Tuesday 24 November 2015

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (നീണ്ടകഥ) - ആദ്യഭാഗം

ദുബായ്ക്കാരന്റെ നുറുങ്ങുവട്ടം (നീണ്ടകഥ) - ആദ്യഭാഗം
by
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അണ്ടത്തോട് എന്ന സ്ഥലം എനിക്ക് പലപ്പോഴും യാത്ര പോകേണ്ട സ്ഥലമാണ്. തൃപ്രയാർ നിന്നും ചേറ്റുവ, ചാവക്കാട് വഴിയാണ് സാധാരണ ഞാൻ മന്ദലാംകുന്നിലേക്ക് പോകാറ്. ചേറ്റുവയിൽ നിന്ന് ചാവക്കാട് വരെ റോഡ്‌ വളരെ മോശം, വീതിയും കുറവ്. അത് മാത്രമല്ല വാഹനങ്ങളുടെ തിരക്കും റോഡ്‌ സൈഡിലെ കാനയും. രാത്രിയിലെ യാത്രയാണെങ്കിൽ പറയുകയും വേണ്ട. രാത്രിയാണെങ്കിൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാതെ വരുമ്പോൾ ഡ്രൈവ് ചെയ്യാനുള്ള വിഷമം വേറെ. ഇത് പരിഹരിക്കാൻ ഞാനൊരു മാർഗ്ഗം കണ്ടെത്തി. ചേറ്റുവ പാലം കടന്ന് ഇടത്തോട്ട് പോയി അടിത്തിരുത്തി - അഞ്ചങ്ങാടി - ആറങ്ങാടി - കടപ്പുറം - വെളിച്ചെണ്ണപ്പടിവഴി കടൽതീരത്തിലൂടെ ബ്ലാങ്ങാട് വഴി വടക്കോട്ട്‌ പോയി എടക്കഴിയൂരിലേക്ക് ഹൈവേയിൽ കയറുക.

അങ്ങിനെയിരിക്കെ ഒരു ദിവസം ഞാനും എന്റെ മകളുടെ മകൻ മുഹമ്മദ്‌ സീഷാൻ എന്ന ജീച്ചുവും കൂടി മന്ദലാംകുന്നിലേക്ക് പോയി.
അവനെപ്പോഴും പറയും അവനെന്റെ 'കറളാച്ചി' മോനാണെന്ന്. ഈ വാക്ക് ഏത് ഭാഷയാണെന്ന് എനിക്കറിയില്ല. പക്ഷെ ഒന്ന് മാത്രം അറിയാം വളരെയധികം ഇഷ്ടമാണെന്ന് ആ വാക്കിൽ ഒരു ധ്വനിയുണ്ട്, അതിലൊരു തേനും വയമ്പുമുണ്ട്.
ഞങ്ങൾ ഡ്രൈവ് ചെയ്തു വെളിച്ചെണ്ണപ്പടി എന്ന സ്ഥലത്തെത്തി. നല്ല സുന്ദരമായ കടൽതീരം. അത് പോലെ സുന്ദരമായ ഗ്രാമവും നല്ല റോഡും.
ബ്ലാങ്ങാട് കടപ്പുറം കണ്ടപ്പോൾ ജീച്ചുവിന്നൊരു ഇളക്കം. കടലിലിറങ്ങണമെന്നൊരു മോഹം.
അതൊന്നും വേണ്ട എന്ന് ഞാൻ അവനോടു പറഞ്ഞു. അവൻ ഒന്നും പറയാതെ കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവന്റെ ക്ഷമ, അനുസരണ കണ്ടപ്പോൾ എന്റെ മനം മാറി. അവന്റെ മോഹമല്ലേ സാധിപ്പിച്ച് കൊടുക്കാം എന്ന് ഞാൻ തീരുമാനിച്ചു. കടപ്പുറത്ത് ഒരു പാട് ആളുകൾ പലസ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ജീച്ചുവിന്റെ കൈ പിടിച്ചു ഞാൻ നടന്നു.
ഒരു ഞണ്ട് ഇഴഞ്ഞ് പോകുന്നു. ഒരു കുട്ടി അതിനെ പിടിക്കുന്നു. അത് കണ്ടപ്പോൾ ജീച്ചു പറഞ്ഞു 'പപ്പ, ആ കുട്ടി ചെയ്യുന്നത് തെറ്റല്ലേ? ആ ഞണ്ടിന്ന് കടലിൽ പോകാൻ ആഗ്രഹമില്ലേ?
അവൻ എന്നെ പപ്പ എന്നാണ് വിളിക്കുക. അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലായി. ഞാൻ ആ കുട്ടിയോട് ഞണ്ടിനെ വിടാൻ പറയുകയും അവൻ അപ്രകാരം ചെയ്യുകയും ചെയ്തു.
ജീച്ചു കുറച്ചു വെള്ളത്തിലിറങ്ങും. തിര വരുമ്പോൾ മുകളിലേക്ക് കയറും. അവന്റെ പേന്റു നനയാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ, പിന്നെ തിരയടിച്ചു പേന്റു നനഞ്ഞു. കുറച്ചു നേരം ഞങ്ങൾ മണ്ണിൽ കളിച്ചു. ചോതി എന്ന് മണ്ണിൽ എഴുതിയാൽ തിര വന്ന് മായ്ക്കും എന്ന് ഞാനവനോട് പറഞ്ഞു. അവൻ എഴുതുകയും തിരവന്ന് മായ്ക്കുകയും ചെയ്തു. അവൻ നല്ല ഒരു വീടിന്റെ ചിത്രം മണ്ണിൽ വരച്ചു. വീണ്ടും അവൻ കുര എന്ന് എഴുതി. അതും തിര മായ്ച്ചു. ചോതി എന്ന് എഴുതിയാൽ കടലിലെ തിര വന്ന് മായ്ക്കും എന്നത് അന്ധവിശ്വാസമാണെന്ന് അവനെ ഞാൻ പഠിപ്പിച്ചു.
'
ങ്ങള് ഷെരീഫല്ലെ' ഒരാൾ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു.
മണ്ണിൽ കളിച്ചു കൊണ്ടിരുന്ന ഞാൻ എഴുനേറ്റു അതെ എന്ന് മറുപടി കൊടുത്തു.
'
ങ്ങക്ക് എന്നെ മനസ്സിലായോ?' അദ്ധേഹത്തിന്റെ അടുത്ത ചോദ്യം.
ഞാനെന്റെ ഓർമയുടെ സാഗരത്തിലേക്ക് മുങ്ങാംകുഴിയിട്ടു. ഒരു രക്ഷയുമില്ല.
'
വയസ്സായത് കൊണ്ടാവാം, ഓർമയിൽ വരുന്നില്ല' ഞാനെന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
'
ഇയ്യ് എന്താ പറയുന്നേ. ഇക്ക് അന്നേക്കാളും പത്ത് വയസ്സ് കൂടുതലുണ്ട്' അത് പറഞ്ഞിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു 'ദുബായിൽ 1970ഇൽ നമ്മൾ ഒരു റൂമിൽ ഒന്നിച്ച് താമസിച്ചിട്ടുണ്ട്. പേര് അലിമോൻ. ഇപ്പോൾ മനസ്സിലായോ?'
'
ഉവ്വ്. നന്നായി ഓർക്കുന്നു. ഒരു കണ്ണൂക്കാരൻ കാവുട്ടിക്കാടെ റൂമിൽ........? അവരുടെ ഹോട്ടെലിൽ ജോലി.....' ഞാൻ അന്വേഷിച്ചു
'
അതെ. അലിമോൻ തന്നെ. എന്തൊക്കെയാണ് ശെരീഫിന്റെ വിശേശം?'
ഞാനെന്റെ വിശേഷങ്ങൾ പറഞ്ഞു.
'
ആലിമോൻക്ക എന്ത് ചെയ്യുന്നു?' ഞാൻ ചോദിച്ചു
'
അതൊക്കെ വിശദമായി പറയാം. പേർശ്യയിൽ പത്തു മുപ്പത് കൊല്ലം ഹോട്ടലിലെ അടുക്കളയിൽ ജോലി ചെയ്തു. പിന്നെ പേർശ്യ ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു'.
ഞങ്ങളുടെ അടുത്തു കൂടെ പോയിരുന്ന ഒരു ഐസ് വണ്ടി അലിമോൻക്ക വിളിച്ചു വരുത്തി അവരോട് മൂന്ന് സ്ട്രോബറി ഐസ്ക്രീം ഓർഡർ കൊടുത്തു.
ആദ്യം ഒരെണ്ണം അലിമോൻക്ക വാങ്ങി ജീച്ചുവിന് കൊടുത്തു. അവന് ഏറ്റവും ഇഷ്ടപ്പെട്ട ഐസ്ക്രീം ആയിട്ട് പോലും അത് വാങ്ങാതെ എന്നെ നോക്കി നിന്നു. വൻ അല്ലെങ്കിലും അങ്ങിനെയാണ്. എന്ത് ഇഷ്ടപ്പെട്ട സാധനം കൊടുത്താലും എന്റെ അനുവാദമില്ലാതെ മറ്റുള്ളവരിൽ നിന്നും വാങ്ങില്ല. ഞാൻ അവന് അനുവാദം കൊടുത്തു. അടുത്തത് എനിക്ക് തന്നപ്പോൾ സന്തോഷത്തോടെ അത് വേണ്ടെന്ന് പറഞ്ഞു.
'
ഇക്ക് ഇപ്പോയാ ഓർത്തത്‌ അനക്ക് ചായയോടാണല്ലോ ഹുബ്ബ്'
അത് ശെരിയാണ്. എനിക്ക് ചായയാണ് ഇഷ്ടം.
'
വാ നമുക്ക് ചായ കുടിക്കാം' ഞങ്ങൾ ചായക്കടയിലേക്ക് നടന്നു.
'
അലിമോൻക്കാടെ വിശേഷം പറഞ്ഞില്ല' ഞാൻ ഒന്ന് കൂടി ഓർമിപ്പിച്ചു.
'
എനിക്ക് ഹാർട്ട് പ്രശ്നം ഉണ്ടായി. പെട്ടെന്ന് ഓപ്പറേശൻ നടത്തണമെന്ന് പറഞ്ഞു. ഞാൻ അത് വേണ്ടെന്നു പറഞ്ഞു. മരുന്നുകളും വ്യായാമങ്ങളും ആയി നടക്കുന്നു. അങ്ങിനെ വ്യായാമത്തിന്നായി കടപ്പുറത്ത് നടക്കുമ്പോഴാണ് ശെരീഫിനെ ഞാൻ കണ്ടത്'
'
ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞിട്ട് എത്ര നാളായി?'
'
പതിനഞ്ചു കൊല്ലമായി'
'
അത് ശെരിയാണ്. എന്റെ ഇളയമകൾ പ്രസവിച്ചത് കുന്നംകുളത്തുള്ള ഒര രാജകീയനാമമുള്ള ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടായിട്ടു പോലും സാധാരണ പ്രസവം നടന്നു. ചിലവുകളാണെങ്കിൽ ആർക്കും താങ്ങാവുന്നതും ബില്ലിൽ കത്തി വെക്കാത്തതും. അവർ ശെരിയായ ആതുരശുശ്രൂഷ നടത്തുന്നു എന്നെനിക്ക് മനസ്സിലായി'. ഞാനെന്റെ അനുഭവം പറഞ്ഞു.
'
അലിമോൻക്ക ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്? മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്?' ഞാൻ അന്വേഷിച്ചു.
'
എല്ലാം വിശദമായി പറയാം. അതിന്നു മുമ്പ് നമുക്ക് ഒന്ന് കൂടെ കടപ്പുറത്ത് പോകാം.ജീച്ചുവിന്നു മതിയാവോളം കളിക്കാമല്ലോ?'
അത് ശെരിയാണെന്ന് എനിക്ക് തോന്നി. ഞങ്ങൾ വീണ്ടും കടപ്പുറത്തേക്ക് പോയി.
ജീച്ചു മതിയാവോളം തിരയിലും കരയിലും കളിച്ചു.
ഇനി മതിയെന്ന് അവൻ പറഞ്ഞപ്പോൾ ഞങ്ങൾ കാറിന്നടുത്തെക്കു പോയി.
'
ശെരീഫെ, എന്തായാലും എനിക്ക് അന്നോട്‌ കുറച്ചു സംസാരിക്കാനുണ്ട്. എന്റെ വീട്ടിലേക്കു ഇയ്യ് വരണം' അദ്ധേഹത്തിന്റെ ആവശ്യം.
ഇൻശാഅള്ള ഞാൻ വരാമെന്നേറ്റു.
'
ഞാൻ അന്റെ ഉപ്പാന്റെ കബറിങ്ങൽ പോയി ദുഅ ചെയ്യട്ടെ. ഉപ്പാടെ ഖബർ ഇവിടെ ബ്ലാങ്ങാട് കാട്ടിലപള്ളിയിലാണ്. അവിടെ ഞാൻ നേരിട്ട് അള്ളാഹുവിനോട് പ്രാർഥിക്കുകയുള്ളൂ. അല്ലാതെ ഇടയിൽ ആരും വേണ്ട. അത് പറഞ്ഞാൽ അനക്ക് മനസ്സിലാവൂല. ഇയ്യ് സുന്നിയാണല്ലോ?'
ഞാൻ ആ വിഷയത്തെപ്പറ്റി കൂടുതൽ പറയാൻ മുതിർന്നില്ല. ഈ ഓഹാബികളുടെ ഒരു കാര്യം എന്ന് മാത്രം ചിന്തിച്ചു.
അദ്ധേഹത്തിന്റെ വീടിന്റെ അഡ്രസ്‌ വാങ്ങി ഞാനും ജീച്ചുവും മന്ദലാംകുന്നിലേക്ക് പോയി.
ഞാൻ ഡ്രൈവ് ചെയ്യുമ്പോഴും ജീച്ചു കാറിലുള്ള എയർപില്ലോ എടുത്ത് സ്റ്റീയറിംഗ് പോലെ പിടിച്ചു ഞാൻ ചെയ്യുന്നത് പോലെ ഡ്രൈവ് ചെയ്യുകയാണ്.
ഡ്രൈവ് ചെയ്യുമ്പോഴും ഞാൻ അലിമോൻക്കാടെ കാര്യം ആലോചിക്കുകയായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളൂ അലിമോൻക്കാക്ക്. പേർഷ്യയിൽ എന്നേക്കാൾ ഒരു വർഷം മുമ്പ് 1968ഇൽ ലാഞ്ചിയിൽ എത്തിയതാണ് അദ്ദേഹം. ഹോട്ടലിൽ കുക്ക് ആയിരുന്നു, ഒരു പാട് വർഷം. ഞങ്ങൾ ഒരേ റൂമിൽ കുറെനാൾ ഒന്നിച്ചു താമസിച്ചിട്ടുണ്ട്. അന്നൊക്കെ നാട്ടിൽ നിന്നുള്ള എഴുത്തുകൾ ആരെങ്കിലും വരുമ്പോൾ കൊണ്ട് വരികയാണ് അധികവും. അത് പോലെ തിരിച്ചും. അയക്കേണ്ട കത്തുകളിൽ അഡ്രസ്‌ ഇംഗ്ലീഷിൽ എഴുതാൻ എന്റെ അടുത്താണ് വരാറ്. ചെറിയ ഒരു കോളേജ് വിദ്യാഭ്യാസം മാത്രമുള്ള ഞാൻ ബിരാല് ഇല്ലാത്ത കുളത്തിൽ വട്ടുടി മൂപ്പൻ എന്ന സ്ഥിതി. ഒരിക്കൽ അദ്ധെഹത്തിന്നു കിട്ടിയ ഒരു കത്തിൽ അദ്ധേഹത്തിന്റെ ഭാര്യ പ്രസവിച്ചു. സുഖം തന്നെ എന്നൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ് കിട്ടുന്ന കത്തിൽ ഭാര്യയെ പ്രസവത്തിന്നായി കുന്നംകുളത്ത് ആശുപത്രിയിലാക്കിയിട്ടുണ്ട് എന്നായിരിക്കും. ആദ്യം കൊടുത്തയച്ച കത്ത് ഒടുവിലും ഒടുവിൽ കൊടുത്തയച്ചത്‌ ആദ്യവും ഗൾഫിൽ പോസ്റ്റ്‌ ചെയ്തതാണ് അതിന്നു കാരണം. പത്ത് ഫിൽ‌സ് ആണ് UAEയുടെ ഉള്ളിലേക്ക് പോസ്റ്റ്‌ ചെയ്യാൻ സ്റ്റാമ്പ്‌ ഒട്ടിക്കേണ്ടത്‌. അത് ലാഭിക്കാൻ ചിലർ വിദ്യ ചെയ്യാറുണ്ട്. from എഴുതെണ്ടിടത്ത് കിട്ടേണ്ട ആളുടെ UAE അഡ്രസ്‌ എഴുതും. to എഴുതെണ്ടിടത്ത് UAEക്ക് പുറത്തുള്ള ഇല്ലാത്ത ഒരു അഡ്രസ്‌ എഴുതും. എന്നിട്ട് സ്റ്റാമ്പ്‌ ഒട്ടിക്കാതെ പോസ്റ്റ്‌ ചെയ്യും. അപ്പോൾ ആ കത്ത് from അഡ്രസ്സിലെ ബോക്സിൽ ഇടും. ിലവില്ലാതെ കത്ത് കിട്ടും. അന്നൊക്കെ അവിടെ കൂലിക്കത്ത് എന്ന രീതിയില്ല.
എല്ലാവരെയും പോലെ വിദ്യഭ്യാസമില്ലാത്ത അലിമോൻക്കാക്കും വിദ്യാഭ്യാസമുള്ള ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിക്കണമെന്ന് ആഗ്രഹം.
അന്നൊക്കെ പേർഷ്യക്കാരനാണെങ്കിൽ പെണ്‍കുട്ടിയുടെ വീട്ടുകാർ ചെറുക്കനെപറ്റി, ചെക്കന്റെ ജോലിയെപറ്റി കൂടുതൽ അന്വേഷിക്കാറില്ല. അങ്ങിനെ ആലിമോൻക്കയും BAക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
കിട്ടുന്ന പണവും കടം വാങ്ങിയതും കൂട്ടി, ജീവിതച്ചിലവ് ചുരുക്കി നാട്ടിലേക്ക് അയച്ച് സ്ഥലങ്ങൾ വാങ്ങി. രണ്ട് വർഷം കൂടുമ്പോഴാണ് നാട്ടിലേക്ക് പോകുന്നത്. ബന്ധക്കാരുടെ വീട്ടിൽ വിവാഹം നടക്കുകയാണെങ്കിൽ മറ്റൊരാൾ കൊടുക്കുന്ന ഗിഫ്റ്റിനേക്കാൾ കൂടുതൽ കൊടുക്കാൻ ഭാര്യമാർ നിർദേശിക്കുന്ന കാലം. അത് പോലെ വീട് പണിയുമ്പോൾ മറ്റൊരാൾ പണിത വീടിനേക്കാൾ വലുത് പണിയുന്ന കാലം. ഇതിനൊക്കെ കാരണം സമൂഹത്തിൽ ഗമ ലഭിക്കാൻ. ഇതൊക്കെ തന്നെയാണ് അലിമോൻക്കയും ചെയ്തത്.
രണ്ട് വർഷത്തിന്ന് ശേഷം ഞാൻ അബൂദാബിയിലേക്ക്‌ താമസം മാറി. പിന്നെ അലിമോൻക്കാനെ കാണുന്നത് ഇപ്പോഴാണ്.
റോഡ്‌ ബ്ലോക്ക്‌ ആയിരിക്കുന്നു. ഞാൻ കാർ ബ്രേക്കിട്ടു. അത് പോലെ ജീച്ചുവും ചെയ്തു.
ചില്ല് താഴ്ത്തി അടുത്ത് കണ്ട ഒരാളോട് ചോദിച്ചു 'ഹൈവേയിലേക്ക് പോകാൻ എന്ത് ചെയ്യും?'
'
ങ്ങക്ക് എങ്ങോട്ടാ പോണ്ടേ?'
'
മന്ദലാംകുന്നു' ഞാൻ മറുപടി കൊടുത്തു.
'
കുറച്ചു പുറകോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞാൽ നേരെ എടക്കയ്യൂര് എത്തും. അവിടെ നിന്ന് നേരെ വടക്കോട്ട്‌ പോയാൽ മന്ദലാംകുന്നിലെത്തും'. നല്ല മനുഷ്യനോടു നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
താങ്ക്സ് എന്ന് ജീച്ചു ആ മനുഷ്യനോടു പറഞ്ഞപ്പോൾ എന്റെ മകളെ ഞാനോർത്തു.
ഞങ്ങൾ മന്ദലാംകുന്നിൽ എത്തി. കാണേണ്ടവരെയൊക്കെ കണ്ടു, തിരികെ ബ്ലാങ്ങാട് വഴി തന്നെ പോന്നു. എങ്ങിനെയെങ്കിലും തൃപ്രയാറിൽ എത്തിയാൽ മതി എന്ന അവസ്ഥയിലാണ് ഞാൻ. അടുത്ത ദിവസം തന്നെ അലിമോൻക്കാനെ വീട്ടിൽ പോയി കാണണം.
'
പപ്പാ, നമ്മൾക്ക് ആ കടപ്പുറത്ത് കണ്ട മാമാടെ വീട്ടിൽ പോകണ്ടേ?'
അവൻ അത് പറയുന്നത് കേട്ടപ്പോൾ ഇന്ന് തന്നെ പോകാം എന്ന് മാറ്റിചിന്തിച്ചു.
എന്തിനാണ് ആലിമോൻക്ക എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്? ആ ചിന്തയിൽ ഞാൻ വേഗത്തിൽ ഡ്രൈവ് ചെയ്തു.
>>>>
ശേഷം അടുത്തഭാഗത്തിൽ അവസാനിക്കും >>>>>>>

No comments:

Post a Comment