Friday, 14 October 2016

മഴയുടെ സംഗീതം (കഥ)

മഴയുടെ സംഗീതം (കഥ)
----------------------------------------
അനർഗളം പെയ്യുന്ന മഴയെ എനിക്ക് വളരെ ഇഷ്ടമാണ്, ഭാര്യയെപ്പോലെ, സഹോദരിയെപ്പോലെ, കാമുകിയെപോലെ, എന്തിനേറെ എന്റെ അമ്മയെ പോലെ. പക്ഷെ ചിലപ്പോൾ ആ മഴ ഒരു സംഹാരതാണ്ടവമാടി വരും, ഒരു യക്ഷിയെ പോലെ. എത്ര ജീവന്റെ ചോരയാണ് അത് കുടിക്കുകയാണെന്നോ? മഴയുടെ ഭംഗി ആസ്വദിക്കുന്നതു എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ മഴയുടെ ഭംഗി ശെരിയായി കിട്ടണമെങ്കിൽ മഴയ്ക്ക് മുമ്പുള്ള ചൂട് അനുഭവിച്ചാലെ പറ്റൂ.
ഇക്കൊല്ലത്തെ മഴക്കാലത്ത് എന്തോ എനിക്കൊരു ചീത്ത ബുദ്ധി തോന്നി. നല്ല മഴയത്ത് പുഴയിൽ ചാടി ആൽമഹത്യ ചെയ്യുക. എന്നായാലും മരിക്കും എന്നാൽ അതൊരു മഴക്കാലത്ത്, മഴയുടെ സംഗീതം കേട്ടുകൊണ്ട് മരിക്കുക, നല്ല രസമായിരിക്കും എന്നതായിരുന്നു ആ ചിന്തക്ക് കാതൽ. ആൽമഹത്യ തെറ്റാണെന്നും ദൈവകോപം ഉണ്ടാവുമെന്നും എനിക്കറിയായ്കയല്ല.
വീട്ടിൽ നിന്ന് കാറെടുത്ത് പോന്നു. മരിക്കാനുള്ള തീരുമാനം തന്നെ മനസ്സിൽ. രാത്രി ഒരു മണിയായിട്ടുണ്ട്. ചാഴൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ ഗോകുലം സ്കൂളിന്നടുത്ത് റോഡിന്റെ ഇരുവശവും വെള്ളം റോഡ്‌ കവിഞ്ഞു കിടക്കുന്നു. അവിടെ ആൽമഹത്യ ചെയ്യണ്ട. ചേറ്റുവ പാലത്തിന്മേൽ നിന്ന് ചാടുക. അതാണ്‌ എന്റെ തീരുമാനം.
മഴത്തുള്ളികൾ ശക്തിയിൽ കാറിന്റെ ഫ്രന്റ്‌ ഗ്ലാസിൽ വന്നടിക്കുന്നു. വൈപെർ ഇട്ടിട്ടും ക്ലിയർ ആവുന്നില്ല. പണ്ട് ചെറുപ്പത്തിൽ വീടിന്റെ ഓടിന്മേൽ മഴവെള്ളം വീഴുമ്പോഴുള്ള ശബ്ദം ഒരു സംഗീതം പോലെ തോന്നിയിട്ടുണ്ട്. ഉറക്കം വരാൻ ആ സംഗീതം എനിക്കിഷ്ടമാണ്. ഇപ്പോൾ ഇനി ഈ ലോകത്തിലേക്ക്‌ ഒരിക്കലും തിരിച്ചു വരാത്ത ഉറക്കം കിട്ടാൻ ഈ മഴസംഗീതം കേട്ട് കാർ ഓടിച്ചു തൃപ്രയാർ എത്തി.
ഈ ലോകത്ത് ഇനി ജീവിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണല്ലോ ഞാൻ മരിക്കാൻ പോകുന്നത്. ദൈവം തന്ന ജീവൻ ദൈവത്തിനെ തിരിച്ചെടുക്കാൻ പാടുള്ളൂ എന്ന് എനിക്കറിയായ്കയല്ല. പക്ഷെ മഴ കണ്ടു അതിന്റെ സംഗീതം കേട്ട് മരിക്കണം. തൃപ്രയാർ എന്റെ കടയിലേക്ക് ബിൽഡിങ്ങിലേക്ക് ഞാൻ കാർ സ്ലോ ചെയ്തു നോക്കി. ഇനി നാളെ എനിക്ക് ഇവ കാണാൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി.
മഴയ്ക്ക് ശൌര്യം കൂടുകയാണ്. നാട്ടിക കടപ്പുറത്ത് നിന്നും കടലിന്റെ ഇരമ്പം ആണെന്ന് തോന്നുന്നു, കേൾക്കുന്നുണ്ട്. കാർ വാടാനപ്പള്ളിയിലെത്തി. നാലമ്പലദർശനതിന്നുള്ള തീർഥാടകർ വാഹനം നിർത്തി ഒരു ഹോട്ടെലിൽ നിന്നും ചായ കുടിക്കുന്നുണ്ട്‌. ഞാൻ ചായ കുടിക്കാൻ ഇഷ്ടമുള്ള ആളായിട്ടും കാർ നിറുത്താതെ ഡ്രൈവ് ചെയ്തു. അണ്ടത്തോടും കടിക്കാടും ചെന്നാൽ ഗൾഫിൽ നിന്നും വെക്കേഷന് വന്ന എന്റെ പെണ്‍മക്കളെ കാണാം. വേണ്ട, അവരെ കണ്ടാൽ പിന്നെ മരിക്കാൻ തോന്നില്ല. അത് മാത്രമല്ല, ചേറ്റുവയിൽ നിന്ന് ചാവക്കാട് എത്തുന്ന റോട്ടിലൂടെ ഡ്രൈവ് ചെയ്‌താൽ മരിക്കാനുള്ള ആരോഗ്യം പോലും പോകും, അത്രയധികം വൻകുഴികളാണ് റോട്ടിൽ. എന്ത് ഭംഗിയാണ് പുഴയ്ക്ക്. നന്നായി മഴ പെയ്യുന്നുണ്ട്. ശക്തിയായ കാറ്റും.
പുഴയിലേക്ക് ചാടാനായി തയ്യാറെടുക്കുമ്പോൾ പെട്ടെന്ന് ഒരു പൂച്ചയുടെ ദയനീയരോദനം ഞാൻ കേട്ടു. അത് പുഴയിൽ കിടന്നു കരക്ക്‌ കയറാനാകാതെ മരണവെപ്രാളം എടുക്കുകയാണ്. ഞാൻ പാലത്തിന്റെ അടിയിൽ കരയോടടുത്ത ഭാഗത്ത് ചെന്ന് ആ പൂച്ചയെ രക്ഷപ്പെടുത്തി. 'വിവരമുണ്ടെന്ന് വീമ്പു പറയുന്ന മനുഷ്യരേ, നിങ്ങൾ ജീവിക്കൂ, ദൈവം മരണപ്പെടുത്തുന്നത് വരെ' എന്ന് ആ മിണ്ടാപ്രാണിയായ പൂച്ച എന്നോട് പറയുന്ന പോലെ എനിക്ക് തോന്നി.
ഞാൻ ഉറക്കെ പറഞ്ഞു 'എനിക്ക് ജീവിക്കണം, ഇനിയും ജീവിക്കണം, ഞാൻ ആൽമഹത്യ ചെയ്യില്ല.'
--------------------------------------
എന്റെ അട്ടഹാസം കേട്ട് ഭാര്യ എന്നോട് ചോദിച്ചു. 'എന്താ രാത്രിയിൽ സ്വപ്നം കണ്ടതാണോ?'
ജയേഷ് ജയസേനൻ തൈപറമ്പത്ത് എന്നോട് ഒരു മഴകഥ എഴുതാൻ പറഞ്ഞതോർത്ത്‌ സ്വപ്നം കണ്ടതാ എന്ന് അവളോട്‌ പറഞ്ഞില്ല.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

No comments:

Post a Comment