ഫ്രാൻസ് സന്ദർശനം
(യാത്രാവിവരണം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറ്റിരണ്ട് ഒക്ടോബർ ആറ് - അന്നാണ് ഞാൻ ആദ്യമായി ഫ്രാൻസിലേക്ക് പോയത്. ഞങ്ങൾ
നാല് പേർ, അബൂദാബി രാജകുടുംബാംഗമായ H.E.ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാനും രണ്ട് ബോഡി ഗാർഡുകളും
ഞാനും. ബോഡിഗാർഡ് എന്നാൽ നമ്മുടെ നാട്ടിലെ പോലെ തോക്കുമായി ഷൈഖിനെ രക്ഷിക്കുന്ന
ആളല്ല, പകരം ഷൈഖിന്റെ ഒരു സന്തതസഹചാരി
എന്ന് മാത്രം. എന്നെ അബൂദാബിയിൽ നിന്നും ദുബൈ എയർപോര്ടിലേക്ക് കൊണ്ട് പോയത്
ഷൈഖിന്റെ മറ്റൊരു ബോഡിഗാർഡ് ആയ അതീഖ് സാലെം അൽളാഹേരി ആയിരുന്നു. എന്റെ ജീവിതത്തിൽ
ഇത്ര വേഗതയിൽ ഓടിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യുന്നത് ആദ്യമായിരുന്നു. റെഡ് സിഗ്നൽ
ഒന്നും ആതീഖിന്നു പ്രശ്നമല്ല. ഞാൻ കണ്ണും പൂട്ടിയിരുന്നു. ഈ അതീഖ് ഒരു സംഭവമാണ്.
ഗൾഫ് നാടുകളിലുള്ള ഷൈഖ്മാർ ആഫ്രിക്ക പോലെയുള്ള ദരിദ്രരാജ്യങ്ങളിൽ നിന്ന് അനാഥകളായ
അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികളെ ദത്തെടുക്കും. വർഷം തോറും, പ്രത്യേകിച്ച് റംസാൻ മാസത്തിലാണ് ഇത് ചെയ്യുക. എന്നിട്ട്
അവരെ ഒരു ഷൈഖ് ഫെമിലിയിലെക്കും വീതം കൊടുക്കും. അവർ അവരുടെ സമപ്രായക്കാരായ ഷൈഖ്
കുട്ടികളുടെ കൂടെ കളിച്ചു വളരും. എന്നിട്ട് വലുതാവുമ്പോൾ ഏതെങ്കിലും കബീലയിൽ
(ഗോത്രം) അവരെ ചേർക്കും. അങ്ങിനെ ഈ കുട്ടിക്ക് അതീഖ് എന്ന് പേരിട്ടു ളവാഹിർ എന്ന
ഗോത്രത്തിൽ ചേർത്തു. അങ്ങിനെ അതീഖ് സാലെം അൽളാഹെരി ആയി. അദ്ധേഹം ആണ് എന്നെ ദുബൈ
എയർപോർട്ടിൽ കൊണ്ട് ചെന്നാക്കിയത്. (ഈ ആതീഖ് വർഷങ്ങൾക്കിപ്പുറം അബുദാബി മുസ്സഫ
റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു).
എയർപോർട്ടിൽ
തിരുവനന്തപുരത്തേക്ക് പോകാനുള്ള എയർ ഇന്ത്യ കൃത്യസമയത്ത് തന്നെ എത്തി. ഞാൻ എനിക്ക്
പരിചയമുള്ള എയർഇന്ത്യയുടെ എയർപോർട്ട് മേനജരോട് ഇതിനെ പറ്റി പറഞ്ഞു. 'എയർ ഇന്ത്യയെ പറ്റി ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ കുറ്റം പറയുന്നു. പക്ഷെ ഇത് കണ്ടോ
ഇന്ന് എയർ ഇന്ത്യ കൃത്യസമയത്ത് വന്നത്'. അതിന്നു അദ്ദേഹം പറഞ്ഞ മറുപടി
രസാവഹമായിരുന്നു 'ഇത് ഇന്നലെ ഇതേ സമയത്ത് വരേണ്ട
ഫ്ലൈറ്റ് ആണ്. ഇരുപത്തിനാല് മണിക്കൂർഡിലെ'
എയർ പോർട്ടിലെ VIP ലാഞ്ചിൽ ഷൈഖ് ഹമദും മറ്റു രണ്ടു ബോഡിഗാർഡുകളും
ഉണ്ടായിരുന്നു. ഞാൻ ഷൈഖിന്റെ ഡിപ്ലോമാറ്റിക് പാസ്സ്പോർട്ടും മറ്റു രണ്ടു പേരുടെ UAE [പാസ്സ്പോർട്ടും എന്റെ ഇന്ത്യൻ പാസ്സ്പോർട്ടും കൂടി
എമിഗ്രേഷനിൽ കൊടുത്തു. ഫ്ലൈറ്റിൽ കേറാനുള്ള ഫൈനൽ കാൾ ആയിരിക്കുന്നു.
ഞങ്ങൾ എയർ ഫ്രാൻസിന്റെ
ഫ്ലൈറ്റിൽ കയറി. കൃത്യസമയത്ത് തന്നെ ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തു.
ദുബൈ എയർപോർട്ടിൽ വെച്ചു തന്നെ
ഷൈഖ് ഒരു കാര്യം പറഞ്ഞു. ഇനി നമ്മൾ തിരിച്ചു വരുന്നത് വരെ ഷൈഖ് എന്ന ഒരു പരിഗണയും
വേണ്ട എന്ന്.
ഞങ്ങൾക്ക് ഫസ്റ്റ്ക്ലാസ്
സീറ്റുകൾ ആയിരുന്നു. അതിന്റെ അടുത്താണ് ഫ്ലൈറ്റിന്റെ കോക്പിറ്റ്. ഫ്ലൈറ്റ്
ടേക്ക്ഓഫ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ എയർഹോസ്റെസ്സിനോട് ഞാൻ ഒരാവശ്യം പറഞ്ഞു -
കോക്പിറ്റിൽ പോകണമെന്ന്. അവർ പൈലറ്റിനോട് ചെന്ന് വിവരം പറഞ്ഞു. എനിക്ക് പേടിയായി.
ഇനി എന്നെ ഫ്ലൈറ്റ് റാഞ്ചാൻ വന്ന തീവ്രവാദിയാണെന്ന് പറഞ്ഞു ഫ്രഞ്ച് ജയിലിലിടുമോ
എന്നായിരുന്നു എന്റെ പേടി. പക്ഷെ കോപൈലറ്റ് എന്റെ അടുത്ത് വന്നു പറഞ്ഞത് സൗദി
അറേബ്യയുടെ എയർസ്പേസ് കഴിഞ്ഞാൽ കൊക്പിറ്റിൽ കയറ്റാമെന്നാണ്. സമാധാനമായി. ഫ്ലൈറ്റ്
സൗദി അറേബ്യയുടെ റിയാദ് എയർപോർട്ടിൽ ലാൻഡ് ചെയ്യാറായെന്ന മെസ്സേജ് കിട്ടി. സൗദി
അറേബ്യയുടെ എയർസ്പേസിൽ എത്തിയ ഉടനെ ക്രൂ വന്നു യാത്രക്കാരുടെ കൈകളിലുള്ളതും
അല്ലാത്തതുമായ എല്ലാ മാസികകളും എടുത്തു കൊണ്ട്പോയി. ഇനി സൗദി അറേബ്യയുടെ എയർ
സ്പൈസ് കഴിഞ്ഞിട്ടേ കിട്ടുകയുള്ളൂ. കാരണം അറിയാമല്ലോ? എല്ലാ പാസ്സെഞ്ചർക്കും കൊടുക്കുന്ന ഭക്ഷണകിറ്റിന്റെ പ്ലാസ്റ്റിക്
കവറിന്നു മുകളിൽ 'Food as per islamic law' എന്ന റിബ്ബണ്‍ ഉണ്ടായിരുന്നു.
നാല്പത്തഞ്ച് മിനിട്ട്
കഴിഞ്ഞപ്പോൾ റിയാദ് എയർപോർട്ടിൽ നിന്നും ടേക്ക്ഓഫ് ചെയ്തു. അവരുടെ എയർസ്പേസ്
കഴിഞ്ഞപ്പോൾ എയർ ഹോസ്റ്റെസ്സ് എന്നെ കോക്ക്പിറ്റിലേക്ക് ക്ഷണിച്ചു. ഷൈഖു് ഹമദ്
വാക്ക്മാനിൽ നിന്നും പാടു കേട്ട് രസിക്കുകയാണ്. ഞാൻ കോക്ക്പിറ്റിൽ ചെന്നു. അവിടെ
നിറയെ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ്സ്. ഒരു പൈലറ്റും മറ്റൊരു കോപൈലറ്റും
കൊക്ക്പിറ്റിൽ ഉണ്ടായിരുന്നു.
അന്നൊക്കെ ഫ്ലൈറ്റിൽ GPR സിസ്റ്റം പാസ്സെഞ്ചെർക്കു വായിക്കാൻതക്ക സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
ഒന്നുകിൽ ഫ്ലൈറ്റിൽ അനൗണ്‍സ് ചെയ്യാറാണ് പതിവ്. പിന്നീട് ആ സിസ്റ്റം എല്ലാ
ഫ്ലൈറ്റിലും വന്നു. എത്ര ഉയരത്തിലാണ് പറക്കുന്നത്, എത്ര വേഗതയാണ്. അടുത്ത സ്ഥലത്തേക്ക് എത്ര സമയം വേണം
എന്നൊക്കെ.
കോക്ക്പിറ്റിൽ നിന്ന് താഴേക്കു
നോക്കുന്നത് നല്ല അനുഭവമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പൈലറ്റ് പറഞ്ഞു , നാം ഇപ്പോൾ ഇറാക്കിന്റെ മുകളിലൂടെയാണ് പറക്കുന്നത് എന്ന്.
വീണ്ടും കുറച്ചു മണിക്കൂറുകൾക്കു ശേഷം അദ്ദേഹം താഴേക്കു വിരൽചൂണ്ടി പറഞ്ഞു - ആ
കാണുന്നതാ ജോർദാൻ നദി. ഞങ്ങൾ ജോർദാൻ രാജ്യത്തിന്റെ മുകളിലായിരുന്നു അപ്പോൾ.
ക്രിസ്ത്യൻ സഹോദരന്മാരും
മുസ്ലിംകളും വിശ്വസിക്കുന്ന ഒരു പാട് ദൈവദൂതൻമാർ ജനിച്ച്, വളർന്നു, മരിച്ച സ്ഥലത്തിന്നു
മുകളിലൂടെയാണല്ലോ ഞാൻ യാത്രചെയ്യുന്നതെന്ന് ഒരു നിമിഷം ആലോചിച്ചു.
പിന്നെയും കുറച്ചു മണിക്കൂറുകൾ
പറന്നപ്പോൾ ഞങ്ങൾ തുർക്കിയുടെ മുകളിൽ എത്തി. അവിടെ ഒരു ചെറിയ പുഴ പോലെയുള്ള കടൽ
കാണിച്ചു തന്നിട്ട് പൈലറ്റ് പറഞ്ഞു 'ആ കടലിന്റെ ഇരു വശവും തുർക്കി
ആണ്. പക്ഷെ ആ കടലിന്റെ ആദ്യഭാഗം ഏഷ്യ ഭൂഗണ്ടത്തിലും മറ്റേഭാഗം യൂറോപ്പിലും ആണ്.
കുറച്ചു മണിക്കൂറുകൾ
പിന്നിട്ടപ്പോൾ അവർ പാരീസിലെ ചാൾസ് ഡി ഗൌല്ലേ (Charles
de Gaulle) എയർപോർട്ടിൽ ഇറങ്ങാനുള്ള
അറിയീപ്പു വന്നപ്പോൾ അവരോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ട് എന്റെ സീറ്റിൽ
വന്നു സീറ്റ് ബെൽറ്റ് ഇട്ടു ലാന്റിങ്ങ് പ്രതീക്ഷിച്ചു ഇരുന്നു.
സുഖകരമായ യാത്രക്ക് ശേഷം ഞങ്ങൾ
പാരീസിൽ എത്തി. എയർപോര്ട്ടിന്നു പുറത്തു ഞങ്ങളെയും കാത്തു ഹോട്ടലിന്റെ കാർ
ഉണ്ടായിരുന്നു. അവിടെത്തെ സമയം ഉച്ചകഴിഞ്ഞു മൂന്നു മണി ആയിട്ടുണ്ട്. സൂര്യനോ
സൂര്യപ്രകാശമോ കാണുന്നില്ല. ഞങ്ങൾ പാരീസിലെ ഹോട്ടൽ ജോർജ് സാങ്ക് എന്ന ഹോട്ടലിലെത്തി.
സാങ്ക് എന്ന് പറഞ്ഞാൽ ഫ്രഞ്ച് ഭാഷയിൽ അഞ്ചു എന്നാണർത്ഥം. അതായത് ജോര്ജ് അഞ്ചാമൻ
രാജാവിന്റെ പേരിലുള്ള ഹോട്ടൽ. അന്നാണ് ഞാൻ ആദ്യമായി ATM കാർഡ് പോലെയുള്ള കാര്ഡ് ഉപയോഗിച്ച് ഹോട്ടൽ മുറി തുറക്കുന്ന
സൗകര്യം കണ്ടത്.
അന്ന് പ്രത്യേകിച്ച് മറ്റൊരു
ഒഫീഷ്യൽ പരിപാടിയും ഉണ്ടായിരുന്നില്ല. എന്നാലും വൈകീട്ട് ഞാൻ പാരീസ് ഒരു
ഓട്ടപ്രദിക്ഷണം നടത്താമെന്ന് തീരുമാനിച്ചു. എനിക്ക് ഹോട്ടൽ അറേഞ്ച് ചെയ്തു കിട്ടിയ
ഡ്രൈവർ ഒരു മൊറോക്കോകാരാൻ ആയിരുന്ന. നല്ല ഒരു മനുഷ്യൻ.
മൊറോക്കോ ഫ്രഞ്ച് കോളനി
ആയിരുന്നു. അത് കൊണ്ട് അവർക്ക് രണ്ടു പൌരത്വവും കിട്ടും. രണ്ടു മണിക്കൂർ ഞങ്ങൾ
കറങ്ങിയിട്ടുണ്ടാവും. പുറത്താണെങ്കിൽ ഭയങ്കര തണുപ്പ്. ഹൊട്ടെലിലും മറ്റും
എയർഹീറ്റെർ ആണുള്ളത്. ചില സ്ഥലത്ത് നടക്കുമ്പോൾ ഞാൻ വെറുതെ ഏതെങ്കിലും മാളുകളിൽ
കേറും. അത്ര നേരം ചൂട് കിട്ടുമല്ലോ.
അന്ന് മുഴുവൻ സമയവും ഹോട്ടലിൽ
ഹീറ്റെർ ഓണ്‍ ചെയ്തു ഉറങ്ങി.
പിറ്റേന്ന് ഞങ്ങളുടെ പ്രോഗ്രാം
തുടങ്ങുകയാണ്. ആദ്യം പോയത് ഫ്രാൻസിന്റെ മുഖമുദ്രയായ ഐഫെൽ ടവർ കാണുക എന്നുള്ളതാണ്.
ഞങ്ങൾ എല്ലാവരും കൂടി ഹോട്ടലിൽ നിന്നും അധികം ദൂരമില്ലാത്ത ഐഫൽ ടവറിന്നടുത്തെത്തി.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നത്. അവിടെ എന്നെ ഏറ്റവും ആകർഷിച്ച
കാര്യം ആ ടവറിന്റെ മുകളിൽ ചെന്നപ്പോൾ ഒരു ഭാഗത്ത് 'അബൂദാബി' എന്ന് എഴുതി വെച്ചിരിക്കുന്നു.
അത് നാം വായിക്കുമ്പോൾ നോക്കുന്നത് അബൂദാബി ഭാഗത്തേക്കാണെന്നതാണ് അതിന്റെ
പ്രത്യേകത. അതിന്നു അബൂദാബി ഒരു പാട് സംഖ്യ ചിലവഴിച്ചിടുണ്ടെന്നു ഷൈഖ് ഹമദ്
പറഞ്ഞു.
താഴെ വന്നപ്പോൾ അവിടെ ഏതോ
ഫിലിമിന്റെ ഷൂട്ടിംഗ് നടക്കുന്നു. ആരും അത് ശ്രദ്ധിക്കുന്നത് പോലുമില്ല, ഈ ഞാനൊഴികെ. അന്ന് ചില എക്സിബിഷൻ കാണാൻ ഷൈഖുമായി പോയി.
രാത്രിയിൽ ഒരു ഫ്രഞ്ച് സിനിമ കാണാൻ മോഹം. വിവരം മൊറോക്കോകാരനായ ഡ്രൈവറോട് പറഞ്ഞു.
അവൻ എപ്പോഴേ റെഡി. ഞാനും ഡ്രൈവറും കൂടി സിനിമ കാണുകയാണ്. എന്റെ ശ്രദ്ധ സ്ക്രീനിൽ
അല്ല. മൊറോക്കോകാരന്റെ മുഖത്താണ്. അവൻ ചിരിക്കുമ്പോൾ ഞാനും ചിരിക്കും. അവൻ കൈ
കൊട്ടുമ്പൊഴും ഹായ് പറയുമ്പോഴും ഞാനും അത് പോലെ ചെയ്യും. അല്ലാതെ എനിക്ക് എന്ത്
ഫ്രഞ്ച് അറിയാനാ?
പിറ്റേന്ന് ഷൈകിന്റെ സ്പോണ്‍സറങ്ങിൽ
അബുദാബിയിലുള്ള ഒരു കമ്പനിയുടെ പാരിസിലെ ഡയറക്ടർമാരുമായുള്ള ഒഫീഷ്യൽ മീറ്റിംഗ്.
അവിടെ വെച്ച് ഞാൻ ഇന്ത്യക്കാരൻ ആണെന്നറിഞ്ഞപ്പോൾ ആ കമ്പനിയുടെ ചീഫ് ഏക്സിക്യുടീവ്
ഓഫീസർ, ഇന്ത്യയെ പറ്റിയും കേരളത്തെ
പറ്റിയും കുറെ കാര്യങ്ങൾ ചോദിച്ചു. ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പോണ്ടിച്ചേരിയുടെ ഒരു
ഭാഗം കേരളത്തിന്നു ഉള്ളിൽ ആയ മാഹി (മയ്യഴി) ആണെന്നും പിന്നെ കുറെ കേരളത്തെ പറ്റി
നല്ല കാര്യങ്ങൾ ഉപ്പും മുളകും കൂട്ടി ഞാൻ പറഞ്ഞു കൊടുത്തു. ലോകത്തിൽ ഒരിടത്തും
ഇല്ലാത്ത, മനുഷ്യരെ ബന്ധനസ്ഥനാക്കുന്ന
ഹർത്താലിന്റെ കാര്യം മാത്രം ഞാൻ പറഞ്ഞില്ല. അത് ഞാനങ്ങു വിഴുങ്ങി.
വിദേശരാജ്യങ്ങളിലുള്ള
ഫ്രാൻസിന്റെ എംബസ്സിയിലെ അമ്പാസ്സഡരമാർ ഉപയോഗിക്കുന്നത് അവരുടെ നാട്ടിലെ പ്യുജോ (PEUGEOT) സിട്രോൻ (CITRON) തുടങ്ങിയ വാഹനങ്ങളാണ്.
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ അമ്പാസ്സഡർമാർ അമ്പാസ്സഡർ കാർ, മാരുതി കാർ വിദേശത്ത് ഉപയോഗിക്കുന്നത് പ്രതീക്ഷിക്കാം
(എന്തൊരു നടക്കാത്ത സ്വപ്നം അല്ലെ?)
അഞ്ചു ദിവസത്തെ ഫ്രാൻസ്
സന്ദർശനത്തിന്നു ശേഷം ഞങ്ങൾ തിരിച്ചു അബൂദാബിയിലേക്ക്. പാരിസ് എയർ പോർട്ടിൽ ഞങ്ങൾ
ഇരിക്കുന്ന ഡിപ്പാർടിംഗ് ലാഞ്ച് റൂം താഴെ വലിയ ടയറുകളും ജാക്കിയും ഉള്ളതായിരുന്നു.
ആ റൂം നേരെ ഫ്ലൈറ്റിന്റെ അടുത്ത് ചെല്ലുന്നു. അതിൽ നിന്ന് നേരെ കയറാം. ഇപ്പോൾ ഉള്ള
ചെറിയ വരാന്ത പോലെയുള്ളതല്ല അത്. ആ റൂമിൽ ഞങ്ങൾ ഇരിക്കുമ്പോൾ ബ്രിട്ടനും ഫ്രാൻസും
സംയുക്തമായി ഉണ്ടാക്കിയ കോണ്‍കോർഡ് ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്യുന്നത് കണ്ടു.
ശബ്ദത്തേക്കാൾ വേഗതയുണ്ടതിന്നു. തന്മൂലം പല രാജ്യങ്ങളും അത് ഇറങ്ങാൻ
അനുവദിക്കാറില്ല, വലിയ നഗരങ്ങളുടെ മുകളിലൂടെ
പറക്കാനും അനുവദിക്കാറില്ല. അത്ര വലിയ പ്രകമ്പനം ആണതിന്റെ ശബ്ദത്തിന്നു. ഒരു പാട്
യാത്ര ചെയ്യുകയും പല തരത്തിലുള്ള ഫ്ലൈറ്റ് കാണുകയും ചെയ്തിട്ടുള്ള ആളായിട്ട് പോലും
ഷൈഖ് ഹമദ് ആ കോണ്‍കോർഡിന്റെ ചിത്രങ്ങൾ കാമറയിൽ ഒപ്പുന്നുണ്ടായിരുന്നു.
റിയാദിൽ എത്തിയപ്പോൾ ഷൈഖും ഒരു
ബോഡി ഗാർഡും അവിടെ ഇറങ്ങി. ഞാനും മറ്റേ ബോഡിഗാർഡും കൂടി യാത്രതുടർന്നു. ദോഹയിൽ
എത്തിയപ്പോൾ ഫ്ലൈറ്റിന്നൊരു പ്രശ്നം. ഹൈഡ്രോളിക് ബ്രൈക് സിസ്റ്റം വർക്ക്
ചെയ്യുന്നില്ല. അവിടെ നിന്നും മറ്റൊരു ഗൾഫ് എയർ ഫ്ലൈറ്റിൽ അബുദാബിയിലേക്ക്, എന്റെ പോറ്റമ്മയുടെ അടുത്തേക്ക്
No comments:
Post a Comment