Friday, 2 October 2015

സ്ത്രീധനമെന്ന ശാപം (കഥ)

സ്ത്രീധനമെന്ന ശാപം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അബൂദാബിയിൽ നിന്നാണ് ഞാനത് മനസ്സിലാക്കിയത്, സ്ത്രീക്കാണ് മഹർ കൊടുക്കേണ്ടത് എന്നുള്ള ഇസ്ലാം നിയമം. അല്ലാതെ അവരിൽ നിന്നും പുരുഷന്മാർ സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. ഞാനാ തീരുമാനം മനസ്സിൽ ഉറപ്പിച്ചാണ് നാട്ടിലേക്ക് വന്നത്. ഞാൻ ഗൾഫുകാരനാണെങ്കിലും സാമ്പത്തീകമായി വളരെ പിന്നിലാണ്.
ബ്രോക്കർ വഴി വന്ന ഒരു ആലോചന ഞങ്ങൾ ചെന്ന് കണ്ടു ഇഷ്ടപ്പെട്ടു. സ്ത്രീധനം ഒന്നും വേണ്ട എന്ന ഞങ്ങളുടെ തീരുമാനം അവരെ അറിയീക്കണമെന്ന് ബ്രോക്കറോട് പ്രത്യേകം പറഞ്ഞു.
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചെറിയ വിനോദയാത്ര പോകാൻ ആഗ്രഹിച്ചു. ടൌണ്‍ പോലും ഇത് വരെ കണ്ടിട്ടില്ലാത്ത സാറാക്ക് അതൊരു സന്തോഷകാര്യമായിരുന്നു. ഉപ്പാട് അനുവാദം ചോദിച്ചു. ഉപ്പ  അനുവദിച്ചപ്പോൾ സന്തോഷമായി.
അങ്ങിനെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആലപ്പുഴയിലെ കുട്ടനാടിൽ പോകാമെന്ന് തീരുമാനിച്ചു. എന്റെ പരിചയക്കാരനായ ദീപുവിനോട് അവിടെ ചെറിയൊരു ലോഡ്ജ് ശെരിയാക്കാൻ ഫോണ്‍ ചെയ്തു പറഞ്ഞു.
ലോഡ്ജിലൊന്നും താമസിക്കെണ്ടെന്നും ദീപുവിന്റെ ബന്ധത്തിലുള്ള പ്രായമുള്ള ഒരു അമ്മച്ചിയും അച്ചാച്ചനും താമസിക്കുന്ന വീട്ടിൽ താമസിക്കാമെന്നും പറഞ്ഞു. അവരുടെ മക്കളൊക്കെ വിദേശത്താണത്രെ.
എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞാലും ദീപു സമ്മതിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാനാ ക്ഷണം സ്വീകരിച്ചു.
കുട്ടനാട് എനിക്കേറ്റവും ഇഷ്ടപ്പെട്ട, നയനമനോഹരമായ സ്ഥലമാണ്. ഞങ്ങൾ കുട്ടനാടിലേക്ക് യാത്ര തിരിച്ചു.
ആ അച്ചനും അമ്മയും ഞങ്ങളെ സ്വന്തം മക്കളെപ്പോലെ സ്വീകരിച്ചു, സൽക്കരിച്ചു. കായൽ മീൻ കൂട്ടി നല്ലൊരു ഭക്ഷണം കഴിച്ചു ഞങ്ങൾ ഉറങ്ങി.
വളരെ നേരത്തെ എഴുനേറ്റു. കുട്ടനാടിന്റെ സൌന്ദര്യം ദർശിച്ചു കൊണ്ട് കുറച്ചു നേരം ഇരുന്നു. എത്രയും വേഗം റെഡിയായി വഞ്ചിയിൽ ഞങ്ങൾ രണ്ടു പേരും കുറെ ദൂരം പോയി.  ഇന്ന് വെള്ളിയാഴ്ച്ചയാണ്. പള്ളിയിലേക്ക് പോകണം. അധികം പോകാതെ തിരിച്ചു പോന്നു. കുളിയെല്ലാം കഴിച്ചു പള്ളിയിലേക്ക് പോയി.
പള്ളിയിൽ ജുമാ പ്രസംഗം മലയാളത്തിൽ ആയത് കൊണ്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നിസ്കാരം കഴിഞ്ഞ ഉടനെ ഒരു 15 വയസ്സ് പ്രായമുള്ള ഒരു കുട്ടി എഴുനേറ്റ് നിന്ന് ഇങ്ങിനെ പറഞ്ഞു. 'അസ്സലാമു അലൈക്കും... എന്റെ ഇത്താടെ കല്യാണം കഴിഞ്ഞു. സ്ത്രീധനം കൊടുക്കാൻ സ്വർണം വാങ്ങിയതിന്റെ പൈസ കൊടുക്കാനുണ്ട്. നിങ്ങളൊക്കെ ഞങ്ങളെ ..........' .അത് പറഞ്ഞ് അവൻ കരയാൻ തുടങ്ങി. എന്നിട്ട് ഇത് കൂടെ അവൻ പറഞ്ഞു...' നിങ്ങൾ പള്ളിയിലേക്ക് വരുമ്പോൾ പൈസയൊന്നും കരുതിയിട്ടില്ല എന്നറിയാം. അത് കൊണ്ട് ഇന്ന് മഗ്രിബ് വരെ ഈ പള്ളിയിൽ ഞാനുണ്ടാവും. പിന്നെ, ഞാൻ പറഞ്ഞതൊക്കെ ശെരിയാണെന്ന് എന്റെ പള്ളി കമ്മറ്റിയുടെ എഴുത്ത് ഉണ്ട്'
അവൻ കാണിച്ച എഴുത്ത് ചിലർ വായിച്ചു നോക്കുന്നുണ്ടായിരുന്നു.  ഞാൻ അവനെ സൂക്ഷിച്ചു നോക്കി. അതെ... അവൻ തന്നെ...എന്റെ  സ്ഥിതി ഇത് പോലെയാവുമോ എന്നറിയാൻ തിടുക്കം കൂടി.  ഞാൻ വേഗം തന്നെ താമസസ്ഥലത്തേക്ക് ചെന്നു. ഫോണെടുത്ത് ഉപ്പാനെ വിളിച്ചു.
'ഉപ്പ, എന്റെ കല്യാണത്തിന് സ്ത്രീധനം തരരുത് എന്ന് സാറാടെ ഉപ്പാട് പറഞ്ഞില്ലേ?'
'ഇല്ല അവരായി ഇക്കാര്യം ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ബ്രോക്കറോട് സ്ത്രീധനം ഒന്നും വേണ്ട എന്ന് ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ട്. ആ വിവരം പെണ്‍കുട്ടിയുടെ വീട്ടിൽ പറയണമെന്നും പറഞ്ഞിട്ടുണ്ട്'. എന്നായിരുന്നു ഉപ്പാടെ മറുപടി.
ഉപ്പാടെ കയ്യിൽ നിന്നും ബ്രോക്കറുടെ ഫോണ്‍ നമ്പർ വാങ്ങി. അദ്ധേഹത്തെ ഫോണിൽ വിളിച്ചു. സ്ത്രീധനം വേണ്ടെന്ന് അവരോട് പറയണമെന്ന് ഉപ്പ പറഞ്ഞതായി ബ്രോക്കർ സമ്മതിച്ചു. ഭാര്യവീട്ടിൽ അത് മറച്ചു വെച്ചു എന്റെ ഉപ്പ സ്ത്രീധനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നുണ പറഞ്ഞു. അങ്ങിനെ സ്ത്രീധനം കിട്ടിയാലാണ് അവർക്ക് കമ്മീഷൻ കൂടുതൽ കിട്ടുകയത്രേ.. ഞാനെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേഷ്യം ഉള്ളിലൊതുക്കി ഇങ്ങിനെ ബ്രോക്കറോട് പറഞ്ഞു.. 'നിങ്ങൾ ആ കമ്മീഷൻ വാങ്ങിയ പണം ഉടൻ എന്റെ ഉപ്പാടെന്ന് വാങ്ങി അവർക്ക് കൊടുക്കുക. അങ്ങിനെ ചെയ്യാമെന്ന് ബ്രോക്കർ സമ്മതിച്ചു. കൂട്ടത്തിൽ ഇത്തരം കാര്യങ്ങൾ മേലാൽ ആരോടും ചെയ്യരുതെന്ന് ഉപദേശരൂപേണ പറഞ്ഞു.
സാറാട് ദേഹത്തുള്ള സകല ആഭരണങ്ങളും ഊരിത്തരാൻ ആവശ്യപ്പെട്ടു. എന്തിനാണെന്ന് പോലും ചോദിക്കാതെ സാറ എല്ലാം ഊരിത്തന്നു. അവൾ കേൾക്കാതെ ഉപ്പാക്ക് ഫോണ്‍ ചെയ്തു.
'ഉപ്പ, നമുക്ക് സാറാടെ വീട്ടിൽ നിന്നും കിട്ടിയ സ്വർണം അവർക്ക് തിരിച്ചു കൊടുക്കാം അല്ലെ? ഉപ്പ സമ്മതിച്ചാൽ മാത്രം' ഞാനങ്ങിനെ പറഞ്ഞു.
'മോനെ, ഉപ്പാക്ക് വളരെ സന്തോഷമാണ്. അത് എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കുക'
ഉപ്പാടെ സമ്മതം കിട്ടിയതിൽ എനിക്ക് സന്തോഷമായി.
'നമുക്ക് എപ്പോഴാണ് ബോട്ടിൽ  പോകേണ്ടത്?'. ഉച്ചക്കലെ ഉറക്കം കഴിഞ്ഞപ്പോൾ സാറ എന്നോട് ചോദിച്ചു.
'നമുക്ക് നാളെ പോകാം. ഇന്നെനിക്ക് പള്ളിയിൽ പോകേണ്ട ആവശ്യമുണ്ട്'.
അവൾ എതിർത്തൊന്നും പറഞ്ഞില്ല. അതാണ്‌ അവളുടെ സ്വഭാവം.
നിസ്കാരം കഴിഞ്ഞപ്പോൾ പതിവ് പോലെ അവൻ ഒരു ചെറിയ ബക്കറ്റുമായി പള്ളിയുടെ ഒരു മൂലയിൽ ഉണ്ടായിരുന്നു. അവിടെ കേറി നിസ്കരിച്ചാൽ അവൻ എന്നെ കാണുമെന്നുള്ളത് കൊണ്ട് ഞാൻ അടുത്തുള്ള മറ്റൊരു പള്ളിയിൽ നിസ്കരിച്ചിട്ടാണ് ആ പള്ളിയിലേക്ക് പോയത്. ജുമാ നിസ്കാരത്തിനു കൂടുതൽ ആളുകൾ ഉള്ളത് കൊണ്ട് ശ്രദ്ധിക്കാൻ ഇടയില്ലല്ലോ?
ഞാൻ കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ ഒരു പൊതിയാക്കി പള്ളിയിലെ ഖത്തീബിനെ ഏൽപ്പിച്ചിട്ട് ഇങ്ങിനെ പറഞ്ഞു. 'ഉസ്താദ്, ഈ പൊതി ആ പയ്യന്റെ ബക്കറ്റിൽ ഇടൂ... ഞാൻ പോയതിന് ശേഷം ഇട്ടാൽ മതി. കാരണം അവനെന്നെ കാണരുത്'.
മനസ്സിൽ എന്തോ ഒരു ഭാരം ഇറക്കി വെച്ച, ഒരു പുണ്യകർമ്മം ചെയ്ത മനസ്സുമായാണ് ഞാൻ തിരിച്ചു പോന്നത്. അവനെന്നെ കാണരുതെന്നത് എന്റെ ആവശ്യമായിരുന്നു..............കാരണം, അവനെന്റെ സാറാടെ കുഞ്ഞനിയനായിരുന്നു.
-----------------------------------
മേമ്പൊടി: 
വിവാഹപ്രസംഗം (നിക്കാഹ് ഖുത്തുബ) അറബിയിലായിരിക്കുമല്ലോ? നിങ്ങൾ ആണ്‍കുട്ടികൾക്ക് വിവാഹം ആലോചിക്കുമ്പോൾ പെണ്‍കുട്ടിയുടെ സമ്പത്തോ സൌന്ദര്യമോ അല്ല, മറിച്ചു ദീൻ (മതചര്യ) ആണ് നോക്കേണ്ടത് എന്നാണു ആ പ്രസംഗത്തിൽ പറയാറ്. അറബിയിൽ ആയതു കൊണ്ട് മിക്കവർക്കും മനസ്സിലാവില്ല. ഇനി കല്ല്യാണം കഴിക്കാൻ  പോകുന്നവർക്ക് മനസ്സിലാക്കാൻ ആണെങ്കിൽ ഈ അറബിയിൽ പറഞ്ഞത് എത്ര ആൾക്ക് മനസ്സിലാവും?

No comments:

Post a Comment