Monday, 21 September 2015

പരിവർത്തനം (അനുഭവം)

പരിവർത്തനം (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അബുദാബിയിലെ പഴയ എയർപോർട്ടിൽ (അന്ന് പുതിയ എയർപോർട്ട് ഇല്ല) ആയിരത്തി തൊള്ളായിരത്തി എഴുപത്തേഴു ഓഗസ്റ്റ്‌ മാസം എട്ടിന്നു നാട്ടിൽ പോയി ഞാൻ തിരിച്ചു വന്നിറങ്ങിയപ്പോൾ കേട്ടത്, വിസ ജോലി ചെയ്യുന്ന സ്പോണ്‍സറുടെ പേരിലേക്ക് മാറ്റുവാൻ UAEയിൽ 45 ദിവസത്തെ സമയം കൊടുത്തിട്ടുണ്ട്‌. ആദ്യമായാണ് ഇത് നടപ്പിലാക്കിയത്. പലരും ഇമിഗ്രേഷനിൽ തലേദിവസം വന്നു ഉറങ്ങി ലൈൻ പിടിക്കുന്ന കാലം. ഞാൻ കുലംകൂഷമായി ആലോചിച്ചു. അറബി വായിക്കാനും സംസാരിക്കാനും എഴുതാനും അറിയാവുന്നത് കൊണ്ടും ഡ്രൈവിംഗ് ലൈസെൻസ് ഉള്ളത് കൊണ്ടും ജോലി കിട്ടാൻ പ്രയാസമില്ല. പക്ഷെ ഒരു പരിചയവും ഇല്ലാത്തിടത്ത് ജോലി ചെയ്യാൻ ഒരു വിമ്മിഷ്ടം. ഒരു ഷോപ്പ് എടുത്തു കച്ചവടം ചെയ്യുകയാണെങ്കിൽ സ്വന്തം സ്പോണ്‍സറിങ്ങിൽ വിസ അടിക്കാം. കച്ചവടം ചെയ്യാൻ നല്ല പൈസ വേണം. എന്റെ കയ്യിൽ അത്ര പൈസ ഇല്ല. അപ്പോഴാണ്‌ ഒരു ബുദ്ധി ഉദിച്ചതു. ഒരു ടാക്സി എടുക്കുക. ടാക്സി പെർമിറ്റ് അബുദാബി അറബിയുടെ പേരിലേ കിട്ടൂ. എന്റെ വളരെ വർഷം പരിചയമുള്ള മുശിരിഫിലെ മുഹമ്മദ്‌ മുഹമ്മദ്‌ ഖലീഫ അൽഖുബൈസിയെ ചെന്ന് കണ്ടു. അവൻ എന്തിന്നും തയ്യാർ. അതിന്നും പണം വേണ്ടേ? പലരും കടം തന്നു. അതിൽ മറക്കാൻ പറ്റാത്ത വ്യക്തിയാണ്, ഞാൻ നാട്ടിൽ പോകുന്നതിനു മുമ്പ് കുറച്ചു നാൾ ജോലി ചെയ്ത കമ്മേർഷ്യൽ ട്രേഡിംഗ് ഏജൻസി എന്ന കമ്പനിയിൽ എന്റെ കൂടെ ജോലി ചെയ്ത ചെങ്ങന്നൂര് ഉള്ള മാത്യു.
അൽമസൂദ് കമ്പനിയിൽ നിന്നും ഒരു ഡാട്സൻ 280C എന്ന കാർ അറബിയുടെ പേരിൽ വാങ്ങി. രെജിസ്ട്രേഷൻ നമ്പർ അബൂദാബി 10107.
അന്ന് അബുദാബി ഗ്രാൻഡ്‌ മോസ്ക്കിന്റെ അടുത്താണ് അബുദാബിയിൽ നിന്നും മറ്റ് എമിരേറ്റുകൾക്ക് പോകാനുള്ള ടാക്സി സ്റ്റാന്റ്. ഞാൻ മൂന്നു വർഷത്തോളം അബുദാബി - ദുബൈ ടാക്സി ഓടിച്ചു. അറബി എഴുതാൻ (ഒരു പക്ഷെ ചില അറബികളേക്കാൾ നല്ല കയ്യക്ഷരത്തിൽ) അറിയാവുന്നത് കൊണ്ട് ടാക്സിസ്റ്റാന്റിലുള്ള പോലീസുകാർ ഡ്രൈവർമാർക്കുള്ള ട്രാവേല്ലിംഗ് പാസ് എഴുതാൻ എന്നെ ഏൽപ്പിക്കും. അതിനു അവർ എന്റെ കാർ ലൈനിൽ ഇടാതെ തന്നെ ഇടയ്ക്കിടയ്ക്ക് ഫ്രീ പാസ് തരും.
അങ്ങിനെയിരിക്കെ ഒരിക്കൽ അബൂദാബിയിൽ നിന്ന് അലൈനിലേക്ക് ഒരു ഫാമിലിയുടെ ഓട്ടം വന്നു. അലൈനിലേക്ക് ഞാൻ അധികം പോകാറില്ല. യാത്രകൾ അധികവും ദുബൈ, ഷാർജ തുടങ്ങിയ നോർത്തേണ്‍ എമിരേറ്റുകളിലേക്കായിരുന്നു.
അലൈനിൽ എന്റെ വളരെ അകന്ന ബന്ധത്തിലുള്ള ഒരാൾ ഉണ്ടെന്നറിയാം. കരീം (ഇത് ശെരിയായ പേരല്ല, കാരണം അദ്ദേഹം ഇപ്പോഴും ഉണ്ട്) നാട്ടിൽ ഒരു കല്യാണവീട്ടിൽവെച്ച് കണ്ടപ്പോൾ അദ്ധേഹത്തിന്റെ ഫോണ്‍ നമ്പർ തന്നിരുന്നു. ആ നമ്പറിൽ വിളിച്ചു അദ്ദേഹം താമസിക്കുന്ന സ്ഥലം അന്വേഷിച്ചു. ഞാൻ കരീം താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. വെള്ളിയാഴ്ച നാലു മണിയായിട്ടുണ്ട്. കാളിംഗ് ബെൽ അടിച്ചപ്പോൾ അദ്ദേഹം വന്നു വാതിൽ തുറന്നു. ഫ്ലാറ്റിൽ വേറെ ഒരു പാട് സന്ദർശകർ ഉണ്ടായിരുന്നു. ഞാൻ അകത്തു കടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഏതോ ഒരാൾ കരീമിനോട് എന്നെ ചൂണ്ടി ചോദിച്ചു 'ഇതാരാ?'
അതിന്നു കരീം പറഞ്ഞ മറുപടി 'അപ്പോൾ നമ്മൾ നേരത്തെ പറഞ്ഞ ഷെയർ മാർകറ്റിന്റെ കാര്യം.... പിന്നെ എന്തൊക്കെയോ അവർ തമ്മിൽ പറയുന്നുണ്ടായിരുന്നു. ഞാൻ ആരാണെന്ന് കരീം പറഞ്ഞില്ലെന്നു മാത്രമല്ല, ചോദിച്ച ആൾ വീണ്ടും അത് ചോദിച്ചുമില്ല.
എനിക്ക് ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ കരീം എന്നോട് ചായ എടുക്കട്ടെ എന്ന് ചോദിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു പോയി.
മൂന്നു വർഷം ടാക്സി ഓടിച്ചപ്പോൾ മടുത്തു. അല്ലെങ്കിലും ഞാൻ ഒരു ദേശാടനക്കിളി ആണ്. ഒരിടത്തും ഉറച്ചു നിൽക്കില്ല അത് ജോലിയായാലും, എന്റെ ഉപ്പാനെ പോലെ. കാർ ടാക്സിയിൽ നിന്നും പ്രൈവറ്റ് ആക്കി. ടാക്സിയിൽ ഫിറ്റ്‌ ചെയ്തിരുന്ന മീറ്റെറിന്റെ ക്ലാമ്പ് ഞാൻ ഊരിയെടുത്തു.
അപ്പോഴാണ്‌ അറബി ഒരു കമ്പനി തുടങ്ങാൻ പോകുന്ന കാര്യം എന്നോട് പറഞ്ഞത്. അതിന്റെ മേൽനോട്ടം എന്നെ ഏൽപ്പിച്ചു. അങ്ങിനെ 'BIN KANESH GENERAL TRADING' എന്ന കമ്പനിയിൽ ഞാൻ ജോലിക്ക് ചേർന്നു. മുഹമ്മദിന്റെ കസിൻ അബ്ദുള്ള ബിൻ കാനേഷ് അൽ ഖുബൈസിയും കൂടിയുള്ള സ്ഥാപനം. അവിടെ ഷെയ്ഖ്‌ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ വിസിറ്റ് ചെയ്യാറുണ്ട്.
അവിടേയും കുറെ നാൾ ജോലി ചെയ്തപ്പോൾ ഒരു ചിന്ത വീണ്ടും. മറ്റൊരു ജോലി അന്വേഷിക്കാനല്ല, മറിച്ച് ഈ പ്രവാസ ജീവിതം അവസാനിപ്പിച്ചു പെറ്റമ്മയുടെ, കേരളത്തിന്റെ അടുത്തു പോകാൻ. വിവരം അർബാബുമാരോട് (മുതലാളിമാരോട്) പറഞ്ഞു . എന്റെ മറക്കാൻ കഴിയാത്ത മുഹമ്മദ്‌ എന്ന അറബി പറഞ്ഞ വാചകം. 'മഹൽ മഹലക്ക്. ബാബ് മഫ്തൂഹ് ധാഇമൻ (ഈ സ്ഥാപനം നിന്റെ സ്ഥാപനമാണ്‌, ഈ വാതിൽ നിനക്ക് വേണ്ടി എപ്പോഴും തുറന്നിടും). ഈ സംഭവത്തിന്റെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വെറും മുപ്പതു വയസ്സ് മാത്രമുള്ള ഈ മുഹമ്മദ്‌ മുഹമ്മദ്‌ ഖലീഫ അൽകുബൈസി ഉറക്കത്തിൽ മരിച്ചു. അതൊരു റംസാൻ മാസം ആയിരുന്നു.
അങ്ങിനെ ഞാൻ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയേഴിൽ വിസ കേൻസൽ ചെയ്യാതെ നാട്ടിലേക്കു പോന്നു. എയർപോരർട്ടിലേക്ക് കാറിൽ വരുമ്പോൾ പിന്നോട്ട് നോക്കി മനസ്സ് മന്ത്രിച്ചു. 'എന്നെ വളർത്തിയ ഈ പോറ്റമ്മയെ ഇനി ഞാൻ ജീവിതത്തിൽ കാണില്ല'
നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റേ പാർട്ണർ അബ്ദുള്ള അൽഖുബൈസിയുടെ ഫോണ്‍ കാൾ എന്റെ കാട്ടൂർ തറവാട്ടിലേക്ക്. അന്ന് എന്റെ വീട്ടിൽ പോലും ഫോണ്‍ ഇല്ല. എന്നെ ജോലിക്ക് ഷൈഖ് ഹമദ് ആവശ്യപ്പെടുന്നത്രേ. ഇനി കാണില്ല എന്ന് കരുതി തിരിച്ചു വന്ന ഞാൻ ആ നാട്ടിലേക്ക് ചെല്ലാനാണ് ദൈവം തമ്പുരാൻ എന്നെ നിയോഗിച്ചത്. ഒരു സിംഗിൾ ടിക്കറ്റ്‌ എടുത്തു തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. അബുദാബിയിൽ എത്തി.
മനസ്സിന്നു ഒരു സുഖമില്ല. തിരിച്ചു പോകാൻ തോന്നി. അബ്ദുള്ളാക്ക് ഫോണ്‍ ചെയ്തു. ഞാൻ തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞു . അവൻ അലൈനിൽ ആണെന്നും ശെനിയാഴ്ച ഷൈക്കിനെ കണ്ടിട്ട് എന്തു തീരുമാനം എടുത്താലും വിരോധമില്ലെന്നും പറഞ്ഞു. അതിന്നു അബ്ദുള്ള പറഞ്ഞ കാരണം പലപ്പോഴായി അവനെ ഷൈഖ് ഈ വിഷയം പറഞ്ഞു ഫോണ്‍ ചെയ്യുന്നുണ്ടത്രേ.
ശെനിയാഴ്ച അബ്ദുള്ള ബിൻ കനെഷുമായി ഷൈഖിന്റെ ഓഫീസിലേക്ക്. അവിടെ താഴെ വിരിച്ച കാർപെറ്റിൽ ഇരിക്കുകയാണ് ഷൈഖും പരിവാരങ്ങളും. എന്നെ കണ്ട ഉടനെ ഷൈഖിന്റെ ഒരു ചോദ്യം 'ഇന്ത ഫീ ഹയ് (നീ ജീവിച്ചിരിപ്പുണ്ടോ) എന്ന്.
അവിടെ അദ്ധേഹത്തിന്റെ ഓഫീസ് മേനെജരായി ഒരു പാട് വർഷങ്ങൾ. ഷൈഖ് ഉപയോഗിക്കാൻ തന്ന കാറിൽ മൊബൈൽ ഫോണ്‍, വയർലെസ്സ് ഫിറ്റ്‌ ചെയ്യാൻ ഷൈഖിന്റെ ഗാരേജിലെ ഓട്ടോഎലെക്ട്രിഷ്യനോട് പറഞ്ഞു. അന്നൊക്കെ ഷൈഖുമാർക്കും ചില അറബികൾക്കും മാത്രമേ മൊബൈൽ ഫോണ്‍ ഉള്ളൂ. കൂട്ടത്തിൽ ഞാൻ ടാക്സിയിൽ മീറ്റർ വെക്കാൻ ഫിറ്റ്‌ ചെയ്ത ക്ലാമ്പ് അന്ന് അഴിച്ചു വെച്ചതും ഈ കാറിൽ ഗിയറിന്നു അടുത്തായി ഫിറ്റ്‌ ചെയ്യാൻ പറഞ്ഞു. അപ്പോൾ ആ ഇലക്ട്രിഷൻ പറഞ്ഞത് 'സാറേ, ഇത് ഫിറ്റ്‌ ചെയ്‌താൽ ഒരു കാര്യവുമില്ല, പിന്നെ എന്തിനാ ഫിറ്റ്‌ ചെയ്യുന്നേ?' എന്നാണു. അത് എപ്പോഴെങ്കിലും ഈ വയർലെസ്സും മൊബൈലും ഉപയോഗിക്കുമ്പോൾ എനിക്ക് ഷൈഖിന്റെ മേനേജരാണെന്ന അഹംഭാവം വരും. അപ്പോൾ ഈ ക്ലാമ്പ് എന്റെ കണ്ണിൽ പെടും. അപ്പോൾ ആ ക്ലാമ്പ് എന്നോട് മന്ത്രിക്കും 'ഏയ്‌ ഷെരീഫെ, നീ പണ്ട് ടാക്സി ഓടിച്ചു നടന്നവനാണ്‌' എന്ന്. അപ്പോൾ എന്റെ അഹംഭാവത്തിന്റെ മുന ഓടിയും. അവൻ അതും ഫിറ്റ്‌ ചെയ്തു.
ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ കാൾ. 'ശറഫുവല്ലേ?'. ഞാൻ അതെ എന്ന് പറഞ്ഞു. ഉടനെ ഒരു വലിയ സലാം. 'അസ്സലാമുഅലൈക്കും വരഹമാതുല്ലാഹി വബരക്കാതഹൂ' ഞാൻ സലാം മടക്കി കൊണ്ട് ചോദിച്ചു. 'ആരാണ്?'. ഉടനെ വന്നു മറുപടി. 'ഞാൻ അലൈനിൽ നിന്നും കരീം' എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു 'കുറെ സ്ഥലത്ത് വിളിച്ചു ചോദിച്ചിട്ടാണ് നിന്റെ നമ്പർ കിട്ടിയത്. എന്തെ നീ അലൈനിലൊന്നും വരാറില്ലേ? ഇനി വരുമ്പോൾ മറക്കാതെ എന്റെ ഫ്ലാറ്റിൽ വരണം' ഞാൻ ആ ക്ഷണം സ്വീകരിച്ചു.
കുറേ നാളുകൾക്കു ശേഷം ഒരു ഓഫീസ് കാര്യത്തിന്നു അലൈനിലെ മുറൂറിലും (ട്രാഫിക് ഡിപാർട്ട്മെന്റ്) ഹോസ്പിറ്റലിലും പോകേണ്ടതുണ്ടായിരുന്നു, രണ്ടു ദിവസം മുമ്പ് ഷൈഖിന്റെ ഒരു ബോഡി ഗാർഡിന്റെ വണ്ടി മുട്ടി മരിച്ച മലയാളിയുടെ ഡെഡ് ബോഡി നാട്ടിലേക്ക് അയക്കാനുള്ള പേപ്പർ റീലീസിന്നു വേണ്ടി. ഒരു പാട് പ്രാവശ്യം നടക്കേണ്ട, ദിവസങ്ങൾ വേണ്ടി വരുന്ന കാര്യം നാല് മണിക്കൂർ കൊണ്ട് കഴിഞ്ഞു. ഹോസ്പിറ്റലിൽ ചെന്ന് ഡെഡ് ബോഡി മോർച്ചറിയിൽ കണ്ടു. ഒരു നിമിഷം ഞാൻ ആ വ്യക്തിയെ പറ്റി ആലോചിച്ചു. എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കും അദ്ദേഹം ഈ ഗൾഫിൽ വന്നിട്ടുണ്ടാവുക, ഒടുവിൽ നാട്ടിൽ നിന്ന് വരുമ്പോൾ അദ്ദേഹവും അദ്ധേഹത്തിന്റെ ബന്ധക്കാരും ആലോചിച്ചിട്ടുണ്ടാവുമോ ഇനി തിരിച്ചു വരുന്നത് ഈ രൂപത്തിലായിരിക്കുമെന്നു.
കരീമിന്റെ ഫ്ലാറ്റിൽ പോകാൻ തീരുമാനിച്ചു. ഫ്ലാറ്റിൽ ചെന്നപ്പോൾ ഒരു പാട് ആൾക്കാർ എന്നെ കണ്ട ഉടനെ തന്നെ കരീം അവർക്ക് പരിചയപ്പെടുത്തി 'ഇത് എന്റെ -----ബന്ധക്കാരനായ ഇബ്രാഹിംകുട്ടിക്കാടെ മകനാ. അവൻ ഇപ്പോൾ ഷൈഖ് ഹമദ് ബിൻ ഹംദാന്റെ മേനേജരാ'
ഞാൻ ഒന്ന് കൂടെ വിശദീകരിച്ചു പറഞ്ഞു 'പണ്ട് ഞാൻ ബോയ്‌ പണി ചെയ്തിട്ടുണ്ട്, സൈൽസ്മാന്റെ, ടാക്സി ഡ്രൈവറുടെ എല്ലാം പണികളും ഞാൻ ചെയ്തിട്ടുണ്ട്.
ഉടനെ വന്നു കരീമിന്റെ മറുപടി 'അത് ഇവന്റെ നേച്ചർ അങ്ങിനെ ആയതു കൊണ്ടാ. ആരോടും കടപ്പാട് വേണ്ട എന്ന പ്രത്യേക സ്വഭാവം. അത് കൂടാതെ എന്ത് ജോലിയും ചെയ്യാമെന്നും എന്ത് ഭക്ഷണം കഴിക്കാമെന്നും എവിടെ കിടന്നു ഉറങ്ങാമെന്നുമുള്ള സ്വഭാവം.' അത് കഴിഞ്ഞു അദ്ദേഹം ചോദിച്ചു 'ശെറഫൂ, നീ എന്തേ സുഹറാനേം മക്കളേം കൊണ്ട് വന്നില്ല?' എന്റെ ഭാര്യയുടെ പേര് എങ്ങിനെ പഠിച്ചു എന്ന് ആലോചിച്ചിട്ട് ഞാൻ പറഞ്ഞു 'ഞാനിതൊരു ഓഫീസ്കാര്യത്തിന്നു വന്നതാണ്. അപ്പോൾ പിന്നെ അവരെ അബുദാബിയിൽ ആക്കി പോന്നു'
അദ്ദേഹം ഭാര്യയെ ഭക്ഷണം കൊണ്ട് വന്നു വെക്കാൻ പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചെന്നു പറഞ്ഞപ്പോൾ കരീം പറഞ്ഞത് 'ഞങ്ങളൊക്കെ ഈ അലൈനിൽ ഉള്ളപ്പോൾ എന്റെ --------ബന്ധത്തിൽ പെട്ട ഇബ്രാഹിംകുട്ടിക്കാടെ മകൻ പുറത്തു നിന്ന് കഴിക്കേ. അത് മോശമായി' എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു 'എന്നാൽ ശെറഫൂന്നു ഒരു ചായ കൊടുക്ക്‌'.
 ഞാൻ കുറച്ചു മുമ്പാണ് ഭക്ഷണം കഴിച്ചതെന്നും ഇപ്പോൾ ചായ ശെരിയാവൂല എന്നും പറഞ്ഞപ്പോൾ അദ്ധേഹത്തിന്റെ മറുപടി ' ഓ ഒരു ചായ കുടിച്ചത് കൊണ്ട് വയർ പൊട്ടിപോകൊന്നുമില്ല' അദ്ധേഹത്തിന്റെ ചായയും സ്നാക്ക്സും ഞാൻ കഴിച്ചു. ഞാൻ യാത്ര പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് പോണോ എന്നാണു കരീം ചോദിച്ചത്.
ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞു പിരിഞ്ഞു. തിരിച്ചു അബുദാബിയിലെത്തുന്ന വരെ കാറിലെ ടേപ്പ്റെക്കോർഡറിൽ എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് ആവർത്തിച്ചാവർത്തിച്ചു കേട്ടു.
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും

No comments:

Post a Comment