പേർഷ്യക്കാരനായ സന്തോഷം
(ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
അക്കരക്ക് - പേർഷ്യക്ക്
(ഗൾഫ്) പോകാൻ ചെറുപ്പക്കാരും അവരെ പറഞ്ഞയക്കാൻ അവരുടെ പിതാക്കളും ശ്രമിക്കുന്ന
കാലം. അന്നൊക്കെ അതിന് അക്കരെ പോകാൻ എന്നാണ് പറയാറ്. അന്ന് വിസ എന്ന സമ്പ്രദായം
ഇല്ല. NOC (No objection certificate) ആണ്. അന്ന് UAE ആയിട്ടില്ല.
ബ്രിട്ടീഷ് പ്രോട്ടക്ക്ട്ടട് സംസ്ഥാനങ്ങൾ എന്നായിരുന്നു ആ ഗൾഫ് രാജ്യങ്ങൾ.
പിന്നീട് ട്രുഷ്യൽ ഒമാൻ കോസ്റ്റ് എന്നായി മാറി. ("UAE ചരിത്രം" എന്ന എന്റെ ലേഖനം വായിക്കുക)
പേർഷ്യയിലേക്ക് ആളെ അയക്കാൻ
ഗ്രാമങ്ങളിൽ ഏജെന്റ്മാർ ഉണ്ടായിരുന്നു. എന്റെ ഏജന്റ് തൃശ്ശൂർ എടമുട്ടം പയച്ചോടുള്ള
ഹമീദ്ക്കയായിരുന്നു. ബോംബയിൽ നിന്നും കോഴിക്കോട് നിന്നുമായിരുന്നു ലാഞ്ചി
പോയിരുന്നത്. ചുരുക്കം ചില ലാഞ്ചികൾ തൃശൂർ ജില്ലയിലെ ചേറ്റുവയിൽ നിന്നും
പോയിട്ടുണ്ട്.
അങ്ങിനെ ഞാനും യാത്ര തിരിച്ചു,
1969-ഇൽ ബോംബയിലേക്ക്. അവിടെ ഏകദേശം 3 ആഴ്ച ഉരുവിന്റെ
(ലാഞ്ചി) വിവരം കാത്തു താമസിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ
പ്ലൈവൂടിന്മേൽ ആണ് ഉറക്കം. മുകളിൽ ആകാശം കാണാം. ഓരോ ദിവസവും യാത്രയുണ്ടാവുമെന്നു
പ്രതീക്ഷിച്ചു.
അങ്ങിനെ ഒരു രാത്രിയിൽ
പെട്ടെന്ന് ഏജന്റ് ഞങ്ങളോട് റെഡിയാവാനും ഇന്ന് യാത്രയുണ്ടാവുമെന്നും പറഞ്ഞു.
ഞങ്ങളെ ബോംബയിലുള്ള ഇടിഞ്ഞു
വീഴാറായ ഏതോ ഒരു കെട്ടിടത്തിലേക്ക് കൊണ്ട് പോയി. പണ്ടത്തെ മലയാളസിനിമകളിലെ വില്ലൻ
കൊട്ടാരങ്ങൾ പോലെ. ഓരോരുത്തർക്കും ഓരോ നമ്പർ കിട്ടി. എന്റെ നമ്പർ 83. ബോംബെയിലെ
വ്യത്യസ്തമായ റെയിൽവേ സ്റ്റേഷനിലേക്ക് 10-15 പേരെ വീതം പറഞ്ഞയച്ചു. എനിക്ക്
കിട്ടിയത് മഹാലക്ഷ്മിയിലേക്കായിരുന്നു. അങ്ങിനെ പല സ്റ്റെഷനുകളിൽ നിന്നും
എല്ലാവരും ബോംബയിൽ നിന്നും വളരെ അകലെ വിരാർ എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി. അത്
ഒരു മീൻപിടുത്ത കടലോര ഗ്രാമം ആയിരുന്നു. ഏകദേശം രാത്രി 11 മണി ആയിക്കാണും. അവിടെ
നിന്നും ചെറിയ മീൻപിടുത്ത വള്ളങ്ങളിൽ ആളുകളെ കയറ്റി ഉൾക്കടലിലേക്ക് കൊണ്ട് പോയി.
ഏകദേശം രണ്ടു മണിക്കൂർ യാത്രക്ക് ശേഷം ഒരു ഭീമൻ ഉരു കണ്ടു. ഞങ്ങളെ ഓരോരുത്തരെ
ഉരുവിന്റെ മുകളിൽ നിന്നും താഴേക്കു ഇട്ട കയറിലൂടെ മുകളിലേക്ക് കയറ്റി.
കടലിലൂടെ യാത്ര തുടങ്ങി. മീൻ
പൊരിക്കാൻ ഇട്ട പോലെ മനുഷ്യനെയും കൂട്ടത്തിൽ സബോള നിറച്ച ചാക്കുകളും.
ഉരുവിൽ മുകൾ ഭാഗത്ത് വലിയ
തുരുമ്പ് പിടിച്ച ഒരു ഇരുമ്പിന്റെ ഡീസൽ ടാങ്ക്. അതിൽ വെള്ളം നിറച്ചിട്ടുണ്ട്.
വെള്ളത്തിന്ന് ഡീസലിന്റെ മണം ഉള്ളത് കൊണ്ട് ആധികമാരും വെള്ളം കുടിച്ചു
തീർക്കില്ലല്ലൊ? ഒരു നേരമാണ്
ഭക്ഷണം. അതിന്നു നമ്പർ വിളിക്കാനും മറ്റും ചില നേതാക്കന്മാരുണ്ട്. അവർ ഞങ്ങളെ പോലെ
യാത്രക്കാരായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അവരെ പിന്നീട് ദുബായിയിൽ
ഫൂട്ട്പാത്തിൽ കച്ചവടം ചെയ്യുന്നത് കണ്ടു.
ഒരു ദിവസത്തിന്നു ശേഷം ഉരു
പാകിസ്ഥാൻ കടലിലെത്തി. ഭയങ്കരമായ കടലിളക്കം. ലാഞ്ചിയുടെ മുകൾ ഭാഗത്ത് വട്ടം
കെട്ടിയ കമ്പി ഉരയുന്ന ശബ്ദം. മരണത്തെ മുന്നിൽ കണ്ട മണിക്കൂറുകൾ. ഞാൻ എന്റെ
കൂട്ടുകാരനായ മുഹമ്മദാലിയോട് പറഞ്ഞു. 'നമ്മൾ മരിക്കാൻ പോകുകയാണ്. ഈ അവസ്ഥ നമ്മുടെ ഉപ്പ, ഉമ്മ, സഹോദരങ്ങൾ അറിയുന്നുണ്ടാവില്ലല്ലോ. നമ്മുടെ ദേഹം ഇനി മീൻ തിന്നു പോകും അല്ലെ?"
ഉരുവിൽ രാമനാമം,
ദിക്റുകൾ, യേശുവിനെ വിളിക്കൽ. ദൈവാദീനം പിറ്റേന്ന് കടൽ ശാന്തമായി.
ഉരുവിന്റെ പിൻഭാഗത്തുള്ള
പ്രോപ്പെല്ലെറിന്റെ മുകളിൽ കയറിൽ കെട്ടിയിട്ട ഒരു പെട്ടിയാണ് കക്കൂസ്. വീണാൽ നേരെ
പ്രോപ്പെല്ലറിൽ പിന്നെ മൃതശരീരമായി കടലിൽ.
നാല് ദിവസത്തിന്നു ശേഷം
ലാഞ്ചിയിൽ മുകളിലെ തട്ടിൽ കടലിൽ നോക്കിയിരിക്കുന്നവരോട് ഉടനെ താഴെ ഉരുവിന്റെ
ഉള്ളിൽ പോകാൻ കല്പിച്ചു. അകലെ ഇറാൻ നേവി കറങ്ങുന്നുണ്ടത്രേ. പിറ്റേന്ന് കേട്ടു. ഇന്ന് ലാഞ്ച് പേർഷ്യയിൽ
അടുക്കുമത്രെ. പിന്നീട് കേട്ടതു, വഴി തെറ്റിയെന്നും നാളെയെ അടുക്കുമെന്നാണ്.
അങ്ങിനെ ആറാം ദിവസം പാതിരാവിൽ
ഞാൻ ചെറിയ ഉറക്കത്തിലായിരുന്നു. ചുറ്റും ശബ്ദം കേട്ടപ്പോൾ ഉണർന്നു. കുറെ ആളുകൾ
കരയിൽ ഇറങ്ങി കഴിഞ്ഞു. പിന്നെയും ആളുകൾ ഇറങ്ങുകയാണ്. ഞങ്ങളും ഇറങ്ങാൻ തയ്യാറായി.
ലഗ്ഗേജ് ഒന്നും എടുക്കാനില്ലല്ലോ. ബന്ധക്കാർക്ക് നൽകാൻ ഉമ്മ തന്ന അവിൽ വിശന്നപ്പോൾ
ഉരുവിൽ വെച്ച് തന്നെ ഞങ്ങൾ തിന്നു തീർത്തു.
ഉരുവിന്റെ അടുത്ത് ചെറിയ
മീൻപിടുത്ത വള്ളങ്ങൾ. ഓരോരുത്തരായി അതിൽ ചാടി. എന്റെ കാൽ ആ വള്ളത്തിന്റെ പടിയിൽ
തട്ടി. നല്ല വേദന. മുറിഞെന്നു തോന്നുന്നു. (ആ മുറിവിന്റെ അടയാളം ഇപ്പോഴും
കാലിന്മേൽ ഉണ്ട്). ചെറിയ വള്ളം ഏകദേശം കരയോടടുത്തു. പിന്നെ നീന്തി. ചാട്ടത്തിൽ
കാലിലെ ചെരുപ്പ് പൊട്ടി.
ആ സ്ഥലം കൊർഫുക്കാൻ ആയിരുന്നു.
ആദ്യം ഇറങ്ങിയവർ എല്ലാം അറിയാമെന്ന ഭാവത്തോടെ കുറച്ചു നടക്കും. പിന്നീട് നിൽക്കും.
ഞങ്ങളും അവരുടെ മുന്നിലൂടെ കുറെ നടക്കും. വീണ്ടും നിൽക്കും. ഡിസംബർ മാസത്തിലെ
തണുപ്പ്. വിശപ്പും ഉറക്കക്ഷീണവും. ചെരുപ്പ് ഇല്ലാത്തത് കൊണ്ട് കല്ല് തട്ടുമ്പോൾ
കാലിന്നു വല്ലാത്ത വേദന. കൂട്ടത്തിൽ മരം കോച്ചുന്ന തണുപ്പും.
അകലെ കാട്ടുവർഗക്കാരുടെ
പോലെയുള്ള കൊട്ടും പാട്ടും. ഞങ്ങളിൽ നിന്നും ഒരാളെ അങ്ങോട്ട് പറഞ്ഞയച്ചു.കുറച്ചു
ഭക്ഷണമോ ഈത്തപ്പഴമോ വാങ്ങാനാണ് പറഞ്ഞയച്ചത്.
ആ പോയ ആൾ പോയതിനേക്കാൾ വേഗതയിൽ
തിരിച്ചു വന്നു. അവൻ നന്നായി പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. കൂടെ നിസ്കാര
കുപ്പായമിട്ട ഉയരം കുറഞ്ഞ വയസ്സായ സ്ത്രീയും. (പിന്നീടാണ് അത് വയസ്സായ
സ്ത്രീയല്ലെന്നും അറബി ഡ്രസ്സ് ഇട്ട ഒരു കുട്ടിയാണെന്നും മനസ്സിലായത്). അവിടെ
അറബികൾ ഒരു വലിയ ആടിനെ ഫുൾ സൈസിൽ പൊരിച്ചത് തിന്നുകയും പാട്ടും ആട്ടവും
നടത്തുന്നത് കണ്ടു പേടിച്ചിട്ടാണ് പോയ ആൾ തിരിച്ചു വന്നത്.
സമസ്തയുടെ കിതാബ് പഠിച്ചത്
കൊണ്ട് അറബി നന്നായിട്ട് അറിയാമെന്ന ഒരു അഹംഭാവം എനിക്കുണ്ടായി. അതറിഞ്ഞ
മറ്റുള്ളവർ അറബി കുട്ടിയോട് സംസാരിക്കാൻ എന്നെ ഏല്പിച്ചു. എന്റെ അറബി കേട്ടപ്പോൾ
അറബി കുട്ടി ഇംഗ്ലീഷിൽ ഞങ്ങളോട് സംസാരിച്ചു. എന്റെ അറബി അറിയാമെന്ന ഭാവം മുളയിലേ
ചീറ്റിപ്പോയി. ഇവിടെ പഠിച്ച അൽഅവ്വലു, അൽറാബിഉ ഒന്നും അവിടെ എശൂല. ഒടുവിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചു ചാർജ് ഉറപ്പിച്ചു
ഞങ്ങൾ അവന്റെ ലാൻഡ് റോവർ ജീപ്പിൽ യാത്ര തുടർന്നു. വണ്ടിയുടെ മുൻഭാഗത്ത് ഇരിക്കാൻ
ഇരുപത്തിയഞ്ചു ഇന്ത്യൻ രൂപയും പിന്നിൽ ഇരിക്കാൻ പതിനഞ്ചു രൂപയുമാണ് ചാർജ്. പിന്നിൽ
ഓപ്പണ്‍ ആയത് കൊണ്ട് നല്ല തണുപ്പും പൊടിയും ഉണ്ടാവും. ഞങ്ങൾ പിന്നിൽ ഇരുന്നു.
പൊടിയും തണുപ്പും ആലോചിച്ചു കൂടുതൽ പൈസ കൊടുക്കാൻ ഞങ്ങളുടെ കയ്യിലില്ലല്ലോ?
അകലെ ഒരു കെട്ടിടത്തിന്റെ മുകളിൽ
ലൈറ്റ് കണ്ടു. ഞാൻ പറഞ്ഞു അത് കപ്പലിന്നു വഴികാട്ടിയായ ലൈറ്റ് ഹൌസ് ആണെന്ന്.
വണ്ടി ആ ലൈറ്റിന്നടുത്തു
നിർത്തി. ഞങ്ങൾ ഇറങ്ങി. അതൊരു പള്ളിയുടെ മിനാരത്തിന്റെ മുകളിലെ ലൈറ്റ് ആയിരുന്നു.
എന്റെ രണ്ടാമത്തെ തോൽവി. അന്ന് ഫുജൈറയിൽ ഒരു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ
ഇല്ലായിരുന്നു എന്ന് നേരം വെളുത്തപ്പോൾ മനസ്സിലായി.
മൊസൈക് ടൈൽ ഇട്ട ആ പള്ളിയുടെ
വരാന്തയിൽ കടലാസ് വിരിച്ചു കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല. വാങ്ക്
വിളി കേട്ട് ഉണർന്നു.
ഞാനും മുഹമ്മദലിയും(കാട്ടൂർ,
തൊപ്പിത്തറ) ബാവയും (പെരിങ്ങോട്ടുകര) (ബാവ പിന്നീട്
ദുബായിലുണ്ടായ ഒരു വാഹന അപകടത്തിൽ മരിച്ചു) ഫ്രാൻസീസും (കാട്ടൂർ,
ഏടത്തിരുത്തി) ആ പള്ളിയിലെ വരാന്തയിൽ ഉറങ്ങി. നിസ്കരിക്കാൻ
സമയം ആവുമ്പോൾ ഞങ്ങൾ കാണിക്കുന്ന പോലെ ചെയ്യണമെന്ന് ഫ്രാൻസീസിനോട് ഞാൻ പറഞ്ഞു. അവൻ
അപ്രകാരം ചെയ്തു അല്ലെങ്കിൽ തന്നെ അന്നൊക്കെ ഞങ്ങളും തോന്നുമ്പോൾ നിസ്കരിക്കുന്നവർ
ആയിരുന്നല്ലോ.
നിസ്കാരം കഴിഞ്ഞപ്പോൾ അടുത്ത
ഹോട്ടലിൽ നിന്നും ഒരു മലയാളം പാട്ട് കേട്ടു. "ഒരു കൊട്ട പോന്നുണ്ടല്ലോ
മിന്നുണ്ടല്ലോ മേനി നിറയെ, കരയല്ലേ കൽബിൻ മണിയെ കൽക്കണ്ട കനിയല്ലേ"
ഓ. സന്തോഷമായി. ഒരു മലയാളിയുടെ
ഹോട്ടൽ ഉണ്ടല്ലോ.
നല്ല വിശപ്പ്. കയ്യിലാണെങ്കിൽ
പൈസ കുറവ്. ഒരു മിഡിൽ ക്ലാസ് ഫാമിലിക്കാരായ ഞങ്ങൾ പോറോട്ടക്കും മറ്റും വില
ചോദിച്ചിട്ടാണ് കഴിക്കുന്നത്. പൊറോട്ടക്കു കൂട്ട് പഞ്ചസാര. അല്ലാതെ കറി വാങ്ങാൻ
പൈസ എവിടെ. അന്ന് ഇന്ത്യയിലെ രണ്ടര രൂപ കൊടുത്താൽ അവിടെത്തെ ഒരു QDR
(Qatar Dubai Riyal) കിട്ടും. ഹോട്ടൽ ഉടമ മലയാളി
ആയതു കൊണ്ട് ഒരു QDRന്നു മൂന്നര
രൂപയെ വാങ്ങിയുള്ളൂ.
നേരം വെളുത്തു. ദുബായിക്ക് പോകണം
കയ്യിൽ പൈസ ഇല്ല. ഞങ്ങളുടെ കയ്യിലുള്ള പൈസയിൽ നിന്നും എടുത്തു ബാവയെ ഞങ്ങളുടെ
ബന്ധക്കാരുടെ അടുത്തേക്ക് വിട്ടു, ഞങ്ങളെ കൂട്ടികൊണ്ട് പോകാൻ വരാൻ വേണ്ടി.
ഞങ്ങൾ നടന്നു. ചുറ്റും മലകൾ. ഒരു
ഭാഗം കടലും. ഇതിനിടെ ചിലരെ അവിടെത്തെ അറബികൾ ജോലിക്ക് കൊണ്ട് പോയി. ഡിസംബർ മാസത്തെ
തണുപ്പ് കാലത്തെ ചൂടിന്നു കാഠിന്യം കൂടി. ചെരിപ്പില്ലാത്തത് കൊണ്ട് നടക്കുമ്പോൾ
നല്ല വേദന. പിന്നീട് ഞങ്ങൾക്ക് മനസ്സിലായി ദുബൈ വളരെ ദൂരെയാണെന്നു.
വിശപ്പ്,
ഉറക്കക്ഷീണം കൊണ്ട് ഞങ്ങൾ തളർന്നു. ഇനി എന്ത് ചെയ്യും.
ഉച്ചക്ക് ഭക്ഷണത്തിനു പൈസ തികയില്ല. പട്ടിണി തന്നെ ശരണം. ചെറുപ്പത്തിൽ നോമ്പ്
എടുത്ത് പഠിച്ചത് നന്നായി. കുറച്ചു ഈത്തപഴം തിന്നു.
ഞങ്ങൾ വിഷമിച്ചു ഇരിക്കുമ്പോൾ
വിശ്വസിക്കാൻ പ്രയാസമായ ഒരു കാര്യം. ഞങ്ങളുടെ നാട്ടുകാരനായ അമാനുക്ക (കാട്ടൂർ
തൊപ്പിത്തറ) അതാ ഞങ്ങളുടെ മുമ്പിൽ. ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ
കഴിഞ്ഞില്ല. ഞങ്ങൾ ഉണ്ടെന്നറിഞ്ഞ് വന്നതല്ല. ദൈവത്തിന്റെ ഓരോ കളികൾ.
ഞങ്ങളെ അദ്ദേഹം കൊണ്ട് പോയി
കൽബയിൽ ഒരു മലയാളി ഹോട്ടലിൽ നിന്നും വയറു നിറച്ചു ഭക്ഷണം വാങ്ങി തന്നു. സുഖമായി
ഉറങ്ങി. അതിന്നു ശേഷം ലോകത്തിലെ ഒരു പാട് രാജ്യങ്ങളിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ
നിന്നും സെവൻ കോഴ്സ് ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ കൽബയിൽ നിന്നും
കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് മറക്കാൻ കഴിയില്ല.
പിറ്റേന്ന് ഞങ്ങളെ അമാനുക്ക ഒരു
അറബിയുടെ ലാൻഡ് റോവർ വണ്ടിയിൽ ഷാർജയിലേക്ക് പറഞ്ഞയച്ചു. കാട്ടുപാത പോലെയുള്ള
ടാറിംഗ് ചെയ്യാത്ത ദുർഖടം പിടിച്ച വഴി. മലകൾ കയറിയും ഇറങ്ങിയും ഉള്ള വഴി. കുറെ
ദൂരം പോയപ്പോൾ മലയുടെ ഇടുക്കിൽ ഒരു വലിയ അലുമിനിയം പെട്ടി തുറന്നു അതിൽ നിന്നും
റൊട്ടികൾ പുറത്തു കിടക്കുന്നു. ഏതോ വണ്ടിയിൽ നിന്നും തെറിച്ചു വീണതായിരിക്കും.
ഞങ്ങൾ നിറുത്തി കുറെ തിന്നു. കുറെ ശേഖരിച്ചു. അന്നാണ് ആദ്യമായി നീളൻ ബ്രെഡ്
കാണുന്നത്.
ഞങ്ങൾ ഉച്ചയോടെ ഷാർജയിൽ എത്തി.
കുട്ടമംഗലം എന്ന സ്ഥലത്തെ ബന്ധക്കാരുടെ റൂമിൽ നിന്ന് കുളിയെല്ലാം പാസാക്കി,
ഉള്ള ഡ്രസ്സ് കഴുകി ഉണക്കി, അത് ധരിച്ചു വൈകീട്ട് ദുബായിലേക്ക്. ഞങ്ങളുടെ വഴികാട്ടി
അയൽവാസിയായ ഉബൈദ് (കാട്ടൂർ), അന്നത്തെ എയർപോർട്ട്, റേഡിയോ സ്റ്റേഷൻ ഇവ കാണിച്ചു തന്നു. ഞങ്ങൾ അമ്പരപ്പോടെ നോക്കി. ഉബൈദ് കുറച്ചു
വർഷം മുമ്പ് മസ്കത്തിൽ വെച്ച് മരിച്ചു.
ദൈരയിൽ കാദർ ഹൊട്ടെലിന്നടുത്തു
ഇറങ്ങി. അവിടെ ഒരു പാട് മലയാളികൾ. അവർ സൗജന്യ സേവനം. ഓരോരുത്തരെയും ബന്ധക്കാരുടെ
റൂമുകളിലേക്ക് എത്തിച്ചു. 18 വയസ്സായ ഞാനും 1969ഇൽ പേർഷ്യക്കാരനായി. അൽഹംദുലില്ല.
No comments:
Post a Comment