Saturday, 10 September 2016

അദ്ധ്യാപനം (കഥ)

അദ്ധ്യാപനം (കഥ)
***********
അരുവിക്കര എന്ന കുഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പെൻഷൻ വാങ്ങാൻ വരാനുള്ള ബുദ്ധിമുട്ട് ആലോചിക്കാനേ വയ്യ. എണ്‍പത് വയസ്സെന്ന പ്രായവും ബസ്സ്‌ കിട്ടാനുള്ള പ്രയാസവും. വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു. അങ്ങിനെ ട്രെഷററിയുടെ അടുത്തെത്തി. എന്നിട്ടും ലൈനിൽ നാലഞ്ചു പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ പിന്നിലായി നിന്നു.
അധികം നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് ഒരു പഴയ ന്യൂസ്‌പേപ്പർ വിരിച്ചു അതിൽ ഇരുന്നു. തണുപ്പ് കാലത്തെ രാവിലെ സൂര്യപ്രകാശത്തിന്നു നല്ല ചൂട്. ഓഫീസ് തുറക്കാൻ സമയമായിട്ടും ആരും എത്തിയിട്ടില്ല. കുറെ നേരത്തെ കാത്തിരിപ്പിന്നൊടുവിൽ ഓഫീസ് ക്ലീൻ ചെയ്യാൻ ഒരു ചെറുപ്പക്കാരൻ എത്തി. അപ്പോഴേക്കും ലൈനിന്റെ നീളം വലുതായിരിക്കുന്നു.
'എല്ലാവരും ഒന്ന് മാറി നിന്നേ' ആ ചെറുപ്പക്കാരന്റെ ഗൌരവത്തിലുള്ള വാക്ക് കേട്ടപ്പോൾ ലൈനിൽ നിന്നിരുന്ന ഒരാൾ ചോദിച്ചു.
'നിനക്കൊന്ന് സൌമ്യമായി പറഞ്ഞു കൂടെ?'
'ഇത്രക്കൊക്കെ സൌമ്യതയെ എന്റെ കയ്യിലുള്ളൂ. ആട്ടെ നിങ്ങളാരാ?'
'ഞാനൊരു റിട്ടയേർഡ്‌ പോലീസ് ഓഫീസർ ആണ്' അദ്ദേഹം മറുപടി കൊടുത്തു.
'റിട്ടയേർഡ്‌ അല്ലെ? ഇപ്പോൾ പോലീസ് അല്ലെല്ലോ? പോലീസ് മുറയൊക്കെ ഇനി വേണ്ട'
ആ പോലീസ് ഓഫീസർ പിന്നെ ഒന്നും പറഞ്ഞില്ല.
'ആട്ടെ, മോനെ കുറച്ചു വർഷം കഴിഞ്ഞാൽ നീയും ഇത് പോലെ ലൈൻ നിൽക്കണമെന്ന് ഓർക്കണം,'
എന്റെ വാക്ക് കേട്ടപ്പോൾ ആ ചെറുപ്പക്കാരന്റെ സ്വഭാവത്തിന്റെ മാറ്റം കണ്ടു.
'മാഷെ, ക്ഷമിക്കണം. എന്റെ ഭാഗത്തും തെറ്റുണ്ട്.'
ആ മാഷെ എന്നുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു സുഖം, ആ വിളിയിൽ ഒരു പാട് തേനും വയമ്പും മധുരവും ഉണ്ട്.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ചെറിയ വിശപ്പുമുണ്ട്‌. ലൈനിൽ നിന്നും പോയാൽ തിരിച്ചു വന്നാൽ സ്ഥലം കിട്ടിയില്ലെങ്കിലോ. അപ്പോഴാണ്‌ ഒരു ചെറുപ്പക്കാരൻ കെറ്റിലിൽ ചായ കൊണ്ട് നടന്ന് വിൽക്കുന്നത് കണ്ടത്.
അവന്റെ കയ്യിൽ നിന്ന് ഒരു ചായ വാങ്ങി. പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ കൂട്ടാക്കിയില്ല.
'മാഷെ, മാഷ്‌ എന്റെ വാപ്പാനെ പഠിപ്പിച്ചിട്ടുണ്ട്' അവൻ പറഞ്ഞു.
'എന്താണ് മോനെ നിന്റെ വാപ്പാടെ പേര്?' ഞാനവനോട് ചോദിച്ചു
'കുഞ്ഞിമുഹമ്മദ്‌. എന്റെ പേര് നൌഫൽ എന്നാണ്'
ആദ്യം എനിക്ക് അദ്ധേഹത്തെ മനസ്സിലായില്ല. ഒരു പാട് വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടല്ലോ? പക്ഷെ പിന്നീട് വിശദീകരിച്ചു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.
'വാപ്പ എന്ത് ചെയ്യുന്നു?' ഞാനവനോട് തിരക്കി.
'പത്തു കഴിഞ്ഞപ്പോൾ വാപ്പ പഠിപ്പ് നിർത്തി. ഇപ്പോൾ പറമ്പ് കിളയൊക്കെയായി ജീവിക്കുന്നു.'
'താൻ എത്ര പഠിച്ചു?'
'ഞാൻ പത്തു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി. 90 ശതമാനം മാർക്ക് ഉണ്ടായിരുന്നു. പിന്നെ എന്നെ പഠിപ്പിക്കാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഞാൻ പഠിപ്പു നിർത്തിയത്'
'എന്റെ ഈശോയെ എന്താണ് ഞാൻ ഈ കേൾക്കുന്നത്?' കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.
'താൻ ഒരു കാര്യം ചെയ്യൂ. ഒരു മണിയാവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണം' എന്നവന് നിർദേശം കൊടുത്തു.
ചായയുടെ പൈസ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനവന് നിർബന്ധിച്ചു പൈസ കൊടുത്തു
പതിനൊന്നര മണിയായപ്പോൾ പെൻഷൻ പണം കിട്ടി.
ഇനി ആ പയ്യൻ വന്നിട്ടേ പോകാൻ പറ്റൂ.
എന്തെങ്കിലും കഴിക്കാമെന്നു കരുതി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നു ചോദിച്ചു 'വരാപ്പുഴ മാഷല്ലേ?'
അതെ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി
'ഞാൻ മാഷെ ഒരു വിദ്യാർഥിയാണ്. ജബ്ബാർ'
'റേഷൻകട നടത്തിയിരുന്ന ഇസ്മയിൽ സായിബിന്റെ മകൻ.....?????'
'അത് തന്നെ'
'താൻ ഇപ്പോൾ എന്ത് ചെയ്യുന്നു? ഇപ്പോഴും സാഹിത്യ വാസനയൊക്കെ ഇല്ലേ?'
അയാൾ ഗൾഫിലാണെന്നും സാഹിത്യവാസന ഉണ്ടാക്കിയത് മാഷാണെന്നും പറഞ്ഞു. ഞാനും എന്റെ ഭാര്യ വേറൊനിക്കയും കൂടി വാരാപ്പുഴയിലുള്ള എന്റെ തറവാട്ടിലേക്ക് പോകാൻ എടമുട്ടത്ത് ബസ്‌ കാത്തു നിൽക്കുമ്പോൾ ഈ ജബ്ബാർ കാർ നിർത്തി എന്റെ അടുത്ത് വന്നതും എന്നോട് കാറിൽ കൊണ്ട് വിടാമെന്ന് ആൽമാർത്തമായി പറഞ്ഞതും ഓർമവന്നു.
'മാഷെ, എനിക്ക് ഇത്തരത്തിൽ സാഹിത്യവാസനയുണ്ടെന്നു കണ്ടെത്തിയത് മലയാളം മാഷായ അങ്ങാണ്. അത് കൂടാതെ, ഞാൻ അറിയാതെ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകിയതും മാഷാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല'
'നമ്മൾ എഴുതുക, അത് നമ്മൾ തന്നെ വായിച്ചു നോക്കുക. നമുക്ക് നന്നായി എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് വായിക്കാൻ കൊടുക്കാം. എന്ത് വിമർശനം വന്നാലും തളരരുത്. നല്ല വിമർശനം വന്നാൽ സ്വീകരിക്കുക. അത് പോലെ നല്ല അഭിപ്രായം കേട്ടാൽ അഹംഭവിക്കരുത്.' ഞാൻ അയാൾക്ക്‌ ഉപദേശം നൽകി.
അദ്ദേഹം വീണ്ടും എന്നോട് വീട്ടിൽ കൊണ്ടന്നാക്കാമെന്നു പറഞ്ഞു. പക്ഷെ കുഞ്ഞിമുഹമ്മദിന്റെ മകനെ കാണേണ്ടത് കൊണ്ട് ഇപ്രാവശ്യവും ഞാൻ സ്നേഹത്തോടെ നിരസിച്ചു.
ഒരു മണി ആവുന്നതിന്ന് മുമ്പ് തന്നെ കുഞ്ഞിമുഹമ്മദിന്റെ മകൻ നൌഫൽ എന്റെ അടുത്ത് വന്നു.
ഞാൻ എന്റെ കയ്യിലുള്ള പെൻഷന്റെ പൈസ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ' മോനെ നൌഫൽ, ഈ പണം നീ എടുക്കുക, ഇനിയും വേണമെങ്കിൽ ഞാൻ തരാം. എന്റെ ജീവിതാവസാനം വരെയുള്ള പെൻഷൻ പണം നിനക്ക് ഞാൻ തരും. നീ തുടർന്ന് പഠിക്കണം. പിന്നെ പഠിത്തത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കറിയാവുന്ന അറിവ് നിനക്ക് പകർന്നു തരാം.'
അവൻ വിങ്ങി പൊട്ടി പറഞ്ഞു. 'മാഷെ ഇത് ഏതെങ്കിലും സദസ്സിൽ വെച്ച് തരുകയാണെങ്കിൽ മാസ്റ്റെർക്കു ഒരു ഖ്യാതി കിട്ടൂലെ?
'എനിക്ക് അങ്ങിനെയുള്ള ഖ്യാതി വേണ്ട. ദൈവത്തിന്റെ പുണ്യമേ വേണ്ടൂ'. എന്ന് ഞാനവന് മറുപടി കൊടുത്തു.
------------------------------------------------
മേമ്പൊടി:
ജോലിയിലുള്ളപ്പോഴും പെൻഷൻ പറ്റിയാലും ജീവിതകാലം മുഴുവൻ ബഹുമാനിക്കുന്ന ഒരു സംബോധനയാണ് മാഷെ എന്നുള്ളത്. എന്നാൽ ദേഷ്യം വരുമ്പോൾ ഭർത്താക്കന്മാർക്ക് ഭാര്യമാരെ ചീത്ത വിളിക്കാൻ പറ്റാത്ത ചില പേരുകളാണ്, ഓമന, തങ്കം എന്നുക്കെയുള്ളത്. കാരണം ഓമനയുടെ ഭര്ത്താവിന്നു ദേഷ്യം വന്നു എന്നിരിക്കട്ടെ. എങ്ങിനെ ചീത്ത പറയും. 'ഓമനേ ഞാൻ നിന്നെ കൊല്ലും' എന്ന് പറയാൻ പറ്റുമോ?
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Friday, 2 September 2016

ഗൾഫിലെ ഓണം (കഥ)

ഗൾഫിലെ ഓണം (കഥ)
---------------------------------------
അടുത്ത കൂട്ടുകാരനായ സിദ്ധാർത്ഥന്റെ വീട്ടിൽ നിന്നും സന്ധ്യനാമം കേൾക്കുന്നു.
'രാമരാമ പാഹിമ മുകുന്ദരാമ പാഹിമ
രാമപാദം ചേരണേ മുകുന്ദരാമ പാഹിമ'
ഞാനും സിദ്ധാർത്ഥനും പാടത്തെ വരമ്പിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞിട്ടുണ്ട്. അത്താഴം കഴിച്ചു, ചിമ്മിനി വിളക്കുകൾ കെടുത്തി ചുറ്റുപാടുമുള്ള വീടുകളിലെ ആളുകൾ കിടന്നു തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ഇലക്‌ട്രിസിറ്റി എത്തിയിട്ടില്ല.
'സിദ്ധാ........ ....... ' അവന്റെ അമ്മ വിശാലേച്ചി നീട്ടി വിളിക്കുന്നു.
'എന്താ അമ്മേ ?' അവൻ ഉറക്കെ വിളികേട്ടു.
'ഒന്ന്‌ വേഗം വാടാ' അവന്റെ അമ്മയുടെ വാക്ക് കേട്ടപ്പോൾ അവനും ഞാനും എഴുനേറ്റു. 'ജാബറൂ, ഇനി നാളെ കാണാം'
'നീ ഒറ്റയ്ക്ക് പോകണ്ട. രാത്രി നിനക്ക് പേടിയല്ലേ?' ഞാനും കൂടെ അവന്റെ വീട്ടിലേക്ക് ചെന്നു
അവനെക്കാൾ പേടിയുള്ള എനിക്ക് തിരിച്ചു എന്റെ വീട്ടിലേക്ക് വരാൻ പറ്റാത്തതു കൊണ്ട് അയൽവാസിയായ സൈദുക്ക എന്നെ എന്റെ വീട്ടിൽ കൊണ്ടന്നാക്കി.
'ഉപ്പ ദേഷ്യം ഉള്ളിലടക്കി. ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും സിദ്ധന്റെ കൂടെ നടക്കുന്നതിൽ ഉപ്പാക്ക് ഇഷ്ടക്കെടില്ല.
എന്നെ കണ്ടപ്പോൾ ഉമ്മ, ഉപ്പാട് പറഞ്ഞു 'അവൻ പഠിക്കാൻ മുറിയിൽ കയറിയാൽ പുസ്തകത്തിൽ നോക്കിയിരിക്കുകയാണ്. ശബ്ദം ഒന്നും കേൾക്കാറില്ല.'
'എടീ അവൻ ഇപ്പോൾ പത്തിലല്ലേ, എന്റെ അനുജൻ ഷൌക്കു പറഞ്ഞിട്ടുണ്ട്. പുസ്തകത്തിൽ നോക്കി വായിച്ചാൽ മതി. അല്ലാതെ ഉറക്കെ വായിക്കണ്ട എന്ന്. അവൻ ശ്രദ്ധയോടെ പഠിക്കുകയായിരിക്കും'
'അത് ശെരിയാ, അവൻ ശ്രദ്ധയോടെ പഠിക്കുകയാ. ഇന്നലെ അവൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പുസ്തകം എടുത്ത് കൊണ്ട് പോയത് പോലും അവൻ അറിഞ്ഞില്ല.'
ഉമ്മ അതും പറഞ്ഞു എനിക്ക് ചോറ് വിളമ്പി തരാൻ പോയി.
പരീക്ഷയിൽ സിദ്ധൻ ജയിച്ചു. കോളജിൽ ചേര്ന്നു.
ഞാനും ജയിച്ചു -സെക്കന്റ് ഇയർ SSLC ക്ക് ചേര്ന്നു.
പിന്നെ എന്തൊക്കെയോ പഠിച്ചു ഗൾഫിലേക്ക്‌
കല്യാണ ആലോചനകൾ വന്നു. നാട്ടിൽ ചെന്നിട്ടു പെണ്ണ് കാണാൻ പോയത് - ഈ സിദ്ധാർത്തന്റെ കൂടെ, പെട്രോൾ ചിലവില്ലാത്ത, ലൈസൻസ് വേണ്ടാത്ത സൈക്കിളിൽ.
ഞാൻ ഗൾഫിൽ ചെന്ന് വര്ഷങ്ങള്ക്ക് ശേഷം അവനും കുവൈറ്റിലെത്തി എന്നറിഞ്ഞു
ഇതിന്നിടെ അവൻ അവന്റെ ആറു സഹോദരിമാരെയും ഭംഗിയായി വിവാഹം കഴിച്ചു കൊടുത്തെന്നും അറിയാൻ കഴിഞ്ഞു
ഇതൊക്കെ ഓർക്കാൻ എന്താണ് കാരണമെന്നോ? ഇന്നലെ അവന്റെ ഒരു ഫോണ്‍ കാൾ വന്നു
'ജബ്ബാറേ, ഈ ഓണത്തിന്നു നീ എന്റെ അടുത്ത് വരണം'
'അയ്യൊ. സിദ്ധാ, ഞാൻ ഓണത്തിന്നു ബഹറയിനിലേക്ക് പൊകുകയാ. അവിടെ നമ്മുടെ കൂടെ പഠിച്ച രാജന്റെ ക്ഷണം ഉണ്ട്. ഞാൻ പിന്നെ വന്നാൽ പോരെ?'
'അതു പറ്റില്ല. നീ ഒരു കാര്യം ചെയ്യൂ. രാജന്റെ നമ്പർ തരൂ. അവനേയും ഞാൻ ഇങ്ങോട്ട് ക്ഷണിക്കാം'
ഞാൻ രാജന്റെ നമ്പർ കൊടുത്തു. രാജനും കുവൈറ്റിൽ വരാമെന്ന് സമ്മതിച്ചതായി ഞാൻ അറിഞ്ഞു
കുവൈറ്റ്‌ എയർപോർട്ടിൽ എന്നെ കാത്തു സിദ്ധാർത്തനും രാജനും ഉണ്ടായിരുന്നു.
അബ്ബാസിയയിലാണ് അവന്റെ താമസം. അബ്ബാസിയ ശെരിക്കും ഒരു ചെറിയ കേരളം. മലയാളികളാണ് കൂടുതൽ
'അല്ല, സിദ്ധാ, നിന്റെ കുടുംബം, നാട്ടിലാണോ?' ഫ്ലാറ്റിൽ ആരെയും കാണാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു
'ജബ്ബാറിന്നു ആ വിവരം അറിയുമെന്നാണ് ഞാൻ കരുതിയത്‌. ഞാനിപ്പോഴും ക്രോണിക് ബാച്ചലർ ആണ്. സഹോദരിമാരുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് വയസ്സ് 45. പിന്നെ ഒന്നും നടന്നില്ല.'
'അപ്പോൾ നിന്റെ മേനകയോ?' ഞാൻ ചോദിച്ചു. അവനു കോളേജിൽ പഠിച്ചിരുന്ന മേനക എന്ന കുട്ടിയായി അഗാധമായ പ്രേമം ഉണ്ടായിരുന്നത് എനിക്കറിവുള്ളതാണ്. പിന്നീട് എന്റെ താമസം കാട്ടൂർ നിന്നും മാറിയത് കൊണ്ടും അവനും ഞാനും രണ്ടു വ്യത്യസ്ഥ ഗൾഫ്‌ രാജ്യങ്ങളിൽ ആയതു കൊണ്ടും ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.
'ഓ. അവളെ പറ്റി എനിക്കൊന്നും അറിയില്ല. ഒരാഴ്ച മുമ്പ് ഞാൻ നാട്ടിൽ പോയപ്പോൾ ഞാൻ അവളെ പറ്റി അന്വേഷിച്ചു. എന്റെ കല്യാണം നീണ്ടു പോയത് കൊണ്ട് അവളെ വേറെ ആരോ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളായി എവിടെയെങ്കിലും ഉണ്ടായിരിക്കും എന്ന് കരുതിയ എനിക്ക് കിട്ടിയ അറിവ് അവൾ ഇപ്പോഴും കല്യാണം കഴിക്കാൻ സമ്മതിക്കതെ നില്ക്കുകയാണത്രെ'
'അവൾ കോളേജിലെ ബ്യൂടി ആയിരുന്നല്ലോ? നമ്മൾ അവളെ ബട്ടർഫ്ലൈ എന്നല്ലേ വിളിക്കാറ്' രാജന്റെ വക കമ്മന്റ്
'അത് വിട്. ചത്ത ജാതകം ഇനി വായിക്കണ്ടല്ലോ?' ഇതായിരുന്നു സിദ്ധന്റെ മറുപടി.
'ഞങ്ങൾ നിങ്ങളെ ഓണത്തിന്നു വിളിച്ചു വരുത്തിയതിൽ ഒരു പ്രത്യേക കാര്യം ഉണ്ട്. ജബ്ബാറിന്റെ കല്യാണത്തിന്നു പെണ്ണ് കാണാൻ വന്നത് ഞാനാണല്ലോ. എന്റെ കല്യാണത്തിന്നു വിളിക്കാൻ കഴിഞ്ഞില്ല. സത്യത്തിൽ എന്റെ കല്യാണം വൈകിയ ഈ വേളയിൽ ഒരു അമ്പലത്തിൽ താലി ചാർത്തി മാത്രമായിരുന്നു. കഴിഞ്ഞ ലീവിന്നു എന്റെ കല്യാണം കഴിഞ്ഞു. അവൾ ഇന്ന് കുവൈറ്റിൽ വരും. നിങ്ങൾ എന്റെ കൂടെ എന്റെ സഹോദരസ്ഥാനത്ത് നിന്ന് അവളെ സ്വീകരിക്കാൻ വരണം.'
'ആരാണ് വധു?' രാജൻ പെട്ടെന്ന് ചോദിച്ചു
'അതൊന്നും നിങ്ങൾ അറിയുന്ന ആളല്ല. തന്നെയുമല്ല, കാണാൻ പോകുന്ന പൂരം കൊട്ടിഘോഷിക്കണ്ടല്ലോ?' അതായിരുന്നു അവന്റെ മറൂപടി. അല്ലെങ്കിലും അവന്നു എല്ലാ കാര്യത്തിലും ഒരു സസ്പെൻസ് ഉണ്ടാവാറുണ്ട്.
വൈകീട്ട് നാല് മണിക്ക് ഞങ്ങൾ കുവൈറ്റ്‌ എയർപോര്ടിലേക്ക് പൊയി.
യാത്രക്കാർ ഓരോരുത്തരായി ഇറങ്ങി. അതിൽ നിന്നും സിന്ദൂരം ഇട്ട ഒരു സ്ത്രീ സിദ്ധന്റെ അടുത്തെത്തി.
ഞങ്ങൾ സൂക്ഷിച്ചു നോക്കി. അതെ അത് അവൾ തന്നെ .............
............... സിദ്ധന്റെ എല്ലാമെല്ലാമായ മേനക
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Tuesday, 9 August 2016

അനന്തരഫലം (നർമഭാവന)

അനന്തരഫലം (നർമഭാവന)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അലക്കാട്ടുപുരം എന്ന് പേരുള്ള ബസ്‌ റൂട്ടുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് കരീംക്കാടെ ബേക്കറി കട. പക്ഷെ, കരീംക്കാടെ കടയുടെ മുന്നിൽ ബസ്‌ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ കച്ചവടം കുറച്ചു കുറവാണ്. ബസ്‌സ്റ്റോപ്പ്‌ കുറച്ചു മാറിയാണ് താനും. തന്റെ കടയുടെ മുമ്പില്‍ ഒരു സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടുകയാണെങ്കിൽ കച്ചവടം നന്നായി നടക്കുമെന്ന് കരീംക്ക ആഗ്രഹിച്ചു. അതിന്നായി സർക്കാർ ലെവലിലേക്ക് പരാതികൾ അയച്ചു. ഒന്നും നടന്നില്ലെന്ന് മാത്രം.
അങ്ങിനെയിരിക്കെ, കരീംക്ക പത്രത്തിൽ ഒരു വാർത്ത വായിച്ചു. മറ്റൊരു സ്ഥലത്ത് ഇത്തരത്തിൽ ബസ്‌ സ്റ്റൊപ്പിന്നു വേണ്ടി മുറവിളി നടത്തികൊണ്ടിരിക്കുമ്പോൾ അവിടെ ബസ്‌ സ്ലോ ചെയ്യുമ്പോൾ ഇറങ്ങിതുടങ്ങിയ ഒരാൾ വീഴുകയും തന്മൂലം സർക്കാർ അവിടെ ബസ്‌ സ്റ്റോപ്പ്‌ അനുവദിക്കുകയും ചെയ്തായിരുന്നു ആ വാർത്ത. കരീംക്കാടെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. തന്റെ കടയുടെ മുമ്പിൽ ആരെങ്കിലും വീണ് കിട്ടാൻ കരീംക്ക എല്ലാ ആരാധാനാലയങ്ങളിലും നേർച്ച നേർന്നു.
മാസങ്ങൾ കുറച്ചു കഴിഞ്ഞു. കരീംക്ക തന്റെ ലൂണ വണ്ടിയിൽ കട തുറക്കാൻ വരികയാണ്. കരീംക്കാനെ കണ്ടപ്പോൾ ഒരാൾ ഓടിവന്നു പറഞ്ഞു. 'കരീംക്ക, ഇക്കാടെ കടയുടെ മുന്നിൽ ഒരു കുട്ടി ബസ്സ്‌ സ്ലോ ചെയ്തപ്പോൾ ഇറങ്ങിയപ്പോൾ വീഴുകയും ബസ്സ്‌ ദേഹത്ത് കൂടെ കയറി ഉടനെ ആ കുട്ടി മരിക്കുകയും ചെയ്തു.'
'ഓ കഷ്ടമായി പോയി.' എന്ന് ദു:ഖം അഭിനയിച്ചു പറയുകയും, മനസ്സിൽ സന്തോഷിക്കുകയും ചെയ്തു, കരീംക്ക. ഇനി നാളെ മുതൽ തന്റെ കടയുടെ മുന്നിൽ ബസ്സ്‌ സ്റ്റോപ്പ്‌ വരുമല്ലോ എന്ന് ചിന്തിച്ചു കരീംക്ക താൻ നേർച്ച നേർന്ന എല്ലാ ദേവാലയങ്ങളിലും നേർച്ച പണം കൊടുത്തു. സന്തോഷവാർത്ത ഉടനെ വീട്ടിൽ അറിയീക്കുകയും ചെയ്തു.
വളരെ വേഗത്തിൽ സംഭവസ്ഥലത്തേക്ക് കരീംക്ക ചെന്നു. മരിച്ചു കിടക്കുന്ന കുട്ടിയുടെ ചുറ്റും ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. അവരുടെ ഇടയിലൂടെ മരിച്ച ആളെ കരീംക്ക നോക്കി. അങ്ങോട്ട്‌ ഒന്നേ നോക്കിയുള്ളൂ. ആ നോക്കിയത് ഒരു ബുധനാഴ്ചയായിരുന്നു. കരീംക്ക ബോധം കേട്ട് വീണു. ബോധം വന്നപ്പോൾ വെള്ളിയാഴ്ച്ചയായി.
നേരം വെളുക്കുമ്പോൾ തന്നെ ആധാർ കാർഡ് എടുക്കാൻ പോയി തിരിച്ചു വന്ന കരീംക്കാടെ മകളായിരുന്നു, ആ മരിച്ച കുട്ടി.
-------------------------------------
മേമ്പൊടി:
അവനവനാല്മസുഖത്തിന്നാചരിക്കുന്നവ-
യപരന്ന് സുഖതിന്നായ് വരേണം

Wednesday, 27 July 2016

പൊൻകണ്ണിയാണ് സന്താനം (കഥ)

പൊൻകണ്ണിയാണ് സന്താനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അധികം വൈകിയാണ് ഞാന്‍ ഉറങ്ങാൻ കിടന്നത്. ഒന്ന് രണ്ടു സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. കൂട്ടത്തിൽ കൊച്ചു മക്കളുടെ ആഗ്രഹപ്രകാരം അവരുമൊത്ത് കുടുംബസമേതം തൃപ്രയാറിൽ സർക്കസ് കാണാനും പോയി. എപ്പോഴാണ്  ഉറങ്ങിയതെന്നറിയില്ല. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സമയം നന്നേ വെളുത്തിരിക്കുന്നു.
'ഗുഡ് മോർണിംഗ്. ജബ്ബാർ സാറല്ലേ?' അങ്ങേതലക്കൽ നിന്നുള്ള ചോദ്യം.
അതെ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അവർ വിളിക്കുന്ന കാര്യം പറഞ്ഞു.
'സാർ, ഞങ്ങൾ ലിറ്റിൽ ഫ്ലവർ അനാഥശാലയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഇക്കൊല്ലത്തെ വിഷുവാഘോഷം ഉത്ഘാടനം ചെയ്യാൻ സാറിനെ ക്ഷണിക്കാനാണ് ഞാൻ ഫോൺ ചെയ്തത്. ഞാനീ അനാഥശാലയുടെ മദർ ആണ്. സാറിനെ വീട്ടിൽ വന്ന് വിളിക്കാൻ എപ്പോഴാണ് വീട്ടില്‍ ഉണ്ടാവുക?'
മദർ വിളിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞു.
'മദർ, ക്ഷണിക്കാൻ വേണ്ടി ഇങ്ങോട്ട് വരണമെന്നില്ല. ഞാൻ വന്നോളാം. പിന്നെ എന്റെ പ്രസംഗത്തിൽ പ്രവാസികളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വിഷമം ഉണ്ടാവില്ലല്ലോ?' ഞാനെന്റെ ഉദ്ദേശ്യം പറഞ്ഞു.
'ഒരിക്കലുമില്ല. അത് പറയണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. അവരാണല്ലോ ഈ നാടിന്‍റെ ഐശ്വര്യം.'  മദർ നയം വ്യക്തതമാക്കി.
മീറ്റിങ്ങിനു കൃത്യസമയത്ത് തന്നെ ഞാനെത്തി. സമയത്തിന്റെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ആരാധ്യനായ A.K. ആന്റണിയും തൃശ്ശൂര്‍ പാര്‍ലിമെന്റ് മെമ്പര്‍ C.N.ജയദേവനും ആണ് എന്റെ മാതൃകാപുരുഷന്മാർ.
മീറ്റിംഗ് കഴിഞ്ഞു അനാഥശാലയിലെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയിട്ടുണ്ട്.
പ്രാർഥനാഗാനം ആലപിച്ച കുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദു:ഖത്തിന്റെ ഒരു സ്ഥായിഭാവം അവന്റെ മുഖത്ത് കണ്ടു. അനാഥകളുടെ വിഷമങ്ങൾ പറഞ്ഞ കൂൂട്ടത്തിൽ പ്രവാസികളുടെ പ്രയാസത്തെ പറ്റിയും ഞാൻ എന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
കുട്ടികളുടെ കലാപരിപാടികൾ നന്നായിരുന്നു. പക്ഷെ, ചിലരുടെ പ്രകടനം മോശമാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ, അവരെ കുറ്റം പറയാൻ ഞാൻ അർഹനല്ല. കാരണം, ഈ കുട്ടികളുടെ പ്രായത്തിൽ കലാപരിപാടികൾ ചെയ്യുവാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്റ്റെജിൽ കയറാൻ പോലും എനിക്ക് പേടിയും നാണക്കേടുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കഥാമത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതിന്റെ സെർട്ടിഫിക്കറ്റ് വാങ്ങാതെ സദസ്സിന്റെ മൂലയിൽ നിന്ന്, പിറ്റേന്ന് ഓഫീസ് റൂമിൽ പോയി വാങ്ങിയവനാണ് ഞാൻ.
പ്രാർത്ഥനഗാനം ആലപിച്ച യദുകൃഷ്ണൻ എന്ന് പേരുള്ള കണ്ണന് ആരോ ഏൽപ്പിച്ച സമ്മാനം ഞാൻ കൊടുക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പ്രസരിപ്പും കണ്ടില്ല. എന്തോ ഒരു ദു:ഖം അവന്റെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, അതെന്റെ തോന്നലായിരിക്കാം.
എല്ലാ കുട്ടികളേയും അവരുടെ രക്ഷിതാക്കൾ കൊണ്ട് പോകുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവർക്കും സന്തോഷമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എല്ലാ കുട്ടികളും കണ്ണനെ കെട്ടിപിടിച്ച് കരയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവന്റെ രക്ഷിതാക്കളെ ആരേയും ഞാൻ കണ്ടില്ല.
'കണ്ണന് വിഷു ആഘോഷിക്കാൻ വീട്ടിൽ പോകേണ്ടേ?' ഞാനവനെ അടുത്ത് വിളിച്ചു ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള കണ്ണന്റെ മറുപടി.
കണ്ണന്റെ വിഷമിത്തിന്റെ കാരണം എന്നോട് മദര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്‍റെ ഇടനെഞ്ഞു പൊട്ടി.
ഉഷ ഭാസി ദമ്പതികളുടെ ഏക സന്താനമാണ് കണ്ണന്‍. കണ്ണന് 4 വയസ്സായപ്പോള്‍ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങി. ആര് പറഞ്ഞിട്ടും അവര്‍ യോജിപ്പിലെത്താതെ വന്നപ്പോള്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുട്ടിയുടെ അവകാശത്തിന് രണ്ടു പേരും കോടതിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തത്കാലം കുട്ടിയെ അനാഥശാലയില്‍ ആക്കാനും ഇടവിട്ട ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍ സമയം രാജുവിനും രജനിക്കും അനാഥശാല ഓഫീസില്‍ വന്നു കാണാമെന്നും പുറത്തേക്ക് കൊണ്ട് പോകരുതെന്നും വിധി വന്നു. അവര്‍ യോജിച്ച് പോകാനുള്ള അമിക്കബിള്‍ സെറ്റില്‍മെന്റ്റ് നടത്താന്‍ വിരോധമില്ലെന്നും കോടതി വിധിച്ചു.
എന്നെക്കൊണ്ടാവുന്ന കാര്യം ഇക്കാര്യത്തില്‍ ചെയ്യാന്‍ മദര്‍ എന്നോടാവശ്യപ്പെട്ടു.
ഞാനവനെ അടുത്ത് വിളിച്ചു സംസാരിച്ചു.
‘മോനെ കണ്ണാ, നിനക്ക് അച്ഛനെ വേണമോ അമ്മയെ വേണോ?’
‘’എനിക്ക് അച്ഛനേം അമ്മേനേം വേണം’.  ഇതായിരുന്നു അവന്റെ മറുപടി.
ഒരു പാട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കരുതിയിരുന്നതായിരുന്നു. ഇനി എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ കരയുമെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
അവന്റെ കാര്യമാലോചിച്ച് എന്‍റെ മനസ്സ് വേദനിച്ചു. എന്തായാലും അവന്റെ മാതാപിതാക്കളെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചു. നാളെ വിഷുവിന് അവന്റെ കൂടെ ഭക്ഷണം കഴിക്കണമെന്നും ഒക്കുമെങ്കില്‍ കണ്ണന്റെ മാതാപിതാക്കളുമായി മദറിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിക്കണമെന്നുമുള്ള എന്‍റെ ആഗ്രഹം മദറിനോട്‌ ഞാന്‍ പറഞ്ഞു. ഹൃദയം നിറഞ്ഞ നന്ദിയോടെ അവരത് സ്വീകരിച്ചു.
വിഷുവിന് ഞാന്‍ അവിടെ എത്തിയപ്പോള്‍ മദര്‍ എന്നെയും കണ്ണന്റെ മാതാപിതാക്കളെയും പരസ്പരം പരിജയപ്പെടുത്തി.
ആദ്യം കണ്ണന്റെ അമ്മ ഉഷയും കുറച്ച് സമയങ്ങള്‍ക്കു ശേഷം അച്ഛന്‍ ഭാസിയും വന്നു. രണ്ടു പേരും വലിയ ഗൌരവത്തിലായിരുന്നു. ദൂരെയുള്ള രണ്ടു കസേരകളില്‍ അവര്‍ ഇരുന്നു, പരസ്പരം ശ്രദ്ധിക്കാതെ. നീണ്ട വിരാമമിട്ടുകൊണ്ട് ഞാന്‍ രണ്ടു പെരോടായി പറഞ്ഞു. 'എന്നെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായി കരുതുക. നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ അറിഞ്ഞു. അറിഞ്ഞത് ശെരിയാവണമെന്നില്ലല്ലോ? നിങ്ങളുടെ വിഷമങ്ങള്‍ എന്നോട് പറയുക. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേ ആള്‍ സംസാരിക്കരുത്. സമ്മതമല്ലേ?'
സമ്മതമാണെന്ന് ഭാസി പറയുകയും ഉഷ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും ചെയ്തു. ‘ശെരി, ആദ്യം ഭാസിക്ക് പറയാനുള്ളത് പറയൂ’. ഞാന്‍ അങ്ങിനെ ആവശ്യപ്പെട്ടു.
ഉഷയെ പറ്റി ഒരു പാട് പരാതികളാണ് ഭാസിക്ക് പറയാനുണ്ടായത്. അത് ഞാന്‍ പ്രതീക്ഷിച്ചതാണ്. അവന്റെ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ ഞാന്‍ ഉഷയോട് സംസാരിക്കാന്‍ പറഞ്ഞു. ഉഷക്കും സ്വാഭാവികമായി പറയാനുണ്ടായത് ഭാസിക്യുടെ കുറ്റങ്ങളായിരുന്നു. രണ്ടു പേര്‍ക്കും ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞു. കണ്ണനെ അവര്‍ക്ക് വേണമെന്ന് ഓരോരുത്തരും ആവശ്യപ്പെട്ടു.
അഞ്ചുപേര്‍ക്കിരിക്കാവുന്ന ഒരു വലിയ സോഫയില്‍ ഇരിക്കാന്‍ കണ്ണനോട് ഞാനാവശ്യപ്പെട്ടു. കണ്ണന്റെ അടുത്ത് സോഫയില്‍ ഇരിക്കാന്‍ ഉഷയോടും ഭാസിയോടും ഞാന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും സോഫയില്‍ ഇരിക്കാനായി എഴുനേറ്റു. പെട്ടെന്ന് ഭാസി തിരിച്ചു വന്നിട്ട് പറഞ്ഞു. അവളിരിക്കുന്ന സോഫയില്‍ ഞാന്‍ ഇരിക്കില്ല. മുതലാളി ഇരിക്കുന്ന സോഫയില്‍ ഞാനിരിക്കില്ല എന്നും പറഞ്ഞു ഉഷയും പഴയ സ്ഥലത്തേക്ക് പോയി. എന്‍റെ ആദ്യത്തെ ഉദ്യമം നടക്കാതെ പോയി.
രണ്ടു പേരും പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് രണ്ടു പേരെയും സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു. അതവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു അവരുടെ മുഖഭാവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. കുറച്ചൊക്കെ ഉപദേശം കൊടുക്കുകയും ചെയ്തു. ഉഷയ്ക്ക് വേറെ ഭര്‍ത്താവിനെ കിട്ടും, അത് പോലെ ഭാസിക്ക് വേറെ ഭാര്യയേയും കിട്ടും. പക്ഷെ കണ്ണന്റെ കാര്യം നിങ്ങള്‍ ആലോചിച്ചോ? ഇപ്പോള്‍ തന്നെ നിങ്ങള്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ അത് വളരെ ദോഷമാണ്. ആ സോഫയില്‍ ഇരിക്കാന്‍ പറഞ്ഞത് വലിയ ഒരബദ്ധമാണോ? തുടങ്ങി ഒരു പാട് നേരം ഞാനവരെ ഉപദേശിച്ചു. എന്‍റെ മോന്റെ അടുത്ത് ഞാനിരിക്കാം എന്നും പറഞ്ഞു ഉഷ കണ്ണന്റെ അടുത്ത് ചെന്നിരുന്നു. എന്‍റെ മോന്റെ അടുത്ത് എനിക്കിരിക്കണം എന്ന് പറഞ്ഞു ഭാസിയും കണ്ണന്റെ മറ്റൊരു വശത്ത് ചെന്നിരുന്നു.
ഞാന്‍ പിന്നെയും അവരെ ഉപദേശിച്ചു. എന്നെ സഹായിക്കാനെന്ന പോലെ മദറും നല്ല ഉപദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തോളൂ.. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം അനുഭവിക്കേണ്ടി വരുന്നത് കണ്ണനാണ് എന്നത്. ഇവിടെ ഒരു പക്ഷെ നിങ്ങള്‍ രണ്ടു പേരും ജയിച്ചെന്നോ തോറ്റെന്നോ വരാം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഇങ്ങിനെ പിണങ്ങി നിന്നാല്‍ തോല്‍ക്കുന്നത് കണ്ണനാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക'
എന്തായാലും വിഷുസദ്യ കഴിക്കാന്‍ സമയമായി. അതിനു മുമ്പ് നിങ്ങള്‍ കണ്ണന് മൂന്നു മുത്തം ഭാസിയും ഉഷയും ഒരേ സമയം കൊടുക്കുക.
എന്‍റെ ഉദ്യേശം എന്താണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുണ്ടാവും. അങ്ങിനെ അവര്‍ ഒരുമിച്ചു കണ്ണന്റെ രണ്ടു കവിളിലും മുത്തം കൊടുത്തു. രണ്ടാമത്തെ മുത്തം കഴിഞ്ഞ് മൂന്നാമത്തെ മുത്തം കൊടുക്കാന്‍ രണ്ടു പേരും കണ്ണന്റെ കവിളിന്നടുത്തെക്ക് ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ച പോലെ പെട്ടെന്ന് കണ്ണന്‍ തല താഴേക്കു ചെരിച്ചു. അവര്‍ മുത്തം കൊടുത്തു. കണ്ണനല്ല എന്ന് മാത്രം.
അമ്മയും അച്ഛനും മുത്തം കൊടുത്തേ എന്ന് പറഞ്ഞു കണ്ണന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
'അപ്പോള്‍ ഇനി നമുക്ക് ഡിവോഴ്സിന്റെ കാര്യം ചര്‍ച്ച ചെയ്യാമല്ലേ?'. രണ്ടു പേരോടുമായി ഞാന്‍ ചോദിച്ചു.
‘അല്ല, സാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. കണ്ണന് വേണ്ടി എന്ത് ത്യാഗത്തിനും ഞാന്‍ തയ്യാറാണ്’. അത് പറഞ്ഞത് ഉഷയായിരുന്നു. താനും തയ്യാറാണ് എന്ന് ഭാസിയും പറഞ്ഞു.
കേസ് പിന്‍വലിക്കുന്ന രേഖകളില്‍ രണ്ടു പേരും ഒപ്പിട്ടു. നല്ലൊരു വിഷുസദ്യയും കഴിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഇനി കണ്ണനെ ഇവരുടെ കൂടെ പറഞ്ഞയക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് വാങ്ങണം. കോടതിയില്‍ അവരുടെ സെറ്റില്‍മെന്റ് അപേക്ഷ കൊടുത്തപ്പോള്‍ കോടതിയില്‍ നിന്ന് വിധി വാങ്ങി ഉഷയും ഭാസിയും കണ്ണനേയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.
------------------------------
മേമ്പൊടി:
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൊന്‍കണ്ണിയാണ് പൂംപൈതല്‍

Wednesday, 6 July 2016

ഗുരുവന്ദനം (കഥ)

ഗുരുവന്ദനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

ആദ്യമായിട്ടാണ് കളക്ടറേറ്റ് കാണുന്നത്. ഒരിക്കലും വരില്ലെന്ന് കരുതിയതാണ്. എന്ത് ചെയ്യാനാണ്. കാര്യം നടക്കണമെങ്കിൽ ചെന്നല്ലേ പറ്റൂ. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നടന്നിട്ടും ശെരിയാവാതെ വന്നപ്പോഴാണ് കളക്ടറെ കാണാൻ വന്നത്. കളക്ടറെപ്പറ്റി നല്ല അഭിപ്രായമല്ല കേട്ടിട്ടുള്ളത്. നടക്കാൻ വയ്യ. വയസ്സ് 80 കഴിഞ്ഞല്ലോ. അതിന്റെ ക്ഷീണമൊക്കെ ഉണ്ട്.  മൂന്നാം നിലയിലാണ് കലക്ടറുടെ ഓഫീസ്.
'ജേക്കബ്‌ മാഷല്ലേ?'. പിന്നിൽ നിന്ന് ആരോ വിളിച്ചു. ഒരു ചെറുപ്പക്കാരൻ. അതെ എന്ന് മറുപടി കൊടുത്തിട്ട് പറഞ്ഞു..'തന്നെ മനസ്സിലായില്ല'.
'ഞാന്‍ മാഷുടെ ഒരു സ്റ്റൂഡന്റ് ആണ്. എന്‍റെ പേര് സലിം. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ കട നടത്തിയിരുന്ന ഇസ്മൈല്‍ എന്നയാളുടെ മകന്‍'
ഞാന്‍ എന്‍റെ ഓര്‍മകളിലൂടെ മുങ്ങാംകുഴിയിട്ടു.
;ഉവ്വ്. ഞാനോര്‍ക്കുന്നു. ക്ലാസ്സില്‍ ഞാന്‍ എത്തിയാല്‍ എഴുനേറ്റു നിര്‍ത്തി കാരണമൊന്നും പറയാതെ രണ്ടു അടി കൊടുത്തിരുന്ന പയ്യന്‍...ഓര്‍ക്കുന്നു.
അന്ന് താന്‍ ഉപ്പാട് കമ്പ്ലൈന്റ് പറഞ്ഞപ്പോള്‍ ഉപ്പ തന്ന മറുപടി ഓര്‍മ്മയുണ്ടോ?. ഞാന്‍ ചോദിച്ചു.
'മാഷെമ്മാര് തല്ലുന്നത് കുട്ടികളുടെ ഭാവിക്കാണെന്നാണ് കമ്പ്ലൈന്റ് ചെന്ന് പറഞ്ഞ എന്നോട് ഉപ്പ പറഞ്ഞത്'.
'അതൊക്കെ ഒരു കാലം. അന്നോക്കെ കുട്ടികളെ തല്ലിയതിന് മാഷെ ചോദ്യം ചെയ്യാന്‍ ആരും വരാറില്ലായിരുന്നു'. ഇതായിരുന്നു എന്‍റെ മറുപടി.
'അന്ന് ജേക്കബ് മാഷെ വസ്ത്രധാരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് ഞങ്ങളെ തല്ലുമ്പോള്‍ ഞങ്ങള്‍ കൈ വലിച്ചാലും മാഷുക്ക് കൊള്ളില്ലായിരുന്നു'
'തനിക്കിപ്പോഴും എന്‍റെ വസ്ത്രധാരണം ഓര്‍മ്മയുണ്ടോ?'. ഞാന്‍ ചോദിച്ചു.
'നന്നായി ഓര്‍ക്കുന്നു. വെള്ള ഷര്‍ട്ട്‌ ഫുള്‍ ബട്ടന്‍ ഇട്ട് ആ ഷര്‍ട്ടിന്റെ മുകളിലൂടെ മുണ്ട് ഉടുത്ത് ടയ് കെട്ടി കോട്ട് ഇട്ടുള്ള മാഷെ വരവ് ഇന്നും ഞാന്‍ മറക്കില്ല'
സലീമിന്റെ ഓര്‍മശക്തിയില്‍ എനിക്ക് സന്തോഷമായി.
'അല്ല ഇത്രക്കൊക്കെ പറഞ്ഞിട്ടും താന്‍ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല.'
'എനിക്കിവിടെ കളക്ടറേറ്റില്‍ ജോലിയാണ്'.
'ഇങ്ങോട്ട് വരാന്‍ തീരെ ഇഷ്ടമുണ്ടായില്ല. ഇവിടെത്തെ കലക്ടര്‍ പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളാണെന്നൊക്കെ പലരും പറഞ്ഞു. നേരാണോ എന്നറിയില്ല.' ഞാന്‍ കേട്ട കാര്യം തുറന്നു പറഞ്ഞു.
'എന്നാണ് മാഷ്‌ ഇത് കേട്ടത്?' സലീമിന്റെ ചോദ്യം
'ഒരു വര്‍ഷം മുമ്പാണ്'
'ആട്ടെ, മാഷ്‌ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ?' സലീമിന്റെ ചോദ്യത്തിന് കഴിച്ചെന്നും ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു.
അടുത്ത് നിന്നിരുന്ന ഒരാളോട് ഒരു ചായ വാങ്ങി കൊണ്ട് വരാന്‍ സലിം പറഞ്ഞു
'അല്ല മാഷെ, ഞാന്‍ ചോദിക്കാന്‍ മറന്നു.. മാഷ്‌ വന്ന കാര്യം?' ഞാനും സലീമായി സംസാരിച്ചപ്പോള്‍ വന്ന കാര്യം മറന്നു.
'എന്‍റെ സ്ഥലത്തിന്റെ രേഖയില്‍ പട്ടയം മാറ്റി ജന്മം ആക്കാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ഒരു പാട് മാസങ്ങള്‍ കയറിയിറങ്ങി. ഇനി കളക്ടറെ കണ്ടെങ്കിലെ ശേരിയാവൂ എന്ന് ചിലര്‍ പറഞ്ഞു. അതിനു വന്നതാണ്'.
ചായ ചൂടാറുന്നു. മാഷ്‌ കുടിക്കു എന്ന് പറഞ്ഞു സലിം എന്‍റെ കയ്യിലുള്ള പേപ്പറുകള്‍ വാങ്ങി. കൊടുക്കാന്‍ എനിക്ക് കുറച്ച് ഭയമുണ്ടായിരുന്നു. എങ്ങിനെ വിശ്വസിക്കും. പക്ഷെ സലീമിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടത് കൊണ്ട് കൊടുത്തു.
അവിടെയുള്ള ആരെയോ വിളിച്ചു ആ പേപ്പറുകള്‍ സലിം അവരുടെ കയ്യില്‍ കൊടുത്ത് എന്തോ പറയുന്നത് കണ്ടു.
'മാഷ്ക്ക് പേടിയുണ്ടോ? വാ നമുക്ക് എന്‍റെ ടേബിളിലേക്ക് പോകാം'.
സലീമിന്റെ വാക്കുകള്‍ കേട്ട് ഞാനൊരു കുട്ടിയെ പോലെ സലീമിന്റെ കൂടെ പോയി.
കലക്ടറുടെ റൂമിലേക്കാണ് സലിം എന്നെ കൊണ്ട് പോയത്. ഒരു പക്ഷെ എന്‍റെ വിഷയം കളക്ടറോട് പറയാനായിരിക്കും. സലീമിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരും സ്റ്റാഫും ഭക്ത്യാദരവോടെ എഴുനേറ്റു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കലക്ടറുടെ കസേരയില്‍ സലിം ഇരുന്നു. മുന്‍നിരയിലെ കസേരയില്‍ എന്നെ ഇരുത്തിയിട്ടാണ് സലിം കസേരയില്‍ ചെന്നിരുന്നത്. പോകുന്ന പോക്കില്‍ സ്വകാര്യമായി എന്നോട് സലീം ഒരു കാര്യം പറഞ്ഞു. 'മാഷെ, മാഷ്‌ ഒരു കളക്ടറെ പറ്റി പറഞ്ഞല്ലോ? ആ കലക്ടറല്ല ഞാന്‍. ഞാനിവിടെ ചാര്‍ജെടുത്തിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂ'.
'സാര്‍, വില്ലേജ് ഓഫീസറെ വിളിച്ചു. നാളെതന്നെ ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞു. സ്റ്റാഫ് കുറവായിരുന്നു എന്നാണു പറഞ്ഞത്' സലിം പറഞ്ഞയച്ച ആ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു കൊടുത്തു.
'സ്റ്റാഫ്‌ കുറവ്, കലക്ടര്‍ കൊണ്ഫെരെന്‍സ്, മിനിസ്ടെര്‍ മീറ്റിംഗ്. പാവപ്പെട്ടവരെ പറ്റിക്കാന്‍ ഓരോ കാരണങ്ങള്‍. വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിച്ചു മെമ്മോ അയക്കണം. ജനങ്ങളുടെ പ്രശ്നം പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നത് പോലും ശെരിയാക്കാതെ വട്ടം കറക്കുന്ന കുറച്ച ഉദ്യോഗസ്ഥരെ ഉള്ളൂ. പക്ഷെ അവര്‍ കാരണം ഭൂരിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും പേര് മോശമാക്കും....'. സലിം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'സാറേ, വലിയ ഉപകാരമായി. ഞാന്‍ പോട്ടെ'. ഞാന്‍ യാത്ര പറഞ്ഞു.
'സാര്‍ എന്ന് എന്നെ വിളിക്കരുത്. ഞാന്‍ അങ്ങയുടെ സലിം ആണ്. വിദ്യാര്‍ഥിയാണ് അന്നും ഇന്നും എന്നും.. '
എന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണീര്‍ വീണു.
'മാഷെ ഇത് ഞാന്‍ മാഷുക്ക് തരുന്ന ഗുരുവന്ദനമാണ്. മാഷെപ്പോലെയുള്ളവരല്ലേ ഞങ്ങള്‍ ഈ നിലയില്‍ എത്താന്‍ കാരണം.' എന്ന് പറഞ്ഞു കലക്ടര്‍ എഴുനേറ്റു വന്നു എന്നെ കെട്ടിപ്പിടിച്ചു. ഒരു അദ്ധ്യാപകനായതിന്റെ ഗുണം ഞാന്‍ അനുഭവിച്ചു.
------------------------------
മേമ്പൊടി:
ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ മാഷ്‌ ക്ലാസിലെ കുട്ടികളോട് നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കും. പലരും പല മറുപടി പറയും. ഡോക്ടറാവണം എഞ്ചിനീയര്‍ ആകണം എന്നൊക്കെ. ഞാനന്നു പറഞ്ഞത് എനിക്ക് മാഷ്‌ ആവണമെന്നായിരുന്നു. അതിന്റെ കാരണം, എനിക്ക് കിട്ടിയ തല്ലുകള്‍ ഞാന്‍ മാഷായാല്‍ കുട്ടികള്‍ക്ക് കൊടുത്ത് എന്‍റെ അരിശം തീര്‍ക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷെ മാഷ്‌ കരുതിയതും പറഞ്ഞതും ഇങ്ങിനെയാണ്‌. കുട്ടികളെ നിങ്ങള്‍ ഷെരീഫിനെ കണ്ടുപഠിക്കൂ എന്നായിരുന്നു. മാഷ് ആയാല്‍ എന്നും ഒരു ബഹുമാനം ആ വിളിയിലും പ്രവര്‍ത്തനത്തിലും കിട്ടും എന്ന്  ഇപ്പോള്‍ എനിക്ക് തോന്നുന്നു -- കഥാകൃത്ത്‌