Wednesday 26 October 2016

ചൂലൂരെ മണിമക്കളുടെ സ്നേഹം (അനുഭവം)

ചൂലൂരെ മണിമക്കളുടെ സ്നേഹം (അനുഭവം)
+++++++++++++++++++++++++
അടുത്ത കൂട്ടുകാരായി ചെറുപ്പത്തിൽ ഒരു പാട് പേർ എനിക്കുണ്ടായിരുന്നു. കാട്ടൂര്‍ മുനയംകാരും എന്റെ അയല്‍വാസികളുമായ സിദ്ധാര്‍ത്ഥൻ, മുഹമ്മദാലി, അബ്ദുൽ റഹിമാൻ, രാജൻ തുടങ്ങിയവർ. അതിൽ സിദ്ധൻ എന്റെ വളരെ അടുത്ത അയൽവാസിയും ക്ലാസ്സ്‌മേറ്റും ആണ്. ഓണമാകുമ്പോൾ പാടത്ത് നിന്നും വയലറ്റ്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ചെറിയ പൂക്കളും, മറ്റു പറമ്പുകളിൽ നിന്നുള്ള പൂക്കളും പറിച്ചു കൊണ്ട് വരാനും ചാണകം മെഴുകിയ പൂക്കളത്തിൽ പൂക്കൾ ഇടാനും ഞാനും സിദ്ധന്റെ കൂടെ കൂടാറുണ്ട്. അത് പോലെ വിഷുവിന്നു അവന്റെ വീട്ടിലും പെരുന്നാളിന്നു എന്റെ വീട്ടിലും പടക്കം പൊട്ടിക്കാൻ ഞങ്ങൾ ഒന്നിച്ചുണ്ടാവും. എനിക്കന്നു എട്ടു വയസ്സ്. പഠിക്കുന്നത് മുനയം LP സ്കൂളിൽ നാലാം ക്ലാസ്സിൽ (ഇന്ന് ആ സ്കൂൾ ഇല്ല)
എന്റെ മറ്റൊരു കൂട്ടുകാരനായിരുന്ന രാജൻ ഒരു ദിവസം ഞങ്ങളോട് രാജന്‍ ഒരു കാര്യം പറഞ്ഞു 'ബാലേട്ടനും മരിച്ചു പോയ കൃഷ്ണേട്ടന്നും കൂട്ടുകാരായിരുന്നല്ലോ. രണ്ടു ദിവസം മുമ്പ് രാത്രിയിൽ ബാലേട്ടന്റെ വീട്ടിലെ വാതിലിൽ മുട്ട് കേട്ടു. അകത്തു നിന്നും ബാലേട്ടൻ ചോദിച്ചപ്പോൾ കൃഷ്ണൻ ആണെന്ന മറുപടി കിട്ടി. എന്നിട്ട് കൃഷ്ണേട്ടൻ പറഞ്ഞത്രേ നീയെന്താ എന്നെ മറന്നു പോയോ എന്ന്'. പിറ്റേന്ന് ബാലേട്ടൻ കൃഷ്ണേട്ടനെ ശവമടക്കിയ സ്ഥലത്ത് കുറച്ചു പുഴമീൻ വറുത്ത് ഒരു വാട്ടിയ ഇലയിലും കുറച്ചു തെങ്ങിൻകള്ള് ഒരു ചെറിയ മണ്‍കുടത്തിലും കൊണ്ട് പോയി വെച്ചു. പിറ്റേന്ന് ബാലേട്ടൻ അവിടെ ചെന്ന് നോക്കിയപ്പോൾ മീൻ തിന്നു മുള്ള് മാത്രം ആയിരിക്കുന്നു. കള്ള് കുടിച്ചു കുടം ചെരിച്ചിട്ടിരിക്കുന്നു. അതിന്നു ശേഷം വാതിലിൽ മുട്ട് കേട്ടിട്ടില്ലത്രെ'
എനിക്ക് പേടിയായി എന്ന് മനസ്സിലായപ്പോൾ രാജൻ പറഞ്ഞു 'ശെറഫൂ, എന്നാൽ വേറെ ഒരു തലയില്ലാത്ത പ്രേതത്തിന്റെ കഥ പറയാം'. ഞാൻ അവിടെ നിന്നും ഓടി.
അന്ന് രാത്രി കാട്ടൂർ നെടുമ്പുര പള്ളിയിൽ വൈലിത്തറയുടെ മതപ്രസംഗം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഇലക്ട്രിസിറ്റി ആയിട്ടില്ല. ഉമ്മയും ഉപ്പയും ഞാനും കൂടെ നടന്നാണ് രാത്രി പ്രസംഗം കേൾക്കാൻ പോയത്. ഞാൻ പെട്ടെന്ന് നിലവിളിച്ചു. 'പ്രേതം'. അത് കേട്ട് കുറച്ചു മുമ്പിൽ ഉണ്ടായിരുന്ന ഉപ്പ തിരിച്ചു വന്നു. ഞാൻ പേടിച്ചു നിൽക്കുകയാണ്. ഞാൻ ഉപ്പാക്ക് വെളുത്ത ഡ്രസ്സ്‌ ഇട്ട പ്രേതം കിടന്നു ആടുന്നത് കാണിച്ചു കൊടുത്തു. ഉപ്പാടെ കയ്യിൽ നിന്നും ഞാൻ പിടുത്തം വിടുന്നില്ല. ഉപ്പ എന്റെ കൈ വിടീച്ച് കൊണ്ട് ആ പ്രേതത്തിന്റെ അടുത്ത് പോയി തിരിച്ചു വന്നു എന്നോട് പറഞ്ഞു 'അത് ഒരു പ്രേതവും ക്രീതവും അല്ല. അത് ആ വീട്ടുകാർ ഉണക്കാനിട്ട നിസ്കാരകുപ്പായമാണ്. എന്നിട്ട് ഉപ്പ എന്നെ ആ നിസ്കാരകുപ്പായം കൈ കൊണ്ട് തൊടീച്ചു. എന്റെ പേടി മാറി. അത് നിസ്കാര കുപ്പായം ആണെന്ന് മാത്രം പറഞിരുന്നെകിൽ എന്റെ പ്രേതത്തിനോടുള്ള പേടി മാറില്ലായിരുന്നു. അത് കൊണ്ടാണ് ഉപ്പ അത് തെളിവ് സഹിതം കാണിച്ചു തന്നത്. അതാണ്‌ എന്റെ പൊന്നുപ്പ.
ഒരു ദിവസം ഉമ്മാട് ഞാൻ പറഞ്ഞു ഉമ്മാടെ വീട്ടിൽ, ചൂലൂര് ഞാൻ പോട്ടെ എന്ന്. ഉമ്മാടെ ഒരു പാട് നിബന്ധനകൾ, കുഞ്ഞുമ്മമാരെ ബുദ്ധിമുട്ടിക്കരുത്, തുണിയിൽ മാങ്ങാക്കറയാക്കരുത് എന്നൊക്കെ. എല്ലാം തലയാട്ടി. അങ്ങിനെ ഉമ്മാടെ ലേബർ ചെക്കിംഗ് കഴിഞ്ഞപ്പോൾ ഉപ്പാടെ എമിഗ്രേഷൻ. രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കണ്ട. തിരിച്ചു കൊണ്ട് വരാൻ ഉപ്പ വരാമെന്നും ഏറ്റു.
വീട്ടിൽ നിന്നും മുനയം കടത്തു കടന്നു അഴിമാവ് കടവിലുള്ള മരപ്പാലം വഴി ചൂലേരേക്ക്, എന്റെ മണിമക്കളുടെ അടുത്തേക്ക്. അന്നും കുട്ടമംഗലത്തെ നെല്ല് വിത്തുൽപാദന കേന്ദ്രം ഇത് പോലെ തന്നെ ഉണ്ട്. വീണ്ടും നടന്നു. ചൂലൂർ എത്തിയപ്പോൾ കുഞ്ഞുമ്മമാർക്കു സന്തോഷം. എനിക്ക് പ്രത്യേക പരിഗണന, കുഞ്ഞിത്താടെ മോനല്ലേ എന്നതിനാൽ. ഞാൻ വന്നതറിഞ്ഞ് ചൂലൂരെ മണിമക്കൾ ഓടിയെത്തി. ഇനി രണ്ടു ദിവസം ഞങ്ങൾക്ക് കുശാൽ. മാവിന്മേൽ കേറി മാങ്ങ പൊട്ടിച്ചു തിന്നാലും അണ്ടി എടുത്തു അടുത്തുള്ള ചായക്കടയിൽ കൊണ്ട് പോയി നടൂപറമ്പില്‍ വീട്ടുകാര്‍ നടത്തിയിരുന്ന കടയുടെ മുന്‍ഭാഗത്തുള്ള ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് മഞ്ഞൾ ഇട്ട പുഴുങ്ങിയ കൊള്ളി കിഴങ്ങ് തിന്നലും. നിരപ്പലകയിട്ട ഓടിട്ട ആ രണ്ടു മുറിക്കട വെല്ലിപ്പാടെ കെട്ടിടം ആയിരുന്നു. അങ്ങിനെയൊരു കട ആ ഭാഗങ്ങളില്‍ വേറെ ഉണ്ടായിരുന്നില്ല. അത് ചുലൂര്‍ പള്ളിയുടെ തെക്ക് ഭാഗത്തുള്ള സ്കൂളിന് തെക്കേ പറമ്പില്‍ ആയിരുന്നു. പോരാത്തതിനു ഒരു കുഞ്ഞുമ്മാടെ ഭർത്താവ് സിലോണിൽ ആണ്. അപ്പോൾ കുറച്ചു പോക്കറ്റ്‌ മണി കിട്ടും. എനിക്ക് ആ 'മണി'യെക്കാൾ ഇഷ്ടം ചൂലൂരത്തെ 'മണി'മക്കളെയാണ്.
അവിടെ നിന്നും മുരിയാൻതോട് വഴി കരയാമുട്ടത്തേക്ക്, എന്റെ മൂത്താപ്പാടെ വീട്ടിലേക്കു. അവിടെ കരയാമുട്ടം സ്കൂളിന്റെ കിഴക്ക് ഭാഗത്താണ് മൂത്താപ്പാടെ വീട്. ഒമ്പത് വലിയ കുളങ്ങളുളള ഒരു വലിയ പറമ്പ്. അതിൽ തിമിർത്താടി കുളിക്കലാണ് ഒരു പണി. രാത്രി മൂത്തുമ്മാടെ മക്കളുമായി സ്കൂളിലെ ബുക്ക്‌ നോക്കി നാടകം കളിക്കുക. പിറ്റേന്ന് പോരുമ്പോൾ മൂത്തുമ്മാടെ മകൾ സഫിയത്ത ഒരു രൂപ നോട്ടു തരും. അന്നൊക്കെ ഒരു രൂപ സ്വന്തമായി കിട്ടുക എന്നത് ആലോചിക്കാൻ പോലും വയ്യ. സഫിയത്താ, ഇത്ത തന്ന ആ ഒരു രൂപ നോട്ടിന്നു ഞാന്‍ ഇന്നത്തെ ലക്ഷങ്ങളെക്കാൾ വില മതിക്കുന്നു.
തിരിച്ചു മണിമക്കളെ കാണാൻ ചൂലൂരേക്ക്. വീണ്ടും മരത്തിൽ കേറിയുള്ള കസര്‍ത്ത്. നാല് മണിയായപ്പോൾ ഉപ്പ സൈക്കിളിൽ വന്നു. ഉപ്പാക്ക് അന്നൊരു ഇംഗ്ലീഷ് റാലി സൈക്കിൾ ഉണ്ടായിരുന്നു. ഉപ്പ വന്നപ്പോൾ എന്നെ പറ്റി കുഞ്ഞുമ്മമാരോട് ചോദിച്ചു. കുഞ്ഞുമ്മമാർ ഞാൻ കുറുമ്പ് ഒന്നും എടുത്തില്ല്ലെന്നും മരത്തിൽ കയറിയില്ലെന്നും നുണ പറഞ്ഞു. അല്ലെങ്കിലും കുഞ്ഞുമ്മമാർക്ക് ഉപ്പാനെ ബഹുമാനവും പേടിയുമാണ്. ഉപ്പ അവർക്ക് അമ്മായിയുടെ മകനും കൂടിയാണല്ലോ. പാലില്ലാത്തത് കൊണ്ട് തേങ്ങാപ്പീര ഇട്ട ചായ കൊണ്ട് ഉപ്പാക്കും എനിക്കും തന്നു. നല്ല സ്വാദ് ഉണ്ടായിരുന്നതിന്ന്. കുഞ്ഞുമ്മമാർ കുറച്ചു മാങ്ങകൾ ഉപ്പാടെ സൈക്കിളിന്റെ പെട്ടിയിൽ കൊണ്ട് വെച്ചു.
മാവിൻചോട്ടിൽ വിഷമിച്ചു നിന്ന എന്റെ ചൂലൂർ മണിമക്കളോട് ഇനി അഞ്ചാറ് മാസം കഴിഞ്ഞു ഞാന്‍ വരാമെന്നും നമുക്ക് അടിച്ചു പൊളിക്കാമെന്നും പറഞ്ഞു. എന്നെ പിന്നിലിരുത്തി ഉപ്പ കുട്ടമംഗലം വഴി സൈക്കിൾ ചവുട്ടി. കുട്ടമംഗലം എത്തുന്നതിന്നു മുമ്പ് ചൂലൂരിന്റെ ബോർഡറിൽ ഒരു ചെറിയ കൈത്തോട്‌ ഉണ്ട്. അവിടെ എത്തിയപ്പോൾ ഞാൻ ചൂലൂരേക്ക് തിരിഞ്ഞു നോക്കി. എന്റെ മനസ്സ് വീണ്ടും മന്ത്രിച്ചു 'എന്റെ മണിമക്കളെ, നിങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?'. ഏടത്തിരുത്തി പൊട്ടക്കടവ് പാലം എത്തിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു. ഇനി ഒരു കയറ്റമാണ്. പാലത്തിന്നു മുകളിൽ എത്തിയപ്പോൾ വീണ്ടും എന്നെ കയറ്റിയിരുത്തി. ഉപ്പ പാലം കഴിഞ്ഞുള്ള ഇറക്കം ബ്രൈക് പിടിക്കാതെ വിടുകയാണ്. ഞാൻ പേടിച്ചു ഉപ്പാട് പതുക്കെ ഓടിക്കാൻ പറഞ്ഞു. അപ്പോൾ ഉപ്പ പറഞ്ഞത് കഷ്ടപ്പെട്ട് കയറ്റം ഓടിച്ചു കയറ്റിയതല്ലേ. അപ്പൊ ഈ ഇറക്കം ബ്രൈക്ക് പിടിച്ചു കളയണോ എന്നാണ്. അതാണ്‌ എന്റെ ഉപ്പ. അന്നത് കാലത്ത് എയർ പിടിച്ചു നില്‍ക്കുന്ന കാരണവന്മാരാണ് അധികവും. മക്കളോടുള്ള സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആളാണ്‌ എന്റെ പൊന്നുപ്പ. ഞാൻ വീട്ടിലെത്തി. ഉമ്മാടെ ച്യോദ്യം ചെയ്യലിന്നു ശേഷം സഫിയത്ത തന്ന ഒരു രൂപ ഉമ്മാനെ ഏൽപ്പിച്ചു. അല്ലാതെ എന്റെ കയ്യിൽ നിന്നും പോയാലോ. ആലോചിക്കാൻ വയ്യ. എനിക്ക് അന്നും ഇന്നും ചൂലൂരായി ഒരു പൊക്കിൾകൊടി ബന്ധമാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Wednesday 19 October 2016

ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം (കഥ)

ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം (കഥ)
-------------------------
അത്രക്കങ്ങ്‌ ഭര്‍ത്താക്കന്മാരെ ആരും വിശ്വസിക്കരുത്. ചെളിയിൽ ചവുട്ടി വെള്ളം അന്വേഷിച്ച് ചെന്ന് കഴുകുന്ന വൃത്തികെട്ട വര്‍ഗ്ഗം. കണ്ടാല്‍ എത്ര നല്ലവരാണ്, പക്ഷെ വേണ്ട എന്നെക്കൊണ്ടൊന്നും പറയീക്കണ്ട.
'എന്താ മീനാ, നീയിങ്ങിനെ ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നത്?' ചേട്ടന്റെ സംസാരമാണ് എന്റെ പിറുപിറുക്കലുകളിൽ നിന്ന് മാറ്റിയത്.
ചേട്ടന്‍ വന്നത് ഞാനറിഞ്ഞില്ല. ഞാന്‍ മറുപടി ഒന്ന് പറഞ്ഞില്ല. എന്തായാലും ചേട്ടനെപ്പറ്റി ഞാന്‍ അറിഞ്ഞ വിവരം തത്കാലം എന്റെ മനസ്സില്‍ കിടക്കട്ടെ. വേഗം ചെന്ന് ചേട്ടന് ചായ ഉണ്ടാക്കി കൊടുത്തു. മുഖം മനസ്സിന്റെ കണ്ണാടി ആണന്നല്ലേ പറയുന്നത്. എന്റെ ദേഷ്യം മുഖത്ത് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.
എങ്കിലും അത് ആലോചിക്കുമ്പോള്‍ ചേട്ടനോടൊരു ഇഷ്ടക്കേട്. അതോ വെറുപ്പോ? എനിക്ക് സ്വന്തമായത് മറ്റൊരാള്‍ കവര്‍ന്നെടുക്കുന്നു എന്നറിയുമ്പോള്‍ സ്വഭാവികമായുമുള്ള ഒരു പൊരുത്തക്കേട്.
'മൂന്നു ദിവസം ഓഫീസ് മുടക്കമാണ്. പൂജവെപ്പല്ലേ? നമുക്ക് കുട്ടനാടിലേക്ക് ഒരു ടൂര്‍ പോയാലോ?' ഹരിയെട്ടന്റെ കൊതിപ്പിക്കുന്ന ചോദ്യം.
യാത്ര എനിക്കൊരു ഹരമാണ്. എന്നാലും ചേട്ടന്റെ സ്വഭാവം ആലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. 'എനിക്ക് തീരെ സുഖമില്ല. ചേട്ടന് വേണമെങ്കില്‍ പോയ്ക്കോ'.
തനിച്ചു പോകുന്നില്ല എന്ന് മിതശബ്ദത്തില്‍ ചേട്ടൻ പറഞ്ഞു. വേറെ എന്തെങ്കിലും ചോദിക്കുമെന്നാണ് കരുതിയത്. പക്ഷെ ഹരിയെട്ടന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.
ഹരിയേട്ടന്‍ എന്റെ സ്വന്തമാണെന്നാണ് ഇത്രനാളും ഞാന്‍ കരുതിയത്. ഇപ്പോഴാണ് ഹരിയെട്ടന്റെ മറ്റൊരു മുഖം കാണുന്നത്. എല്ലാഭര്‍ത്താക്കന്മാരും ഇങ്ങിനെയാണോ? ആയിരിക്കും. ഉറപ്പാണ്. ഈ സംഭവം അറിഞ്ഞത് മുതല്‍ ഞാന്‍ വേറെ മുറിയിലാണ് കിടക്കുന്നത്. എന്നും ജോലിക്ക് പോകുമ്പോള്‍ എന്റെ നെറുകയില്‍ ഹരിയേട്ടന്‍ ഒരു മുത്തം തരാറുണ്ട്. ഈ വിവരം അറിഞ്ഞ ശേഷം ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി. എനിക്ക് ഇനി ജീവിതത്തില്‍ മനസ്സില്‍ ഒരു ഭര്‍ത്താവായി ഹരിയെട്ടനെ പ്രതിഷ്ടിക്കാന്‍ കഴിയില്ല. അത്രയും വെറുപ്പാണ് എന്റെയുള്ളില്‍ ഹരിയെട്ടനെ.
ഞാന്‍ എന്റെ വിവാഹത്തെപറ്റി ഓര്‍മിച്ചു. ഹരിയെട്ടന്റെ അമ്മ ഹരിയേട്ടന് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ചേട്ടന്റെ ശൈശവ ബാല്യ കാലത്തെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഒന്നും ആലോചിക്കാതെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു ഞാന്‍. എല്ലാ നിലക്കും ചേട്ടന്‍ ഒരു നല്ല മനുഷ്യനാണ്. പക്ഷെ ഈ ഒരു കാര്യത്തില്‍ ചേട്ടന്‍ വലിയ തെറ്റുകാരനാണ്. ഒരു ഭാര്യയും ഇഷ്ടപ്പെടാത്ത കാര്യം. ഇതൊഴിച്ചു മറ്റെല്ലാ കാര്യത്തിലും ഹരിയേട്ടന്‍ ഒരു മാതൃകാഭര്‍ത്താവാണ്.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു ചേട്ടന്‍ എന്നോട് എന്റെ മാറ്റത്തിന്റെ കാര്യം ചോദിച്ചു. ഞാന്‍ ഉത്തരത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
രണ്ടു ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ചേട്ടന്‍ പുറത്തേക്കു പോകാന്‍ യാത്രയായിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചേട്ടന്‍ കാണാതെ ചേട്ടനെന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞു നോക്കി. അപ്പോഴും ഞാന്‍ ചേട്ടന്റെ പേഴ്സില്‍ കണ്ട ആ സ്ത്രീയുടെ ഫോട്ടോ പേഴ്സില്‍ നിന്നെടുത്ത് മുത്തം കൊടുക്കുന്നു ചേട്ടന്‍.
സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ദേഷ്യം അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു.
'നിങ്ങള്‍ക്ക് ഈ പെണ്ണുമായിട്ട് എത്ര നാളത്തെ ബന്ധമുണ്ട്?.
'നിന്നെ കല്ല്യാണം കഴിക്കുന്നതിന് മുമ്പ് മുതല്‍'. ഒരു വികാരവുമില്ലാതെ ചേട്ടന്‍ പറഞ്ഞു.
'എന്നേക്കാള്‍ ഇഷ്ടം ഈ സ്ത്രീയോടാണോ?'. ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാന്‍ ചോദിച്ചു.
'അതെ. എന്താ ഇത്ര സംശയം? അത് മാത്രമല്ല, നിന്റെ മടിയില്‍ കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ഫോട്ടോവില്‍ കിടക്കുന്ന സ്ത്രീയുടെ മടിയില്‍ കിടക്കാനാണ്. പക്ഷെ, അവര്‍ മരിച്ചു പോയി.'. ചേട്ടന്റെ മറുപടി കേട്ടപ്പോള്‍ പൊട്ടന്‍ കളിക്കുകയാണോ എന്ന് തോന്നി.
ദേഷ്യം കൂടിയപ്പോള്‍ എന്റെ ശബ്ദം ഉച്ചത്തിലായി. ശബ്ദം കേട്ട് അടുത്തവീട്ടിലെ ജാനകി ചേച്ചി വന്നു.
'എന്താ മക്കളെ ഇവിടെയൊരു വഴക്ക്. ഇത് വരെ ഇങ്ങിനെയൊന്ന് ഇവിടെ കേട്ടിട്ടില്ലല്ലോ?'. ആ ചേച്ചി പറഞ്ഞത് നേരാണ്.
ചേട്ടന്‍ ഒരു സ്ത്രീയുടെ ഫോട്ടോ എടുത്ത് എന്നും മുത്തം കൊടുക്കുന്ന കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേട്ടനോട് ജാനകി ചേച്ചി ഫോട്ടോ ചോദിച്ചപ്പോള്‍ അത് കാണിച്ചു കൊടുത്തു.
മോനെ ഹരിയെ നിനക്ക് ഇക്കാര്യം ഇവളോട്‌ പറയാമായിരുന്നില്ലേ എന്ന ചേച്ചിയുടെ ചോദ്യത്തിന് ഹരിയെട്ടന്റെ മറുപടി ഇങ്ങിനെയായിരുന്നു.
'അതിനെങ്ങിനെയാ വിവരം പറയുന്നതിനേക്കാള്‍ മുമ്പേ ഇവള്‍ക്ക് സംശയരോഗം കടന്നു കൂടിയില്ലേ?'
പൊട്ടിച്ചിരിച്ചു കൊണ്ട് ജാനകി ചേച്ചി പറഞ്ഞു. 'എന്റെ രമേ, നിനക്കറിയോ ഈ ഫോട്ടോ ആരുടെയാണെന്ന്?'. ചേച്ചി ചോദിച്ചു.
'നന്നായിട്ടറിയാം, ഇത് ചേട്ടന്റെ പഴയകാമുകിയുടെയാ, മരിച്ചിട്ടും ഓർമക്കായി സൂക്ഷിക്കുന്നു. ഞാൻ കണ്ടു പിടിക്കില്ലെന്നാണ് വിചാരിച്ചത്. ദൈവം വലിയവനാണ്. ഇപ്പോഴെങ്കിലും എന്റെ കണ്ണിൽ കാണിച്ചല്ലോ?. ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴും രണ്ടു പേരും ചിരിക്കുകയാണ്. അപ്പോൾ അതാണ് കാര്യം അല്ലെ? ഈ ഫോട്ടോ ജാനകിചേച്ചിയുടെ മകളുടെ ആയിരിക്കും. അവർ എന്റെ കല്യാണത്തിന് മുമ്പ് മരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
'എടീ മണ്ടീ... ഇത് ഹരിയുടെ അമ്മയുടെ ഫോട്ടോയാണ്. നീ ഇത്ര ബുദ്ധിയില്ലാത്തവളായല്ലോ? നീ ഒളിച്ചു നിന്ന് നോക്കുന്നതിനു പകരം അവനോട് നേരിട്ട് ചോദിക്കാമായിരുന്നില്ലേ?'. ജാനകി ചേച്ചിയുടെ വാക്ക് കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി. അപ്പോഴും ചേട്ടന് എന്നോട് ഒരു ദേഷ്യവുമില്ല.
'അതിനെങ്ങിനെയാ സംശയ രോഗം ഇവൾക്ക് വന്നു.അതാണ് കാര്യം'. ചേട്ടൻ ഇത് മാത്രം പറഞ്ഞു.
'ചേട്ടാ, കുറച്ചു ദിവസത്തെ ബാക്കിയുള്ള മുത്തം കൂടി ഇങ്ങു താ'. എന്ന് പരിസരം മറന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ പോയിട്ട് മതി നിങ്ങളുടെ മുത്തം വെച്ചുള്ള കളി എന്ന  ചേച്ചിയുടെ മറുപടി കേട്ടപ്പോള്‍ ഏറ്റവും അധികം ചിരിച്ചത് ഞാനാണ്.
അല്ലെങ്കിലും ഈ ഭര്‍ത്താക്കന്മാര്‍ നല്ലവരാണ്. മരിച്ചു പോയ അമ്മയുടെ ഫോട്ടോ എടുത്ത് മുത്തം കൊടുത്തത് കണ്ട് അത് ഹരിയെട്ടന്റെ കാമുകിയാണ് എന്ന് തെറ്റിധരിച്ച ഞാനല്ലേ കുറ്റക്കാരി?
 <<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Friday 14 October 2016

മഴയുടെ സംഗീതം (കഥ)

മഴയുടെ സംഗീതം (കഥ)
----------------------------------------
അനർഗളം പെയ്യുന്ന മഴയെ എനിക്ക് വളരെ ഇഷ്ടമാണ്, ഭാര്യയെപ്പോലെ, സഹോദരിയെപ്പോലെ, കാമുകിയെപോലെ, എന്തിനേറെ എന്റെ അമ്മയെ പോലെ. പക്ഷെ ചിലപ്പോൾ ആ മഴ ഒരു സംഹാരതാണ്ടവമാടി വരും, ഒരു യക്ഷിയെ പോലെ. എത്ര ജീവന്റെ ചോരയാണ് അത് കുടിക്കുകയാണെന്നോ? മഴയുടെ ഭംഗി ആസ്വദിക്കുന്നതു എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ മഴയുടെ ഭംഗി ശെരിയായി കിട്ടണമെങ്കിൽ മഴയ്ക്ക് മുമ്പുള്ള ചൂട് അനുഭവിച്ചാലെ പറ്റൂ.
ഇക്കൊല്ലത്തെ മഴക്കാലത്ത് എന്തോ എനിക്കൊരു ചീത്ത ബുദ്ധി തോന്നി. നല്ല മഴയത്ത് പുഴയിൽ ചാടി ആൽമഹത്യ ചെയ്യുക. എന്നായാലും മരിക്കും എന്നാൽ അതൊരു മഴക്കാലത്ത്, മഴയുടെ സംഗീതം കേട്ടുകൊണ്ട് മരിക്കുക, നല്ല രസമായിരിക്കും എന്നതായിരുന്നു ആ ചിന്തക്ക് കാതൽ. ആൽമഹത്യ തെറ്റാണെന്നും ദൈവകോപം ഉണ്ടാവുമെന്നും എനിക്കറിയായ്കയല്ല.
വീട്ടിൽ നിന്ന് കാറെടുത്ത് പോന്നു. മരിക്കാനുള്ള തീരുമാനം തന്നെ മനസ്സിൽ. രാത്രി ഒരു മണിയായിട്ടുണ്ട്. ചാഴൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ ഗോകുലം സ്കൂളിന്നടുത്ത് റോഡിന്റെ ഇരുവശവും വെള്ളം റോഡ്‌ കവിഞ്ഞു കിടക്കുന്നു. അവിടെ ആൽമഹത്യ ചെയ്യണ്ട. ചേറ്റുവ പാലത്തിന്മേൽ നിന്ന് ചാടുക. അതാണ്‌ എന്റെ തീരുമാനം.
മഴത്തുള്ളികൾ ശക്തിയിൽ കാറിന്റെ ഫ്രന്റ്‌ ഗ്ലാസിൽ വന്നടിക്കുന്നു. വൈപെർ ഇട്ടിട്ടും ക്ലിയർ ആവുന്നില്ല. പണ്ട് ചെറുപ്പത്തിൽ വീടിന്റെ ഓടിന്മേൽ മഴവെള്ളം വീഴുമ്പോഴുള്ള ശബ്ദം ഒരു സംഗീതം പോലെ തോന്നിയിട്ടുണ്ട്. ഉറക്കം വരാൻ ആ സംഗീതം എനിക്കിഷ്ടമാണ്. ഇപ്പോൾ ഇനി ഈ ലോകത്തിലേക്ക്‌ ഒരിക്കലും തിരിച്ചു വരാത്ത ഉറക്കം കിട്ടാൻ ഈ മഴസംഗീതം കേട്ട് കാർ ഓടിച്ചു തൃപ്രയാർ എത്തി.
ഈ ലോകത്ത് ഇനി ജീവിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണല്ലോ ഞാൻ മരിക്കാൻ പോകുന്നത്. ദൈവം തന്ന ജീവൻ ദൈവത്തിനെ തിരിച്ചെടുക്കാൻ പാടുള്ളൂ എന്ന് എനിക്കറിയായ്കയല്ല. പക്ഷെ മഴ കണ്ടു അതിന്റെ സംഗീതം കേട്ട് മരിക്കണം. തൃപ്രയാർ എന്റെ കടയിലേക്ക് ബിൽഡിങ്ങിലേക്ക് ഞാൻ കാർ സ്ലോ ചെയ്തു നോക്കി. ഇനി നാളെ എനിക്ക് ഇവ കാണാൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി.
മഴയ്ക്ക് ശൌര്യം കൂടുകയാണ്. നാട്ടിക കടപ്പുറത്ത് നിന്നും കടലിന്റെ ഇരമ്പം ആണെന്ന് തോന്നുന്നു, കേൾക്കുന്നുണ്ട്. കാർ വാടാനപ്പള്ളിയിലെത്തി. നാലമ്പലദർശനതിന്നുള്ള തീർഥാടകർ വാഹനം നിർത്തി ഒരു ഹോട്ടെലിൽ നിന്നും ചായ കുടിക്കുന്നുണ്ട്‌. ഞാൻ ചായ കുടിക്കാൻ ഇഷ്ടമുള്ള ആളായിട്ടും കാർ നിറുത്താതെ ഡ്രൈവ് ചെയ്തു. അണ്ടത്തോടും കടിക്കാടും ചെന്നാൽ ഗൾഫിൽ നിന്നും വെക്കേഷന് വന്ന എന്റെ പെണ്‍മക്കളെ കാണാം. വേണ്ട, അവരെ കണ്ടാൽ പിന്നെ മരിക്കാൻ തോന്നില്ല. അത് മാത്രമല്ല, ചേറ്റുവയിൽ നിന്ന് ചാവക്കാട് എത്തുന്ന റോട്ടിലൂടെ ഡ്രൈവ് ചെയ്‌താൽ മരിക്കാനുള്ള ആരോഗ്യം പോലും പോകും, അത്രയധികം വൻകുഴികളാണ് റോട്ടിൽ. എന്ത് ഭംഗിയാണ് പുഴയ്ക്ക്. നന്നായി മഴ പെയ്യുന്നുണ്ട്. ശക്തിയായ കാറ്റും.
പുഴയിലേക്ക് ചാടാനായി തയ്യാറെടുക്കുമ്പോൾ പെട്ടെന്ന് ഒരു പൂച്ചയുടെ ദയനീയരോദനം ഞാൻ കേട്ടു. അത് പുഴയിൽ കിടന്നു കരക്ക്‌ കയറാനാകാതെ മരണവെപ്രാളം എടുക്കുകയാണ്. ഞാൻ പാലത്തിന്റെ അടിയിൽ കരയോടടുത്ത ഭാഗത്ത് ചെന്ന് ആ പൂച്ചയെ രക്ഷപ്പെടുത്തി. 'വിവരമുണ്ടെന്ന് വീമ്പു പറയുന്ന മനുഷ്യരേ, നിങ്ങൾ ജീവിക്കൂ, ദൈവം മരണപ്പെടുത്തുന്നത് വരെ' എന്ന് ആ മിണ്ടാപ്രാണിയായ പൂച്ച എന്നോട് പറയുന്ന പോലെ എനിക്ക് തോന്നി.
ഞാൻ ഉറക്കെ പറഞ്ഞു 'എനിക്ക് ജീവിക്കണം, ഇനിയും ജീവിക്കണം, ഞാൻ ആൽമഹത്യ ചെയ്യില്ല.'
--------------------------------------
എന്റെ അട്ടഹാസം കേട്ട് ഭാര്യ എന്നോട് ചോദിച്ചു. 'എന്താ രാത്രിയിൽ സ്വപ്നം കണ്ടതാണോ?'
ജയേഷ് ജയസേനൻ തൈപറമ്പത്ത് എന്നോട് ഒരു മഴകഥ എഴുതാൻ പറഞ്ഞതോർത്ത്‌ സ്വപ്നം കണ്ടതാ എന്ന് അവളോട്‌ പറഞ്ഞില്ല.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Thursday 6 October 2016

വൈകിവന്ന മനംമാറ്റം (കഥ)

വൈകിവന്ന മനംമാറ്റം (കഥ)
*************************
ആളെ മനസ്സിലായില്ലെങ്കിലും വീട്ടിൽ വന്ന പ്രായമുള്ള അഥിതിയെ ഞാൻ സ്വീകരിച്ചു അകത്തു കൊണ്ടിരുത്തി. 'ഉപ്പ എവിടെ' എന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന്നു മറുപടിയായി ഉപ്പ കിടക്കുന്ന മുറിയിലേക്ക് ഞാൻ അദ്ധേഹത്തെ കൊണ്ട് പോയി. എണ്പയത് വയസ്സായ എന്റെ ഉപ്പ പകുതി ഭാഗം തളർന്നു കിടക്കുകയാണ്. സംസാരമൊക്കെ കുഴഞ്ഞിട്ടാണ്. വീട്ടുകാർക്ക് മാത്രമേ ശെരിക്കും സംസാരം ഊഹിച്ചെടുക്കാൻ കഴിയൂ. അതിഥിയെ ഉപ്പ സൂക്ഷിച്ചു നോക്കി. ആരാണെന്നു എനിക്കും ഉപ്പാക്കും മനസ്സിലായില്ല. ഞങ്ങളുടെ ജിജ്ഞാസ മാറാൻ അതിഥി ഒരു കല്യാണ കത്ത് ഉപ്പാടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു 'ഞാൻ മണ്ണാർക്കാട് നിന്ന് വരുന്നു. മൈമൂനായുടെ ഭർത്താവിന്റെ ഉപ്പയാണ്. എന്റെ പേര് മൊയ്ദീൻ. സൽമയുടെ കല്ല്യാണം ഈ വരുന്ന പത്തിന്നാണ്. അത് ക്ഷണിക്കാനാണ് ഞാൻ വന്നത്'
ഞാൻ ശെരിക്കും ഒന്ന് ഞെട്ടി. മനസ്സിൽ ഒരു പാട് കൊള്ളിയാൻ മിന്നി. അത് പുറത്തു കാട്ടാതെ ഉപ്പാട് പറഞ്ഞു 'ഉപ്പ നമ്മുടെ സൽമയുടെ കല്യാണം വിളിക്കാനാണ് വന്നത്' ഉപ്പ ചെറുതായി കണ്ണുനീരണിഞ്ഞോ എന്ന് തോന്നി.
'എനിക്ക് സൽമയേയും മൈമൂനയേയും കാണാൻ ആഗ്രഹമുണ്ട്.' ഉപ്പ പറഞ്ഞ ഞങ്ങൾക്ക് മാത്രം മനസ്സിലായ വാക്കുകൾ ഉമ്മ അതിഥിയോട് പറഞ്ഞു.
'അതിനെന്താ, അവരേയും കൊണ്ട് ഇവിടെ വരാൻ ഞാൻ എന്റെ മകനോട്‌ പറയാം' എന്ന് അദ്ദേഹം പറഞ്ഞു
ഉപ്പാടെ കണ്ണിൽ ഒരു സന്തോഷത്തിന്റെ, അതോ കുറ്റബോധത്തിന്റെയോ നനവ്‌ കണ്ടു. അദ്ദേഹം യാത്ര പറഞ്ഞു പോയി.
എന്റെ ചിന്തകൾ ഇരുപതു വര്ഷം പിന്നിലേക്ക്‌ പോയി.
എനിക്കു രണ്ടു മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരിയും. എഞ്ചിനീയറായ എനിക്ക് ഒരു പാട് കല്യാണാലോചനകൾ വന്നു. തന്റെ മകന്നു ഒരു വിസ വേണം എന്നത് മാത്രമാണ് ഉപ്പാടെ ഡിമാണ്ട്.
അങ്ങിനെ ഒരു പെണ്കു ട്ടിയെയും കിട്ടി, വിസയും. അതാണ്‌ മൈമൂന. അവർ തന്ന സ്വർണങ്ങൾ മുഴുവനും വിറ്റ് ഉപ്പ കച്ചവടത്തിലേക്കു ഉപയോഗിച്ചു. സമ്പത്തിന്റെ മഞ്ഞപ്പിൽ ബന്ധങ്ങൾ പടിക്കു പുറത്ത്, അതായിരുന്നു ഉപ്പാടെ രീതി. ഒന്നും പറയാനുള്ള ശക്തി ഞങ്ങൾക്കുണ്ടായിരുന്നില്ല. മൈമൂന പ്രസവിച്ചു, ഒരു ഓമനത്തമുള്ള പെണ്കു ഞ്ഞു. സൽമ എന്ന് പേരിട്ടു. പിന്നെ ഭാര്യവീട്ടുകാരോട് കുറച്ചു കൂടി സ്വർണ്ണം ഉപ്പ ആവശ്യപ്പെട്ടു. അവർക്ക് എല്ലാ അർത്ഥത്തിലും അത് നിറവേറ്റാൻ പറ്റിയില്ല. അവളെ ഉപേക്ഷിക്കാനായിരുന്നു ഉപ്പാടെ തീരുമാനം. അത് താൻ ശിരസ്സാവഹിച്ചു. അവളെ ഉപേക്ഷിച്ചു.
ഇസ്ലാം നിയമപ്രകാരം ഒരു സ്ത്രീയെ മൊഴി ചോല്ലണമെങ്കിൽ ഒരു പാട് കടമ്പകൾ കടക്കണം. ഇന്നത്തെ ചിലർ കാണിക്കുന്നത് ശെരിയല്ല. ദൈവം അനുവദിച്ചതിൽ ദൈവത്തിന്നു ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ് മൊഴി ചൊല്ലൽ. ഒരു സ്ത്രീയെ മൊഴിചൊല്ലുമ്പോൾ അറ്ശു (അണ്ടകടാഹം) വിറക്ക്യും. ഇതൊന്നും എനിക്കു അറിയായ്കയല്ല. പക്ഷെ ഉപ്പ പറയുന്നത് അനുസരിക്കുകയല്ലാതെ എന്ത് ചെയ്യാൻ. നാളെ പരലോകത്ത് ദൈവം ഈ തെറ്റിനെ പറ്റി ചോദിക്കുമ്പോൾ സഹായത്തിന്നു ഉപ്പ ഉണ്ടാവില്ലെന്ന്. എനിക്കറിയാം. ബന്ധം വേർപിരിയാൻ കോടതിയിൽ എത്തിയപ്പോൾ ഉപ്പ പ്രത്യേകം പറഞ്ഞേൽപ്പിച്ചു - സനയെ നമുക്ക് വേണ്ട എന്ന് പറയണമെന്ന്. കാരണം അവളെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കാനും മറ്റും വലിയ ചിലവാണെന്നു. അതും താൻ അനുസരിച്ചു. താൻ രണ്ടാമത് കല്യാണം കഴിച്ചത് ഒരു കോടീശ്വരന്റെ മകളെയാണ്. ഒരു ദിവസം അവൾ ധരിക്കാറുള്ള രണ്ടു വലിയ മാലകൾ ഉണ്ടായിരുന്നില്ല. അതെവിടെയെന്നു ഉമ്മയും ഉപ്പയും അവളോട്‌ ചോദിച്ചു. അത് അവളുടെ വാപ്പാക്ക് കച്ചവടത്തിന്നു കൊടുത്തു എന്നായിരുന്നു അവളുടെ മറുപടി. ഞങ്ങളോട് ചോദിക്കാതെയാണോ നീ കൊടുത്തത് എന്ന് ചോദിച്ചപ്പോൾ 'നിങ്ങൾ നിങ്ങളുടെ മൂന്നു പെണ്കുകട്ടികൾക്കും കിട്ടിയ സ്വർണം വിറ്റത് അവരുടെ വാപ്പമാരോട് ചോദിച്ചിട്ടാണോ' എന്നായിരുന്നു അവളുടെ മറുചോദ്യം. ഉപ്പാടെ നാവിറങ്ങിപ്പോയി. അതിന്നു ശേഷം അവൾ ആരോടും പറയാതെ അവളുടെ വീട്ടിലേക്ക് പോയി. പലവട്ടം വിളിക്കാൻ ചെന്നിട്ടും അവൾ വന്നില്ല.
'മോനെ റഹീമേ കുറെ നേരമായി നിന്നെ ഉപ്പ വിളിക്കുന്നു' ഉമ്മാടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും മടക്കിയത്.
ഉപ്പാടെ അടുത്ത് ചെന്നു. 'എനിക്ക് മൈമൂനാനേം സനയേയും കാണണം' ഉപ്പാടെ ആവശ്യം. ഞാൻ എന്ത് ചെയ്യാൻ?
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മൈമൂനയും ഭർത്താവ് സലീമും സനയും എന്റെ വീട്ടിൽ വന്നു. എന്റെ സന വളരെ വലിയ പെണ്കുൈട്ടിയായിരിക്കുന്നു. അവളെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹമുണ്ട്. അവൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ. ആഗ്രഹം ഉള്ളിലൊതുക്കി.
'മോളെ, ഉപ്പാടെ അടുത്തേക്ക് ചെല്ല്.' സലിം പറഞത് കേട്ടപ്പോൾ സന എന്റെ അടുത്ത് വന്നു. വേർപിരിയാനാവാത്തവിധം ഞങ്ങൾ കെട്ടിപ്പിടിച്ചു. 'മോളെ ഉപ്പാനെ വെറുക്കരുത്...........ഉമ്മാടും പറയണം' അത്ര പറയാനേ എനിക്കായുള്ളൂ. മൈമൂന നേരെ ഉപ്പ കിടക്കുന്നിടത്ത് ചെന്നു. അവളോട്‌ കട്ടിലിന്മേൽ ഇരിക്കാൻ ഉപ്പ ആങ്ക്യം കാണിച്ചു. അവൾ ഇരുന്നു. മെലിഞ്ഞ ഉപ്പാടെ കയ്യെടുത്ത് ഉപ്പ തന്നെ മൈമൂനാടെ കയ്യിൽ വെച്ചു. രണ്ടു പേരുടെയും ഹൃദയത്തിൽ നിന്ന് ഒരു പാട് തേങ്ങലുകൾ. രണ്ടാൾക്കും എന്തൊക്കെയോ പറയണമെന്നുണ്ട്. വാക്കുകൾ എവിടെയോ ഒളിച്ചപോലെ. ഇത് കണ്ടപ്പോൾ സലിം പറഞ്ഞു 'ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചാലും ഭർത്താവിന്റെ ഉപ്പ തൊട്ടാൽ വുളു മുറിയൂല. അത്ര ബന്ധമാണ് അവർ തമ്മിൽ' മൈമൂന ഉമ്മയായും ഒരു പാട് നേരം കെട്ടിപിടിച്ചു കരഞ്ഞു. ഉമ്മയും ഉപ്പയും കരയുന്നത് ആദ്യമാണ് കാണുന്നത്.
പരിചയപ്പെടാൻ വേണ്ടി ഞാൻ സലീമിനോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു, 'ഞാൻ കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മൈമൂന എന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയാണ്. ഉപ്പയാണ് ഇവളുടെ സങ്കടം എന്നോട് പറഞ്ഞത്. ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. എനിക്കും അത് സമ്മതമായിരുന്നു. എന്റെ ആദ്യവിവാഹമായിരുന്നു. ഞങ്ങൾക്ക് വേറെ രണ്ടു കുട്ടികളും കൂടിയുണ്ട്. അവർ സ്കൂളിൽ പോയത് കൊണ്ടാണ് വരാതിരുന്നത്'
അതിന്നു ശേഷം സലീം ഒരു ഉപദേശം നൽകി 'വാപ്പമാര് പറയുന്നത് മക്കൾ കേൾക്കണം, അത് പോലെ മക്കൾ പറയുന്നത് വാപ്പമാരും കുറച്ചൊക്കെ കേൾക്കണം. എന്ന് കരുതി വാപ്പ പറയുന്നതേ മക്കൾ കേൾക്കുകയുള്ളൂ എന്നും മക്കൾ പറയുന്നതെ വാപ്പ കേൾക്കുകയുള്ളൂ എന്നതും ശെരിയല്ല. ഇന്ന് എന്റെ ഉപ്പ സമ്പാധിച്ചതിൽ കൂടുതൽ ഞാൻ നേടിയിട്ടുണ്ട്. പക്ഷെ ഞാനിന്നും ഉപ്പാടെ അടുത്ത് ഒരു ദരിദ്രൻ ആണ്. ഇന്നും ഉപ്പാനെ കാണുമ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നും പെട്ടെന്ന് എഴുനേൽക്കും. ഞാൻ ഈ നിലയിൽ എത്തിയത് എന്റെ ഉപ്പാടേയും ഉമ്മാടേയും നിശ്ശബ്ധപ്രാർത്ഥന കൊണ്ടാണ്. എന്റെ ഉപ്പാട് ദേഷ്യം വന്നിട്ടുള്ള സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട് പക്ഷെ, ഇന്ന് ഞാൻ ആലോചിക്കുമ്പോൾ എന്നെ ഒരു പട്ടം കണക്കെ പാറിപ്പറക്കാൻ ഉപ്പ വിട്ടു തന്നതാണ് എന്റെ ഈ ജീവിതം. എല്ലാം ഉപ്പ ചെയ്തു തരികയായിരുന്നെങ്കിൽ ഞാനൊരു മന്ദബുദ്ധി ആയേനെ. ഉപ്പ ഇപ്പോൾ പറയുന്ന പല കാര്യങ്ങളും എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. പക്ഷെ അവർ ഒരു പാട് അനുഭവങ്ങൾ ഉള്ളവരായിരിക്കും. അത് കൊണ്ട് ഞാൻ ഉപ്പ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്'
ഉപ്പ ഉമ്മാനോട് അടുത്ത് വരാൻ ആങ്ക്യം കാട്ടി. ഉമ്മ അടുത്തു ചെന്നപ്പോൾ ഉമ്മാട് അലമാരിയിൽ നിന്നും ഉപ്പാടെ ബാഗ്‌ എടുത്തു കൊണ്ട് വരാൻ പറഞ്ഞു. ആ ബാഗ് തുറന്നു ഉപ്പ ഒരു പാട് സ്വർണനാണയങ്ങളും ലക്ഷക്കണക്കിന്നുള്ള രൂപയുടെ ബാങ്ക് രസീതികളും മൈമൂനയെ ഏൽപ്പിച്ചു. അത് നോക്കിയിട്ട് മൈമൂന സനയെ വിളിച്ചു പതുക്കെ പറഞ്ഞു 'മോളെ ഇത് നിന്റെ പേരിൽ ഇട്ട പണമാണ്.'
ഞാൻ സനയുടെ കല്യാണത്തിന്നു പോയി. എന്നെ സ്റ്റെജിലേക്ക് സലിം നിര്ബന്ധിച്ചു കൊണ്ടിരുത്തി. മുസലിയാർ നികാഹ് കുത്തുബ നടത്തുകയാണ്. അറബിയിലായിരുന്നു കുത്തുബ. നിങ്ങൾ ആണ്കുലട്ടികൾക്ക് വിവാഹം ആലോചിക്കുമ്പോൾ സമ്പത്തോ സൌന്ദര്യമോ അല്ല നോക്കേണ്ടത്, മറിച്ചു ദീൻ (മതചര്യ) ആണ് നോക്കേണ്ടത് എന്നാണു പറഞ്ഞത്. അറബിയിൽ ആയതു കൊണ്ട് മിക്കവർക്കും മനസ്സിലായില്ല. ഞാൻ ഗൾഫിൽ പോയത് കൊണ്ട് എനിക്ക് മനസ്സിലായി. കല്യാണചന്തയിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു നിക്കാഹിന്നു ഇരിക്കുമ്പോഴാണ് ഈ ഉപദേശം. ഇനി കല്യാണം കഴിക്കാനുള്ളവർ മനസ്സിലാക്കാൻ ആണെങ്കിൽ ഈ അറബിയിൽ പറഞ്ഞത് എത്ര ആൾക്ക് മനസ്സിലാവും?
നിക്കാഹിന്റെ സമയമായി. എന്നോട് നിക്കാഹ് കഴിച്ചു കൊടുക്കാൻ സലിം പറഞ്ഞു. ഞാനത് ചെയ്തു. എന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഒരു കാര്യം ചെയ്ത പോലെ തോന്നി.
-----------------------------------------------------
മാപ്പിള പാട്ടുകാരൻ KG സത്താർ സാഹിബ് 1955-60കളിൽ പാടിയ പാട്ട് ഓർമയിൽ നിന്ന് എടുത്തെഴുതുന്നു;
പെണ്ണിന്നൊരു മാപ്പിളകിട്ടണമെങ്കില് സ്ത്രീധനം മുന്നില് വെച്ചോ
പൊൻപണ്ടം വേണ്ടതൊക്കെ മുമ്പേ കരുതിക്കോ
ഉന്നത തറവാട്ടുകാരനെന്ന സമ്മതിനേടിക്കോ
ഈ മൂന്നു കാര്യം നല്ല ഈമാൻ കൊണ്ട് മനസ്സിലുറച്ചോ
അതിന്നായ് പെണ്മക്കളെ പെറ്റവർ പൈസ കരുതിക്കോ
ഇതൊന്നും കഴിയാത്ത കൂട്ടര് പെണ്ണിനെ മുക്കിലിരുത്തിക്കോ
അഴകുള്ളോരു പെണ്ണാണെങ്കിലും സ്ത്രീധനമില്ലാതെങ്ങിനെ ചെക്കൻ
മാംഗല്യം ചെയ്തീനാട്ടിൽ കറങ്ങി നടക്കേണ്ടേ?
ചുമ്മാ കിട്ടുന്ന പൈസ കളയാൻ കൽബില് തോന്നണ്ടേ?
കല്യാണചന്തയിൽ പെണ്ണിനെ വിൽക്കലും ആണിനെ വാങ്ങലും ജോറ്
കഷ്ടം ഈ നിയമം മാറ്റിമറിക്കണതെന്നാണ്
സൌഖ്യം കിട്ടാനീ പൈസടെ മോഹം തീരണതെന്നാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>