Thursday, 7 January 2016

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 1

ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം)  - ഭാഗം 1
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.


ആദ്യമൊക്കെ എന്റെ മകന്റെ, മരുമകളുടെ, കൊച്ചു മക്കളായ ചെച്ചുവിന്റെ ചെഞ്ചുവിന്റെ ഖത്തറിലേക്കുള്ള ക്ഷണം കേട്ടപ്പോൾ ഒരു ഉത്സാഹവും തോന്നിയില്ല. ജീവിതത്തിന്റെ സിംഹഭാഗവും ഗൾഫിലെ മണലാരണ്യത്തിൽ പല ജോലികളും ചെയ്ത് ഗൾഫിന്റെ ശൈശവത്തിൽ നിന്ന് യൌവനത്തിലെക്കുള്ള യാത്ര നേരിട്ട് കാണുകയും അപ്പോഴൊക്കെ അബൂദാബിയിൽ നിന്ന് പലവട്ടം ഖത്തറിലേക്ക് യാത്ര ചെയ്യുകയും ചെയ്ത എനിക്ക് ഇനിയൊരു യാത്ര അരോചകമായി തോന്നിയതിൽ അൽബുദമില്ല.
പക്ഷെ... അതൊരു വലിയ പക്ഷേയാണ്... എന്റെ ഒരാഴ്ചത്തെ വരവിന് വേണ്ടി മകൻ ലീവ് എടുത്തെന്നും കൊച്ചു മക്കളുടെ സ്കൂൾ ക്രിസ്തമസ് വെക്കേഷൻ ആണെന്നും കേട്ടപ്പോൾ എന്റെ തീരുമാനം ഞാൻ മാറ്റി.
അങ്ങിനെ  ഡിസംബർ 23ന് നെടുംബാശേരിയിലേക്ക്. ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരേണ്ടതല്ലേ എന്ന് കരുതി നെടുമ്പാശേരിക്ക് വെറും 4 കിലോമീറ്റർ ദൂരമുള്ള പുറയാറിലെ MM ബാവമുസലിയാരുടെ വീട്ടിൽ കാർ പാർക്ക് ചെയ്തു. എയർപോർട്ടിൽ വളരെ നേരത്തെ എത്തി. അകത്ത് ചെന്ന് കാണാനായി ഒന്നുമില്ല.. കാരണം ഇതിനു മുമ്പും പലവട്ടം അതിനുള്ളിൽ പോയിട്ടുണ്ട്. ജെറ്റ് എയർവെയ്സിന്റെ കൌണ്ടർ തുറന്നിരിക്കുന്നു. അത് ദുബായിലേക്കുള്ളതാണെന്ന് മാത്രം. ഞാൻ കുറച്ചു നീങ്ങി ട്രോളിയുമായി നിന്നു, കൌണ്ടറിലെ ആഫീസർക്ക്‌ എന്നെ കാണാവുന്ന രീതിയിൽ. ലൈനിൽ ആരുമില്ല. ദോഹയിലെക്കുള്ള കൌണ്ടർ തുറക്കാൻ ഇനിയും സമയമുണ്ട്. അപ്പോൾ ആ ആഫിസർ എന്നെ വിളിച്ചു. ഞാൻ ദുബൈലെക്കല്ല, ദോഹയിലെക്കാണെന്നു ഭവ്യതയോടെ പറഞ്ഞു. പ്രായത്തെ ബഹുമാനിച്ചോ എന്തോ എന്നെ വിളിച്ച് ലഗേജ് വാങ്ങി. കിട്ടിയ അഞ്ചു മിനിറ്റ് കൊണ്ട് ഞങ്ങൾ പരിചയപ്പെട്ടു.. കാരണം ലൈനിൽ വേറെ ആരുമുണ്ടായിരുന്നില്ല.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. അല്ലെങ്കിൽ തന്നെ ചായ എന്റെ ഒരു വീക്നെസ് ആണല്ലോ? താഴെ ഒരിടത്തും കാന്റീൻ ഇല്ല. എയർപോർട്ടിന്റെ ഉള്ളിൽ കാന്റീൻ ഉണ്ട്. ലഗേജ് കൊടുത്തു കഴിഞ്ഞാൽ അങ്ങൊട്ട് പോകാൻ സമ്മതിക്കില്ല. അങ്ങിനെ ഇമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി കഴിഞ്ഞു മുകളിലേക്ക് പോയി. അവിടെ കാന്റീനിൽ നിന്നും ചായ കുടിച്ചു. മുപ്പതു രൂപ കൊടുത്തതിൽ വിഷമമില്ല. മറക്കാൻ പറ്റാത്ത കാര്യം എന്റെ ജീവിതത്തിൽ ഇത്തരത്തിൽ ഒരു ചായ കുടിച്ചിട്ടില്ല. തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ഒരു വാട്ടക്കാടി ചായ. ഭാര്യ ഉണ്ടാക്കുന്ന ചായയുടെ രുചിക്ക് മനസ്സിൽ ഒരു നന്ദി പറഞ്ഞു.
അസർ നിസ്കരിക്കണം. ഒരു മുറി പള്ളിയാക്കിയിട്ടുണ്ട്. അതിന്റെ പുറത്ത് രണ്ടു കൂറ്റൻ വീമാനങ്ങൾ. ഒന്ന് സൗദിയയും മറ്റേത് എയർ ഇന്ത്യയും. രണ്ടും ജിദ്ദയിലേക്ക്. യാത്രക്കാരിൽ ഭൂരിഭാഗവും ഉമ്രക്കു പോകുന്നവർ. ഒരു മുസലിയാരുടെ പിന്നിൽ ഞാൻ നിസ്കരിച്ചു. അതേറൂമിൽ ചെറുതായി പാർറ്റീഷൻ ചെയ്ത സ്ഥലത്താണ് സ്ത്രീകൾ നമസ്കരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും പള്ളിയിലേക്ക് കടക്കുന്നത് ഒരേ വാതിലിലൂടെ. അതും മുസലിയാരുടെ സൈഡിലൂടെ. നിസ്കാരം കഴിഞ്ഞപ്പോൾ എന്റെ നിസ്കാരം സ്വീകരിക്കുമോ എന്നൊരു സംശയം. എങ്കിലും ആ പള്ളി ഉണ്ടാക്കാൻ കാരണക്കാരനായ വ്യക്തിക്ക് വേണ്ടി ഞാൻ പ്രാർഥിച്ചു.
ബോർഡിങ്ങിന് വേണ്ടി ലൗഞ്ചിലേക്ക് പോയി. അവിടെ എന്റെ മുന്നിലെ സീറ്റിൽ നേരം പോക്കിന് വേണ്ടി ഒരുവൾ മൊബൈലിൽ എന്തോ നോക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരുന്നത്...എനിക്ക് ഉയരം വെച്ച പോലെ... ആ യുവതി എന്റെ രചന വായിക്കുകയായിരുന്നു. ഞാൻ അവരുമായി പരിചയപ്പെട്ടു. ഒടുവിൽ ഞാനവരോട് ചോദിച്ചു.. എങ്ങിനെയുണ്ട് എന്റെ രചനകൾ. നേരം പോകാൻ വേണ്ടി നല്ലതൊക്കെ വേറെ ആളുകൾ എഴുതിയത് വായിച്ചു. പിന്നെ ഇക്കാടെ രചനകൾ നല്ലതല്ല എന്നറിഞ്ഞിട്ടും ഗതികേട്ടാൽ പുലി പുല്ലും തിന്നും എന്ന പോലെ വായിച്ചു. എനിക്കാ കുട്ടിയോട് ഇഷ്ടം തോന്നി. അഭിപ്രായം തുറന്നു പറഞ്ഞല്ലോ.
ബോർഡിംഗ് തുടങ്ങി. ആവശ്യപ്പെട്ട പോലെ വിൻഡോസീറ്റ്, അതും ഫ്ലൈറ്റിന്റെ ചിറകുകൾക്ക് മുന്നിൽ കിട്ടിയതിന് ആ ആഫീസറെ മനസ്സിൽ നന്ദി പറഞ്ഞു.
എയർഹോസ്റ്റെസ് വന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എന്റെ ചായ പ്രേമം വീണ്ടും വന്നു. അവർ ഭക്ഷണത്തിന്റെ കൂടെ തന്ന ചായ കുടിച്ചപ്പോൾ ഒരു സംശയം എനിക്കുദിച്ചു. ജെറ്റ് എയർവെയ്സും എയർപോർട്ട് കാന്റീൻകാരും തമ്മിൽ വാട്ടക്കാടി ചായ മത്സരത്തിൽ പങ്കെടുക്കുകയാണോ എന്ന്.
എന്റെ രണ്ടു സീറ്റ് മുന്നിലിരിക്കുന്ന ഒരാൾ കയറിയത് മുതൽ മദ്യം കഴിക്കുന്നുണ്ടായിരുന്നു. ഒരു പാട് പ്രാവശ്യം എയർ ഹോസ്റ്റെസ് മദ്യം കൊടുത്തു. ആ വ്യക്തി വീഴുന്ന തലത്തിലായി. വീണ്ടും മദ്യം ചോദിച്ചു. എയർഹോസ്റ്റെസ് മദ്യം കൊടുത്തില്ല. അയാൾ മംഗ്ലീഷിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇനി മദ്യം തന്നില്ലെങ്കിൽ എന്നെ ഇവിടെ ഇറക്കിക്കോ എന്ന് അയാൾ പറയാഞ്ഞത് ഭാഗ്യം.
യാത്രക്കാരിൽ മിക്കവരും സീറ്റുകളുടെ മുന്നിലുള്ള മോണിട്ടറിൽ വീഡിയോ ഫിലിം കാണുന്നു. ഞാൻ നാവിഗേറ്റർ വെച്ചു. അപ്പോൾ ഫ്ലൈറ്റ് എത്ര ഉയരത്തിലാണ് പറക്കുന്നത്, ആകാശവേഗത, ലാൻഡ്‌ സ്പീഡ്, എത്ര സമയം കൊണ്ട് ദോഹയിൽ എത്തും ഏത് സ്ഥലത്തിന് മുകളിലാണെന്നൊക്കെ അറിയാം. കുറച്ചു കഴിഞ്ഞപ്പോൾ അറബിക്കടലിന്നു മുകളിലായി. ഈ കടലിന്റെ പേര് മാറ്റണമെന്ന് ആരെങ്കിലും പറയുമോ എന്തോ. വീണ്ടും ഒന്നര മണിക്കൂരിന്നു ശേഷം ഫ്ലൈറ്റ് ഒമാനിന് മുകളിലായി.. പിന്നെ അബുദാബിയുടെ റുവൈസിനു മുകളിലെത്തി. എന്നെ ഞാനാക്കിയ എന്റെ പോറ്റമ്മ... അബുദാബി.
ആര മണിക്കൂറിന്നു ശേഷം ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ജെറ്റ് വീമാനം ലാൻഡ്‌ ചെയ്തു. പുറത്ത് എന്നെ സ്വീകരിക്കാൻ എന്റെ മകനും ഭാര്യയും രണ്ടു കൊച്ചു മക്കളും. ലോകത്തിലെ ഏത് വലിയവർ സ്വീകരിച്ചാലും ഇത്ര സന്തോഷം ഉണ്ടാവില്ല. എന്നെ സ്വീകരിക്കാൻ വന്ന എന്റെ കൊച്ചുമക്കളുടെ കയ്യിൽ WELCOME PAPPA TO DOHA എന്നെഴുതിയ ഒരു പ്ലെക്കാർടുണ്ടായിരുന്നു. അവർ എന്നെയും മകനേയും പപ്പ എന്നാണ് വിളിക്കുന്നത്. അത് കണ്ടപ്പോഴും ഇത് എഴുതുമ്പോഴും എന്റെ കണ്ണിൽ ഒരു നനവ്.
അങ്ങിനെ ഖത്തർ അമീർ ഹിസ്‌ ഹൈനെസ് ഷൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രാജ്യത്ത് ഞാനെത്തി. ആ രാജ്യത്തെ കാഴ്ചകളെപറ്റിയുള്ള വിവരണം അടുത്ത ലക്കങ്ങളിൽ പ്രതീക്ഷിക്കാം.

Sunday, 20 December 2015

ജർമനി എത്ര മനോഹരം (ജീവിതകഥ)

ജർമനി എത്ര മനോഹരം (ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അന്നൊരു ദിവസം ജർമൻ എംബസ്സിയിൽ നിന്ന് എനിക്കൊരു കാൾ വന്നു. അവിടെത്തെ ഒരു സ്റ്റാഫ് ആയിരുന്നത്. ഷൈഖ് ഹമദിന്റെ കാർ കളക്ഷൻസ് ഒന്ന് കാണാൻ അമ്പാസഡറും കുടുംബവും ആഗ്രഹിക്കുന്നത്രേ. ഷൈഖിന്റെ ഒരു പാട് അന്റിക്യു കളക്ഷൻസ് കാറുകൾ ഒരിക്കലും എയർകണ്ടീഷൻ ഓഫ്‌ ചെയ്യാത്ത വിശാലമായ ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിൽ 1888ഇൽ നിർമിച്ച ഡയാമിലർ ബെൻസ് മുതൽ ഷൈഖ് നിർമിച്ചെടുത്ത കാറുകളും അമേരിക്കൻ മിലിട്ടറി ഉപയോഗിച്ച ജീപ്പുകളും വെള്ളത്തിലും ചതുപ്പിലും കരയിലും ഓടിക്കാവുന്ന ആംഫിറെയ്ഞ്ചർ ജീപ്പും കൂട്ടത്തിൽ ഷൈഖിന്റെ സ്വന്തമായി പറപ്പിക്കുന്ന ഹെലികൊപ്റ്റെറും ഉള്ള പ്രൈവറ്റ് കാർകളക്ഷൻ ഷൈഖിന്റെ അനുവാദമില്ലാതെ ഞാൻ തുറന്നു കൊടുക്കാൻ ബുദ്ധിമുട്ടാണെന്നും ആ സമയത്ത് ഷൈഖ് വിദേശത്താണെന്നും ഭവ്യതയോടെ ഞാൻ സ്റ്റാഫിനോട് പറഞ്ഞു മനസ്സിലാക്കി. അന്ന് മൊബൈൽ ഫോണിന്നു ഇന്റർനാഷണൽ റോമിംഗ് ആയിട്ടില്ല. അംബാസ്സഡർ ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടു സമ്മതം വാങ്ങിയെന്ന മറുപടിയാണ് സ്റ്റാഫ്‌ എന്നോട് പറഞ്ഞത്. ഒരു മണിക്കൂറിന്നുള്ളിൽ ഞാൻ ബന്ധപ്പെടാം എന്നും പറഞ്ഞു ഞങ്ങൾ സംസാരം നിറുത്തി.
ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അനുവാദം കിട്ടി. വിവരം അറിയീച്ചതനുസരിച്ചു വൈകീട്ട് അംബാസഡറും പരിവാരങ്ങളും എത്തി. ബിരാല് ഇല്ലാത്തിടത്തു കരിപ്പിടി മൂപ്പൻ എന്ന് പറഞ്ഞ പോലെയായി ഞാൻ. കിട്ടിയ അവസരം പാഴാക്കിയില്ല. എല്ലാ വാഹനങ്ങളെ പറ്റിയും ഞാൻ വിശദീകരിച്ചു പറഞ്ഞു.
അദ്ധേഹത്തിന്നു എന്നെ 'ക്ഷ' പിടിച്ചു. ഷൈഖ് നിർദേശിച്ച പോലെ അദ്ധേഹത്തിന്നു ഒരു VIP ട്രീറ്റ്മെന്റ് കൊടുത്തു. ഒന്നര, രണ്ടു മണിക്കൂർ കഴിഞ്ഞു അമ്പാസഡർ പോകുമ്പോൾ ഷോകേസിൽ വെക്കാവുന്ന വളരെ പഴയ മോഡൽ ഡയാമലർ ബൻസിന്റെ ഒരു മോഡൽ തന്നു. അത് വാങ്ങുമ്പോളും അദ്ധേഹത്തോട് സംസാരിക്കുമ്പോഴും എന്റെ ചിന്ത ആ ജർമനി ഒന്ന് സന്ദർശിക്കണം എന്നുള്ളതായിരുന്നു.
ഷൈഖ് വിദേശത്ത് നിന്ന് തിരിച്ചു വന്നപ്പോൾ എന്റെ ആഗ്രഹം നല്ല നേരം നോക്കി പറഞ്ഞു. എന്ത് കാര്യവും നല്ല തമാശകളൊക്കെ കേട്ടിരിക്കുമ്പോൾ പറഞ്ഞാൽ ഉടനെ സമ്മതിക്കും. അത് പോലെ ആ കാര്യം ഓക്കേ. അന്ന് യൂറോപ്യൻ യൂണിയൻ ആയിട്ടില്ല. ജർമനി രണ്ടാണ്. ഒന്ന് വെസ്റ്റ് ജർമനിയും മറ്റേതു കമ്മൂണിസ്റ്റ് ചിന്താഗതിയുള്ള ഈസ്റ്റ്‌ ജർമനിയും. രണ്ടിന്റെയും തലസ്ഥാനം ബെർലിൻ ആയിരുന്നു. ആ രണ്ടു രാജ്യങ്ങളെയും വേർതിരിക്കുന്ന ഒരു മതിൽ ഉണ്ട്. അതാണ്‌ ബെർലിൻ മതിൽ. ജർമനി ഒന്നായപ്പോൾ ആ മതിൽ ജനങ്ങൾ തന്നെ പൊളിച്ചു. അത് മറ്റൊരു ചരിത്രം.
അമ്പാസ്സഡറെ നേരിട്ട് ഫോണ്‍ ചെയ്യാൻ ഒരു മടി, അദ്ധേഹത്തിന്റെ ഫോണ്‍ നമ്പരുള്ള വിസിറ്റിംഗ് കാർഡ്‌ തന്നിട്ടുണ്ടെങ്കിൽ കൂടി. എന്തായാലും കൊണ്‍സലിനെ ഫോണ്‍ ചെയ്തു വിഷയം പറഞ്ഞു.
അദ്ദേഹം നിർദേശിച്ചതനുസരിച്ച് പാസ്പോർട്ടും ഫോട്ടോയും കൊടുത്തു. പത്തു മിനിട്ടിന്നുള്ളിൽ വിസ റെഡി.
പക്ഷെ ഒരു പ്രശ്നം. എവിടെ പോകുകയാണെങ്കിലും ആ രാജ്യത്ത് എന്റെ ഒരു ആതിഥെയനൊ മറ്റോ ഉണ്ടാവും. ഇത് ഞാൻ തനിച്ചു പോകുക എന്നത് ഒരു കീറാമുട്ടിയായി. ഈ വിഷയം ഷൈഖിനോട് പറഞ്ഞാൽ യാത്ര പോകേണ്ടെന്നു പറഞ്ഞാലോ. അത് മാത്രമല്ല, ഏതു അന്റാർറ്റികയിൽ പോകാനും എനിക്ക് ധൈര്യമുണ്ടെന്നു ഒരിക്കൽ ഞാനൊരു കാച്ചു കാച്ചിയിട്ടുള്ളതുമാണ്. ഗതികേട്ടാൽ ഷെരീഫ് പുല്ലും തിന്നും. നല്ല സമയം നോക്കി വിവരം പറഞ്ഞു. (അല്ലെങ്കിൽ തന്നെ എപ്പോഴും വാഹനത്തെപറ്റി മാത്രം ചിന്തിക്കുന്ന ഷൈഖ് ഞാൻ പറഞ്ഞതൊക്കെ എങ്ങിനെ ഓർമവെക്കാനാ). അദ്ദേഹം ഹാംബർഗിൽ ഉള്ള ഒരു ഹെൽമുത്ത് .....(രണ്ടാമത്തെ പേർ ഇപ്പോൾ ഓർമയിലില്ല) എന്ന ആളുടെ അഡ്രസ്‌ കാർഡ്‌ തന്നു. മതി. സമാധാനമായി. ഇനി എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാത്രം അദ്ധേഹത്തെ ബന്ധപ്പെടാം എന്ന് കരുതി യാത്രക്കായി ഒരുങ്ങി. മൂന്നു ദിവസത്തെ ലീവാണ് കിട്ടിയത്. അത് സാരമില്ല. ചിലപ്പോൾ ഞാൻ ഒന്ന് ദുബായിൽ പോയിട്ട് വരട്ടെ എന്ന് ഷൈഖിനൊട് ചോദിക്കും. അര മണിക്കൂറിന്നുള്ളിൽ തിരിച്ചെത്താമെന്നും പറയും. അര മണിക്കൂര് കൊണ്ട് അബൂദാബിയിൽ നിന്ന് ജബൽഅലിയിൽ പോലും എത്തുകയില്ലെന്നു ഷൈകിന്നു നന്നായറിയാം.
അങ്ങിനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു മാർച്ച് എഴിന്നു ദുബൈ എയർപോർട്ടിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർടിലേക്ക് ലുഫ്താൻസയിൽ പുറപ്പെട്ടു. കാലത്ത് ഒമ്പത് മണിക്ക് പുറപ്പെട്ടു വൈകീട്ട് മൂന്നിന്നു (ജർമൻ സമയം) എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു. ഹെൽമുത്തിന്റെ വിസിറ്റിംഗ് കാർഡ് കൈവശം ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പാക്കി.
എന്റെ ഉദ്ദേശം തന്നെ ജർമനിയിലെ ബെർലിൻ എന്ന തലസ്ഥാനത്തെ മതിൽ കാണുക എന്നതാണ്. അന്ന് രണ്ടു ജർമനികളാണ് ഉണ്ടായിരുന്നത്. ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയും കമ്മൂണിസ്റ്റ് അനുഭാവമുള്ള ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക്കും. ഇത് ആയിരത്തി തൊള്ളായിരത്തി അറുപത്തിഒന്നിനാണ് നിലവിൽ വന്നത്. അത് വരെ ജർമ്മൻ ഒന്നായിരുന്നപ്പോൾ ബർലിൻ എന്ന നഗരമായിരുന്നു തലസ്ഥാനം. ജർമനി രണ്ടായപ്പോഴും രണ്ടു ജർമനിയും തലസ്ഥാനമായി തീരുമാനിച്ചത് ബർലിൻ ആയിരുന്നു. ആ ബർലിൻ കിഴക്കേ ജർമനിയുടെ ഉള്ളിലും ആണ്. ബർലിനെ മുറിച്ചു കിഴക്കൻ ബർലിനും പടിഞ്ഞാറൻ ബർലിനും ആക്കി. അത് വേർതിരിക്കാൻ മതിൽ നിർമിച്ചു. അതാണ്‌ ബർലിൻ മതിൽ. അത് കാണുകയായിരുന്നല്ലോ എന്റെ ലക്‌ഷ്യം.
ഫ്രാങ്ക്ഫർട്ടിൽ നിന്നും ഞാൻ കയറിയ ഫ്ലൈറ്റ് ബർലിനിൽ എത്തി. രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. നല്ല ഉറക്ക, യാത്രാക്ഷീണം. ഒരു ഹോട്ടൽ ബുക്ക്‌ ചെയ്യണം. ഹെൽമുത്തിനെ ഫോണ്‍ ചെയ്തു. അദ്ദേഹം സ്വിറ്റ്സർലൻഡിൽ ആണത്രേ. അധികം ദൂരെയല്ലാത്ത ഒരു ഹൊട്ടെലിലേക്ക് അദ്ദേഹം ഫോണ്‍ ചെയ്തു എല്ലാം അറേഞ്ച് ചെയ്തു. എന്റെ പാസ്പോർട്ടും ക്രെഡിറ്റ്‌ കാർഡും കൊടുത്തു റൂം കിട്ടി. ലോക്കൽ അട്രെസിന്റെ കോളം ഹെൽമുത്ത് പറഞ്ഞു കൊടുത്തത് കൊണ്ട് എനിക്ക് പണി എളുപ്പമായി. കട്ടിലിൽ വീണതെ ഓർമയുള്ളൂ. ഹീറ്റരിന്റെ മർമര ശബ്ദം പോലും ഞാൻ കേട്ടില്ല.
പിറ്റേന്ന് മതിൽ കാണാൻ പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. പുറത്തു മഞ്ഞുമഴ പെയ്യുന്നു. ഞാൻ അത് ആദ്യമായാണ് മഞ്ഞുമഴ കാണുന്നത്. ബർലിനിൽനിന്ന് എഴുപതു കിലൊമീറ്റെർ ദൂരമേയുള്ളൂ, മറ്റൊരു രാജ്യമായ പോളണ്ടിലേക്ക്. ഇത്രയും തണുപ്പുള്ള രാജ്യമായിട്ടും ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും സാധാരണ ട്രൌസറും ഷർട്ടും ആണ് ധരിക്കുന്നത്. ചിലർ പാന്റ് ധരിക്കുന്നു. ഞാൻ ഒരു നിമിഷം എന്റെ നാടിനെ ഓർത്തു. നല്ല ചുട്ടു പൊള്ളുന്ന, ഹുമിടിറ്റി ഉള്ള വേനൽക്കാലത്ത് പോലും LKGയിലും മറ്റും പഠിക്കുന്ന കൊച്ചുമക്കളെ പാന്റും ടയ്യും ധരിപ്പിക്കുന്നത് എത്ര തെറ്റാണ്.
ബർലിൻ മതിലിന്നടുത്തെത്തി. ഈ മതിലിന്നപ്പുറം മറ്റൊരു രാജ്യമാണ്, അതും ഈ രാജ്യത്തിന്റെ ഒരു ഭാഗം. അന്ന് ബർലിൻ ചുറ്റിയടിച്ചു കണ്ടു പിറ്റേന്ന് രാവിലെ വീണ്ടും ഫ്രാങ്ക്ഫർട്ടിലേക്ക് മടക്ക യാത്ര.
അവിടെ കൂടുതലൊന്നും കാണാൻ നിന്നില്ല, ആകെ പോയത് ഒരു നഗര പ്രതിക്ഷണവും RHINE നദിയിലൂടെയുള്ള ഒരു ബോട്ട് സവാരിയും. എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ള യാത്ര കാറോ ഫ്ലൈറ്റൊ അല്ല, മറിച്ചു ബോട്ട് യാത്രയും ട്രെയിൻ യാത്രയും ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു ഒക്ടോബർ മൂന്നിന്നു രണ്ടു ജർമനിയും ഒന്നായി. ബർലിൻ മതിൽ ഇരു രാജ്യങ്ങളുടേയും ജനങ്ങൾ തന്നെ പൊളിച്ചു. ഹെൽമുത്തെ നീ എന്റെ മുത്ത്‌ ആണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അദ്ധേഹത്തിനോട് ഫോണ്‍ ചെയ്തു പോകുന്ന കാര്യവും നന്ദിയും പറഞ്ഞു. ഹോട്ടലിൽ തങ്ങേണ്ടി വന്നില്ല. രാത്രി എഴിന്നുള്ള ഫ്ലൈറ്റിൽ ഞാനെപ്പോഴും എഴുതാറുള്ള പോലെ, എന്റെ പോറ്റമ്മയുടെ അടുത്തേക്ക്, അബൂദാബിയിലേക്ക്........

പൊങ്ങച്ചം (കഥ)

പൊങ്ങച്ചം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

'അമ്മേ വിശക്കുന്നു. വല്ല ഭക്ഷണം തരണേ'
പുറത്തു നിന്നും ഏതോ കുട്ടിയുടെ യാചന കേട്ടപ്പോൾ ജലജ ജനവാതിലിലൂടെ നോക്കി. ഏതോ യാചക രൂപത്തിലുള്ള കുട്ടി. കീറിപറിഞ്ഞതും മുഷിഞ്ഞതുമായ ഒരു ഹാഫ്ട്രൌസറും ഷർട്ടും ആണ് വേഷം.
അടുത്ത വീട്ടിലെ മീനയുമായി സീരിയൽ കണ്ടു കൊണ്ടിരിക്കുന്നതു തടസ്സമായല്ലോ എന്ന ദേഷ്യം മാറ്റിവെച്ച് ആ കുട്ടിയോട് അടുക്കള ഭാഗത്തേക്ക് വരാൻ നിർദേശിച്ചു. ഒരു പഴയ ക്ലാവ് പിടിച്ച ഓട്ടുപാത്രത്തിൽ വേലക്കാരിക്ക്‌ കൊടുക്കാൻ മാറ്റി വെച്ചിരുന്ന പഴയ ചോറും കറിയും കൊടുത്തു. ഭക്ഷണപാത്രം കൊടുക്കുമ്പോൾ ജലജയുടെ കൈ അറിയാതെ ആ ചെക്കന്റെ കയ്യിൽ തൊട്ടു. വേഗം തന്നെ ജലജ അകത്തു പോയി ഡെറ്റോൾ ഇട്ടു കൈ കഴുകി. അകത്തേക്ക് പോകുമ്പോൾ അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടു. ആ ചെക്കൻ എന്തെങ്കിലും മോഷ്ടിച്ചാലോ. വേലക്കാരി വരാഞ്ഞത് ബുദ്ധിമുട്ടായി.
ജലജ വീണ്ടും സീരിയൽ കാണാൻ ചെന്നു. 'സ്ത്രീ ഒരു ദേവത' എന്ന സീരിയലിന്റെ 4507-മത്തെ എപ്പിസോഡ് ആണ് നടക്കുന്നത്. അമ്മയും മകളും തമ്മിൽ തിരിച്ചറിയുമോ എന്ന സംശയം ഇനി എന്നാണാവോ തീരുക? മരിക്കുന്നതിന്ന് മുമ്പ് അതൊന്നു അറിഞ്ഞാൽ മതിയായിരുന്നു.
പെട്ടെന്നാണ് കറന്റ് പോയത്. ഒരു പക്ഷെ കറന്റ് പോയിട്ട് കുറെ നേരം ആയിരിക്കാം. ഇത് വരെ ഇൻവെർടെർ ഉള്ളത് കൊണ്ട് അറിഞ്ഞില്ല. അതിലെ ചാർജും തീർന്നിരിക്കാം.
മീന അത് ചോദിക്കുകയും ചെയ്തു
'എന്ത് പറയാനാ മീനാ, വീട്ടിൽ വലിയ എലിശല്യം. എത്രപ്രാവശ്യമാണെന്നോ ഇൻവെർടെറിന്റെ വയർ എലി കടിച്ചതെന്നോ. ഒരിക്കൽ എലിയെ കണ്ടതാ. ചേട്ടൻ വടിയെടുത്തു അടിക്കാൻ ഓങ്ങിയപ്പോൾ ആ എലി നാല്പതിനായിരം രൂപയുള്ള LCD TVയുടെ ബാക്കിൽ ചെന്നു. അവിടെ വെച്ച് അടിക്കാൻ നോക്കിയപ്പോൾ അതാ അതവിടെന്നും ഓടി എഴുപതിനായിരം രൂപയുടെ ഫ്രിഡ്ജിന്റെ പിന്നിൽ. അവിടെന്നു നാല്പതിനായിരത്തിന്റെ കൂക്കിംഗ് രേയ്ഞ്ഞിന്റെ പിന്നിൽ, അവിടെ നിന്നും ഒടുവിൽ അറുപതിനായിരത്തിന്റെ സ്പ്ലിറ്റ് ACയുടെ മുകളിൽ.
ഒടുവിൽ അതിനെ ചേട്ടൻ അടിച്ചു. എനിക്ക് സന്തോഷമായി. രണ്ടാഴ്ച ചേട്ടന്റെ വലത്തേ കൈ പ്ലാസ്റ്റർ ഇടേണ്ടി വന്നു. എലി ചത്തില്ലെന്നു പിറ്റേന്നു മനസ്സിലായി.
'അല്ല മീനേ, ആ വടക്കേ വീട്ടിലെ ജാനുവിന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായില്ലേ. അവൾക്കു വല്ല വിശേഷവുമുണ്ടോ?'
'ഏയ്‌ ഒരു വിശേഷവും ഇല്ല. അവള് മച്ചിയാണെന്നാ തോന്നുന്നേ'
'അതെങ്ങനയാ അവളുടെ അമ്മയും മച്ചിയാ' എന്നായിരുന്നു ജലജയുടെ കമന്റ്. എന്നിട്ട് ജലജ കൂട്ടിച്ചേർത്തു 'എന്റെ വീട്ടിൽ പണക്കാര് വന്നാലും പാവപ്പെട്ടവർ വന്നാലും ഒരേ പോലെ സൽക്കരിക്കും.'
'അതെ ചേച്ചി, ഞാനും ചേച്ചിയെ പോലെയാ, പണക്കാർ വന്നാലും ചേച്ചിയെ പോലെയുള്ളവർ വന്നാലും ഞാനും ഒരേ പോലെയാ സ്വീകരിക്കുക' ഇതായിരുന്നു മീനയുടെ മറുപടി
'ചേച്ചി ചേട്ടനും മകനും വന്നില്ലേ?' മീനയുടെ ചോദ്യം വീണ്ടും.
'മകന് ഇന്ന് സ്കൂൾ ആനിവേര്ഷരിക്ക് മിമിക്രിക്കും ലളിതഗാനത്തിന്നും ഫാൻസി ഡ്രെസ്സിന്നും റിഹേർസൽ ഉണ്ട്. അപ്പോൾ വരാൻ വൈകും എന്നും ചേട്ടൻ അവനെയും കൊണ്ട് വരികയുള്ളൂ എന്നും ഉച്ചക്ക് പറഞ്ഞിരുന്നു' ജലജ കാര്യം വ്യക്തമാക്കി.
ലാൻഡ്‌ഫോണ്‍ ബല്ലടിച്ചു.
'മീനാ ആ ചെക്കനെ നോക്കണം. വല്ലതും എടുത്താൽ ഒരടി അടിച്ചോ' എന്ന് മീനയ്ക്ക് നിർദേശം കൊടുത്തു ജലജ ഫോണ്‍ അറ്റൻഡ് ചെയ്യാൻ പോയി.
ചെക്കൻ ഭക്ഷണം കഴിക്കുന്നിടത്ത് മീന പോയി. അവൻ കുറച്ചു ചോറ് കൂടി ചോദിച്ചു. അവിടെ ചെന്നപ്പോൾ മീന കണ്ടത് അവൻ പേര മരത്തിൽ നിന്ന് ഒരു പേര പൊട്ടിച്ചു തിന്നുന്നതാണ്. മീന ചെക്കനെ ഒരു അടി അടിച്ചു.
'അമ്മേ' എന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫോണ്‍ കട്ട്‌ ചെയ്തു ജലജ വന്നു നോക്കി. മകന്റെ ശബ്ദമാണ് കേൾക്കുന്നത്. പക്ഷെ ആ തെണ്ടിചെക്കനല്ലാതെ വേറെ ആരെയും കാണുന്നില്ല. വീണ്ടും അതെ വിളി. അപ്പോഴാണ്‌ മനസ്സിലായത്‌ തന്റെ മകൻ തന്നെയാണ് ആ നിൽക്കുന്നത് എന്ന്. അവനെ വാരിയെടുത്തു. എന്റെ പോന്നു മോനാണ് ഈ പഴകിയ ഭക്ഷണവും മീനയുടെ അടിയും കൊടുത്തതെന്ന് ഓർത്തപ്പോൾ സങ്കടം തോന്നി.
'മോനെ നീയെന്താ ഈ വേഷത്തിൽ? അച്ഛനെവിടെ?' ജലജ ചോദിച്ചു
'അമ്മെ ഞാൻ ഫാൻസി ഡ്രെസ്സിന്റെ അതേ വേഷത്തിൽ റിഹേർസൽ ചെയ്യുമ്പോൾ അച്ഛന് എവിടെന്നോ ഫോണ്‍ വന്നു. ഉടനെ അച്ഛൻ ഗേറ്റ് വരെ കൊണ്ട് വന്നു എങ്ങോട്ടോ പോയി. അപ്പൊ എനിക്ക് തോന്നി മിമിക്രി കൂടെ കാണിക്കണമെന്ന് . എങ്ങിനെയുണ്ട് എന്റെ അഭിനയം?'
'മീനാ, ഞാൻ എന്റെ മോന്റെ ഈ മുഖം ഒന്ന് കഴുകി വൃത്തിയാക്കട്ടെ. എന്നിട്ട് ഹോസ്പിറ്റലിൽ ചെന്ന് അവന്റെ വയറ് കഴുകി വൃത്തിയാക്കട്ടെ.'
'അതൊക്കെ കഴുകി വൃത്തിയാക്കുന്നതിന്നു മുമ്പ് ചേച്ചി ചേച്ചിയുടെ മനസ്സ് കഴുകി വൃത്തിയാക്ക്. നമ്മൾ രണ്ടാളും പാടത്ത് പണിയെടുക്കാൻ പോയതൊക്കെ ചേച്ചി മറന്നോ? ചേച്ചിക്ക് കുറച്ചു തൊലി വെളുപ്പുണ്ടായ കാരണം ഒരു പണക്കാരനായ രണ്ടാം കെട്ടുകാരൻ കല്യാണം കഴിച്ചു. അതല്ലേ ശെരി'
--------------------------------------------------------
മേമ്പൊടി:
അവനവനാൽമ സുഖത്തിന്നാചരിക്കുന്നവ -
യപരന് സുഖതിന്നായ് വരേണം (ശ്രീനാരായണഗുരു)
Do as you wish to be done by