പ്രവാസിയുടെ മരണം (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
അബൂദാബിയിൽ ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ വാഹനങ്ങൾ
പുതുക്കുവാനായി ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ പോകേണ്ട ഒരാവശ്യം വന്നു. മുൽക്കിയ
(വാഹനത്തിന്റെ റെജിസ്ട്രേഷൻ) ഒരു വർഷത്തെ കാലാവുധിയാണ്. ഗൾഫിൽ ഏത് വാഹനം
രെജിസ്റ്റെർ ചെയ്യണമെങ്കിലും ഇൻഷുറൻസ് നിർബന്ധമാണ്. ഷൈഖ്മാരുടെ പേരിലുള്ള
വാഹനങ്ങൾക്ക് ഇത് നിർബന്ധമില്ല. അതിന്നിടെ എന്തെങ്കിലും പെറ്റികേസുകളോ മറ്റോ
ഉണ്ടെങ്കിൽ അത് മുറൂറിലെ (ട്രാഫിക് ഡിപ്പാര്ട്ട്മെന്റ്) ഏറ്റവും വലിയ ഉദ്യോഗസ്ഥനെ
കണ്ട് കേൻസൽ ചെയ്യിക്കേണ്ടത് എന്റെ ജോലിയാണ്. കാരണം, ആ വാഹനങ്ങൾ മറ്റ് ജോലിക്കാരാവുമല്ലോ ഓടിക്കുന്നത്.
അങ്ങിനെ ഞാൻ ട്രാഫിക്ക്
വകുപ്പിന്റെ (ലൈസൻസ്, രെജിസ്ട്രേഷൻ,
ആക്സിടെന്റ് വിഭാഗങ്ങളുടെയെല്ലാം) മുദീറിനെ (ഏറ്റവും വലിയ
ഓഫീസർ) ചെന്ന് കണ്ടു. വളരെയധികം ദൈവഭക്തിയുള്ള, മനുഷ്യസ്നേഹമുള്ള ഒരു പോലീസ് ഓഫീസർ.
ഞാൻ സലാം പറഞ്ഞു. അദ്ദേഹം അത്
മടക്കിയിട്ട് എന്നോട് പറഞ്ഞു. 'ഇസ്തരീഹ് യാ ശേരീഫ്'
അദ്ദേഹം ഇരിക്കാൻ
ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ സോഫയിൽ ഇരുന്നു.
നല്ലൊരു ഓഫീസ്. മേശപ്പുറത്ത് ഒരു
ഫയൽ പോലുമില്ല. വളരെ ക്ളീൻ ആയിരിക്കുന്നു.
രണ്ടു യുവാക്കൾ ഭവ്യതയോടെ
നിൽക്കുന്നു.
അവർ വന്നതും ഇത് പോലെ ഒരു
ഇരുപത്തിനാല് മണിക്കൂർ ലോക്കപ്പ് ശിക്ഷയുള്ള തെറ്റിന് വിടുതൽ ലഭിക്കാനാണെന്ന്
അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
അവർക്ക് ആദ്യമായി ഉണ്ടായ ഒരു
തെറ്റാണെന്ന് മനസ്സിലായപ്പോൾ അവരുടെ മുഖാലഫ (പെറ്റികേസ്) പേപ്പർ വാങ്ങി ഒരു
പേനയെടുത്ത് ഒപ്പിടാൻ ആരംഭിക്കുമ്പോൾ മുദീർ അവരോട് ചോദിച്ചു. 'നിങ്ങൾ എന്ത് ചെയ്യുന്നു?'
ഉടനെ അവർ മറുപടി കൊടുത്തു 'ഞങ്ങൾ പോലീസുകാരാണ്'
ഒപ്പിടാൻ പേനയെടുത്ത അദ്ദേഹം അത്
ചെയ്യാതെ അവരോടു പറഞ്ഞു 'നിങ്ങൾ നിയമം നടപ്പാക്കേണ്ടവരാണ്. എന്നിട്ട് നിങ്ങൾ ഇത് ചെയ്തത് ഒരു നിലക്കും
മാപ്പിന്നർഹരല്ല' അത് പറഞ്ഞ്
അദ്ദേഹം അവരെ ലോക്കപ്പിലാക്കി.
(ആ രാജ്യത്ത് രാഷ്ട്രീയവും
അസോസിയേഷനും ഇല്ലല്ലോ)
ഇതിനിടെ എനിക്കും
അവിടെയിരിക്കുന്ന മൂന്ന് പേർക്കും കാവാ എന്ന അറബി കാപ്പി കൊണ്ട് വന്നു.
എന്റെ കയ്യിലുള്ള മുഖാലഫകൾ
(പെറ്റികേസ്) വാങ്ങി അതിലെല്ലാം <ലാ മാന അൻ തജ്ദീദ് - പുതുക്കുന്നതിന്നു വിരോധമില്ല> എന്നെഴുതി തന്നു.
അപ്പോഴാണ് എന്റെ അനീസ് മൊബൈൽ
ഫോണിലേക്ക് ഒരു കാൾ വന്നത്.
'ഹല്ലോ,
ഷെരീഫ് സാറല്ലേ?' അങ്ങേത്തലക്കൽ നിന്നുള്ള ചോദ്യം
അതെ എന്ന് മറുപടി കൊടുത്തിട്ട്
അവർ ആരെന്ന് ചോദിച്ചു. ഞാൻ മുറൂറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ. അവരും മുറൂറിൽ (ട്രാഫിക്
വകുപ്പ്) ആണെന്ന് പറഞ്ഞു.
അവർക്ക് എന്നെ ഒന്ന് നേരിട്ട്
കാണണമത്രേ. കാട്ടൂർ നെടുമ്പുരയിലുള്ള കൊച്ചുമുഹമ്മദുക്കാടെ കാന്റീനിലെക്കു വരാനും
ഞാൻ അങ്ങോട്ട് വരാമെന്നും പറഞ്ഞു.
അവർ ആ കാന്റീനിലെ ബൂത്തിൽ
നിന്നാണ് ഫോണ്‍ ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ മുദീറിന് നന്ദി പറഞ്ഞു ഞാൻ
അങ്ങോട്ടേക്ക് ചെന്നു.
ഇന്ന് രാത്രി നാട്ടിലേക്ക് പോകാൻ
ടിക്കറ്റെടുത്ത അവരുടെ ഒരു ബന്ധക്കാരൻ, നാട്ടിലേക്ക് കൊണ്ട് പോകാൻ വാങ്ങിയ എമർജൻസി ലൈറ്റ് മാറ്റി വാങ്ങാൻ വേണ്ടി റോഡ്
ക്രോസ് ചെയ്യുമ്പോൾ വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ
രാത്രിയാണത് സംഭവിച്ചത്. ആ വ്യക്തി ഉയരത്തിൽ നിന്നും വന്നു വീണത് റോഡിന്റെ
നടുവിലുള്ള ഡിവൈഡറിന്റെ സൈഡിൽ ഫിറ്റ് ചെയ്ത ശൂലം ആകൃതിയിലുള്ള കമ്പിയിന്മേലാണ്.
ആംബുലൻസിൽ ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.
ഇതെല്ലാം പറഞ്ഞിട്ട് അവർ എന്നെ
കാണാൻ വന്ന ആവശ്യം പറഞ്ഞു. 'ഇന്ന് വ്യാഴാഴ്ച്ചയായത് കൊണ്ട് ഓഫീസ് കാര്യങ്ങളൊന്നും നടക്കില്ല. എത്രയും
പെട്ടെന്ന് മയ്യത്ത് നാട്ടിൽ എത്തിക്കണം. ഷെരീഫ് സാറിനെ കണ്ടാൽ ചിലപ്പോൾ ഫയൽ
സ്പീഡ് ആക്കാമെന്ന് നെടുമ്പുരയിലെ അബൂവാണ് പറഞ്ഞത്.
ശെരി ഞാൻ നോക്കട്ടെ എന്ന് പറഞ്ഞ്
അവരുടെ കയ്യിലുള്ള ഫയൽ വാങ്ങി വീണ്ടും മുദീറിന്റെ ഓഫീസിൽ ചെന്നു.
'എന്ത് പറ്റി
ഷെരീഫ്, ഇനി വല്ല
പ്രശ്നവും?' മുദീർ എന്നോട്
ചോദിച്ചു.
ആ ചോദ്യത്തിന്നു അർത്ഥമുണ്ട്.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലാണല്ലോ പ്രധാനമായും ഞാനദ്ധെഹത്തെ കാണാറ്. ചെയ്യാൻ
കഴിയുന്നവ അദ്ദേഹം നിരസിക്കാറില്ല. അതിന്ന് കാരണവുമുണ്ട്. ഞാൻ ഒരിക്കലും
അദ്ധേഹത്തെ എക്സ്പ്ലൊയിറ്റ് ചെയ്യാറില്ല.
സംഭവം എല്ലാം ഞാൻ അദ്ധേഹത്തെ
പറഞ്ഞു മനസ്സിലാക്കി. അബൂദാബി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാസഹായവും അദ്ദേഹം
ചെയ്യാമെന്നേറ്റു. പിന്നെ വരുന്നത് ഇന്ത്യൻ എംബസ്സി, എയർ ഇന്ത്യ. ഇവയുടെ കാര്യം എന്നോട് ചെയ്യാൻ പറഞ്ഞു.
ട്രാഫിക് ആക്സിടെന്റ്റ് വകുപ്പ്, ലൈസൻസ് വകുപ്പ്, പോലീസ്
ഫോറെൻസിക്, ഇസ്ലാമിക്
ഫോറെൻസിക്, ഹൊസ്പിറ്റൽ
ഇവയുടെ കാര്യത്തിന്നു എല്ലാം പെട്ടെന്ന് ചെയ്യാൻ അദ്ദേഹം ഒരു മുലാസമിനെ (പോലീസ്
സബ്ബിൻസ്പെക്ടർ) ഏർപ്പാടാക്കി തന്നു.
ഇന്ത്യൻ എംബസ്സിയിൽ ജോലി
ചെയ്യുന്ന ചാവക്കാട് ഒരുമനയൂരുള്ള തങ്ങളോട് വിവരം പറഞ്ഞു. അവിടെ പേപ്പർ എത്തിയാൽ
പെട്ടെന്ന് ശെരിയാക്കാം എന്ന് അദ്ദേഹവും ഏറ്റു. എയർ ഇന്ത്യയിലെ സ്റ്റേഷൻ മാനേജർ
ഭാട്ടിയയോട് പറയേണ്ട താമസം അദ്ദേഹം അത് ശെരിയാക്കാം എന്ന് സമ്മതിച്ചു. കാരണം,
ഡെഡ്ബോഡി കാർഗോ ആയാണ് കൊണ്ട് പോവുക. കൂടാതെ എക്കമ്പനി ആയി
രണ്ട് ടിക്കറ്റ് വേറെയും വേണം.
ഒരു വിധം ഇതെല്ലാം
ശെരിയായികഴിഞ്ഞപ്പോൾ സമയം നാല് മണിയായി. ഞാനും മുദീറും മറ്റൊരു ളാബത്ത് (പോലീസ്
സർക്കിൾ ഇൻസ്പെക്ടർ) പിന്നെ മരണപ്പെട്ടവരുടെ ബന്ധക്കാർ ഉച്ചക്ക് ഭക്ഷണം
കഴിച്ചിട്ടില്ല. വെറും സാൻഡ്വിച്ചും ചായയും മാത്രം.
മഗരിബ് (സന്ധ്യ) നമസ്കാരത്തിന്നു
ശേഷം മയ്യത്ത് എയർപോർട്ടിലേക്ക് കൊണ്ട് പോകുമെന്നറിയുന്നത് കൊണ്ട് ഞാൻ
ഹോസ്പിറ്റലിൽ എത്തി.
മയ്യത്തിന്റെ മുഖത്തേക്ക് ഞാനൊന്ന്
നോക്കി. എന്തെല്ലാം മോഹങ്ങൾ അദ്ധേഹത്തിന്നുണ്ടാവും. ഈ രൂപത്തിലാണ് താനിനി
നാട്ടിലേക്ക് ചെല്ലുക എന്ന് അദ്ധേഹവും യാത്ര അയച്ച ബന്ധക്കാരും
കരുതിയിട്ടുണ്ടാവുമോ.
എയർ പോർട്ടിൽ എല്ലാം പെട്ടെന്ന്
ശെരിയായി. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു
---------------------------------------
മേമ്പൊടി:
തൊട്ടിലിൽ നിന്ന് തുടക്കം -
മയ്യത്ത്
കട്ടിലിൽ യാത്രായോടുക്കം
അവിടെ നിന്നാർക്കും ഇല്ലാ മടക്കം
ആറടി മണ്ണിലുറക്കം
ഇഷ്ടവും അനിഷ്ടവും അവിടെയില്ല
കഷ്ടവും കരച്ചിലും അവിടെയില്ല
ഉണ്ണി പിറക്കാനാശയില്ല - ഇനി
പൊന്നിന്നും പണത്തിന്നും
കൊതിയുമില്ല.
No comments:
Post a Comment