Tuesday 14 February 2017

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)



തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)
***************************
അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ എഴുപത്തഞ്ചു വയസ്സായ കുഞ്ഞാലൻ ഹാജി കാറിൽ യാത്ര ചെയ്യുകയാണ്. ഏഴു വിവാഹം കഴിക്കുകയും അതിൽ നാലെണ്ണതിനെ മൊഴി ചൊല്ലുകയും ചെയ്തു. ഹാജിയാർക്ക് ഡ്രൈവർ മാത്രമല്ല, സന്തതസഹചാരിയും എല്ലാം എല്ലാമാണ് ഡ്രൈവർ കാസിം. ഒരുദിവസം ഉൾനാടൻ ഗ്രാമങ്ങളിലൂടെ പോകുമ്പോളാണ് കാറിൽ നിന്നും ഒരു ശബ്ദം ഹാജിയാർ കേട്ടത്. ഹാജിയാർ കാസ്സിമിനോട് അത് ചോദിക്കുകയും ചെയ്തു 'എന്താണ് ഒരു ശബ്ദം കേട്ടത്?' എന്ന്.
'അത് ഞാൻ ഗിയർ മാറ്റിയതാ' എന്ന കാസിമിന്റെ മറുപടി കേട്ടപ്പോൾ കാറിനെ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത ഹാജിയാർ പറഞ്ഞത് 'ഞാനുള്ളപ്പോൾ നീ ഇതൊക്കെ മാറ്റും അല്ലെ? ഇക്കണക്കിന്നു ഞാനില്ലാത്തപ്പോൾ എന്തൊക്കെ നീ മാറ്റുന്നുണ്ടാവും' എന്നാണു. കാസിം ഹാജിയാരോട് വിവരം പറഞ്ഞു മനസ്സിലാക്കി.
1960 കാലഘട്ടത്തില്‍ ഇത്രയൊക്കെ അറിവല്ലേ അന്നുല്ലവര്‍ക്കുള്ളൂ.
കാർ കുറച്ചു ദൂരം ഓടിയപ്പോൾ പെട്ടെന്ന് നിന്നു. ഹാജിയാർ അതിന്റെ കാരണം അന്വേഷിച്ചു. കാറിന്റെ ബോണെറ്റ് തുറന്നു നോക്കിയിട്ട് കാസിം പറഞ്ഞു 'ഹാജിയാരെ റേഡിയെട്ടറിൽ വെള്ളം ഇല്ല'.
കാസിം വെള്ളം എടുക്കാൻ അടുത്ത വീട്ടിലേക്കു പോയി. ഹാജിയാർ പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. എല്ലാം ഓലമേഞ്ഞ കുടിലുകൾ. ആ കുടിലുകളിൽ ഒന്നിന്റെ മുമ്പിൽ ഒരു പതിമൂന്ന് പതിനാലു വയസ്സായ പാവാടയും ബ്ലൗസും ഇട്ട ഒരു പെണ്‍കുട്ടി മാങ്ങ ചാടി പൊട്ടിക്കുന്നു. അവളുടെ ചാട്ടവും അവളേയും ഹാജിയാർക്ക് 'ക്ഷ' പിടിച്ചു.
വെള്ളവും കൊണ്ട് വരുന്ന കാസിം, ഹാജിയാരുടെ നോട്ടം കണ്ടപ്പോൾ വീണ്ടു തിരിച്ചു പോയി ആ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ചു. തിരിച്ചു കാറിന്നടുത്തെത്തിയപ്പോൾ ആ പെണ്‍കുട്ടിയെ പറ്റി കാസിമിനൊദു അന്വേഷിച്ചു. 'ഹാജിയാർ ഇത് ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു പോയി എല്ലാം അന്വേഷിച്ചു. ആ കുട്ടിയുടെ ഉപ്പ ഒരു കൂലിപ്പണിക്കാരനാണ്. ഇപ്പോൾ വീട്ടിൽ ഇല്ല. അവൾക്കു താഴെ മൂന്നു പെണ്‍കുട്ടികളുണ്ട്.' എന്ന മറുപടി കേട്ടപ്പോൾ ഹാജിയാരുടെ ചുണ്ടിൽ നിന്നും ഒരു ചെറിയ ചിരി വിടർന്നു.
'നീ പോയി ആ കുട്ടിയുടെ ഉപ്പ വന്നാൽ എന്റെ വീട്ടിൽ വരാൻ പറ'.
ഹാജിയാരുടെ നിർദേശം കാസിം നടപ്പാക്കി. കാർ സ്റ്റാർട്ട്‌ ചെയ്തു അവർ പോയി.
ആ പെണ്‍കുട്ടിയുടെ ഉപ്പ കരീം, ഹാജിയാരുടെ വീട്ടിൽ എത്തി. വിളിപ്പിച്ച വിവരം എന്താണെന്നറിയാതെ കരീം വിഷമിക്കുന്നുണ്ടായിരുന്നു. കരീമിനോട് ഇരിക്കാൻ ഹാജിയാർ പറഞ്ഞു. മുപ്പത്തഞ്ചു വയസ്സ് പ്രായക്കൂടുതലുള്ള ഹാജിയാരുടെ മുന്നിൽ ഇരിക്കാൻ കരീമിന് ഒരു വിഷമം. നിർബന്ധിച്ചപ്പോൾ കരീം സോഫയിൽ ഇരുന്നു. ഹാജിയാർ കരീമിനെ നന്നായി സൽകരിച്ചു. ഒടുവിൽ മുഖവുരയോന്നുമില്ലാതെ കാസിമാണ് പറഞ്ഞു. 'ഹാജിയാർക്ക് കരീമിന്റെ മകളെ നികാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്'
കുറച്ചു നേരത്തേക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു കരീമിന്ന്. ഒന്നും മറുപടി പറയാതായപ്പോൾ കാസിം കരീമിനോട് പറഞ്ഞു 'ഇഷ്ടമില്ലെങ്കിൽ വേണ്ട'.
'എനിക്ക് പെരുത്ത്‌ ഇഷ്ടമാ, പക്ഷെ.....'അത് പറഞ്ഞു കരീം നിറുത്തി.
'എന്താ പ്രശ്നം?' എന്ന കാസിമിന്റെ ചോദ്യത്തിന്നു തന്റെ കയ്യിൽ സ്ത്രീധനം ഒന്നും തരാനില്ല എന്ന് മാത്രമാണ് കരീം മറുപടി പറഞ്ഞത്.
'അതിന്നു ഞങ്ങൾ സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ? ഞങ്ങൾ നികാഹിന്റെ തലേദിവസം ഒരു നൂറ് പവൻ പണ്ടം അങ്ങോട്ട്‌ കൊടുത്തയക്കും. കല്യാണം വേണ്ട. നികാഹ് മതി.' ഹാജിയാരാണ്‌ അതിന്നു മറുപടി പറഞ്ഞത്. എന്നിട്ട് ഹാജിയാർ കൂട്ടിചേർത്തു 'ആലോചിച്ചു പറഞ്ഞാൽ മതി'.
വീട്ടിൽ ആലോചിച്ചിട്ട് പറയാമെന്നു കരീം പറഞ്ഞു.
ഈ സന്തോഷവാർത്ത വീട്ടിൽ പറയുക തന്നെ. കരീം സന്തോഷം കൊണ്ട് വീട്ടിലേക്കു പോയി.
ഈ സംസാരം വീടിന്റെ ഉള്ളിൽ നിന്നും ഇപ്പോഴുള്ള മൂന്നു ഭാര്യമാരും കേൾക്കുന്നുണ്ടായിരുന്നു. അവർക്ക് ഒന്നും പറയാൻ പറ്റില്ല. അവരും ഇത്തരത്തിൽ വന്നവരാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ സാമൂഹ്യപ്രവർത്തകനായ ജബ്ബാർ, ഹാജിയാരുടെ വീട്ടിൽ വന്നു.
'നിന്നോട് ഒരു സന്തോഷവർത്തമാനം പറയാനുണ്ട്. ഇപ്പോൾ തീരുമാനം എടുത്തുള്ളൂ. അതിനു ശേഷം നീയാണ് ആദ്യം വരുന്നത്'. വന്ന പാടെ ഹാജിയാർ പറഞ്ഞു.
'എന്താണ് ഹാജിയാരെ സന്തോഷവർത്തമാനം?' ജബ്ബാർ അന്വേഷിച്ചു.
'എന്റെ നിക്കാഹ് ഉറപ്പിച്ചു' സന്തോഷത്തോടെ ഹാജിയാർ പറഞ്ഞു
'ഇത് എത്രാമത്തെ നികാഹാണ് ?' ജബ്ബാറിന്റെ ചോദ്യം
'എട്ടാമത്തെ. അതിൽ അഞ്ചെണ്ണത്തിനെ ഞാൻ മൊഴി ചൊല്ലിയല്ലോ?'
ഏതാ പുതിയ മണവാട്ടി എന്ന ചോദ്യത്തിന്നു കാസിം ആണ് മറുപടി കൊടുത്തത് 'നമ്മുടെ മൂന്നു സെന്റിൽ താമസിക്കുന്ന കരീമിന്റെ മകൾ ഒരു ഹൂറിയുണ്ട്. അവളാണ്'
'അത് തെറ്റല്ലേ ഹാജിയാരെ?' ജബ്ബാറിന്റെ സംശയം.
'എന്ത് തെറ്റ്?' മറുപടി പറഞ്ഞത് കാസിമായിരുന്നു.
'ഹാജിയാരേക്കാളും എത്രയോ വയസ്സ് കുറവാണ് കരീംക്കാക്ക്. അത് കൂടാതെ ഇങ്ങിനെ ഇടക്കിടെ പെണ്ണ് കെട്ടുന്നത് ഇസ്ലാം മതത്തിൽ തെറ്റല്ലേ?'
'എന്ത് തെറ്റ്? നാല്പതു വരെ കല്യാണം കഴിക്കാമെന്നും ഒരേ സമയം നാല് ഭാര്യമാർ വരെ ആകുന്നതിന്നും വിരോധമില്ലെന്നും ഇസ്ലാം പറയുന്നുണ്ട്'
'അത് പ്രത്യേക സന്ദർഭങ്ങളിലാണ്. അല്ലാതെ കയ്യിൽ കാശുണ്ടെന്നു കരുതി എത്രയും കെട്ടാമെന്നല്ല. ഇവിടെ കാർ പാർക്ക് ചെയ്യാം എന്ന ഒരു ബോർഡ് കണ്ടാൽ അവിടെ കാർ പാർക്ക്‌ ചെയ്യണമെന്നു നിർബന്ധമുണ്ടോ? അത് പോലെയാണ് ഇതും'
'എടാ ജബ്ബാറേ നീ ഹജ്ജിന്നു പോയിട്ടുണ്ടോ?' കുറച്ചു രോക്ഷത്ത്തോടെ ഹാജിയാര്‍ ചോദിച്ചു.
'ഇല്ല'
'അതാണ്‌ നിനക്ക് വിവരമില്ലാത്തത്. എന്റെ കയ്യിൽ ഒരു പാട് പൈസ ഉള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്‌. അത് കൊണ്ട് എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത് എന്നറിയോ നിനക്ക്?' ഹാജിയാര്‍ തന്റെ നയം വ്യക്തമാക്കി.
'ആ പൈസ കൊണ്ട് ചെറുപ്പക്കാരികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ചെറുപ്പക്കാർക്ക് ഹാജിയാരുടെ ചിലവിൽ കല്യാണം നടത്തി കൊടുക്കണം. അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. എന്നിട്ട് അവർക്ക് ജീവിക്കാനുള്ള തൊഴിലിനോ കച്ചവടത്തിന്നോ ഹാജിയാർ പണം കൊടുക്കണം'. ശെരിയായ വിവരം ജബ്ബാര്‍ പറഞ്ഞു.
'അതൊന്നും എന്നോട് പറയണ്ട'. ഹാജിയാര്‍ അല്ലെങ്കിലും അങ്ങിനെയാണ്.
'ഇതാണ് പ്രശ്നം. ഇന്ന് മുസ്ലിമീങ്ങളിൽ ചിലർ നടത്തുന്ന ബഹുഭാര്യതവും മൊഴി ചൊല്ലലും കാണുമ്പോൾ മറ്റുള്ള മതക്കാർ നമ്മെ ആ കാഴ്ച്ചപാടിലല്ലേ കാണൂ. ഇതാണ് ഇസ്ലാം മതം എന്ന് കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ?'. ജബ്ബാര്‍ വിടാന്‍ ഭാവമില്ല.
കരീം വീട്ടിൽ വന്നു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. വിവരം അറിഞ്ഞ കരീമിന്റെ മകൾ സീന കരച്ചിലോട് കരച്ചിൽ.
'ഉമ്മാ, ഉപ്പാട് എന്നെ ആ ഹാജിയാർക്ക് കെട്ടിച്ചു കൊടുക്കരുതെന്ന് പറ'. കരഞ്ഞു കൊണ്ട് ഉമ്മാട് സീന പറഞ്ഞു.
'മോളെ ഞാനെങ്ങിനാ അത് പറയ. ഉപ്പാടെ സ്വഭാവം മോൾക്ക്‌ അറിയൂലെ? നമ്മളെ ഉപ്പ കൊന്നു കളയും'. ഉമ്മ അവരുടെ നിസ്സാഹായാവസ്ഥ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാറും കരീമിന്റെ വീട്ടിൽ എത്തി. അവിടെയും ഈ സംഭവം തെറ്റാണെന്ന് കരീമിനെ പറഞ്ഞു മനസ്സിലാക്കി.
'മോനെ ജബ്ബാറേ എനിക്കിതറിയാണ്ടല്ല. പണമില്ലാത്തവരുടെ പ്രശ്നമാണിത്'. കരീംക്ക തന്റെ നിസ്സഹയാവസ്ഥ പറഞ്ഞു
'സ്ത്രീധനത്തിന്റെ വിഷയമാണോ? എങ്കിൽ അതില്ലാതെ കല്യാണം കഴിക്കാവുന്ന ഒരു പാട് ചെറുപ്പക്കാർ ഇന്നുണ്ട്'. ജബ്ബാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കരീം ഇങ്ങിനെയാണ്‌ ചോദിച്ചത്.
'നീ ഒരാളെ പറ'
'ഒരു പാട് ആളുണ്ട്, എന്റെ ഉപ്പ സമ്മതിക്കുകയാണെങ്കിൽ ഞാനുമുണ്ട്. ഉപ്പയും ഈ സ്ത്രീധനതിന്നു എതിരാണ്'
ആ ചെറുപ്പക്കാരന്റെ ധീരമായ. ഉപ്പാനെ ബഹുമാനിക്കുന്ന അഭിപ്രായം കേട്ടപ്പോൾ കരീമിന്നും ഭാര്യക്കും മകൾക്കും ഇഷ്ടമായി.'
'പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് കോടാനുകോടി രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ ഇല്ല. ഒരു ചെറിയ കട മാത്രം.' ജബ്ബാര്‍ എല്ലാം തുറന്നു പറഞ്ഞു.
ആ കോടിയെക്കാൾ വിലമതിക്കുന്ന ഒരു മനസ്സുണ്ടല്ലോ എന്ന് പറയാൻ തോന്നിയിട്ടുണ്ടാവും അകത്തുള്ള കരീമിന്റെ മകൾക്ക്.
ജബ്ബാറിന്റെ ഉപ്പാക്ക് ഈ കല്യാണം ആയിരം വട്ടം സമ്മതമായിരുന്നു.
കല്ല്യാണം ക്ഷണിക്കാന്‍ ജബ്ബാറിന്റെ ഉപ്പയാണ് ഹാജിയാരുടെ വീട്ടിലേക്ക് പോയത്.
ഹാജി അദ്ധേഹത്തെ സ്വീകരിച്ചിട്ടു പറഞ്ഞു 'എന്റെ കണ്ണ് തുറപ്പിച്ചത് ജബ്ബാറാണ്. നമ്മുടെ മുസ്ലീങ്ങളിൽ ചിലർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഇസ്ലാമിൽപെട്ടതല്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി'
----------------------------------------------------
മേമ്പൊടി:
ഇസ്ലാമിനെ പറ്റി അറിയാത്തവരെ, ഇസ്ലാം നാമധാരികളിൽ ചിലർ ചെയ്യുന്നതല്ല യഥാര്ത ഇസ്ലാം. എളുപ്പവഴിക്ക് ക്രിയ ചെയ്യാനാണ് എല്ലാവരുടേയും താല്പര്യം.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Saturday 4 February 2017

1970ലെ ഗൾഫിനെ ഓർക്കാം (അനുഭവം)



1970ലെ ഗൾഫിനെ ഓർക്കാം (അനുഭവം)
---------------------------
ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പതിൽ (1969) ആണ് ഞാൻ പത്തേമാരിയിൽ അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക് പോയത് എന്ന് പലവട്ടം എഴുതിയിട്ടുണ്ടല്ലോ? ഗൾഫിന്റെ ശൈശവം, ബാല്യം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആമുഖമായി ഒരു കാര്യം ഞാൻ എഴുതട്ടെ. ബെന്യാമിൻ എഴുതിയ ആടുജീവിതം പോലെ ഒരു നോവൽ എഴുതാൻ സ്വപ്നത്തിൽ പോലും എനിക്കാവുകയില്ല. അത് പോലെ പത്തേമാരി സിനിമയിൽ മമ്മുട്ടി അഭിനയിച്ച പോലെ അഭിനയിക്കാൻ ഈ ജന്മത്തിൽ എന്നെക്കൊണ്ടാവില്ല. പക്ഷെ.. അതൊരു വലിയ പക്ഷെയാണ്. ഞാൻ ജീവിച്ച ഗള്‍ഫ്‌ ജീവിതം ജീവിക്കാൻ മമ്മുട്ടിക്കോ ബെന്യാമിനോ കഴിയില്ല.ഞാൻ എന്റെ ഗൾഫ് ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്ന് ഒരു ഏടാണ് ഇപ്പോൾ എഴുതുന്നത്. പിന്നീട് ദൈവം അനുഗ്രഹിച്ചാൽ കുറേശ്ശേയായി എഴുതാം.
ആദ്യം പത്തേമാരി ഇറങ്ങിയത് ഫുജൈറക്കടുത്തുള്ള ഖോർഫുക്കാനിൽ ആണ്. എന്റെ ഗൾഫ് ജീവിതം ആരംഭിക്കുന്നത് ദുബായിൽ ആണ്. അവിടെ മൂന്നു വർഷത്തോളം ജോലി ചെയ്തു വിസ സമ്പാദിച്ചു തിരിച്ചു കപ്പലിൽ നാട്ടിലേക്ക് വന്നു. തിരിച്ചു കപ്പലില്‍ തന്നെ  ദുബായില്‍ വന്നു നേരെ അബൂദാബിയിലെത്തി. അബുദാബിയിലെ എന്റെ ജീവിതം ആരംഭിക്കുന്നത് മദീനസായദിൽ ആണ്. അന്നത്തെ മദീനസായിദിന്റെ രൂപം ഇന്നുള്ളവർക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. ഖലീഫ സ്ട്രീറ്റ് (എലക്ട്ര റോഡ്), സലാം സ്ട്രീറ്റ്, ജവാസാത്ത് റോഡ് (പാസ്പോര്ട്ട് റോഡ്), ഓൾഡ് എയർപോർട്ട് റോഡ് - ഇങ്ങിനെ നാലതിരുകൾക്കുള്ളിലുള്ള മദീന സായദിന്റെ ഉള്ളിൽ അന്നൊന്നും (1970കളിൽ) ഒരു ടാർ ഇട്ട റോഡ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് ചെങ്കല്ലുപൊടി കൊണ്ട് റോഡ് ഉണ്ടാക്കി. അത് കുറച്ചു ഉയർത്തി നിർമിച്ചത് കൊണ്ട് ചുറ്റുമുള്ള വീടുകളുടെ കോമ്പൗണ്ടുകളും റൂമുകളും താഴെയായി. മഴ പെയ്താൽ വെള്ളവും, എന്തിനേറെ കക്കൂസിലെ ടാങ്ക് വെള്ളവും റൂമിലും കോമ്പൗണ്ടിലും നിറയും. കാരണം അന്നൊന്നും ഡ്രെയ്നേജ് സിസ്റ്റം ആയിട്ടില്ല. ഒരു നില മാത്രമുള്ള വീടുകളായിരുന്നു അന്നൊക്കെ മദീനാസായദിൽ ഉണ്ടായിരുന്നത്. മിക്കതിന്റെയും മേൽക്കൂര അലൂമിനിയം ഷീറ്റ് ആയിരുന്നു. ആ ഒരു നില വീടുകളിലെ മുകളിലെ വാട്ടർ ടാങ്ക് ഇരുമ്പിന്റെ ആയിരുന്നു. അതിലേക്കു പോലും ലൈൻ വെള്ളം മോട്ടോർ വെച്ച് അടിച്ചു കേറ്റണമായിരുന്നു. പവ്വർകട്ട് ഉണ്ടായിരുന്നു. രാത്രിയിൽ പവ്വർകട്ട് ഉണ്ടാവുമ്പോൾ പായയും കൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി കിടക്കും. ഇന്നത്തെ കോര്‍ണീഷ് അന്നുണ്ടായിരുന്നില്ല.
ഇവിടെയാണ് എന്റെ ബേച്ചിലർ ജീവിതം. ഞാനന്ന് M70 ഹോണ്ട മോട്ടോർ സൈക്കിൾ വാങ്ങി. ഇന്നത്തെ M80 പോലെ. അതിനു മുമ്പ് എനിക്ക് സൈക്കിൾ ആണ് ഉണ്ടായിരുന്നത്. ആ മോട്ടോർ സൈക്കിളിൽ പലവട്ടം ഞാൻ അബുദാബിയിൽ നിന്ന് ദുബായിക്ക് പോയിട്ടുണ്ട്. അന്നൊക്കെ ദുബായ് അബുദാബി റോഡ് സിംഗിൾ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴി, നമ്മുടെ നാട്ടിലെ പോലെ. എനിക്ക് തോന്നുന്നത് അന്ന് മുതൽ ഇന്ന് വരെ എന്നെ പോലെ വളരെ പ്രാവശ്യം ദുബായ് അബുദാബി റോഡിലൂടെ മോട്ടോർ സൈക്കിളിൽ പോയ ആരുമുണ്ടാവില്ല എന്നാണ്.
അതിന് ശേഷം 1974 നവംബർ 17ന്ന് എന്റെ വിവാഹം കഴിഞ്ഞു അബൂദാബിയില്‍ തിരിച്ചെത്തി. മാസങ്ങൾക്ക് ശേഷം നാട്ടിൽ പോയി ഭാര്യയെ ഞാൻ അബുദാബിയിലേക്ക് കൊണ്ട് വന്നു. താമസം ഖാലിദിയ ഭാഗത്തേക്ക് മാറി. രണ്ടു മുറിയും ഒരു അടുക്കളയുമുള്ള മുകളിൽ അലൂമിനിയം ഷീറ്റ് വിരിച്ച ഒരു വില്ല. ഒരു റൂമിൽ മറ്റൊരു ഫാമിലി. ഞങ്ങളുടെ സിറ്റിംഗ് റൂം, ഡൈനിങ്ങ് റൂം, ബെഡ്‌റൂം, എല്ലാം ഈ ഒരു റൂമില്‍. താഴെ ഡിനോലിയ വിരിച്ചു. മഴ പെയ്തപ്പോൾ വെള്ളം മുഴുവന്‍ റൂമില്‍. അത് കളയാന്‍ കുറെ ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ഞങ്ങള്‍ റൂമില്‍ നടക്കുന്ന വഴിയില്‍ ഹോളോ ബ്രിക്സ് വെച്ച്. അതിന്റെ മുകളിലൂടെ റൂമില്‍ നടക്കും. ഭാര്യക്കാണെങ്കില്‍ തണുപ്പ് കാലത്ത് കാല്കോച്ചിവലിക്കും. അന്നൊരു ദിവസം ഭയങ്കര കാറ്റ് വീശി. മുകളിലെ ഷീറ്റില്‍ ചിലത് പറന്നു പോയി. ഞങ്ങള്‍ പരസ്പരം ദു:ഖം കടിച്ചമർത്തും. എന്നിട്ട് ചോദിക്കും. നമ്മൾ എത്ര ദു::ഖിക്കുന്നു എന്ന്. കണ്ണീരു പുറത്ത് വരാതെ ഞങ്ങൾ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്, അന്നൊക്കെ.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭാര്യയെ അബൂദാബിക്ക് കൊണ്ട് വരാൻ ടിക്കെറ്റും വിസയും അയച്ചു. തൃശ്ശൂർ ടൌണ്‍ പോലും വിവാഹത്തിന്നു മുമ്പ് കണ്ടിട്ടില്ലാത്ത എന്റെ ഭാര്യക്ക് ബോംബെ വഴി ഫ്ലൈറ്റ് മാറികേറി അബുദാബിക്ക് വരാൻ ഒട്ടും ധൈര്യമില്ല. അന്നൊന്നും അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ഞാൻ വന്ന് ഭാര്യയെ കൊണ്ട് വരുന്ന സാമ്പത്തിക നഷ്ടം തുടങ്ങി പലതും ഉപ്പാട് പറയാൻ ഫോണ്‍ ട്രങ്ക് ബുക്ക്‌ ചെയ്തു. അന്നൊക്കെ ഫോണ്‍ ലൈൻ പോയിരുന്നത് അബുദാബി - ബോംബെ (കടലിന്നടിയിലൂടെയുള്ള കേബിൾ), ബോംബെ-മദ്രാസ്‌-എറണാകുളം (റെയിൽപാളതിന്നടുത്തുകൂടെയുള്ള പോസ്റ്റിലൂടെയുള്ള കമ്പി), എറണാകുളം-ഇരിഞ്ഞാലക്കുട-കാട്ടൂർ (റോഡ്‌ സൈഡിലൂടെയുള്ള ലൈൻ). ഇതിനിടെ എവിടെയെങ്കിലും മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ ട്രങ്ക് വീണ്ടും ബുക്ക്‌ ചെയ്യണം. മൂന്നു ദിവസത്തെ കാത്തിരിപ്പിന്നോടുവിൽ ഉപ്പാടെ റേഷൻ കടക്ക് സമീപമുള്ള കാട്ടൂർ പഞ്ചായത്തിലേക്ക് ലൈൻ കിട്ടി. അന്നൊക്കെ പേർഷ്യയിൽ നിന്നും ഫോണിലൂടെ വളരെ ഉറക്കെ സംസാരിച്ചാലേ മനസ്സിലാക്കാൻ പറ്റൂ. ഞങ്ങളുടെ പഴയ ജീവിതം നിന്നുള്ളവർ കണ്ടു പഠിക്കണം എന്ന് ഞാൻ എഴുതുകയില്ല. കാരണം, ഈ ഞാൻ തന്നെ എത്രയോ മാറി.
അന്നൊക്കെ ദിവസങ്ങൾ കാത്ത് ടെലിഫോൺ വിളിച്ചിരുന്ന എനിക്കും ഇന്നുള്ളവർക്കും നേരിട്ട് കണ്ടു സംസാരിക്കാനുള്ള സൗകര്യം ഉണ്ടായപ്പോൾ വിളിച്ചാൽ നാട്ടിലുള്ളവരുടെ ഫോൺ എൻഗേജ് ആയാൽ ക്ഷമയില്ല. ഷെരീഫേ, നീ മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് നീ തന്നെ പഴയ ഷെരീഫിനെ ഓർക്കൂ എന്ന് ഞാൻ എന്നോട് പറയുന്നു. കഴിഞ്ഞില്ല, ദുബായ് എയർപോർട്ടിൽ നിന്ന് രാത്രി 2 മണിയോടെ തായ്‌വാനിലേക്കു പോയ ചൈന എയർലൈൻസ് 10 മണിക്കൂർ നോൺ സ്റ്റോപ്പ് ആയി പറന്ന് തായ്പേയ് എയർപോർട്ടിൽ അവിടെത്തെ സമയം വൈകീട്ട് 4ന്നു എത്തുന്നത് വരെ ക്ഷമിച്ചിരിക്കാൻ, അബുദാബിയിൽ നിന്ന് ഫ്രാൻസിലേക്കും ജർമനിയിലേക്കും ലണ്ടനിലേക്കുമൊക്കെ ഇത് പോലെ ക്ഷമിച്ചു പ്ലൈനിൽ ഇരിക്കാൻ അന്നത്തെ ഷെരീഫിന് കഴിഞ്ഞു. എന്നാൽ ഇന്നത്തെ ഷെരീഫോ, മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്ന് സൗദിയിലേക്കും മറ്റൊരവസരത്തിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്കും പോകുന്ന ഫ്ലെയ്റ്റ് ഒമാനിലോ ദുബായിലോ രണ്ടു മണിക്കൂർ വെയിറ്റ് ചെയ്ത് മാറിക്കെറിയാൽ ഒരു പാട് രൂപ ടിക്കറ്റിന് കുറവുണ്ടെന്നറിഞ്ഞിട്ടും അതിന് ക്ഷമിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കൂടുതൽ പണം കൊടുത്ത് ഡയറക്റ്റ് ഫ്ളെയറ്റിൽ യാത്ര ചെയ്ത ഇന്നത്തെ ഷെരീഫ് ആയ ഞാനാണ് അന്നത്തെ ഷെരീഫിനെ ആദ്യമായി പഠിക്കേണ്ടത്.
അന്ന് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ എന്റെ കയ്യിൽ ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാൻ മദീനസായെദിൽ നിന്ന് ബൈക്കിൽ ഓൾഡ് എയർപോർട്ടിൽ കടന്ന ഉടനെ പോലീസ് കൈ കാണിച്ചു. അന്ന് ഞാൻ മാഹിയറബിയിൽ (മലയാളം, ഹിന്ദി, അറബി) കരഞ്ഞു കാര്യം പറഞ്ഞു. മമ്മുട്ടിയേക്കാൾ നന്നായി അഭിനയിച്ചു. പോലീസ് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അതിന് ശേഷം ഞാൻ ജോലി ചെയ്തിരുന്ന അഥാഫർ ഷോപ്പിന്റെ പിന്നിലുള്ള തുറസ്സായ സ്ഥലത്ത് മുൽക്കിയ (രെജിസ്ട്രേഷൻ കാർഡ്) പോലുമില്ലാത്ത ഒരു പഴയ ലാൻഡ് റോവർ വണ്ടി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു പഠിച്ചു. ഇതിൽ ഏറ്റവും രസാവഹമായ ഒരു കാര്യമുണ്ട്. ആ ലാൻഡ് റോവർ ജീപ്പിൽ പ്ലൈവുഡ് കയറ്റി ലൈസൻസ് ഇല്ലാത്ത ഞാൻ ബുത്തീനിലുള്ള പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുത്തു. കാലം മാറി പിന്നീട് ഷെയ്ഖിന്റെ മേനേജർ ആയിട്ട് പോലും ലൈസൻസ് പേഴ്സിൽ ഉണ്ട് എന്ന് ഉറപ്പാക്കിയിട്ടേ ഞാൻ മറ്റു എമിറേറ്റുകളിലേക്കു വണ്ടി ഓടിച്ചു പോകാറുള്ളൂ. അബൂദാബി എയർപോർട്ടിന്റെ ഉള്ളിലേക്ക് മാത്രമല്ല, UAEയുടെ മറ്റു എയർപോർട്ടിന്റെ ഉള്ളിൽ കടക്കാനുള്ള പാസ്സ് എനിക്കുണ്ടായിട്ടു പോലും ഞാൻ ലൈസൻസ് കയ്യിൽ വെക്കാതെ വണ്ടി ഓടിക്കാറില്ല. അത് പോലെ ഒരുപാടൊരുപാട് കിലോമീറ്റെർ ഗൾഫിൽ എല്ലായിടത്തേക്കും ഡ്രൈവ് ചെയ്തിട്ടുള്ള ഞാൻ (വണ്ടിയും പെട്രോളും ഫ്രീ കിട്ടുന്നു) അബുദാബിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ എയര്‍പോര്‍ട്ടിലേക്കു പോകുമ്പോൾ ഞാൻ വണ്ടി ഓടിക്കാറില്ല. എന്തോ ഒരു പേടി. എന്നാൽ തിരിച്ചു അബുദാബിയിലേക്ക് വന്നാൽ എയർപോർട്ടിൽ നിന്നും സ്വയം വണ്ടി ഓടിക്കും. എന്നാൽ ഞാൻ ലണ്ടനിൽ ലൈസൻസ് ഇല്ലാഞ്ഞിട്ടും ഒരു പാട് ദൂരം കാർ ഓടിച്ചിട്ടുണ്ട്. ലണ്ടനിൽ ഇന്ത്യയിലെ പോലെ ലെഫ്റ്റ് ഹെൻഡ് ഡ്രൈവിംഗ് ആണ്.
ഇന്ന് ഗള്‍ഫില്‍ നല്ല തണുപ്പാണെന്ന് അറിഞ്ഞു. ആ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഞങ്ങള്‍ പണ്ട് ഗള്‍ഫിലുള്ളപ്പോള്‍ തണുപ്പ് സഹിക്കാതെ വന്നപ്പോള്‍ മൂന്നു റിയാലിന്റെ ഒരു സ്വെറ്റര്‍ വാങ്ങാന്‍ കഴിയാതെ വന്ന എന്റെ വിഷമം ഞാന്‍ ആലോചിക്കുന്നു. ഷൂ വാങ്ങാന്‍ പണമില്ലാത്ത ഞാന്‍ സോക്സ്‌ ഇട്ടു അതിന്റെ മുകളില്‍ ചെരുപ്പ് ധരിച്ചു ജോലിക്കും മറ്റും പോയിട്ടുണ്ട്. പത്തു അണ (അതായത് 60 ഫില്‍‌സ്) കൊടുക്കണം മലയാളി ചോറിന്. അവിടെയും പണമില്ലാത്തത് കൊണ്ട് ഞാന്‍ പൊറോട്ടയില്‍ പഞ്ചസാരയിട്ട് കഴിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിലെ പാരീസിലെ ജോര്‍ജ് സാങ്ക് ഹോട്ടെലില്‍ താമസിക്കുമ്പോള്‍ (അവിടെ ഒരു ദിവസം താമസത്തിനും ഭക്ഷണത്തിനും കൂടി അന്നത്തെ നിരക്കില്‍ ഇന്ത്യയിലെ എണ്‍പതിനായിരം രൂപ വരും, ബില്ല് അടക്കുന്നത് ഷെയ്ഖ് ഓഫീസില്‍ നിന്നാണ്) കഴിച്ചിരുന്ന സെവെന്‍ കോഴ്സ് ഭക്ഷണത്തെക്കാള്‍ രുചി ആ പൊറോട്ടക്കാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ലാഞ്ചി ഇറങ്ങിയ ഏകദേശ സ്ഥലം എന്റെ ഭാര്യക്കും പിന്നീട് എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ കാണിച്ചു കൊടുത്തു. എന്റെ പത്തേമാരി യാത്ര പറഞ്ഞപ്പോള്‍ അവരില്‍ ഒരു കണ്ണീര്. ഫുജൈറയിലെ കടലിലേക്ക്‌ അവര്‍ ഒരു പാട് നേരം നോക്കി നിന്നു. ഞാനും.
----------------------
ഗള്‍ഫില്‍ എന്നെക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടവര്‍ ഇന്നും അന്നും ഉണ്ടെന്നു എനിക്കറിയാം. ഒരു പക്ഷെ ഇത് പോലെ എഴുതാന്‍ അവര്‍ക്ക് കഴിയാതെയാവാം. അന്നും ഇന്നും കഷ്ടപ്പെടുന്ന ഗള്‍ഫുകാര്‍ക്ക് ഞാന്‍ ഈ അനുഭവം സമര്‍പ്പിക്കുന്നു.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>