Sunday 20 December 2015

ജർമനി എത്ര മനോഹരം (ജീവിതകഥ)

ജർമനി എത്ര മനോഹരം (ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അന്നൊരു ദിവസം ജർമൻ എംബസ്സിയിൽ നിന്ന് എനിക്കൊരു കാൾ വന്നു. അവിടെത്തെ ഒരു സ്റ്റാഫ് ആയിരുന്നത്. ഷൈഖ് ഹമദിന്റെ കാർ കളക്ഷൻസ് ഒന്ന് കാണാൻ അമ്പാസഡറും കുടുംബവും ആഗ്രഹിക്കുന്നത്രേ. ഷൈഖിന്റെ ഒരു പാട് അന്റിക്യു കളക്ഷൻസ് കാറുകൾ ഒരിക്കലും എയർകണ്ടീഷൻ ഓഫ്‌ ചെയ്യാത്ത വിശാലമായ ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിൽ 1888ഇൽ നിർമിച്ച ഡയാമിലർ ബെൻസ് മുതൽ ഷൈഖ് നിർമിച്ചെടുത്ത കാറുകളും അമേരിക്കൻ മിലിട്ടറി ഉപയോഗിച്ച ജീപ്പുകളും വെള്ളത്തിലും ചതുപ്പിലും കരയിലും ഓടിക്കാവുന്ന ആംഫിറെയ്ഞ്ചർ ജീപ്പും കൂട്ടത്തിൽ ഷൈഖിന്റെ സ്വന്തമായി പറപ്പിക്കുന്ന ഹെലികൊപ്റ്റെറും ഉള്ള പ്രൈവറ്റ് കാർകളക്ഷൻ ഷൈഖിന്റെ അനുവാദമില്ലാതെ ഞാൻ തുറന്നു കൊടുക്കാൻ ബുദ്ധിമുട്ടാണെന്നും ആ സമയത്ത് ഷൈഖ് വിദേശത്താണെന്നും ഭവ്യതയോടെ ഞാൻ സ്റ്റാഫിനോട് പറഞ്ഞു മനസ്സിലാക്കി. അന്ന് മൊബൈൽ ഫോണിന്നു ഇന്റർനാഷണൽ റോമിംഗ് ആയിട്ടില്ല. അംബാസ്സഡർ ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടു സമ്മതം വാങ്ങിയെന്ന മറുപടിയാണ് സ്റ്റാഫ്‌ എന്നോട് പറഞ്ഞത്. ഒരു മണിക്കൂറിന്നുള്ളിൽ ഞാൻ ബന്ധപ്പെടാം എന്നും പറഞ്ഞു ഞങ്ങൾ സംസാരം നിറുത്തി.
ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അനുവാദം കിട്ടി. വിവരം അറിയീച്ചതനുസരിച്ചു വൈകീട്ട് അംബാസഡറും പരിവാരങ്ങളും എത്തി. ബിരാല് ഇല്ലാത്തിടത്തു കരിപ്പിടി മൂപ്പൻ എന്ന് പറഞ്ഞ പോലെയായി ഞാൻ. കിട്ടിയ അവസരം പാഴാക്കിയില്ല. എല്ലാ വാഹനങ്ങളെ പറ്റിയും ഞാൻ വിശദീകരിച്ചു പറഞ്ഞു.
അദ്ധേഹത്തിന്നു എന്നെ 'ക്ഷ' പിടിച്ചു. ഷൈഖ് നിർദേശിച്ച പോലെ അദ്ധേഹത്തിന്നു ഒരു VIP ട്രീറ്റ്മെന്റ് കൊടുത്തു. ഒന്നര, രണ്ടു മണിക്കൂർ കഴിഞ്ഞു അമ്പാസഡർ പോകുമ്പോൾ ഷോകേസിൽ വെക്കാവുന്ന വളരെ പഴയ മോഡൽ ഡയാമലർ ബൻസിന്റെ ഒരു മോഡൽ തന്നു. അത് വാങ്ങുമ്പോളും അദ്ധേഹത്തോട് സംസാരിക്കുമ്പോഴും എന്റെ ചിന്ത ആ ജർമനി ഒന്ന് സന്ദർശിക്കണം എന്നുള്ളതായിരുന്നു.
ഷൈഖ് വിദേശത്ത് നിന്ന് തിരിച്ചു വന്നപ്പോൾ എന്റെ ആഗ്രഹം നല്ല നേരം നോക്കി പറഞ്ഞു. എന്ത് കാര്യവും നല്ല തമാശകളൊക്കെ കേട്ടിരിക്കുമ്പോൾ പറഞ്ഞാൽ ഉടനെ സമ്മതിക്കും. അത് പോലെ ആ കാര്യം ഓക്കേ. അന്ന് യൂറോപ്യൻ യൂണിയൻ ആയിട്ടില്ല. ജർമനി രണ്ടാണ്. ഒന്ന് വെസ്റ്റ് ജർമനിയും മറ്റേതു കമ്മൂണിസ്റ്റ് ചിന്താഗതിയുള്ള ഈസ്റ്റ്‌ ജർമനിയും. രണ്ടിന്റെയും തലസ്ഥാനം ബെർലിൻ ആയിരുന്നു. ആ രണ്ടു രാജ്യങ്ങളെയും വേർതിരിക്കുന്ന ഒരു മതിൽ ഉണ്ട്. അതാണ്‌ ബെർലിൻ മതിൽ. ജർമനി ഒന്നായപ്പോൾ ആ മതിൽ ജനങ്ങൾ തന്നെ പൊളിച്ചു. അത് മറ്റൊരു ചരിത്രം.
അമ്പാസ്സഡറെ നേരിട്ട് ഫോണ്‍ ചെയ്യാൻ ഒരു മടി, അദ്ധേഹത്തിന്റെ ഫോണ്‍ നമ്പരുള്ള വിസിറ്റിംഗ് കാർഡ്‌ തന്നിട്ടുണ്ടെങ്കിൽ കൂടി. എന്തായാലും കൊണ്‍സലിനെ ഫോണ്‍ ചെയ്തു വിഷയം പറഞ്ഞു.
അദ്ദേഹം നിർദേശിച്ചതനുസരിച്ച് പാസ്പോർട്ടും ഫോട്ടോയും കൊടുത്തു. പത്തു മിനിട്ടിന്നുള്ളിൽ വിസ റെഡി.
പക്ഷെ ഒരു പ്രശ്നം. എവിടെ പോകുകയാണെങ്കിലും ആ രാജ്യത്ത് എന്റെ ഒരു ആതിഥെയനൊ മറ്റോ ഉണ്ടാവും. ഇത് ഞാൻ തനിച്ചു പോകുക എന്നത് ഒരു കീറാമുട്ടിയായി. ഈ വിഷയം ഷൈഖിനോട് പറഞ്ഞാൽ യാത്ര പോകേണ്ടെന്നു പറഞ്ഞാലോ. അത് മാത്രമല്ല, ഏതു അന്റാർറ്റികയിൽ പോകാനും എനിക്ക് ധൈര്യമുണ്ടെന്നു ഒരിക്കൽ ഞാനൊരു കാച്ചു കാച്ചിയിട്ടുള്ളതുമാണ്. ഗതികേട്ടാൽ ഷെരീഫ് പുല്ലും തിന്നും. നല്ല സമയം നോക്കി വിവരം പറഞ്ഞു. (അല്ലെങ്കിൽ തന്നെ എപ്പോഴും വാഹനത്തെപറ്റി മാത്രം ചിന്തിക്കുന്ന ഷൈഖ് ഞാൻ പറഞ്ഞതൊക്കെ എങ്ങിനെ ഓർമവെക്കാനാ). അദ്ദേഹം ഹാംബർഗിൽ ഉള്ള ഒരു ഹെൽമുത്ത് .....(രണ്ടാമത്തെ പേർ ഇപ്പോൾ ഓർമയിലില്ല) എന്ന ആളുടെ അഡ്രസ്‌ കാർഡ്‌ തന്നു. മതി. സമാധാനമായി. ഇനി എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാത്രം അദ്ധേഹത്തെ ബന്ധപ്പെടാം എന്ന് കരുതി യാത്രക്കായി ഒരുങ്ങി. മൂന്നു ദിവസത്തെ ലീവാണ് കിട്ടിയത്. അത് സാരമില്ല. ചിലപ്പോൾ ഞാൻ ഒന്ന് ദുബായിൽ പോയിട്ട് വരട്ടെ എന്ന് ഷൈഖിനൊട് ചോദിക്കും. അര മണിക്കൂറിന്നുള്ളിൽ തിരിച്ചെത്താമെന്നും പറയും. അര മണിക്കൂര് കൊണ്ട് അബൂദാബിയിൽ നിന്ന് ജബൽഅലിയിൽ പോലും എത്തുകയില്ലെന്നു ഷൈകിന്നു നന്നായറിയാം.
അങ്ങിനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു മാർച്ച് എഴിന്നു ദുബൈ എയർപോർട്ടിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർടിലേക്ക് ലുഫ്താൻസയിൽ പുറപ്പെട്ടു. കാലത്ത് ഒമ്പത് മണിക്ക് പുറപ്പെട്ടു വൈകീട്ട് മൂന്നിന്നു (ജർമൻ സമയം) എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു. ഹെൽമുത്തിന്റെ വിസിറ്റിംഗ് കാർഡ് കൈവശം ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പാക്കി.
എന്റെ ഉദ്ദേശം തന്നെ ജർമനിയിലെ ബെർലിൻ എന്ന തലസ്ഥാനത്തെ മതിൽ കാണുക എന്നതാണ്. അന്ന് രണ്ടു ജർമനികളാണ് ഉണ്ടായിരുന്നത്. ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയും കമ്മൂണിസ്റ്റ് അനുഭാവമുള്ള ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക്കും. ഇത് ആയിരത്തി തൊള്ളായിരത്തി അറുപത്തിഒന്നിനാണ് നിലവിൽ വന്നത്. അത് വരെ ജർമ്മൻ ഒന്നായിരുന്നപ്പോൾ ബർലിൻ എന്ന നഗരമായിരുന്നു തലസ്ഥാനം. ജർമനി രണ്ടായപ്പോഴും രണ്ടു ജർമനിയും തലസ്ഥാനമായി തീരുമാനിച്ചത് ബർലിൻ ആയിരുന്നു. ആ ബർലിൻ കിഴക്കേ ജർമനിയുടെ ഉള്ളിലും ആണ്. ബർലിനെ മുറിച്ചു കിഴക്കൻ ബർലിനും പടിഞ്ഞാറൻ ബർലിനും ആക്കി. അത് വേർതിരിക്കാൻ മതിൽ നിർമിച്ചു. അതാണ്‌ ബർലിൻ മതിൽ. അത് കാണുകയായിരുന്നല്ലോ എന്റെ ലക്‌ഷ്യം.
ഫ്രാങ്ക്ഫർട്ടിൽ നിന്നും ഞാൻ കയറിയ ഫ്ലൈറ്റ് ബർലിനിൽ എത്തി. രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. നല്ല ഉറക്ക, യാത്രാക്ഷീണം. ഒരു ഹോട്ടൽ ബുക്ക്‌ ചെയ്യണം. ഹെൽമുത്തിനെ ഫോണ്‍ ചെയ്തു. അദ്ദേഹം സ്വിറ്റ്സർലൻഡിൽ ആണത്രേ. അധികം ദൂരെയല്ലാത്ത ഒരു ഹൊട്ടെലിലേക്ക് അദ്ദേഹം ഫോണ്‍ ചെയ്തു എല്ലാം അറേഞ്ച് ചെയ്തു. എന്റെ പാസ്പോർട്ടും ക്രെഡിറ്റ്‌ കാർഡും കൊടുത്തു റൂം കിട്ടി. ലോക്കൽ അട്രെസിന്റെ കോളം ഹെൽമുത്ത് പറഞ്ഞു കൊടുത്തത് കൊണ്ട് എനിക്ക് പണി എളുപ്പമായി. കട്ടിലിൽ വീണതെ ഓർമയുള്ളൂ. ഹീറ്റരിന്റെ മർമര ശബ്ദം പോലും ഞാൻ കേട്ടില്ല.
പിറ്റേന്ന് മതിൽ കാണാൻ പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. പുറത്തു മഞ്ഞുമഴ പെയ്യുന്നു. ഞാൻ അത് ആദ്യമായാണ് മഞ്ഞുമഴ കാണുന്നത്. ബർലിനിൽനിന്ന് എഴുപതു കിലൊമീറ്റെർ ദൂരമേയുള്ളൂ, മറ്റൊരു രാജ്യമായ പോളണ്ടിലേക്ക്. ഇത്രയും തണുപ്പുള്ള രാജ്യമായിട്ടും ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും സാധാരണ ട്രൌസറും ഷർട്ടും ആണ് ധരിക്കുന്നത്. ചിലർ പാന്റ് ധരിക്കുന്നു. ഞാൻ ഒരു നിമിഷം എന്റെ നാടിനെ ഓർത്തു. നല്ല ചുട്ടു പൊള്ളുന്ന, ഹുമിടിറ്റി ഉള്ള വേനൽക്കാലത്ത് പോലും LKGയിലും മറ്റും പഠിക്കുന്ന കൊച്ചുമക്കളെ പാന്റും ടയ്യും ധരിപ്പിക്കുന്നത് എത്ര തെറ്റാണ്.
ബർലിൻ മതിലിന്നടുത്തെത്തി. ഈ മതിലിന്നപ്പുറം മറ്റൊരു രാജ്യമാണ്, അതും ഈ രാജ്യത്തിന്റെ ഒരു ഭാഗം. അന്ന് ബർലിൻ ചുറ്റിയടിച്ചു കണ്ടു പിറ്റേന്ന് രാവിലെ വീണ്ടും ഫ്രാങ്ക്ഫർട്ടിലേക്ക് മടക്ക യാത്ര.
അവിടെ കൂടുതലൊന്നും കാണാൻ നിന്നില്ല, ആകെ പോയത് ഒരു നഗര പ്രതിക്ഷണവും RHINE നദിയിലൂടെയുള്ള ഒരു ബോട്ട് സവാരിയും. എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ള യാത്ര കാറോ ഫ്ലൈറ്റൊ അല്ല, മറിച്ചു ബോട്ട് യാത്രയും ട്രെയിൻ യാത്രയും ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു ഒക്ടോബർ മൂന്നിന്നു രണ്ടു ജർമനിയും ഒന്നായി. ബർലിൻ മതിൽ ഇരു രാജ്യങ്ങളുടേയും ജനങ്ങൾ തന്നെ പൊളിച്ചു. ഹെൽമുത്തെ നീ എന്റെ മുത്ത്‌ ആണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അദ്ധേഹത്തിനോട് ഫോണ്‍ ചെയ്തു പോകുന്ന കാര്യവും നന്ദിയും പറഞ്ഞു. ഹോട്ടലിൽ തങ്ങേണ്ടി വന്നില്ല. രാത്രി എഴിന്നുള്ള ഫ്ലൈറ്റിൽ ഞാനെപ്പോഴും എഴുതാറുള്ള പോലെ, എന്റെ പോറ്റമ്മയുടെ അടുത്തേക്ക്, അബൂദാബിയിലേക്ക്........

പൊങ്ങച്ചം (കഥ)

പൊങ്ങച്ചം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

'അമ്മേ വിശക്കുന്നു. വല്ല ഭക്ഷണം തരണേ'
പുറത്തു നിന്നും ഏതോ കുട്ടിയുടെ യാചന കേട്ടപ്പോൾ ജലജ ജനവാതിലിലൂടെ നോക്കി. ഏതോ യാചക രൂപത്തിലുള്ള കുട്ടി. കീറിപറിഞ്ഞതും മുഷിഞ്ഞതുമായ ഒരു ഹാഫ്ട്രൌസറും ഷർട്ടും ആണ് വേഷം.
അടുത്ത വീട്ടിലെ മീനയുമായി സീരിയൽ കണ്ടു കൊണ്ടിരിക്കുന്നതു തടസ്സമായല്ലോ എന്ന ദേഷ്യം മാറ്റിവെച്ച് ആ കുട്ടിയോട് അടുക്കള ഭാഗത്തേക്ക് വരാൻ നിർദേശിച്ചു. ഒരു പഴയ ക്ലാവ് പിടിച്ച ഓട്ടുപാത്രത്തിൽ വേലക്കാരിക്ക്‌ കൊടുക്കാൻ മാറ്റി വെച്ചിരുന്ന പഴയ ചോറും കറിയും കൊടുത്തു. ഭക്ഷണപാത്രം കൊടുക്കുമ്പോൾ ജലജയുടെ കൈ അറിയാതെ ആ ചെക്കന്റെ കയ്യിൽ തൊട്ടു. വേഗം തന്നെ ജലജ അകത്തു പോയി ഡെറ്റോൾ ഇട്ടു കൈ കഴുകി. അകത്തേക്ക് പോകുമ്പോൾ അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടു. ആ ചെക്കൻ എന്തെങ്കിലും മോഷ്ടിച്ചാലോ. വേലക്കാരി വരാഞ്ഞത് ബുദ്ധിമുട്ടായി.
ജലജ വീണ്ടും സീരിയൽ കാണാൻ ചെന്നു. 'സ്ത്രീ ഒരു ദേവത' എന്ന സീരിയലിന്റെ 4507-മത്തെ എപ്പിസോഡ് ആണ് നടക്കുന്നത്. അമ്മയും മകളും തമ്മിൽ തിരിച്ചറിയുമോ എന്ന സംശയം ഇനി എന്നാണാവോ തീരുക? മരിക്കുന്നതിന്ന് മുമ്പ് അതൊന്നു അറിഞ്ഞാൽ മതിയായിരുന്നു.
പെട്ടെന്നാണ് കറന്റ് പോയത്. ഒരു പക്ഷെ കറന്റ് പോയിട്ട് കുറെ നേരം ആയിരിക്കാം. ഇത് വരെ ഇൻവെർടെർ ഉള്ളത് കൊണ്ട് അറിഞ്ഞില്ല. അതിലെ ചാർജും തീർന്നിരിക്കാം.
മീന അത് ചോദിക്കുകയും ചെയ്തു
'എന്ത് പറയാനാ മീനാ, വീട്ടിൽ വലിയ എലിശല്യം. എത്രപ്രാവശ്യമാണെന്നോ ഇൻവെർടെറിന്റെ വയർ എലി കടിച്ചതെന്നോ. ഒരിക്കൽ എലിയെ കണ്ടതാ. ചേട്ടൻ വടിയെടുത്തു അടിക്കാൻ ഓങ്ങിയപ്പോൾ ആ എലി നാല്പതിനായിരം രൂപയുള്ള LCD TVയുടെ ബാക്കിൽ ചെന്നു. അവിടെ വെച്ച് അടിക്കാൻ നോക്കിയപ്പോൾ അതാ അതവിടെന്നും ഓടി എഴുപതിനായിരം രൂപയുടെ ഫ്രിഡ്ജിന്റെ പിന്നിൽ. അവിടെന്നു നാല്പതിനായിരത്തിന്റെ കൂക്കിംഗ് രേയ്ഞ്ഞിന്റെ പിന്നിൽ, അവിടെ നിന്നും ഒടുവിൽ അറുപതിനായിരത്തിന്റെ സ്പ്ലിറ്റ് ACയുടെ മുകളിൽ.
ഒടുവിൽ അതിനെ ചേട്ടൻ അടിച്ചു. എനിക്ക് സന്തോഷമായി. രണ്ടാഴ്ച ചേട്ടന്റെ വലത്തേ കൈ പ്ലാസ്റ്റർ ഇടേണ്ടി വന്നു. എലി ചത്തില്ലെന്നു പിറ്റേന്നു മനസ്സിലായി.
'അല്ല മീനേ, ആ വടക്കേ വീട്ടിലെ ജാനുവിന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായില്ലേ. അവൾക്കു വല്ല വിശേഷവുമുണ്ടോ?'
'ഏയ്‌ ഒരു വിശേഷവും ഇല്ല. അവള് മച്ചിയാണെന്നാ തോന്നുന്നേ'
'അതെങ്ങനയാ അവളുടെ അമ്മയും മച്ചിയാ' എന്നായിരുന്നു ജലജയുടെ കമന്റ്. എന്നിട്ട് ജലജ കൂട്ടിച്ചേർത്തു 'എന്റെ വീട്ടിൽ പണക്കാര് വന്നാലും പാവപ്പെട്ടവർ വന്നാലും ഒരേ പോലെ സൽക്കരിക്കും.'
'അതെ ചേച്ചി, ഞാനും ചേച്ചിയെ പോലെയാ, പണക്കാർ വന്നാലും ചേച്ചിയെ പോലെയുള്ളവർ വന്നാലും ഞാനും ഒരേ പോലെയാ സ്വീകരിക്കുക' ഇതായിരുന്നു മീനയുടെ മറുപടി
'ചേച്ചി ചേട്ടനും മകനും വന്നില്ലേ?' മീനയുടെ ചോദ്യം വീണ്ടും.
'മകന് ഇന്ന് സ്കൂൾ ആനിവേര്ഷരിക്ക് മിമിക്രിക്കും ലളിതഗാനത്തിന്നും ഫാൻസി ഡ്രെസ്സിന്നും റിഹേർസൽ ഉണ്ട്. അപ്പോൾ വരാൻ വൈകും എന്നും ചേട്ടൻ അവനെയും കൊണ്ട് വരികയുള്ളൂ എന്നും ഉച്ചക്ക് പറഞ്ഞിരുന്നു' ജലജ കാര്യം വ്യക്തമാക്കി.
ലാൻഡ്‌ഫോണ്‍ ബല്ലടിച്ചു.
'മീനാ ആ ചെക്കനെ നോക്കണം. വല്ലതും എടുത്താൽ ഒരടി അടിച്ചോ' എന്ന് മീനയ്ക്ക് നിർദേശം കൊടുത്തു ജലജ ഫോണ്‍ അറ്റൻഡ് ചെയ്യാൻ പോയി.
ചെക്കൻ ഭക്ഷണം കഴിക്കുന്നിടത്ത് മീന പോയി. അവൻ കുറച്ചു ചോറ് കൂടി ചോദിച്ചു. അവിടെ ചെന്നപ്പോൾ മീന കണ്ടത് അവൻ പേര മരത്തിൽ നിന്ന് ഒരു പേര പൊട്ടിച്ചു തിന്നുന്നതാണ്. മീന ചെക്കനെ ഒരു അടി അടിച്ചു.
'അമ്മേ' എന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫോണ്‍ കട്ട്‌ ചെയ്തു ജലജ വന്നു നോക്കി. മകന്റെ ശബ്ദമാണ് കേൾക്കുന്നത്. പക്ഷെ ആ തെണ്ടിചെക്കനല്ലാതെ വേറെ ആരെയും കാണുന്നില്ല. വീണ്ടും അതെ വിളി. അപ്പോഴാണ്‌ മനസ്സിലായത്‌ തന്റെ മകൻ തന്നെയാണ് ആ നിൽക്കുന്നത് എന്ന്. അവനെ വാരിയെടുത്തു. എന്റെ പോന്നു മോനാണ് ഈ പഴകിയ ഭക്ഷണവും മീനയുടെ അടിയും കൊടുത്തതെന്ന് ഓർത്തപ്പോൾ സങ്കടം തോന്നി.
'മോനെ നീയെന്താ ഈ വേഷത്തിൽ? അച്ഛനെവിടെ?' ജലജ ചോദിച്ചു
'അമ്മെ ഞാൻ ഫാൻസി ഡ്രെസ്സിന്റെ അതേ വേഷത്തിൽ റിഹേർസൽ ചെയ്യുമ്പോൾ അച്ഛന് എവിടെന്നോ ഫോണ്‍ വന്നു. ഉടനെ അച്ഛൻ ഗേറ്റ് വരെ കൊണ്ട് വന്നു എങ്ങോട്ടോ പോയി. അപ്പൊ എനിക്ക് തോന്നി മിമിക്രി കൂടെ കാണിക്കണമെന്ന് . എങ്ങിനെയുണ്ട് എന്റെ അഭിനയം?'
'മീനാ, ഞാൻ എന്റെ മോന്റെ ഈ മുഖം ഒന്ന് കഴുകി വൃത്തിയാക്കട്ടെ. എന്നിട്ട് ഹോസ്പിറ്റലിൽ ചെന്ന് അവന്റെ വയറ് കഴുകി വൃത്തിയാക്കട്ടെ.'
'അതൊക്കെ കഴുകി വൃത്തിയാക്കുന്നതിന്നു മുമ്പ് ചേച്ചി ചേച്ചിയുടെ മനസ്സ് കഴുകി വൃത്തിയാക്ക്. നമ്മൾ രണ്ടാളും പാടത്ത് പണിയെടുക്കാൻ പോയതൊക്കെ ചേച്ചി മറന്നോ? ചേച്ചിക്ക് കുറച്ചു തൊലി വെളുപ്പുണ്ടായ കാരണം ഒരു പണക്കാരനായ രണ്ടാം കെട്ടുകാരൻ കല്യാണം കഴിച്ചു. അതല്ലേ ശെരി'
--------------------------------------------------------
മേമ്പൊടി:
അവനവനാൽമ സുഖത്തിന്നാചരിക്കുന്നവ -
യപരന് സുഖതിന്നായ് വരേണം (ശ്രീനാരായണഗുരു)
Do as you wish to be done by

Thursday 10 December 2015

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - അവസാനഭാഗം

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ


>>>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
ഒരാൾ ചായ കുടിക്കുകയും കയ്യിലുള്ള ഒരു നോട്ടീസ് വായിക്കുകയും ചെയ്യുന്നുണ്ട്.
ഞാൻ ഇന്നലെ ഉറങ്ങുമ്പോൾ ആദരവായ മുത്ത് മുഹമ്മദ്‌ മുസ്തഫ നബി (സല്ലള്ളാഹു അലൈഹിവസല്ലം) തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. ലോകാവസാനം അടുത്തിരിക്കുന്നു എന്നും ഈ നോട്ടീസ് ഇരുപത്തിയഞ്ചു എണ്ണം അച്ചടിച്ച്‌ ഇരുപത്തിയഞ്ച് പേർക്ക് കൊടുത്താൽ ഒരു സന്തോഷ വാർത്ത ഒരാഴ്ചക്കകം വരുമെന്നും നബി പറഞ്ഞു. അത് പോലെ ഇരുപത്തിയഞ്ച് നോട്ടീസ് അടിച്ചിറക്കിയ ബോംബയിലെ ജമീല എന്ന സ്ത്രീക്ക് ലോട്ടറിയിൽ ഒന്നാം സമ്മാനം കിട്ടി. ഈ നോട്ടീസ് നുണയാണെന്ന് പറഞ്ഞത് കൊണ്ടാണ് കാഥികൻ നൗഷാദ് വാഹനാപകടത്തിൽ മരിച്ചത്'.
നോട്ടീസ് വായിക്കുന്ന വ്യക്തി ചായ തണുത്തതറിയാതെ ഇരിക്കുകയാണ്.
'അല്ല, ഞാനൊന്ന് ചോദിക്കട്ടെ - ബോംബായിൽ എത്രയോ ജമീലമാര് ഉണ്ടാവും? ഇത് ഏത് ജമീലയാണെന്നു എങ്ങിനെയാ മനസ്സിലാവുക? അത് മാത്രമല്ല, ലോട്ടറി എടുക്കാൻ നബി പറയുമോ? ലോട്ടറി ഹറാം അല്ലെ? കാഥികൻ മരിച്ചത് ഇത് കൊണ്ടാണെന്ന് ചെന്ന് കാഥികനോട് ചോദിക്കാൻ പറ്റില്ലല്ലോ?'. ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ സംശയം ചോദിച്ചു.
'നീ അല്ലെങ്കിലും ഒഹാബിയല്ലെ? പിഴച്ചവൻ'. ഏതോ ഒരു കാർന്നവരുടെ വക കമ്മന്റ്
ആ കാർന്നവർ വീണ്ടും തുടർന്നു. 'നിങ്ങൾക്കറിയോ ഈ മഹാനവർകള് ഈ സ്ഥിതിയെലെത്തുന്നതിന്നു മുമ്പ് ഒരിക്കൽ എവിടെക്കോ പോകുന്നതിന്ന്‌ വേണ്ടി ഒരു ബസ്സിന്ന് കൈകാണിച്ചു. മഹാനവർകള് അന്നൊക്കെ കുളിക്കാറില്ലായിരുന്നു. മുഷിഞ്ഞ വേഷവും. ബസ്സ്‌ നിറുത്തിയില്ല. രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ബസ്സ്‌ താനേ ഓഫായി. എന്ത് ചെയ്തിട്ടും ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുന്നില്ല. മെക്കാനിക്കിനെ കൊണ്ട് വന്നു. എവിടെ ശേരിയാവാൻ. അപ്പോൾ അത് വഴി വന്ന ഒരാൾ ചോദിച്ചു. നിങ്ങൾ വഴിയിൽ നിന്നും കൈ കാണിച്ച ഒരാളെ കയറ്റാതെ പോന്നു അല്ലെ. അതാണ്‌ ബസ്സ്‌ കേടാവാൻ കാരണം. ഒടുവിൽ ഓട്ടോ വിളിച്ച് മഹാനവർകളെ കൊണ്ട് വന്ന് ബസ്സിൽ ഇരുത്തി ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഉടനെ സ്റ്റാർട്ട്‌ ആയി. അതാണ്‌ ഓരോരുത്തരുടെ മഹത്വം. അത് ഈ പുത്തനാദർശക്കാർക്ക് മനസ്സിലാവൂല'. കാർന്നവർ തുടർന്നു. 'അത് കൂടാതെ ഒരിക്കൽ ഒരുവനെ പെരുമ്പാമ്പ്‌ (മലമ്പാമ്പ്) കടിച്ച് മഹാനവർകളുടെ അടുത്ത് കൊണ്ട് വന്നു. മഹാനവർകൾ മുറിവിൽ കുറച്ചു തുപ്പൽ പുരട്ടി. വിഷം ഇല്ലാതെയായി'.
'അതിന് കോയ പെരുമ്പാമ്പിന്ന് വിഷം ഇല്ലല്ലോ?' അടുത്തിരുന്ന ഒരാൾ ചോദിച്ചു.
'നീ ഒഹാബിയാണല്ലേ'. ഇതായിരുന്നു കാർന്നവരുടെ മറുചോദ്യം. എന്നിട്ടദ്ധേഹം കൂട്ടി ചേർത്തു 'മുഹയദ്ധീൻ മാലയിലുണ്ടല്ലോ മുഹയദ്ധീൻ ഷൈഖിനു പെരുമ്പാമ്പ്‌ കടിച്ചിട്ട്‌ വിഷം കയറിയില്ല എന്ന്'.
അപ്പോഴാണ്‌ ഒരു സ്ത്രീ കാറിലിരുന്നു അട്ടഹസിക്കുന്നത് കണ്ടതും കേട്ടതും 'ഞാൻ ബീവിയാണ്. നിങ്ങളെ ശപിക്കും'. എന്നൊക്കെ ആ സ്ത്രീ പറയുന്നുണ്ടായിരുന്നു.
ആ കാറിൽ നിന്ന് ഒരാൾ വന്ന് ചോദിച്ചു. 'മഹാനവർകളുടെ മജ്ലിസ് എവിടെയാണ്?'. അവർക്ക് വഴി പറഞ്ഞു കൊടുത്തു. ആ വന്നയാൾ അവരോടു അങ്ങോട്ട്‌ പൊയ്ക്കൊള്ളാനും ഞാൻ അങ്ങോട്ട്‌ വന്നോളാമെന്നും പറഞ്ഞു.
കാർന്നവർ ആ സ്ത്രീയുടെ വിഷയം ചോദിച്ചു.
പുലർച്ചെയുള്ള സുബഹി നമസ്കാരത്തിന്നു വുളു (അംഗശുദ്ധി) വരുത്താനായി എഴുനേറ്റു. പൈപ്പിൽ വെള്ളമില്ലാത്തത് കൊണ്ട് പുറത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരാൻ ആ സ്ത്രീ ചെന്നു. കിണറ്റിലേക്ക് ബക്കറ്റിടാൻ നോക്കിയപ്പോൾ കിണറിന്നുള്ളിൽ ഭയങ്കര ശബ്ദവും വാളുകൾ കൂട്ടിയിടിക്കുന്ന വെളിച്ചവും കണ്ടു. ആ സ്ത്രീ പേടിച്ചു. അപ്പോൾ ആ കിണറ്റിൽ നിന്നും ഒരാൾ കയറിവന്ന് അവരെ അവിടെ കണ്ട കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു. എന്താ ചെയ്യാ, പെണ്ണല്ലേ. അവൾ പലരോടും പറഞ്ഞു. അങ്ങിനെ മാനസികനില തെറ്റി'.
അദ്ദേഹം എല്ലാം വിശദീകരിച്ചു പറഞ്ഞു.
ഞങ്ങൾ വീണ്ടും മഹാനവർകളുടെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം എണ്‍പത് ലക്ഷം രൂപ വിലവരുന്ന ഒരു മേര്സേടെസ് ബെൻസ് കാറിൽ മഹാനവർകൾ വന്നിറങ്ങി. ഫാൻസി നമ്പർ നോക്കുന്ന ഞാൻ ആ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചു. 786. നല്ലൊരു സംഖ്യ ആ നമ്പറിന്നു കൊടുക്കേണ്ടി വന്നിട്ടുണ്ടാവുമെന്ന് ഞാനോർത്തു. അല്ലാഹുവിന്റെ പേരിനോട് ബന്ധപ്പെട്ട ഈ നമ്പറിന്റെ മുന്നിലെക്കല്ലേ നാം കാൽ ചവിട്ടുന്നതെന്നും കാറിലിരിക്കുന്ന ആളുകളുടെ പൃഷ്ഠഭാഗം ആ നമ്പറിന്റെ ഭാഗത്തേക്കാണല്ലോ എന്നും ഞാനോർത്തു. ലോകത്തിലുള്ള എല്ലാ മുസ്ലിം പള്ളികളിലും ഇമാം (നേതൃത്വം കൊടുക്കുന്ന ആൾ) നിസ്കാരം കഴിഞ്ഞാൽ വലത്തോട്ടെക്കാണ് തിരിഞ്ഞ് ഇരിക്കാറ്. എന്നാൽ ലോകത്തിൽ ഒരേ ഒരു പള്ളിയിൽ മാത്രമാണ് ഇടത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത്. മദീനയിലെ മസ്ജിദുന്നബവിയിൽ, കാരണം അവിടെ വലത്തോട്ട് തിരിഞ്ഞു ഇരുന്നാൽ ഇമാമിന്റെ പൃഷ്ഠഭാഗം നബിയുടെ അടുത്തേക്കാണ് വരിക. റസൂലിനോട് കാണിക്കുന്ന ബഹുമാനം എന്തെ അല്ലാഹുവിനോട് കാണിക്കുന്നില്ല. കുറച്ചു നേരത്തേക്ക് ഞാൻ പഴയ ജബ്ബാർ ആയി. പിന്നീട് തിരിച്ചു വന്നു.
ഞങ്ങളെ അകത്തേക്ക് വിളിച്ചു. വലിയ ഒരു മുറി. സോഫയിൽ ഇരിക്കുകയാണ് മഹാനവർകൾ. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീയെ മഹാനവർകൾ മന്തിരിച്ചു തലയിൽ ഊതുന്നുണ്ട്.
ഞാൻ ഉപ്പാടെ കാര്യവും എന്റെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ കളവ് പോയതും മഹാനവർകളോട് പറഞ്ഞു.
അദ്ദേഹം കുറച്ചു നേരം കണ്ണടച്ചിരുന്നു.
അദ്ദേഹം എന്തൊക്കെയോ ചൊല്ലി ഉപ്പാടെ ദേഹമാസകലം ഊതി.
പെട്ടെന്നാണ് അദ്ധേഹത്തിന്റെ മൊബൈലിൽ റിംഗ് വന്നത്. അദ്ധേഹം ഫോണ്‍ അറ്റൻഡ് ചെയ്തു.
'അബൂദാബിയിൽ നിന്നാണോ. ആ കുടുംബം മേലാൽ നിങ്ങളെ ഉപദ്രവിക്കാതിരിക്കാനുള്ളതെല്ലാം ഞാനിവിടെ ചെയ്യാം. എന്റെ ബേങ്ക് അക്കൌന്റ് നമ്പർ അറിയാലോ. അതിലേക്ക് അയച്ചാൽ മതി.... നേർത്തെ വിളിച്ചിരുന്നല്ലേ......ഞാനെന്റെ മകളുടെ കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ പോയതാ...... ഇല്ല.. ചെറിയ ഒരു പനി.... മഴക്കാലമല്ലേ..... നീ കഴിഞ്ഞ വരവിൽ തന്ന മൊബൈൽ ഇന്നലെ കളവ് പോയി.....ഉവ്വാ പോലീസിൽ കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ട്‌.....എന്നാ വെക്കട്ടെ...... ഇന്ന് കസ്റ്റമെർസ് കൂടുതലാ.........' മഹാനവർകൾ ഫോണ്‍ കട്ട്‌ ചെയ്തു.
'മോനെ വാ നമുക്ക് പോകാം.' ഉപ്പ എഴുന്നേറ്റിട്ട് പറഞ്ഞു.
ഉപ്പാക്ക് എന്താണ് ഇങ്ങിനെ പെട്ടെന്ന് ഒരു മാറ്റം എന്ന് മനസ്സിലായില്ല. ഉപ്പ കുറച്ചു കൂടി മഹാനവർകളോട് പറയാനുണ്ട് എന്ന് മാത്രം ഞാൻ പറഞ്ഞു.
'വേണ്ട, നമുക്ക് പോകാം.' എന്ന് ഉപ്പ വീണ്ടും ആവർത്തിച്ചു.
ഞാനും ജമാൽക്കയും എഴുനേറ്റു. ഉപ്പ എന്തെങ്കിലും കാണുന്നുണ്ടാവും. ഉപ്പമാർ പറയുന്ന കാര്യങ്ങൾ നമുക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നു വരാം. പക്ഷെ അവർ ലോകം കണ്ടിട്ടുള്ളവരാണ്. ഇപ്പോൾ നമുക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലാവും ഉപ്പ പറഞ്ഞത് ശെരിയാണെന്ന്.
ഞങ്ങൾ കാറിൽ കയറി ഇരുന്നു. ജമാൽക്കയാണ്‌ ഉപ്പാക്ക് പെട്ടെന്നുണ്ടായ മാറ്റത്തെ പറ്റി ചോദിച്ചത്.
'നമ്മൾ എന്തിനാണ് ഇങ്ങോട്ട് വന്നത്‌? ഉപ്പാടെ ചോദ്യം
'ഉപ്പാടെ അസുഖം ചികിത്സിക്കാൻ' ഞാൻ മറുപടി കൊടുത്തു.
'മാരകമായ അസുഖം എന്ന് പറയൂ. അതിന്നു ഇദ്ദേഹത്തെ കാണണം അല്ലെ. അദ്ധേഹത്തിന്റെ മകളുടെ മകൾക്ക് ചെറിയൊരു പനി വന്നപ്പോൾ ആശുപത്രിയിൽ പോയി. പിന്നെ നിന്റെ ബൈക്ക് കട്ടവനെ അറിയണം അല്ലെ? അദ്ധേഹത്തിന്റെ മൊബൈൽ പോയതിനു പോലീസിൽ പരാതി കൊടുത്തു. ഇനി നിങ്ങൾ ആലോചിക്കുക'. ഉപ്പ സംസാരം നിറുത്തി.
'ഇക്ക പറഞ്ഞത് ശെരിയാണ്'. ഇത് പറഞ്ഞത് ജമാൽക്കയായിരുന്നു.
ഞങ്ങൾ തിരിച്ചു പോയി

മേമ്പൊടി:
ആകാശഭൂമിയിലുള്ള അദൃശ്യകാര്യങ്ങൾ അല്ലാഹുവിന്നു മാത്രമേ അറിയൂ (വിശുദ്ധ ഖുറാൻ)

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - ആദ്യ ഭാഗം

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - ആദ്യ ഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

അത്യാവശ്യമായി പുറത്ത് പോകാൻ ഞാൻ നിൽക്കുമ്പോഴാണ് ജമാൽക്ക വീട്ടിൽ വന്നത്.
'ജബ്ബാർ എന്നെ അന്വേഷിച്ചു വീട്ടിൽ വന്നിരുന്നെന്നു ഭാര്യ പറഞ്ഞു. എന്താ വിശേഷം?' വീട്ടിൽ കയറി വന്ന പാടെ ജമാൽക്ക എന്നോട് അന്വേഷിച്ചു.
ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ ആവശ്യം പറഞ്ഞു. 'നമുക്ക് മഹാനവർകളെ ഒന്ന് പോയി കാണണം.
'ഏത് ആ മഹാസിദ്ധിയുള്ള ആളെയോ?' ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ ജമാൽക്കാക്ക് അൽബുദമായി.
'നിനക്ക് ഈ വക കാര്യങ്ങളൊന്നും വിശ്വാസമില്ലെന്ന് പറയുന്ന ആളല്ലേ? പെട്ടെന്ന് ഇങ്ങിനെയൊരു മാറ്റം?'
' പിന്നെ എനിക്കൊരു അബദ്ധം പറ്റിയതാണ്. ഞാനിത്ര നാളും പിഴച്ചവനായിരുന്നു. എന്താണെങ്കിലും നമുക്ക് മഹാനവർകളെ കാണാൻ പോണം. എന്റെ ഉപ്പാക്ക് ഭയങ്കരമായ അസുഖം. പല തരത്തിലുള്ള ഡോക്ടർമാരെയും മറ്റും കണ്ടു. അസുഖം എന്താണെന്ന് പോലും മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ല. അത് മാത്രമല്ല, എന്റെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ ഇന്നലെ കളവു പോയി. അതാരാണ് എടുത്തതെന്ന് നോക്കിക്കണം. അത് കൊണ്ടാണ് മഹാനവർകളെ കാണണമെന്ന് പറഞ്ഞത്'. ഞാനെന്റെ ആവശ്യം പറഞ്ഞു.
'ശെരി നമുക്ക് എപ്പോഴാണ് പോകേണ്ടത്?'. ജമാൽക്ക എന്നോട് ചോദിച്ചു.
'ഇപ്പോൾ തന്നെ പോകാം. ഞാൻ റെഡിയാണ്'.
ഉപ്പാനെയും കയറ്റി ഞങ്ങൾ പുറപ്പെട്ടു. ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾ കാഞ്ഞാണി വഴി യാത്ര തുടർന്നു. മണലൂർ കഴിഞ്ഞ് എനാമാവ് കെട്ടുങ്ങലിൽ എത്തിയപ്പോൾ കുറച്ചു നേരം കാർ ഒതുക്കി നിർത്തി.
നല്ല സുന്ദരമായ പ്രകൃതിരമണീയമായ സ്ഥലം. കസ്തൂരി ശരീരത്തിൽ വെച്ച് കസ്തൂരി അന്വേഷിക്കുന്ന കസ്തൂരിമാനിനെ പോലെയാണല്ലോ നാമൊക്കെ. ഇത്രയും നല്ല സ്ഥലങ്ങളുണ്ടായിട്ടും നമ്മൾ യൂറോപ്പിലും മറ്റും പോകും. ഞാൻ പടിഞ്ഞാറോട്ട് നോക്കി. സുന്ദരമായ തോട് ചെന്നവസാനിക്കുന്നത് അറബിക്കടലിൽ. കടലിന്നു മതിൽ പണിതിട്ടുണ്ട് എന്ന് വിശുദ്ധ ഖുറാനിലുണ്ട്. അത് വെറുതെ വായിച്ചാൽ ഒന്നും മനസ്സിലാവില്ല. കടലിന്നുള്ളിൽ ഹോളോബ്രിക്സ് വെച്ച് മതിൽ പണിതോ? ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. കടലിലെ മത്സ്യങ്ങൾ പുഴയിലേക്ക് കടക്കാതെ തിരിച്ചു പോകുന്നു. അത് പോലെ പുഴയിലെ മത്സ്യങ്ങൾ കടലിലേക്കും പോകുന്നില്ല. അതാണ്‌ മതിൽ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഞങ്ങൾ യാത്ര തുടർന്നു. കെട്ടുങ്ങൽ പള്ളിയുടെ മുന്നിലെത്തിയപ്പോൾ അവിടെ ഒന്ന് കയറണമെന്ന് ഉപ്പാക്ക് ആഗ്രഹം. ഞാൻ കാർ ഒതുക്കി നിർത്തി. പള്ളിയിലേക്ക് പോകുന്ന നടപ്പാതയിലെ ബോർഡുകൾ ഉപ്പ വായിച്ചു നോക്കിയിട്ട് പറഞ്ഞു. 'നന്നായിരിക്കുന്നു'.
'എന്റെ കൂടെ സിലോണിൽ ജോലി ചെയ്തിരുന്ന സുലൈമാൻ ഹാജിയുടെ വീട് ഈ മഹല്ലിലാണ്. അവൻ മരിച്ചെന്നും ഈ പള്ളിയിൽ മറവ് ചെയ്തെന്നും അറിഞ്ഞു. സുഖമില്ലാതെ ആശുപത്രിയിലായതിനാൽ വരാൻ കഴിഞ്ഞില്ല. അവന്റെ ഖബർ ഒന്ന് കാണണം, അവനോടല്ല, അല്ലാഹുവിനോട് അവന് വേണ്ടി പ്രാർത്തിക്കണം'. ഞങ്ങൾ ചോദിക്കാതെ തന്നെ ഉപ്പ പറഞ്ഞു.
കെട്ടുങ്ങൽ കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ റോഡിന്നു വളരെ വീതികുറവ്. എതിർദിശയിൽ നിന്ന് ഒരു ആംബുലൻസ് ലൈറ്റ് ഇട്ട് സൈറൻ മുഴക്കി വരുന്നുണ്ട്. ഞാൻ കാർ ഒതുക്കി. എന്റെ മുമ്പിൽ ഒരു ബസ്‌ ഉണ്ട്. ആംബുലൻസിന്റെ സൈറൻ മറ്റെന്തോ ഉറക്കെ ആ നാട്ടുകാരോട് പരിഭവം പറയുന്നത് പോലെ എനിക്ക് തോന്നി. ഒരു വിധം പ്രയാസപ്പെട്ട് ആമ്പുലൻസ് പോയി. ആ ആംബുലൻസിലുള്ള രോഗിക്ക് വേണ്ടി ഞാൻ പ്രാർഥിച്ചു.
മഹാനവർകളുടെ കാര്യങ്ങൾ ജമാൽക്ക എന്നോട് പറഞ്ഞു കൊണ്ടിരുന്നു. കുറച്ചൊക്കെ ഞാൻ മുമ്പ് കേട്ടിട്ടുള്ളതുമാണ്‌.
അദ്ധേഹത്തിന്നു ഭയങ്കരമായ ഒരു അസുഖം പിടിപ്പെട്ടു. തലയുടെ പിൻഭാഗം മുറിഞ്ഞു രക്തം പോകുക, ശരീരത്തിൽ എവിടെയെങ്കിലും മുറിഞ്ഞാൽ രക്തത്തിന്നു പകരം വെള്ളം പോകുക. കിടക്കുന്ന ബെഡ്ഡിൽ ദേഹം മുറിഞ്ഞ വെള്ളമായിരിക്കും നിറയെ. വൈദ്യശാസ്ത്രം തോറ്റു. അലോപ്പതി, ഹോമിയോ തുടങ്ങി എല്ലാം പരീക്ഷിച്ചു. ഒടുവിൽ മരണം പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ചോലാടിമലയിൽ ഒരു ദിവ്യൻ ഉണ്ടെന്നു മഹാനവർകളുടെ ബന്ധക്കാർ അറിയുന്നത്. ആംബുലൻസിലാണ് ചോലാടിമലയിലേക്ക് പോയത്. ദിവ്യൻ എന്തോ മന്ത്രം ചൊല്ലി ദേഹം മുഴുവൻ തടവി. അസുഖവും മാറി. ആ ദിവ്യൻ മരിച്ചാൽ ആ ദിവ്യന്റെ ദിവ്യത്വം ഈ മഹാനവർകൾക്ക് ഉണ്ടാവും എന്ന് പറയുകയും ചെയ്തു. ആംബുലൻസിൽ പോയ മഹാനവർകൾ നടന്നാണ് ബസ്‌ സ്റ്റാന്റ് വരെ പോയത്.
എനിക്ക് മഹാനവർകളുടെ അടുത്തെത്താൻ തിടുക്കം കൂടി.
ചാവക്കാട് നിന്നും ഞങ്ങൾ മണത്തല വഴി നേരെ ഡ്രൈവ് ചെയ്തു. ഒരു പാട് ദൂരം ഡ്രൈവ് ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾ ബോർഡ് കണ്ടു. 'മഹാനവർകൾ നഗർ'.
എന്തോ എന്റെ മനസ്സിൽ സന്തോഷത്തിന്റെ തുടി മുട്ടി.
ഒരു വലിയപറമ്പിൽ വലിയൊരു മണിമാളിക. ഞങ്ങൾ കാർ ഒതുക്കി പാർക്ക് ചെയ്തു. ഉപ്പാട് കാറിൽ തന്നെ ഇരുന്നോളാനും ഞങ്ങൾ അകത്ത് ചെന്ന് വിവരം അറിഞ്ഞു വരാമെന്നും പറഞ്ഞു. പാവം ഉപ്പ. ക്ഷീണം കാരണം പിൻ സീറ്റിൽ ചെന്ന് കിടന്നുറങ്ങി. ഞാനും ജമാൽക്കയും കൂടി അകത്ത് ചെന്ന് അന്വേഷിച്ചു. ഒരു പാട് ആളുകൾ മഹാനവർകളെ കാണാൻ എത്തിയിട്ടുണ്ട്. എനിക്ക് കിട്ടിയ നമ്പർ 94. എന്റെ രക്തത്തിൽ കലർന്ന ഒരു ചോദ്യം ഞാനവിടെ ചോദിച്ചു. 'എനിക്കൊരു ഫാൻസി നമ്പർ തരുമോ 100 ആയാലും മതി'
കൌണ്ടറിലുള്ള ആൾ എന്നെ തുറിച്ചു നോക്കി.
'ഞങ്ങൾ കുറച്ചകലെ തൃപ്രയാർ നിന്ന് വരികയാണ്. ഇവന്റെ ഉപ്പ സുഖമില്ലാതിരിക്കുകയാണ്. പെട്ടെന്ന് പോകാനുള്ള ഒരു ഉപകാരം ചെയ്യണം'. ജമാൽക്ക അത് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. 'മഹാനവർകൾ പുറത്തു പോയിരിക്കയാണ്‌. എത്തിയാൽ ആദ്യം നിങ്ങളെ കടത്താം'. ഓ സമാധാനമായി.
ഞങ്ങൾക്ക് ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ഉപ്പാക്കും എന്തെങ്കിലും വേണമല്ലോ?' ഉപ്പാനെ ചെന്ന് വിളിച്ചു. ആദ്യം ഒന്നും വേണ്ട എന്ന് പറഞ്ഞു. നിർബന്ധിച്ചപ്പോൾ കൂടെ വന്നു.
ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടെലിലേക്ക് പോയി. അവിടെ രസകരമായ സംഭവങ്ങൾ കേട്ടു
>>>> ശേഷം രണ്ടാം ഭാഗത്തിൽ അവസാനിക്കും

Sunday 6 December 2015

കഴുമരം (ചെറുകഥ)

കഴുമരം (ചെറുകഥ)
by ഷെരീഫ് ഇബ്രാഹിം,ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
അയാൾക്ക്‌ ജഡ്ജ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, എന്നിട്ട് ചോദിച്ചു. 'നിങ്ങൾ ഈ കുറ്റം ചെയ്തിട്ടുണ്ടോ?'
'ഉവ്വ് സാർ'.
'നിങ്ങൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ?'.
'സാർ എന്നെ എന്ത് ശിക്ഷയാണ് തരുന്നതെങ്കിലും അത് എത്രയും വേഗത്തിൽ നടപ്പാക്കണം. അത് പോലെ എന്റെ ഒമ്പത് വയസ്സായ മകളെ എന്റെ വീട്ടുകാർക്കും എന്റെ ഭാര്യാവീട്ടുകാർക്കും കൊടുക്കരുത് സാർ'.
അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
കുറച്ചു നേരം കോടതി, സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ധതയായിരുന്നു.
ജഡ്ജി വിധി പറഞ്ഞു.
'നിങ്ങൾ നിങ്ങളുടെ ഭാര്യയെ മുൻകൂട്ടി തയ്യാർ ചെയ്ത പ്രകാരം കായലിൽ കൊണ്ട് പോയി മുക്കികൊന്ന കുറ്റം പ്രോസിക്ക്യൂഷന് സംശയാസ്പധമായി തെളിയീക്കാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ടും സാക്ഷികൾ ഇല്ലാത്ത ഈ കൊടും ക്രൂരതക്ക് സാഹചര്യതെളിവുകൾ വെച്ച് കൊണ്ടും പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടും ഇൻഡ്യൻ ശിക്ഷാനിയമം 302 പ്രകാരം മരണം വരെ തൂക്കികൊല്ലുവാൻ ഈ കോടതി വിധിച്ചിരിക്കുന്നു'.
അയാൾ എല്ലാം നിസ്സംഗധയോടെ കേട്ടു.
അയാളുടെ ചിന്തകൾ വർഷങ്ങൾക്കു പിന്നോട്ട് പോയി.
ഒരേ ജാതിക്കാരായിരുന്ന താനും ജലജയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്; രണ്ടു പേരുടെയും വീട്ടുകാർക്ക് ആ വിവാഹത്തിന്നു എതിർപ്പായിരുന്നു എന്ന് മാത്രമല്ല, അത് നടക്കാതിരിക്കാൻ വളരെയധികം പരിശ്രമിച്ചു. തന്മൂലം രെജിസ്റ്റർ വിവാഹമാണ് നടന്നത്
ആ നാട്ടിൽ അതൊരു സംസാരവിഷയമായിരുന്നു. അവരുടെ ദാമ്പത്യം എല്ലാവർക്കും ഒരു മാതൃകയായിരുന്നു.
അവർക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. 'ചിന്നു' എന്ന് വിളിക്കുന്ന ശാന്ത. ഇരുവീട്ടുകാരുടെയും എതിർപ്പും നിസ്സഹകരണവും കാരണം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആയാൾക്ക് ജോലിക്കായി മുംബായിലേക്ക് പോകേണ്ടി വന്നു.
ഇതിനിടെ അയാളുടെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവമുണ്ടായി. അയാൾക്ക് നാട്ടിൽ നിന്നൊരു കത്ത് വന്നു. ആരാണ് അയച്ചതെന്ന് എഴുതിയിട്ടുണ്ടായിരുന്നില്ല. ജലജ മറ്റു ചിലരുമായി അവിഹിതബന്ധം ഉണ്ടെന്നാണ് ആ കത്തിലെ ഉള്ളടക്കം.
അയാൾ കൂടുതലൊന്നും അന്വേഷിച്ചില്ല, ആലോചിച്ചില്ല. ആരെയും അറിയീക്കാതെ നാട്ടിലേക്ക് വണ്ടി കയറി.
ഭാര്യയോട് ഇഷ്ടക്കെടൊന്നും കാട്ടിയില്ല. അന്ന് രാത്രിയിൽ അയാൾ ഭാര്യയോട് പറഞ്ഞു. 'നമുക്ക് കായലിൽ വഞ്ചിയിൽ പോകാം'.
'ഈ പാതിരാവിലോ?'. നിഷ്കളങ്ങതയോടെ ജലജ ചോദിച്ചു.
എന്നിട്ടും അവർ കുളിച്ചു യാത്രയായി. മകൾ നല്ല ഉറക്കത്തിലാണ്. അയാളുടെ നിർബന്ധപ്രകാരം ആ കുട്ടിയെ അവിടെ തന്നെ ഉറക്കാൻ വിട്ടു. അവളെ ഒറ്റയ്ക്ക് നിര്ത്തെണ്ടെന്നു ഭാര്യ പറഞ്ഞപ്പോൾ അയാൾ മറ്റൊന്നാണ് പറഞ്ഞത്. 'നമ്മുടെ വീടിന്റെ മുന്നിലുള്ള കായലിൽ വഞ്ചിയിൽ സവാരി ചെയ്തു ഇപ്പോൾ തന്നെ തിരിച്ചു വരാമല്ലോ'.
ചന്ദ്രികാചർച്ചിതമായ രാത്രി. അയാൾ വഞ്ചി തുഴയുകയാണ്. അവൾക്ക് ആ യാത്ര വളരെ ഇഷ്ടപ്പെട്ടു എന്ന് അയാൾ മനസ്സിലാക്കി. ചെറിയ ഓളങ്ങൾ യാത്രക്ക് ഹരം കൂട്ടി. കരിമീൻ ചാടുന്നത് നിലാവിൽ ജലജ കണ്ടു. നല്ല കരിമീൻ എന്ന് അവൾ പറയുകയും ചെയ്തു. ഇടയ്ക്കു അവൾ കൈ വെള്ളത്തിലേക്കിട്ട് മീനെ പിടിക്കാൻ നോക്കി. ഇതിനിടെ വഞ്ചി കുറച്ചധികം ദൂരം കരയിൽ നിന്നും യാത്ര ചെയ്തിരിക്കുന്നു. അവൾ അത് സൂചിപ്പിക്കുകയും ചെയ്തു.
'ചേട്ടാ, നമുക്ക് തിരിച്ചു പോകാം, മോള് തനിച്ചല്ലേ'.
'കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നമ്മുടെ യാത്ര മംഗളമാകും'. അയാളുടെ മറുപടി അവൾക്ക് മനസ്സിലായില്ല. അവൾ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. ഈ ചേട്ടൻ അല്ലെങ്കിലും അങ്ങിനെയാ. തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ചേട്ടൻ. 'ചേട്ടാ നമുക്ക് നാളെ കുറച്ചു കരിമീൻ മേടിക്കണം'.
അയാൾ അതിന്നും മറുപടി ഒന്നും പറഞ്ഞില്ല
അയാൾ വഞ്ചി പതുക്കെ ആട്ടാൻ തുടങ്ങി. ജലജ പേടിച്ചു വിറച്ചു. ജലജ അയാളുടെ കയ്യിൽ ബലമായി പിടിച്ചു. അയാൾ ആ കൈ തട്ടിമാറ്റി അവളെ പുഴയിലേക്ക് ഒരൊറ്റതള്ളൽ. അവൾ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോയി. നീന്തൽ അറിയാത്ത ജലജ ശ്വാസം വലിക്കാൻ എങ്ങിനെയോ മുകളിലേക്ക് വന്നു. 'എന്റെ പോന്നു ചേട്ടാ, എന്നെ രക്ഷിക്കൂ'. എന്ന് അവ്യക്തമായ സ്വരത്തിൽ ആവൾ പറയുന്നുണ്ടായിരുന്നു. 'നിനക്ക് ഞാനല്ലാതെ വേറെ ആണുങ്ങളെ വേണം അല്ലെ?'. എന്ന് പറഞ്ഞു കൊണ്ട് വെള്ളത്തിന്നു മുകളിലേക്ക് വന്ന ജലജയെ അയാൾ വഞ്ചി തുഴയുന്ന പങ്കായം കൊണ്ട് തലയ്ക്കു ഒറ്റ അടി. അതോടെ അവൾ വെള്ളത്തിലേക്ക്‌ താഴ്ന്ന് പോയി..........
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ജയിലിൽ അയാളെ കാണാൻ അവരുടെ ബന്ധക്കാരനായ ഒരാൾ വന്നു. എന്നിട്ട് പറഞ്ഞു. 'എന്നോട് ക്ഷമിക്കണം. ഞാനാണ് നിങ്ങൾക്ക് ആ കത്തയച്ചത്. സത്യത്തിൽ, ജലജയെ പറ്റി എഴുതിയത് നുണയാണ്. .....' പിന്നെയും ആ ബന്ധക്കാരൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അയാൾ ആ ബന്ധക്കാരന്റെ മുഖത്തേക്ക് കാർപ്പിച്ചു തുപ്പി. ശേഷം അയാൾ ജെയിലിന്റെ കമ്പിയിൽ സ്വന്തം തലയിട്ടടിച്ചു. ഈ വിവരം കോടതിയിൽ പറയണമെന്ന് ആദ്യം അയാൾക്ക്‌ തോന്നി. പിന്നെ ആലോചിച്ചു, വേണ്ട എല്ലാ ശിക്ഷയും താൻ തന്നെ അനുഭവിക്കാം.
വധശിക്ഷക്ക് വിധിച്ചവരെ കിടത്തുന്ന കണ്ടംഡ് സെല്ലിൽ കിടന്നു കൊണ്ട് അയാൾ ഈ കഥ ഓര്ത്തു.
*******************************
നാളെയാണ് തൂക്കിലേറ്റുന്ന ദിവസം. ജയിൽ അധികൃതർ വന്നു അയാളുടെ തൂക്കം നോക്കി. ഇതിനു കുറച്ചു ദിവസം മുമ്പും തൂക്കം നോക്കിയിട്ടുണ്ട്. രാത്രിയിൽ എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് അയാളോട് അന്വേഷിച്ചു. ഇതാണ് അവസാനത്തെ അത്താഴം. കരിമീൻ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. ജലജക്ക് ഏറ്റവും ഇഷ്ടപെട്ട, അവസാനമായി തന്നോട് ആവശ്യപ്പെട്ട കറി. ആരാച്ചാർ വന്ന് കയറിന്നു ബലം കിട്ടാൻ മെഴുക്കു പുരട്ടുമെന്നും തന്റെ തൂക്കത്തിലുള്ള വസ്തു കയറിൽ കൊളുത്തി ബലം പരിശോധിക്കുമെന്നും പറയുന്നത് കേട്ടു.
ഭക്ഷണം കൊണ്ട് വെച്ചു. പക്ഷെ ഒന്നും കഴിക്കാൻ തോന്നിയില്ല. അത് വരെയുണ്ടായ ആൽമധൈര്യം ചോർന്നു പോയ പോലെ.
പുലർച്ചെ നാല് മണിയോ അഞ്ചു മണിയോ ആയിട്ടുണ്ടാവും ജയിൽ അധികൃതരും ഡോക്ടറും കൂടെ അയാളെ തൂക്കിലേറ്റാൻ കൊണ്ട് പോയി. ഇനി നാളത്തെ പ്രഭാതം താൻ കാണില്ലായെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. പ്ലാറ്റ്ഫോമിൽ അയാളെ നിറുത്തി. ആരാച്ചാർ വന്നു. ജയിൽ അധികൃതർ കുറ്റപത്രവും കോടതി വിധിയും വായിച്ചുകേൾപ്പിച്ചു. ആരാച്ചാർ അയാളെ തലവഴി കറുത്ത തുണിയിട്ട് മൂടി. കഴുത്തിൽ തൂക്കുകയർ കെട്ടി. പെട്ടെന്ന് ആരാച്ചാർ ലിവർ വലിച്ചു...................
-----------------------------------------
മേമ്പൊടി:  
ഒരു കോപം കൊണ്ടാങ്ങോട്ടു ചാടിയാ-
ലിരു കോപം കൊണ്ടിങ്ങോട്ട്‌ പോരാമോ?

സാത്താനിസം (കഥ)

സാത്താനിസം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

ആദ്യമാണ് പള്ളിയുടെ ഉൾഭാഗം കാണുന്നത്. അതിന്റെയുള്ളിൽ ബിംബങ്ങളോ പടങ്ങളോ മാരകായുധങ്ങളോ കണ്ടില്ല.
'സൈനബ നീ അകത്തേക്ക് കടക്കരുത്'.
പള്ളിയിൽ കടക്കാൻ കാലെടുത്തു വെച്ച ഉടനെ ഞാൻ കേട്ട ശബ്ദം അതായിരുന്നു. പള്ളിയുടെ ഉള്ളിലേക്ക് നോക്കി. ആരെയും കണ്ടില്ല.
'ഒരു കാര്യം പറയാനാണ് ഞാൻ വന്നത്'. ഞാൻ പറഞ്ഞു.
'പള്ളിയിൽ സ്ത്രീകൾ നമസ്കരിക്കാൻ പാടില്ലെന്ന് നിനക്കറിയൂലെ ഒഹാബി?'. അകത്ത് നിന്ന് അശരീരി ശബ്ദം.
'ഞാൻ നിസ്കരിക്കാൻ വന്നതല്ല, നിസ്കരിക്കാൻ സമയമാവുമ്പോൾ ഞാൻ പോയ്ക്കോളാം. അല്ല, ഞാനൊരു സംശയം ചോദിച്ചോട്ടെ?'.
ചോദിച്ചോളൂ എന്നദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ ചോദിച്ചു.
'ഖുറാനിൽ യാത്രക്കാരായ സ്ത്രീകൾക്ക് പള്ളിയിൽ നിസ്കരിക്കാമെന്നു എവിടെയെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ ബോർഡ്‌ ഇത്ര വർഷമായിട്ടും ഇവിടെ കണ്ടില്ല'. അവിടെകണ്ട ഒരു ബോർഡ് ചൂണ്ടി ഞാൻ ചോദിച്ചു.
'അതൊന്നും നീ പറയേണ്ട. നീ വന്ന കാര്യം പറഞ്ഞാൽ മതി'. എവിടെയോ നിന്ന് എന്നോട് സംസാരിക്കുന്ന ആ മനുഷ്യൻ പറഞ്ഞു. എന്നിട്ട് തുടർന്നു. 'ഞാൻ ചോദിക്കുന്നതിന്നു നീ ഉത്തരം പറഞ്ഞാൽ മതി'.
അശരീരി ഇത് പറഞ്ഞപ്പോൾ ഞാൻ ഭവ്യതയോടെ നിന്നു. പള്ളിയിൽ വരാൻ അടുത്ത വീട്ടിലെ സാറത്തായുടെ കയ്യിൽ നിന്നും വാങ്ങി ധരിച്ച പർധ കാറ്റത്ത് ആടാൻ തുടങ്ങി.
'നിന്നെ ഫോണ്‍ ചെയ്തു, അത് ചെയ്തു എന്നെല്ലാം പറഞ്ഞ് ഒരു പാട് പേർക്കെതിരെ നീ കേസ് കൊടുത്തിട്ടുണ്ടല്ലേ? നീ ഒരു കുറി നടത്തി കോടികൾ പലരിൽ നിന്നും പിരിച്ചു അവർക്ക് കൊടുക്കാതെ പറ്റിച്ചിട്ടുണ്ടല്ലേ? കൂടാതെ പലരേയും ബ്ലാക്ക്‌മെയിൽ ചെയ്തു പണം വാങ്ങിയിട്ടുണ്ടല്ലേ?'. അശരീയുടെ ചോദ്യശരങ്ങൾ.
എല്ലാം ശെരിയാണെന്നും ഇനി അള്ളാഹുവിനെ പേടിച്ചു നന്നായി നടക്കാൻ വേണ്ടിയാണ് പള്ളിയിൽ വന്നതെന്നും ഞാൻ പറഞ്ഞു.
'അതൊന്നുമല്ല, നീ കുറെനാൾ എല്ലാവരെയും കഷ്ടപ്പെടുത്തി? ഇപ്പോൾ നീയൊരു പ്രശ്നത്തിൽ പെട്ടു അല്ലെ?'. അശരീരി ചോദിച്ചു.
'ശെരിയാണ് അശരീരി, ഞാൻ ഒരു പാട് തെറ്റ് ചെയ്തു. കുറച്ചു ദിവസം മുമ്പ് ഇങ്ങിനെ ഒരാളെ ഞാൻ ബ്ലാക്ക്‌മെയിൽ ചെയ്തു. അയാൾ എന്റെ പേർക്കൊരു കേസ് കൊടുത്തു. അയാളെ ഞാൻ അയാളുടെ ഓഫീസിൽ പോയി സർക്കാർ രേഖകൾ നശിപ്പിച്ചെന്നും ഔദ്യോഗീകപ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ആണ് കേസ്'.  പ്രശ്നം പറഞ്ഞു.
'പൊട്ടനെ ചൊട്ടൻ ചതിച്ചാൽ ചൊട്ടനെ ദൈവം ചതിക്കും എന്നത് എത്ര ശെരിയാണ്'. അത് പറഞ്ഞ് ആ അശരീരി കൂട്ടി ചേർത്തു. 'നീ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞിരുന്ന കാര്യങ്ങൾ ബസ്‌ സ്റ്റാന്റിന്റെയും റെയിൽവേ സ്റ്റെഷന്റെയും പിന്നിൽ രാത്രിയിൽ നടന്നു മോശമായ രീതിയിൽ ശരീരം വിറ്റ് പണം വാങ്ങി കുട്ടികൾക്ക് കഞ്ഞി കൊടുക്കുന്ന സ്ത്രീകൾ പോലും ഇത് പോലെ വിളിച്ചു പറയില്ല. അവരെ വേശ്യ എന്ന് വിളിക്കുന്നത് അവർക്ക് ഇഷ്ടപ്പെടില്ല. പക്ഷെ, സൈനബ നീയും വേശ്യയാണ്‌. റോയൽ വേശ്യ'.
അശരീരി പറഞ്ഞത് ശെരിയാണ്.
ആദ്യമായി തട്ടം ഇട്ടത് കൊണ്ടാവണം,അത് കാറ്റിൽ ഇളകി പോയി. ഞാനത് ശെരിക്കെടുത്തിട്ടു.
'ഞാനാകെ പെട്ടിരിക്കുകയാണ്. അശരീരി എന്നെ രക്ഷപ്പെടുത്തണം. എത്ര പൈസ വേണമെങ്കിലും പള്ളിക്കും കുറച്ചു അശരീരിക്കും തരാം'.
എന്റെ വിഷമം ഞാൻ വീണ്ടും പറഞ്ഞു.
എന്താ, തെറ്റ് ചെയ്തിട്ട് പണം കൊടുത്താൽ ദൈവം പൊറുക്കുമോ എന്ന അശരീരിയുടെ ചോദ്യം.
നിസ്കാരത്തിന്നുള്ള സമയമായി. വാങ്ക് കൊടുത്തു. ഞാൻ മദ്രസയുടെ പിന്നിലേക്ക്‌ പോയി. അവിടെ വേറെയും സ്ത്രീകൾ ഉണ്ടായിരുന്നു. അസുഖത്തിന്ന് മന്തിരിച്ചൂതാൻ, ദുഅ ഇരക്കാൻ തുടങ്ങിയവയ്ക്ക് വന്നവരും അക്കൂട്ടത്തിലുണ്ട്.
നിസ്കാരം കഴിഞ്ഞു എല്ലാവരും പോയപ്പോൾ ഞാൻ വീണ്ടും പള്ളിയിലേക്ക് പോയി.
'സൈനബാ നീ പോയില്ലേ?'. അശരീരി എന്നെ വീണ്ടും കണ്ടപ്പോൾ ചോദിച്ചു.
എന്റെ പ്രശ്നത്തിന്നൊരു പരിഹാരം അറിഞ്ഞിട്ട് പോകാമെന്ന് കരുതിയാണ് ഞാൻ രണ്ടാമതും വന്നതെന്ന് പറഞ്ഞു. എനിക്ക് ആ അശരീരിയെ കണ്ടാൽ കൊള്ളാമേന്നുണ്ട്. കാണാൻ കഴിയുന്നില്ല. ഭയം എനിക്ക് കുറേശെ വന്നുതുടങ്ങി. മുസലിയാരെയും കാണാനില്ല. ഞാൻ പള്ളിയുടെ പുറത്തുള്ള റോഡിലേക്ക് നോക്കി. അവിടെ പല ഗ്രൂപ്പുകളുടേയും ഒരുപാട് ബോർഡുകൾ. പള്ളിയുടെ ഉള്ളിൽ മിമ്പറിന്റെ രണ്ടു ഭാഗത്തായി രണ്ടു ക്ലോക്കുകൾ. രണ്ടിലും ഒരേ സമയം. പിന്നെയെന്തിനാണ് രണ്ടു ക്ലോക്കുകൾ?
'സൈനബാ, നീ ഗൾഫിൽ ആയിരുന്നെങ്കിൽ ഇതിനകം വധശിക്ഷതന്നെ ലഭിച്ചേനെ. ഇവിടെയായത് നന്നായി. എല്ലാത്തിന്നും ജാതി കാണുന്ന നിന്റെ കാര്യം വന്നപ്പോൾ ജാതിസംഘടനകളും മഹിളാസംഘടനകളും ഒന്നും രംഗത്ത് വന്നില്ല അല്ലെ?'
എനിക്കാകെ ഭയമായി. ദൈവത്തിന്റെ കോടതിയിൽ ഞാൻ കുറ്റക്കാരിയാണല്ലോ എന്ന ഭയം.
'എന്നെ രക്ഷിക്കൂ രക്ഷിക്കൂ അശരീരി'. ഞാൻ ഉറക്കെ കരയാൻ തുടങ്ങി.
'ഇക്കയെന്താണ് രക്ഷിക്കാൻ പറയുന്നത്?' എന്റെ ഭാര്യയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ സ്വപ്നം കണ്ടതാണെന്ന വിവരം പറഞ്ഞു. ആ സ്വപ്നം എന്താണെന്ന് കേൾക്കെണമെന്ന അവളുടെ ആഗ്രഹം ഞാൻ നിറവേറ്റി. ഇത് കൊള്ളാമല്ലോ ഇതൊരു കഥയാക്കി എഴുതിക്കൂടെയെന്ന അവളുടെ ആഗ്രഹം എനിക്കിഷ്ടപ്പെട്ടു. 'ഇക്കാടെ എല്ലാ കഥകളുടേയും പേരിന്റെ അവസാനം 'അം' എന്നാണല്ലോ. ഈ കഥയ്ക്ക് മാപ്പർഹിക്കാത്ത കുറ്റം എന്ന് പേരിട്ടാൽ മതി'.
അവൾക്കും സാഹിത്യവാസനയൊക്കെയായല്ലോ എന്ന് ഞാനാലോചിച്ചു. അല്ലെങ്കിലും മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിന്നുമുണ്ടാ സൌരഭ്യം എന്നാണല്ലോ.
ഇനി ഈ സ്വപ്നം ഒരു കഥയായി എഴുതണം. അവൾ നിർദേശിച്ച പേരും കൊടുക്കണം.
----------------------------------------------------
മേമ്പൊടി:
1. താൻതാൻ ചെയ്തോരബദ്ധം താൻതാനനുഭവിച്ചെ തീരൂ
2. ഇല മുള്ളിന്മേൽ വീണാലും മുള്ള് ഇലയിൽ വീണാലും കേടു മുള്ളിന്നാണ്
3. നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപണം തീർത്തുകൊള്ളും