച് എല്ലാം ഇട്ടിരിക്കുന്നു. കടയുടെ മുകളിലെ റൂമിൽ നിന്നും ചിലര് ആടിയാടി താഴേക്ക്‌ വന്നു നടന്നു പോകുന്നത് കണ്ടു.
ഞങ്ങൾ കടയുടെ അകത്തു കേറി. മുതലാളി ഉണ്ടായിരുന്നില്ല. ഊമയായ മനുഷ്യൻ ഒരു തോർത്ത്‌ പുതച്ചു ഞങ്ങളുടെ അടുത്ത് വന്നു. ആംഗ്യഭാക്ഷയിൽ എന്താണ് വേണ്ടതെന്നു അയാൾ ചോദിച്ചു. ബൈക്ക് എടുക്കാൻ വന്നതാണെന്ന് ഞാനും അതെ ഭാക്ഷയിൽ പറഞ്ഞു.
ആ മനുഷ്യൻ എന്റെ അടുത്ത്‌ നിന്ന് പിന്തിരിഞ്ഞ ഉടനെ അയാളുടെ ശരീരത്തിലെ തോർത്ത്‌ ഞാൻ പെട്ടെന്ന് വലിച്ചു. അയാളുടെ കയ്യിന്മേൽ പുതിയ മുറിവിന്റെ അടയാളം.
എനിക്കെന്തോ ചില സംശയങ്ങൾ തോന്നിത്തുടങ്ങി. പ്രത്യേകിച്ച് ആ കെട്ടിടത്തിലെ അന്തരീക്ഷവും.
ഞാൻ ശ്രീകാന്തിനെ വിളിച്ചു പുറത്തു വന്നു, ഒരു സ്വകാര്യം പറഞ്ഞു. 'ശ്രീകാന്ത്, നീ ഒരു നാടകം കളിക്കണം, ഞാൻ ഒരു പോലീസ് ഓഫീസറുടെ ബന്ധക്കാരനാണ് എന്ന് പറയണം. ബാക്കി ഞാൻ ശേരിയാക്കാം.'
ഊമ പെട്ടെന്ന് പോയി മുതലാളിയെ വിളിച്ചു കൊണ്ട് വന്നു.
ശ്രീകാന്ത് കട മുതലാളിയോട് ഞാൻ ഏല്പിച്ച പ്രകാരം പറഞ്ഞു.
കട മുതലാളി എന്റെ അടുത്ത് വന്നു കരയാൻ തുടങ്ങി. 'സാർ ഞങ്ങളെ രക്ഷിക്കണം. ഇനി മേലാൽ ഇതുണ്ടാവൂല'
എല്ലാം സത്യമായി പറഞ്ഞാൽ മാപ്പുസാക്ഷി ആക്കാമെന്ന് ഞാൻ പറഞ്ഞതനുസരിച്ച് അയാൾ എല്ലാം തുറന്നു പറഞ്ഞു.
ഊമയായി അഭിനയിക്കുന്നതാണെന്നും അയാളാണ് പ്രേതമായി കുളത്തിൽ നിന്ന് വന്നതെന്നും അതിന്നു കാരണം ആ കുളത്തിന്റെ മറുകരയിലുള്ള കുറ്റിക്കാട്ടിൽ ചാരായം വാറ്റാറുണ്ടെന്നും അയാളുടെ കയ്യിലെ മുറിവ് ഞാൻ കുട കൊണ്ട് അടിച്ച്തിന്റെയാണെന്നും മറ്റും.
ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു
പ്രേതമില്ലെന്ന് ഉറപ്പായ ഞങ്ങൾ ബൈക്കെടുത്തു വിജയേട്ടന്റെ വീട്ടിലേക്കു മടങ്ങി.
വിജയേട്ടന്റെ മകൾ ശ്രീദേവി ഞങ്ങളെ കാത്തു ഉറങ്ങാതെ ഇരിക്കുകയാണ്. എനിക്കും ശ്രീകാന്തിന്നും ഡൈനിങ്ങ്‌ റൂമിലെ മേശയിന്മേൽ ഭക്ഷണം കൊണ്ട് വെച്ചു. വിജയേട്ടന്റെ റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കാമെന്നു ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ആ റൂമിൽ ഭക്ഷണം കൊണ്ട് വെച്ചു. ഉറക്കം വരുന്നത് വരെ ഞങ്ങൾ തമാശകൾ പറഞ്ഞു. വിജയേട്ടൻ പുറത്തെ മാവിൽ നോക്കി കിടക്കുകയാണ്. കിടക്കേണ്ട നേരമായപ്പോൾ എനിക്ക് ഒരു ബെഡ്റൂം ശെരിയാക്കി തന്നു. ഉറക്കം വന്നപ്പോൾ ഞാൻ ബെഡ് റൂമിലേക്ക്‌ പോയി. എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല.
നേരം വെളുത്തു. ശ്രീകാന്തിന്റെ ജബ്ബാറെട്ടാ എന്ന അട്ടഹാസം കേട്ടാണ് ഞാൻ ഓടി ചെന്നത്.
അവൻ നന്നായി കരയുന്നുണ്ടായിരുന്നു. ഞാൻ അവനോട് കാര്യം അന്വേഷിച്ചു.
ഇന്നലെ ഞാൻ പോയതിനു ശേഷം ശ്രീകാന്ത്, വിജയെട്ടന്നു മരുന്ന് കൊടുത്തു. കാലത്തെ മരുന്ന് കൊടുക്കാൻ ചെന്നപ്പോൾ അച്ഛൻ വായ തുറക്കുന്നില്ല ഞാൻ വിജയേട്ടന്റെ റൂമിൽ ചെന്നു. അപ്പോഴും വിജയേട്ടൻ ജനലിലൂടെ ആ മാവിന്റെ ഭാഗത്തേക്ക് നോക്കി കിടക്കുകയാണ്. ഞാൻ പൾസ് നോക്കി. ഞാനും ഉറക്കെ നിലവിളിച്ചു. 'എന്റെ വിജയേട്ടാ....'
എന്റെ വിജയേട്ടൻ പ്രഷറും ഷുഗറും കൊളോസ്ട്രോളും ഇല്ലാത്തിടത്തെക്ക് പോയിരിക്കുന്നു.
-----------------------------------------------------------------
മേമ്പൊടി:
മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരുദിനം തിരിച്ചുവന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും
ചിരിച്ചവരോ കണ്ണീരു പൊഴിക്കും

പാമ്പ് ഭക്ഷണം (അനുഭവം)

പാമ്പ് ഭക്ഷണം (അനുഭവം)
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
 
 അബുദാബിയിൽ പഴയ എയർപോർട്ടിനടുത്തു പെപ്സികോള കമ്പനിയുടെ അടുത്ത ഫ്ലാറ്റിൽ ഞാൻ താമസിക്കുന്ന കാലം. യൂറോപ്പ് രാജ്യങ്ങളല്ലാത്ത ഏതെങ്കിലും രാജ്യത്ത് പോകണമെന്ന ചിന്ത. കണ്ടെത്തിയത് റിപ്പബ്ലിക് ഓഫ് ചൈന എന്ന് പേരുള്ള തൈവാൻ എന്ന സ്ഥലത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. ഇതിൽ ഏറ്റവും രസാവഹമായ കാര്യം ആ രാജ്യത്തിന്റെ UAE യിലെ കൊണ്സുലേറ്റ് ദുബായിൽ ആയിരുന്നുവെന്നതല്ല, പ്രത്യുത ആ രാജ്യത്തിന്റെ കോണ്‍സുൽ ഒരു ദുബൈ അറബി ആയിരുന്നു എന്നതാണ്. അതിന്നു കാരണം അന്ന് അദ്ധേഹത്തിന്റെ കമ്പനി ആണ് ആ രാജ്യത്തിൽ നിന്ന് ഒരു പാട് പ്രോടക്ട്സ് ഇമ്പോർട്ട് ചെയ്തിരുന്നു.
വിസയെല്ലാം പെട്ടെന്ന് ശെരിയായി.
അങ്ങിനെ ഒരു ദിവസം ദുബൈ എയർപോർട്ടിൽ നിന്നും ചൈന എയർലൈൻസിൽ ഞാൻ പുറപ്പെട്ടു. പത്തു മണിക്കൂർ നേരത്തെ നിറുത്താതെയുള്ള (nonstop) ഫ്ലൈറ്റ് യാത്രക്ക് ശേഷം വൈകീട്ട് അഞ്ചു മണിക്ക് തൈവാന്റെ തലസ്ഥാനമായ തായ്പേ നഗരത്തിലെ ചിയാങ്ങ് കൈഷേക് ഇന്റർനാഷണൽ എയർപോർട്ടിൽ കൂറ്റൻ ജമ്പോ വന്നിറങ്ങി.
അവിടെ നിന്നും തൈവാന്റെ ഹൃദയ ഭാഗത്തുള്ള ഏഷ്യ വേൾഡ് പ്ലാസ ഹോട്ടലിൽ തങ്ങി.
പിറ്റേന്നു മുതൽ എന്റെ പ്രോഗ്രാം തുടങ്ങി. പിറ്റേന്ന് വീണ്ടും തൈപേ എയർ പോർട്ടിൽ നിന്നും മൂന്നു മണിക്കൂർ റണ്ണിംഗ് ടൈം ഉള്ള ഹുവാലിൻ എന്ന ഹിൽസ്റ്റെഷനിലെക്കു പുറപ്പെട്ടു. അവിടെ നിന്നും സീലെവലിൽ നിന്നും 2565 മീറ്റർ ഉയരമുള്ള സണ്‍ മൂണ്‍ ലൈക്‌ സിറ്റി കാണാമെന്നുള്ള ഉദേശത്തോടെ ടൂറിസ്റ്റ് ബസ്സിൽ മലകൾ കയറി യാത്ര പുറപ്പെട്ടു. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങൾ പോകുന്ന വഴിയിൽ മല ഇടിഞ്ഞത് കൊണ്ട് യാത്ര പകുതി വഴി വെച്ച് അവസാനിപ്പിച്ചു. അന്ന് രാത്രി ലിഷാൻ ഗസ്റ്റ് ഹൌസിൽ തങ്ങി. അവിടെ ഞാൻ ഒരു പ്രത്യേഗ കാൽകുലറ്റർ കണ്ടു. നമ്മുടെ നാട്ടിലെ ഒരു സ്ലേറ്റിന്റെ വലുപ്പത്തിലുള്ള ഫ്രൈം. അതിൽ കുറുകെ പത്തു പ്ലാസ്റിക് ചരടുകൾ ഫിറ്റ്‌ ചെയ്തിരിക്കുന്നു. ഓരോ ചരടിലും പത്തു ഗോളികൾ. നമ്മൾ എത്ര വലിയ സംഖ്യയെ എത്ര വലിയ സംഖ്യകൊണ്ട് പെരുക്കാനോ ഹരിക്കാനോ പറഞ്ഞാൽ ഉടനെ അവർ ആ ഗോളികൾ അങ്ങോട്ടും ഇങ്ങോട്ടും ആക്കി ഉത്തരം കൃത്യമായി പറയും. അന്ന് രാത്രി തന്നെ അതിന്റെ ഗുട്ടൻസ് ഞാൻ പഠിച്ചു. പക്ഷെ, തിരക്കിന്നിടയിൽ അത് വാങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് വീണ്ടും ഹുവാലിൻ എയർപോർട്ടിൽ എത്തി.
തായ്‌പേയിലേക്കുള്ള ഫ്ലൈറ്റ് ഒരു മണിക്കൂർ ഡിലെ ആണത്രേ. മൂടൽമഞ്ഞു കാരണം വിസിബിലിറ്റി കുറഞ്ഞത്രേ. വിവരം വന്നു പറഞ്ഞ എയർപോർട്ട് ഗ്രൌണ്ട് സ്റ്റാഫ്‌ ഞങ്ങളോട് പലവട്ടം വന്നു സോറി പറഞ്ഞു. (നമ്മുടെ എയർ ഇന്ത്യ പോലെ അല്ലെ?) അത് കഴിഞ്ഞു ഈ ഒരു മണിക്കൂർ ചിലവഴിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എയർപോർട്ടിലുള്ള ഹോട്ടലിൽ പോകണമെങ്കിൽ അങ്ങനെ. ഞാൻ ആവശ്യപ്പെട്ടത്‌ തൈവാന്റെ ഹിസ്റ്ററി ഉള്ള ഏതെങ്കിലും ബുക്ക്‌ അല്ലെങ്കിൽ അതിന്റെ ഡോകുമെന്ററി വേണമെന്നാണ്. ഉടനെ എനിക്കും മറ്റു ചിലര്ക്കും വേണ്ടി ഒരു ഡോകുമെന്ററി കാണിച്ചു തന്നു. അതിൽ തൈവാൻ, ഓസ്ത്രേലിയ തുടങ്ങിയ നാടുകളിലെ പഴയ അബോർഗിനികളായ ആളുകളുടെ ചരിത്രം കാണാൻ കഴിഞ്ഞു. ഇനി തൈപേയിൽ ചെന്നിട്ടു വേണം അവരുടെ ജീവിതരീതി നേരിട്ട് കാണാൻ എന്ന് തീരുമാനിച്ചു.
വീണ്ടും ഫ്ലൈറ്റ് ഡിലെ ആവും എന്ന് സോറി പറഞ്ഞപ്പോൾ എനിക്ക് പണ്ടൊരു ജഡ്ജിയുടെ സംഭവം ഓർമ വന്നു. ഒരു ദിവസം ജഡ്ജി കോടതിയിൽ പോകാൻ വേണ്ടി അദ്ധേഹത്തിന്റെ കാറിന്നടുത്തെക്ക് ചെന്നു. ജഡ്ജിക്ക് കയറാനായി ഡ്രൈവർ പിന്നിലെ ഡോർ തുറന്നു കൊടുത്തു. അപ്പോഴാണ്‌ അത് സംഭവിച്ചത്. ഡ്രൈവർ ഒന്ന് തുമ്മി. ഉടനെ, ഡ്രൈവർ ജഡ്ജിയോട് സോറി പറഞ്ഞു. ' ഓ അത് സാരമില്ല' എന്ന് ജഡ്ജി മറുപടി കൊടുത്തു.
കാർ പകുതി വഴി ഓടി. ഡ്രൈവർ പിന്നിലിരുന്ന ജട്ജിയോട് വീണ്ടും പറഞ്ഞു 'സാർ ക്ഷമിക്കണം. ഞാൻ അറിയാതെ സംഭവിച്ച തെറ്റാണ്.' അപ്പോഴും ജഡ്ജി പറഞ്ഞത് അത് കാര്യമാക്കണ്ട എന്നാണു.
ജഡ്ജി തിരിച്ചു കോടതിയിൽ നിന്ന് വന്നു കാറിൽ കയറുമ്പോഴും പകുതി വഴി എത്തിയപ്പോഴും ഡ്രൈവർ ഇത് തന്നെ ആവർത്തിച്ചു. ജഡ്ജി ആദ്യം പറഞ്ഞ പോലെ മറുപടി പറഞ്ഞു.
അങ്ങിനെ കാർ ജഡ്ജിയുടെ വീടിന്നടുത്തെതി. വീണ്ടും ഡ്രൈവർ സോറി പറഞ്ഞു. അപ്പോൾ ജഡ്ജി ഡ്രൈവറോട് കാറിന്റെ താക്കോൽ വാങ്ങിയിട്ട് പറഞ്ഞു 'നാളെ മുതൽ നീ ജോലിക്ക് വരേണ്ട'

പിന്നെ കേട്ടത് മൂടൽമഞ്ഞു മാറുന്നില്ല, അത് കൊണ്ട് ഒരു ട്രെയിനിൽ തിരിച്ചു തൈപ്പീയിലേക്ക് പോകാൻ വേണ്ടത് ചെയ്തിട്ടുണ്ടെന്നാണ്. മറ്റൊന്ന് കൂടി അവർ ചെയ്തു. ആ ട്രെയിൻ ടിക്കറ്റ്‌ ചാർജ് വാങ്ങിയില്ലെന്ന് മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ്‌ ചാർജ് മടക്കി തരികയും ചെയ്തു. (നമ്മുടെ എയർ ഇന്ത്യ പോലെ അല്ലെ?)
ട്രെയിനിൽ ഞാൻ ഒരു പ്രത്യേഗ സംഭവം കണ്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന സ്ത്രീകളും പുരുഷന്മാരും, എന്തിനേറെ കുട്ടികൾ വരെ ഓരോ ഉല്പന്നങ്ങൾ അസ്സെമ്പിൾ ചെയ്യുന്നുണ്ടായിരുന്നു. വെറുതെയല്ല, മെയിൻലാൻഡ്‌ ചൈനയിൽ നിന്ന് ചിയാങ്ങ്കൈഷേക്കിനെ തൈവാനിലേക്ക് നാട് കടത്തിയിട്ടും തൈവാനെ ഐക്യരാഷ്ട്രസഭയിൽ അംഗത്വം കൊടുക്കെരുതെന്നു വീറ്റോ ചെയ്തിട്ടും ആ കൊച്ചു രാജ്യം ഇത്രകണ്ടു പുരോഗതി നേടിയത്.
പിറ്റേന്ന് എന്റെ യാത്ര അബോര്ഗിനി വില്ലേജിലെക്കും സ്നൈക് മാർകെറ്റിലെക്കും പഗോടകൾ സന്ദർശിക്കലും ആയിരുന്നു
ഞാൻ സ്നേക്ക് മാർക്കറ്റിലേക്ക് പോയി.
വളരെ വീതി കുറഞ്ഞ ഒരു ടാർ റോഡു. അതിന്റെ ഇരുവശവും ലൈൻ ആയി വീടുകൾ. വീടുകളുടെ മുമ്പിൽ റോഡിനോടു ചേർന്ന് ഒരു ഗ്യാസ് സ്റ്റവ്. അതിന്മേൽ നമ്മുടെ നാട്ടിലെ ദോശകല്ല്‌ പോലെ ഒന്ന്. തൊട്ടടുത്ത്‌ വെള്ളമില്ലാത്ത അക്കോറിയം പോലെയുള്ള ഒരു കണ്ണാടികൂട്ടിൽ ജീവനുള്ള ഒരു പാട് പാമ്പുകൾ. ആളുകൾക്ക് ഇരിക്കാനായി ചെറിയ സ്റ്റൂളുകൾ. ഞാൻ ഒന്നിൽ ഇരുന്നു. അവിടെ ആരെയും കണ്ടില്ല. പുറത്തു നിന്നും ഒരാൾ വന്നു വീടിന്റെ മുൻവാതിലിന്റെ മുകളിൽ തൂക്കിയിട്ടിരിക്കുന്ന, അമ്പലത്തിലെ മണി പോലെയുള്ള ഒരു മണി അടിച്ചു. എല്ലാ വീടുകൾക്കും ഇത്തരത്തിലുള്ള മണികളാണ് ഉള്ളത്
വന്ന ആൾ എന്റെ അടുത്ത സ്റൂളിൽ ഇരുന്നു. മണ്ടാരിൻ ഭാക്ഷയിൽ അവർ തമ്മിൽ സംസാരിച്ചു. ആ വീട്ടുടമ ആ ചില്ല് കൂട്ടിൽനിന്നും ഒരു പാമ്പിനെ കുടുക്കിട്ടു പിടിച്ചു. അതിനെ വേണ്ട വേറെ വേണമെന്ന് പറഞ്ഞപ്പോൾ ആ പാമ്പിനെ തിരിച്ചു കൂട്ടിൽ ഇട്ടു അയാൾ പറഞ്ഞ പാമ്പിനെ പിടിച്ചു. പേനകത്തി പോലെയുള്ള ഒരു സാധനം കൊണ്ട് ആ പാമ്പിന്റെ കഴുത്തിൽ മുറിവുണ്ടാക്കി. ആ ചീറ്റിയ ചോര മരത്തിന്റെ ഗ്ലാസ്സിൽ ശേഖരിച്ചു, വന്ന ആൾക്ക് കൊടുത്തു. അയാൾ പെപ്സി കുടിക്കുന്ന ലാഗവത്തോടെ കുടിച്ചു.
അതിന്നു ശേഷം ആ പാമ്പിനെ, വാള മുറിക്കുന്ന പോലെ കഷണങ്ങളാക്കി ആ കല്ലിൽ ഇട്ടു ഏതോ വൃത്തികെട്ട മണമുള്ള എണ്ണയിൽ പൊരിച്ചെടുത്തു.
നേരെ എന്റെ ഗൈഡിനെ കൂട്ടി പഗോഡ (ബുദ്ധമതക്കാരുടെ ദേവാലയം) കാണാൻ പോയി. ഞാൻ ഒരു മുസ്ലിം ആയതു കൊണ്ട് ആ ദേവാലയത്തിൽ കയറ്റുമോ എന്ന് ഗൈഡിനോട് ചോദിച്ചു. ഇത് ദൈവാലയമാണെന്നും ആര്ക്കും കടക്കാം എന്നും ആ ബുദ്ധമതക്കാരനായ ഗൈഡ് പറഞ്ഞു.
ഞാൻ പഗോടയുടെ പുറത്തു ചെരിപ്പൂരിയിട്ട് ആ പഗോഡയിൽ കടന്നു പ്രാർഥനകൾ നിരീക്ഷിച്ചു.
പിന്നെ ഞാൻ പോയത് അബോർഗിനി വില്ലേജിലേക്കാണ്. അവിടെ അവരുടെ ജീവിത രീതി കണ്ടു. ഏകാദേശം നമ്മുടെ ഗിരിവര്ഗക്കാരെ പോലെ. ഈ അബോർഗിനികളുടെ മരണശേഷം ശരീരം അവരുടെ പഗോടയുടെ അടുത്തുള്ള മലയുടെ മുകളിൽ തുറന്നു വെക്കും. അത് പറവകൾ വന്നു തിന്നു തീർക്കും. ഏകദേശം ബോംബയിലെ ഫാർസികൾ ചെയ്യുന്ന പോലെ.
ഹോട്ടലിൽ തിരിച്ചെത്തി ടെലിഫോണ്‍ ഡയറക്ടറി എടുത്തു മലയാളി പേരുള്ളവരെ നോക്കി. കിട്ടി. ഒരു ജോര്ജ്. ഞാൻ ഫോണ്‍ കറക്കി. അങ്ങേ തലയ്ക്കൽ നിന്നും ഗുഡ് ഇവെനിംഗ് കിട്ടി. ഞാൻ എന്നെ പരിജയപ്പെടുത്തി. അദ്ദേഹം തിരക്കിലാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഞാൻ കറക്കി. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അദ്ധേത്തോടുള്ള ദേഷ്യം കുറഞ്ഞു. അദ്ദേഹം ലണ്ടനിൽ ആയിരുന്നു. മലയാളികൾ വിളിക്കുന്നത്‌ എന്തെങ്കിലും സഹായം ചോധിക്കാനാണെന്നും അത് ഉപദ്രവം ആവുമെന്നു. ഞാൻ എന്റെ കാര്യം പറഞ്ഞപ്പോൾ അര മണിക്കൂറിനുള്ളിൽ ഞാൻ താമസിക്കുന്ന ഹോട്ടലിൽ എത്താമെന്നു സമ്മതിച്ചു.
പറഞ്ഞപോലെ അദ്ദേഹം വന്നു. ചെങ്ങന്നൂരിന്നടുത്ത് ബുധനൂർ ആണ് അദ്ധേഹത്തിന്റെ വീട്. അദ്ദേഹം തൈപേ വേൾഡ് ട്രേഡ് സെന്ററിൽ ഉധ്യോഗസ്ഥനാണ്. അദ്ദേഹം ആ സെന്റെറിൽ എന്നെ കൊണ്ട് പോയി എല്ലാം കാണിച്ചു തന്നു.
പിറ്റേന്ന് കാലത്ത് ജപ്പാൻ എയർലൈൻസിൽ ഞാൻ തിരിച്ചു ദുബായിലോട്ടു. ഒരു ഇല പോലെയുള്ള ആ രാജ്യത്ത് നിന്ന് ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുമ്പോൾ ഞാൻ ഓർത്തത്‌, വ്യവസായം പുരോഗമിക്കുന്ന, വിദേശികളെ വ്യവസായം നടത്താൻ ക്ഷണിക്കുന്ന, ഹർത്താൽ ഇല്ലാത്ത, അമിതമായി അധ്വാനിച്ചു രാജ്യപുരോഗതിക്കു വേണ്ടി നില കൊള്ളുന്ന ആ നാട്ടുകാരെയാണ്.
ചിയാങ്ങ്കൈഷേക്കിന്റെ അനുയായികളേ, ഒരു ഭാരതീയനായ എന്റെ നമോവാകം.

ആവർത്തനം (കഥ)

ആവർത്തനം (കഥ)
By
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
 
 'അപ്പോൾ നിന്റെ തീരുമാനത്തിനു ഒരു മാറ്റവും ഇല്ല, അല്ലെ?' അയാൾ മകനോട്‌ ചോദിച്ചു.
'
അത് ഞാൻ അച്ഛനോട് അനവധി പ്രാവശ്യം പറഞ്ഞതല്ലേ?'
അയാളുടെ ചോദ്യത്തിനു മകന്ന് ഒരു കൂസലുമുണ്ടായിരുന്നില്ല.
അയാൾ നീറുകയായിരുന്നു. തന്റെ മുന്നിൽ നേരെ വന്നു നിൽക്കാൻ പോലും ധൈര്യമില്ലാതിരുന്ന ഇവന്റെ ഭാവമാറ്റം അയാളെ വേദനിപ്പിച്ചു.
ഈ നിമിഷം ഭൂമി പിളർന്നു താൻ പാതാളത്തിലേക്ക് പോയിരുന്നെങ്കിലോ എന്നയാൾ ആശിച്ചു.
'
നോക്ക് എന്റെ സ്വത്തിൽ നിന്നും നിനക്ക് ഒന്നും തരൂല. എല്ലാം എന്റെ ഇളയ മകനും മകൾക്കും ഞാൻ എഴുതി വെക്കും'
അയാൾ ആ അടവും എടുത്തു.
'
എനിക്ക് അച്ചന്റെ ഒന്നും വേണ്ട. എനിക്കും അവൾക്കും നല്ല ജോലിയുണ്ട്. അതു കൊണ്ട് ഞങ്ങൾ സുഖമായി ജീവിച്ചോളാം.'
അയാളുടെ ആ പരിപാടിയും ചീറ്റി.
ഇനി അവനെ ഉപദേശിക്കാം എന്ന് കരുതി അയാള് പറഞ്ഞു 'നിനക്ക് താഴെ രണ്ടു പേര് ഇല്ലെ. അവരെ നീ ആലോചിച്ചോ? എന്നെയും നിന്റെ അമ്മയേയും ആലോചിക്കണ്ട.'
'
എനിക്ക് എന്നെ സ്നേഹിക്കുന്നവളെയാണ് ആലോചിക്കേണ്ടൂ' അവൻ അതിന്നും കൊടുത്തു മറുപടി.
'
നോക്കൂ മോനെ, നീയും അവളും വ്യത്യസ്ഥ മതക്കാരാണ്. ഇപ്പോൾ നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം. പക്ഷെ ഭാവിയിൽ. അത് നീ ആലോചിച്ചോ?' അയാൾ അങ്ങിനെ ഉപദേശം നൽകി നോക്കി
'
അവൾ നമ്മുടെ മതത്തിൽ ചേരാൻ തയ്യാറാണെന്ന് ഞാൻ അച്ചനോട് പറഞ്ഞില്ലേ?
'
മോനേ, അവൾ നമ്മുടെ മതത്തിൽ ചേരുന്നത് നമ്മുടെ മതത്തിനോടുള്ള ഇഷ്ടം കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല, നേരേമറിച്ചു, നിന്നെ കിട്ടാൻ വേണ്ടി മാത്രമാണ്. അതല്ലെങ്കിൽ നീ അവളെ കല്യാണം കഴിച്ചില്ലെങ്കിലും അവൾ നമ്മുടെ മതത്തിൽ ചേരുമോ?'
അയാൾ വീണ്ടും അവനെ ഉപദേശിച്ചു നോക്കി
'
അച്ചൻ എന്തു പറഞ്ഞാലും എന്റെ തീരുമാനത്തിന്നു ഒരു മാറ്റവുമില്ല.' അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
ഇനി എന്താണ് പറയേണ്ടതെന്ന് അറിയാതെ അയാൾ വിഷമിച്ചു.
'
മോനെ, നീ അച്ചനെ വിഷമിപ്പിക്കല്ലേ' അയാളുടെ ഭാര്യ, മകനോട്‌ കേണപേക്ഷിച്ചു. അവനുണ്ടോ മനംമാറ്റം.
'
അമ്മ ഇതിൽ ഇടപെടേണ്ട. ഇത് ഞാനും അച്ചനും തമ്മിലുള്ള കാര്യമാണ്' അവന്റെ ഭീകരമുഖം കണ്ടപ്പോൾ അമ്മക്ക് ഒന്നും കൂടുതൽ പറയാൻ പറ്റാതെയായി.

അയാൾ ക്ഷീണത്തോടെ കിടക്കാൻ മുറിയിലേക്ക് പോയി. ഉറക്കം തീരെ വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.
'
നിങ്ങൾ മനസ്സ് വിഷമിപ്പിക്കേണ്ട, എല്ലാം സഹിക്കുക തന്നെ.'
ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി.
അയാൾ ലൈറ്റ് ഓഫ്‌ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ആ റൂമിൽ ഒരു ആൾരൂപം കണ്ടു. ആ രൂപം അയാളുടെ അടുത്ത് വന്നു പറഞ്ഞു 'നിനക്ക് വിഷമമുണ്ട് അല്ലെ? 24 വര്ഷം മുമ്പ് ഈ മുറിയിൽ കിടന്നു മരിച്ചവനാണ് ഞാൻ. നീ അന്യജാതിയിലുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കുന്നത്‌ എന്നോട് പറഞ്ഞപ്പോൾ ഞാൻ എത്ര എതിർത്തു. അന്ന് ഈ കട്ടിലിൽ അവശനായി വീണ ഞാൻ ഒരു മാസത്തിന്നു ശേഷം മരിച്ചു. നിന്റെ അമ്മ ആൽമഹത്യ ചെയ്തു. ഓർമ്മയുണ്ടോ നിനക്ക്?'
അയാൾ ആ നിഴലിനെ സൂക്ഷിച്ചു നോക്കി.
അയാൾ പിറുപിറുത്തു............... 'അച്ഛാ ................. മാപ്പ്'