ശുനകന്മാരുടെ സുരക്ഷിതത്വം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം,
തൃപ്രയാർ, തൃശ്ശൂർ
അത്യാവശ്യമായി പുറത്തിറങ്ങാൻ നിൽക്കുമ്പോഴാണ് ഗേറ്റ്
കടന്ന് കുറച്ചാളുകൾ വീട്ടിലേക്ക് വരുന്നത് കണ്ടത്. എന്തെങ്കിലും
പിരിവുകാരായിരിക്കുമെന്ന് കരുതി. എന്തായാലും അവരെ സ്വീകരിക്കാം എന്ന് കരുതി.
അവരിൽ ഒരാൾ പരിചയപ്പെടുത്തി. 'എന്റെ പേര് മനോഹരൻ..മനു എന്ന് വിളിക്കും'. അദ്ദേഹം
മറ്റുള്ളവരെയും പരിചയപ്പെടുത്തി.
ആ സമയത്താണ് എന്റെ ക്ലാസ്സ് മേറ്റ് സിദ്ധൻ വന്നത്.
സിദ്ധൻ വന്ന പാടെ പറഞ്ഞു. 'ജബ്ബാർ നാളെയാണ് അബൂദാബിയിലേക്ക്
പോകുന്നത് അല്ലെ?'. ഞാൻ അതെ എന്ന് പറഞ്ഞിട്ടു സിദ്ധനെ
അവർക്കും അവരെ സിദ്ധനും പരിചയപ്പെടുത്തി.
'നിങ്ങൾ എങ്ങോട്ടോ പോകുകയാണെന്ന് തോന്നുന്നു. ഞങ്ങൾ
അധികം ബുദ്ധിമുട്ടിക്കുന്നില്ല' എന്ന് പറഞ്ഞിട്ട് മനു
തുടർന്നു 'ഞങ്ങൾ ഒരു പുതിയ സംഘടന ഉണ്ടാക്കിയിട്ടുണ്ട്.
നായകളെ കൊല്ലുന്നവർക്ക് എതിരായുള്ള സംഘടന'
'അതിന് സംഭാവന വല്ലതും വേണമെങ്കിൽ എഴുതിക്കോളൂ'.
ഞാൻ ഇടയിൽ കയറി പറഞ്ഞു.
'അയ്യോ.. ഞങ്ങൾ സംഭാവനക്ക് വന്നതല്ല. ജബ്ബാർക്ക ഈ
സംഘടനയിൽ ചേരണം. അത് പറയാനാണ് ഞങ്ങൾ വന്നത്.' കൂടെയുണ്ടായിരുന്ന
രഞ്ജനാണത് പറഞ്ഞത്.
'എന്താണ് നിങ്ങളുടെ സംഘടനയുടെ ഉദേശ്യം?' സിദ്ധന്റെ ചോദ്യം.
'നായകളെ, അത് തെരുവ് നായയാലും
കൊല്ലരുത്. അവർക്കും വേണ്ടേ ഒരു ജീവിതം? അതാണ് ഈ സംഘടനയുടെ
ലക്ഷ്യം'. മനു വിശദമായി പറഞ്ഞു.
'അല്ല, മനു അങ്ങിനെയാണെങ്കിൽ
ആടിനും മറ്റെല്ലാ ജീവികൾക്കും ജീവിക്കേണ്ടേ? എലിയേയും
കൊല്ലുന്നത് തെറ്റല്ലേ?' സിദ്ധൻ വിട്ടുകൊടുക്കാൻ ഭാവമില്ല. 'ലൈസൻസ് എടുത്ത് വീട്ടിൽ വളർത്തുന്ന നായകളുടെ കാര്യമല്ല വിഷയം. പുറത്ത്
അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾക്ക് പേവിഷ ബാധ ഉണ്ടാവില്ലേ?' സിദ്ധൻ തുടർന്നു.
അവർ രണ്ടു പേരും വാഗ്വാദം നടത്തുകയാണ്. എനിക്കാണെങ്കിൽ
മനുവിന്റെ അഭിപ്രായമാണ്. സംസാരം തുടരുന്നതിനിടയിൽ ഞാൻ പറഞ്ഞു... എനിക്ക് ഈ
സംഘടനയിൽ ചേരാൻ സമ്മതമാണ്.
പിറ്റേന്ന് ഞാൻ അബൂദാബിയിലേക്ക് പോയി.
നാല് മാസം കഴിഞ്ഞപ്പോൾ പെരുന്നാളായി. ഒരാഴ്ചത്തെ
ലീവിന് ഞാൻ നാട്ടിൽ വന്നു. അബൂദാബിയിൽ നിന്നും കുറച്ചാളുകളെ നായ സംരക്ഷണ
സമിതിയിലേക്ക് ചേർത്തിയിരുന്നു.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധൻ വന്നു. ഞങ്ങൾ
തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നായ സംരക്ഷണസമിതിയുടെ കാര്യം ഓർമ വന്നത്.
ഞാൻ മനുവിന് ഫോണ്‍ ചെയ്ത് സമിതിയിലേക്ക് ആളുകളെ
ചേർത്തിയ ലിസ്റ്റ് കൊണ്ട് വന്ന കാര്യം പറഞ്ഞു. കുറച്ചു സമയത്തിന്നകം അവൻ
വീട്ടിലെത്താമെന്നും എല്ലാം നേരിൽ സംസാരിക്കാമെന്നും പറഞ്ഞു.
പറഞ്ഞത് പോലെ അവൻ വീട്ടിൽ വന്നു. കൂടെ, രഞ്ജനുമുണ്ടായിരുന്നു
'മനു, നിങ്ങൾ പറഞ്ഞ പോലെ ഈ
സമിതിയിൽ ചേരാൻ ഗൾഫിൽ നിന്നും തയ്യാറായവരുടെ ലിസ്റ്റ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്'.
ഞാൻ ആ ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തപ്പോൾ അത്
രഞ്ജന്റെ കയ്യിൽ കൊടുക്കാൻ മനു പറഞ്ഞു.
ഞാൻ ലിസ്റ്റ് കൊടുത്തപ്പോൾ മനു പറഞ്ഞു.
'ജബാർക്ക, ഞാൻ ഈ സമിതിയിൽ നിന്ന്
രാജി വെച്ചു?'
'എന്ത് പറ്റി? ഇനി വേറെ സംഘടന
ഉണ്ടാക്കുകയാണോ?' എന്ന് ചോദിച്ചിട്ട് ഞാൻ കൂട്ടിച്ചേർത്തു 'സാദാരണ ഒരു ചൊല്ലുണ്ട്. രണ്ടു മലയാളികൾ ചേർന്നാൽ ഒരു സംഘടന.. മൂന്നായാൽ
രണ്ടു സംഘടന... അങ്ങിനെ വല്ലതുമാണോ?'.
'അത് കൊണ്ടൊന്നുമല്ല, മനു
സമിതി വിട്ടത്. കഴിഞ്ഞ മാസം ഒരു തെരുവ് പട്ടി മനുവേട്ടന്റെ 6 വയസ്സായ ഇളയ മോളെ
കടിച്ചു. ആ കുട്ടി പേയ് ഇളകി മരിച്ചു'. എന്ന് രഞ്ജൻ മറുപടി
പറഞ്ഞു.
സ്വന്തം ദേഹത്ത് കൊണ്ടപ്പോൾ പൊള്ളി അല്ലേ എന്ന് ഞാൻ
ചോദിച്ചില്ല. അതൊരു ശവത്തിൽ കുത്തലായിരിക്കുമല്ലോ?
'മകളുടെ വേർപാടിൽ എന്റെ ദു:ഖം മനു' എന്ന് പറഞ്ഞിട്ട് ഞാൻ രഞ്ജനോട് പറഞ്ഞു. 'രഞ്ജൻ,
ഞാനെന്തായാലും ഈ സമിതിയിൽ നിന്ന് പോകുന്നില്ല'
-----------------------------------------------------
മേമ്പൊടി:
പള്ളിയിലെ വികാരി ജോസിനോട് ചോദിച്ചു 'ജോസേ, നിന്റെ കയ്യിൽ രണ്ടു കാറുണ്ടെങ്കിൽ ഒരു കാറ്
കാറില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കും അച്ചോ..'
'ജോസേ, നിന്റെ കയ്യിൽ രണ്ടു
വീടുണ്ടെങ്കിൽ ഒരു വീട് വീടില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കും അച്ചോ..'
'ജോസേ, നിന്റെ കയ്യിൽ രണ്ടു
പശുവുണ്ടെങ്കിൽ ഒരു പശുവിനെ പശുവില്ലാത്ത ആൾക്ക് സൗജന്യമായി കൊടുക്കുമോ?'
'കൊടുക്കില്ല അച്ചോ..'
'അതെന്താ ജോസേ?'
'എനിക്ക് രണ്ടു പശുവുണ്ട് അച്ചോ...'
ജോസിന്റെ ഉത്തരം കേട്ട് അച്ചൻ പ്ലിംഗ്.
No comments:
Post a Comment