Thursday 5 November 2015

ലാഞ്ചിയിലൂടെ ഗൾഫ്‌ ജീവിതം (ജീവിതകഥ)

ലാഞ്ചിയിലൂടെ ഗൾഫ്‌ ജീവിതം (ജീവിതകഥ)
by
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
 
 ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പതിലാണ് (1969) ഞാൻ ഗൾഫിലേക്ക് (അന്നത്തെ പേര്ഷ്യ) ലാഞ്ചിയിൽ പോയത്. ബോംബെ വിരാറിൽ നിന്നാണ് ലാഞ്ച് കയറിയത്. ഇന്ത്യയിൽ നിന്നും സബോള ചാക്കും മനുഷ്യനെയും കടത്തുന്നു. (ആ ലാഞ്ച് പിന്നീട് ദുബൈ ക്രീക്കിൽ ഞാൻ കണ്ടിട്ടുണ്ട്). അന്നെനിക്ക് 18 വയസ്സ് പ്രായം. ഒരു ചെറിയ മീൻ പിടുത്ത ബോട്ടിൽ നിന്ന് ഞങ്ങളെ ലാഞ്ചിലെക്ക് ആക്കി. ഏകദേശം 300 ആളുകൾ. കൂടുതലും ചെറുപ്പക്കാർ. അവര്ക്ക് ഒന്നേ ലക്ഷ്യമുള്ളൂ. അക്കരെയെത്തണം. ആ ആളുകളെ ലാഞ്ചിയുടെ അടിത്തട്ടിൽ മീൻ പൊരിക്കാൻ ഇട്ട പോലെ കുത്തിനിറച്ചു ഇട്ടിരിക്കയാണ്. എല്ലാ മതക്കാരും, കേരളത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഉള്ളവരും ഉണ്ട്. അതിൽ ഒരാളെ ഞങ്ങൾ പ്രത്യേഗം ശ്രദ്ധിച്ചു. കാരണം അന്നൊക്കെ ഡൈ ചെയ്യുന്നവർ കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആ വ്യക്തി ഡൈ ചെയ്തിരുന്നു 60-65 വയസ്സ്‌ പ്രായം.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലാഞ്ചി പാക്കിസ്ഥാൻ കടലിലെത്തി. മിക്കവരും കടൽ ചൊരുക്ക് കാരണം ശർധിച്ചു തുടങ്ങി. കടൽ ഇളകി മറിയുകയാണ്. ലാഞ്ചിയിൽ മുകളിൽ വട്ടം കെട്ടിയ കനമേറിയ കമ്പി വലിഞ്ഞു മുറുകാൻ തുടങ്ങി. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ, മണിക്കൂറുകൾ. എന്റെ നാട്ടുകാരനും കൂട്ടുകാരനും എല്ലാമെല്ലാമായ മുഹമ്മദാലിയോട് ഞാൻ പറഞ്ഞു. "നമ്മൾ മരിക്കുകയാണ്. ഈ അവസ്ഥയാണെന്നു നമ്മുടെ ഉപ്പയും ഉമ്മയും സഹോദരങ്ങളും അറിയുന്നില്ലല്ലോ. ഇനി നമ്മുടെ ദേഹം മീൻ തിന്നു പോകും".
അപ്പോൾ അവൻ പറഞ്ഞു 'നമ്മൾ ഒന്നിച്ചു കളിക്കൂട്ടുകാരായി മദ്രസയിൽ ഓതാനും സ്കൂളിൽ പഠിക്കാനും പോയവരല്ലേ, നമുക്ക് ഒന്നിച്ചു മരിക്കാം അല്ലെ'
അത് കേട്ടപ്പോൾ എന്തോ മരണത്തെ പറ്റിയുള്ള പേടി കുറഞ്ഞു. മരണത്തിലും അവൻ കൂടെയുണ്ടല്ലോ. ഷെരീഫ് എന്ന എന്നെ വീട്ടുകാരും ബാല്യകാലസുഹൃത്തുക്കളും മാത്രമാണ് ശേറഫു എന്ന് വിളിക്കാറ്.
ലാഞ്ചിയിൽ ദിക്റുകളും രാമനാമം ജപിക്കലും യേശുവിനെ വിളിക്കലും നടക്കുന്നു. കൂട്ടകരച്ചിൽ.
പക്ഷെ ദൈവാധീനം പിറ്റേന്ന് സമുദ്രം ശാന്തമായി. ഒരു നേരം ഭക്ഷണം. എന്റെ ലാഞ്ച് നമ്പർ. 83. അഞ്ചു ദിവസങ്ങൾക്ക് ശേഷം കൊർഫുക്കാനിൽ എത്തി. അവിടെ നിന്നും ദുബൈയിൽ എത്തി. ഭാഷ ഒന്നും അറിയില്ല, തൃശൂർ മലയാളം ഒഴിച്ച്. എഴുതി പഠിച്ചത് ഓരോ ഫ്ലാറ്റിലും ഓഫീസിലും മറ്റും പറഞ്ഞു. ശുഖൽ ഫീ? എനി വാക്കൻസി?
കിട്ടി. ഡോക്ടർ അഹമദ് രഹ്ഫത് മഹ്റൂസ് എന്ന ഈജിപ്ത്യൻ ഡോക്ടറുടെ വീട്ടിൽ ജോലി കിട്ടി. ജോലിയുള്ളപ്പോൾ തന്നെ വേറെ ജോലി അന്വേഷിച്ചു. കിട്ടി. ഗൾഫ്‌ എറ്റെർനിറ്റ് എന്ന കമ്പനിയിൽ ഓഫീസ് ബോയ്‌. വീണ്ടും ജോലി അന്വഷണം. അങ്ങിനെ ഒരു മാസം കൊണ്ട് ദുബായിയിൽ ഈദ്‌ മുഹമ്മദ്‌ മുധിയ എന്ന അറബിയുടെ പ്ലംബിംഗ് കടയിലെ സയിൽസ്മാൻ. ഉച്ചക്ക് ഭക്ഷണ ശേഷം മൂടി പുതച്ചു ഉറങ്ങുന്ന സ്വഭാവം അന്ന് (ഇന്നും) ഉണ്ട്. 2 കിലോമീറ്റർ ചുട്ടുപഴുത്ത മണലിലൂടെ നടക്കണം, റൂമിൽ എത്താൻ.
ഒരു ദിവസം. ഞാൻ പതിവ് പടി തറയിൽ പായ വിരിച്ച് മൂടി പുതച്ചു കിടക്കുകയാണ്. റൂം ആദ്യം എടുത്തവർക്ക് കട്ടിൽ ഇടാം. അല്ലാത്തവർ താഴെ കിടക്കണം.
ആരോടെയോ സംസാരം കേൾക്കുന്നുണ്ട്‌. അതിൽ റൂമിൽ വന്ന ഗസ്റ്റ് പറയുന്നത് കേട്ടു :
"
ഓ. എന്നാ പറയാനാ. ഈ ലാഞ്ചി യാത്രയൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെ. അത് മാത്രമല്ല, ലാഞ്ചിയിൽ വരുന്നത് നാണക്കേടും ആണല്ലേ?"
സംസാരം നിന്നപ്പോൾ ഞാൻ പുതപ്പ് മാറ്റി നോക്കി.
അത് എന്റെ ലാഞ്ചി യാത്രയിൽ കൂടെ ഉണ്ടായിരുന്ന 65 കാരൻ ആയിരുന്നു.
കാരണം. ഞങ്ങൾ ചെറുപ്പക്കാർക്ക് ബോയ്‌ പണി കിട്ടിയപ്പോൾ, പ്രായമുള്ള അദ്ദേഹത്തിന്നു മാനേജർ ആയി ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയിരുന്നു.
പിന്നീട് ദുബൈ സത്വവയിൽ ഒരു സ്പെയർ പാര്ട്സ് കടയിലെ ഒരു മാസത്തെ ലീവ് വേക്കൻസി. അത് കഴിഞ്ഞു ബർദുബായിൽ അലി ബിൻ അൽഫർദാൻ എന്ന അറബിയുടെ സ്പെയർ പാര്ട്സ് കടയിലെ 3 വർഷത്തെ ജോലി.
അവിടെ നിന്നും വിസ ശെരിയാക്കി ബോംബയിലേക്ക് അക്ബർ എന്ന കപ്പലിൽ മടക്ക യാത്ര.
തിരിച്ചു നേരെ അബുദാബിയിലേക്ക്.
അവിടെ എയർപോർട്ട് റോഡിൽ ഗ്രാന്റ് മോസ്ക്കിന്നു മുമ്പിൽ അൽഹാമെലി ട്രെഡിംഗ് & ട്രാന്സ്പോര്ട്ട് കമ്പനിയുടെ സ്പെയർ പാര്ട്സ് കടയിൽ എന്റെ അബുദാബി ജീവിതത്തിന്റെ തുടക്കം. ആദ്യമായി ഒരു വാഹനം വാങ്ങി . ഒരു സൈക്കിൾ.
അങ്ങിനെ, തിരിച്ചു വന്നു വിവാഹം കഴിച്ചു.
വീണ്ടും അബുദാബിക്ക്. അവിടെ ഒരു പാട് ഒരു പാട് ജോലികൾ. ഇതിനിടെ മൂന്നു മക്കൾ.
1987
ൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ (ബിൻ കനേഷ്) പാർട്ട്ണർ, എന്റെ എല്ലാമെല്ലാമായ മുഹമ്മദ്‌ മുഹമ്മദ്‌ ബിൻ കനേഷ് അൽ ഖുബൈസിയുടെ പെട്ടെന്നുള്ള മരണം (ഉറക്കത്തിൽ മരിച്ചു).
ഗൾഫ്‌ ജീവിതം ഇനി മതിയാക്കാം എന്ന് കരുതി. നാട്ടിലെ ഉപ്പും ചോറും തിന്നാം എന്ന ചിന്ത.
പോന്നു. വിസ ഉണ്ടായിട്ടു കൂടി. ക്യാൻസൽ ചെയ്യാതെ.
കമ്പനിയുടെ മറ്റൊരു പാർട്ട്ണർ അബ്ദുള്ള ബിന് കാനേഷിന്റെ ഫോണ്‍ കാൾ. 'വരൂ, നിന്നെ ജോലിക്ക് വേണമെന്ന് ഷെയ്ഖ്‌ ഹമദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ്‌ അൽ നഹിയാൻ ആവശ്യപ്പെടുന്നു.
ഇനി ഈ ഗൾഫ്‌ കാണില്ല, എന്ന് കരുതി അവസാനം എയർപോര്ടിലേക്ക് വരുമ്പോൾ കാറിലിരുന്നു പിന്നോട്ടു നോക്കി ആ സ്ഥലം അവസാനമായി നോക്കിയിരുന്ന എന്നെ ദൈവം തമ്പുരാൻ നിയോഗിച്ചത് അബുദാബിയിൽ വീണ്ടും ചെല്ലാനാണ്.
വീണ്ടും അബൂദാബിയിലേക്ക്‌. പഴയ അറബിയെ (അബ്ദുള്ള ബിൻ കാനേഷ് അൽകുബൈസി) കണ്ടു. ഞങ്ങൾ രണ്ടു പേരും കൂടി ഷെയ്ക്കിന്റെ അരമനയിലേക്ക്. കണ്ട ഉടനെ ഉഗ്രൻ ചോദ്യം: ഇന്ത ഫീ ഹയ്? (നീ ജീവിച്ചിരിപ്പുണ്ടോ?). തമാശയിലെ ആ ചോദ്യം കഴിഞ്ഞു അവിടെ നീണ്ട വർഷങ്ങൾ അദ്ധേഹത്തിന്റെ പ്രൈവറ്റ് ഓഫീസ് മാനേജരുടെ ജോലി. അവിടെ നിന്നും പലതും പഠിക്കാനും പല വിദേശ രാജ്യങ്ങളും സന്ദര്ശിക്കാനും കഴിഞ്ഞും.
വീണ്ടും പഴയ ചിന്ത. എന്റെ പെറ്റമ്മ കേരളമാണ്, പോറ്റമ്മ അബുദാബിയും.
തിരിച്ചു പോന്നു. ശിഷ്ടജീവിതം ഇവിടെ കഴിക്കാൻ.
എന്നെ ഞാനാക്കിയത് അബുദാബിയും അതിൽ പ്രത്യേകിച്ച് (ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, ഹാർഡ്‌ വർക്ക്‌) പഠിപ്പിച്ചത് ഷെയ്ക്ക് ഹമദും ആയിരുന്നു.

No comments:

Post a Comment