Tuesday 24 November 2015

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (കഥ) - അവസാനഭാഗം

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (കഥ) - അവസാനഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

>>>>>> കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച

കടപ്പുറം കറുകമുട്ടിൽ എത്തിയപ്പോൾ അലിമോൻക്കാക്ക് ഫോണ്‍ ചെയ്തു പോകേണ്ട വഴി ഒന്ന് കൂടെ ചോദിച്ചറിഞ്ഞു.
വളഞ്ഞു തിരിഞ്ഞ് പലരോടും ചോദിച്ച് ഒരു വിധം ഞങ്ങൾ അലിമോൻക്കാടെ വീട്ടിലെത്തി.
ഞങ്ങളെ കണ്ട സന്തോഷത്തിൽ അദ്ദേഹം അകത്തേക്ക് വിളിച്ചു പറഞ്ഞു 'സബീന, ദേ നോക്കൂ എന്റെ ഹബീബ് ശെരീഫ് വന്നിട്ടുണ്ട്'
അദ്ധേഹത്തിന്റെ ആ സ്നേഹപ്രകടനം കണ്ടപ്പോൾ എന്റെ കണ്ണിൽ നീരണിഞ്ഞു.
മുഖവുരയില്ലാതെ അദ്ദേഹം സംസാരം ആരംഭിച്ചു.
'ഞാൻ ശെരീഫിനെ കാണണമെന്ന് ഒരു പാട് വർഷങ്ങളായി ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് നടന്നത്. നിങ്ങളുടെ കാട്ടൂർ ടെലെഫോണ്‍ ബുക്കിൽ ഞാൻ പരതി'.
ഞാൻ താമസം മാറ്റിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ലെന്ന് എനിക്ക് മനസ്സിലായി.
'എന്തായാലും നമ്മൾ ദുബായിൽ വെച്ചുണ്ടായ എല്ലാകാര്യങ്ങളും ശേരീഫിന്നു അറിയാമല്ലോ?എന്റെ മനസാശി സൂശിപ്പുകാരനായിരുന്നല്ലോ ശേരീഫ്'
ശെരിയാണ്. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്.
അദ്ദേഹം തുടർന്നു. 'ഞാൻ കഷ്ടപ്പെട്ട് അയച്ച പൈസകളെല്ലാം ഉപയോഗിച്ച് എന്റെ ആദ്യത്തെ ഭാര്യ കുറെ സ്ഥലങ്ങൾ വാങ്ങി. പിന്നെ ഒരു വലിയ വീട് പണിതു. എല്ലാവരും ഒരു കാർഷെഡ്‌ പണിതപ്പോൾ മറ്റുള്ളവരുടെ മുമ്പിൽ ഗമകാണിക്കാനായി രണ്ട് കാർഷെഡ്‌ പണിതു. എല്ലാം അവളാണ് ചെയ്യിച്ചത്'
'ആദ്യത്തെ ഭാര്യയോ? അപ്പോൾ ഈ സബീനത്തയോ?' ഞാൻ ചോദിച്ചു.
'അത് പറയാം. അത് കഴിഞ്ഞ് അവൾക്കു കാർ വാങ്ങണം ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതും ഞാൻ സമ്മതിച്ചു. പണത്തിന്നു ബുദ്ധിമുട്ടുന്ന കാര്യവും ജോലിയുടെ ഇടങ്ങെറും അവളെ ഞാനറിയീച്ചില്ല. രണ്ടു വർഷം കൂടുമ്പോളാണ് ഞാൻ നാട്ടിൽ വരാറ്. എന്റെ ഭാര്യ കാറോടിക്കുന്ന കാര്യമെല്ലാം സന്തോഷത്തോടെ ഞാനെല്ലാവരോടും പറഞ്ഞു. ഇതിനിടെ ഞങ്ങൾക്ക് രണ്ടു മക്കൾ ജനിച്ചു. ഒരാണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും'
ഇതിനിടെ ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ടെന്ന് ഇത്ത വന്നു പറഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു. ജീച്ചുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവന് വിശപ്പില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി. അതവന്റെ സൂത്രമാണെന്നും അതിനുള്ള മറുമരുന്നും എനിക്കറിയാം. ഞാൻ കയ്യിൽ പിടിച്ച് കണ്ണടച്ചിരിക്കുന്ന പോലെ അഭിനയിക്കും. അപ്പോൾ പൂച്ച വന്ന് കട്ടെടുക്കുന്ന പോലെ എന്റെ കയ്യിലുള്ള ഭക്ഷണം ജീച്ചു കഴിക്കും. അത് കണ്ടപ്പോൾ അലിമോൻക്ക വീണ്ടും അവന് ഭക്ഷണം കൊടുക്കാൻ എന്നോട് പറഞ്ഞു.
'പിന്നെ എന്തുണ്ടായി?' ഞാൻ ചോദിച്ചു
'അങ്ങിനെയിരിക്കെ, അവളെക്കാളും പ്രായം കുറഞ്ഞ വീട് പണിത സൂപ്പർവൈസറുമായി......ബാക്കി ഞാൻ പറയാതെത്തന്നെ ശെരീഫിന്നു മനസ്സിലാവുന്നുണ്ടല്ലോ?'
'അപ്പോൾ മക്കളോ?'
'അവർക്ക് എല്ലാം അറിയാവുന്നത് കൊണ്ട് ഇങ്ങിനെയൊരു ഉമ്മയെ വേണ്ടായെന്ന് പറഞ്ഞു. അതിനു ശേഷമാണ് ഞാൻ ഇവളെ വിവാഹം കഴിച്ചത്. രണ്ട് മക്കളുടേയും വിവാഹം കഴിഞ്ഞു. മകളും ഭർത്താവും കുവൈറ്റിൽ ആണ്. മകൻ കുടുംബസമേതം ലണ്ടനിലാണ്. അവനവിടെ എഞ്ചിനീരാണ്. എന്റെ മക്കൾക്ക്‌ സബീനാട് സ്വന്തം ഉമ്മയേക്കാൾ ഇഷ്ടമാണ്. സബീനാക്കും അതേ ഇഷ്ടം മക്കളോടും. സബീനയിൽ എനിക്കൊരു മകളുമുണ്ട്. അവളുടെയും വിവാഹം കഴിഞ്ഞു.' എന്നിട്ടദ്ദേഹം തുടർന്നു 'സ്ഥലവും വീടും വാങ്ങാൻ ഞാനാണ് പൈസ കൊടുത്തതെങ്കിലും ഞാൻ പേർശ്യ ഉപേക്ഷിച്ചു വന്നപ്പോൾ ഈ വീടും പറമ്പുകളും അവളുടെ പേരിലായത് കൊണ്ട് എന്നെ അവർ പുറത്താക്കി. പിന്നെ ഞാനൊരു വാടകവീട്ടിൽ മക്കളോടൊപ്പം താമസിച്ചു. ആദ്യത്തെ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി ഇവളെ വിവാഹം കഴിച്ചു'.
'അപ്പോൾ ഈ വീട് വാടക വീടാണോ?' ഞാനെന്റെ സംശയം ചോദിച്ചു.
'ആ പഴയ വീട് തന്നെയാണ് ഇത്. ശെരീഫിനെ പോലെ നിയമം അറിയാവുന്ന ഒരാൾ വീട് മടക്കിക്കിട്ടാൻ കോടതിയെ സമീപിക്കാൻ എന്നോട് പറഞ്ഞു. അത് പോലെ ഞാൻ ചെയ്തു. വീട് വാങ്ങാനായി ഞാനയച്ച രേഖകൾ കോടതിയിൽ ഹാജരാക്കി. എനിക്കനുകൂലമായി വിധി വന്നു'
'ഇതാണ് പൊട്ടനെ ചൊട്ടൻ ചതിച്ചാൽ ചൊട്ടനെ ദൈവം ചതിക്കുമെന്ന് പറയുന്നത്' എന്റെ സന്തോഷം ഞാൻ പറഞ്ഞു.
'അത് കൂടാതെ അവളുടെ പൈസയാണെങ്കിൽ അതിന്റെ വരുമാനത്തിന്റെ തെളിവ് നൽകാൻ കോടതി ആവശ്യപ്പെട്ടു. അങ്ങിനെയാണ് വിധി എനിക്കനുകൂലമായി വന്നത്'
'സത്യം ഇന്നല്ലെങ്കിൽ നാളെ ജയിക്കും എന്നുറപ്പാണ്' എന്റെ സന്തോഷം ഞാൻ പറഞ്ഞു
'അടുത്തത് കേൾക്കൂ ശെരീഫ്. അപ്പോഴാണ്‌ ഇതിന്റെ അന്ത്യം മനസ്സിലാകൂ. സ്വത്തുക്കളൊക്കെ ഇല്ലാതെ വന്നപ്പോൾ ആ പുതിയ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയെന്നറിയാൻ കഴിഞ്ഞു' നിർവികാരനായി ആലിമൊൻക്ക പറഞ്ഞു.
പുറത്ത് മഴക്കുള്ള ലക്ഷണം കാണുന്നു. എന്റെ മനസ്സിലും സന്തോഷത്തിന്റെ മഴ പെയ്യുകയാരുന്നു.
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു. ജീച്ചു സോഫയിൽ കിടന്നു ഉറങ്ങുകയാണ്. പാവം കുറച്ചു നേരം ഉറങ്ങിക്കോട്ടെ, കുറെ ഓടി ചാടി കളിച്ചതല്ലെ?
അലിമോൻക്കാടെ ഭാര്യ ചായ കൊണ്ട് വന്നു.
'ഇപ്പോൾ തന്നെ ഭക്ഷണം കഴിച്ചല്ലെയുള്ളൂ' എന്ന് ഞാൻ പറഞ്ഞതിന്നു മറുപടിയായി അവർ പറഞ്ഞത് 'ഷെരീഫുക്കാക്കു ചായ ഇഷ്ടമല്ലേ?' എന്നായിരുന്നു.
'അലിമോൻക്ക പിന്നീട് ആദ്യത്തെ ഭാര്യയെ കാണുകയോ വിവരങ്ങൾ എന്തെങ്കിലും അറിയുകയോ ചെയ്തിരുന്നോ?' ഞാൻ സംസാരം തുടർന്നു.
'ഇല്ല, പക്ഷെ അവർ വലിയോരസുഖം പിടിപ്പെട്ടു കിടക്കുകയാണെന്നറിഞ്ഞു. മക്കളെ കാണാൻ അവർക്കോ അവരെ കാണാൻ മക്കൾക്കോ ആഗ്രഹമുണ്ടെങ്കിലൊ എന്നെനിക്ക് തോന്നി. ഉമ്മാനെ കാണണമെന്ന് മക്കൾ എന്നോട് പറയുന്നുമില്ല. ഒടുവിൽ അവരോടു തന്നെ ഉമ്മയെ പോയി കണ്ടോളാൻ ഞാൻ പറഞ്ഞു. പക്ഷെ മകൾ മാത്രം പോയുള്ളൂ, മകൻ പോയില്ല'.
പലരും ചിന്തിക്കും നമുക്ക് മാത്രം എന്താണ് ദൈവം ഇങ്ങിനെ ശിക്ഷിക്കുന്നതെന്ന്. മറ്റുള്ളവരുടെ ജീവിതം കേൾക്കുമ്പോഴാണ് നമ്മളെത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലാകുക എന്ന് നമുക്ക് മനസ്സിലാക്കാനുള്ള ചില അവസരങ്ങളാണ് ഇതെല്ലാം. എല്ലാ മനുഷ്യരുടെ, പ്രത്യേകിച്ച് പ്രവാസികളിൽ ഇത്തരതിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു പാട് ദു:ഖകഥകൾ പറയാനുണ്ടാവും. ഒരു കാര്യം തീര്ച്ചയാണ് - ലോകത്തുള്ള മനുഷ്യർ മുഴുവൻ നമ്മെ സഹായിച്ചാലും ദൈവം സഹായിച്ചില്ലെങ്കിൽ കാര്യമില്ല. അത് പോലെ മറിച്ച് ലോകം മുഴുവൻ നമ്മെ എതിർത്താലും ദൈവം സഹായിച്ചാൽ നമ്മൾ ജയിച്ചു.
സമയം വളരെ വൈകിയിരിക്കുന്നു. എത്താൻ കുറച്ചു വൈകുമെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും ഭാര്യ തനിച്ചാണ് എന്ന ഓർമയിൽ ഇനിയും വരണമെന്ന അവരുടെ ക്ഷണം സ്വീകരിച്ചു ഞാൻ ജീച്ചുവിനെ എടുത്തു. ഉറക്കത്തിൽ നിന്ന് എടുത്തിട്ടും അവൻ കരഞ്ഞില്ല. കാറിൽ കയറിയ ഉടനെ അവൻ അവന്റെ സ്റ്റീറിംഗ് - എയർ പില്ലോഎടുത്തു.
'പപ്പാ എന്താ കരയുന്നേ?' ജീച്ചുവിന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് - ഞാൻ കരയുകയായിരുന്നു. ഇനി ജീവിതത്തിൽ കാണില്ലെന്ന് കരുതിയ ആലിമോൻക്കാനെ യാദ്രിശ്ചികമായി വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിന്റെ ആനന്ദാശ്രുവോ അതോ അലിമോൻക്കാടെ ദു:ഖകഥ കേട്ട വിഷമമാണോ കരയാനുള്ള കാരണമെന്നു ഞാൻ ആലോചിച്ചു.
------------------------------------------------------
മേമ്പൊടി:
സമ്പത്തും സന്താനങ്ങളും ഈ ലോകത്തിലെ ആഡംബരവസ്തുക്കൾ മാത്രമാകുന്നു (വിശുദ്ധ ഖുറാൻ)

No comments:

Post a Comment