വൈധവ്യം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം,
തൃപ്രയാർ, തൃശ്ശൂർ
അത്താഴം വിളമ്പിവെച്ചിട്ട് കുറച്ചധികം നേരമായി. മക്കൾ
രണ്ടു പേരും മുകളിലെ മുറിയിലാണ്. എന്തോ കാര്യങ്ങൾ ഉറക്കെ സംസാരിക്കുകയാണ്. അത്
കാരണം ഞാൻ താഴെ നിന്നും വിളിച്ചത് അവർ കേട്ടില്ലെന്ന് തോന്നുന്നു. മുകളിൽ ചെന്ന്
വിളിക്കാമെന്ന് കരുതി ഞാൻ മുകളിലേക്ക് ചെന്നു.
അവർ എന്റെ കാര്യമാണ് സംസാരിക്കുന്നതെന്ന്
മനസ്സിലായപ്പോൾ തെറ്റാണെന്നറിഞ്ഞിട്ടും ഞാൻ കാതോർത്തു.
'ചേട്ടൻ പറയുന്നതിൽ ശെരിയില്ല. എന്റെ കാര്യം
ഒന്നാലോചിച്ചേ... എന്റെ ഭർതൃവീട്ടുകാർ ഇതറിഞ്ഞാൽ.... ചേട്ടന് പറഞ്ഞാൽ
മനസ്സിലാവില്ല'. തന്റെ മകൾ രശ്മിയാണത് പറഞ്ഞത്.
'അതെ, നിനക്കെല്ലാം അറിയാം
അല്ലെ? നമ്മുടെ അച്ചൻ മരിക്കുമ്പോൾ നിനക്ക് ഒരു വയസ്സാണ്.
എനിക്ക് നാല് വയസ്സും. അന്ന് അമ്മക്ക് 25
വയസ്സാണ് പ്രായം. എത്രയോ പുനർവിവാഹ ആലോചനകൾ അന്നൊക്കെ വന്നെന്ന് നമ്മൾ
കേട്ടിട്ടില്ലേ? നമ്മളെ വളർത്താൻ വേണ്ടിയല്ലേ അമ്മ വേറെ
വിവാഹം കഴിക്കാതെ ജീവിച്ചത്? ഇപ്പോൾ നമ്മുടെ രണ്ടു പേരുടെയും
വിവാഹം കഴിഞ്ഞു. അമ്മക്ക് 48 വയസ്സായി. പുനർവിവാഹത്തിന് അന്നൊക്കെ എതിർത്ത അമ്മ
ഇപ്പോൾ എതിർക്കുന്നില്ല. അമ്മയ്ക്കും വേണ്ടേ ഒരു ജീവിതം?' എന്റെ
മകൻ രാജന്റെ ചോദ്യം.
അധികം കേൾക്കാൻ നിൽക്കാതെ തിരിച്ചു പോന്നു.
സമ്മിശ്രവികാരങ്ങൾ മനസ്സിലുടലെടുത്തു. ഞാൻ എന്റെ
ജീവിതത്തിന്റെ പിന്നിലേക്ക് ഒന്നെത്തിനോക്കി.
എന്റെ പത്തൊമ്പതാം വയസ്സിലായിരുന്നു വിവാഹം. രഘുവേട്ടൻ
എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്റെ മഹാഭാഗ്യമായിരുന്നു. സ്വർഗ്ഗതുല്ല്യമായ
ജീവിതമായിരുന്നു. പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞു ആറ്
വർഷത്തിന് ശേഷം ഒരു ദിവസം രഘുവേട്ടൻ ബൈക്കിൽ പോകുമ്പോൾ.....................
ആലോചിക്കാൻ പോലും വയ്യ.... ഒരു ലോറി ഇടിച്ചു.... അപ്പോൾ തന്നെ .............
അന്നെനിക്ക് 25 വയസ്സ് പ്രായം. എന്റെ മകന് 4ഉം മകൾക്ക് ഒരു വയസ്സും.... എന്തെല്ലാം
കുത്തുവാക്കുകൾ, പരിഹാസങ്ങൾ, അപഖ്യാതികൾ
കേട്ടു. ഒരു പാട് വിവാഹാലോചനകൾ, ഭർതൃവീട്ടുകാർ വഴി പോലും
വന്നു. തന്റെ മക്കളുടെ ഭാവി ഓർത്ത് അതൊക്കെ നിരസിച്ചു. ഇപ്പോൾ രണ്ടു പേരുടെയും
വിവാഹം കഴിഞ്ഞു. വീണ്ടും വിവാഹാലോചനകൾ വന്നപ്പോൾ എന്റെ എതിർപ്പിന്റെ കനം കുറഞ്ഞു.
'അമ്മേ, ഭക്ഷണം കഴിക്കേണ്ടെ?'
മകന്റെ വാക്കുകളാണ് എന്റെ ചിന്തയിൽ നിന്നും മാറിയത്.
'വാ മക്കളെ... നിങ്ങൾ ഇത്ര നേരം
എന്തെടുക്കുകയായിരുന്നു?' ഞാൻ വെറുതെ ചോദിച്ചു.
'ഞങ്ങളോരോന്നു സംസാരിച്ചിരിക്കയായിരുന്നു അമ്മെ'.
മകനാണത് പറഞ്ഞത്.
എന്ത് കാര്യമാണ് ഇത്രയധികം സംസാരിക്കാൻ എന്ന എന്റെ
ചോദ്യത്തിന് ഗൾഫിലെ കാര്യങ്ങൾ എന്ന് മകളുടെ മറുപടി.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. തികഞ്ഞ നിശബ്ധത. അതിന്
ഭംഗം വരുത്തി മകൻ ചോദിച്ചു.. 'അമ്മേ, അമ്മയ്ക്കൊരു
നല്ല ജീവിതം വേണ്ടേ?'
'എന്റെ ജീവിതം നല്ലതല്ലേ... പിന്നെ എന്താ മോൻ
അങ്ങിനെ ചോദിച്ചത്?' ഇതായിരുന്നു എന്റെ വാക്കുകൾ.
'അമ്മേ, ഒരു സ്ത്രീയുടെ
വിവാഹപ്രായത്തിൽ വിധവ ആയ അമ്മ, ഞങ്ങൾക്ക് വേണ്ടി മെഴുകുതിരി
മറ്റുള്ളവർക്ക് വെളിച്ചം നൽകി സ്വയം ഉരുകി ഒലിച്ചു ഇല്ലാതാവുന്ന പോലെ അമ്മയുടെ
ജീവിതം അമ്മ ഹോമിച്ചു. അത് കൊണ്ടാണ് അമ്മ മൌനസമ്മതം നൽകിയ ആ വിവാഹം നടത്തണം....'
മകന്റെ വാക്കുകളിൽ അഭ്യർത്ഥനയും തീരുമാനവും കണ്ടു.
'നമുക്ക് ഈ വിഷയം നാളെ പറയാം' ഞാൻ
അങ്ങിനെയാണ് മറുപടി കൊടുത്തത്.
'എന്തായാലും അമ്മ പോസിറ്റീവായ മറുപടി തരണം. ഞങ്ങളുടെ
ആഗ്രഹമാണത്' മകളാണത് പറഞ്ഞത്.
മകളുടെ മനം മാറ്റം കണ്ടപ്പോൾ സന്തോഷം തോന്നി.
ഉറങ്ങാൻ കിടന്നപ്പോൾ മകനും മകളും എന്റെ അടുത്ത് രണ്ട്
ഭാഗത്തായി എന്നെ കെട്ടിപ്പിടിച്ച് കിടന്നു. രണ്ടു പേരും കരയുന്നുണ്ടെന്ന്
മനസ്സിലായി.
മക്കളെ എന്റെ കയ്യിലെൽപ്പിച്ചു പോയ ചേട്ടനെ പറ്റി ഓർത്തു.
ആ ദിവസവും വണ്ടി എടുത്ത് പുറത്തേക്ക് പോകുമ്പോൾ ഒരു കാടൻപൂച്ച വണ്ടിയുടെ കുറുകെ
ചാടുന്നത് ഞാൻ കണ്ടതാണ്. പക്ഷെ, അതാണ് അപകടം ഉണ്ടാവാൻ കാരണം
എന്ന് ഞാൻ പറയില്ല. കാരണം, അതെ പൂച്ച അതിന് മുമ്പും പലവട്ടം
ഇത്തരത്തിൽ വട്ടം ചാടിയിട്ടുണ്ട്.
എന്തൊക്കെയോ ആലോചിച്ചു കിടന്നു. മക്കൾ രണ്ടു പേരും
നല്ല ഉറക്കത്തിലാണ്. ഞാൻ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. മക്കളുടെ ശബ്ദം കേട്ടാണ്
ഉണർന്നത്.
'അമ്മേ, വേഗം വന്നെ,, അവർ വരാറായി' മകളാണത് പറഞ്ഞത്.
എനിക്കാ മനുഷ്യനെ അറിയാം. ഭർത്താവിന്റെ ബന്ധക്കാരൻ. ഈ
വിവാഹം കൊണ്ട് വന്നത് തന്നെ ഭർതൃവീട്ടുകാരാണ്. എങ്കിലും വേഗം റെഡിയായി.
ജീവിതത്തിന്റെ ഒരു വഴിത്തിരിവിലാണ് ഞാൻ എന്ന ചിന്ത
എന്നെ വേട്ടയാടി. സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും
നല്ലതാണെന്ന വാക്യം എനിക്ക് ധൈര്യം തന്നു.
കാലത്തിന്റെ കാലൊച്ചയുടെ ആരവത്തിന്നു മുമ്പ് തന്നെ ഞാനെന്റെ
തീരുമാനം മക്കളെ അറിയീച്ചു...
'മക്കളെ ഈ
അമ്മ ഇത്രനാളും ജീവിച്ചത് നിങ്ങളുടെ സന്തോഷത്തിന്നും ഭാവിക്കും വേണ്ടിയാണ്. ആ
നിങ്ങളുടെ സന്തോഷത്തിന് വേണ്ടി നിങ്ങളുടെ ആവശ്യം ഞാൻ സ്വീകരിക്കുന്നു...
പുനർവിവാഹത്തിന്ന് ഞാൻ തയ്യാറാണ്'.
മക്കൾക്ക് അത് കേട്ടപ്പോൾ സന്തോഷമായെന്ന് അവരുടെ
മുഖഭാവത്തിൽ നിന്ന് മനസ്സിലായി. അങ്ങിനെ ഞാനൊരു പുതുജീവിതത്തിലേക്ക്
കടന്നു.....................
----------------------------------
മേമ്പൊടി:
രാമായണത്തിൽ ത്യാഗത്തിന്റെ കാര്യത്തിൽ എനിക്കേറ്റവും
ഇഷ്ടപ്പെട്ട സ്ത്രീ ഊർമിളയാണ്. പതിനാല് വർഷം വനവാസത്തിനു പോയ ശ്രീരാമന്റെ കൂടെ
ഭാര്യയായ സീത പോയി. കൂടാതെ അനുജൻ ലക്ഷ്മണനും. മറ്റൊരനുജൻ ഭരതൻ ശ്രീരാമന്റെ പാദുകം
(ചെരിപ്പ്) വെച്ച് പൂജിച്ചു. എന്നാൽ ഊർമിളയുടെ ഭർത്താവ് ലക്ഷ്മണൻ ശ്രീരാമന്റെ കൂടെ
പോയിട്ടും ഊർമിള ഭർത്താവിന്റെ സ്മരണയിൽ ജീവിച്ചു.
No comments:
Post a Comment