കഥയല്ലിത് ജീവിതം - ബാലേട്ടൻ
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
ആ ബാലേട്ടനെ ഞാനെങ്ങിനെ മറക്കും. നല്ലൊരു കഥാപാത്രമായിരുന്നു. എന്റെ തറവാട്
തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ മുനയം എന്ന സ്ഥലത്താണ്. എന്റെ തറവാടിന്റെ നാലഞ്ചു വീടുകൾ
പടിഞ്ഞാറ് മാറി ചെറിയ ഒരു തോടുണ്ട്. ഈ തോട്ടിലൂടെ വേനൽക്കാലത്ത് നടന്ന് മറുകര
പോകാം. ആ മറുകരയിലുള്ള മുനയം സ്കൂളിലാണ് ഞാൻ എന്റെ പ്രാഥമികവിദ്യാഭ്യാസം ചെയ്തത്.
ഈ ചെറിയ തോടിന്നു വലിയ ഒരു പ്രത്യേകതയുണ്ട്. അതിന്റെ പടിഞ്ഞാറ് വശം മലബാർ
സംസ്ഥാനവും കിഴക്കേ വശം ആദ്യം കൊച്ചി സംസ്ഥാനവും പിന്നീട് തിരുവിതാംകൂർ ആയി
യോജിച്ച് തിരു-കൊച്ചി സംസ്ഥാനവും ആയി.അന്നും ഇന്നും പടിഞ്ഞാറേവശം നാട്ടിക
നിയോജകമണ്ഡലവും കിഴക്കേവശം ഇരിഞ്ഞാലക്കുട നിയോജകമണ്ഡലവും ആണ്.
എന്റെ നാടിന്നടുത്തുള്ള നെടുമ്പുര എന്ന സ്ഥലത്ത് ബാലേട്ടൻ എന്ന ഒരു തൊഴിലാളി
ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് ഞങ്ങളുടെ ഭാഗത്ത് പ്രധാനമായി രണ്ടു പാർട്ടികളാണ്
ഉണ്ടായിരുന്നത്. കലപ്പവെച്ച കാള അടയാളമായ കൊണ്ഗ്രെസ്സും അരിവാൾ നെൽക്കതിർ അടയാളമായ
കമ്മൂണിസ്റ്റ് പാർട്ടിയും. ബാലേട്ടൻ മരണം വരെ ഒരേ ഒരു പാർട്ടിക്ക് മാത്രമേ വോട്ട്
ചെയ്തിട്ടുള്ളൂ. അതെങ്ങിനെ ഞങ്ങൾ അറിഞ്ഞു എന്നല്ലേ വായനക്കാരുടെ സംശയം. അന്ന്
ഓപ്പണ്‍ വോട്ടിംഗ് സമ്പ്രദായം ഉണ്ടായിരുന്നു. ബാലേട്ടൻ രാഷ്ട്രീയപ്രവർത്തനം ഒന്നും
നടത്താറില്ല. റിസൾട്ട് അറിയാൻ ആ പാവം ഇരിഞ്ഞാലക്കുട ഹൈസ്കൂളിലേക്ക് പോകും.
അന്നൊക്കെ റിസൾട്ട് അറിയാൻ വളരെ സമയമെടുക്കും. ബാലേട്ടൻ കാലത്ത് തന്നെ ബസ്സിൽ
ഇരിഞാലക്കുടക്ക് പോയി. കൂടെ കുറച്ചധികം പടക്കവും കരുതിയിരുന്നു. ബാലേട്ടനും മറ്റും
അക്ഷമരായി സ്കൂളിന്റെ പുറത്തു കാത്തു നിൽക്കുകയാണ്. ഏകദേശം രണ്ടു മണിയായി. അപ്പോൾ
ബാലേട്ടൻ സ്കൂളിന്റെ മതിലിന്മേൽ കയറി. അദ്ധേഹത്തിന്റെ പാർട്ടിയുടെ പോളിംഗ് എജെന്റ്
കൈയ്യുടെ അഞ്ചു വിരലുകൾ ഉയർത്തികാട്ടി. ഉടനെ ബാലേട്ടൻ താഴെ ഇറങ്ങി അയ്യായിരം
വോട്ടിന്ന് ജയിച്ചെന്നും പടക്കം പൊട്ടിച്ചോളാനും പറഞ്ഞു. പിന്നീടാണ് തനിക്ക് അമളി
പറ്റിയെന്ന് മനസ്സിലായത്,
അഞ്ചു വിരലുകൾ
ഉയർത്തികാണിച്ചത് അഞ്ചു മണിക്കേ റിസൾട്ട് അറിയൂ എന്നായിരുന്നു. ആ ഇലക്ഷനിൽ
ജയിച്ചത് ബാലേട്ടന്റെ എതിർപാർട്ടിക്കാരായിരുന്നു.
ബാലേട്ടൻ ഒരു ശുദ്ധപ്രകൃതിക്കാരനാണ്. നന്നായി അധ്വാനിക്കും. വൈകീട്ട് കൂലി
കിട്ടിയാൽ ഉടനെ കാട്ടൂർ അങ്ങാടിയിലേക്ക് പോകും. കൂടെ ഏതെങ്കിലും മക്കളോ ഭാര്യയായ
ശാന്തേച്ചിയോ ഉണ്ടാവും. കൊയ്തപ്പോൾ കിട്ടിയ നെല്ലോ അതല്ലെങ്കിൽ കൊയ്ത്തു കഴിഞ്ഞ
പാടത്ത് നിന്ന് കിട്ടിയ പിടുത്താളോ ഉണ്ടാവും, ഭക്ഷണത്തിന്നുള്ള അരിക്ക്. അത് ഉരലിൽ ഇടിച്ചു അരിയാക്കാം.
പിന്നെ ഒരു ദിവസത്തിന്നു വേണ്ട സാധനങ്ങൾ മാത്രം വാങ്ങി അവരുടെ കയ്യിൽ
കൊടുത്തയക്കും. എന്നിട്ട് നേരെ പോകും. കാട്ടൂർ ജങ്ക്ഷന്റെ കിഴക്ക് ഭാഗത്തുള്ള
കള്ള് ഷാപ്പിൽ കയറും. കയ്യിലുള്ള പൈസക്ക് മുഴുവൻ കുടിക്കും. എന്നിട്ട് നേരെ
വീട്ടിലേക്ക്. അപ്പോൾ ഒരു എട്ട് മണിയൊക്കെ ആയിട്ടുണ്ടാവും. അന്നത്തെ കാലത്ത്
ഗ്രാമം ഏഴു മണിയാവുമ്പോൾ തന്നെ ഉറങ്ങിയിട്ടുണ്ടാവും. വിദ്യുച്ചക്തി
എത്തിയിട്ടില്ല. ബാലേട്ടന്റെ കുട്ടികൾ വിശന്ന് കരഞ്ഞു ഉറങ്ങി. ഒരു പക്ഷെ
ശാന്തേച്ചി ഒരു പാട്ട് മനസ്സിൽ പാടിയിട്ടുണ്ടാവാം.
അച്ഛനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളെ
അത്തലെല്ലാം തീരുമെന്റെ കരളിന്റെ പൂക്കളെ
കിട്ടിയ പിടുത്താൾ (കൊയ്ത്തു കഴിഞ്ഞ പാടത്ത് വീണു കിടക്കുന്ന നെല്ല്)
ഉരലിലിട്ടു ഇടിച്ചു കിട്ടിയ അരി മണ്കൾലത്തിൽ ഇട്ടു അടുപ്പിൽ വിറക് ഇട്ട് തീ
കൊടുത്തു. നനഞ്ഞ വിറകായത് കൊണ്ട് ശെരിക്കു കത്തുന്നുമില്ല.
ബാലേട്ടൻ കുടിച്ച് വരുമ്പോൾ വഴിയിലുള്ള സകലരേയും ചീത്ത വിളിക്കുകയും
ഭീഷണിപെടുത്തുകയും ചെയ്യും. ഒരിക്കൽ ബാലേട്ടൻ കുടിച്ച് വരുമ്പോൾ നിലാവുള്ള ഒരു
രാത്രിയിൽ ബാലേട്ടൻ വരുന്ന വഴിയിൽ ഒരാൾ തലയിൽ വെളുത്ത ഒരു കെട്ടുമായി ഇരിക്കുന്നു.
ബാലേട്ടനെ കണ്ടിട്ടും അയാൾ എഴുനെറ്റില്ല. ബാലേട്ടൻ അയാളോട് എഴുനേൽക്കാൻ രണ്ട്
മൂന്നു .പ്രാവശ്യം പറഞ്ഞു. അയാൾ അനുസരിക്കാതെ വന്നപ്പോൾ ബാലേട്ടൻ ദേഷ്യം വന്ന്
കാലുകൊണ്ട് അയാളെ അടിച്ചു. അതൊരു ബുധനാഴ്ചയായിരുന്നു. ബാലേട്ടനെ ഹോസ്പിറ്റലിൽ
നിന്ന് ഡിസ്ചാര്ജ് ചെയ്തത് ഞായറാഴ്ചയും. ഒരാൾ ഇരിക്കുന്നു എന്ന് ബാലേട്ടന്
തോന്നിയത് സർവെരിക്കല്ല് ആയിരുന്നു.
വഴിയിൽ വെച്ച് എന്നെ കണ്ടാൽ റോഡിൽ ഒതുങ്ങി വായ പൊത്തി ഒരു നില്പുണ്ട്, ബാലേട്ടന്. എന്നിട്ട് പറയും 'ശറഫൂ, മോൻ പൊക്കൊ'
അത് കഴിഞ്ഞു
കുറച്ചു ഓലക്കുടി എടുത്തു ഒരു ചൂട്ട് ആക്കി കത്തിച്ചു തരും. എന്നിട്ട് പറയും 'പാമ്പ് ഉണ്ടാവും, സൂക്ഷിക്കണം'.
അത് കൂടാതെ
അടുത്ത കടയിൽ നിന്നും എനിക്കിഷ്ടപ്പെട്ട കപ്പലണ്ടിമിട്ടായി വാങ്ങി തരും.
ബാലേട്ടൻ വീട്ടിലെത്തിയാൽ മറ്റൊരു രംഗമാണ്. ശാന്തേച്ചിയെ നന്നായി തല്ലും, മുടി പിടിച്ചു വലിക്കും. ചുമരിന്മേൽ
ചേർത്ത് വെച്ച് ഇടിക്കും. ആ പാവം അതെല്ലാം സഹിക്കും. അതും പോരാഞ്ഞ് അടുപ്പിലെ
തിളച്ചു വരുന്ന കഞ്ഞിക്കലം അടിച്ചുടക്കും. അത് കാണുമ്പോഴാണ് ശാന്തേച്ചിക്ക് സങ്കടം
അണപോട്ടിയോഴുകുക.
ശാന്തേച്ചിയുടെ കരച്ചിൽ കേൾക്കുമ്പോൾ അയൽവാസികളായ സ്ത്രീകൾ ശാന്തേച്ചിയെ
ധന്വന്തരം കുഴമ്പ് പുരട്ടി ഉഴിയും. കഴിക്കാൻ ദശമൂലാരിഷ്ടം കൊടുക്കും. ആ പാവം
വീണ്ടും അരി ഇടിച്ച് കഞ്ഞി വെച്ച് കുട്ടികൾക്കും ബാലേട്ടനും കൊടുക്കും. ബാലേട്ടന്
കൊണ്ട് വെച്ച കഞ്ഞി പായയിൽ കിടക്കുകയായിരുന്ന ബാലേട്ടൻ കാല് കൊണ്ട് ഒറ്റചവിട്ട്.
എന്നിട്ട് ഒറ്റ കല്പന. 'കഞ്ഞി കൊണ്ട്
വാടീ'
അന്തിപ്പട്ടിണി കിടക്കെണ്ടെന്നു കരുതി കുറച്ചു ബാക്കി കലത്തിൽ വെച്ച കഞ്ഞി
വീണ്ടും ബാലേട്ടന് കൊണ്ട് കൊടുത്തു. എന്നത്തേയും പോലെ ഇന്നും അന്തിപ്പട്ടിണി
തന്നെ. കുറച്ചു കഴിഞ്ഞപ്പോൾ ബാലേട്ടൻ .ശാന്തേച്ചിയെ ശകാരിക്കാനും തൊഴിക്കാനും
തുടങ്ങി. ആ സമയത്താണ് പാറാവ് നടത്തിയിരുന്ന ഒരു പോലീസ് ജീപ്പ് ആ വഴി വന്നത്. ആരും
പരാതി കൊടുക്കാതെ തന്നെ പോലീസുകാരൻ ബാലേട്ടനെ കയ്യോടെ പൊക്കി റോഡിലുള്ള
ജീപ്പിലേക്ക് കൊണ്ട് പോയി.
ശാന്തേച്ചി കരഞ്ഞ് കൊണ്ട് കൂടെ പോയി ജീപ്പിന്നടുത്തെത്തി. എന്നിട്ട്
പോലീസുകാരനോട് പറഞ്ഞു 'ഏമാനേ എന്റെ
കുട്ട്യോൾടെ അച്ഛനെ കൊണ്ട് പോകല്ലേ'
മനസ്സാക്ഷിയുള്ള ആ പോലീസുകാരൻ ആ സ്ത്രീയുടെ ആവശ്യം നിറവേറ്റി.
-------------------------------------
മേമ്പൊടി:
പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ
ദു:ഖത്തിൻ മുള്ളുകൾ പൂവിരൽതുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണവറ്റാത്തൊരു ചിത്രവിളക്കാണ് ഭാര്യ
എണ്ണിയാൽ തീരാത്ത ജന്മാന്ധരങ്ങളിൽ അന്നധാതേശ്വരി ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം ചാർത്തുന്നു ഭാര്യ
No comments:
Post a Comment