പൊങ്ങച്ചം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ
'അമ്മേ വിശക്കുന്നു. വല്ല ഭക്ഷണം തരണേ'
പുറത്തു നിന്നും ഏതോ
കുട്ടിയുടെ യാചന കേട്ടപ്പോൾ ജലജ ജനവാതിലിലൂടെ നോക്കി. ഏതോ യാചക രൂപത്തിലുള്ള
കുട്ടി. കീറിപറിഞ്ഞതും മുഷിഞ്ഞതുമായ ഒരു ഹാഫ്ട്രൌസറും ഷർട്ടും ആണ് വേഷം.
അടുത്ത വീട്ടിലെ മീനയുമായി
സീരിയൽ കണ്ടു കൊണ്ടിരിക്കുന്നതു തടസ്സമായല്ലോ എന്ന ദേഷ്യം മാറ്റിവെച്ച് ആ
കുട്ടിയോട് അടുക്കള ഭാഗത്തേക്ക് വരാൻ നിർദേശിച്ചു. ഒരു പഴയ ക്ലാവ് പിടിച്ച
ഓട്ടുപാത്രത്തിൽ വേലക്കാരിക്ക് കൊടുക്കാൻ മാറ്റി വെച്ചിരുന്ന പഴയ ചോറും കറിയും
കൊടുത്തു. ഭക്ഷണപാത്രം കൊടുക്കുമ്പോൾ ജലജയുടെ കൈ അറിയാതെ ആ ചെക്കന്റെ കയ്യിൽ
തൊട്ടു. വേഗം തന്നെ ജലജ അകത്തു പോയി ഡെറ്റോൾ ഇട്ടു കൈ കഴുകി. അകത്തേക്ക് പോകുമ്പോൾ
അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടു. ആ ചെക്കൻ എന്തെങ്കിലും മോഷ്ടിച്ചാലോ.
വേലക്കാരി വരാഞ്ഞത് ബുദ്ധിമുട്ടായി.
ജലജ വീണ്ടും സീരിയൽ കാണാൻ
ചെന്നു. 'സ്ത്രീ
ഒരു ദേവത' എന്ന
സീരിയലിന്റെ 4507-മത്തെ എപ്പിസോഡ് ആണ് നടക്കുന്നത്. അമ്മയും മകളും തമ്മിൽ
തിരിച്ചറിയുമോ എന്ന സംശയം ഇനി എന്നാണാവോ തീരുക? മരിക്കുന്നതിന്ന് മുമ്പ് അതൊന്നു അറിഞ്ഞാൽ മതിയായിരുന്നു.
പെട്ടെന്നാണ് കറന്റ് പോയത്.
ഒരു പക്ഷെ കറന്റ് പോയിട്ട് കുറെ നേരം ആയിരിക്കാം. ഇത് വരെ ഇൻവെർടെർ ഉള്ളത് കൊണ്ട്
അറിഞ്ഞില്ല. അതിലെ ചാർജും തീർന്നിരിക്കാം.
മീന അത് ചോദിക്കുകയും
ചെയ്തു
'എന്ത് പറയാനാ മീനാ, വീട്ടിൽ വലിയ എലിശല്യം. എത്രപ്രാവശ്യമാണെന്നോ ഇൻവെർടെറിന്റെ
വയർ എലി കടിച്ചതെന്നോ. ഒരിക്കൽ എലിയെ കണ്ടതാ. ചേട്ടൻ വടിയെടുത്തു അടിക്കാൻ
ഓങ്ങിയപ്പോൾ ആ എലി നാല്പതിനായിരം രൂപയുള്ള LCD
TVയുടെ ബാക്കിൽ ചെന്നു. അവിടെ
വെച്ച് അടിക്കാൻ നോക്കിയപ്പോൾ അതാ അതവിടെന്നും ഓടി എഴുപതിനായിരം രൂപയുടെ
ഫ്രിഡ്ജിന്റെ പിന്നിൽ. അവിടെന്നു നാല്പതിനായിരത്തിന്റെ കൂക്കിംഗ് രേയ്ഞ്ഞിന്റെ
പിന്നിൽ, അവിടെ
നിന്നും ഒടുവിൽ അറുപതിനായിരത്തിന്റെ സ്പ്ലിറ്റ് ACയുടെ മുകളിൽ.
ഒടുവിൽ അതിനെ ചേട്ടൻ
അടിച്ചു. എനിക്ക് സന്തോഷമായി. രണ്ടാഴ്ച ചേട്ടന്റെ വലത്തേ കൈ പ്ലാസ്റ്റർ ഇടേണ്ടി
വന്നു. എലി ചത്തില്ലെന്നു പിറ്റേന്നു മനസ്സിലായി.
'അല്ല മീനേ, ആ വടക്കേ വീട്ടിലെ ജാനുവിന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട്
രണ്ടു വർഷമായില്ലേ. അവൾക്കു വല്ല വിശേഷവുമുണ്ടോ?'
'ഏയ് ഒരു വിശേഷവും ഇല്ല. അവള് മച്ചിയാണെന്നാ തോന്നുന്നേ'
'അതെങ്ങനയാ അവളുടെ അമ്മയും മച്ചിയാ' എന്നായിരുന്നു ജലജയുടെ കമന്റ്. എന്നിട്ട് ജലജ
കൂട്ടിച്ചേർത്തു 'എന്റെ വീട്ടിൽ പണക്കാര് വന്നാലും പാവപ്പെട്ടവർ വന്നാലും ഒരേ
പോലെ സൽക്കരിക്കും.'
'അതെ ചേച്ചി, ഞാനും ചേച്ചിയെ പോലെയാ, പണക്കാർ വന്നാലും ചേച്ചിയെ പോലെയുള്ളവർ വന്നാലും ഞാനും ഒരേ
പോലെയാ സ്വീകരിക്കുക' ഇതായിരുന്നു മീനയുടെ മറുപടി
'ചേച്ചി ചേട്ടനും മകനും വന്നില്ലേ?'
മീനയുടെ ചോദ്യം വീണ്ടും.
'മകന് ഇന്ന് സ്കൂൾ ആനിവേര്ഷരിക്ക് മിമിക്രിക്കും
ലളിതഗാനത്തിന്നും ഫാൻസി ഡ്രെസ്സിന്നും റിഹേർസൽ ഉണ്ട്. അപ്പോൾ വരാൻ വൈകും എന്നും
ചേട്ടൻ അവനെയും കൊണ്ട് വരികയുള്ളൂ എന്നും ഉച്ചക്ക് പറഞ്ഞിരുന്നു'
ജലജ കാര്യം വ്യക്തമാക്കി.
ലാൻഡ്‌ഫോണ്‍ ബല്ലടിച്ചു.
'മീനാ ആ ചെക്കനെ നോക്കണം. വല്ലതും എടുത്താൽ ഒരടി അടിച്ചോ'
എന്ന് മീനയ്ക്ക് നിർദേശം
കൊടുത്തു ജലജ ഫോണ്‍ അറ്റൻഡ് ചെയ്യാൻ പോയി.
ചെക്കൻ ഭക്ഷണം
കഴിക്കുന്നിടത്ത് മീന പോയി. അവൻ കുറച്ചു ചോറ് കൂടി ചോദിച്ചു. അവിടെ ചെന്നപ്പോൾ മീന
കണ്ടത് അവൻ പേര മരത്തിൽ നിന്ന് ഒരു പേര പൊട്ടിച്ചു തിന്നുന്നതാണ്. മീന ചെക്കനെ ഒരു
അടി അടിച്ചു.
'അമ്മേ' എന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫോണ്‍ കട്ട് ചെയ്തു ജലജ
വന്നു നോക്കി. മകന്റെ ശബ്ദമാണ് കേൾക്കുന്നത്. പക്ഷെ ആ തെണ്ടിചെക്കനല്ലാതെ വേറെ
ആരെയും കാണുന്നില്ല. വീണ്ടും അതെ വിളി. അപ്പോഴാണ് മനസ്സിലായത് തന്റെ മകൻ
തന്നെയാണ് ആ നിൽക്കുന്നത് എന്ന്. അവനെ വാരിയെടുത്തു. എന്റെ പോന്നു മോനാണ് ഈ പഴകിയ
ഭക്ഷണവും മീനയുടെ അടിയും കൊടുത്തതെന്ന് ഓർത്തപ്പോൾ സങ്കടം തോന്നി.
'മോനെ നീയെന്താ ഈ വേഷത്തിൽ? അച്ഛനെവിടെ?' ജലജ ചോദിച്ചു
'അമ്മെ ഞാൻ ഫാൻസി ഡ്രെസ്സിന്റെ അതേ വേഷത്തിൽ റിഹേർസൽ
ചെയ്യുമ്പോൾ അച്ഛന് എവിടെന്നോ ഫോണ്‍ വന്നു. ഉടനെ അച്ഛൻ ഗേറ്റ് വരെ കൊണ്ട് വന്നു
എങ്ങോട്ടോ പോയി. അപ്പൊ എനിക്ക് തോന്നി മിമിക്രി കൂടെ കാണിക്കണമെന്ന് .
എങ്ങിനെയുണ്ട് എന്റെ അഭിനയം?'
'മീനാ, ഞാൻ എന്റെ മോന്റെ ഈ മുഖം ഒന്ന് കഴുകി വൃത്തിയാക്കട്ടെ.
എന്നിട്ട് ഹോസ്പിറ്റലിൽ ചെന്ന് അവന്റെ വയറ് കഴുകി വൃത്തിയാക്കട്ടെ.'
'അതൊക്കെ കഴുകി വൃത്തിയാക്കുന്നതിന്നു മുമ്പ് ചേച്ചി
ചേച്ചിയുടെ മനസ്സ് കഴുകി വൃത്തിയാക്ക്. നമ്മൾ രണ്ടാളും പാടത്ത് പണിയെടുക്കാൻ
പോയതൊക്കെ ചേച്ചി മറന്നോ? ചേച്ചിക്ക് കുറച്ചു തൊലി വെളുപ്പുണ്ടായ കാരണം ഒരു
പണക്കാരനായ രണ്ടാം കെട്ടുകാരൻ കല്യാണം കഴിച്ചു. അതല്ലേ ശെരി'
--------------------------------------------------------
മേമ്പൊടി:
അവനവനാൽമ
സുഖത്തിന്നാചരിക്കുന്നവ -
യപരന് സുഖതിന്നായ് വരേണം
(ശ്രീനാരായണഗുരു)
Do as you wish to be done by
No comments:
Post a Comment