Wednesday 6 July 2016

ഗുരുവന്ദനം (കഥ)

ഗുരുവന്ദനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

ആദ്യമായിട്ടാണ് കളക്ടറേറ്റ് കാണുന്നത്. ഒരിക്കലും വരില്ലെന്ന് കരുതിയതാണ്. എന്ത് ചെയ്യാനാണ്. കാര്യം നടക്കണമെങ്കിൽ ചെന്നല്ലേ പറ്റൂ. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നടന്നിട്ടും ശെരിയാവാതെ വന്നപ്പോഴാണ് കളക്ടറെ കാണാൻ വന്നത്. കളക്ടറെപ്പറ്റി നല്ല അഭിപ്രായമല്ല കേട്ടിട്ടുള്ളത്. നടക്കാൻ വയ്യ. വയസ്സ് 80 കഴിഞ്ഞല്ലോ. അതിന്റെ ക്ഷീണമൊക്കെ ഉണ്ട്.  മൂന്നാം നിലയിലാണ് കലക്ടറുടെ ഓഫീസ്.
'ജേക്കബ്‌ മാഷല്ലേ?'. പിന്നിൽ നിന്ന് ആരോ വിളിച്ചു. ഒരു ചെറുപ്പക്കാരൻ. അതെ എന്ന് മറുപടി കൊടുത്തിട്ട് പറഞ്ഞു..'തന്നെ മനസ്സിലായില്ല'.
'ഞാന്‍ മാഷുടെ ഒരു സ്റ്റൂഡന്റ് ആണ്. എന്‍റെ പേര് സലിം. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ കട നടത്തിയിരുന്ന ഇസ്മൈല്‍ എന്നയാളുടെ മകന്‍'
ഞാന്‍ എന്‍റെ ഓര്‍മകളിലൂടെ മുങ്ങാംകുഴിയിട്ടു.
;ഉവ്വ്. ഞാനോര്‍ക്കുന്നു. ക്ലാസ്സില്‍ ഞാന്‍ എത്തിയാല്‍ എഴുനേറ്റു നിര്‍ത്തി കാരണമൊന്നും പറയാതെ രണ്ടു അടി കൊടുത്തിരുന്ന പയ്യന്‍...ഓര്‍ക്കുന്നു.
അന്ന് താന്‍ ഉപ്പാട് കമ്പ്ലൈന്റ് പറഞ്ഞപ്പോള്‍ ഉപ്പ തന്ന മറുപടി ഓര്‍മ്മയുണ്ടോ?. ഞാന്‍ ചോദിച്ചു.
'മാഷെമ്മാര് തല്ലുന്നത് കുട്ടികളുടെ ഭാവിക്കാണെന്നാണ് കമ്പ്ലൈന്റ് ചെന്ന് പറഞ്ഞ എന്നോട് ഉപ്പ പറഞ്ഞത്'.
'അതൊക്കെ ഒരു കാലം. അന്നോക്കെ കുട്ടികളെ തല്ലിയതിന് മാഷെ ചോദ്യം ചെയ്യാന്‍ ആരും വരാറില്ലായിരുന്നു'. ഇതായിരുന്നു എന്‍റെ മറുപടി.
'അന്ന് ജേക്കബ് മാഷെ വസ്ത്രധാരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് ഞങ്ങളെ തല്ലുമ്പോള്‍ ഞങ്ങള്‍ കൈ വലിച്ചാലും മാഷുക്ക് കൊള്ളില്ലായിരുന്നു'
'തനിക്കിപ്പോഴും എന്‍റെ വസ്ത്രധാരണം ഓര്‍മ്മയുണ്ടോ?'. ഞാന്‍ ചോദിച്ചു.
'നന്നായി ഓര്‍ക്കുന്നു. വെള്ള ഷര്‍ട്ട്‌ ഫുള്‍ ബട്ടന്‍ ഇട്ട് ആ ഷര്‍ട്ടിന്റെ മുകളിലൂടെ മുണ്ട് ഉടുത്ത് ടയ് കെട്ടി കോട്ട് ഇട്ടുള്ള മാഷെ വരവ് ഇന്നും ഞാന്‍ മറക്കില്ല'
സലീമിന്റെ ഓര്‍മശക്തിയില്‍ എനിക്ക് സന്തോഷമായി.
'അല്ല ഇത്രക്കൊക്കെ പറഞ്ഞിട്ടും താന്‍ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല.'
'എനിക്കിവിടെ കളക്ടറേറ്റില്‍ ജോലിയാണ്'.
'ഇങ്ങോട്ട് വരാന്‍ തീരെ ഇഷ്ടമുണ്ടായില്ല. ഇവിടെത്തെ കലക്ടര്‍ പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളാണെന്നൊക്കെ പലരും പറഞ്ഞു. നേരാണോ എന്നറിയില്ല.' ഞാന്‍ കേട്ട കാര്യം തുറന്നു പറഞ്ഞു.
'എന്നാണ് മാഷ്‌ ഇത് കേട്ടത്?' സലീമിന്റെ ചോദ്യം
'ഒരു വര്‍ഷം മുമ്പാണ്'
'ആട്ടെ, മാഷ്‌ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ?' സലീമിന്റെ ചോദ്യത്തിന് കഴിച്ചെന്നും ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു.
അടുത്ത് നിന്നിരുന്ന ഒരാളോട് ഒരു ചായ വാങ്ങി കൊണ്ട് വരാന്‍ സലിം പറഞ്ഞു
'അല്ല മാഷെ, ഞാന്‍ ചോദിക്കാന്‍ മറന്നു.. മാഷ്‌ വന്ന കാര്യം?' ഞാനും സലീമായി സംസാരിച്ചപ്പോള്‍ വന്ന കാര്യം മറന്നു.
'എന്‍റെ സ്ഥലത്തിന്റെ രേഖയില്‍ പട്ടയം മാറ്റി ജന്മം ആക്കാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ഒരു പാട് മാസങ്ങള്‍ കയറിയിറങ്ങി. ഇനി കളക്ടറെ കണ്ടെങ്കിലെ ശേരിയാവൂ എന്ന് ചിലര്‍ പറഞ്ഞു. അതിനു വന്നതാണ്'.
ചായ ചൂടാറുന്നു. മാഷ്‌ കുടിക്കു എന്ന് പറഞ്ഞു സലിം എന്‍റെ കയ്യിലുള്ള പേപ്പറുകള്‍ വാങ്ങി. കൊടുക്കാന്‍ എനിക്ക് കുറച്ച് ഭയമുണ്ടായിരുന്നു. എങ്ങിനെ വിശ്വസിക്കും. പക്ഷെ സലീമിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടത് കൊണ്ട് കൊടുത്തു.
അവിടെയുള്ള ആരെയോ വിളിച്ചു ആ പേപ്പറുകള്‍ സലിം അവരുടെ കയ്യില്‍ കൊടുത്ത് എന്തോ പറയുന്നത് കണ്ടു.
'മാഷ്ക്ക് പേടിയുണ്ടോ? വാ നമുക്ക് എന്‍റെ ടേബിളിലേക്ക് പോകാം'.
സലീമിന്റെ വാക്കുകള്‍ കേട്ട് ഞാനൊരു കുട്ടിയെ പോലെ സലീമിന്റെ കൂടെ പോയി.
കലക്ടറുടെ റൂമിലേക്കാണ് സലിം എന്നെ കൊണ്ട് പോയത്. ഒരു പക്ഷെ എന്‍റെ വിഷയം കളക്ടറോട് പറയാനായിരിക്കും. സലീമിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരും സ്റ്റാഫും ഭക്ത്യാദരവോടെ എഴുനേറ്റു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കലക്ടറുടെ കസേരയില്‍ സലിം ഇരുന്നു. മുന്‍നിരയിലെ കസേരയില്‍ എന്നെ ഇരുത്തിയിട്ടാണ് സലിം കസേരയില്‍ ചെന്നിരുന്നത്. പോകുന്ന പോക്കില്‍ സ്വകാര്യമായി എന്നോട് സലീം ഒരു കാര്യം പറഞ്ഞു. 'മാഷെ, മാഷ്‌ ഒരു കളക്ടറെ പറ്റി പറഞ്ഞല്ലോ? ആ കലക്ടറല്ല ഞാന്‍. ഞാനിവിടെ ചാര്‍ജെടുത്തിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂ'.
'സാര്‍, വില്ലേജ് ഓഫീസറെ വിളിച്ചു. നാളെതന്നെ ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞു. സ്റ്റാഫ് കുറവായിരുന്നു എന്നാണു പറഞ്ഞത്' സലിം പറഞ്ഞയച്ച ആ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു കൊടുത്തു.
'സ്റ്റാഫ്‌ കുറവ്, കലക്ടര്‍ കൊണ്ഫെരെന്‍സ്, മിനിസ്ടെര്‍ മീറ്റിംഗ്. പാവപ്പെട്ടവരെ പറ്റിക്കാന്‍ ഓരോ കാരണങ്ങള്‍. വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിച്ചു മെമ്മോ അയക്കണം. ജനങ്ങളുടെ പ്രശ്നം പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നത് പോലും ശെരിയാക്കാതെ വട്ടം കറക്കുന്ന കുറച്ച ഉദ്യോഗസ്ഥരെ ഉള്ളൂ. പക്ഷെ അവര്‍ കാരണം ഭൂരിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും പേര് മോശമാക്കും....'. സലിം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'സാറേ, വലിയ ഉപകാരമായി. ഞാന്‍ പോട്ടെ'. ഞാന്‍ യാത്ര പറഞ്ഞു.
'സാര്‍ എന്ന് എന്നെ വിളിക്കരുത്. ഞാന്‍ അങ്ങയുടെ സലിം ആണ്. വിദ്യാര്‍ഥിയാണ് അന്നും ഇന്നും എന്നും.. '
എന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണീര്‍ വീണു.
'മാഷെ ഇത് ഞാന്‍ മാഷുക്ക് തരുന്ന ഗുരുവന്ദനമാണ്. മാഷെപ്പോലെയുള്ളവരല്ലേ ഞങ്ങള്‍ ഈ നിലയില്‍ എത്താന്‍ കാരണം.' എന്ന് പറഞ്ഞു കലക്ടര്‍ എഴുനേറ്റു വന്നു എന്നെ കെട്ടിപ്പിടിച്ചു. ഒരു അദ്ധ്യാപകനായതിന്റെ ഗുണം ഞാന്‍ അനുഭവിച്ചു.
------------------------------
മേമ്പൊടി:
ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ മാഷ്‌ ക്ലാസിലെ കുട്ടികളോട് നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കും. പലരും പല മറുപടി പറയും. ഡോക്ടറാവണം എഞ്ചിനീയര്‍ ആകണം എന്നൊക്കെ. ഞാനന്നു പറഞ്ഞത് എനിക്ക് മാഷ്‌ ആവണമെന്നായിരുന്നു. അതിന്റെ കാരണം, എനിക്ക് കിട്ടിയ തല്ലുകള്‍ ഞാന്‍ മാഷായാല്‍ കുട്ടികള്‍ക്ക് കൊടുത്ത് എന്‍റെ അരിശം തീര്‍ക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷെ മാഷ്‌ കരുതിയതും പറഞ്ഞതും ഇങ്ങിനെയാണ്‌. കുട്ടികളെ നിങ്ങള്‍ ഷെരീഫിനെ കണ്ടുപഠിക്കൂ എന്നായിരുന്നു. മാഷ് ആയാല്‍ എന്നും ഒരു ബഹുമാനം ആ വിളിയിലും പ്രവര്‍ത്തനത്തിലും കിട്ടും എന്ന്  ഇപ്പോള്‍ എനിക്ക് തോന്നുന്നു -- കഥാകൃത്ത്‌

No comments:

Post a Comment