Wednesday, 21 October 2015

അക്ബർ ഇക്ക (ഓർമയിൽ നിന്നൊരേട്) - (ജീവിത അനുഭവം)

അക്ബർ ഇക്ക (ഓർമയിൽ നിന്നൊരേട്) - (ജീവിത അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

1960കളിൽ  സൈക്കിൾ സ്വന്തമായുള്ള വീടുകൾ കുറവായിരുന്നു. ഉപ്പ ഉപയോഗിച്ചിരുന്ന സൈക്കിൾ പോലും വില കൂടിയ BSAയും ഇംഗ്ലീഷ് റാലിയുമായിരുന്നു. ഞങ്ങളുടേത് ഹെർകുലീസും ഹീറോയും. അല്ലെങ്കിൽ തന്നെ സൈക്കിൾ ഞങ്ങളുടെ ട്രേഡ് മാർക്ക്‌ ആണ്. ഉപ്പാക്ക് 1964ലെ പഞ്ചായത്ത് എലെക്ഷനിൽ ചിഹ്നമായി കിട്ടിയതും സൈക്കിൾ ആയിരുന്നു.
കാട്ടൂർ അങ്ങാടിയിലുള്ള ഇപ്പോഴത്തെ സൊസൈറ്റിയുടെ കുറച്ചു പടിഞ്ഞാറ് മാറി T.K. കുഞ്ഞുമുഹമ്മദുക്കാടെ TKK എന്ന പേരിലുള്ള ഒരു സൈക്കിൾ കടയിൽ നിന്നും 9 നമ്പർ സൈക്കിൾ വാടകക്കെടുത്തു. ഒരു മണിക്കൂറിന്ന് അന്നത്തെ നാലണ (25 പൈസ) ആണ് വാടക. രണ്ട് മണിക്കൂർ പഠിക്കാനാണ് ഉപ്പാടെ അനുമതി. ഇക്കാടെ പിന്നിലിരുന്ന് ഞാൻ പൊഞ്ഞനത്തേക്ക് പോകുകയാണ്. വഴിയിൽ എന്റെ ക്ലാസ്മൈറ്റ്കാർ ഉണ്ടോ എന്ന് ഞാൻ നോക്കുന്നുണ്ട്. കണ്ടോ ഈ ശറഫു സൈക്കിൾ ഓടിക്കുന്ന ഡ്രൈവർ ആകാൻ പോകുന്നു എന്ന ഗമയാണ് മനസ്സിൽ. പൊഞ്ഞനം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കുറച്ച് തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് കാട്ടൂർ ഹൈസ്കൂളിലെ സ്പോർട്സ് നടത്താറ്. ആ സ്ഥലം സൈക്കിൾ ചവിട്ട് പരിശീലനത്തിന് തിരഞ്ഞെടുത്തതും ഇക്കയായിരുന്നു.
പഠിപ്പിന്നിടക്ക് സൈക്കിൾ അവിടെത്തെ പോസ്റ്റിൽ ചെന്ന് ഇടിച്ചു. കുറ്റം എന്റേതല്ല. പോസ്റ്റിന്റെതാണ്. കാരണം ഞാൻ കുറെ ബെല്ല് അടിച്ചു. പോസ്റ്റ്‌ മാറിയില്ല. ഉപ്പാട് വണ്ടി കേടായ കാര്യം എങ്ങിനെ പറയും എന്ന് പേടിച്ചു. ഒരു കാര്യം ഉറപ്പാണ്. ഉപ്പാടെന്നു നല്ല തല്ലു കിട്ടും.
നെഞ്ഞിടിപ്പോടെ കാട്ടൂർ അങ്ങാടിയിലുള്ള പാലത്തിന്റെ അടുത്തുള്ള ഉപ്പാടെ ചായപ്പൊടി വിൽക്കുന്ന കടയിൽ ചെന്നു. രണ്ടു മണിക്കൂർ ആവുന്നതിന് മുമ്പേ എന്തേ വന്നത് എന്ന ചിന്തയിലുള്ള നോട്ടം ഉപ്പാടെ കണ്ണുകളിൽ. ഇക്ക വിവരം പറഞ്ഞു.
'അത് സാരമില്ല, നീ TKKയുടെ കടയിൽ കൊണ്ട് പോയി നന്നാക്കിക്കോ. എന്നിട്ട് വേറെ സൈക്കിൾ എടുത്ത് പഠിച്ചോ'. അതും പറഞ്ഞു കൊണ്ട് ഉപ്പ എന്റെ കാലിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. 'ഡാ ശറഫൂ, നിന്റെ കാലിന്മേൽ നിന്ന് ചോര വരുന്നു'. അപ്പോഴാണ്‌ ഞാൻ അത് ശ്രദ്ധിച്ചത്. കുറേശ്ശെ വേദന ഉണ്ട്. ഈ നേരം വരെ അറിഞ്ഞില്ല. ഉപ്പ തല്ലുമോ എന്ന ചിന്ത മാത്രമായിരുന്നു,  വരെ.
അതാണ്‌ ഞങ്ങളുടെ ഉപ്പ. ഒരു പാട് കച്ചവടങ്ങൾ നടത്തി, മാനസീകമായും ശാരീരികമായും വളരെയധികം കഷ്ടപ്പെട്ട്, സ്വയം പട്ടിണി കിടക്കേണ്ടി വന്നാലും മക്കളെ പട്ടിണിക്കിടാതെ വളർത്തിയ എന്റെ ഉപ്പ. മക്കളോട് സ്നേഹം പുറത്തു കാണിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഉപ്പ. എന്നാൽ ഉപ്പാടെ ജീവിതകാലത്ത് ജനിച്ച ഒരേ ഒരു പേരകുട്ടിയെ, കടയില്ലാത്തപ്പോൾ സൈക്ലിന്റെ തണ്ടിൽ ഇരുത്തി പാടത്തിന്റെ വരമ്പിലൂടെ തള്ളികൊണ്ട് നടക്കുന്നതും ആ കുട്ടിക്ക് കട അടച്ചു വരുമ്പോൾ പലഹാരങ്ങൾ കൊണ്ട് കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
കാട്ടൂർ പൊട്ടക്കടവ് പാലത്തിന്റെ കിഴക്കേ ഭാഗത്ത്‌ ഞങ്ങൾക്ക് കുറച്ചു നിലം (പാടം) ഉണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞു നെല്ലിന്റെ കറ്റകൾ ഉന്തുവണ്ടിയിൽ കയറ്റി ജോലിക്കാർ തളളും. അവരെ സഹായിക്കാൻ ഉപ്പയും കൂടും. അപ്പോൾ ഉപ്പാടെ സൈക്കിൾ ഞാൻ ആദ്യം ഇടക്കാലിട്ടും പിന്നെ കുറച്ചു കയറിയും ചവിട്ടാൻ പഠിക്കും. ഉപ്പ സൈക്ലിന്റെ പിറകിൽ പിടിക്കും, ഞാൻ വിഴാതിരിക്കാൻ. 'പിന്നോട്ട് നോക്കെരുത് ഉപ്പ പിടിക്കുന്നുണ്ട്' എന്ന് ഇടയ്ക്കിടെ ഉപ്പ പറയും. സത്യത്തിൽ ഉപ്പ ഇടയ്ക്കിടെ കൈ വിടാറുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. നീ വീഴില്ല, ഞാൻ പിടിച്ചിട്ടുണ്ട്, ധൈര്യമായി ചവുട്ടിക്കോളൂ എന്ന ഉപ്പാടെ വാക്ക് ഇന്നും എന്റെ ജീവിതത്തിൽ ഞാൻ ഓർക്കുന്നു . ഇന്നും എന്റെ ജീവിതമാകുന്ന സൈക്കിൾ സവാരിയിൽ എന്തെങ്കിലും വീഴ്ച വരുമോ എന്ന് തോന്നുമ്പോൾ ഉപ്പ മരണപ്പെട്ട് 40 വർഷമായിട്ടും ഉപ്പാടെ വാക്കുകൾ ഇന്നും ഞാൻ ഓർക്കും. 'മോനെ ശറഫൂ നീ ധൈര്യമായി മുന്നോട്ട് പൊയ്കോളൂ. വീണാൽ ഞാൻ പിടിക്കാം'
1965 മുതൽ ഞങ്ങളുടെ ഉപ്പാടെ റേഷൻ ഷോപ്പ് കാട്ടൂർ ഹൈസ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടമുറികളിൽ ഒന്നിലായിരുന്നു. ഞാനന്ന് കാട്ടൂർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായി തൃപ്രയാർ പോളിറ്റെക്നിക്കിൽ ചേർന്ന സമയം. സ്കൂളിലെ കലാ കായിക മത്സരങ്ങളിൽ അപ്പോൾ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. എന്നാൽ ഒരു മത്സരത്തിൽ മാത്രം പൂർവവിദ്യാർഥികൾക്ക് പങ്കെടുക്കാം. അതാണ്‌ സൈക്കിൾ സ്ലോ റേസിംഗ്.
അങ്ങിനെ അക്ബർ ഇക്ക പറഞ്ഞത് പ്രകാരം സൈക്കിൾ സ്ലോ റേസിംങ്ങിനു ഞാനും പേര് കൊടുത്തു. പങ്കെടുക്കുന്നവരിൽ നിന്നും നാല് പേർ വീതമാണ് മത്സരത്തിൽ പങ്കെടുക്കുക. അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കും. അങ്ങിനെ നന്നാല് പേരിൽ നിന്നും തിരഞ്ഞെടുക്കുന്നവർ വീണ്ടും മത്സരിക്കും. അവരിൽ ഏറ്റവും ഒടുവിൽ എത്തുന്നയാൾ ഒന്നാം സ്ഥാനം. അതിന്‌ മുന്നിലെ ആൾ രണ്ടാം സ്ഥാനം. അതിന് മുന്നിലെ ആൾ മൂന്നാം സ്ഥാനം. കാല് കുത്താൻ പാടില്ല, ചക്രം സ്റ്റോപ്പ്‌ ആവാൻ പാടില്ല. ഓരോ സൈക്കിളിന്റെ കൂടെ പരിശോദിക്കാൻ ഒരു മാസ്റ്റെർ കൂടെയുണ്ടാവും.
ഞാൻ ആദ്യത്തെ നാലാളിൽ ഒരാളായി ഇക്കാടെ കൂടെ ചെന്നു. അപ്പോൾ ഇക്കാടെ കൂടെ നിൽക്കെണ്ടെന്നും അങ്ങിനെ നിന്നാൽ ഞങ്ങളിൽ ഒരാൾ മാത്രമേ സെലക്ട്‌ ആവുകയുള്ളുവേന്നും മറ്റേ ആൾ പുറത്ത് പോകേണ്ടി വരുമെന്നും ഇക്ക സ്വകാര്യമായി പറഞ്ഞു. ഞാനത് അനുസരിച്ചു.
അങ്ങിനെ ആദ്യത്തെ നാലാളിൽ ഇക്കയും രണ്ടാമത്തേതിൽ ഞാനും സെലെക്റ്റ് ആയി. പിന്നീട് ഞങ്ങളും സെലെക്റ്റ് ചെയ്ത  മറ്റു രണ്ടു പേരും കൂടി മത്സരിച്ചു. അതിൽ ഇക്കാക്ക് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സ്ഥാനവും കിട്ടി. സമ്മാനം വാങ്ങിവരുമ്പോൾ ചിലർ പറഞ്ഞ കമന്റ് ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. "റേഷൻകട അടച്ചിട്ട് ഉപ്പയും കൂടി പങ്കെടുക്കുകയായിരുന്നെങ്കിൽ മൂന്നാം സ്ഥാനം ഉപ്പാക്ക് കിട്ടിയേനെ എന്ന്". ആ കമന്റ് ഒരു കോമ്പ്ലിമെന്റായി അന്നും ഇന്നും ഞാൻ കരുതുന്നു. അത് പിന്നീടുള്ള വർഷങ്ങളിലും ആവർത്തിച്ചു. ആ വർഷത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ മറ്റൊരു പൂർവവിദ്യാർഥിയായ, തെക്കുംമൂലയിലുള്ള ചെറുപ്പക്കാരനായിരുന്നു ഒന്നാം സ്ഥാനം.
1968 ഓഗസ്റ്റ്‌ 15 ന്നായിരുന്നു ഇക്കാടെ വിവാഹം. അനിയന്മാരെ ഇക്ക ഇത്താട് പരിചയപ്പെടുത്തിയത് കുറച്ചു ദിവസങ്ങൾക്കു ശേഷം ഇത്ത എന്നോട് പറഞ്ഞു. 'അനുജന്മാരിൽ ശെറഫൂന് ചെറുതായി കഥകളൊക്കെ എഴുതുന്ന സ്വഭാവമുണ്ടെന്ന് ഇക്ക പറഞ്ഞു'.
അപ്പോൾ അതാണ്‌ കാര്യം... ഇക്ക അറിയാതെ (പഠിക്കുമ്പോൾ കഥ എഴുതി നടക്കുന്നത് അന്നൊക്കെ തെറ്റാണല്ലോ) ഞാൻ എഴുതിയ "പച്ചത്തട്ടം" എന്ന കഥ അലമാരിയുടെ മുകളിൽ ആരും കണ്ടു പിടിക്കില്ല എന്ന് ഞാൻ കരുതിയ സ്ഥലത്ത് നിന്നും ഇക്ക എടുത്ത് വായിച്ചിരിക്കുന്നു.
2015 ഒക്ടോബർ 13 ചൊവ്വാഴ്ച്ച ഇക്ക മരണപ്പെട്ടു. വിരലിലെണ്ണാവുന്നവരെ മാത്രമേ കബറിൽ ഇറങ്ങി ഞാൻ മറവ് ചെയ്തിട്ടുള്ളൂ. അതിൽ ഒന്ന് എന്റെ കസിൻ അഷ്‌റഫ്‌ ആണ്. അതേ പോലെ അക്ബർക്കാനേയും.
ഞങ്ങളുടെ ഉപ്പാക്ക്, അക്ബർക്കാക്ക്, അനുജൻ മജീദിന് മഗ്ഫിരത്തും മർഹമത്തും നൽകണേ............ആമീൻ.

No comments:

Post a Comment