Friday, 9 October 2015

മതസൗഹാർതം അല്ല മനുഷ്യസൗഹാർതം (അനുഭവം)

മതസൗഹാർതം അല്ല മനുഷ്യസൗഹാർതം (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

അടുത്ത വീട്ടിലെ ചേച്ചി ഉമ്മാനെക്കാണൻ വന്നു. അന്ന് ഞാനും ഉമ്മയും മുറ്റം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലായിരുന്നത്.
'ഉമ്മാ, നാളെ എന്റെ കല്യാണമാണ്, ഉമ്മ അനുഗ്രഹിക്കണം' സരിതേച്ചി അത് പറയലും ഉമ്മാനെ കെട്ടിപ്പിടിച്ചു കരയലും ഒന്നിച്ചായിരുന്നു. മുറ്റത്ത്‌ നിന്ന് മാങ്ങ പറക്കിയിരുന്ന ഉമ്മ അതുപേക്ഷിച്ചു സരിതേച്ചിയേയും കൊണ്ട് അകത്തേക്ക് ചെന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൂടെ ചെന്നു. ഉമ്മ ചായയുണ്ടാക്കാൻ തുടങ്ങിയപ്പോൾ സരിതേച്ചി വേണ്ടെന്നു പറഞ്ഞു. 'അത് പറ്റൂല മോളെ, ഇനി എന്നാണു ഉമ്മാടെ കയ്യീന്ന് ചായ കുടിക്കാ?' എന്തായാലും ഇത് കഴിക്കാതെ ഞാൻ നിന്നെ വിടൂല' ഉമ്മാടെ വാക്ക് കേട്ടപ്പോൾ ചേച്ചിയുടെ കരച്ചിലിന്നു ആക്കം കൂടി.
'എന്റെ ഉമ്മ എങ്ങിനെയാ ചേച്ചീടെ ഉമ്മയാവുക?' എന്ന് ഞാൻ ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് 'മോനെ, ജാബറൂ, നിന്നെ പ്രസവിക്കുന്നതിന്നു മുമ്പ് ഞങ്ങളുടെ അമ്മ മരിച്ചു. അന്ന് എനിക്ക് അഞ്ചു വയസ്സാണ് പ്രായം. ഞങ്ങളൊക്കെ ഉമ്മാടെ തണലിലാണ് വളർന്നത്‌. നിനക്ക് അത് പറഞ്ഞാൽ മനസ്സിലാവൂല'
ശെരിയാണ്. അത് മനസ്സിലാക്കാനുള്ള പ്രായം എനിക്കായിട്ടില്ലല്ലോ? പക്ഷെ, ഒരു കാര്യം എനിക്ക് അറിയാം. ഉമ്മാനെ അവരും അവരെ ഉമ്മയും വളരെയധികം സ്നേഹിക്കുന്നു.
ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു 'മോനെ നീയും ചേച്ചീടെ കല്യാണത്തിന്നു വരണം'.
'ഊം. ഞാൻ വരൂല, കല്യാണത്തിന്നു വന്നാൽ എനിക്ക് പായസം തരോ, എന്നാ വരാം'. ഞാനെന്റെ പായസകൊതി പറഞ്ഞു.
മോന് പായസം തന്നിട്ടേ ചേച്ചി ആർക്കും കൊടുക്കൂ എന്ന ചേച്ചിയുടെ വാക്ക് കേട്ടപ്പോൾ എനിക്കും സങ്കടവും സന്തോഷവും തോന്നി.
ചേച്ചി ഉമ്മാടെ കാലിന്മേൽ വീണു എന്തോ പറഞ്ഞു. അത് കേട്ടപ്പോൾ ഉമ്മ ചേച്ചിയെ എഴുനെൽപ്പിച്ചിട്ടു പറഞ്ഞു 'മോളെ അങ്ങിനെ എന്നോട് ചെയ്യണ്ട. ഉമ്മാടെ പ്രാർത്ഥന എപ്പോഴും മോൾക്ക്‌ ഉണ്ടാവും.'
ഞാനും ഉമ്മയും രാത്രി ചേച്ചിയുടെ വീട്ടിൽ ചെന്നു. ഭയങ്കര ഇരുട്ട്. മഴക്കാറ് ഉള്ളത് കൊണ്ടാവും. ഉമ്മ വീട്ടിലെ അരിക്കിലാമ്പ് കയ്യിലെടുത്തു. രാത്രി വല്ല ഇഴജന്തുക്കളുണ്ടായാലോ. ഒരിക്കൽ തൃശ്ശൂർ ഉപ്പാടെ കൂടെ പോയപ്പോൾ അവിടെയൊക്കെ സ്വിച്ച് ഇട്ടാൽ കത്തുന്ന ലൈറ്റ് ഒക്കെ കണ്ടിട്ടുണ്ട്. അതൊന്നും ഞങ്ങളുടെ നാട്ടിൽ ആയിട്ടില്ല. അടുത്തവീട്ടിലെ കാദർക്കയും വേറെ ചില ചേട്ടന്മാരും കൂടി ചേച്ചിയുടെ വീട്ടിൽ പന്തൽ കെട്ടുകയാണ്. ഒരു പെട്രോമാക്സ് കത്തിച്ചു വെച്ചിട്ടുണ്ട്. എന്ത് പ്രകാശമാണ് അതിന്നു.
'എടാ കുമാരാ, ഒരു നാല് ചീന്ത് ഓല കൂടെ വേണം, നിന്റെ വീട്ടിലുണ്ടോ?' കാദർക്കാടെ ചോദ്യം.
'എന്റെ വീട്ടിലില്ല, ഉള്ളത് മുഴുവൻ ഞാൻ കൊണ്ട് വന്നില്ലേ? ഇനി ആ ജൈസന്റെ വീട്ടിലുണ്ടാവും. അവന്റെ വീട്ടിൽ നിന്ന് മുള കൊണ്ട് വന്നപ്പോൾ അവൻ പറഞ്ഞിരുന്നു, എന്ത് വേണമെങ്കിലും ചെന്ന് എടുത്തോളാൻ'
ഞാൻ പായസം ഉണ്ടാക്കുന്നിടത്ത് ചെന്നു. എന്റെ കൂടെ പഠിക്കുന്ന സോമന്റെ അച്ഛനാണ് ഭക്ഷണം ഉണ്ടാക്കുന്നത്‌. ആണുങ്ങൾ ഭക്ഷണം ഉണ്ടാക്കോ. എനിക്ക് അത്ഭുദം തോന്നി. 'അതേയ് വിറകൊക്കെ മഴകൊണ്ട് നനഞ്ഞെന്നാ തോന്നുന്നേ. കുറച്ചു ഉണക്കവിറകു എവിടെന്ന കിട്ടാ' ആരോ ചോദിക്കുന്നത് കേട്ടു. 'എന്റെ വീട്ടിലുണ്ട്. ആരെങ്കിലും ഒന്ന് പറഞ്ഞയച്ചാ മതി'. ആരാണ് പറയുന്നതെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി. അത് ഉപ്പയായിരുന്നു. ഉപ്പ കട പൂട്ടി എത്തിയ ഉടനെ ഇങ്ങോട്ട് വന്നതായിരിക്കും. ഉപ്പാടെ ടോർച്ചിന്റെ വെളിച്ചത്തിൽ ഉപ്പയും വേറെ രണ്ടാളും വിറകെടുക്കാൻ പോയി.
കാലത്ത് തന്നെ എണിറ്റു ചേച്ചിയുടെ വീട്ടിലേക്ക് പോകാനായി ഞാൻ തയ്യാർ. 'മോനെ ഇത്ര നേരത്തെ പോകണ്ട' എന്ന ഉമ്മാടെ വാക്ക് കേട്ടപ്പോൾ ഞാൻ പറഞ്ഞു 'ഉമ്മ, നേരം വൈകിയാൽ പായസം മറ്റുള്ളവർ കുടിച്ചു തീർത്താലോ'
'എടാ ജാബറൂ നിനക്കുള്ള പായസം ചേച്ചി തരും. നീ പേടിക്കേണ്ട' ഉമ്മാടെ വാക്ക് കേട്ടപ്പോൾ സമാധാനമായി.
എങ്കിലും ചേച്ചിയുടെ കല്യാണം കാണാൻ കൊതിയായി. എനിക്ക് ഡാൻസ് പഠിപ്പിച്ചു തന്ന എന്റെ ചേച്ചി. ചേച്ചിയുടെ ഡാൻസ് എത്ര ഭംഗിയാണെന്നോ. പയ്യാപരീക്കുളത്തിലെന്ന പാട്ടും ഡാൻസും ഞാൻ വേഗം പഠിച്ചു.
എന്തേ ഉമ്മ യാത്രയാവാത്തെ? അടുപ്പിൽ പുകയൂതി ഉമ്മാടെ കണ്ണ് ചുവന്നിട്ടുണ്ട്. പാവം ഉമ്മ. ഇനി കിണറ്റിൽ നിന്നും വെള്ളം കോരി വേണം എനിക്കും ഉമ്മാക്കും കുളിക്കാൻ. മഴ ചെറുതായി പെയ്യുന്നുണ്ട്. ഡ്രസ്സ്‌ നനഞ്ഞാൽ ഉമ്മ ചീത്തപറയും. പാവം ഉമ്മ. ഡ്രസ്സ്‌ കഴുകുന്നത് എത്ര കഷ്ടപ്പെട്ട് അലക്കു കല്ലിന്മേൽ ഇട്ടു തല്ലിയിട്ടാണെന്നോ?
'എടാ നിനക്ക് കഞ്ഞി വേണ്ടേ?' ഉമ്മാടെ ശബ്ദം കേട്ടപ്പോൾ ഒറ്റവാക്കേ പറഞ്ഞുള്ളൂ. 'എനിക്ക് വിശപ്പില്ല'.
സത്യത്തിൽ അത് നുണയാണെന്ന് എനിക്കും ഉമ്മാക്കും അറിയാം. ഉമ്മ അമ്മിക്കല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തിയുടെ സ്വാദ് അറിയാണ്ടല്ല. പക്ഷെ ചേച്ചിയുടെ വീട്ടിലെ പായസം.
ഒടുവിൽ സഹികെട്ട് നിൽക്കുമ്പോൾ ഉമ്മ വന്നു. ഞാനും ഉമ്മയും കൂടി ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. അവിടെ ആളുകൾ വന്നു തുടങ്ങിയിട്ടേ ഉള്ളൂ. ചേച്ചി നന്നായി ഡ്രസ്സ്‌ ചെയ്തു നിൽക്കുന്നുണ്ട്. എന്ത് ഭംഗിയാ ചേച്ചിക്ക്. തലമുടിയിൽ ഒരു പാട് മുല്ലപ്പൂവ് ഉണ്ട്. ഞങ്ങളെ കണ്ട ഉടനെ ഉമ്മയേയും എന്നെയും കൈപിടിച്ചു അകത്തെ മുറിയിലേക്ക് കൊണ്ട് പോയി. ഒരു ഗ്ലാസ്സിൽ പായസം കൊണ്ട് തന്നു. ഇപ്പോൾ വേണ്ടെന്നും ഭക്ഷണം കഴിച്ചിട്ട് കുടിക്കാമെന്നും ഉമ്മ പറഞ്ഞു, അതേതായാലും നന്നായി. ആ ഉമ്മാടെ പായസവും ഞാൻ കുടിച്ചു. 'മോന് ഇനി പായസം വേണോ' എന്ന് ചോദിച്ചപ്പോൾ ഉമ്മയാണ് പറഞ്ഞത് വേണ്ട എന്ന്. അത് കേട്ടപ്പോൾ ഞാനും പറഞ്ഞു വേണ്ട എന്ന്.
ചേച്ചിയെ വേറെ ചില ചേച്ചിമാർ വിളിച്ചു കൊണ്ട് പോയി. അപ്പോഴും ചേച്ചി ഉമ്മാനേയും എന്നെയും കെട്ടിപിടിച്ചു കുറെ കരഞ്ഞു. എന്തിനാ ചേച്ചി ഇങ്ങിനെ എപ്പോഴും കരയുന്നത്? എനിക്കൊന്നും മനസ്സിലായില്ല. ഈ കല്യാണം എന്ന് പറയുന്നത് അത്ര പ്രശ്നം ആണോ. ആണെങ്കിൽ എനിക്ക് കല്യാണം വേണ്ട.
കുറച്ചു കഴിഞ്ഞപ്പോൾ കുറെ ആളുകൾ കാറിൽ വന്നു അടുത്ത പറമ്പിൽ ഇറങ്ങി നടന്നു വരുന്നുണ്ട്. ചേച്ചിയുടെ വീട്ടിലേക്ക് കാറ് വരില്ല.
'അതാ ചെക്കനും ആൾക്കാരും എത്തി'. ചേച്ചിയുടെ അച്ചനാണ് അത് പറഞ്ഞത്. ചേച്ചിയുടെ അച്ചൻ ഒരു വലിയ മാലയെടുത്ത് എന്റെ കയ്യിൽ തന്നിട്ട് ചെക്കന്റെ കഴുത്തിൽ ഇടാൻ പറഞ്ഞു. ഞാൻ ആദ്യം മടിച്ചു. ഒന്ന് കൂടെ പറഞ്ഞപ്പോൾ ഒരു പാട് പൂക്കളുള്ള ആ മാല എടുത്തു ചെക്കന്റെ കഴുത്തിലേക്കിടാൻ നോക്കി. നടന്നില്ല. ചെക്കൻ ഒന്ന് കുനിഞ്ഞപ്പോൾ ഞാൻ ആ മാല കഴുത്തിൽ ഇട്ടു.
ചേച്ചിയെ കുറെ പെണ്ണുങ്ങൾ കൂടി പന്തലിലേക്ക് കൊണ്ടു പോയി. ചേച്ചിയെ കണ്ടപ്പോൾ ചെക്കനും ചേച്ചിയും ചിരിച്ചു. ചേച്ചിയെ പിടിച്ചു ആ ചെക്കൻ മൂന്നു വട്ടം വലം വെച്ചു. പിന്നെ രണ്ടു പേരും ഒരുത്തിൽ ഇരുന്നു. ചെക്കൻ ചേച്ചിയുടെ കഴുത്തിൽ ഒരു മാലയിട്ടു.
ഭക്ഷണം കഴിക്കാൻ ചേട്ടനെ ആരോ വിളിച്ചു. ചേട്ടൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ആരെയാണാവോ നോക്കുന്നത്? കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്നു എന്റെ കൈപിടിച്ചിട്ടു പറഞ്ഞു 'വാ നമുക്ക് ഭക്ഷണം കഴിക്കാം'.
ആദ്യം എനിക്ക് പേടിയായിരുന്നു. എന്നാലും ഞാൻ കൂടെ ചെന്നു. എന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരുടെ ചേട്ടന്മാരും ഒക്കെയാണ് ഭക്ഷണം വിളമ്പിയത്. കൂട്ടത്തിൽ ഉപ്പയും. എന്നെ കണ്ടപ്പോൾ ഉപ്പ ചേട്ടനോട് പറഞ്ഞു 'അവനെ അടുത്തിരുത്തെണ്ട, ഡ്രെസ്സിലൊക്കെ കൂട്ടാൻ കളയും'. ഈ ഉപ്പാടെ ഒരു കാര്യം എന്ന് ഞാൻ ചിന്തിച്ചു. 'ഓ. അത് സാരമില്ല'. എന്ന ചെക്കന്റെ മറുപടി കേട്ടപ്പോൾ ഞാൻ സന്തോഷിച്ചു. ഈ ചെക്കൻ നല്ല ചെക്കനാ. എന്റെ ചേച്ചിയുടെ ഭാഗ്യം.
'മോന്റെ പേരെന്താ?'. ചെക്കന്റെ ചോദ്യം .
'ജബ്ബാറെന്നാ സ്കൂളിൽ വിളിക്കാ. വീട്ടിലും ഒക്കെ ജാബറൂ എന്നും'. ഞാൻ മറുപടി കൊടുത്തു.
'ഞാനെന്താ വിളിക്കേണ്ടത്?'.
'ജാബറൂന്ന് '.
'എന്റെ പേര് മോന് അറിയോ?'. ചെക്കൻ ചോദിച്ചു.
'ഉം. ചെക്കനെന്നല്ലേ?' ഞാൻ പറഞ്ഞു.
ആ ചെക്കൻ ഉറക്കെ ചിരിച്ചിട്ട് എന്റെ ചെവിയിൽ പറഞ്ഞു. 'എന്റെ പേര് ചെക്കനെന്നല്ല, സത്യൻ എന്നാ. മോൻ സത്യേട്ടാ എന്ന് വിളിച്ചാ മതി'.
'ചെക്കാ, അയ്യോ സത്യേട്ടാ, എന്നെ ഇഷ്ടായോ?
'ഒരു പാട് ഒരു പാട് ഇഷ്ടായി'
''ചേച്ചിയേക്കാളും കൂടുതൽ ഇഷ്ടം എന്നോടാണോ?
'മോനെ വേഗം ചോറ് തിന്ന്. എന്നിട്ട് വേണം പായസം കുടിക്കാൻ'
പായസത്തിന്റെ പേര് കേട്ടപ്പോൾ എന്റെ ചോദ്യം ഞാൻ മറന്നു
ചേച്ചി അച്ഛനെയും എന്റെ ഉമ്മയേയും എന്നേയും കെട്ടി പിടിച്ചു കരഞ്ഞു. അവരോടും എന്നോടും എന്റെ ഉപ്പയോടും 'പോയിട്ട് വരാം എന്ന് പറഞ്ഞു. ചേച്ചിയും ഞങ്ങളും നടന്നു കാർ കിടക്കുന്നിടത്ത് ചെന്നു.
ചേച്ചിയും സത്യേട്ടനും കൂടി കാറിൽ കയറി. അവർ പോകുന്നതു കാണാവുന്നത്‌ വരെ ഞാൻ നോക്കി നിന്നു.
-------------------------------------------------------
മേമ്പൊടി:
1. മതസൗഹാർതം എന്ന വാക്ക് തെറ്റാണ്. മതങ്ങൾ തമ്മിൽ സൌഹാര്തമേയുള്ളൂ. ഒരു മതവും മറ്റൊരു മതത്തെ ശത്രുവാണെന്നു പഠിപ്പിക്കുന്നില്ല. മനുഷ്യസൌഹാര്തമാണ് വേണ്ടത്. അയൽവാസി (അത് ഏതു മതക്കാരനായാലും) പട്ടിണി കിടക്കുമ്പോൾ ചെയ്യുന്ന ഹജ്ജിനു പുണ്ണ്യമില്ലെന്നു പഠിപ്പിക്കുന്നു ഇസ്ലാം. ഒരിക്കൽ മുത്ത്‌ നബിയും സഹാബാക്കളും ഇരിക്കുമ്പോൾ ഒരു മൃതദേഹം കൊണ്ട് പോകുന്നത് കണ്ട നബി ഉടനെ എഴുനേറ്റു. അപ്പോൾ സഹാബാക്കൾ പറഞ്ഞത് അത് മുസ്ലീമിന്റെ മയ്യത്തല്ലല്ലോ എന്നാണു. അത് മനുഷ്യന്റെയല്ലേ എന്നായിരുന്നു അവരോടു നബി ചോദിച്ചത്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് ഈസ നബി (യേശുക്രിസ്തു) പഠിപ്പിക്കുന്നു.സമസ്ത ലോഗോ സുഗിനൊ ബവന്ദു (ലോകത്തിലുള്ള സകലര്ക്കും -ഹിന്ദുക്കൾക്ക് മാത്രമല്ല- സുഖം ഉണ്ടാവട്ടെ) എന്ന് ഹൈന്ദവ മതം പഠിപ്പിക്കുന്നു
 2. മാനത്തുള്ളോരു വലിയമ്മാവന്
     മതമില്ല, ജാതിയുമില്ല
     ഓണത്തിന് കോടിയുടുക്കും
     പെരുന്നാളിന് തൊപ്പിയിടും
(ഇത് 1960കളുടെ ഉത്തരാർധത്തിൽ ഇറങ്ങിയ മൂടുപടം എന്ന സിനിമയിലെ ഗാനം)

No comments:

Post a Comment