Monday 31 August 2015

പഴയൊരു കുറ്റാന്വേഷണം (നർമഭാവന)



പഴയൊരു കുറ്റാന്വേഷണം (നർമഭാവന)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

((( ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജീവിക്കാനിരിക്കുന്നവരോ ആയ ആരുമായി ബന്ധമില്ല. അങ്ങിനെ തോന്നുന്നുവെങ്കിൽ യാദൃശ്ചികം മാത്രം. ഇതിലെ ജബ്ബാർ ഞാനല്ല, ആരാന്റമ്മയാണെ സത്യം. 1960 കാലഘട്ടത്തിലെ കഥയാണ്‌)

അതിശയിപ്പിക്കുന്ന ഒന്നായിരുന്നു വർഗീസേട്ടൻ ഇസ്മായിൽകുട്ടിയോട് പറഞ്ഞത്... തന്റെ വീട്ടിൽ ചോറ് തിളച്ചു വരുമ്പോൾ അതിൽ നിറയെ പുഴുക്കൾ ഉണ്ടാവുന്നു. സാത്താന്റെ വേല ആണിതെന്നാണ് മഷിനോട്ടക്കാർ പറഞ്ഞത്. ഇസ്മായിൽകുട്ടിയുടെ അഭിപ്രായം അറിയാനാണ്‌ വർഗീസേട്ടൻ വന്നത്.
ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.  ആലോചിക്കുകയാണ്. കൂടെ മകൻ ജബ്ബാറും.
നടക്കുന്നതിനിടയിൽ ഇസ്മായിൽകുട്ടി ജബ്ബാറിനോട്‌ ചോദിച്ചു..'നമുക്ക് ആ വഴിക്കൊന്ന് അന്വേഷിച്ചാലോ?'
ഏത് വഴിയെന്ന് അറിയാത്ത 10 വയസ്സായ ജബ്ബാർ അത് സമ്മതിച്ചു.
'അപ്പോൾ വർഗീസെ, നാളെ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വരും. വരുന്ന വിവരം ആരോടും പറയരുത്. ഞങ്ങൾക്ക് ആ പരിസരം ഒന്ന് പരിശോധിക്കണം. എന്റെ വാല് ജബ്ബാറും ഉണ്ടാവും. ഞങ്ങൾക്ക് ചായ വേണം. എനിക്ക് കുറച്ചു തെരുപ്പ്‌ ബീഡിയും'.
വർഗീസേട്ടൻ പോയപ്പോൾ ഉപ്പാട് ജബ്ബാർ ചോദിച്ചു.. 'ഉപ്പ പറഞ്ഞില്ലേ.. ആ വഴിയിലൂടെ അന്വേഷിക്കാമെന്ന്. അതേതാ വഴി?'
'അതൊക്കെ പുളുവടിച്ചതാ' എന്നായിരുന്നു ഇസ്മായിൽകുട്ടിയുടെ മറുപടി.
പിറ്റേന്ന് പറഞ്ഞ പോലെ വർഗീസേട്ടന്റെ വീട്ടിലേക്ക് ഇസ്മായിൽകുട്ടിയും ജബ്ബാറും കൂടെ പോയി.
'വർഗീസെ ഇവിടെ ഉള്ളവരെ എല്ലാം വിളിക്കൂ'. ഇസ്മായിൽകുട്ടിയുടെ  കേട്ടപ്പോൾ വർഗീസിന്റെ അമ്മച്ചി മേരി, ഭാര്യ അന്നം, പിന്നെ എട്ട് വയസ്സായ മകൻ ഷിന്റോ, പിന്നെ അടുക്കള സഹായത്തിനെത്തിയ ലിസ്സി....... എല്ലാവരും വന്നു. അമ്മച്ചി ചാരുകസേരയിലും മറ്റുള്ളവർ എഴുനേറ്റ് നിന്നു. ലിസ്സി അടുക്കള വാതിലിന്നടുത്തും.
'ഇവിടെ ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത്?' സീഐഡികളുടെ അന്വേഷണം ആരംഭിച്ചു.
'ലിസ്സിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.. അന്നം സഹായിക്കും' വർഗീസാണ് മറുപടി പറഞ്ഞത്.
'അന്നയുണ്ടാക്കുന്ന ഭക്ഷണം ഞാൻ കഴിക്കാറില്ല. തീരെ സ്വാദ് ഇല്ല' അമ്മച്ചിയുടെ വാക്കിൽ അമ്മായിമ്മപ്പോരിന്റെ മണം.
'ജബ്ബാറേ, ആ പുഴുവിന്റെ ഡമ്മി കൊണ്ട് വാ' ഇസ്മായിൽകുട്ടി പറഞ്ഞപോലെ ജബ്ബാർ പുഴുവിന്റെ ഡമ്മി കൊണ്ട് കൊടുത്തു. അതെടുത്ത് അടുക്കളയുടെ ജനൽവഴി അടുപ്പിൽ വെച്ചിട്ടുള്ള കലത്തിലേക്ക്‌ ഇസ്മായിൽകുട്ടി എറിഞ്ഞു. പക്ഷെ, നിരാശയായിരുന്നു ഫലം.
'ജബ്ബാറേ, അടുപ്പിൽ നിന്നും അടുക്കള വാതിൽ വരെയുള്ള ദൂരം അളക്കൂ'
ജബ്ബാർ അളന്നിട്ടു പറഞ്ഞു - ആറടി പതിനാലു ഇഞ്ച്.
അന്നയുടെ വീടെവിടെയാ എന്ന ഇസ്മായിൽകുട്ടിയുടെ ചോദ്യത്തിന് പോക്കൊത്തുംകടവിൽ എന്നവൾ മറുപടി കൊടുത്തു.
'ലിസ്സി ഇങ്ങോട്ട വരൂ' അടുക്കള വാതിലിന്നടുത്ത് നിൽക്കുകയായിരുന്ന ലിസ്സി അവരുടെ അടുത്ത് വന്നപ്പോൾ ഇസ്മായിൽകുട്ടി ചോദിച്ചു 'മോൾക്ക്‌ കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കാൻ പറ്റുമോ?' ഉവ്വെന്നു പറഞ്ഞപ്പോൾ അതുണ്ടാക്കാൻ ആവശ്യപ്പെട്ടു.
അവൾ അടുക്കളയിലേക്കു പോയപ്പോൾ അവളെപ്പറ്റി വര്ഗീസിനോട് അന്വേഷിച്ചു. അവൾ രണ്ടു വയസ്സ് മുതൽ ഒരു കന്യാസ്ത്രീ മഠത്തിൽ വളരുന്ന കുട്ടിയാണെന്നും നല്ല ദൈവഭയമുള്ളവളാണെന്നും മറ്റു കാര്യങ്ങളും വർഗീസ്‌ പറഞ്ഞു.
അവൾക്ക് എത്രയാണ് ശമ്പളം കൊടുക്കുന്നത്? ജബ്ബാർ ചോദിച്ചു.
'അങ്ങിനെയൊന്നുമില്ല. അമ്പു പെരുന്നാളിന്നു അവൾക്കു കുറച്ചു പൈസ കൊടുക്കും. പിന്നെ ഈ വീട്ടിലെ ഒരു അംഗത്തെ പോലെയാണവൾ. ഇനി അവളുടെ കല്യാണം ആവുമ്പോൾ എന്തെങ്കിലും പൊന്ന് കൊടുക്കണം.' അന്നയാണതു പറഞ്ഞത്.
അവൾക്കെത്ര വയസ്സായി എന്ന ചോദ്യത്തിന് 28 എന്ന് മറുപടി കൊടുത്തു അന്ന.
പെട്ടെന്നാണ് ഇസ്മായിൽകുട്ടി പുറത്തേക്കു ഓടിയത്. കൂടെ ജബ്ബാറും ഓടി. എല്ലാവരും പകച്ചു നിൽക്കുമ്പോൾ ഒരാളെയും പിടിച്ചു കൊണ്ട് ഇസ്മായിൽകുട്ടി അകത്തേക്ക് വന്നു.
'ഇതാരാ?' എന്ന ചോദ്യത്തിന് പറമ്പ് കിളക്കുന്ന മൂസക്കയാണെന്ന് വർഗീസ്‌ മറുപടി കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ സീഐഡീകൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ തെങ്ങിൽ കയറി കള്ള് ചെത്തുന്നത് ശ്രദ്ധയിൽ പെട്ടു. അയാളെയും ചോദ്യം ചെയ്യാൻ വിളിച്ചു.
എല്ലാവരോടുമായി ഇസ്മായിൽകുട്ടി പറഞ്ഞു... നാളെ കാലത്ത് പത്തു മണിക്ക് ഇവിടെ നിങ്ങളെല്ലാം ഉണ്ടാവണം. എനിക്ക് നിങ്ങളെ .....' ഇസ്മായിൽകുട്ടി പറയുന്നതിന് ഇടയിൽകയറി ജബ്ബാർ പറഞ്ഞു 'നമ്മൾക്ക്" 'അതെ ഞങ്ങൾക്ക് നിങ്ങളെ ചോദ്യം ചെയ്യണം'
'അള്ളാ, നാളെ വരാൻ പറ്റില്ല. നാളെ എനിക്ക് പൊഞ്ഞനം വേല കാണാൻ പോണം' മൂസയാണത് പറഞ്ഞത്
'ആ വേല കയ്യിലിരിക്കട്ടെ. എന്റെ ചോദ്യം കഴിഞ്ഞിട്ട് വേലയ്ക്കു പോയാൽ മതി.'
അവർ സമ്മതിച്ചു.
'പിന്നെ ഒരു കാര്യം. ഞാൻ നാളെ വരുമ്പോൾ നുണ പരിശോധനായന്ത്രം കൊണ്ട് വരും. അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ നുണയാണെങ്കിൽ ആ മെഷീൻ അത് പറയും. കേട്ടോ'. ജബ്ബാറിന്റെ വാക്ക്കേട്ടപ്പോൾ മൂസക്ക പറഞ്ഞത് ഇങ്ങിനെയാണ്‌ 'ഞങ്ങൾ നുണ പറയുകയാണെന്ന് നുണ പറയുന്ന യന്ത്രം പറഞ്ഞാൽ ആ യന്ത്രം നുണ പറയുകയാണെന്ന് ഞങ്ങൾ പറയും'
അവരതിന് മറുപടി കൊടുത്തില്ല.
പിറ്റേന്ന് എല്ലാവരും കൃത്യസമയത്ത് തന്നെ എത്തി. അധികം വൈകാതെ തന്നെ ഒരു ബീഡി വലിച്ചു പുക വിട്ടു കൊണ്ട് ഇസ്മായിൽകുട്ടി പറഞ്ഞു...'പുഴുവിനെ കൊണ്ട് വന്നിട്ട ആളെ മനസ്സിലായി. ഇനി അതിന്റെ കാരണം സത്യമായി പറഞ്ഞാൽ ഐപീശീ തൊണ്ണൂറ്റി നാല്പത്തേഴു സെക്ഷൻ ഏഴു പ്രകാരം നിങ്ങൾക്ക് മാപ്പ് സാക്ഷിയാകാം.'
തികഞ്ഞ നിശബ്ധത. മൂസക്ക പേടിച്ചു വിറക്കുകയാണ്. വേലയ്ക്കു പോകാൻ പറ്റില്ല. ആകെ പ്രശ്നം.
'അപ്പോൾ നിങ്ങളാരും സത്യം പറയില്ല അല്ലെ മൂസക്കാ?' ജബ്ബാറാണത് ചോദിച്ചത്
കൈ പിന്നിൽ കെട്ടി ഇസ്മായിൽകുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. പെട്ടെന്ന് ഇസ്മായിൽകുട്ടി ലിസ്സിയോടു ചോദിച്ചു.
 'ലിസ്സി നിനക്കീ ഐഡിയ പറഞ്ഞ ആളെ എനിക്കറിയാം. അത് നീ പറയുന്നതാണ് ശെരി. അതിന്റെ കാരണവും നീ തന്നെ പറയുക'
അവൾ പൊട്ടി കരഞ്ഞു കൊണ്ട് ആ സത്യം പറഞ്ഞു.
അവൾക്കു വടക്കെലെ സണ്ണിയുമായി ഒരടുപ്പം. ഭക്ഷണത്തിൽ ഇങ്ങിനെ ചെയ്‌താൽ അവളെ അവളുടെ വീട്ടിലേക്കോ മഠത്തിലെക്കോ കൊണ്ട് ആക്കുമെന്നും അല്ലാതെ ഈ വീട്ടിൽ നിന്നാൽ ഒരിക്കലും അവർ കല്യാണം നടത്തി കൊടുക്കില്ലെന്നും മരണം വരെ അവിവാഹിതയായി വേലക്കാരി ആയി ജീവിക്കേണ്ടി വരുമെന്നും അവളെ ഉപദേശിച്ചത് സണ്ണിയാണെന്നും അവൾ തുറന്നു പറഞ്ഞു.
അങ്ങിനെ കുറ്റം നടത്തിയ ആളെ  പിടിച്ച സന്തോഷത്തിൽ എല്ലാവരും നിൽക്കുകയാണ്. അപ്പോൾ വർഗീസേട്ടൻ എല്ലാവരും കേൾക്കെ ഇങ്ങിനെ പറഞ്ഞു. ജബ്ബാറിന്റെ ഉപ്പയായി ജനിച്ചതാണ് ഇസ്മായിൽകുട്ടിയുടെ ഭാഗ്യം.
തെങ്ങിൽ കയറി കള്ള് ചെത്തുന്നതിനിടക്ക് ഈ സംഭവം കണ്ടത് തന്നോട് പറഞ്ഞ ചെത്തുകാരനോട് ചെവിയിൽ നന്ദി പറഞ്ഞു സീഐഡികൾ സ്ലോമോഷനിൽ പുറത്തേക്കു പോയി.
----------------------------------------------
മേമ്പൊടി: 
എല്ലാ കുറ്റവാളികളും എന്തെങ്കിലും ഒരു തെളിവ് അവരറിയാതെ ഇട്ടുപോകും.

Monday 24 August 2015

ഭർത്താവുദ്യോഗം (കഥ) - അവസാനഭാഗം

ഭർത്താവുദ്യോഗം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

>>>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച .....എന്നെ കണ്ടപ്പോൾ ആ പർദയിട്ട സ്ത്രീ അകത്ത് നിന്നും ഇറങ്ങി സിറ്റിംഗ് റൂമിലേക്ക്‌ വന്നു. എന്നിട്ട് എന്നോട് ചോദിച്ചു 'ഇക്കാക്ക് എന്നെ മനസ്സിലായോ?'. എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ മനസ്സിലായില്ല; എന്റെ ആകാംഷക്ക്‌ വിരാമമിട്ടു കൊണ്ട് അവർ പറഞ്ഞു 'ഞാനാണ് മൈമൂന'
എന്നിട്ടും ആളെ മനസ്സിലാകുന്നില്ല എന്ന് എന്റെ മുഖഭാവം കണ്ടപ്പോൾ അവർ വിശദമായി പറഞ്ഞു. 'ഇരുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു മധ്യസ്ഥതക്ക് ഇക്ക വന്നില്ലേ, ഒരു കാദർ, ബൽക്കീസിന്റെ വീട്ടിൽ...... ആ മൈമൂനയാണ് ഞാൻ'
എനിക്ക് ഇപ്പോൾ ആളെ മനസ്സിലായി.
'ഇവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്തോ?' ഞാൻ എന്റെ ഭാര്യ സാറയോട് ചോദിച്ചു.
'ഞാൻ എന്ത് കൊടുത്തിട്ടും അവർ കഴിക്കുന്നില്ല. ഇക്കാട് എന്തോ വിഷമം പറയാനുണ്ട്. അത് കഴിഞ്ഞു മതി എന്തും എന്നാണ് മൈമൂന പറഞ്ഞത്. ഞാൻ കുറെ നിർബന്ധിച്ചു'. സാറ വിവരം പറഞ്ഞു.
ഒരു മുഖവുരയും കൂടാതെ മൈമൂന പറഞ്ഞു തുടങ്ങി
'ഇക്കാക്ക് ഞാൻ വന്നത് ബുദ്ധിമുട്ടായോ. ഇക്കയും ഇത്തയും അനുജന്റെ വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു എന്ന് പറഞ്ഞു'
'ഏയ്‌. ഒരു ബുദ്ധിമുട്ടുമില്ല. അത് നാളെ പോയാലും മതി'.
'ഇക്ക, അന്ന് നസീമുമായുള്ള എന്റെ വിവാഹബന്ധം വേർപെടുത്തിയതിന്നു ശേഷം ഉമ്മാടെ ബന്ധത്തിലുള്ള ലത്തീഫ് എന്നയാളുമായി എന്റെ വിവാഹം നടത്തിച്ചു. ആ മനുഷ്യന് യാതൊരു ഉത്തരവാദിത്തമില്ലെന്ന് മാത്രമല്ല, മദ്യം കഴിക്കുകയും എന്നെ ഒരു പാട് ഉപദ്രവിക്കുകയും ചെയ്യും'
'അപ്പോൾ മൈമുനാക്ക് വിഷയം വീട്ടിൽ പറയാമായിരുന്നില്ലേ?'
'ഞാൻ പലപ്പോഴും ഇത് പറഞ്ഞു. പക്ഷെ ആരും ലത്തീഫിനോട് ഒന്നും പറയില്ല. അങ്ങിനെ ഞാൻ എന്റെ വീട്ടിലേക്ക് വരട്ടെയെന്നു ഉമ്മാട് ചോദിച്ചപ്പോൾ കല്യാണം കഴിച്ചു കൊടുത്ത പെണ്മക്കൾ ഭർത്താവിന്റെ അടുത്താണ് നിൽക്കെണ്ടതെന്നു പറഞ്ഞ് എന്നെ മടക്കിയയച്ചു. ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ ഞാനെന്റെ മകൻ നിഷാദിനെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മാറി. അന്നവന്ന് അഞ്ചു വയസ്സാണ് പ്രായം'.
'മോളെ, ഇത് കഴിക്ക്' എന്ന് പറഞ്ഞു കുറച്ച് നെയ്യപ്പവും കൊണ്ട് സാറ വന്നു.
'പിന്നെ ഞാൻ പല വീടുകളിലും പണിയെടുത്ത് ജീവിച്ചു. ലത്തീഫ് ഞങ്ങളുടെ കാര്യങ്ങളൊന്നും നോക്കാതെ വേറെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്'
'മകന്റെ കാര്യത്തിൽ നസീം ഒന്നും ചെയ്യാറില്ലേ?'
'അദ്ധേഹമാണ് എല്ലാ മാസവും അവന്റെ പഠിപ്പിന്നും മറ്റും പൈസ അയക്കുന്നത്. അവന് 24 വയസ്സായി. സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയാണ്. ആ ഓട്ടോറിക്ഷക്കുള്ള പൈസയും നസീംക്കയാണ് കൊടുത്തത്. അവനെ ഗൾഫിൽ കൊണ്ട് പോകാൻ നസീംക്ക തയ്യാറാണ്. പക്ഷെ എനിക്ക് ആരുമില്ലെന്നും, എന്നെ ഒറ്റയ്ക്കാക്കി പോകില്ലെന്നും പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഓട്ടോ ഓടിച്ച് നാട്ടിൽ നിൽക്കുന്നത്'
'അത് നല്ല ഒരു കാര്യമല്ലേ? ഞാൻ ചോദിച്ചു
'ഇപ്പോൾ ഒരു വലിയ പ്രശ്നമുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു അവന്റെ വിവാഹം. പർദ്ദധരിച്ചു വളരെ മതപരമായ ചിട്ടകളോടെ നടക്കുന്ന ഒരു പെണ്‍കുട്ടി. അവൾ എന്റെ മകന് കൈവിഷം കൊടുത്തൂന്നാ തോന്നുന്നത്'
'കൈവിഷമോ അങ്ങിനെയൊന്നും ഇല്ല' ഞാൻ അവരുടെ ധാരണ തിരുത്തി.
'എന്താണെങ്കിലും അവൾ പറയുന്നു ഇക്കാ, ഒന്നുകിൽ എന്റെ മകന്റെ കൂടെ ഞാൻ മാത്രം താമസിക്കുക, അല്ലെങ്കിൽ അവൾ മാത്രം താമസിക്കുക. രണ്ടാളും ഒന്നിച്ചു വേണ്ടായെന്ന്'
ഇരുപതു വർഷത്തിന്ന് മുമ്പ് എന്റെ മുന്നിലിരിക്കുന്ന മൈമൂനയും ഇതേ വാചകമാണല്ലോ നസീമിനോട് പറഞ്ഞത് എന്ന് ഒരു നിമിഷം ഞാനോർത്തു. ശവത്തിൽ കുത്തരുതെന്നും വീട്ടിൽ വന്ന അഥിതയാണല്ലോയെന്നും ആലോചിച്ച് ഞാനത് സൂചിപ്പിച്ചില്ല. അല്ലാതെത്തന്നെ മൈമൂന അതാലോചിക്കുന്നുണ്ടാവും.
'നിഷാദിന്റെ ഭാര്യ നിങ്ങളോട് അത് പറഞ്ഞോ?'
'ഇല്ല, അവൾ പറഞ്ഞുവെന്ന് നിഷാദാണ് എന്നോട് പറഞ്ഞത്. ജബ്ബാർക്ക പറയാറുള്ള ഒരു കാര്യം ശെരിയാണ്. പർദ്ദ ഇട്ടതു കൊണ്ട് മാത്രം സ്ത്രീകൾ സ്വർഗത്തിൽ പോകണമെന്നില്ലായെന്ന്'
ശെരിയാണ് ഞാൻ പലപ്പോഴും ഇത് പറയാറുണ്ട്‌. അത് പോലും ഈ കുട്ടി ഓർത്തിരിക്കുന്നു.
'ഞാനെന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടത്?'
'ഇക്കാക്ക് ഇനി രണ്ടു ദിവസം കൂടിയേ ലീവ് ഉള്ളൂ എന്ന് സാറത്ത പറഞ്ഞു. ഇക്ക വിചാരിച്ചാലേ എനിക്കെന്റെ മകന്റെ കൂടെ നിൽക്കാൻ പറ്റൂ.' മൈമൂന കരഞ്ഞു തുടങ്ങി.
'മൈമൂന വിഷമിക്കാതിരിക്കൂ. ഞാനൊന്ന് നിഷാദിനോട്‌ സംസാരിച്ചു നോക്കട്ടെ'
ഞാൻ വിചാരിച്ചിട്ടും ഈ മൈമൂനാടെ വിവാഹബന്ധത്തിലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാനോർത്തു. നമ്മൾ ശ്രമിക്കുക. അല്ലാഹുവാണ് തീരുമാനം എടുക്കുക.
ഞാൻ നിഷാദിന്റെ മൊബൈൽ നമ്പർ വാങ്ങി അവനു ഫോണ്‍ ചെയ്തു.
അവൻ ഓട്ടോസ്റ്റാന്റിലുണ്ടെന്നും ഉടനെ എന്റെ വീട്ടിൽ എത്താമെന്നും പറഞ്ഞു.
'അവൻ എന്നെ കാണണ്ട. ഞാൻ ഇവിടെയുള്ള കാര്യം അവൻ അറിയുകയും വേണ്ട' അത് പറഞ്ഞു മൈമൂന വീടിന്നുള്ളിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ നിഷാദ് എത്തി.
'നിനക്കെന്നെ മനസ്സിലായോ?' ആമുഖമായി ഞാൻ ചോദിച്ചു.
മനസ്സിലായെന്നും അവന്റെ ഉപ്പ എന്നെ പറ്റി പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞു
'കഴിഞ്ഞാഴ്ച നിന്റെ വിവാഹം കഴിഞ്ഞു അല്ലെ?' മൈമൂന പറഞ്ഞതും അവൾ അകത്തുള്ളതും മറച്ചു വെച്ച് ഞാൻ ചോദിച്ചു.
'ഇക്കാനെ വിളിക്കാൻ ഞാൻ നേരിട്ട് ഈ വീട്ടിൽ വന്നിരുന്നു. പക്ഷെ, ഇക്ക ഗൾഫിലാണെന്നാണ് അറിഞ്ഞത്'.
'ശെരിയാണ്. ഞാനപ്പോൾ ഗൾഫിലായിരുന്നു' എന്നിട്ട് ഞാൻ തുടർന്നു 'ഉമ്മ ഇപ്പോൾ എവിടെയാണ്?'
'ഇപ്പോൾ ഞങ്ങളുടെ വാടകവീട്ടിലുണ്ട്. പക്ഷെ....' അവൻ വിഷയം നിറുത്തിയത് പോലെ.
'എന്താ ഒരു പക്ഷെ?'
'ഉമ്മാനെ ഞങ്ങളുടെ കൂടെ നിറുത്തന്നത് എന്റെ ഭാര്യക്ക് ഇഷ്ടമില്ല. ഒന്നുകിൽ അവൾ അല്ലെങ്കിൽ ഉമ്മ എന്നാണവൾ പറയുന്നത്'
'ഞാൻ നിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാം.'
ഇത് കേട്ട ഉടനെ അവന്റെ സംസാരവും മുഖഭാവവും മാറിയിട്ട് കരഞ്ഞു കൊണ്ടവൻ പറഞ്ഞു
'ഇക്ക, അല്ലാഹുവിനാണെ സത്യം, ഉമ്മാനെ കൂടെ നിറുത്തണമെന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ഞാൻ ഒരു നാടകം കളിച്ചതാ. ഒരു പ്രത്യേകകാര്യത്തിന്നു വേണ്ടി'
'എന്ത് പ്രത്യേകകാര്യം?'
'എന്റെ ഉപ്പയും ഉപ്പാടെ ഉമ്മയും അനുഭവിച്ച വേദന ഉമ്മ ഒന്നറിയണം. അതിന്നാണ് ഞങ്ങൾ ഈ നാടകം കളിച്ചത്.' അവൻ വിങ്ങിപ്പോട്ടുകയാണ്.
'മോനെ, നിഷാദെ, കേട്ടിടത്തോളം നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എങ്കിലും ഞാൻ നാട്ടുകാരിൽ നിന്നും കേട്ടറിഞ്ഞത് ഉമ്മ ഈ ചെറിയ ദിവസം കൊണ്ട് ഒരുപാട് മാനസികമായി അനുഭവിച്ചു എന്നാണു'
'എനിക്കെന്റെ ഉമ്മാനെ ഇപ്പോൾ തന്നെ കൂട്ടിക്കൊണ്ട് വരണം' അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു
'ഉമ്മ വീട്ടിലില്ലേ?' ഞാൻ ചോദിച്ചു
' ഇല്ല, ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ പുറത്ത് പോയതാണ്. മാമാടെ വീട്ടിലുണ്ടാവും.'
'വേണ്ട നീ ഒരുത്തിലും പോകേണ്ട. ഉമ്മ ഇവിടെത്തന്നെയുണ്ട്.' എന്നിട്ട് ഞാൻ മൈമൂനാട് വരാൻ പറഞ്ഞു.
ഉമ്മയും മകനും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ സാറയും കരയുന്നത് കണ്ടു. എന്തിനേറെ എന്റെ കണ്ണും നിറഞ്ഞു.
'ഞാൻ ഉമ്മാനെയും കൊണ്ട് പോകട്ടെ ഇക്കാ?' നിഷാദ് എന്നോട് അനുവാദം ചോദിച്ചു.
'തീർച്ചയായും പോകണം. പക്ഷെ എന്റെ സാറ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി'.
അവർ എന്റെ ക്ഷണം സ്വീകരിച്ചു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൈമൂനയും നിഷാദും സാറയുടെ ഭക്ഷണത്തിന്റെ രുചിയെപ്പറ്റി വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു.
മാങ്ങപുളിശ്ശേരി നന്നായി, ഇരുമ്പൻപുളി അച്ചാർ നന്നായി എന്നൊക്കെ. കുറെ കേട്ടപ്പോൾ പറയേണ്ടി വന്നു 'അല്ലെങ്കിൽ തന്നെ സാറാക്ക് അഞ്ചരയടി ഉയരമുണ്ട്. ഇനി പൊന്തിച്ചു പൊന്തിച്ചു ഇനി ഉയരം കൂട്ടരുത്'
അവർ യാത്രപറഞ്ഞു പോയി.
------------------------------------------------------------------
മേമ്പൊടി:
വിവാഹം കഴിച്ചു കൊടുക്കുന്ന പെണ്‍കുട്ടികളോട് മാതാപിതാക്കൾ കൊടുക്കേണ്ട ഉപദേശം: കല്യാണം കഴിഞ്ഞാലും ഞങ്ങളെ നിങ്ങൾ സ്നേഹിക്കണം, ബഹുമാനിക്കണം. എന്നാൽ ഭർത്താവിനെ, ഭർത്താവിന്റെ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കണം, ബഹുമാനിക്കണം.

Sunday 23 August 2015

ഭർത്താവുദ്യോഗം (കഥ) - ആദ്യഭാഗം

ഭർത്താവുദ്യോഗം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

'അസ്സലാമു അലൈക്കും ജബ്ബാർക്ക, ഞങ്ങൾക്കൊരു പ്രശ്നമുണ്ട്. അതിന്റെ ചർച്ച അടുത്ത ഞായറാഴ്ചയാണ്. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ജബ്ബാർക്ക വരണം'
ഒരു ദിവസം അടുത്ത നാട്ടുകാരായ കുറച്ചാളുകൾ എന്റെ വീട്ടിൽ വന്ന് എന്നോട് ആവശ്യപ്പെട്ടതാണത്.
അവർ അവരുടെ പ്രശ്നം എന്നോട് പറഞ്ഞു.
അവരിൽ ഒരാളുടെ മകൻ ചെറിയമിനായ് എന്ന സ്ഥലത്ത് നിന്ന് അഞ്ചു വർഷം മുമ്പ് വിവാഹം കഴിച്ചു. അതിൽ രണ്ട് വയസ്സായ ഒരു ആണ്‍കുട്ടിയുമുണ്ട്. മകന്റെ ഭാര്യാവീട്ടിലെ കാര്യങ്ങളെല്ലാം നടത്തുന്നത് ആ വീട്ടിലെ സ്ത്രീയാണ്. ഭർത്താവിന്നു ഒരു വിലയുമില്ല. കഴിഞ്ഞയാഴ്ച അദ്ധേഹത്തിന്റെ മകൻ ഗൾഫിൽ നിന്നും വന്നിട്ടും മകന്റെ ഭാര്യയെ പറഞ്ഞയച്ചില്ലെന്നു മാത്രമല്ല, അവർക്ക് വിവാഹബന്ധം ഒഴിഞ്ഞ് കിട്ടണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു'.
ഇങ്ങിനെ കുറേ കാര്യങ്ങൾ അവർ എന്നോട് പറഞ്ഞു.
എല്ലാം കേട്ട്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു 'നോക്കൂ, ഞാൻ വരാം. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഇനി ഞാൻ അവിടെ വന്ന് അവരുടെ സംസാരം കേട്ടിട്ട് അവരുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ ഭാഗത്ത്‌ നില്ക്കും'.
അതവർക്ക് പരിപൂർണസമ്മതമായിരുന്നു.
ഞാൻ കൃത്യസമയത്ത് തന്നെ ചെറിയമിനായ് എന്ന ഗ്രാമത്തിലെത്തി. കാദർക്കാടെ വീട്ടിൽ ചെന്നു. എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സ്വയം പരിചയപ്പെടുത്തി. കാദർക്കാനെയും ഭാര്യ ബൽക്കീസിനെയും ഞാൻ ഇതിന്ന് മുമ്പ് പലവട്ടം ചൂരിത്തറ എന്ന സ്ഥലത്ത് ദിക്കർ ഹൽക്കയിൽ വെച്ച് കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. ആ സ്ത്രീയുടെ വേഷം കണ്ടപ്പോൾ എനിക്ക് അത്ഭുദമായി. സാരി വലിച്ചു ഉടുത്തിരിക്കുകയാണ്. ഞാൻ എന്റെ അടുത്തിരുന്ന പള്ളി സെക്രട്ടറിയോട് ഇത് സൂചിപ്പിച്ചു. ആ സ്ത്രീ സൊസൈറ്റിയിലെ ഡയരക്ടർ ബോർഡ് മെമ്പർ ആണെന്നും അവിടേക്ക് പോകുമ്പോൾ ഇതിനേക്കാൾ മോശമായ രീതിയിലാണ് വേഷമെന്നും ദിക്കർ ഹൽക്കക്ക് മദ്രസയിൽ വരുമ്പോൾ മാത്രം സാരിതലപ്പ്‌ തലയിലൂടെ ഇടുമെന്നും സെക്രട്ടറി എന്നോട് സ്വകാര്യമായി പറഞ്ഞു.
വിവാഹത്തിന്നു വീഡിയോ പാടില്ല എന്ന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് പള്ളികളിൽ നോട്ടീസ് പതിച്ച പോലെ ദിക്കർ ഹൽക്കക്ക് വരുമ്പോഴെങ്കിലും പർധ ധരിക്കാൻ നിര്ധേശിക്കാമല്ലോ എന്ന് ഞാൻ സെക്രട്ടറിയോട് അഭിപ്രായം പറഞ്ഞു. അങ്ങിനെ നിർബന്ധിച്ചാൽ ആളുകളുടെ ദിക്കർ ഹൽക്കക്കുള്ള 'വരവും' പള്ളിയിലേക്കുള്ള 'വരവും' കുറയുമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

'അപ്പോൾ നമുക്ക് സംസാരം തുടങ്ങാമല്ലോ?' പള്ളി പ്രസിഡന്റ്‌ ഇസ്മയിൽ ഹാജി തുടർന്നു 'നമുക്ക് ഇവർ തമ്മിലുള്ള പ്രശ്നം ശെരിയാക്കി വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാം' പ്രസിഡന്റ്‌ നയം വ്യക്തമാക്കി.
'അത് വേണ്ട, എന്റെ മകൾ മൈമുനാക്ക് ഭർത്താവ് നസീമുമായുള്ള വിവാഹം തുടരാൻ ഇഷ്ടമല്ല' അത് പറഞ്ഞത് ബൾക്കീസ് ആയിരുന്നു.
'അല്ല, അത്രയധികം പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടോ?' പള്ളി സെക്രട്ടറിയാണത് ചോദിച്ചത്.
'ആ പറഞ്ഞതിൽ കാര്യമുണ്ടല്ലോ...............' കാദർക്ക അത് പറയുന്നതിന്നിടയിൽക്കയറി ബൾക്കീസ് പറഞ്ഞു 'നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യ..'
കാദർക്ക പിന്നെ ഒന്നും പറഞ്ഞില്ല. മേശപ്പുറത്ത് കിടന്നിരുന്ന ഒരു പഴയ പത്രം എടുത്ത് വായന തുടങ്ങി.
ബൾക്കീസ് പറഞ്ഞത് ശെരിയാണെന്ന് എനിക്ക് തോന്നി. കാരണം ആണുങ്ങളായ ഞങ്ങളും ബൾക്കീസും സംസാരിക്കുന്നിടത്ത് കാദറിന്ന് എന്ത് കാര്യം.
നസീമിന്റെ ഉപ്പ മരിച്ചു. നസീം ഏകമകനാണ്. നസീമിന്റെ ഉമ്മയെ അവന്റെ കൂടെ താമസിപ്പിക്കുന്ന കാര്യത്തിൽ മൈമുനാക്കു തീരെ സമ്മതമല്ല. ഒന്നുകിൽ നസീമിന്റെ ഉമ്മയുമായി താമസിച്ചോ, അല്ലെങ്കിൽ ഞങ്ങൾ മാത്രം. രണ്ടാളും കൂടിയുള്ള ജീവിതം വേണ്ട. ഇതാണ് വിവാഹ ബന്ധം വേണ്ട എന്ന അവരുടെ തീരുമാനത്തിന്നു കാരണം.
'എന്റെ മകൾ ഈ വിവാഹബന്ധം ഇഷ്ടപ്പെടുന്നില്ല' യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ ബൾക്കീസ് പറഞ്ഞു.
അത് മാത്രമല്ല എന്ത് പറഞ്ഞാലും ഇനി നസീമിന്റെ കൂടെ മൈമുനയെ പറഞ്ഞയക്കുന്ന പ്രശ്നമില്ലെന്നും തുറന്നു പറഞ്ഞു, ബൾക്കീസ്.
അത് വരെ നിശബ്ദനായ ഞാൻ ചോദിച്ചു. 'ആട്ടെ ഈ വിവാഹബന്ധം തുടരാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മൈമൂന എഴുതി തരുമോ?'
'അത് പറ്റില്ല, രേഖയായി ഒന്നും എഴുതി തരില്ല. പിന്നെ ഞങ്ങൾ നഷ്ടപരിഹാരം അവർക്ക് കൊടുക്കേണ്ടി വരും' പെട്ടെന്നാണ് ബൾക്കീസ് മറുപടി പറഞ്ഞത്.
ബൾക്കീസ് നിയമം മനസ്സിലാക്കിയെന്ന് എനിക്ക് മനസ്സിലായി. എന്റെ ആദ്യത്തെ ഇരയിൽ ബൾക്കീസ് കൊത്തിയില്ല.
അടുത്ത ചോദ്യം ഞാൻ ചോദിച്ചു. ആട്ടെ, 'ഈ വിവാഹം ആരാണ് തീരുമാനിച്ചത്?'
'ഇക്ക തന്നെ. ഈ മനുഷ്യന് നല്ലത് നോക്കിയെടുക്കാൻ അറിയില്ല'
ഏത് ഇക്ക എന്ന എന്റെ ചോദ്യത്തിന്നു ബൾക്കീസ് കാദറിനെ ചൂണ്ടി കാണിച്ചു. അദ്ദേഹം അപ്പോഴും പത്രത്തിൽ നോക്കിയിരിക്കുകയാണ്.
'നിങ്ങളെ സെലക്ട്‌ ചെയ്തതും ഈ മനുഷ്യൻ തന്നെയല്ലേ എന്ന് ഞാൻ ചോദിച്ചു. അതെ എന്ന് ബൾക്കീസ് പറഞ്ഞു.
പത്രവായനയിൽ മുഴുകിയ പോലെ ഇരിക്കുന്ന കാദർ പത്രത്തിന്നു മുകളിലൂടെ എന്നെ നോക്കി ചിരിച്ചു.
'ഞാൻ ഒരു ചോദ്യം മൈമൂനാട് ചോദിക്കട്ടെ. നിങ്ങളും ഇനി വലുതായി ഇത് പോലെ നിങ്ങളുടെ മകൻ കഴിക്കുന്ന പെണ്‍കുട്ടി ഇത് പോലെ നിങ്ങളെ കൂടെ താമസിപ്പിക്കരുതെന്നു പറഞ്ഞാൽ നിങ്ങൾക്ക് വിഷമമുണ്ടാവില്ലേ'. ഞാൻ ചോദിച്ചു.
'അതൊക്കെ അപ്പോഴത്തെ കാര്യമല്ലേ?' ഇതായിരുന്നു മൈമുനയുടെ മറുപടി.
അവരുടെ തീരുമാനത്തിൽ മാറ്റമില്ലെന്നു ഉറപ്പായപ്പോൾ ഞങ്ങൾ സംസാരം നിറുത്തി.
ഞാൻ നസീമിനെ വിളിച്ചു പുറത്തു ചെന്നു.
'നസീമേ ഇത്തരം പെണ്‍കുട്ടികളുമായുള്ള ബന്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്' ഞാനവനെ കാര്യം പറഞ്ഞു മനസ്സിലാക്കി.
'അതെനിക്കറിയാം ജബ്ബാർക്ക. എനിക്ക് ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹമില്ല. ഇവളുമായുള്ള ബന്ധം ഞാൻ ആഗ്രഹിച്ചത്‌ എന്റെ മകനൊരു ഉമ്മയും ഉപ്പയും ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണ്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ എന്റെ മകന്റെ കാര്യം ആലോചിക്കുമ്പോഴാണ് എന്റെ വിഷമം'. ഇതായിരുന്നു നസീമിന്റെ മറുപടി.
അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.
ഒടുവിൽ ബൽക്കീസിന്റെ ആവശ്യം അംഗീകരിച്ചു. വിവാഹബന്ധം വേർപെടുത്തി. നസീമിന്റെ മകൻ നിഷാദിനെ ബൽകീസിന്റെ ആവശ്യപ്രകാരം മൈമുനാക്ക് തന്നെ കൊടുത്തു.
എന്റെ ലീവ് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗൾഫിലേക്ക് പോയി.
ഇതിനിടെ നസീം രണ്ടാമത് വിവാഹം കഴിച്ചെന്നും അവർ സുഖമായി ജീവിക്കുന്നു എന്നുമറിയാൻ കഴിഞ്ഞു.
സമയത്തിന്റെ വേഗതയെ നാം രണ്ട് തരത്തിൽ കുറ്റം പറയാറുണ്ട്‌. എന്തൊരു വേഗത്തിലാണ് കാലം പോകുന്നത് എന്ന് ചിലപ്പോൾ പറയും. എന്നാൽ മറ്റു ചിലപ്പോൾ പറയും കാലം പോയിക്കിട്ടുന്നില്ലല്ലോ എന്ന്.
എന്നാൽ എനിക്ക് കാലം വളരെ വേഗം പോകുന്ന പോലെ തോന്നി.
ആദ്യം എഴുതിയ സംഭവം കഴിഞ്ഞിട്ട് എന്റെ ഗൾഫ് ജീവിതം ഇരുപത്തിരണ്ടു വർഷം വീണ്ടും കഴിഞ്ഞു.
വെറും പത്ത് ദിവസത്തെ ലീവിന്ന് ഞാൻ നാട്ടിൽ വന്നു. ഒരു ദിവസം ഞാൻ തൃശ്ശൂർ പോയി തിരിച്ചു വരുമ്പോൾ ഭാര്യയെ ഫോണ്‍ വിളിച്ചു പറഞ്ഞു. 'നീ വേഗം റെഡിയാവുക, ഞാൻ അരമണിക്കൂറിന്നുള്ളിൽ അവിടെയെത്തും. നമുക്ക് അനുജൻ താജുവിന്റെ വീട്ടിൽ പോകാം'
അവൾ സമ്മതിച്ചു. എന്റെ അനുജൻ താജു കാട്ടൂർ അൽബാബ് സ്കൂളിന്നടുത്താണ് താമസിക്കുന്നത്.
ഞാൻ വീട്ടിലെത്തുമ്പോൾ ഗൈറ്റിന്നടുത്തു തന്നെ ഭാര്യ നിൽക്കുന്നു. യാത്രക്ക് റെഡിയായിട്ടുമില്ല. ദേഷ്യം ഉള്ളിലടക്കി ഞാൻ ചോദിച്ചു 'എന്തേ യാത്രയാവാഞ്ഞേ'
പതുക്കെ പറ എന്ന് ആങ്ക്യഭാക്ഷയിൽ കാണിച്ചിട്ട് അവൾ എന്റെ അടുത്ത് പറഞ്ഞു 'ഇക്കാനെ അന്വേഷിച്ചു ഒരു സ്ത്രീ വന്നിട്ടുണ്ട്. അവർ ആരാണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല, വളരെ ദുഃഖം തോന്നുന്നു. കുത്ത് വാക്ക് പറയരുതെന്ന് ഇക്കാട് പറയാൻ അവൾ പറഞ്ഞു'
'നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേ? വീട്ടിൽ വരുന്നവർ ഏത് ശത്രുക്കളാണെങ്കിലും നാം മാന്യമായല്ലേ സ്വീകരിക്കാറുള്ളൂ'.
ആ സ്ത്രീ ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വീട്ടിൽ ചെന്നു.
<< അടുത്ത ഭാഗത്തിൽ അവസാനിക്കും >>

Monday 17 August 2015

ഇസ്ലാമിക മന്ത്രി (അനുഭവം)

ഇസ്ലാമിക മന്ത്രി (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടിൽ നടന്ന സംഭവമാണ്. ഞാൻ അബൂദാബിയിൽ അൽഹാമെലി ട്രേഡിംഗ് & ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ (എന്ത് കമ്പനി? ഒരു സ്പയർ പാർട്സ് കട) സെയിൽസ്മേനായി ജോലി നോക്കുന്ന കാലം. ഓൾഡ്‌ എയർപോർട്ട്‌ റോഡിൽ ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു, മെയിൻ പോസ്റ്റ്‌ ഓഫീസ്സിന്നു മുമ്പിലായിരുന്നു ആ ഷോപ്പ്. അന്ന് ഞാൻ താമസിച്ചിരുന്നത് ദാഇറത്തുൽമിയ എന്ന സ്ഥലത്താണ്. ദാഇറത്തുൽമിയ ഭാഗത്ത്‌ അറബികളുടെ വീടുകളുടെ സിറ്റിംഗ് ഹാൾ വിദേശികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ ഒന്നിലായിരുന്നു എന്റെ താമസം. നടന്ന് പോകാവുന്ന ദൂരമേയുള്ളുവെങ്കിലും ഞാനൊരു വാഹനം വാങ്ങി. ഇന്നത്തെ മെർസിഡസ് ബെൻസിനേക്കാൾ എനിക്കിഷ്ടപ്പെട്ട വാഹനം - സാധാരണ സൈക്കിൾ. അല്ലെങ്കിലും സൈക്കിൾ ഞങ്ങളുടെ തറവാടിന്റെ ട്രേഡ്മാർക്കാണല്ലോ?.
ജോലിക്ക് വരുന്നതും പോകുന്നതും ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു കൂടിയാണ്. നല്ല പൂഴിമണൽ. സൈക്കിൾ ഓടിക്കുന്നത്, ജനങ്ങൾ നടന്ന് നടന്ന് പോയി ഉറച്ച നടവഴിയിലൂടെയാണ്. റൂമിൽ ഉള്ളവരിൽ അധികപേരും ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപടി ഭാഗത്തുള്ളവരാണ്. സൈക്കിൾ ചവുട്ടി കുറെ കറങ്ങുന്നത് വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ദാഇറത്തുൽമിയ ഭാഗത്ത് നന്നായി ടാർ ചെയ്ത റോഡുകൾ ഉണ്ടായിരുന്നില്ല. അത് തന്നെയായിരുന്നു മദീന സായദിലും. കുറച്ചാളുകളെ ഒന്നിച്ച് കാണണമെങ്കിൽ ടോക്യോ മാർകെറ്റിലോ ഹംദാൻ റോഡിലെ TV ബിൽഡിംങ്ങിലോ പോകണം. മൂന്നു നിലയുള്ള ആ ബിൽഡിംഗ്‌ ആയിരുന്നു അന്ന് ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ്‌ .അതിന്റെ മുകളിലാണ് TVയുടെ ഏരിയൽ ഫിറ്റ്‌ ചെയ്തിരുന്നത്. അത് കൊണ്ടാണ് ആ പേര് വന്നത്.
അതിന്റെ അടുത്ത് സെന്റെർ ഹോട്ടലിന്റെ പിന്നിൽ ഖലീഫ സ്ട്രീറ്റിന്നും നടുവിലായി ഒരു ഇസ്ലാമിക്‌ & ഔക്കാഫ് മന്ത്രിയുടെ വീട് ഉണ്ടായിരുന്നു. ആ വീടിന്റെ മുന്നിൽ മതിലിന്റെ പുറത്ത് ജനങ്ങൾക്ക്‌ വെള്ളം കുടിക്കാൻ ഒരു കൂളറും ഗ്ലാസ്സുകളും ഉണ്ടായിരുന്നു. അത് പോലെ റോഡ്‌സൈഡിൽ മതിലിന്നു പുറത്ത് ഒരു സിമന്റ്‌ ബെഞ്ച്‌ ഉണ്ടായിരുന്നു. അതിൽ പലപ്പോഴും ആ മന്ത്രി വന്ന് ഇരിക്കുന്നത് അന്നത്തെ കാലത്ത് ഞങ്ങൾ കണ്ടിട്ടുണ്ട്.
അന്നൊക്കെ അൽഐനിലേക്ക് പോകുന്ന ടാക്സി വാഹനം അധികവും PEUGEOT ആണ്. ഒരു ദിവസം അത്തരം ഒരു വാഹനത്തിൽ അലൈനിൽ നിന്നും വന്ന യാത്രക്കാരിൽ മുൻസീറ്റിൽ ഇരുന്നത് ഒരു മലയാളി ഫാമിലിയായിരുന്നു. രാത്രിയിൽ ആ വാഹനത്തിന്റെ അറബിയായ ഡ്രൈവർ (മറ്റ് അറബിനാട്ടുകാരൻ) ആ ഫാമിലിയെ ദാഇറത്തുൽമിയയിൽ ഇറക്കി. അന്നൊക്കെ ആ ഭാഗത്ത് ഇടുങ്ങിയ വഴികൾ ധാരാളം ഉണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോഴാണ് അറബി ഒരു കാര്യം മനസ്സിലാക്കിയത്, തന്റെ വണ്ടിയുടെ ഡാഷ് ബോർഡിൽ വെച്ചിരുന്ന മൂവ്വായിരം രൂപ കാണാനില്ല എന്ന സത്യം. ആ മനുഷ്യൻ പോലീസ് സ്റ്റെഷനിൽ പരാതി കൊടുത്തു. പോലീസ് അന്നത്തെ ലാൻഡ്‌റോവർ ജീപ്പിൽ വന്നു. ആ ഫാമിലിയേയും അടുത്ത റൂമുകളിൽ നാട്ടിലേക്ക് പോകാൻ സാധനങ്ങൾ വാങ്ങി വെച്ചിരുന്ന മലയാളികളേയും കൊണ്ട് പോയി. എല്ലാവരുടെയും പാസ്പോർട്ടുകളും പോലീസ് വാങ്ങി.
അന്ന് UAEയിൽ ഇന്ത്യൻ എംബസ്സിയൊ കോണ്‍സുലെറ്റോ ഇല്ല. മസ്കത്തിലാണ് ഇന്ത്യൻ എംബസി. പിന്നീടാണ് അബൂദാബിയിലും ദുബായിലും കോണ്‍സുലറ്റ് വന്നതും അബുദാബി കോണ്‍സുലറ്റ് എംബസ്സിയായി മാറിയതും. ആദ്യം കോണ്‍സുലറ്റ് വന്നത് അൽമാറിയ സിനിമയുടെ പിൻഭാഗത്തുള്ള ഒരു ഇരുനിലകെട്ടിടത്തിലെ ചില മുറികളിൽ ആയിരുന്നു.
മലയാളികളെ അറസ്റ്റ് ചെയ്തതറിഞ്ഞു ചാവക്കാട് ഒരുമനയൂർ എന്ന സ്ഥലത്തെ ഒരു തങ്ങൾ ഇസ്ലാമിക മന്ത്രിയെ കാണാൻ പോകാനുറച്ചു. അദേഹത്തിനു അന്ന് നന്നായി അറബി സംസാരിക്കാൻ അറിയുമായിരുന്നു. വെറുതെ ഒരു സ്നേഹിതനായി അദ്ധേഹത്തിന്റെ കൂടെ ചെല്ലാൻ എന്നോടാവശ്യപ്പെട്ടു.. ഷൈഖിനെ കാണാൻ കൂടെ ചെല്ലാൻ പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു. ആദ്യം ഞാൻ നിരസിച്ചെങ്കിലും കൂടെ പോയി. ഞങ്ങൾ രണ്ടു പേരും രണ്ടു വാഹനത്തിൽ (സൈക്കിൾ) അങ്ങൊട്ട് ചെന്നു. കൂടാതെ കുറ്റം ആരോപിക്കപ്പെട്ടവരോടും അവിടെ എത്താൻ പറഞ്ഞു.
ഞങ്ങൾ ചെന്നപ്പോൾ ആ ഷൈഖ് (മന്ത്രി) സാധാരണക്കാരനെ പോലെ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ ആദ്യം മടിച്ചു. എന്തോ ഒരു ഭയം. പിന്നെ ഞാൻ ഇരുന്നു. (വർഷങ്ങൾക്ക് ശേഷം ഈ എനിക്ക് മറ്റൊരു ഷൈഖിന്റെ ഓഫീസ് മേനേജർ ആയി വളരെക്കാലം ജോലി ചെയ്യുവാനും ഒരു പാട് ഷൈഖ്മാരെ പരിചയപ്പെടുവാനും കഴിഞ്ഞു എന്നത് മറ്റൊരു പിൽക്കാലചരിത്രം)
അവരുടെ നിരപരാധിത്വം മനസ്സിലാക്കിയ ആ ഷൈഖ് ഉടനെ അന്നത്തെക്കാലത്തെ റോട്ടറിടൈപ്പ് ലാൻഡ്‌ഫോണ്‍ എടുത്ത് കറക്കി. അങ്ങേ തലയ്ക്കൽ അന്നത്തെ ആഭ്യന്തര മന്ത്രി ഷൈഖ് മുബാറക് ബിൻ മുഹമ്മദ്‌ അൽനഹിയാൻ ആയിരുന്നു.
ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട് ആ ഇസ്ലാമിക മന്ത്രി അവരോട് പറഞ്ഞു. 'നിങ്ങളുടെ പാസ്പോർട്ട്‌ മടക്കി തരാൻ ആഭ്യന്തര മന്ത്രി പോലീസ് ഓഫീസർമാരോട് പറഞ്ഞിട്ടുണ്ട്.' ഇത് പറഞ്ഞു അദ്ദേഹം ചോദിച്ചു 'ആ പോലീസുകാരെ എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്?'
അന്നത്തെ പോലീസുകാരിൽ അധികവും UAEക്കാർ അല്ല.
'അവർക്ക് ഒരു ശിക്ഷയും കൊടുക്കേണ്ട. അത് ദൈവം കൊടുത്തോളും'. കോറസ് ആയി അവർ പറഞ്ഞത് അതായിരുന്നു.
--------------------------------------------------------
മേമ്പൊടി:
അശരണരുടെ പ്രാർത്ഥന ദൈവം കേൾക്കും (നബിവചനം)

Sunday 16 August 2015

മാനവസൌഹൃദം (നീണ്ടകഥ) ഭാഗം 2

മാനവസൌഹൃദം (നീണ്ടകഥ) ഭാഗം 2 
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

<<<കഴിഞ്ഞ ലക്കത്തിൽ നിന്നും തുടര്ച്ച>>>

വീട്ടുകാരുടെ ഇഷ്ടപ്രകാരമല്ലാത്ത വിവാഹമായത്‌ കൊണ്ട് അവർ എന്നെ കയ്യൊഴിഞ്ഞപോലെയായി. മരണചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഓരോരുത്തരായി യാത്രപറഞ്ഞു. വാടക വീട്ടിൽ ഞാൻ തനിച്ചായി. സ്വന്തം ഉമ്മ പോലും എന്നോട് പോരണോ എന്ന് ചോദിച്ചില്ല. ഒരു സ്ത്രീയായ ഉമ്മ പോലും എന്റെ കാര്യത്തിലെടുത്ത നിലപാടിൽ എനിക്ക് ദേഷ്യം തോന്നി. ഒരു പക്ഷെ ഉപ്പാടെ നിർദേശമാകാം. ഏതൊരു സ്ത്രീക്കും ഭർത്താവ് പറയുന്നത് അനുസരിക്കുകയല്ലേ വഴിയുള്ളൂ.
ഞാനിങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പഞ്ചായത്ത്‌ മെമ്പറായ അശ്വതി ടീച്ചർ കടന്നു വന്നു.
'മോളെ, ഞാൻ വിവരങ്ങളെല്ലാം അറിഞ്ഞു. ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണെന്ന് കരുതുക' വന്നപാടെ ടീച്ചർ അത് പറഞ്ഞു കൊണ്ട് തുടർന്നു 'മോൾക്ക്‌ ആരുമില്ലെങ്കിൽ ഞാനുണ്ട്'
എന്റെ കണ്ണിൽ നിന്നും സന്തോഷാശ്രു നിർഗളിച്ചു.
'ഞാൻ അത്മഹത്യയെ പറ്റി ചിന്തിക്കുക പോലും ഇല്ല. അശരണരുടെ പ്രാർഥനക്ക് ദൈവം ഉത്തരം നൽകുമെന്നതു എത്ര ശെരിയാണ്. അത് പറഞ്ഞു ഞാൻ ടീച്ചറുടെ തോളിലേക്ക് ചാഞ്ഞു. ഒരു അമ്മയെ പോലെ ടീച്ചർ എന്നെ ആശ്വസിപ്പിച്ചു
'മോൾ എന്റെ കൂടെ വന്നോളൂ. എന്റെ മരണം വരെ നിന്നെ എന്റെ മകളെ പോലെ നോക്കിക്കോളാം'
'അതിനു ഞാൻ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവളും അത് കഴിയുന്നത്ര കൃത്യമായി കൊണ്ട് നടക്കുന്ന ഒരു മുസ്ലിം സ്ത്രീയല്ലെ? നിങ്ങളുടെ കൂടെ വരാൻ ഞാൻ ഹിന്ദുവാകണോ?'
'നീ നിന്റെ മതത്തിൽ തന്നെ തുടരുക. മോളെ, എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്‌. നീ ഇന്ന് തന്നെ എന്റെ കൂടെ പോന്നോളൂ'.
വീടിന്റെ ഉടമസ്ഥനോട് പറഞ്ഞു വീട്ട് സാധനങ്ങൾ ഒരു ടെമ്പോവിലാക്കി അശ്വതി ടീച്ചറുടെ വീട്ടിലേക്ക് പോയി.
അവിടെ വിധവയായ, മക്കളില്ലാത്ത ടീച്ചറും ഒരു വേലക്കാരത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആ വീട്ടിലെ ഒരു മുറി ശെരിയാക്കി തന്നു. നിസ്കരിക്കാനുള്ള എല്ലാ സൌകര്യങ്ങളും ടീച്ചർ ഒരുക്കി തന്നു.
രണ്ടാഴ്ച കഴിഞ്ഞു കാണും. എനിക്ക് കലശലായ വേദന. ടീച്ചർ ഉടനെ ഒരു കാർ വിളിച്ചു ആശുപത്രിയിലേക്ക് എന്നെ കൊണ്ട് പോയി. അവിടെ അഡ്മിറ്റ്‌ ചെയ്തു. മുഴുവൻ സമയവും ടീച്ചർ ആശുപത്രിയിൽ എന്റെ കൂടെയുണ്ടായിരുന്നു.
എന്നെ ലേബർ റൂമിലേക്ക്‌ കൊണ്ട് പോയി. ആവശ്യമില്ലാതെ സിസേറിയൻ നടത്തുന്ന ആശുപത്രിയല്ലായിരുന്നു അത്. വൈകീട്ട് ഞാൻ പ്രസവിച്ചു. ഒരാണ്കുനഞ്ഞ്. സന്തോഷം കൊണ്ട് വീർപ്പുമുട്ടുമ്പോഴും ഉള്ളിൽ വല്ലാത്ത ഒരു തേങ്ങലായിരുന്നു. എന്റെയും ജബ്ബാർക്കാടെയും ആളുകൾ വന്നില്ലല്ലോ എന്നതല്ലായിരുന്നു എന്റെ വേദന. മറിച്ച് ഞങ്ങളുടെ പോന്നുമോനെ കാണാൻ എന്റെ ഇക്കയില്ലല്ലോ എന്നതായിരുന്നു.
എന്റെ പ്രസവത്തിന്നു രക്തത്തിന്റെ ആവശ്യം വന്നെന്നും ഒരു മടിയും കൂടാതെ ടീച്ചറുടെ രക്തമാണ് ഉപയോഗിച്ചതെന്നും പിന്നീട് ഞാനറിഞ്ഞു. രക്തബന്ധങ്ങൾ ഉണ്ടായിട്ടെന്തു കാര്യം? അല്ലെങ്കിൽ തന്നെ രക്തതിന്നും വിശപ്പിന്നും എന്ത് ജാതി? എന്ത് മതം?
ഒരു വർഷത്തിനു ശേഷം എനിക്കൊരു ജോലി ലഭിച്ചു.
നാലഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ വേറെ ഒരു വിവാഹം കഴിക്കാൻ പലവരും, ടീച്ചറും എന്നോട് പറഞ്ഞു. 'ടീച്ചർക്ക് എന്നെ കൊണ്ട് അത്ര ഉപദ്രവമായോ' എന്നാണു ഞാൻ ചോദിച്ചത്.
'അയ്യോ മോളെ, എനിക്ക് നിന്നെക്കൊണ്ട് ഒരു ഉപദ്രവവുമില്ല. പക്ഷെ എന്റെ കാലം കഴിഞ്ഞാൽ ...... അതാലോചിച്ചിട്ടാണ്'
അതിന്നു ശേഷം ടീച്ചർ ആ വിഷയം സംസാരിച്ചില്ല.
നോമ്പ് കാലത്ത് അത്താഴം കഴിക്കാൻ എന്നെ വിളിച്ചുണര്തുന്നതും നോമ്പ് തുറക്കാൻ വേണ്ടത് ചെയ്യുന്നതും ടീച്ചറായിരുന്നു.
കാലചക്രത്തിന്റെ വേഗത ചിലപ്പോൾ ഒച്ച്‌ ഇഴയുന്ന പോലെയാണ്, വളരെ മന്ദഗതിയിൽ. മറ്റു ചിലപ്പോൾ കുതിരയെ പോലെയും, വളരെ വേഗത്തിൽ. ഇന്ന് എന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു.
ഒരു ദിവസം രാത്രിയിൽ ടീച്ചർക്ക് വല്ലാത്ത നെഞ്ഞുവേദന. ഞാൻ ഉടനെ ഒരു വണ്ടി തരപ്പെടുത്തി ടീച്ചറെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ വെച്ച് ടീച്ചർ എന്നോട് പറഞ്ഞു 'എനിക്ക് മോളുടെ മടിയിൽ കിടക്കണം. കട്ടിലിന്റെ ചുറ്റും ടീച്ചറുടെ ബന്ധക്കാരും മറ്റും ഉണ്ട്. ടീച്ചറുടെ തലയെടുത്ത് എന്റെ മടിയിൽ വെച്ചു. 'മോളെ, നീ എന്നെ ഉമ്മാ എന്ന് വിളിക്ക്'. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. ഞാൻ ഉറക്കെ വിളിച്ചു. 'ഉമ്മാ.......എന്റെ പോന്നുമ്മാ......'
ടീച്ചറുടെ ജ്യെഷ്ടത്തിയുടെ മകൻ ടീച്ചറുടെ വായിൽ ഗംഗാജലം ഒഴിച്ചു കൊടുത്തു. ടീച്ചർ 'നാരായണാ, നാരായണാ' എന്ന് ഉരുവിടുന്നുണ്ടായിരുന്നു. പിന്നെ ആ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ ചുണ്ടുകളുടെ ചലനം നിന്നു.
എന്റെ ടീച്ചർ, എന്റെ അമ്മ എന്റെ മടിയിൽ കിടന്ന് ഈ ലോകത്തോട്‌ വിടപറഞ്ഞിരിക്കുന്നു എന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞു.
ശവശരീരം വീട്ടിൽ കൊണ്ട് വന്നിട്ടും പറമ്പിൽ അടക്കുന്നതിനെ പറ്റിയോ സ്ഫുടം ചെയ്യുന്നതിനെ പറ്റിയോ ഒന്നും സംസാരിക്കുന്നത് കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ്‌ ടീച്ചറുടെ ജ്യെഷ്ടത്തിയുടെ മകൻ എല്ലാവരോടുമായി പറഞ്ഞത് 'കുഞ്ഞമ്മ ഒരു മരണപത്രം എഴുതി വെച്ചിട്ടുണ്ട്. അതിൽ സംസ്കാരകർമം നിളനദിയുടെ കരയിൽ വേണമെന്നാണ്'
എന്റെ ടീച്ചറെ കൊണ്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. വന്നവരിൽ ടീച്ചറുടെയും അവരുടെ ഭർത്താവിന്റെയും ആളുകൾ ഒഴികെ മറ്റെല്ലാവരും പോയി.
എല്ലാവരും പോയികഴിഞ്ഞപ്പോൾ ഞാൻ ടീച്ചറുടെ ജ്യെഷ്ടത്തിയുടെ അടുത്ത് ചെന്ന് പറഞ്ഞു 'രണ്ടു മൂന്ന് ദിവസത്തിന്നുള്ളിൽ ഞാൻ വീട് മാറിക്കൊള്ളാം'
'മോളെ, നീ ഒരു സ്ഥലത്തേക്കും മാറേണ്ട. ഈ വീടും സ്ഥലവും നിന്റെയും മകന്റെയും പേരിൽ മരണപത്രം രജിസ്റ്റർ ചെയ്ത് വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു.
മതത്തിന്റേയും മതഗ്രൂപ്പുകളുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടമാടുന്ന അക്രമങ്ങളും കൊലകളും കാണുമ്പോൾ അവരോട് ഒരു കാര്യം ചോദിക്കാൻ തോന്നുന്നു. 'നമുക്ക് ആർക്കെങ്കിലും ഒരു ജീവൻ കൊടുക്കാൻ പോയിട്ട് ഒരു ജീവിതം കൊടുക്കാൻ കഴിയുമോ?'
------------------------------------------
മേമ്പൊടി:
കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ
അഭിനന്ദനം നിനക്കഭിനന്ദനം അഭിനന്ദനം അഭിനന്ദനം
വ്യാസനോ, കാളിദാസനോ അത്
ഭാസനോ ഷെല്ലിയൊ ഷെയ്ക്സിപിയറോ
അഭിനന്ദനം നിനക്കഭിനന്ദനം അഭിനന്ദനം അഭിനന്ദനം
വിഷാദസാഗരമുള്ളിലിരമ്പും തുഷാരഗദ്ഗദബിന്ദൂ
സ്ത്രീയൊരു വികാരവൈഡൂര്യബിന്ദൂ
<<< ശെരിയാണ്, അതൊരു ചിപ്പിയിൽ വീണാൽ വൈഡൂര്യമാകും, പൂവിൽ വീണാൽ പരാഗമാകും. തൊടരുത്, എടുത്തെറിയരുത് >>>
ഇന്ദ്രനതായുധമാക്കി ഈശ്വരൻ ഭൂഷണമാക്കി
വ്യഭിചാരതെരുവിൽ മനുഷ്യനാമുത്തുക്കൾ
വിലപേശി വിൽക്കുന്നു , ഇന്ന് വിലപേശി വിൽക്കുന്നു
പ്രപഞ്ചസാഗരമുള്ളിലോതുക്കും
പ്രകാശ ഉൽബൂദബിന്ദൂ - സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദൂ
<<< അതെയതെ, ആ നീർക്കുമിളകളിൽ നോക്കിയിരുന്നാൽ പ്രപഞ്ചം മുഴുവൻ പ്രതിബിംബിക്കുന്നത് കാണാം. തൊടരുത്, എടുത്തെറിയരുത് >>>
ചന്ദ്രിക ചന്ദനം ചാരത്തി, തെന്നൽ വന്നളകങ്ങൾ പുൽകീ
വഴിയാത്രക്കിടയിൽ വലവീശിയുടക്കുന്നു ഇന്ന്
വലവീശിയുടക്കുന്നു

Saturday 15 August 2015

പൈതൃകം (ജീവിതകഥ)


പൈതൃകം (ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

അനുഭവങ്ങൾ ഓർത്ത് കൊണ്ട് ഞാൻ എഴുതട്ടെ. എന്റെ ഉപ്പ - ഇബ്രാഹിംകുട്ടി - എഴുതുവാൻ ഒരു പാടുണ്ട്. സപ്തസാഗരങ്ങളിലെ ജലം മഷിയായി എടുത്താലും മതിയാകാതെ വരും. ഇത് എന്റെ ഉപ്പ മാത്രമല്ല, ഇത് പോലെ ഒരു പാട് ഉപ്പമാർ, അച്ചന്മാർ, അപ്പന്മാർ ജീവിച്ചിരിക്കുന്നവരായും മരണപെട്ടവരായും ഉണ്ട്. അവർക്ക് ഈ ജീവിതകഥ ഞാൻ സമർപ്പിക്കുന്നു.
അന്ന് ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ വർഷത്തിൽ രണ്ട് തവണ ഫീസ്‌ അടക്കണം. OBC ആയത്കൊണ്ട് രണ്ടു രൂപ മുപ്പത് പൈസയാണ് ഒരു തവണത്തെ ഫീസ്‌. ഫീസ്‌ അടക്കാൻ വൈകിയാൽ പതിമൂന്ന് പൈസ ഫൈൻ അടക്കണം. എല്ലാ പ്രാവശ്യവും ഫൈൻ അടക്കേണ്ടി വന്നിട്ടുണ്ട്. ചോദിക്കുമ്പോൾ പൈസ ഉടനെ തന്നാൽ പണത്തിന്റെ വില മക്കൾ അറിയില്ല എന്നതാണ് ഒരു പ്രധാന കാരണം. അത് പോലെ തൃപ്രയാർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ കോളേജിൽ നിന്നെടുത്ത ലൈബ്രറി ബുക്ക്‌ കൈമോശം വന്നു. പരീക്ഷക്ക്‌ ഹാൾ ടിക്കെറ്റ് കിട്ടണമെങ്കിൽ ഒന്നുകിൽ ആ ബുക്ക്‌ വേണം. അല്ലെങ്കിൽ ഇരുപത്തഞ്ചു രൂപ അടക്കണം. അന്നത്തെ ഇരുപത്തഞ്ചു രൂപയുടെ ഇന്നത്തെ മൂല്യം കണക്കിന്നപ്പുറത്താണ്‌. ഒരു പാട് ശകാരങ്ങൾ പറഞ്ഞതിന്നു ശേഷം, ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ച HENRY SANDOZ വാച്ച് ഊരി വാങ്ങിയതിനു ശേഷമാണ് ആ പൈസ കിട്ടിയത്.
പത്താംതരം (SSLC) പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ച രണ്ടു മാസം ഉപ്പ നടത്തിയിരുന്ന കാട്ടൂർ സഹകരണസംഘത്തിന്റെ റേഷൻ കട എന്നെ ഏല്പിക്കും. മാസം അറുപത് രൂപയാണ് സംഘം തരുന്ന ശമ്പളം. അത് എനിക്ക് എടുക്കാം. അങ്ങിനെ ചെറുപ്പം മുതലേ എന്നെ ജീവിതത്തിന്റെ പാഠങ്ങൾ പ്രാക്ടിക്കൽ ആയി പഠിപ്പിച്ചു തന്നു എന്റെ ഉപ്പ. ഒരു പക്ഷെ ഉപ്പാടെ തണലിൽ ഞാൻ വളരുകയായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒന്നുമല്ലാതെ ആവുമായിരുന്നു. നേരെമറിച്ചു, അഴിച്ചു വിട്ട ഒരു പട്ടം കണക്കെ എന്നെ വളർത്തിയത്‌ കൊണ്ടാവാം ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.
ഒരു പാട് കച്ചവടങ്ങൾ നടത്തി, മാനസീകമായും ശാരീരികമായും വളരെയധികം കഷ്ടപ്പെട്ട്, സ്വയം പട്ടിണി കിടക്കേണ്ടി വന്നാലും മക്കളെ പട്ടിണിക്കിടാതെ വളർത്തിയ എന്റെ ഉപ്പ. മക്കളോട് സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഉപ്പ. എന്നാൽ ഉപ്പാടെ ജീവിതകാലത്ത് ജനിച്ച ഒരേ ഒരു പേരകുട്ടിയെ, ഉപ്പ കടയില്ലാത്തപ്പോൾ സൈക്ലിന്റെ തണ്ടിൽ ഇരുത്തി പാടത്തിന്റെ വരമ്പിലൂടെ തള്ളികൊണ്ട് നടക്കുന്നതും ആ കുട്ടിക്ക് കട അടച്ചു വരുമ്പോൾ പലഹാരങ്ങൾ കൊണ്ട് കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അന്യസംസ്ഥാനങ്ങൾ കണ്ടിട്ടില്ലാത്ത, ഹിന്ദി അന്നും ഇന്നും എനിക്ക് വഴങ്ങാത്ത, എന്റെ ബോംബെയിലെ ലാഞ്ചി എജെന്റ് ആയ എടമുട്ടം പയച്ചോടുള്ള ഹമീദുക്കാടെ ബോംബെ അഡ്രസ്സും ലാഞ്ചിക്ക് കൊടുക്കേണ്ട എഴുനൂറ്റിഅമ്പത് രൂപക്കുള്ള DDയും ആയിട്ടാണ് ഞാൻ ദാദറിൽ വന്നിറങ്ങിയത്. യാത്ര പുറപ്പെടുമ്പോൾ 'ബിസ്മില്ലാഹി തവക്കൽതു അല അള്ളാ (ദൈവത്തിന്റെ നാമത്തിൽ തുടങ്ങുന്നു, ദൈവത്തെ ഭരമേൽപ്പിക്കുന്നു)' എന്ന പ്രാർത്ഥനയാണ് ഉപ്പ എന്നെ പഠിപ്പിച്ചു വിട്ടത്. കൂട്ടത്തിൽ ഉപ്പാടെ പൊരുത്തവും ഗുരുത്തവും. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റെഷനിൽ ജനറൽ കമ്പാർറ്റുമെന്റിൽ സീറ്റ് ലഭിക്കാൻ ഉപ്പ ട്രെയിൻ സ്റ്റാർട്ട്‌ ചെയ്യുന്ന കൊച്ചിയിലേക്ക് പോയി അവിടെ നിന്ന് ബോംബെ ടിക്കെറ്റ് എടുത്തു സീറ്റിൽ ഇരുന്ന് കല്ലേറ്റുംകരയിൽ എത്തുമ്പോൾ ഇറങ്ങി ഞാൻ കയറി ആ സീറ്റിൽ ഇരിക്കും.റിസർവേഷൻ സിസ്റ്റം അന്ന് ഇല്ലാത്തത് കൊണ്ടോ, അതല്ലെങ്കിൽ അതിന്നുള്ള പൈസ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല അന്ന് ഉപ്പ അത് ചെയ്തത്. ദാദർ സ്റ്റെഷനിൽ ഇറങ്ങി കഷ്ടപ്പെട്ട് ഓരോരോത്തരോടും ചോദിച്ചു ഹമീദ്ക്കാടെ കടയിൽ എത്തി. അന്നെനിക്ക് പതിനെട്ട് വയസ്സ് പ്രായം. ഒരു ഭാഷാപരിചയവുമില്ലാത്ത ഞാൻ അവിടെ എത്തിയതിൽ ഹമീദ്ക്കാക്ക് അത്ഭുദം. 'മോനെ ഇത് ബോംബെ ആണ്. പണവും തലയും കാണില്ല.' എന്നായിരുന്നു ഹമീദ്ക്കാടെ കമന്റ്.

കാട്ടൂർ പൊട്ടക്കടവ് പാലത്തിന്റെ കിഴക്കേ ഭാഗത്ത്‌ ഞങ്ങൾക്ക് കുറച്ചു നിലം (പാടം) ഉണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞു നെല്ലിന്റെ കറ്റകൾ ഉന്തുവണ്ടിയിൽ കയറ്റി ജോലിക്കാർ തളളും. അവരെ സഹായിക്കാൻ ഉപ്പയും കൂടും. അപ്പോൾ ഉപ്പാടെ സൈക്കിൾ ഞാൻ ആദ്യം ഇടക്കാലിട്ടും പിന്നെ കുറച്ചു കയറിയും ചവിട്ടാൻ പഠിക്കും. ഉപ്പ സൈക്ലിന്റെ പിറകിൽ പിടിക്കും, ഞാൻ വിഴാതിരിക്കാൻ. പിന്നോട്ട് നോക്കെരുത് ഉപ്പ പിടിക്കുന്നുണ്ട് എന്ന് ഇടയ്ക്കിടെ ഉപ്പ പറയും. നീ വീഴില്ല, ഞാൻ പിടിച്ചിട്ടുണ്ട്, ധൈര്യമായി ചവുട്ടിക്കോളൂ എന്ന വാക്ക് ഇന്നും എന്റെ ജീവിതത്തിൽ ഞാൻ ഓർക്കുന്നു . ഇന്നും എന്റെ ജീവിതമാകുന്ന സൈക്കിൾ സവാരിയിൽ എന്തെങ്കിലും വീഴ്ച വരുമോ എന്ന് തോന്നുമ്പോൾ ഉപ്പാടെ വാക്കുകൾ ഞാൻ ഓർക്കും. 'മോനെ ശറഫൂ നീ ധൈര്യമായി മുന്നോട്ട് പൊയ്കോളൂ. വീണാൽ ഞാൻ പിടിക്കാം'

1969ൽ പേർഷ്യയിലേക്ക് ലാഞ്ചിയിൽ പോയ ഞാൻ ആദ്യമായി തിരിച്ചു വന്ന് ഉപ്പാനെ കെട്ടിപിടിച്ചപ്പോൾ ഉപ്പാടെ കണ്ണിൽ നിന്നും ഒരു നനവ്. ഉപ്പ കരയുകയോ?. ആലോചിക്കാൻ വയ്യ. 'ഉപ്പാ, ഉപ്പാടെ മോൻ രണ്ടു വർഷം പേർഷ്യയിൽ നിന്നിട്ടും........ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല.....' ഞാൻ ഗദ്ഗദകണ്ടനായി പറഞ്ഞു.
'അത് സാരമില്ല. ലാഞ്ചിയിൽ പോയ നീ ഒരു വിസ സംബാദിച്ചില്ലേ. രണ്ടു വർഷം പോയെന്നല്ലെയുള്ളൂ. കാലം ഇനിയും ഇല്ലേ...' അതാണ്‌ എന്റെ പോന്നുപ്പ. ഉപ്പാടെ വാക്കുകൾ ശെരിയായിരുന്നു എന്ന് കാലം തെളിയീച്ചു.
ഇന്ന് ഞാൻ ഉപ്പ സമ്പാദിച്ചതിനേക്കാൾ ഒരു പാട് മടങ്ങ്‌ സമ്പാദിചിട്ടുണ്ട്, ഉപ്പ പഠിച്ച വിദ്യാഭ്യാസത്തേക്കാൾ ഒരു പാട് പഠിച്ചിട്ടുണ്ട്, ഉപ്പ കാണാത്ത ഒരു പാട് ലോക രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷെ, ഉപ്പാടെ മുന്നിൽ സമ്പാദ്യത്തിന്റെ കാര്യത്തിൽ ഇന്ന് ഞാൻ ഒരു ദരിദ്രനാണ്, അറിവിന്റെ കാര്യത്തിൽ ഞാൻ പാമരനാണ്, ലോകരാഷ്ട്രങ്ങൾ സന്ദർശിച്ച ഞാൻ കിണറ്റിലെ തവളയാണ്.

1974ൽ നവംബർ 17ന്ന് ആയിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭാര്യയെ അബൂദാബിക്ക് കൊണ്ട് വരാൻ ടിക്കെറ്റും വിസയും അയച്ചു. തൃശ്ശൂർ ടൌണ്‍ പോലും വിവാഹത്തിന്നു മുമ്പ് കണ്ടിട്ടില്ലാത്ത എന്റെ ഭാര്യക്ക് ബോംബെ വഴി ഫ്ലൈറ്റ് മാറികേറി അബുദാബിക്ക് വരാൻ ഒട്ടും ധൈര്യമില്ല. അന്നൊന്നും അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ഞാൻ വന്ന് ഭാര്യയെ കൊണ്ട് വരുന്ന സാമ്പത്തിക നഷ്ടം തുടങ്ങി പലതും ഉപ്പാട് പറയാൻ ഫോണ്‍ ട്രങ്ക് ബുക്ക്‌ ചെയ്തു. അന്നൊക്കെ ഫോണ്‍ ലൈൻ പോയിരുന്നത് അബുദാബി - ബോംബെ (കടലിന്നടിയിലൂടെയുള്ള കേബിൾ), ബോംബെ-മദ്രാസ്‌-എറണാകുളം (റെയിൽപാളതിന്നടുത്തുകൂടെയുള്ള പോസ്റ്റിലൂടെയുള്ള കമ്പി), എറണാകുളം-ഇരിഞ്ഞാലക്കുട-കാട്ടൂർ (റോഡ്‌ സൈഡിലൂടെയുള്ള ലൈൻ). ഇതിനിടെ എവിടെയെങ്കിലും മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ ട്രങ്ക് വീണ്ടും ബുക്ക്‌ ചെയ്യണം. മൂന്നു ദിവസത്തെ കാത്തിരിപ്പിന്നോടുവിൽ ഉപ്പാടെ റേഷൻ കടക്ക് സമീപമുള്ള കാട്ടൂർ പഞ്ചായത്തിലേക്ക് ലൈൻ കിട്ടി. അന്നൊക്കെ പേർഷ്യയിൽ നിന്നും ഫോണിലൂടെ വളരെ ഉറക്കെ സംസാരിച്ചാലേ മനസ്സിലാക്കാൻ പറ്റൂ. 'നീ വന്നു കൊണ്ട് പോയിക്കോ' എന്ന് മാത്രമേ ഉപ്പ പറഞ്ഞുള്ളൂ. അങ്ങിനെ ഞാൻ നാട്ടിൽ വന്നു. തിരിച്ചു അബൂദാബിയിൽ എത്തി. കേവലം ആഴ്ചകൾ കഴിഞ്ഞപ്പോൾ എന്റെ ഉപ്പ മരിച്ചു. ഉപ്പാക്ക് എന്നെ അവസാനമായി കാണാനും എനിക്ക് ഉപ്പാടെ മരണത്തിനു മുമ്പ് അവസാനമായി കാണാനും ജഗന്നിദാവ് ചെയ്ത ഒരു പുണ്യമായും ഉപ്പയും ഞാനും തമ്മിലുള്ള ആൽമബന്ധത്തിന്റെ തെളിവായും ഇതിനെ ഞാൻ കാണുന്നു.

1976 ജനുവരി 24ന്നാണ് ഉപ്പ ഈ ലോകം വിട്ട് പോയത്. കാട്ടൂർ നെടുമ്പുര പള്ളിയുടെ കിഴക്കേ അരികിലുള്ള ഉപ്പാടെ കബറിടം സന്ദർശിക്കുമ്പോൾ എന്റെ ഹൃദയം ഇന്നും തുടിക്കാറുണ്ട്. ചുണ്ടനക്കി പ്രാർതിക്കുന്നതിൽ കൂടുതൽ ഞാൻ മനസ്സിലാണ് പ്രാർത്തിക്കാറു. 'എന്റെ ഉപ്പാടെ കബർ ജീവിതവും പരലോക ജീവിതവും സന്തുഷ്ടമാക്കട്ടെ. എന്റെ ഉപ്പാക്ക് മഗ്ഫിറത്തും മര്ഹമതും പ്രദാനം ചെയ്യട്ടെ - ആമീൻ

-------------------------------------
മേമ്പൊടി:
സൂര്യനായ് തഴുകിയുറക്കമുണർത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോളറിയാതെ കരയുന്ന
അച്ഛനെയാണെനിക്കിഷ്ടം