Sunday 1 January 2017

ഞങ്ങളുടെ കാലശേഷം? (കഥ)

ഞങ്ങളുടെ കാലശേഷം? (കഥ)

ആ മനുഷ്യൻ ഒരു പാട് ശാപ വാക്കുകൾ പറഞ്ഞു. പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. 'നിനക്ക് ഒരിക്കലും ഗതി പിടിക്കൂല. നീ ഇനിയും അനുഭവിക്കും. നിനക്ക് അധ:പതനം വരുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്'. ജ്യേഷ്ഠൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് ബാക്കി കേൾക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. എല്ലാം ജഗദീശനായ ദൈവത്തിന്നു വിട്ടു കൊടുത്തു.
ജ്യേഷ്ഠൻ, ഉപ്പാടെ സ്ഥാനത്ത് നിൽക്കേണ്ടയാൾ. എന്റെ ദു:ഖത്തിൽ സന്തോഷിക്കുകയും സന്തോഷത്തിൽ ദു:ഖിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. ഒരേ ഉമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണല്ലോ രണ്ടു പേരും ജനിച്ചത്‌ എന്നോർക്കുമ്പോൾ......
എന്റെ വിവാഹം കഴിഞ്ഞു ആറ് വർഷത്തേക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. അപ്പോഴൊക്കെ ഈ ജ്യേഷ്ഠൻ സന്തോഷിക്കുകയായിരുന്നു.
ഒടുവിൽ എനിക്കാ സന്തോഷവാർത്ത അറിയാൻ കഴിഞ്ഞു. എന്റെ ഭാര്യ ജമീല ഗർഭിണിയാണെന്ന്. ജീവിതത്തിൽ താൻ ഏറ്റവും സന്തോഷിച്ച നിമിഷം.
ജ്യേഷ്ഠന്റെ അടുത്ത് ചെന്ന് ആ സന്തോഷ വാർത്ത അറിയീച്ചു.
'അവൾ ഗർഭിണിയായിരിക്കാം. നിന്റെ കുട്ടിയാവണമെന്നില്ലല്ലൊ'. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്ഷമിച്ചു. ഒന്നും ഉരിയാടാതെ തിരിച്ചു പോന്നു.
ജ്യേഷ്ടൻ അങ്ങിനെയാണ്. അദ്ധേഹത്തിന്റെ പ്രാർത്ഥന കേട്ടാൽ ചിരിക്കാൻ തോന്നും.
'ദൈവമേ, എന്നെ രാമകൃഷ്ണൻ സാറിനെ പോലെ കേരളത്തിലെ ഏറ്റവും വലിയ പണക്കാരനാക്കണേ'. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ചേട്ടന്റെ പ്രാർത്ഥന തുടരും. 'ഇനി അഥവാ എന്നെ രാമകൃഷ്ണൻ സാറിനെ പോലെ പണക്കാരൻ ആക്കാൻ പറ്റിയില്ലെങ്കിൽ രാമകൃഷ്ണൻ സാറിനെ എന്നെ പോലെ ദരിദ്രവാസിയാക്കണേ'
സ്വയം ബീഡിതെറുത്ത് വിൽക്കലായിരുന്നു എനിക്ക് ജോലി. കുറച്ചെല്ലാം അഭിവൃദ്ധി കണ്ടു തുടങ്ങിയപ്പോൾ, സൈൽസ്ടാക്സ് അടക്കുന്നില്ലെന്നു പറഞ്ഞു ജ്യേഷ്ഠൻ പരാതി കൊടുത്തു. കിട്ടിയ പണമെല്ലാം ടാക്സ് അടച്ചു. ആ പണിയും നിറുത്തി.
അങ്ങിനെ ലോടടെറി കച്ചവടം ചെയ്തു. അവിടെയും ജ്യേഷ്ഠന്റെ പാരപണി തുടങ്ങി. താൻ കള്ളലോട്ടെറിയാണ് വിൽക്കുന്നതെന്നും പറഞ്ഞു പോലീസിൽ പരാതി കൊടുത്തു. പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിവുള്ള സബ്ഇൻസ്പെക്ടർ അത് കള്ളപരാതിയാണെന്ന് മനസ്സിലായപ്പോൾ തന്നെ വെറുതെ വിട്ടെന്ന് മാത്രമല്ല, ജ്യേഷ്ഠനെ വിളിച്ചു 'മേലാൽ ഇത്തരം കള്ളപരാതികൾ കൊടുത്താൽ പബ്ലിക്‌ നൂയിസൻസിനു കേസ് എടുക്കുമെന്നും പറഞ്ഞു.
ഭാര്യയെ പ്രസവത്തിന്നായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് എനിക്കവിടെ മനസ്സിലായി. ശെരിക്കും അതുരസേവനം നടത്തുന്ന ആശുപത്രി. എട്ടു മാസം മാത്രം ഗർഭിണി ആയതിനാലും കുട്ടിയുടെയോ അമ്മയുടെയോ അല്ലെങ്കിൽ രണ്ടു പേരുടെയും ജീവൻ അപകടത്തിൽ ആവുമെന്നും തന്മൂലം ഉടനെ സിസേറിയൻ നടത്തണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ തളർന്നു പോയി.
ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണമാണെന്ന് മനസ്സിനോട് പറഞ്ഞു.
'ജബ്ബാറേ, ഡോക്ടർ വിളിക്കുന്നു'.
സ്റ്റാഫിന്റെ ശബ്ദം കേട്ടപ്പോൾ അദ്ധേഹത്തിന്റെ കൂടെ ഡോക്ടറുടെ റൂമിലേക്ക്‌ ചെന്നു.
'ഇരിക്കൂ ജബ്ബാർ'. ഡോക്ടർ ആവശ്യപ്പെട്ടു.
വേണ്ട ഡോക്ടർ, ഞാൻ നിന്നോളാം എന്ന് പറഞ്ഞു വളരെ നിർബന്ധിച്ചിട്ടും ഞാൻ ഇരുന്നില്ല. തന്റെ കാണപ്പെട്ട ദൈവമായി ഡോക്ടറെ അയാൾ കരുതി.
'ഞാൻ പറയുന്നത് കേട്ട് ജബ്ബാർ വിഷമിക്കരുത്. എല്ലാം ദൈവാധീനം എന്ന് കരുതി സമാധാനിക്കുക'. ഡോക്ടർ മുഖവുരയായി പറഞ്ഞു.
'എന്ത് പറ്റി ഡോക്ടർ??? എന്റെ ഭാര്യയോ കുട്ടിയോ മരിച്ചോ???.......'. അയാൾ വികാരാധീനനായി ചോദിച്ചു
'ഇല്ല, ആരും മരിച്ചിട്ടില്ല, പക്ഷെ.....' ഡോക്ടർ ഒന്ന് നിർത്തി
'പറയൂ ഡോക്ടർ, പിന്നെ എന്തുണ്ടായി???'. എനിക്ക്‌ അതറിയാനുള്ള ആകാംഷയായി.
'നിങ്ങളുടെ ജനിച്ച ഈ പെൺകുഞ്ഞു ജീവിതത്തിൽ ഒരിക്കലും നടക്കില്ല.....' ഡോക്ടർ .തുറന്നു പറഞ്ഞു.
അതിന്നു ചികിത്സയില്ലേ ഡോക്ടർ? എന്ന് ചോദിച്ചു കൊണ്ട് ഞാൻ ഡോക്ടർ പറയാതെ തന്നെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു.
'ഇല്ല, മെഡിക്കൽ സയൻസിൽ അതിന്നു മരുന്നില്ല.'
'ഡോക്ടർ, ഞാനൊന്ന് ചോദിക്കട്ടെ?' ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചു. 'ആ കുട്ടിയെ എന്തെങ്കിലും കുത്തി വെച്ച് കൊന്നു തരാമോ?'
എന്റെ വിഷമം മനസ്സിലാക്കിയ ഡോക്ടർ പറഞ്ഞു. 'നോക്കൂ ജബ്ബാർ, മെഡിക്കൽ എത്തിക്സിൽ അത് ഒരിക്കലും ശെരിയല്ല, ജീവൻ നിലനിറുത്തുവാനാണ് ഡോക്ടർമാർ ശ്രമിക്കുക. അല്ലാതെ ജീവൻ നശിപ്പിക്കാനല്ല'
'ഡോക്ടർ ഇത് എന്റെ ഭാര്യക്ക് അറിയാമോ?'
'ഇല്ല ഞാനവരോട് പറഞ്ഞിട്ടില്ല. രണ്ടു ദിവസത്തിന്നു അത് അവരെ അറിയീക്കേണ്ട. പതുക്കെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം.'
എനിക്ക്‌ മറ്റൊന്നും പറയാനില്ലായിരുന്നു. ഈ വിവരം ജ്യേഷ്ഠനോട് ഞാൻ പറഞ്ഞു.
'നിനക്ക് ഒരിക്കലും ഗതി പിടിക്കൂല. നീ ഇനിയും അനുഭവിക്കും. നിനക്ക് അധ:പതനം വരുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്'. ഇതായിരുന്നു ജ്യേഷ്ഠന്റെ പ്രതികരണം.
ഭാര്യയേയും കുട്ടിയേയും കാണാൻ ഞാൻ ആ മുറിയിൽ ചെന്നു. അവൾ കുട്ടിയുമായി കൊഞ്ചികുഴയുകയാണ്. തന്നെ കണ്ടപ്പോൾ അവൾ സന്തോഷത്തോടെ പറഞ്ഞു 'ഇക്കാ, നമ്മുടെ കുഞ്ഞിനു എന്റെ മുഖഛായയല്ലേ?'
ഞാൻ ഒന്നും പറയാതെ നിർവികാരനായി നിന്നു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. നടന്നില്ല.
'എന്താ ഇക്കാ ഒന്നും പറയാത്തെ? പെൺകുഞ്ഞു ആയതുകൊണ്ടുള്ള വിഷമമാണോ?'. എന്റെ നിശ്ശബ്ദതത കണ്ടപ്പോൾ ഭാര്യ ചോദിച്ചു.
ഡോക്ടറുടെ വാക്ക് ഓർമിച്ചുകൊണ്ട് അയാൾ പറഞ്ഞു. 'ഏയ്‌. ഇന്നലെ ഉറങ്ങാത്ത ക്ഷീണം.'
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര പോലെ പായുകയായിരുന്നു. ഈ വിഷയം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും? അവൾ അറിഞ്ഞാലുള്ള സ്ഥിതി എന്തായിരിക്കും? അയാൾക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ഉപബോധമനസ്സ് അയാൾക്ക്‌ ധൈര്യം കൊടുത്തു.
ഒന്ന് രണ്ട് ദിവസം കൊണ്ട് ഡോക്ടർ തന്നെ ഭാര്യയെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കി. ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നിട്ടും അവൾക്കു ഒരു മാനസീകവിഭ്രാന്തിയായിരുന്നു. പിന്നെ പതുക്കെ പതുക്കെ എല്ലാം സഹിക്കാനുള്ള ശക്തി അവൾക്കു കിട്ടി.
രണ്ടു വർഷത്തോളം അവൾ ഒരു സ്ഥലത്തും പോകാതെ വീട്ടിൽതന്നെയായിരുന്നു.
പക്ഷെ ലോട്ടറി കച്ചവടം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടായി.
വിവരം എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള മേനോനോട് ചെന്ന് പറഞ്ഞു.
'ജബ്ബാർ, കുട്ടിയെ ഓർത്ത് വിഷമിക്കേണ്ട. പകൽ എന്റെ വീട്ടിൽ നിന്നോട്ടെ. ഞങ്ങൾക്കത് വളരെ സന്തോഷമാണ്. ജമീലയെ കുടുംബശ്രീ ജോലിക്ക് പറഞ്ഞയച്ചൂടെ?'
സഹായിക്കുന്ന കാര്യത്തിൽ ജാതിയോ  മതമോ വിലങ്ങു തടിയല്ല എന്ന് മേനോന്റെ വാക്ക് കേട്ടപ്പോൾ മനസ്സിലായി.
ഭാര്യയെ കുടുംബശ്രീ ജോലിക്കായി പറഞ്ഞയച്ചു. മകളെ ഒറ്റക്കാക്കി പോകാതെ മേനോന്റെ വീട്ടിലാക്കി. അകലെയുള്ള സ്വന്തക്കാരെക്കാൾ അടുത്തുള്ള ശത്രുക്കളാണ് നല്ലതെന്ന് പറയുന്നത് എത്ര ശെരിയാണ്. ദൈവം എല്ലാത്തിന്നും ഒരു വഴി കാണിച്ചു തരും എന്നതും ശെരിയാണ്. ജമീലയുടെ പ്രസവം നിർത്തിയത് കൊണ്ട് എന്നോട് വേറെ വിവാഹം കഴിച്ചോളാൻ ജമീല പറഞ്ഞു. ഞാൻ സമ്മതിച്ചില്ല.
കാലം ശരവേഗത്തിലാണ് പായുന്നത്. ഞങ്ങളുടെ മകൾക്ക് ഇപ്പോൾ പതിനെട്ട് വയസ്സായി. അവൾ ഇപ്പോഴും ഇഴഞ്ഞാണ് നടക്കുന്നത്. അവളെ തനിച്ചാക്കി പോകുന്നത് ആലോചിക്കുമ്പോൾ വിഷമം ഉണ്ട്. കാലം നല്ലതല്ലല്ലോ? എന്ത് ചെയ്യും? ഞങ്ങളുടെ മരണം വരെ അവളെ ഞങ്ങൾ നോക്കിക്കോളാം, അത് കഴിഞ്ഞാൽ.............അവളുടെ ഗതി?????

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

No comments:

Post a Comment