Thursday, 13 August 2015

കുമാരേട്ടന്റെ മനുഷ്യത്വം (ജീവിതകഥ)

കുമാരേട്ടന്റെ മനുഷ്യത്വം (ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

<<<  First posted on 9-9-2013, Re-posted on 1-3-2014 Published in London Pathram on 8-3-2014 (Link: http://www.britishpathram.co.uk/index.php?page=newsDetail&id=31010) Re-post on 3-8-2015  എന്റെ കഥ ലണ്ടൻ പത്രത്തിൽ വന്നത് വായിക്കാൻ ഈ ലിങ്കിലോ താഴെയുള്ള ഫോട്ടോയിലോ ക്ലിക്ക് ചെയ്യുക >>>

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഞാൻ ദുബൈ പ്ലാസ സിനിമയുടെ അടുത്ത് ഇംഗ്ലീഷ് ഭാഷയിലെ 'E' എന്ന അക്ഷരത്തിന്റെ മാതൃകയിൽ ഉള്ള ബിൽഡിങ്ങിലെ ഒരു അറബിയുടെ (അലി ബിൻ ഫർദാൻ) കടയിൽ ജോലി ചെയ്തിരുന്ന കാലം. അന്ന് പ്ലാസ സിനിമ വന്നിട്ടില്ല. അതിന്റെ അടുത്ത് തുറസ്സായ സ്ഥലത്തുള്ള ഇരു നില പഴയ കെട്ടിടത്തിലെ ഒരു മുറിയിൽ പത്തു പതിനഞ്ചു നാട്ടുകാരും ബന്ധക്കാരും അല്ലാത്തവരുമായവരുടെ കൂടെയാണ് താമസം. അവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്‌ ഞാൻ. എല്ലാവരും താഴെ പായ വിരിച്ചു വരിവരിയായിയാണ് ഉറക്കം. ഒരു പട്ടാളകേമ്പ് പോലെ.
ഇരുന്നൂറ്റി അമ്പതു QDR (ഖത്തർ ദുബൈ റിയാൽ) ആണ് ശമ്പളം. അതും അർബാബിന്റെ (മുതലാളി) മൂഡ്‌ അനുസരിച്ച് ഇടയ്ക്കിടെ പതിനഞ്ചു, ഇരുപതു റിയാൽ കിട്ടിയാലായി.
ഹോട്ടലിൽ ഇരുന്നൂറു റിയാൽ കൊടുക്കാനുണ്ട്. മരിക്കുമ്പോൾ കടക്കാരനായി മരിക്കരുതെന്നും പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിന്നു കടമായി മരിക്കരുതെന്നും ആണ് എപ്പോഴുമുള്ള പ്രാർത്ഥന.
ഹോട്ടൽകാരന്റെ മുഖം കണ്ടാലറിയാം പൈസ കിട്ടാത്തതിന്നു വിഷമമുണ്ടെന്നു. അവരെ കുറ്റം പറയാൻ ഒക്കത്തില്ല. കാരണം ദിവസേന പല നാടുകളിൽ നിന്നും ആളുകളെ ലാഞ്ചിയിൽ കുടഞ്ഞിടുകയാണ്. ഇന്ന് താമസിക്കുന്നിടത്തല്ല പിറ്റേന്ന്. അത് പോലെ ജോലിയും. വിസയും പാസ്പോർട്ടും ഇല്ലല്ലോ. പൈസ കിട്ടുമെന്ന് എന്ത് ഉറപ്പാണ്?
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പൈസയില്ല. ഇറാനിയുടെ കടയിൽ നിന്നും ഗ്ലൂക്കോസ് ബിസ്കറ്റും കോളയും കുടിച്ചു. ഊണ് കഴിക്കാൻ പൈസ കൂടുതൽ വേണം. എന്റെ വിഷമം കണ്ടപ്പോൾ ഞങ്ങളുടെ നാട്ടുകാരനായ എന്നെക്കാൾ വളരെ പ്രായക്കൂടുത്തൽ ഉള്ള കൊച്ചുക്ക പറഞ്ഞു കൊച്ചുക്കാടെ ബന്ധക്കാരനും എന്റെ നാട്ടുകാരനും ആയ ഹംസക്കാട് പറഞ്ഞു ഹോട്ടൽ മുതലാളി ആയ ജമാൽക്കാട് കുറച്ചു സാവകാശം ചോദിക്കാം എന്ന്. ഹംസക്കയാണെങ്കിൽ ഞങ്ങളെക്കാൾ വളരെ മുമ്പേ ദുബൈയിൽ വന്ന ആളും വലിയ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആളുമാണ്. (ഹംസക്ക എന്നതല്ല ശെരിയായ പേര്).
അന്നൊന്നും മൊബൈൽ ഫോണ്‍ പോയിട്ട് മലയാളികൾക്ക് താമസിക്കുന്നിടത്ത് ലാൻഡ്‌ ഫോണ്‍ പോലും ഇല്ലാത്ത കാലം. വൈകീട്ട് അദ്ധേഹത്തെ പോയി കാണാമെന്നുള്ള തീരുമാനം എടുത്തു.
വൈകീട്ട് ഞാനും കൊച്ചുക്കയും കൂടി ഹംസക്കാടെ റൂമിലേക്ക്‌ ചെന്നു. അറബികളുടെ വീടിന്റെ ഒരു ഭാഗം പലകയടിച്ചു മുകളിൽ ഒരു റൂം പണിതു അതിലാണ് ഹംസക്ക താമസിക്കുന്നത്. മുകളിലേക്ക് കയറുവാൻ മരത്തിന്റെ കോണിയാണ്. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഹംസക്ക പുറത്തു പോയിരിക്കുകയായിരുന്നു. അദ്ധേഹത്തിന്റെ സഹമുറിയൻ ഞങ്ങളോട് അവിടെ ഇരുന്നോളാൻ പറഞ്ഞു. ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്. ഹംസക്ക പറഞ്ഞാൽ ഇന്ന് രാത്രി ചോറ് തിന്നാമെന്നുള്ള പ്രതീക്ഷയിൽ ഞാൻ ഇരുന്നു.
ഭക്ഷണത്തിനു പൈസ ഇല്ലാതാവുമ്പോഴാണ് വിശപ്പിന്റെ വിലയും ഭക്ഷണത്തിന്റെ രുചിയും മനസ്സിലാവുക. ഹംസക്കാനെ കാത്തിരിക്കുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി. എന്നാലും വിരോധമില്ല, ഇന്ന് രാത്രി ചോറ് കഴിക്കാമല്ലോ? അപ്പോൾ ഈ കാത്തിരുപ്പ് ഒരു പ്രശ്നവുമല്ല.
കുറച്ചു നേരത്തെ കാത്തിരിപ്പിന്നൊടുവിൽ ഹംസക്ക വന്നു. ഷൈഖ്മാരെ കാണുന്ന ഭക്ത്യാദരവോടെ ഞാൻ കട്ടിലിന്മേൽ നിന്ന് ചാടി എഴുനേറ്റു.
അദ്ദേഹം എന്നോട് ഇരിക്കാൻ പറയുകയോ ഞാൻ ഇരിക്കുകയോ ചെയ്തില്ല. അത് പോലെ ഞാൻ ഒന്നും സംസാരിക്കുകയും ചെയ്തില്ല. ഇനി അഥവാ എന്റെ സംസാരത്തിൽ എന്തെങ്കിലും ഇഷ്ടപെടാതെ വന്നാൽ അദ്ദേഹം എന്നെ സഹായിച്ചില്ലെങ്കിലോ എന്ന പേടിയായിരുന്നു.
കൊച്ചുക്ക എല്ലാം പറഞ്ഞു. ഹംസക്കാടെ മറുപടിക്ക് വേണ്ടി ഞാൻ ശ്വാസമടക്കി കാതോർത്തു. കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം ഹംസക്ക പറഞ്ഞു 'ഞാൻ പറഞ്ഞാൽ ഹോട്ടെലുകാർ കേൾക്കും. പക്ഷെ ഞാൻ പറയൂല'
ഇടിത്തീ വീണ അനുഭവം. താഴെ വീഴാതിരിക്കാൻ ഞാൻ ചുമരിന്മേൽ താങ്ങി പിടിച്ചു. എന്നിട്ടും തല ചുറ്റുന്നത്‌ പോലെ തോന്നി. ഞാനും കൊച്ചുക്കയും കൂടി തിരിച്ചു പോന്നു.
റൂമിൽ ഉപ്പാടെ കത്ത് ഉണ്ടായിരുന്നു. 'ശെറഫൂ, നിനക്ക് സുഖമല്ലേ?' എന്നായിരുന്നു കത്തിന്റെ തുടക്കം തന്നെ.
മറുപടി എഴുതി 'അതെ ഉപ്പ, ഉമ്മ നിങ്ങളുടെ മോന് പരമസുഖമാണിവിടെ' പിന്നെ എന്തൊക്കെയോ എഴുതി. ജീവിതത്തിൽ ഒരിക്കലും വീട്ടു ചിലവിന്നു അല്ലെങ്കിൽ സ്വന്തം ആവശ്യത്തിന്നു ഒരു പൈസ പോലും ആവശ്യപ്പെടാത്ത എന്റെ പൊന്നുപ്പ. റേഷൻകട നടത്തി, പലച്ചരക്കുകട, ചായക്കട, ചായപ്പൊടി കട, വഞ്ചി വാടകക് കൊടുത്തു സ്വയം പട്ടിണി കിടക്കേണ്ടി വന്നാലും ഞങ്ങളെ പട്ടിണി കിടത്താതെ വളര്ത്തിയ ഞങ്ങളുടെ പോന്നുപ്പ. എന്റെ സ്ഥിതി ഉപ്പാനെയും ഉമ്മാനെയും അറിയീച്ചു അവരെ എന്തിന്നു വേദനിപ്പിക്കണം?
ദുഃഖം കടിച്ചമർത്താൻ പറ്റാതായി. എവിടെയെങ്കിലും തനിച്ചിരുന്നു ഒന്ന് കരയുകയായിരുന്നെങ്കിൽ വിങ്ങിപൊട്ടൽ കുറഞ്ഞേനെ. റൂമിൽ ചിലർ ഉറങ്ങുന്നു. ബിൽഡിങ്ങിന്റെ മുകളിലെ ടെറസ്സിൽ ചെന്നിരുന്നു ഒരു പാട് കരഞ്ഞു. ഭക്ഷണം കഴിക്കാത്തതു കൊണ്ട് നല്ല വിശപ്പ്‌. കുറെ കഴിഞ്ഞപ്പോൾ താഴേക്ക് ഇറങ്ങി.
ഞങ്ങളുടെ അടുത്ത മുറിയിൽ താമസിക്കുന്ന കുമാരേട്ടൻ ജോലി കഴിഞ്ഞു വരുന്നുണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കി കുമാരേട്ടൻ ചോദിച്ചു 'എന്താ ശരീഫെ നിന്റെ കണ്ണ് ചുവന്നിരിക്കുന്നത്?'
'ഓ. അത് മുകളിൽ പോയപ്പോൾ വല്ല പ്രാണിയും കടന്നതായിരിക്കും' ഞാൻ മറുപടി കൊടുത്തു
'വിശപ്പിന്റെ പ്രാണി അല്ലെ?' അത് പറഞ്ഞിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു 'ശേരീഫെ നീ എന്റെ അനുജന്റെ, ഒരു പക്ഷെ മകന്റെ പ്രായമേയുള്ളൂ. നുണ പറഞ്ഞാൽ എനിക്കറിയൂലെ? ഞാനും ദുബായിൽ വരുന്നതിനു മുമ്പ് മദിരാശിയിലും ബോംബയിലും ഇതിനെക്കാൾ കൂടുതൽ കഷ്ടപ്പെട്ടിട്ടും പട്ടിണി കിടന്നിട്ടും ഉണ്ട്?'
എന്നിട്ടദ്ധെഹം എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
എനിക്ക് വിശപ്പില്ലായെന്നു ഞാൻ പറഞ്ഞു.
'എന്തേ ഹിന്ദുക്കൾ വാങ്ങി തരുന്ന ഭക്ഷണം കഴിക്കൂലെ?' എന്നായിരുന്നു കുമാരേട്ടന്റെ മറു ചോദ്യം
'വിശപ്പിന്നും രക്തതിന്നും എന്ത് മതം, എന്ത് ജാതി?' എന്നും പറഞ്ഞു കൊണ്ട് ഞാൻ കുമാരേട്ടന്റെ ഒപ്പം ഹോട്ടെലിലേക്ക് ചെന്നു. എന്റെ കടമെല്ലാം തീർത്തിട്ടു ഹോട്ടൽ മുതലാളി ജമാൽക്കാട് എനിക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞു.
'നേരം വൈകിയത് കൊണ്ട് ഭക്ഷണമെല്ലാം തണുത്തിട്ടുണ്ടാവും. രുചിയും കുറയും'. ഞാൻ കടം വെച്ച പൈസ കിട്ടിയപ്പോൾ സന്തോഷവാനായ ജമാൽക്ക കുമാരേട്ടനോട് പറഞ്ഞു
എനിക്കെന്തു ഭക്ഷണം ആയാലും മതിയെന്ന് ഞാൻ മറുപടി കൊടുത്തു.
അവർ കൊണ്ട് വന്ന ഭക്ഷണത്തിന്നു നല്ല രുചി ഉണ്ടായിരുന്നു. കുറെ നാളായി ചോറ് തിന്നിട്ട്.
കുറച്ചു നാളുകൾ കൊണ്ട് കുമാരേട്ടന്റെ കടം കുറേശ്ശെ കുറേശ്ശെ ആയി വീട്ടി. പിന്നീട് ഞാൻ അബുദാബിക്ക് പോന്നു. കുറച്ചു നാൾ കത്തിലൂടെ കുമാരേട്ടനുമായി ബന്ധപ്പെടാൻ കഴിഞ്ഞു. കുമാരേട്ടൻ ദുബായിയോട് വിട പറഞ്ഞു നാട്ടിൽ പോയെന്നു അറിഞ്ഞു. അദ്ദേഹം ഇന്നത്തെ മലപ്പുറം ജില്ലയിലെ (അന്ന് തൃശ്ശൂർ ജില്ല) ചങ്ങരംകുളതിന്നു അടുത്തുള്ള മൂക്കുതലക്കും (മൂക്കോല) നരണിപ്പുഴക്കും ഇടയിലാണ് വീടെന്നാണ് ഓർമ.
എനിക്ക് എന്റേതായ ചില ആശയങ്ങളും വഴികളുമുണ്ട്. ആരൊക്കെ എതിർത്താലും ഞാൻ എന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ. അത് കൊണ്ട് എന്നെ ഒരു നിഷേധി എന്ന് പലരും കരുതാറുണ്ട്‌. ഇങ്ങിനെ ഞാൻ നിഷേധി ആയതിന്നും ഒരു മുരടൻ ആയതിന്നും കാരണം ഞാൻ അനുഭവിച്ച ഇത്തരത്തിലുള്ള തീക്താനുഭാവങ്ങളാണ്.
കാലം പലതും മാറ്റിമറിക്കാമല്ലോ? ഈ ജോലിയിൽ നിന്നും പല ജോലികളും ചെയ്ത് ഇനി നാട്ടിൽ സ്ഥിരതാമാസമാക്കം എന്ന് കരുതി 1987ൽ ഞാൻ വിസ കേൻസൽ ചെയ്യാതെ ഗൾഫിൽ നിന്നും പോന്നു. ഞാൻ ഒടുവിൽ ജോലി ചെയ്തിരുന്ന ബിൻ കാനേഷ് ജനറൽ ട്രെടിങ്ങിൽ ഇടയ്ക്കിടെ പരിവാരസമേതം സന്ദർശിക്കാറുള്ള അബൂദാബി രാജകുടുംബാംഗമായ H.E. ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാൻ എന്നെ അന്വേഷിക്കുകയും അദ്ധേഹത്തിന്റെ ഓഫീസിൽ മേനെജരായി ജോലി ചെയ്തിരുന്ന ജർമൻകാരന് പകരം ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അന്ന് മുതൽ ഇന്ന് വരെ ഷൈഖുമാരുടെ ഓഫീസ് മേനെജരായി ഒരു ഏഷ്യക്കാരൻ പോലും ഇല്ല എന്നത് മറ്റൊരു ചരിത്രം. ഞാൻ എന്റെ നിയോഗ പ്രകാരം വീണ്ടും അബൂദാബിയിൽ വന്ന് ചാർജ് എടുത്തു.
ഒരിക്കൽ ദൈവത്തിന്റെ പരീക്ഷണം പോലെ ഹംസക്ക എന്നെ കാണാൻ ഷൈഖ് ഖലീഫ റോഡിലുള്ള എന്റെ ഫ്ലാറ്റിൽ വന്നു. ജോലി ചെയ്തുണ്ടാക്കിയതെല്ലാം ഹംസക്ക നശിപ്പിച്ചെന്നും ഇപ്പോൾ ഒരു വിസിറ്റ് വിസയിൽ വന്നിരിക്കയാനെന്നും എയിജ് ഓവർ ആയതിനാൽ ജോലിയുള്ള വിസ കിട്ടുകയില്ലെന്നും ഷൈഖിന്റെ ഒരു എഴുത്ത് കിട്ടുകയാണെങ്കിൽ ഒരു പ്രശ്നവുമില്ലാതെ ജോലി ലഭിക്കാനും വിസ അടിച്ചു കിട്ടുമെന്നും ഉറപ്പാണെന്ന് അദ്ധേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന എന്റെ നാട്ടുകാരൻ പറഞ്ഞു. ഞാനൊരു മാലാഖയല്ല, പുരോഹിതനല്ല എന്ന് മാത്രം വായനക്കാരെ നിങ്ങൾ മനസ്സിലാക്കുക.
എന്റെ കുമാരേട്ടാ, ഈ ജീവിതകഥ അങ്ങ് ഫേസ് ബൂക്കിലൂടെ വായിക്കുകയാണെങ്കിൽ എന്റെ മുകളിൽ കൊടുത്ത അഡ്രെസ്സിൽ ബന്ധപ്പെടുമല്ലോ? അല്ലെങ്കിൽ അദ്ധേഹത്തിന്റെ ബന്ധക്കാർ ആയാലും. നന്ദി പറയാനല്ല, നന്ദി കൊണ്ട് തീരുന്ന ബന്ധമല്ലല്ലോ നമ്മൾ തമ്മിൽ?
(അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ജീവിത കഥ അദ്ധെഹത്തിന്നായി ഞാൻ സമർപ്പിക്കുന്നു)
-----------------------------------------
മേമ്പൊടി:
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും

No comments:

Post a Comment