Wednesday 27 July 2016

പൊൻകണ്ണിയാണ് സന്താനം (കഥ)

പൊൻകണ്ണിയാണ് സന്താനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അധികം വൈകിയാണ് ഞാന്‍ ഉറങ്ങാൻ കിടന്നത്. ഒന്ന് രണ്ടു സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. കൂട്ടത്തിൽ കൊച്ചു മക്കളുടെ ആഗ്രഹപ്രകാരം അവരുമൊത്ത് കുടുംബസമേതം തൃപ്രയാറിൽ സർക്കസ് കാണാനും പോയി. എപ്പോഴാണ്  ഉറങ്ങിയതെന്നറിയില്ല. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സമയം നന്നേ വെളുത്തിരിക്കുന്നു.
'ഗുഡ് മോർണിംഗ്. ജബ്ബാർ സാറല്ലേ?' അങ്ങേതലക്കൽ നിന്നുള്ള ചോദ്യം.
അതെ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അവർ വിളിക്കുന്ന കാര്യം പറഞ്ഞു.
'സാർ, ഞങ്ങൾ ലിറ്റിൽ ഫ്ലവർ അനാഥശാലയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഇക്കൊല്ലത്തെ വിഷുവാഘോഷം ഉത്ഘാടനം ചെയ്യാൻ സാറിനെ ക്ഷണിക്കാനാണ് ഞാൻ ഫോൺ ചെയ്തത്. ഞാനീ അനാഥശാലയുടെ മദർ ആണ്. സാറിനെ വീട്ടിൽ വന്ന് വിളിക്കാൻ എപ്പോഴാണ് വീട്ടില്‍ ഉണ്ടാവുക?'
മദർ വിളിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞു.
'മദർ, ക്ഷണിക്കാൻ വേണ്ടി ഇങ്ങോട്ട് വരണമെന്നില്ല. ഞാൻ വന്നോളാം. പിന്നെ എന്റെ പ്രസംഗത്തിൽ പ്രവാസികളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വിഷമം ഉണ്ടാവില്ലല്ലോ?' ഞാനെന്റെ ഉദ്ദേശ്യം പറഞ്ഞു.
'ഒരിക്കലുമില്ല. അത് പറയണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. അവരാണല്ലോ ഈ നാടിന്‍റെ ഐശ്വര്യം.'  മദർ നയം വ്യക്തതമാക്കി.
മീറ്റിങ്ങിനു കൃത്യസമയത്ത് തന്നെ ഞാനെത്തി. സമയത്തിന്റെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ആരാധ്യനായ A.K. ആന്റണിയും തൃശ്ശൂര്‍ പാര്‍ലിമെന്റ് മെമ്പര്‍ C.N.ജയദേവനും ആണ് എന്റെ മാതൃകാപുരുഷന്മാർ.
മീറ്റിംഗ് കഴിഞ്ഞു അനാഥശാലയിലെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയിട്ടുണ്ട്.
പ്രാർഥനാഗാനം ആലപിച്ച കുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദു:ഖത്തിന്റെ ഒരു സ്ഥായിഭാവം അവന്റെ മുഖത്ത് കണ്ടു. അനാഥകളുടെ വിഷമങ്ങൾ പറഞ്ഞ കൂൂട്ടത്തിൽ പ്രവാസികളുടെ പ്രയാസത്തെ പറ്റിയും ഞാൻ എന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
കുട്ടികളുടെ കലാപരിപാടികൾ നന്നായിരുന്നു. പക്ഷെ, ചിലരുടെ പ്രകടനം മോശമാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ, അവരെ കുറ്റം പറയാൻ ഞാൻ അർഹനല്ല. കാരണം, ഈ കുട്ടികളുടെ പ്രായത്തിൽ കലാപരിപാടികൾ ചെയ്യുവാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്റ്റെജിൽ കയറാൻ പോലും എനിക്ക് പേടിയും നാണക്കേടുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കഥാമത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതിന്റെ സെർട്ടിഫിക്കറ്റ് വാങ്ങാതെ സദസ്സിന്റെ മൂലയിൽ നിന്ന്, പിറ്റേന്ന് ഓഫീസ് റൂമിൽ പോയി വാങ്ങിയവനാണ് ഞാൻ.
പ്രാർത്ഥനഗാനം ആലപിച്ച യദുകൃഷ്ണൻ എന്ന് പേരുള്ള കണ്ണന് ആരോ ഏൽപ്പിച്ച സമ്മാനം ഞാൻ കൊടുക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പ്രസരിപ്പും കണ്ടില്ല. എന്തോ ഒരു ദു:ഖം അവന്റെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, അതെന്റെ തോന്നലായിരിക്കാം.
എല്ലാ കുട്ടികളേയും അവരുടെ രക്ഷിതാക്കൾ കൊണ്ട് പോകുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവർക്കും സന്തോഷമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എല്ലാ കുട്ടികളും കണ്ണനെ കെട്ടിപിടിച്ച് കരയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവന്റെ രക്ഷിതാക്കളെ ആരേയും ഞാൻ കണ്ടില്ല.
'കണ്ണന് വിഷു ആഘോഷിക്കാൻ വീട്ടിൽ പോകേണ്ടേ?' ഞാനവനെ അടുത്ത് വിളിച്ചു ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള കണ്ണന്റെ മറുപടി.
കണ്ണന്റെ വിഷമിത്തിന്റെ കാരണം എന്നോട് മദര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്‍റെ ഇടനെഞ്ഞു പൊട്ടി.
ഉഷ ഭാസി ദമ്പതികളുടെ ഏക സന്താനമാണ് കണ്ണന്‍. കണ്ണന് 4 വയസ്സായപ്പോള്‍ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങി. ആര് പറഞ്ഞിട്ടും അവര്‍ യോജിപ്പിലെത്താതെ വന്നപ്പോള്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുട്ടിയുടെ അവകാശത്തിന് രണ്ടു പേരും കോടതിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തത്കാലം കുട്ടിയെ അനാഥശാലയില്‍ ആക്കാനും ഇടവിട്ട ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍ സമയം രാജുവിനും രജനിക്കും അനാഥശാല ഓഫീസില്‍ വന്നു കാണാമെന്നും പുറത്തേക്ക് കൊണ്ട് പോകരുതെന്നും വിധി വന്നു. അവര്‍ യോജിച്ച് പോകാനുള്ള അമിക്കബിള്‍ സെറ്റില്‍മെന്റ്റ് നടത്താന്‍ വിരോധമില്ലെന്നും കോടതി വിധിച്ചു.
എന്നെക്കൊണ്ടാവുന്ന കാര്യം ഇക്കാര്യത്തില്‍ ചെയ്യാന്‍ മദര്‍ എന്നോടാവശ്യപ്പെട്ടു.
ഞാനവനെ അടുത്ത് വിളിച്ചു സംസാരിച്ചു.
‘മോനെ കണ്ണാ, നിനക്ക് അച്ഛനെ വേണമോ അമ്മയെ വേണോ?’
‘’എനിക്ക് അച്ഛനേം അമ്മേനേം വേണം’.  ഇതായിരുന്നു അവന്റെ മറുപടി.
ഒരു പാട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കരുതിയിരുന്നതായിരുന്നു. ഇനി എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ കരയുമെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
അവന്റെ കാര്യമാലോചിച്ച് എന്‍റെ മനസ്സ് വേദനിച്ചു. എന്തായാലും അവന്റെ മാതാപിതാക്കളെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചു. നാളെ വിഷുവിന് അവന്റെ കൂടെ ഭക്ഷണം കഴിക്കണമെന്നും ഒക്കുമെങ്കില്‍ കണ്ണന്റെ മാതാപിതാക്കളുമായി മദറിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിക്കണമെന്നുമുള്ള എന്‍റെ ആഗ്രഹം മദറിനോട്‌ ഞാന്‍ പറഞ്ഞു. ഹൃദയം നിറഞ്ഞ നന്ദിയോടെ അവരത് സ്വീകരിച്ചു.
വിഷുവിന് ഞാന്‍ അവിടെ എത്തിയപ്പോള്‍ മദര്‍ എന്നെയും കണ്ണന്റെ മാതാപിതാക്കളെയും പരസ്പരം പരിജയപ്പെടുത്തി.
ആദ്യം കണ്ണന്റെ അമ്മ ഉഷയും കുറച്ച് സമയങ്ങള്‍ക്കു ശേഷം അച്ഛന്‍ ഭാസിയും വന്നു. രണ്ടു പേരും വലിയ ഗൌരവത്തിലായിരുന്നു. ദൂരെയുള്ള രണ്ടു കസേരകളില്‍ അവര്‍ ഇരുന്നു, പരസ്പരം ശ്രദ്ധിക്കാതെ. നീണ്ട വിരാമമിട്ടുകൊണ്ട് ഞാന്‍ രണ്ടു പെരോടായി പറഞ്ഞു. 'എന്നെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായി കരുതുക. നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ അറിഞ്ഞു. അറിഞ്ഞത് ശെരിയാവണമെന്നില്ലല്ലോ? നിങ്ങളുടെ വിഷമങ്ങള്‍ എന്നോട് പറയുക. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേ ആള്‍ സംസാരിക്കരുത്. സമ്മതമല്ലേ?'
സമ്മതമാണെന്ന് ഭാസി പറയുകയും ഉഷ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും ചെയ്തു. ‘ശെരി, ആദ്യം ഭാസിക്ക് പറയാനുള്ളത് പറയൂ’. ഞാന്‍ അങ്ങിനെ ആവശ്യപ്പെട്ടു.
ഉഷയെ പറ്റി ഒരു പാട് പരാതികളാണ് ഭാസിക്ക് പറയാനുണ്ടായത്. അത് ഞാന്‍ പ്രതീക്ഷിച്ചതാണ്. അവന്റെ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ ഞാന്‍ ഉഷയോട് സംസാരിക്കാന്‍ പറഞ്ഞു. ഉഷക്കും സ്വാഭാവികമായി പറയാനുണ്ടായത് ഭാസിക്യുടെ കുറ്റങ്ങളായിരുന്നു. രണ്ടു പേര്‍ക്കും ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞു. കണ്ണനെ അവര്‍ക്ക് വേണമെന്ന് ഓരോരുത്തരും ആവശ്യപ്പെട്ടു.
അഞ്ചുപേര്‍ക്കിരിക്കാവുന്ന ഒരു വലിയ സോഫയില്‍ ഇരിക്കാന്‍ കണ്ണനോട് ഞാനാവശ്യപ്പെട്ടു. കണ്ണന്റെ അടുത്ത് സോഫയില്‍ ഇരിക്കാന്‍ ഉഷയോടും ഭാസിയോടും ഞാന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും സോഫയില്‍ ഇരിക്കാനായി എഴുനേറ്റു. പെട്ടെന്ന് ഭാസി തിരിച്ചു വന്നിട്ട് പറഞ്ഞു. അവളിരിക്കുന്ന സോഫയില്‍ ഞാന്‍ ഇരിക്കില്ല. മുതലാളി ഇരിക്കുന്ന സോഫയില്‍ ഞാനിരിക്കില്ല എന്നും പറഞ്ഞു ഉഷയും പഴയ സ്ഥലത്തേക്ക് പോയി. എന്‍റെ ആദ്യത്തെ ഉദ്യമം നടക്കാതെ പോയി.
രണ്ടു പേരും പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് രണ്ടു പേരെയും സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു. അതവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു അവരുടെ മുഖഭാവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. കുറച്ചൊക്കെ ഉപദേശം കൊടുക്കുകയും ചെയ്തു. ഉഷയ്ക്ക് വേറെ ഭര്‍ത്താവിനെ കിട്ടും, അത് പോലെ ഭാസിക്ക് വേറെ ഭാര്യയേയും കിട്ടും. പക്ഷെ കണ്ണന്റെ കാര്യം നിങ്ങള്‍ ആലോചിച്ചോ? ഇപ്പോള്‍ തന്നെ നിങ്ങള്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ അത് വളരെ ദോഷമാണ്. ആ സോഫയില്‍ ഇരിക്കാന്‍ പറഞ്ഞത് വലിയ ഒരബദ്ധമാണോ? തുടങ്ങി ഒരു പാട് നേരം ഞാനവരെ ഉപദേശിച്ചു. എന്‍റെ മോന്റെ അടുത്ത് ഞാനിരിക്കാം എന്നും പറഞ്ഞു ഉഷ കണ്ണന്റെ അടുത്ത് ചെന്നിരുന്നു. എന്‍റെ മോന്റെ അടുത്ത് എനിക്കിരിക്കണം എന്ന് പറഞ്ഞു ഭാസിയും കണ്ണന്റെ മറ്റൊരു വശത്ത് ചെന്നിരുന്നു.
ഞാന്‍ പിന്നെയും അവരെ ഉപദേശിച്ചു. എന്നെ സഹായിക്കാനെന്ന പോലെ മദറും നല്ല ഉപദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തോളൂ.. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം അനുഭവിക്കേണ്ടി വരുന്നത് കണ്ണനാണ് എന്നത്. ഇവിടെ ഒരു പക്ഷെ നിങ്ങള്‍ രണ്ടു പേരും ജയിച്ചെന്നോ തോറ്റെന്നോ വരാം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഇങ്ങിനെ പിണങ്ങി നിന്നാല്‍ തോല്‍ക്കുന്നത് കണ്ണനാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക'
എന്തായാലും വിഷുസദ്യ കഴിക്കാന്‍ സമയമായി. അതിനു മുമ്പ് നിങ്ങള്‍ കണ്ണന് മൂന്നു മുത്തം ഭാസിയും ഉഷയും ഒരേ സമയം കൊടുക്കുക.
എന്‍റെ ഉദ്യേശം എന്താണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുണ്ടാവും. അങ്ങിനെ അവര്‍ ഒരുമിച്ചു കണ്ണന്റെ രണ്ടു കവിളിലും മുത്തം കൊടുത്തു. രണ്ടാമത്തെ മുത്തം കഴിഞ്ഞ് മൂന്നാമത്തെ മുത്തം കൊടുക്കാന്‍ രണ്ടു പേരും കണ്ണന്റെ കവിളിന്നടുത്തെക്ക് ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ച പോലെ പെട്ടെന്ന് കണ്ണന്‍ തല താഴേക്കു ചെരിച്ചു. അവര്‍ മുത്തം കൊടുത്തു. കണ്ണനല്ല എന്ന് മാത്രം.
അമ്മയും അച്ഛനും മുത്തം കൊടുത്തേ എന്ന് പറഞ്ഞു കണ്ണന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
'അപ്പോള്‍ ഇനി നമുക്ക് ഡിവോഴ്സിന്റെ കാര്യം ചര്‍ച്ച ചെയ്യാമല്ലേ?'. രണ്ടു പേരോടുമായി ഞാന്‍ ചോദിച്ചു.
‘അല്ല, സാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. കണ്ണന് വേണ്ടി എന്ത് ത്യാഗത്തിനും ഞാന്‍ തയ്യാറാണ്’. അത് പറഞ്ഞത് ഉഷയായിരുന്നു. താനും തയ്യാറാണ് എന്ന് ഭാസിയും പറഞ്ഞു.
കേസ് പിന്‍വലിക്കുന്ന രേഖകളില്‍ രണ്ടു പേരും ഒപ്പിട്ടു. നല്ലൊരു വിഷുസദ്യയും കഴിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഇനി കണ്ണനെ ഇവരുടെ കൂടെ പറഞ്ഞയക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് വാങ്ങണം. കോടതിയില്‍ അവരുടെ സെറ്റില്‍മെന്റ് അപേക്ഷ കൊടുത്തപ്പോള്‍ കോടതിയില്‍ നിന്ന് വിധി വാങ്ങി ഉഷയും ഭാസിയും കണ്ണനേയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.
------------------------------
മേമ്പൊടി:
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൊന്‍കണ്ണിയാണ് പൂംപൈതല്‍

No comments:

Post a Comment